സേഫ്റ്റി ഗ്ലാസിന്റെ അപ്രതീക്ഷിതമായ കണ്ടുപിടുത്തം…

1903 ലാണ് സംഭവം.

ഫ്രഞ്ച് ശാസ്ത്രജ്ഞനായ എഡ്വാർഡ് ബെനഡിക്റ്റസ് ഒരു പരീക്ഷണം നടത്തുകയായിരുന്നു. അലമാരിയിൽ സൂക്ഷിച്ചിരുന്ന രാസവസ്തു എടുക്കാനുള്ള ശ്രമത്തിനിടെ അദ്ദേഹത്തിൻറെ കൈതട്ടി ഒരു ഗ്ലാസ് ഫ്ലാസ്ക് താഴെവീണു.

അത് പരിശോധിച്ച് ബെനഡിക്റ്റസ് അത്ഭുതപ്പെട്ടുപോയി. ഫ്ലാസ്ക് പൊട്ടിയെങ്കിലും ഗ്ലാസ് കഷണങ്ങൾ തെറിച്ചു പോകാതെ അതെ രൂപത്തിൽ തൂങ്ങിക്കിടക്കുന്നു…

കൗതുകം തോന്നിയ ബെനഡിക്റ്റസ് ഇതിൻ്റെ പിന്നാലെ ആക്കി പിന്നീടുള്ള അന്വേഷണം. അപ്പോഴാണ് സഹായി ഒരു കാര്യം അറിയിച്ചത്. സെല്ലുലോസ് നൈട്രേറ്റ് എന്ന രാസവസ്തു സൂക്ഷിച്ചിരുന്ന ഫ്ലാസ്ക് ആയിരുന്നു അത്.

സെല്ലുലോസ് നൈട്രേറ്റ് തീർന്നിരുന്നു എങ്കിലും സഹായി ഫ്ലാസ്ക് വൃത്തിയാക്കാതെ ആണ് തിരിച്ച് അലമാരിയിൽ വച്ചത്. ആ രാസവസ്തുവിൻ്റെ നേർത്ത പാട ഫ്ളാറ്റിനുള്ളിൽ പറ്റിപ്പിടിച്ചിരുന്നു എന്ന് ബെനഡിക്റ്റസ് മനസ്സിലാക്കി….

ഗവേഷണങ്ങൾ തുടർന്ന അദ്ദേഹം അധികം വൈകാതെ ഒരു അത്ഭുത വസ്തു നിർമ്മിച്ചു. പൊട്ടിയാലും ചിതറിത്തെറിക്കാത്ത ഗ്ലാസ്! പിൽകാലത്ത് സേഫ്റ്റി ഗ്ലാസ് എന്നറിയപ്പെട്ട ഗ്ലാസ് ആണ് അന്ന് അദ്ദേഹം നിർമ്മിച്ചത്…

യന്ത്രം കൊണ്ട് പ്രവർത്തിക്കുന്ന വാഹനങ്ങൾ പാരീസിൽ സാധാരണമായി തുടങ്ങിയ സമയമായിരുന്നു അത്. വാഹനമോടിക്കൽ പലർക്കും ഹോബി ആയി മാറിയ കാലം. അങ്ങനെയിരിക്കെ ഒരു ദിവസം പത്രത്തിൽ ഒരു വാർത്ത വന്നു.

വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും അപകടത്തിൽ പെടുന്ന വാഹനങ്ങളുടെ ഗ്ലാസ് പൊട്ടിത്തെറിച്ച് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്യുന്നതിനെ കുറിച്ച്ആയിരുന്നു അത്.

അതു വായിച്ച ബെനഡിക്റ്റസിന് താൻ കണ്ടെത്തിയ സവിശേഷമായ ഗ്ലാസ് ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാം എന്ന് തോന്നി…തൻ്റെ ഗ്ലാസ് വാഹനങ്ങളിൽ എങ്ങനെ ഉപയോഗിക്കാം എന്നായി പിന്നീട് അദ്ദേഹത്തിൻ്റെ ആലോചന.

സെല്ലുലോസ് നൈട്രേറ്റിൽ ഗ്ലാസ് മുക്കിയെടുത്തും, ഗ്ലാസിൽ ആ രാസവസ്തു പൂശിയെടുത്തുമൊക്കെ പല രീതിയിൽ പരീക്ഷണം തുടർന്ന അദ്ദേഹം ഒടുവിൽ സേഫ്റ്റി ഗ്ലാസുമായി രംഗത്തെത്തി…

വാഹന നിർമാതാക്കൾ ആദ്യമൊന്നും സേഫ്റ്റി ഗ്ലാസിൽ വലിയ താല്പര്യം കാണിച്ചില്ല. അതിൻ്റെ ഉയർന്നവില തന്നെയായിരുന്നു കാരണം. സുരക്ഷിതമായി വാഹനമോടിക്കേണ്ടത് ഡ്രൈവറുടെ കടമയാണെന്നും അതിൽ നിർമ്മാതാവിന് പങ്കില്ല എന്നുമായിരുന്നു അവരുടെ ന്യായം…

ഒന്നാം ലോകമഹായുദ്ധത്തോടെ സേഫ്റ്റി ഗ്ലാസിൻ്റെ നല്ല കാലം പിറന്നു. ചുരുങ്ങിയ ചെലവിൽ ഗ്യാസ് മാസ്കിൻ്റെ ലെൻസും കണ്ണുകളും സേഫ്റ്റി ഗ്ലാസ് കൊണ്ട് നിർമ്മിച്ചത് പട്ടാളക്കാരുടെ സുരക്ഷ വർധിപ്പിച്ചു. ഇതോടെ വാഹന നിർമാതാക്കളും പതുക്കെ ഈ ഗ്ലാസ് ഉപയോഗിച്ച് തുടങ്ങി.

വാഹനങ്ങൾ, ജനാലകൾ, കണ്ണടകൾ എന്നിങ്ങനെ പലതും ഉണ്ടാക്കാൻ ഇന്ന് സേഫ്റ്റി ഗ്ലാസ്സുകൾ ഉപയോഗിക്കുന്നുണ്ട്.