മാളു തെളിച്ചമില്ലാത്ത മുഖത്ത് അല്‍പം പൗഡറിട്ടു, കണ്ണില്‍ ഇത്തിരി കണ്‍മഷിയും

അച്ഛന്റെ മകൾ – രചന: NKR മട്ടന്നൂർ

അച്ഛാ…

മാളു അകത്തൂന്ന് നീട്ടി വിളിച്ചു. ഉമ്മറത്തൂന്ന് പത്രം വായിക്കുകയായിരുന്ന സുധാകരന്‍ വിളികേട്ടു.

മാളൂ….ഞാന്‍ വരാന്തയിലുണ്ട്. മാളു പാതി തുറന്ന മിഴികളോടെ ഉമ്മറത്തെത്തി അച്ഛനെ കണ്‍കുളിരെ കണ്ടു.

അതവളുടെ ഓര്‍മ്മവെച്ച കാലം മുതലുള്ള പതിവാണ്. എന്നും അച്ഛനെ മാത്രം കണികണ്ടാല്‍ മതി. സമയം ആറു മണി ആയതേ ഉള്ളൂ. മാളവിക എന്ന, സുധാകരന്‍റെ ഏക മകളെ അച്ഛന്‍ മാത്രം വിളിക്കുന്ന പേരാണ് മാളു. മാളു അച്ഛന്‍റ പിറകിലെത്തി പത്രത്തിലെ പ്രധാന വാര്‍ത്തകളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തി. കാപ്പി ഫ്ളാസ്കിലുണ്ട്. മോളു പോയി മുഖം കഴുകിയിട്ട് കുടിച്ചോളു. എന്നിട്ട് വേഗം പോകാന്‍ ഒരുങ്ങിക്കോളൂ.

ടൗണിലെ കോളജില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് മാളവിക. പഠിക്കാന്‍ മിടുക്കിയാണവള്‍. പിന്നെ അല്‍പ സ്വല്‍പ്പം കഥയും കവിതയുമൊക്കെ എഴുതും. അതു പക്ഷേ അവളുടെ അച്ഛനല്ലാതെ വേറൊരാള്‍ കണ്ടിട്ടില്ല ഇതുവരെ. മാളുവിന്ന് ഇഷ്ടമല്ലാത്തതിനാല്‍ സുധാകരന്‍ അതൊക്കെ ഭദ്രമായി വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. അച്ഛനാണവളുടെ വിമര്‍ശകന്‍.പിന്നെ എല്ലാമെല്ലാം ആവാന്‍ അവള്‍ക്ക് അച്ഛനേ ഉള്ളൂ.

സുധാകരന്‍ മിലിട്ടറിയിലായിരുന്നു. പതിനഞ്ചു വര്‍ഷത്ത രാജ്യസേവനം കഴിഞ്ഞു പിരിഞ്ഞു വരുമ്പോള്‍ വയസ്സ് 37. മുപ്പതാമത്തെ വയസ്സില്‍ സുധാകരന്‍ രാധികയെ വിവാഹം കഴിച്ചുവെങ്കിലും ഒരു കുഞ്ഞിക്കാലു കാണാന്‍ ഏഴെട്ടു വര്‍ഷം പിന്നെയും കാത്തിരിക്കേണ്ടി വന്നു. ആറ്റു നോറ്റു കാത്തിരുന്ന് ഒരു മകളെ സുധാകരന്‍റെ കൈയ്യിലേല്‍പ്പിച്ച് രാധിക യാത്രയായി…മകളുടെ ജീവന്‍ രക്ഷപ്പെട്ടു. അമ്മ മരണത്തിന്നു കീഴടങ്ങി. തന്‍റെ കൈവെള്ളയില്‍ രാധിക ഏല്‍പിച്ചു പോയ ആ പിഞ്ചു കുഞ്ഞ് വളര്‍ന്ന് വളര്‍ന്ന് ഇന്ന് ഇരുപത് വയസ്സിലെത്തിയിരിക്കുന്നു. ആ മകള്‍ക്ക് വേണ്ടി ആ അച്ഛന്‍ സഹിച്ച യാതനകളും ത്യാഗങ്ങളും ലോകത്തില്‍ ഒന്നിനും പകരമാവില്ല.

മാളു പല്ലു തേച്ചുകുളിച്ച് അടുക്കളയില്‍ കയറി.ഇനി അവള്‍ക്കും അച്ഛനുമുള്ള പ്രഭാതഭക്ഷണംഉണ്ടാക്കണം. പിന്നെ ചോറും കറിയും. അതു കഴിഞ്ഞു കോളജില്‍ പോവാനൊരുങ്ങണം. അതിന്നിടയില്‍ രാവിലെ അച്ഛനുണ്ടാക്കിയ കാപ്പി സ്വാദോടെ അല്‍പ്പാല്‍പ്പം കുടിച്ചു തീര്‍ത്തു. കോളജിലേക്ക് പോവുമ്പോള്‍ സുധാകരനും കൂടെ ഇറങ്ങും എന്നും. വീടിന്ന് മൂന്നു വീടകലെയുള്ള മാളുവിന്‍റെ ക്ളാസ്മേറ്റ് ലീനയുടെ വീടുവരെയേ കാണൂ ആ യാത്ര. അവര്‍ കോളജിലേക്ക് പോവുന്നതും നോക്കി വഴിയില്‍ നില്‍ക്കും. കുറേ ദൂരം പൊയ്ക്കഴിഞ്ഞാല്‍ മാളു തിരിഞ്ഞു നോക്കി ഒരു റ്റാറ്റാ പറയുംവരെ. പിന്നെ തിരിച്ചു വീട്ടിലേക്ക്.

അമ്പതു സെന്‍റ് നിലമുണ്ട് സുധാകരന്ന്. ആ പറമ്പില്‍ നിറയെ അച്ഛനും മകളും കൂടി വാഴയും പച്ചക്കറികളും മറ്റും നിറച്ചിരിക്കയാ. വീട്ടിലേക്ക് വേണ്ടുന്നതും കഴിഞ്ഞു ബാക്കി വരുന്ന പച്ചക്കറികള്‍ ടൗണിലെ മാര്‍ക്കറ്റില്‍ വില്‍ക്കും. മാളു പോയി കഴിഞ്ഞാല്‍ അച്ഛന്‍ പറമ്പില്‍ തന്നെ. ഉച്ചയ്ക്ക് പണി നിര്‍ത്തി കുളിച്ച് ഭക്ഷണം കഴിച്ചു ഇത്തിരിനേരം ഒരു മയക്കം.

നാലുമണിക്ക് മാളു വരുമ്പോഴേക്കും ചായയും പലഹാരവും മേശയില്‍ കാണും എന്നും. അതു കഴിച്ച് അച്ഛനും മകളും മുറ്റത്തിരുന്ന സൊറ പറയും. എന്നും കോളജിലെ വിശേഷങ്ങള്‍ എന്തെങ്കിലും കാണും അവള്‍ക്ക് അച്ഛനോട് പറയാന്‍. രാത്രിയില്‍ അച്ഛന്‍ ടി.വി.യില്‍ വാര്‍ത്ത കാണുമ്പോള്‍ അവള്‍ പഠിക്കയാവും. രാത്രി പത്തുമണിക്ക് ഉറങ്ങും. ഓര്‍മ്മ വെച്ച കാലം മുതല്‍ അവള്‍ അച്ഛന്‍റെ കൂടെയാ ഉറങ്ങുന്നത്. ഇപ്പോഴും ആ പതിവ് തെറ്റിയിട്ടില്ല. ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ ആ അച്ഛനും മകളും പരസ്പരം താങ്ങും തണലുമായ് എന്നോ മാറിയതാ.

ന്നൊരു ഞായറാഴ്ചയായിരുന്നു. മാളു തെളിച്ചമില്ലാത്ത മുഖത്ത് അല്‍പം പൗഡറിട്ടു. കണ്ണില്‍ ഇത്തിരി കണ്‍മഷിയും. മുടി ഒന്നു ചീകിയൊതുക്കി കെട്ടി. അച്ഛന്‍ അലമാരയില്‍ അരമണിക്കൂര്‍ കഷ്ടപ്പെട്ടു പരതിയെടുത്ത ഒരു സാരിയുമായ് വന്നു. ഇസ്തിരിയിട്ട് മിനുക്കിയിരുന്നു… ആ സാരി. എന്‍റെ മോളിതൊന്ന് ഭംഗിയായ് ഉടുത്താട്ടെ. സുധാകരന്‍ പറഞ്ഞു. അവള്‍ കണ്‍കോണിലൂടെ അച്ഛനെ നോക്കി. അച്ഛന്‍റെ മുഖത്ത് എന്നും കാണാറുള്ള തെളിച്ചമോ പ്രസരിപ്പോ ഇല്ല. എന്തോ ഒന്ന് നഷ്ടപ്പെടാന്‍ പോവുന്നു എന്നറിയുമ്പോഴുള്ള വേവലാതിയോ സങ്കടമോ ആണ് ആ മുഖത്ത്.

മാളു നോക്കുന്നത് കണ്ട് സുധാകരന്‍ അവള്‍ക്കരികിലെത്തി. മാളുവിന്‍റെ കണ്ണുകള്‍ കലങ്ങുകയും രണ്ടു തുള്ളി കണ്ണുനീര്‍ കവിളിലൂടെ ഒലിച്ചിറങ്ങുകയും ചെയ്തു. എന്തിനാ എന്‍റെ മോള്‍ കരയുന്നെ. മാളു വിങ്ങിപ്പൊട്ടിക്കൊണ്ട് അച്ഛന്‍റെ മാറില്‍ വീണു. എനിക്കിപ്പോള്‍ കല്യാണം വേണ്ടച്ഛാ….!!

തേങ്ങലുകള്‍ക്കിടയില്‍ നിന്നും തെറിച്ചു വീണ വാക്കുകള്‍ അച്ഛനെയും കരയിച്ചു. മാളുവിനെ മാറോട് ചേര്‍ത്തു പിടിച്ചുകൊണ്ടച്ഛന്‍ പറഞ്ഞു. അയ്യോ…..അച്ഛന്‍റെ മോള്‍ എന്തിനാ ഇങ്ങനെ കരയണെ. ഒരു ചെറുക്കന്‍ ഇന്നെന്‍റെ മോളെ കാണാന്‍ വരണല്ലേ ഉള്ളൂ. കല്യാണമൊന്നും തീരുമാനിച്ചില്ലല്ലോ. അതിനിനിയും കുറേ കാര്യങ്ങളില്ലേ.

എന്നാലും എനിക്കു വയ്യച്ചാ. മാളുനെ കണ്ടാല്‍ ആ പയ്യന്ന് ഇഷ്ടമാകാതിരിക്കില്ല. പിന്നെ വേഗം കല്യാണം വേണന്നാവും. എല്ലാം എടുപിടീന്നും പറഞ്ഞങ്ങ് ശരിയാവും. എനിക്കു വയ്യ എന്‍റെ അച്ഛനെ തനിച്ചാക്കി എങ്ങും പോവാന്‍. ഞാന്‍ പോവില്ലച്ഛാ ആരുടെയും കൂടെ.

എന്‍റെ മോളേ….ഇതെത്രാമത്തെ ആലോചനയാ നീ ഈ പടി കടക്കാന്‍ പോലും സമ്മതിക്കാതെ മുടക്കുന്നത്. അച്ഛന്‍ പറഞ്ഞത് ശരിയായിരുന്നു. എത്രമാത്രം ആലോചനകള്‍ ഈ മുറ്റത്തെത്താതെയാ മുടങ്ങി പോയത്.

സമയമായില്ല അച്ഛാ. എന്നെ കല്യാണം കഴിക്കേണ്ടയാളെ ഞാന്‍ തന്നെ കണ്ടെത്തും. അച്ഛന്‍ നോക്കിക്കോ. നമ്മളെ രണ്ടു പേരേയും സ്നേഹിക്കാനും സഹിക്കാനും കഴിയുന്നൊരാള്‍, ഒരുനാള്‍ ഈ മുറ്റത്ത് വരും. അതു വരെ ഞാന്‍ ഈ അച്ഛന്‍റെ കൂടെ കഴിഞ്ഞോട്ടെ അച്ഛാ. ഈ ഞാനൊരു ഭാരമൊന്നുമല്ലല്ലോ എന്‍റച്ഛന്ന്.

അച്ഛനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന ആ മകള്‍ക്ക് കൊടുക്കാന്‍ ആ പിതൃഹൃദയത്തില്‍ മറുപടി ഒന്നും ഉണ്ടായിരുന്നില്ല.

(അതെ …….അതാണ് ശരി……..നമ്മള്‍ ഓമനിച്ചും താലോലിച്ചും വളര്‍ത്തുന്ന നമ്മുടെ പൊന്നുമക്കളെ കണ്ടവന്ന് ചുട്ടു കൊല്ലാനോ, കൊന്നു കെട്ടിത്തൂക്കാനോ വലിച്ചെറിഞ്ഞു കൊടുക്കാതിരുന്നു കൂടെ. മാളുവിനെ പോലെ അച്ഛന്‍റയോ അമ്മയുടെയോ സ്നേഹമറിഞ്ഞു വളരുന്ന മക്കള്‍ നമ്മുടെ കൂടെ ഉണ്ടെങ്കില്‍ അവര്‍ നല്ലത് കണ്ടെത്തും തീര്‍ച്ചയായും. നാളത്തെ പത്രത്തിലെ ചരമ കോളത്തില്‍ ദാരുണമായി കൊലചെയ്യപ്പെട്ട ഒരു മകളെയും കാണാതിരിക്കാന്‍ നമുക്കൊന്ന് കൂടി ചിന്തിച്ചു കൂടെ……)?