ഓസ്ട്രേലിയൻ കുറ്റിക്കാടുകൾക്ക് ഒരു ശാപം ഉണ്ട്. നിൽക്കുന്ന നിൽപ്പിൽ കത്തിച്ചാരമാകും.
അതിവേഗത്തിലാണ് അവിടങ്ങളിൽ കാട്ടു തീ പടരുന്നത്. ഇങ്ങനെ കാട്ടുതീ ഉണ്ടായാൽ സാധാരണഗതിയിൽ മൃഗങ്ങളെയൊക്കെ ഓടി രക്ഷപ്പെടുകയാണ് പതിവ്.
എന്നാൽ കാഴ്ചയിൽ മുള്ളൻപന്നി പോലെയിരിക്കുന്ന ഷോർട്ട് ബീക്ക്ഡ് എക്കിഡ്ന (ഒരുതരം ഉറുമ്പ്തീനി) എന്ന കുഞ്ഞൻ ജീവികൾക്ക് കാട്ടുതീ അങ്ങനെ ഓടിരക്ഷപ്പെടേണ്ട സംഭവം ഒന്നുമല്ല.
പകരം ഇവറ്റകളുടെ കൈവശം വേറെ ഒരു വിദ്യയുണ്ട്. ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കി ഒരു ഇനാക്ടീവ് അവസ്ഥയിൽ ഇരിക്കുക. ശാരീരിക പ്രവർത്തനങ്ങളുടെ തോതും ഒപ്പം ശരീരത്തിലെ താപനിലയും നേരെ അങ്ങ് താഴ്ത്തും. ഈ അവസ്ഥയ്ക്ക് ഒരു പേരുണ്ട്, ടോർപർ.
പല ജീവികളും ഈ വിദ്യ പ്രയോഗിക്കാറുണ്ട്. പക്ഷേ അതൊക്കെയും തണുപ്പിനെ പ്രതിരോധിക്കാൻ ആണെന്ന് മാത്രം. എക്കിഡ്നകളുടെ ഈ പ്രത്യേകത ആവാം അവയുടെ പൂർവികരെ വംശനാശത്തിൽ നിന്ന് രക്ഷിച്ചത് എന്ന് ഗവേഷകർ പറയുന്നു.
മാളങ്ങളിലോ ഉണങ്ങി വീണ മരങ്ങളുടെ ഉള്ളിലോ ഒക്കെയാണ് എക്കിഡ്നകൾ തമ്പടിക്കാറ്. കാട്ടുതീ പടർന്നാലുടൻ ഓടിരക്ഷപ്പെടാൻ ശ്രമിക്കാതെ ഇവർ ധ്യാന അവസ്ഥയിലേക്ക് മാറും.
ഇതിന് പല കാരണങ്ങളുണ്ട്…തീ പടരുമ്പോൾ മാളത്തിൽ നിന്നും ഓടി രക്ഷപെടാൻ നോക്കിയാൽ ഒന്നുകിൽ തീയിൽ ചെന്നു ചാടും. അല്ലെങ്കിൽ കത്തി വീഴുന്ന മരത്തിൻ്റെയോ മറ്റോ അടിയിൽ പെടും. ഇതോടെ കഥയും കഴിയും. ഇത് ഒഴിവാക്കുകയാണ് എക്കിഡ്നകളുടെ ഉദ്ദേശം. ഓടിച്ചെന്ന് പണി വാങ്ങേണ്ട കാര്യമില്ലല്ലോ…
ശാരീരിക പ്രവർത്തനങ്ങളുടെ തോത് കുറയ്ക്കുന്നതിനും ഉണ്ട് കാരണം, ഉറുമ്പ് പോലെയുള്ള ജീവികൾ ആണ് ഇവയുടെ ആഹാരം. തീപിടുത്തം ഉണ്ടാകുന്നതോടെ അതും കിട്ടാതെ ആവും.
പിന്നെ തീയൊക്കെ അണഞ്ഞു ചൂട് മാറി ഉറുമ്പുകൾ ഒക്കെ തിരിച്ചുവരുന്നതുവരെ…നോ ഫൂഡ് അറ്റ് ഓൾ. അതിനു ചിലപ്പോൾ ആഴ്ചകൾ തന്നെ വേണ്ടി വന്നേക്കും.
അപ്പോൾ അതുവരെ ശാരീരികപ്രവർത്തനങ്ങളെ മന്ദഗതിയിൽ ആക്കി ധ്യാനിച്ചിരിക്കുന്നതിൽപരം ഒരു ബുദ്ധിയുണ്ടോ…?
*വിവേക് കെ.ആർ