വെളുത്തചെമ്പരത്തി – ഭാഗം -8, വൈഗ വസുദേവ് എഴുതുന്ന നോവൽ

ഏഴാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

മുറ്റത്ത് ഒരു കാർ വന്നുനിന്നത് കളി കഴിഞ്ഞു വരികയായിരുന്ന ശരത് കണ്ടു. അവൻ ഓടി വന്നു. ആരാവും കാറിന്റെ ഡോർ തുറന്നിറങ്ങിയ ആളെ കണ്ടിട്ട് ശരത്തിനു മനസ്സിലായില്ല…

ചിലപ്പോൾ ചേച്ചിയെ പെണ്ണുകാണാൻ വന്നവർ ആണോ…ഇന്നലെ അമ്മ അച്ഛനോട് പറയുന്നത് കേട്ടതാണ്. ഇന്ന് ഒരുകൂട്ടർ കാണാൻ വരുമെന്ന്…അതാവും. എന്തായാലും ചെറുക്കൻ കൊള്ളാം. നല്ല ഭംഗിയുണ്ട് കാണാൻ. ഒറ്റയ്ക്കാണോ പെണ്ണുകാണാൻ വരൂന്നത്.

കാറിൽ നിന്നും ഇറങ്ങിയയാൾ ആകെ മൊത്തം കണ്ണോടിച്ചു. പഴയ രീതിയിലുള്ള ഓടിട്ട പുര. വിശാലമായ മുറ്റം കൃഷിചെയ്തു ജീവിക്കുന്നവർ ആണെന്ന് ഒറ്റനോട്ടത്തിൽ അറിയാം.

ഇവിടാരുമില്ലേ…? മുറ്റത്ത്‌ ഒരു വണ്ടി വന്നിട്ടുപോലും പൂമുഖത്ത് ആരെയും കാണാനില്ല. എല്ലാവരും കൂടി എവിടേലും പോയിക്കാണും. വന്നതല്ലേ കുറച്ചു നേരം നോക്കാം. അയാൾ തിണ്ണയിൽ കയറി.

ആരാ…? പിന്നീൽ നിന്നും ഒരു ചോദ്യം.

ഇവിടുള്ളവർ എവിടെ…?

ഞാൻ ഇവിടുത്തെ ആണ്. ആരേ കാണാനാ…? അച്ഛനെ കാണാനാണോ…അച്ഛൻ സുഖമില്ലാതെ കിടപ്പിലാണ്. കേറി വരൂ…ശരത് ആതിഥേയനായി.

അമ്മേ…അമ്മേ…ശരത് അകത്തേക്ക് നടന്നു. അടുക്കളയിൽ മിക്സിയിൽ കറിക്ക് അരപ്പ് അരയ്ക്കുകയായിരുന്നു ലളിത. അമ്മേ അച്ഛനെ കാണാൻ ഒരാൾ വന്നിരിക്കുന്നു. ആരാന്നറിയില്ല.

നിനക്ക് ചോദിക്കാരുന്നില്ലേ…ലളിത മിക്സി ഓഫാക്കി തിണ്ണയിലേയ്ക്ക് വന്നു. ലളിതയ്ക്കും ആളെ മനസിലായില്ല. അച്ചൂനെ കാണാൻ വന്നതാണോ…മിടുക്കൻ ആണ്. അച്ചൂന് ചേരും…

കയറി വരൂ…ആരാന്ന് മനസിലായില്ല…ലളിത പറഞ്ഞു.

അറിയാൻ വഴിയില്ല. ഞാൻ ആദ്യം വരികയാണ്. അയാൾ പറഞ്ഞു. ഇരിക്കൂ…കുടിക്കാൻ സംഭാരം എടുക്കാം. ലളിത അകത്തേക്ക് പോകാൻ തുടങ്ങി.

നിൽക്കൂ…ഒരാൾ കൂടി ഉണ്ട്…എന്നു പറഞ്ഞുകൊണ്ട് അയാൾ തിരികെ കാറിന്റെ അടുത്തെത്തി. ഡോർ തുറന്നു. മധ്യവയസായ സെറ്റുടുത്ത ഒരു സ്ത്രീ ഇറങ്ങി. അത് ആരെന്ന് അറിയാനുള്ള ആകാംക്ഷയോടെ ശരത്തും ലളിതയും നോക്കി നിന്നു.

ലളിതയ്ക്ക് ആമുഖം കണ്ടപ്പോൾ…ഈശ്വരാ…ഇത് വസു അല്ലേ…ലളിത ഓടി ഇറങ്ങി വന്ന് വസുധയെ കെട്ടിപ്പിടിച്ചു. വസൂ…നീ…വന്നു…സന്തോഷം കൊണ്ട് ലളിതയ്ക്ക് വാക്കുകൾ കിട്ടിയില്ല.

ലളിതേച്ചീ…

വാ..കേറിവാ…മോനെ ഇതാണ് വസുധ അപ്പച്ചി…ലളിത ശരത്തിനോടായി പറഞ്ഞു. കഴിഞ്ഞ ദിവസം അച്ഛൻ പറഞ്ഞതിനാൽ ശരത്തിനു ആളെ മനസിലായി.

വാ അപ്പച്ചി…ചേട്ടായി കേറിവാ.

വസുധയ്ക്ക് അവസാനം വന്നപ്പോഴത്തെ അനുഭവം ഓർമ്മ വന്നു. വീണ്ടും ആവർത്തിക്കുമോ…?

ഓപ്പ….ഓപ്പ എവിടെ ലളിതേച്ചീ…?

അകത്തുണ്ട്…കിടപ്പാണ്. വസൂ…നിൻ്റെ മോൻ മിടുക്കനാണല്ലോ. എന്താണ് പേര്…?

ദേവ്…ഓപ്പയെ ഒന്നു കാണാൻ…വസുധ പാതിയിൽ നിർത്തി.

വരൂ…

ആദ്യം ഞങ്ങൾ ഒന്നു കാണട്ടെ…അതാശരി.

ആയിക്കോളൂ, അപ്പോളേയ്ക്കും ഞാൻ കുടിക്കാൻ എടുത്തു വരാം. വസുധയും ദേവും സുകുവിനടുത്തേയ്ക്ക് നടന്നു.

മോനേ ദേവ്…അമ്മയോട് ഓപ്പ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല. വീണ്ടും ഇറക്കി വിടുമോ എന്നതാണ്. അതും നമ്മൾ സഹിക്കണം. മറുത്തൊന്നും പറയരുത് കേട്ടല്ലോ.. .ഈ വരവ് അമ്മ ചെയ്ത തെറ്റിൻ്റെ പ്രായശ്ചിത്തം ആണ്.

അറിയാം അമ്മേ…ഉംം…വസുധ സുകുവിൻ്റെ മുറിവാതിക്കൽ എത്തി. ഒന്നിനും ഒരു മാറ്റവുമില്ല. എല്ലാം പഴയപോലെ തന്നെ .ഇനി ഓപ്പയുടെ മനസ്സ് മാറിയിട്ടുണ്ടാവില്ലേ…വാതിൽ ചാരിയിട്ടേയുള്ളൂ. വസുധ ഒരുപാളി തുറന്നു.

ലളിതേ, കുറച്ചു ചൂടുവെള്ളം കൊണ്ടുവാ…കതക് തുറന്ന ശബ്ദം കേട്ടിട്ട് ലളിതയാണെന്നു കരുതി സുകു പറഞ്ഞു. നീ എന്താ അവിടെ നിൽക്കുന്നേ…? എൻ്റെ കാലൊന്നു തിരുമിക്കേ…വല്ലാത്ത വേദന…എന്താണോ…

ഓപ്പേ…കൂടുതൽ സുകു പറയുന്നതിനു മുമ്പേ വസുധ ഓപ്പേ എന്നു വിളിച്ച് അടുത്തെത്തി. ഓപ്പേ ഞാനാണ് വസുധ..എന്നെ മനസിലായില്ലേ ഓപ്പയ്ക്ക്…?

പെട്ടെന്ന് വസുധയെ കണ്ട സുകു വസുധയുടെ മുഖത്തുതന്നെ നോക്കി കിടന്നു. വസുധ കണ്ടു ഓപ്പയുടെ കണ്ണുകൾ നിറഞ്ഞത്. ഓപ്പേ, എന്നോട് ക്ഷമിക്കില്ലേ…?

വസൂ…നീ…വന്നു…വാ ഇവിടിരിക്ക്. ബെഡ്ഡിൻ്റെ സൈഡ് കാണിച്ചു കൊണ്ട് സുകു പറഞ്ഞു. ആരാണ് ക്ഷമിക്കേണ്ടത്. നഷ്ടപ്പെടുത്തിയതൊന്നും തിരികെ കിട്ടില്ല വസൂ…നീ വന്നല്ലോ അതുമതീ. എൻ്റെ കണ്ണടയും മുമ്പ് കാണാൻ പറ്റിയല്ലോ…

ഓപ്പേ എൻ്റെ മോൻ ദേവ്…വസുധ, ദേവ് ചൂണ്ടിപ്പറഞ്ഞു.

വാ…ഒരമ്മാവൻ്റെ ചുമതലയൊന്നും നിർവ്വഹിക്കാൻ വാശി സമ്മതിച്ചില്ല. എന്നാലും അമ്മാവനല്ലേ…ഇങ്ങുവാ…ദേവ് ഒരു കസേര എടുത്ത് കട്ടിലിനടുത്ത് ചേർത്തുട്ടിരുന്നു.

സുകു എണിറ്റ് ചാരിയിരിക്കാൻ ശ്രമിച്ചു. അതുകണ്ട ദേവ് ഒരു തലയിണ കട്ടിലിൻ്റെ ക്രാസിയിൽ വച്ച് സുകുവിനെ ചാരിയിരുത്തി. മുറിക്കു പുറത്ത് നിന്ന ലളിതയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. അവർക്ക് കുടിക്കാനുള്ളതും കൊണ്ട് വന്നപ്പോൾ കണ്ടത് ദേവ് സുകുവിനെ ചാരിയിരുത്തുന്നതാണ്.

ചായ കുടിച്ചുകൊണ്ട് സംസാരിക്കാം എന്നു പറഞ്ഞുകൊണ്ട് ലളിത അകത്തേക്ക് കടന്നു. കുടിക്കാം ലളിതേച്ചീ…

വസൂ…നീ ഒറ്റയ്ക്കായ അവസരത്തിൽ പോലും നിന്നോട് ക്ഷമിക്കാനോ സാമ്പത്തികമായി സഹായിക്കാനോ നിനക്കവകാശപ്പെട്ട സ്വത്ത് തരാനോ ഒന്നിനും ഞാൻ ശ്രമിച്ചില്ല. ഇനി അതൊക്കെ പറഞ്ഞിട്ടും കാര്യമില്ല. എന്നാലും പറയേണ്ടേ…നിനക്കവകാശപ്പെട്ട എല്ലാം ഉണ്ട്. ഒന്നും ഞാൻ എടുത്തില്ല.

ഓപ്പേ ഞാൻ ഓഹരി ചോദിക്കാൻ വന്നതല്ല. ഒന്നുകാണണം അതിനാണ് വന്നത്. സ്വത്ത് വേണ്ട ഓപ്പേ…എൻ്റെ സ്വത്ത് ഇതാണ്…എൻ്റെ മകൻ…വസൂ അഭിമാനത്തോടെ പറഞ്ഞു.

അമ്മാവാ…കഴിഞ്ഞതൊക്കെ മറക്ക്. ഓർക്കാൻ ഇഷ്ടമില്ലാത്തത് ഏറെയുണ്ടാവും എന്തിനു വീണ്ടും മനസ്സ് വിഷമിപ്പിക്കുന്നു…ദേവ് പറഞ്ഞു.

നീ പറഞ്ഞത് ശരിയാണ് മോനെ. തെറ്റാണെന്ന് തോന്നിയാൽ ഏറ്റുപറയുന്നത് ചെറുതാകൽ അല്ല. മനസിൻ്റെ ആവശ്യമാണ്.

അമ്മയും അമ്മാവനും അമ്മായിയും സംസാരിക്ക് ഞാൻ ഈ വീടൊക്കെ കാണട്ടെ…ദേവ് മുറിയിൽ നിന്നും പറത്തിറങ്ങി.

*** *** ***

ചേച്ചീ…ചേച്ചീ…കുളിമുറിയിൽ ആയിരുന്ന അച്ചുവിനെ ശരത് വിളിച്ചു.

എന്താടാ…?

വേഗം കുളിച്ചു റെഡിയായി വരാൻ അമ്മ പറഞ്ഞു.

എന്തിന്…?

ചേച്ചിയെ കാണാൻ ചെറുക്കൻ കൂട്ടർ വന്നു.

ങേ..ആരാ…?

പെണ്ണുകാണാൻ ചെറുക്കൻ വന്നെന്ന്…അച്ചു ഞെട്ടിപ്പോയി. അമ്മ അച്ഛനോട് പറയുന്നത് കേട്ടതാ…ഈശ്വരാ കാത്തോളണേ…ദേവേട്ടൻ അല്ലാതെ വേറോരാളുടെ മുന്നിൽ…ഇല്ല ഞാൻ പോയി നിൽക്കില്ല.

കുളികഴിഞ്ഞിറങ്ങിയ അച്ചു എന്തുവേണം എന്നറിയാതെ നിന്നു. അച്ഛനെ എങ്ങനെ ധിക്കരിക്കും. അച്ചു അഴയിൽ കിടക്കുന്ന സാരിയിലേയ്ക്കും ഉത്തരത്തിലേയ്ക്കും മാറി മാറി നോക്കി.

ചേട്ടായി…ഇങ്ങോട്ട് ആദ്യം വരികയാണോ…ശരത് ചോദിച്ചു.

അല്ല..പക്ഷേ ഈ വീട്ടിൽ ആദ്യം വരികയാണ്.

ചേട്ടായിക്ക് ഈ വീടും ഞങ്ങളേയും ഇഷ്ടായോ…? ശരത്തിന്റെ ചോദ്യം കേട്ടപ്പോൾ ദേവിന് അറിയാതെ ഇഷ്ടം തോന്നിപ്പോയി.

ഇഷ്ടമായി….

പിന്നെ ചേട്ടായി എൻ്റെ ചേച്ചിയെ കണ്ടിട്ടില്ലല്ലോ.

ദേവ് ഒന്നു ചിരിച്ചു…എന്തിനാ ചിരിച്ചത്…?

ഏയ് നിന്നെപ്പോലെ ആവും നിൻ്റെ ചേച്ചിയും. എന്നിട്ട് എവിടെ നിൻ്റെ ചേച്ചി…

കുളിക്കുവാരുന്നു. ഞാൻ പറഞ്ഞു വേഗം വരാൻ. ഇപ്പോൾ വരും. അല്ലേൽ വാ നമുക്ക് ചേച്ചീടെ അടുത്തോട്ട് പോകാം.

വേണ്ട ശരത്, അത് മോശമാ…നമുക്ക് ഇവിടൊക്കെ ചുറ്റിനടക്കാം. നടന്നു നടന്ന് അവർ അച്ചുവിൻ്റെ മുറിയുടെ അടുത്തെത്തി. ചേട്ടായി ഞാൻ ഇപ്പോൾ വരാം…ശരത് എന്തിനോ ഓടിപ്പോയി.

ഇത്രയും നേരം ആയിട്ടും അച്ചുവിനെ കണ്ടില്ല. വീട്ടിൽ ഒരാൾ വന്നാൽ ആരെന്ന് അറിയാനെങ്കിലും വന്നുനോക്കണം. ഇതുവരെ ഒരു വിവരവും ഇല്ലാത്തതിനാൽ പിണങ്ങിയിട്ടുണ്ടാവും. ഒന്നു കണ്ടിരുന്നെങ്കിൽ ആരോടേലും ചോദിക്കാൻ പറ്റില്ലല്ലോ.

മുറിയിൽ ഉണ്ടോ…? നോക്കിയാലോ…? വല്ലാതെ ആഗ്രഹിക്കുന്നു ഒന്നുകാണാൻ. ദേവ് അച്ചുവിൻ്റെ മുറിയിലേക്ക് പോകാൻ തുടങ്ങിയ ദേവ് കണ്ടു അമ്മായി വരുന്നത്.

അച്ചൂ…അച്ചൂ….ലളിത മുറിയിലേയ്ക്ക് കേറി വന്നു. അച്ചുവിൻ്റെ മുഖം കണ്ട ലളിത ചോദിച്ചു, നീ എന്താ വല്ലാതിരിക്കുന്നത്. നീ എവിടേക്കാ തുറിച്ചു നോക്കുന്നത്. ഉത്തരത്തിലോ…? അവിടെന്താ ഉള്ളത്…?

ഒന്നുമില്ല അമ്മേ…

വാ അച്ഛൻ വിളിക്കുന്നു. അച്ചു മനസ്സില്ലാമനസ്സോടെ ലളിതയ്ക്കൊപ്പം നടന്നു. അച്ഛൻ്റെ മുറിയിൽ നിന്നും സന്തോഷത്തോടെയുള്ള സംസാരം ആണല്ലോ കേൾക്കുന്നത്. എന്താവും ഈശ്വരാ പെണ്ണുകാണാൻ വന്നവർ ആണോ…അച്ചു വാതിക്കൽ മടിച്ചു നിന്നു.

അച്ചൂ…കേറിവാ…സുകു വിളിച്ചു.

വസൂ..ഇതാണ്…അച്ചു.

ങേ..വസു അപ്പച്ചിയോ…? എപ്പോൾ വന്നു. ഈശ്വരാ എന്നെ അറിയാന്ന് പറഞ്ഞിട്ടുണ്ടാവുമോ. വസു തിരിഞ്ഞു നോക്കി. അച്ചു അമ്പരപ്പോടെ വസുധയുടെ മുഖത്തുനോക്കി, പേടിക്കേണ്ട എന്ന അർത്ഥത്തിൽ വസുധ കണ്ണടച്ചു കാണിച്ചു.

വാ മോളെ…അവൾ പേടിച്ച് വസുധയുടെ അടുത്തെത്തി. അച്ചു, ഇതാണ് വസുധ. അച്ഛൻ പറഞ്ഞിരുന്നില്ലേ…

അപ്പച്ചി കുറെനേരം ആയോ വന്നിട്ട്…? അവൾ ചോദിച്ചു.

ഇല്ല…എവിടാരുന്നു അച്ചു. ഞാനും ഓപ്പയും പഴയകാര്യങ്ങൾ പറയുകയായിരുന്നു. തെറ്റുകൾ ഏറ്റുപറഞ്ഞു. എനിക്ക് എൻ്റെ ഓപ്പയുടെ പഴയ വസു ആകണം. പറഞ്ഞു വന്നപ്പോൾ വസുധയുടെ കണ്ണുകൾ നിറഞ്ഞു.

അതേ വസു, നീയും ഞാനും സരസും…പാവം സരസു, അവൾ എൻ്റെ വാക്കിനുവില കൽപിച്ച് നിന്നോട് സഹകരിക്കാതെ ആയി. എനിക്കുവേണ്ടി മാത്രം…അവൾ നിന്നോട് അകലം പാലിച്ചു. എല്ലാം ഞാൻ കാരണം. സുകു വ്യസനത്തോടെ പറഞ്ഞു.

സാരമില്ല ഓപ്പേ…ശശിയേട്ടനോട് ഞാൻ തെറ്റുചെയ്തില്ലേ…? അത് അവർക്ക് പൊറുക്കാൻ പറ്റില്ലല്ലോ.

അപ്പച്ചി ഞാൻ ഇപ്പോൾ വരാം. അച്ചു മുറിക്കു പുറത്തിറങ്ങി. ശരത് പറഞ്ഞത് ആരോ പെണ്ണുകാണാൻ വന്നു എന്നല്ലേ…എന്നിട്ട് അപ്പച്ചി മാത്രമേ ഉള്ളല്ലോ. അവൻ എന്തിനാ അങ്ങനെ പറഞ്ഞത്. വരുന്ന കാര്യം ഒന്നു പറയുകപോലും ചെയ്തില്ലല്ലോ.

ആരുടെ കൂടെയാവും അപ്പച്ചി വന്നത്. എന്താവും വരാൻ കാരണം…? ഈശ്വരാ എല്ലാം നല്ലതിനാവണേ. അച്ചു ഓരോന്നാലോചിച്ച് തൻെറ മുറിയിൽ എത്തി. അകത്തുകയറി കതകുചാരിയിട്ട് തിരിഞ്ഞതും ഞെട്ടിപ്പോയി. ആ ഞെട്ടൽ മാറാൻ ഒരു നിമിഷമേ വേണ്ടിവന്നുള്ളൂ…

സന്തോഷവും സങ്കടവും കലർന്ന സ്വരത്തിൽ അവൾ വിളിച്ചു. ദേവേട്ടാ…ഒന്നു കാണാൻ കഴിയാതെ…ശബ്ദം കേൾക്കാൻ പറ്റാതെ ഒരുപാട് വിഷമിച്ചു. ദേവേട്ടാ എനിക്ക് കല്യാണാലോചന നടക്കുന്നു. ഞാൻ സമ്മതിക്കില്ലാട്ടോ…മരിച്ചാലും…

എന്നാലും അച്ഛനെ ധിക്കരിച്ച് ഇറങ്ങിവരില്ല. ഇന്ന് ഒരുകൂട്ടർ വരൂം എന്നുപറഞ്ഞിട്ടുണ്ട്.

അച്ചൂ…ഞാൻ വന്നില്ലേ…ഇങ്ങനെയൊരു വരവ് പ്രതീക്ഷിച്ചിരുന്നതല്ല. എല്ലാം നല്ലതിനാവും കരയരുത്. എല്ലാം നമ്മുടെ ആഗ്രഹം പോലെതന്നെ നടക്കും. ആരെങ്കിലും കണ്ടാൽ കുഴപ്പമാവും. നമ്മൾ തമ്മിൽ അറിയും എന്ന് അമ്മാവനൊക്കെ അറിയില്ലേ…

ദേവേട്ടൻ അച്ഛൻ്റെ അടുത്തേക്ക് പൊക്കോളൂ ഞാൻ വന്നേക്കാം. ശരി, നമ്മൾ തമ്മിൽ അറിയാം എന്നുപറഞ്ഞിട്ടില്ല. അതോർത്ത് പേടിക്കേണ്ട…ദേവ് പുറത്തേക്ക് നടന്നു.

*** *** ***

തീരെ വീതികുറവാണ് റോഡിന്..എതിരെ വന്ന കാറിനു സൈഡ് കൊടുക്കാൻ ദേവ് തൻെറ വണ്ടീ നന്നായി സൈഡ് ഒതുക്കിയിട്ടു.

സാറേ…കാവുംപുറം വീട് ഇവിടെ അടുത്താണോ…? കാറിൽ നിന്നും ആരോ ഒരാൾ ചോദിച്ചു.

ദാ..ആ കാണുന്നതാണ്…ദേവ് ചൂണ്ടിക്കാട്ടി. അവിടെ ആരേ കാണാൻ ആണ്. അമ്മാവനെയോ…ദേവിന് അച്ചു പറഞ്ഞത് ഓർമ്മവന്നു. അല്ല…അത്രയേ ദേവ് കേട്ടുള്ളൂ. ആ കാർ അവരെ കടന്നുപോയി.

കാവുംപുറത്തു നിന്ന് യാത്ര പറഞ്ഞിറങ്ങിയപ്പോൾ മുതൽ വസുധ മൗനമായിരുന്നു.

അമ്മേ…എന്താ ആലോചിക്കുന്നത്…?

ആ കാറിൽ പോയവർ അച്ചുവിനെ കാണാൻ പോയതാ…ഓപ്പയുടെ ഇപ്പോഴത്തെ അവസ്ഥയിൽ എങ്ങനെയും അച്ചുവിനെ പറഞ്ഞുവിടാനെ നോക്കൂ…അവളുടെ സമ്മതംപോലും ചോദിച്ചെന്നുവരില്ല. പഴയത് വീണ്ടും ആവർത്തിച്ചാൽ, ഓപ്പ ഈ കല്യാണത്തിനു വാക്കുകൊടുത്താൽ എന്തു ചെയ്യും. നീ വിളിച്ചാൽ അവൾ ഇറങ്ങി വരുമോ…?

ഇല്ല…ഒരിക്കലും വരില്ല. അമ്മാവനെ ധിക്കരിച്ച് അവൾ വരില്ല. ദേവിൻ്റെ വാക്കുകൾ ഒന്നിടറിയോ…

തുടരും…