വളരെ വിവാദമായ സംഭവം, കേസ് ആയെങ്കിലും കുട്ടിയുടെ ഡീറ്റെയിൽസ് എല്ലാം പോലീസ് അതീവ രഹസ്യമായാണ് കൈ കാര്യം ചെയ്തിരുന്നത്.

വേട്ടയാടപ്പെട്ടവൾ – രചന: Aswathy Joy Arakkal

രാത്രിയിലുള്ള പതിവ് നടത്തവും കഴിഞ്ഞു സിറ്റ്ഔട്ടിൽ കാറ്റു കൊണ്ടിരിക്കുമ്പോഴാണ് ഡോക്ടർ സിദ്ധാർഥ് മേനോന് ഹോസ്പിറ്റലിൽ നിന്നുള്ള ഫോൺ കാൾ വന്നത്.

കിങ്‌സ് ഹോസ്പിറ്റലിൽ സൈക്കോളജി വിഭാഗം മേധാവി ആണ് ഡോക്ടർ സിദ്ധു. ജൂനിയർ ഡോക്ടർ നേഹ മാത്യു ആണ് വിളിക്കുന്നത്‌.

ഗുഡ് ഈവെനിംഗ് സർ.

ഗുഡ് ഈവെനിംഗ്…

എന്തുപറ്റി നേഹ. എനി എമർജൻസി…?

നൊ സർ. ബട്ട്‌ സർ…ടു വീക്ക്‌സ് ബിഫോർ ഡിസ്ചാർജ് ആയ ആ കുട്ടി ഇല്ലേ, നീരജ…റേപ്പ് കേസിലെ ആ കുട്ടി ഇന്ന് അഡ്മിറ്റ്‌ ആയിട്ടുണ്ട്‌.

വൈ…? വാട്ട്‌ ഹാപ്പെൻഡ് ടു ഹേർ…?

സൂയിസൈഡ് അറ്റംപ്റ്റ് ആണ് സർ. നതിങ് സീരിയസ്സ്…? ഇപ്പോ ഒബ്സെർവഷനിലാണ്. നാളെ സർ ന് അപ്പോയ്ന്റ്മെന്റ് ഉണ്ട്. ഇൻഫോം ചെയ്യാൻ വിളിച്ചതാണ്. ഗുഡ് നൈറ്റ്‌ സർ.

ഓക്കെ…ഗുഡ് നൈറ്റ്‌ നേഹ.

ഗുഡ് നൈറ്റ്‌ പറഞ്ഞു നേഹ ഫോൺ വെച്ചെങ്കിലും, ഡോക്ടർ സിദ്ധു ആകെ ഡിസ്റ്റർബേഡ് ആയിരുന്നു.

നീരജ…ആ കുട്ടി…

ഒരു മാസം മുൻപാണ് ആ കുട്ടി ഹോസ്‌പിറ്റലൈസ്‌ഡ്‌ ആയത്. കോളേജ് കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴി, ഒഴിഞ്ഞിടത്തു വെച്ചു രണ്ടു പേര് ചേർന്ന് തട്ടി കൊണ്ട് പോയി റേപ്പ് ചെയ്തു വഴിയിൽ ഉപേക്ഷിച്ച നിലയിൽ കുറെ നാട്ടുകാർക്കാണ്‌ കിട്ടിയത്. അവരാണ് ഹോസ്പിറ്റലിൽ എത്തിച്ചതും.

അച്ഛനമ്മമാരുടെ ഏക മകൾ. പഠിക്കാൻ മിടുക്കി. മാനസികമായും, ശാരീരികമായും ഏറെ തകർന്നു ആത്മഹത്യയുടെ വക്കിലെത്തിയ അവളെ ഒരുപാടു പണിപ്പെട്ടാണ് നോർമൽ ആക്കിയെടുത്തത്. നല്ല ആത്മവിശ്വാസത്തോടെ ആയിരുന്നു അവൾ ഡിസ്ചാർജ് ആയി പോയതും.

പഠിക്കണം, അച്ഛനമ്മമാരെ നന്നായി നോക്കണം, സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നു പറഞ്ഞു മിടുക്കിയായി പോയവൾക്കിതെന്തു പറ്റി…

എത്ര ആലോചിച്ചിട്ടും ഡോക്ടർ സിദ്ധുവിനു ഒരു ഉത്തരത്തിൽ എത്താനായില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരു വിധത്തിൽ നേരം വെളുപ്പിച്ചു പതിവിലും നേരത്തെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.

ബാക്കി എല്ലാ തിരക്കും മാറ്റി വെച്ചു അദ്ദേഹം പോയത് നീരജയെ കാണാനാണ്. അവിടെ ചെല്ലുമ്പോൾ സെഡേഷനിൽ ആയിരുന്നു അവൾ. ആകെ ക്ഷീണിച്ചു വെറും അസ്ഥി പഞ്ജരമായിരിക്കുന്നു.

കാവലായി, ഏക മകളുടെ അവസ്ഥയിൽ മനം നൊന്തു ഉരുകുന്ന മാതാ പിതാക്കളും. അവരോടു ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കണമെന്ന് തോന്നി അദ്ദേഹത്തിന്. അവരെയും കൂട്ടി അദ്ദേഹം തന്റെ ക്യാബിനിലേക്കു നടന്നു…

ഒരുപാടു നേരത്തെ മൗനത്തിനു ശേഷം, ആ മനുഷ്യൻ സംസാരിച്ചു തുടങ്ങി. വിവാഹം കഴിഞ്ഞു ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയതായിരുന്നു അവർക്കു നീരജയെ. പൊന്നു പോലെ വളർത്തിയ മോൾക്ക് അന്ന് അങ്ങനെ സംഭവിച്ചെങ്കിലും, എല്ലാവരുടെയും സപ്പോർട്ട് കൊണ്ട് ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു ആ കുടുംബം.

വളരെ വിവാദമായ സംഭവം, കേസ് ആയെങ്കിലും കുട്ടിയുടെ ഡീറ്റെയിൽസ് എല്ലാം പോലീസ് അതീവ രഹസ്യമായാണ് കൈ കാര്യം ചെയ്തിരുന്നത്. അതുകൊണ്ട് വളരെ അടുപ്പമുള്ള ചുരുക്കം ചിലരല്ലാതെ വേറെ ആരും ഒന്നും അറിഞ്ഞിരുന്നില്ല. ഡിസ്ചാർജ് ആയി വീട്ടിലെത്തി പതുക്കെ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു അവർ. അവൾ കോളേജിലും പോയ്‌ തുടങ്ങി.

അപ്പോഴാണ് വെള്ളിടി വെട്ടിയത് പോലെ അതു സംഭവിച്ചത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചവരിൽ ആരോ ചിലർ അവളുടെ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു.

പതുക്കെ, വിവാദമായ റേപ്പ് കേസിലെ ഇര…സപ്പോർട്ട് ഹേർ…സേവ് ഹേർ…അവൾക്കൊപ്പം…ഇരക്കൊപ്പം…എന്നൊക്കെ പറഞ്ഞു അവളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കാൻ തുടങ്ങിയത്.

അതോടെ കാര്യങ്ങൾ കൈ വിട്ടു പോയ്‌ തുടങ്ങി. നിസ്സാരമായ കുറച്ചു ലൈക്കുകൾക്കും, പ്രശസ്തിക്കും വേണ്ടി നീചന്മാർ ചെയ്ത പ്രവർത്തികൾ അവരെ അമ്പേ തകർത്തു കളഞ്ഞു.

സേവ്…സപ്പോർട്ട്…എന്നു പറഞ്ഞാണ് ചിത്രങ്ങൾ വന്നതെങ്കിലും, ഏറ്റവും വലിയ ശിക്ഷയായിട്ടാണ് അവർക്കതുഭവിച്ചത്. സമൂഹം അവരെ ഒറ്റപ്പെടുത്തി. അവളുടെ വസ്ത്രധാരണവും സ്വഭാവശുദ്ധിയും എല്ലാം കീറി മുറിച്ചു ചർച്ചയാക്കപ്പെട്ടു.

അവൾക്കു കോളേജിൽ പോകാൻ വയ്യാതെ ആയി. അദ്ദേഹത്തിന് ജോലിക്ക് പോകാൻ പറ്റാതായി. താങ്ങാവുമെന്നു കരുതിയവർ പോലും മാറി നിന്ന് കുറ്റപ്പെടുത്തി.

പെണ്മക്കളെ അച്ചടക്കത്തിന് വളത്തിയില്ലേല് ഇതല്ല ഇതിനപ്പുറവും സംഭവിക്കും…പണ്ടേ അവളൊരു അഴിഞ്ഞാട്ടക്കാരിയാ…അമ്മയും മോശമൊന്നും അല്ല…അങ്ങനെ തലമുറകളെ വരെ ആരും വെറുതെ വിട്ടില്ല.

ആക്രമിച്ച പിശാചുക്കളെക്കാൾ വെറുക്കപെട്ടവളായി…അതിൽ നിന്നും ഉയർത്തെഴുന്നേറ്റു വന്നവൾ. ഇത്രയൊക്കെ സംഭവിച്ചിട്ടും എന്തു തന്റേടത്തോടെയാ അവള് നടക്കുന്നത്, വേറെ വല്ലവരും ആണെങ്കിൽ പോയി ആത്മഹത്യാ ചെയ്തേനെ എന്നൊക്കെ ആയി ഭാഷ്യങ്ങൾ.

നിവർത്തി കെട്ടു ചെയ്തു പോയതാ സർ എന്റെ കുട്ടി…പൊട്ടി കരയുക ആയിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ നാവിൻ തുമ്പിലല്ല അവളുടെ മാനവും ജീവിതവുമെന്ന് അവളെയും ആ കുടുംബത്തെയും പറഞ്ഞു മനസ്സിലാക്കൻ പിന്നെയും കുറേയെറെ പണിപ്പെട്ടു അവർ. ചികിത്സക്കും കൗൺസിലിങ്‌നും ശേഷം അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അവളുടെ കണ്ണുകളിൽ മുൻപ് കാണാത്തൊരു തിളക്കം കണ്ടു ഡോക്ടർ സിദ്ധു.

വേട്ട നായ്ക്കൾ ആക്രമിച്ച തന്റെ ശരീരത്തെക്കാളും തന്റെ മനസ്സിനെ വേട്ടയാടിയ സമൂഹത്തെ അവൾ ജീവിച്ചു കാണിച്ചു കൊടുക്കുമെന്ന ദൃഢ നിശ്ചയം അദ്ദേഹം അവളുടെ കണ്ണുകളിൽ കണ്ടു. അതെ ഇനിയവൾ ജീവിക്കും ധൈര്യത്തോടെ തന്നെ…

വാൽകഷ്ണം : ശരിക്കും രക്ഷിക്കാൻ എന്ന പേരിൽ എന്താണ് നമ്മുടെ സമൂഹം സോഷ്യൽ മീഡിയകളിലൂടെ കാണിച്ചു കൂട്ടുന്നത്. ബലാത്സംഗം എന്നത് നടന്നു പോകുമ്പോൾ വേട്ട പട്ടികൾ ആക്രമിക്കുന്ന പോലെയാണ്. ശരിക്കും പേപ്പട്ടി കടിക്കുന്നത് പോലെ തന്നെ…

അതിൽ നിന്ന് രക്ഷപ്പെട്ടു വരുന്നവരെ ഇര എന്നു വിളിക്കാതെ സർവൈവർ എന്നു വിളിച്ചു ശീലിക്കാം നമുക്ക്. അവരെ ഒറ്റപെടുത്താതെ കൈ പിടിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരാൻ ശ്രമിക്കാം. അറ്റ്ലീസ്റ്റ് സഹായിച്ചില്ലെങ്കിലും അവരെ ഉപദ്രവിക്കാതെ എങ്കിലും ഇരിക്കാം.

അവരുടെ ചിത്രങ്ങൾ സ്വാർത്ഥ ലാഭത്തിനു വേണ്ടി പ്രചരിപ്പിച്ചല്ല സാമൂഹ്യ പ്രതിബദ്ധത കാണിക്കേണ്ടത്. നിങ്ങളുടെ അമ്മയ്ക്കും സഹോദരിക്കും ഈ ഗതി വന്നാൽ അവരുടെ ഫോട്ടോ എടുത്തും ഇതു പോലെ നാടാകെ പ്രചരിപ്പിക്കുമോ…? നമുക്ക് ഒറ്റപെടുത്താം ആ വേട്ടപ്പട്ടികളെ…അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത നീചന്മാർക്കെതിരെ ആകട്ടെ നമ്മുടെ സമരം.

നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തിയുടെ അനന്തരഫലം കാലങ്ങൾ കഴിഞ്ഞാലും അവരെ വേട്ടയാടി കൊണ്ടിരിക്കും. സോഷ്യൽ മീഡിയയിൽ ഒരു ചിത്രം വന്നാലുള്ള അവസ്ഥ അറിയാമല്ലോ…?

ഇതിൽ നിന്ന് അതിജീവിക്കുന്നവർ ചുരുക്കമാണ്. അകപ്പെട്ടു ആത്മഹത്യയിൽ എല്ലാം അവസാനിപ്പിക്കുന്നവരാണ് അധികവും. അതിനു നമുക്ക് കാരണക്കാർ ആകാതിരിക്കാം.

അതെ…നമുക്കവരെ സപ്പോർട്ട് ചെയ്യാം നല്ല മനസ്സോടെ…വേട്ടയാടപ്പെട്ടവരെ ആക്രമിക്കുന്നത് നമുക്ക് നിർത്താം ഇനിയെങ്കിലും….സർവോപരി മക്കളെ നല്ല ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസം കൊടുത്തും മൂല്യങ്ങൾ ഉള്ളവരായും വാർത്തെടുക്കാം…