ആദ്യ ദിവസങ്ങളിൽ തന്നെ വേടനു ജീവിതത്തെ കുറിച്ചു ഒന്നും അറിയില്ലെന്ന് ചീരുവിനു മനസ്സിലായി. പതുക്കെ പതുക്കെ വേടനെ ചീരു മാറ്റിക്കൊണ്ടിരുന്നു

വേടനും ചീരുവും – രചന: അബ്ദുൾ റഹീം പുത്തൻചിറ

വേടന് കല്യാണ പ്രായമായി…മകനെ പെണ്ണ് കെട്ടിക്കാൻ കല്യാണിയമ്മക്ക് ആഗ്രഹം. അങ്ങനെ പെണ്ണു കാണൽ ഒരുപാട് നടന്നു. പക്ഷെ വേടനെ അങ്ങനെ ആർക്കും ഇഷ്ട്ടമായില്ല. വേടൻ നല്ലവനാണ് മദ്യപിക്കില്ല, വലിയില്ല, ദുസ്വഭാവങ്ങൾ ഒന്നുമില്ല…എന്നും പണിക്ക് പോകും. കിട്ടുന്ന പൈസയെല്ലാം കല്യാണിയമ്മക്ക് കൊണ്ടു കൊടുക്കും. വേടൻ നാലാം ക്ലാസ്സു വരെ പടിച്ചുള്ളൂ. കല്യാണിയമ്മ മകനെ അത്രേം പഠിപ്പിച്ചുള്ളൂ. നാലാം ക്ലാസ് കഴിഞ്ഞപ്പോൾ മകനെ തന്റെ കൂടെ പണിക്ക് കൊണ്ടുപോയി. അങ്ങനെ കൊയ്യാനും മെതിക്കാനും കല്ലു വെട്ടാനും മരം വെട്ടാനും എന്നു വേണ്ട എല്ലാ ജോലികളും വേടൻ ചെയ്തു. വേടന് അധികം കൂട്ടുകാരില്ല. കൂട്ടുകൂടിയാൽ നശിക്കും എന്നു പറഞ്ഞു കല്യാണിയമ്മ കൂട്ടുകൂടലിൽ നിന്നും മകനെ അകറ്റി നിർത്തി. അതുകൊണ്ട് പണി കഴിഞ്ഞാൽ വേടൻ വീട്ടിൽ തന്നെയിരിക്കും. കഞ്ഞി വെക്കലും കറി വെക്കലും എല്ലാം വേടൻ തന്നെയായിരുന്നു. കല്യാണിയമ്മയും വേടനും കൂടി ചെറിയ കൂര ഒരു ഓടിട്ട വീടാക്കി. അമ്മയുടെ കൂടെ മാത്രം പുറത്തു പോകുന്ന വേടനെ കൂട്ടുകാർ ഇടക്കു കളിയാക്കുമായിരുന്നു. പക്ഷെ വേടൻ അതൊന്നും കാര്യമാക്കിയില്ല. വേടന്റെ പ്രായമുള്ള അവന്റെ കൂട്ടുകാർ പണി കഴിഞ്ഞു വന്നാൽ കലങ്കിൽ ഇരുന്ന് കളിയും ചിരിയുമായി സമയം കണ്ടത്തിയിരുന്നു. ആ സമയം വേടൻ വീട്ടിലെ പണികൾ ചെയ്യുകയായിരിക്കും. കൂട്ടുകാരുമായുള്ള കൂടിച്ചേരലുകൾ വേടനു അന്യമായിരുന്നു. പെണ്ണുകാണൽ ഒരുപാട് നടന്നു. അങ്ങനെ തൊട്ടടുത്ത ഗ്രാമത്തിൽ നിന്നും വേടന് ഒരു പെണ്ണ് ശരിയായി. ചീരു എന്നായിരുന്നു അവളുടെ പേര്. കല്യാണിയമ്മക്കും പെണ്ണിനെ ബോധിച്ചു. അങ്ങനെ കല്യാണം കഴിഞ്ഞു. ആദ്യ ദിവസങ്ങളിൽ തന്നെ വേടനു ജീവിതത്തെ കുറിച്ചു ഒന്നും അറിയില്ലെന്ന് ചീരുവിനു മനസ്സിലായി. പതുക്കെ പതുക്കെ വേടനെ ചീരു മാറ്റിക്കൊണ്ടിരുന്നു…പണി കഴിഞ്ഞു വന്നാൽ വേടൻ ചീരുവുമായി വർത്തമാനം പറഞ്ഞിരിക്കും. അവധി ദിവസങ്ങളിൽ ചീരു നിർബന്ധിച്ചു വേടനെ കൂട്ടുകാരുടെ കൂടെ പാടത്തു കളിക്കാൻ വിടും. വർഷത്തിൽ ഉത്സവത്തിന്റെ അന്നു മാത്രം മുണ്ടും ഷർട്ടും വാങ്ങിയ വേടൻ അതു മൂന്നാക്കി. പണി കഴിഞ്ഞു വന്നു കിട്ടിയ പൈസ വേടൻ ചീരുവിന്റ് കയ്യിൽ കൊടുക്കും. ചീരു അതു സൂക്ഷിച്ചു വെക്കുമായിരുന്നു. വീട്ടിലെ പണികളിൽ ചെയ്യുന്നതിൽ നിന്നും ചീരു വേടനെ മാറ്റി നിർത്തി. അങ്ങനെ പതുക്കെ പതുക്കെ വേടൻ മാറിക്കൊണ്ടിരുന്നു. ജീവിതത്തെ കുറിച്ചു ഒന്നുമറിയാത്ത വേടൻ ജീവിതത്തെ ആസ്വദിച്ചു. സ്വഭാവത്തിലും വേടൻ മാറിയിരുന്നു. ഇപ്പോൾ വേടനെ കൂട്ടുകാർ കളിയാക്കാറില്ല. അവൻ ഇപ്പോൾ ഒരുപാട് സന്തോഷിക്കുന്നു. പക്ഷെ ഒരാൾക്കു മാത്രം ഈ മാറ്റം ഇഷ്ടമായില്ല…കല്യാണിയമ്മക്ക്. ഇത്രനാളും തന്റെ അടിമയെ പോലെ നടന്ന തന്റെ മകൻ ഒരു പെണ്ണിന്റ വാക്ക് കേട്ടു നടക്കുന്നത് അവർക്ക് ക്ഷമിക്കാൻ കഴിഞ്ഞിരുന്നില്ല. അവർ അതിനെ ശക്തമായി എതിർത്തിരുന്നു. അവരുടെ ദേഷ്യം മുഴുവൻ ചീരുവിനെതിരെ ആയിരുന്നു…പതുക്കെ കുടുംബത്തിൽ പ്രശ്‌നങ്ങൾ തലപൊക്കി. വേടനെ അമ്മ പെൺങ്കോന്തനാക്കി മുദ്രകുത്തി. അപ്പോഴും വേടൻ ചെയ്ത തെറ്റ് എന്താണെന്ന് വേടന് മനസ്സിലായില്ല. അമ്മയുടെ എന്നുമുള്ള കുത്തുവെച്ച വാക്കുകളും ചീത്തവിളികളും ആദ്യം ചീരു ക്ഷമിച്ചിരുന്നെങ്കിലും പതുകെ പതുക്കെ ചീരുവിന് സഹിക്കാൻ പറ്റുന്നതിലും അധികമായി. അവസാനം ചീരുവും അമ്മയുമായി ഏറ്റുമുട്ടി. എന്നുമുള്ള അവരുടെ വഴക്ക് വേടന് സഹിക്കാൻ കഴിഞ്ഞില്ല…കൂടെ അമ്മയുടെ ശാപ വാക്കുകളും…ചിലപ്പോഴൊക്കെ ഒറ്റക്കിരുന്നു വേടൻ കരയുമായിരുന്നു. ചീരുവിനെയും അമ്മയെയും ഒരുപാട് സ്നേഹിച്ച വേടൻ അവരെ എതിർത്തു ഒരുവാക്കും പറയാൻ തോന്നിയില്ല. ആദ്യമൊക്കെ ചീരുവിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. പക്ഷെ വേടന്റെ വാക്കുകൾ അവൾ ചെവി കൊണ്ടില്ല. അന്നു രാത്രി ഒരു കയറുമായി വേടൻ പറമ്പിലെ മാവിൽ കയറി. പിറ്റേന്ന് നേരം വെളുത്തപ്പോൾ വേടന്റെ തൂങ്ങി ആടുന്ന ശരീരമാണ് ലക്ഷ്‌മി അമ്മയും ചീരുവും കണ്ടത്. അവരുടെ കെട്ടിപ്പിടിച്ചുള്ള കരച്ചിലിൽ വേടന്റെ ജീവിതം തിരികെ വന്നില്ല…ഇന്നു അവർ ഒരുമിച്ചു പഞ്ചായത്തിൽ പോയിരുന്നു. കാരണം വേടന്റെ വിധവാ പെൻഷൻ ഇന്നാണ് ചീരുവിന് കിട്ടിയത്. അതു വേടിക്കാൻ അവർ ഒരുമിച്ചാണ് പോയത്. ഇപ്പോൾ അവർ എല്ലാം കാര്യത്തിലും ഒരുമിച്ചാണ്. ഒരുമിച്ചു ഉത്സവത്തിന് പോകുവാറുണ്ട്. ഒരുമിച്ചു അമ്പലത്തിൽ പോകും…ഒരുമിച്ചു റേഷൻ കടയിൽ പോകും…പക്ഷെ ഇതു കാണാൻ ഇന്നു വേടനില്ല…