ഒരു മാലാഖയെ പോലെ മനോഹരമായ ആ മുഖം കൈക്കുമ്പിളില്‍ കോരിയെടുത്ത് ആ തൂ നെറ്റിയില്‍ ഒരുമ്മ കൊടുക്കുവാന്‍ എനിക്കു കൊതി തോന്നി

ഒരു മാലാഖ – രചന: NKR മട്ടന്നൂർ

വീടിനടുത്തു തന്നെയുള്ള കേണലിന്റെ വീട്ടുമുറ്റത്ത് പിക്കപ്പ് വാന്‍ വന്നു നില്‍ക്കുന്നതു കണ്ടു അമ്മ മുറ്റത്തിനരികിലേക്ക് പോയി.

അവിടുന്ന് നോക്കിയാല്‍ കാണാം കേണലിന്‍റെ വീടും പരിസരവും. ഒരു ഫോണ്‍കോള്‍ അറ്റന്‍ഡു ചെയ്യാന്‍ ഞാന്‍ അകത്തേക്ക് പോയി. അമ്മ വന്നു പറഞ്ഞു. ഒരു അമ്മയും കുഞ്ഞും മാത്രേ ഉള്ളൂ. ഓ….ഇനി കേണലിനും ശാന്തേച്ചിക്കും മിണ്ടാനും പറയാനും ആളായല്ലോ.

അപ്പുറത്തെ വീട്ടില്‍ കേണലും ഭാര്യയും മാത്രേ ഉള്ളൂ. അവര്‍ക്ക് മക്കളില്ല. പുതിയ വീടു വെച്ചപ്പോള്‍ പഴയ വീട് വാടകയ്ക്ക് നല്‍കിയിരുന്നു. കഴിഞ്ഞ രണ്ടു മാസമായി പഴയ വീട് ഒഴിഞ്ഞു കിടക്കുകയായിരുന്നു. അപ്പോള്‍ ശാന്തേച്ചി ഉച്ച സമയത്ത് മാത്രം അല്‍പ്പനേരം സംസാരിക്കാനായി അമ്മയുടെ അരികിലെത്തും ഒരു പാവം സ്ത്രീ. ആരെകുറിച്ചും ഒരു പരാതിയോ പരിഭവമോ പറയാത്ത അവരെ എനിക്കും ഇഷ്ടായിരുന്നു.

രാവിലെ ബാങ്കിലെ തിരക്കില്‍ മുഴുകിയതിനാല്‍ പിന്നെ ഒന്നും ഓര്‍മ്മയിലുണ്ടായിരുന്നില്ല. വൈകിട്ട് വീട്ടിലെത്തി ചായ കുടിക്കുമ്പോഴാണ് അമ്മ കാര്യത്തിലേക്ക് വന്നത്. സ്മിതയും കുഞ്ഞും. അവളുടെ ഭര്‍ത്താവ് സുധീഷ് പട്ടാളത്തിലായിരുന്നു. എട്ടുമാസം മുന്നേ അതിര്‍ത്തിയില്‍ അദ്ദേഹത്തെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നു. ഒരുമാസത്തിനുള്ളില്‍ സുധീഷിന്‍റെ വീട്ടുകാര്‍ അടി തുടങ്ങി. സുധീഷിന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനുള്ള മത്സരത്തില്‍ സ്മിതയെ ഒഴിവാക്കാനുള്ള ശ്രമവും ഉണ്ടായിരുന്നു. സങ്കടക്കടലില്‍ മിഴി തോരാതിരുന്ന അവള്‍ക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരുന്ന ഭര്‍തൃവിട്ടുകാരുടെ പെരുമാറ്റം.

ഇരുപതാമത്തെ വയസ്സില്‍ വിവാഹിതയായ അവള്‍ വെറും രണ്ടുമാസത്തെ ദാമ്പത്യ സുഖം മാത്രേ അനുഭവിച്ചുള്ളൂ. ലീവു കഴിഞ്ഞു പോവുമ്പോള്‍ സ്മിത ഒരു കുഞ്ഞു ജീവന്‍ ഉദരത്തില്‍ പേറിയിരുന്നു. അവളുടെ ഭര്‍ത്താവ് ആ കുഞ്ഞുമുഖം കണ്ടിട്ടില്ല. ഇതുവരെ……അതിര്‍ത്തിയില്‍ എന്നും പ്രശ്നങ്ങളായതു കൊണ്ടു ലീവ് കിട്ടിയില്ല. അടുത്ത മാസം ലീവിന് വരാനിരിക്കെ ആയിരുന്നു ആ ദാരുണാന്ത്യം. സ്വന്തം വീട്ടില്‍ വന്നു രണ്ടുമാസം കഴിഞ്ഞപ്പോള്‍ സ്വന്തം വീട്ടുകാരും തുടങ്ങീ. വേറെ വിവാഹം ചെയ്യാനുള്ള നിര്‍ബന്ധം സഹിക്കാതായപ്പോള്‍ അവള്‍ കുഞ്ഞിനെയും കൊണ്ടു വീടു വിട്ടിറങ്ങി.

പാവം പെണ്ണ്….എന്തൊരു ഭംഗിയാന്നോ അതിനെ കാണാന്‍. ആ കുഞ്ഞുവാവയാണെങ്കിലോ…..കയ്യീന്ന് താഴെ വെയ്ക്കാന്‍ തോന്നത്തില്ല. അമ്മയുടെ മിഴികള്‍ നിറഞ്ഞുവോ. ഞാന്‍ അമ്മയെ നോക്കി. അമ്മ മുഖം തരാതെ അടുക്കളയിലേക്ക് പൊയ്ക്കളഞ്ഞു. ഈ മനുഷ്യര്‍ക്കെല്ലാം പണത്തിനോട് മാത്രാണോ സ്നേഹോം, ബഹുമാനവും…….? ആര്‍ക്കും ആരുടെയും സങ്കടങ്ങളോ കണ്ണു നീരോ ഒന്നുമല്ല പ്രശ്നം….പണം…!!! ഇതെന്തൊരു ലോകമാണീശ്വരാ…?

ഓരോ ദിവസവും ഓരോ വിശേഷങ്ങളുമായി അമ്മ എനിക്കു ചായ തന്നു. സ്മിതയും കുഞ്ഞും തന്നെ എന്നും സംസാര വിഷയം. ആ കുഞ്ഞിനെ അമ്മയ്ക്ക് സ്വന്തമായി കിട്ടിയിരുന്നെങ്കില്‍ എന്നുവരെയായി കാര്യങ്ങള്‍. പാവം അമ്മയെ പറഞ്ഞിട്ടു കാര്യമില്ല. അകാലത്തില്‍ അച്ഛന്‍ പോയപ്പോള്‍ ഞാന്‍ കോളജില്‍ പഠിക്കുന്നു. പിന്നെ അമ്മയായിരുന്നു എല്ലാം….. ആ തണലില്‍ ഒരു കുഞ്ഞായ് ജീവിക്കാനാണിപ്പോഴും ഇഷ്ടം.

ബാങ്കിലെ ജോലിയും അല്ലലില്ലാത്ത ജീവിതവും. അമ്മ ഒരു പെണ്ണിനെ എനിക്കു കൂട്ടീനായ് കൊണ്ടുവരാന്‍ എത്ര നാളായി നിര്‍ബന്ധിക്കുന്നു. ഇതുവരെ ആരോടും അങ്ങനെ ഒരിഷ്ടം തോന്നിയിട്ടില്ല. സമയമായിട്ടില്ലാന്നൊരു തോന്നലാ മനസ്സിലെപ്പോഴും. അതിനു പറ്റിയൊരാളെ എന്നെങ്കിലും കണ്ടെത്തണം. എന്‍റമ്മയെ കൂടി സ്നേഹിക്കാനും ബഹുമാനിക്കാനും അറിയുന്നൊരാളാവണം എന്നൊരു നിര്‍ബന്ധമുണ്ട് മനസ്സില്‍. അന്നു വൈകിട്ട് വീട്ടിലേക്ക് വന്നപ്പോള്‍ പതിവു പോലെ ഉമ്മറത്ത് അമ്മയെ കണ്ടില്ല. എന്തുപറ്റീ എന്നോര്‍ത്ത് വരാന്തയില്‍ കയറിയപ്പോള്‍ അകത്തൂന്ന് കേട്ടു അമ്മയുടെ സംസാരം. ഓ…ആരോ വിരുന്നുവന്നിട്ടുണ്ട്.

അകത്തു കയറിയപ്പോള്‍ അമ്മ ഒരു കുഞ്ഞുമായി ഇരിക്കുന്നു. തൊട്ടടുത്ത് ഒരു യുവതിയും. എന്നെ കണ്ടപ്പോള്‍ രണ്ടുപേരും എഴുന്നേറ്റു. അമ്മ അവരെ എനിക്കു പരിചയപ്പെടുത്തി. ഞാന്‍ സ്മിതയെ നോക്കി ഒന്നു ചിരിച്ചു. അവളും ഒന്നു മൃദുവായി മന്ദഹസിച്ചു. എന്തൊരു ഭംഗിയാണവള്‍ക്ക്. സാരി ചുറ്റിയപ്പോഴാണോ ഇത്ര സുന്ദരിയായേ…? അല്ല. അതിനു മുന്നേ ഞാന്‍ അവളെ കണ്ടിട്ടില്ലാലോ….? അവളെന്തു വിചാരിക്കും എന്നോര്‍ത്തു ഞാന്‍ എന്‍റെ റൂമിലേക്ക് പോയി.

റൂമീന്ന് കേള്‍ക്കാം അവരുടെ സംസാരം. ഞാനതും കാതോര്‍ത്ത് വെറുതേ കട്ടിലില്‍ ഇരുന്നു. അമ്മേ, നാളെ മുതല്‍ എനിക്കു സ്കൂളില്‍ പോയ്തുടങ്ങണം. മോന്‍റെ കാര്യമോര്‍ത്ത് ഒരു സമാധാനവുമില്ല. അവനെ ഏതെങ്കിലും ഡേ-കെയറില്‍ ആക്കിയാലോന്നാ എന്‍റെ ചിന്ത. വൈകിട്ട് സ്കൂളിന്ന് വരുമ്പോള്‍ കൂട്ടിയാല്‍ മതീല്ലോ. അതു വേണോ മോളെ. ഇവിടെ ആക്കിയാല്‍ പോരെ.

ഞാന്‍ നോക്കികൊള്ളാം അപ്പൂനെ…അമ്മ പറയുന്നു….

ഓ അങ്ങനെ ആണോ കാര്യങ്ങള്‍. കുറച്ചു കഴിഞ്ഞപ്പോള്‍ സ്മിതയും കുഞ്ഞും യാത്ര പറഞ്ഞു പോയി. പിന്നിടുള്ള എല്ലാ ദിവസങ്ങളിലും അവര്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകരായി. കേണലാണ് സ്മിതയ്ക്ക് അടുത്തുള്ള ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ കെ.ജി. സെക്ഷനില്‍ ഒരു ജോലി ശരിയാക്കി കൊടുത്തത്. അവള്‍ക്ക് ആ ജോലിയുമായ് പെട്ടെന്ന് ഇണങ്ങിചേരാന്‍ കഴിഞ്ഞത് കുഞ്ഞിന്‍റ കാര്യങ്ങള്‍ എന്‍റമ്മ എറ്റെടുത്തതു കൊണ്ടായിരുന്നു.

അവന്‍ പിച്ച വെച്ച് എന്‍റരികില്‍ വന്നപ്പോൾ, ആ കുഞ്ഞിളം പൈതലിനെ മാറോടു ചേര്‍ത്തപ്പോള്‍. ഞാനും പുതിയൊരാളാവുകയായിരുന്നു. ഈ കുഞ്ഞുമുഖം മറന്നു പണത്തെ സ്നേഹിച്ച ആ വീട്ടുകാരോടെനിക്ക് വെറുപ്പായിരുന്നു. ഒരു ദിവസം ഞാന്‍ വരുമ്പോഴവന്‍ എന്‍റെ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു. അവന്‍റെ കൈയിലും കാലിലും തൊട്ടു നോക്കി ഞാന്‍ വെറുതേ അവനരികില്‍ ഇരുന്നു. എത്ര നിഷ്ക്കളങ്കമാണാമുഖം. ഈ ലോകത്തിന്‍റെ കാപട്യമൊന്നുമറിയാതെ അവനുറങ്ങുകയാണ്. അങ്ങനെ ഉറങ്ങുവാന്‍ ഈ പ്രായത്തിലേ കഴിയുകയുള്ളൂ. ഉറങ്ങട്ടെ…..ഞാനും അവനരികില്‍ പതിയെ ചേര്‍ന്നു കിടന്നു.

ദീപൂ……

അമ്മ കുലുക്കി വിളിച്ചപ്പോള്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു. നോക്കുമ്പോള്‍. അമ്മയും സ്മിതയും തൊട്ടരികില്‍ നില്‍ക്കുന്നു. ഞാന്‍ ചമ്മിയ മുഖത്തോടെ രണ്ടുപേരെയും നോക്കി. സ്മിതയില്‍ സ്നേഹം നിറഞ്ഞൊരു ചിരി കാണാം. അപ്പോള്‍ അമ്മ പറഞ്ഞു. ഇങ്ങനെ കുഞ്ഞിനോടൊപ്പം ഉറങ്ങാനാ നിന്നോട് കല്യാണം കഴിക്കാന്‍ പറയുന്നെ. ഒന്നും പറയാനാവാതെ ഞാന്‍ എഴുന്നേറ്റു മുറിക്കു പുറത്തേക്ക് പോയി. ഈ അമ്മയുടെ ഒരു കാര്യം…

പിന്നൊരു ദിവസം ഒരു കുഞ്ഞു സൈക്കിള്‍ ഞാന്‍ അപ്പൂന്ന് കളിക്കാനായ് കൊണ്ടു വന്നു. ഉമ്മറത്തുണ്ടായിരുന്നു, ഞാന്‍ കയറി വരുമ്പോള്‍ മൂന്നുപേരും. പൊതിയഴിച്ചു സൈക്കിള്‍ കണ്ടപ്പോള്‍ അപ്പു എന്നികിലേക്ക് വന്നു. സൈക്കിളില്‍ തൊട്ടും തലോടിയും നില്‍ക്കുമ്പോള്‍ അവനെന്‍റെ മുഖത്തേക്ക് ഒരു പാല്‍പുഞ്ചിരിയോടെ നോക്കി. എനിക്കതു മതിയായിരുന്നു മനസ്സു നിറയാന്‍. അമ്മ എനിക്കു ചായ എടുക്കാനായി അടുക്കളയിലേക്ക് പോയി.

ഞാന്‍ വെറുതേ സ്മിതയുടെ മുഖത്തേക്ക് നോക്കി. ആ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. നമ്മളെ തന്നെ നോക്കി ഏതോ ലോകത്തിലാണെന്ന് തോന്നുന്നു. അപ്പോള്‍ എന്തിനോ എന്‍റെയും മിഴികള്‍ നനഞ്ഞു. പാവം എന്തുമാത്രം പ്രതീക്ഷകളുമായാവും ഒരു പുതു ജീവിതം തുടങ്ങിയിട്ടുണ്ടാവുക. ഒന്നിനും അനുവദിക്കാതെ ആരാ ഇങ്ങനെയൊക്കയുള്ള വിധി നടപ്പാക്കുന്നത് ദൈവമോ…….? അദ്ദേഹം ഇത്ര ക്രൂരനാണോ…..? സ്മിതേ….
ഞാന്‍ പതിയെ വിളിച്ചു. അവള്‍ ഒന്നു ഞെട്ടിയുണര്‍ന്നു.

മിഴികള്‍ തുടച്ചു കൊണ്ട് പറഞ്ഞു. അപ്പൂന്‍റച്ഛനുണ്ടായിരുന്നെങ്കില്‍ അവനെ നിലത്തു വെയ്ക്കില്ലായിരുന്നു. അവന്‍റെ ഫോട്ടോയും ചേര്‍ത്തു പിടിച്ചേ എന്നും ഉറങ്ങാറുള്ളൂന്ന് പറയായിരുന്നു. മോനെ കാണാനുള്ള കൊതി കാരണം ഒന്നും ചെയ്യാനാവുന്നില്ലാന്നും. ഓരോ നാളുകള്‍ നിമിഷങ്ങളായ് എണ്ണി തീര്‍ക്കുകയായിരുന്നു. വരാന്‍ ഇരുപത് ദിവസം മാത്രേ ബാക്കിയുണ്ടായിരൂന്നുള്ളൂ. അപ്പോഴാ ആ പാവത്തെ. അതും പറഞ്ഞവള്‍ ഏങ്ങലടിച്ചു കരഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ സങ്കടത്തോടെ അവള്‍ക്കരികെ പോയി. സ്മിതേ കരയല്ലേ….ഞാന്‍ വെറുതേ പറഞ്ഞു.

അവള്‍ കണ്ണീര്‍ തുടച്ചുകൊണ്ട് പറഞ്ഞു. എനിക്കെന്‍റെ സുധിയേട്ടന്‍ മരിച്ചപ്പോള്‍ കിട്ടിയ ഒരു രൂപ പോലും വേണ്ടായിരുന്നു. ഞാനെന്തെങ്കിലും ജോലി ചെയ്തു, സുധിയേട്ടന്‍റെ ഓര്‍മ്മകളുമായ് അവിടെ കഴിഞ്ഞോളുമായിരുന്നു. പക്ഷേ അവര്‍ അതിന്ന് സമ്മതിച്ചില്ല. ഈ അപ്പു അവിടത്തെ ചോരയാണെന്ന് പോലും ഓര്‍ക്കാതെ അവരെന്നോട് ക്രൂരത കാട്ടി. എല്ലാം നഷ്ടമായ എന്നെ ഒന്നു മനസ്സിലാക്കാന്‍ പോലും എന്‍റെ അമ്മയ്ക്കും ഏട്ടനും കഴിഞ്ഞില്ല. ഒരു വിധവയായ എന്നെ ആരുടെയെങ്കിലും തലയില്‍ കെട്ടിവെയ്ക്കാനായിരുന്നു അവര്‍ക്കും തിടുക്കം.

എന്നെ ആരും മനസ്സിലാക്കിയില്ല….
എന്‍റെ മനസ്സ് ആരും കണ്ടില്ല. സോറി ട്ടോ…. ഏട്ടനും ഞാന്‍ കാരണം വിഷമമായി….ല്ലേ….? അവള്‍ മിഴികള്‍ തുടച്ചു കൊണ്ട് ചോദിച്ചു. ഞാന്‍ അനുകമ്പയോടെ അവളെ നോക്കി. ശരി പോട്ടെ, നാളെ വരാം…അവള്‍ കുഞ്ഞിനെയുമെടുത്ത് യാത്ര പറഞ്ഞിറങ്ങി.

പിറ്റേന്ന് കുഞ്ഞു ഉറങ്ങുന്നതും നോക്കി ഞാനെന്‍റെ കട്ടിലില്‍ വെറുതേ ഇരുന്നു. ഈ കുഞ്ഞുമുഖം കാണാതെ ഒരു ദിവസം പോലും കഴിയാനാവാതെ ആയിരിക്കുന്നു എനിക്കും. വാതിലില്‍ കാലൊച്ച കേട്ടു. സ്മിതയാ…….അവള്‍ അകത്തേക്ക് കയറി വന്നു. എനിക്കെന്തൊക്കെയോ പറയണംന്നുണ്ടായിരുന്നു. നമ്മള്‍ പോവട്ടെ. ഇന്നൊത്തിരി വൈകി. അവളെന്‍റെ കണ്ണുകളിലേക്ക് നോക്കി….ഞാനും.

ഒരു മാലാഖയെ പോലെ മനോഹരമായ ആ മുഖം കൈക്കുമ്പിളില്‍ കോരിയെടുത്ത് ആ തൂ നെറ്റിയില്‍ ഒരുമ്മ കൊടുക്കുവാന്‍ എനിക്കു കൊതി തോന്നി….അന്നാദ്യമായ്….അവള്‍ എന്‍റരികില്‍ വന്നു കുഞ്ഞിനെ കോരിയെടുത്തു. ആ ഉടലിനൊരു പ്രത്യേക ഗന്ധമായിരുന്നു. ഇതാണോ ഓരോ പുരുഷനും സ്വന്തമാക്കാനും ചേര്‍ത്തു പിടിക്കാനും കൊതിക്കുന്ന പെണ്ണിന്‍റെ ഗന്ധം. ഇവളെയായീരുന്നുവോ ഞാന്‍ ഇത്രനാളായ് കാത്തിരുന്നത്. ആര്‍ക്കും കൊടുക്കാതെ ഞാനെന്‍റെ മനസ്സ് കാത്തു സൂക്ഷിച്ചത് ഇതിനായിരുന്നോ…..?

ദീപൂ……സ്മിതയേയും കുഞ്ഞിനേയും നമുക്ക് ഇവിടെ താമസിപ്പിച്ചാലോ നാളെ മുതല്‍. അമ്മയും എന്‍റെ മനസ്സ് വായിച്ചോ? ആ മുഖത്ത് അഭിമാനം നിറഞ്ഞൊരു ചിരി കണ്ടു. അവളൊരു നല്ല കുട്ടിയാ…..അമ്മ പിന്നെയും……