സ്വന്തം അമ്മയുടെയും പെങ്ങളുടെയും ഭാര്യയുടെയും മകളുടെയും ഫോട്ടോകൾ വരെ ഇമ്മാതിരി വൃത്തികേട് കാണിച്ച് പലയിടത്തും പോസ്റ്റ് ചെയ്യുന്നവർ ഞങ്ങളെയും വെറുതെ വിടില്ല എന്ന് നന്നായി അറിയാം…

എഴുത്ത്: ലിസ് ലോന

ഫേസ്‌ബുക്കിലെ ചലഞ്ചുകളിൽ , പ്രത്യേകിച്ച് നാല്പതുകളിലെ ഫോട്ടോസ് പോസ്റ്റ് ചെയ്യുന്നത് വളരെ അപകടം പിടിച്ചതെന്ന രീതിയിൽ പലരുടെയും ഉപദേശങ്ങളും പോസ്റ്റുകളും വിഡിയോകളും കണ്ടു.

ആ അപകടം നാല്പതിലുള്ള സ്ത്രീകൾക്ക് മാത്രം ബാധകമാണോ ? അതോ ജനിച്ചുവീഴുന്ന പെൺകുഞ്ഞുങ്ങളുടെ ഫോട്ടോ മുതൽ വയസ്സായ അമ്മൂമ്മയുടെ ഫോട്ടോക്ക് വരെ ഉള്ളതല്ലേ.

നമ്മുടെ ഫോട്ടോ എടുക്കണമെന്നും അത് മോശമായ സൈറ്റുകളിൽ കൊണ്ടുപോയി ഇടണമെന്നും കരുതുന്നവർക്ക് വേറെങ്ങും തിരയാതെ നമ്മുടെ സ്വന്തം വാളിൽ നിന്ന് വരെ എടുക്കാമെന്നാണെന്റെ അറിവ്.

കാരണം നമ്മുടെ പ്രൊഫൈൽ ചിത്രമോ വാളിൽ നിന്നുമുള്ള മറ്റ്‌ ഫോട്ടോകളോ ഈ പറഞ്ഞവർക്ക് ഡൌൺലോഡ് ചെയ്തെടുക്കാൻ ഒരു സെക്കന്റ് പോലും സമയം വേണ്ട .അല്ലെങ്കിൽ ഒൺലി മി ആക്കി പോസ്റ്റുകയോ സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റ് ആക്കുകയോ ചെയ്യണം.

ശത്രുതയുള്ളവരോ ലിസ്റ്റിൽ നിന്നും പോയവരോ ഫ്രണ്ട്സ് തന്നെയോ നമ്മളുമായി ഒരു ബന്ധം പോലും ഇല്ലാത്തവരോ ഇത് ചെയ്തേക്കാം.

ഒരു പിറന്നാളോ വിവാഹ വാർഷികമോ വന്നാൽ ലിസ്റ്റിലുള്ള ഒട്ടുമിക്ക പേരും നമ്മളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതും അവരുടെ വാളിൽ നമ്മുടെ ഫോട്ടോകൾ ഷെയർ ചെയ്ത് ആശംസകൾ അർപ്പിച്ചുകൊണ്ടാണ്.. അവരുടെ ഫ്രണ്ട്ലിസ്റ്റിൽ ഉള്ളവരൊന്നും നമ്മൾ അറിയാത്തവർ ആണെന്നിരിക്കെ അതിനെന്താണ് സുരക്ഷയെന്ന് കൂടി ചിന്തിക്കണം.

ഞാനെന്റെ ഭർത്താവിന്റെ കൂടെയല്ലേ ഇരുന്നും നിന്നും കിടന്നും ഫോട്ടോ എടുക്കുന്നത് എന്ന് കരുതുന്നവർ ഫോട്ടോഷോപ്പിന്റെയും ആപ്പുകളുടെയും ഉപയോഗങ്ങളിൽ അഗ്രഗണ്യരായ തലമുറയും സോഷ്യൽ മീഡിയയിൽ സജീവമാണെന്ന് മറന്നു പോകണ്ട..

പൂവെടുക്കുന്ന ലാഘവത്തോടെ കെട്ട്യോനെയോ പിള്ളേരെയോ മുറിച്ചുമാറ്റി നിങ്ങളെ വേറൊരുത്തന്റെ കൂടെ നിർത്താനും ഇരുത്താനും കിടത്താനും ഉമ്മ വെപ്പിക്കാനും അവർക്ക് കഴിയും. ജീവിതത്തിലെ ഭർത്താവും ആങ്ങളയും അച്ഛനും സുരക്ഷ നൽകുന്നുണ്ടെങ്കിലും ഫോട്ടോയിലുള്ളവർക്ക് ചോദിക്കാനും യുദ്ധം ചെയ്യാനും കഴിയില്ലല്ലോ..

ഇങ്ങനൊക്കെ നടക്കുന്നുണ്ട് എന്ന് അറിഞ്ഞിട്ട് തന്നെയാണ് നിങ്ങളും ഞാനുമടക്കമുള്ള ആളുകൾ സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇടുന്നതും.സന്തോഷിക്കുന്നതും.

നാല്പതിലെത്തിയാൽ എന്താ വല്ല അവാർഡും കൊടുക്കുന്നുണ്ടോ?? അതിന് ഞങ്ങളെന്ത് വേണം ? വേറെ പണിയില്ലേ ഈ തള്ളകൾക്ക് .പോ ൺ സൈറ്റുകളിൽ കാണാം എന്നൊക്കെ പറയുന്നവരോട്..

ആരോഗ്യത്തോടെ എത്തിയ നാല്പതെന്നത് ഞങ്ങൾക്കൊരു അവാർഡ് തന്നെയാണ് അതിനാരും അസൂയപ്പെട്ടിട്ട് കാര്യമില്ല..ഞങ്ങളുടെ പണികൾക്കൊപ്പം കുടുംബം നോക്കി ജോലി നോക്കി മക്കളെയും നോക്കി ഉത്തരവാദിത്തങ്ങൾക്കൊപ്പം ആരോഗ്യപരിപാലനവും ശരീരസംരക്ഷണവും നടത്തി ഈ വയസ്സിലും ജീവിക്കുന്ന ഞങ്ങൾക്കിത് അവാർഡ് തന്നെയാണ്..

നിങ്ങളെ ഞങ്ങളൊക്കെ ഡാറ്റയും കേറ്റി ഞങ്ങളും സഹിക്കുന്നില്ല അതുപോലെ ഇതും സഹിക്കുക അല്ലെങ്കിൽ ഈ വഴി വരാതെ കിട്ടിയ കണ്ടം വഴി പോകുക..

സ്വന്തം അമ്മയുടെയും പെങ്ങളുടെയും ഭാര്യയുടെയും മകളുടെയും ഫോട്ടോകൾ വരെ ഇമ്മാതിരി വൃത്തികേട് കാണിച്ച് പലയിടത്തും പോസ്റ്റ് ചെയ്യുന്നവർ ഞങ്ങളെയും വെറുതെ വിടില്ല എന്ന് നന്നായി അറിയാം..

എന്ന് കരുതി പേടിച്ചോടിയാൽ ഒളിക്കാൻ കാടുണ്ടോ അല്ലെങ്കിൽ പിന്നെ ഇത്തിരി സമാധാനത്തിനും കൂട്ടുകാരുടെ ഫോട്ടോകൾ കാണാനും നമ്മുടെ നല്ല നിമിഷങ്ങൾ അവരുമൊത്ത് പങ്കുവെക്കാനും നിൽക്കാതെ ഫേസ്‌ബുക്ക് അൺഇൻസ്റ്റാൾ ചെയ്ത് വീട്ടിലിരിക്കാം..

ഫോട്ടോകൾ കൊണ്ടുപോയി വൃത്തികേട് കാണിക്കുന്നവരെ.. വൃത്തികെട്ട സൈറ്റുകളിൽ പോസ്റ്റുന്നവരെ ..കണ്ടാൽ ,അറിഞ്ഞാൽ, കയ്യിൽ കിട്ടിയാൽ എന്ത് വേണമെന്ന് ഞാൻ പറഞ്ഞുതരേണ്ട ആവശ്യമില്ലല്ലോ..

ഉപദേശങ്ങളും പരിഹാസങ്ങളുമായി വരുന്നവർ ഓർക്കേണ്ടത് സ്ത്രീകൾക്കും ഉപയോഗിക്കാൻ സ്വാതന്ത്രമുള്ള ഇടമാണ് സോഷ്യൽ മീഡിയ.

അതിനൊരു ബുദ്ധിമുട്ടുണ്ടാകുമ്പോൾ വിഡിയോ റീച്ച് കിട്ടാനും പണമുണ്ടാക്കാനും ആരും ഫോട്ടോയിടല്ലേയെന്ന ഉപദേശങ്ങളുമായി വരുന്നവർ ഇത്തരത്തിലുള്ള കാര്യങ്ങൾ തടയാൻ എന്ത് ചെയ്യണം എന്നാണ് വ്യക്തമാക്കേണ്ടത്.

നമ്മുടെ സന്തോഷനിമിഷങ്ങൾ പങ്കുവെക്കാൻ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കാൻ പ്രതികരിക്കാൻ സപ്പോർട്ട് ചെയ്യാനെല്ലാം ഉള്ള ഒരിടം അതിങ്ങനെ പേരോ മുഖമോ പറയാനൊരു അച്ഛന്റെ പേരോ ഇല്ലാത്തവർ കയറി വന്ന് ഇല്ലാതാക്കുമ്പോൾ ഓടിയൊളിക്കുകയല്ല വേണ്ടത് ഓടിക്കോയെന്ന് പറയുകയും അല്ല വേണ്ടത്.

ഉപദേശിക്കുന്നവരും പറയാതെ പറയുന്നത് സോഷ്യൽമീഡിയ സ്ത്രീകൾക്ക് പറ്റിയതല്ലെന്നും മുഖം മൂടിയിട്ട ഫോട്ടോ അല്ലെങ്കിൽ പൂച്ച ,പട്ടി ,താറാവ് ,തത്ത ഇതൊക്കെയും പ്രതിഷ്ഠിച്ച് ഒരു ഐഡി ആകാമെന്നല്ലേ ഒരു 916 ഫേക്ക് അക്കൗണ്ട് ഉണ്ടാക്കാമെന്ന് .

ഒരു ചലഞ്ചിലും പങ്കെടുക്കാതെ സ്വന്തം വാളിൽ മാത്രം ഫോട്ടോ പോസ്റ്റിയ രണ്ട് കൂട്ടുകാരികളുടെ ദുരനുഭവങ്ങൾ ഞാൻ കണ്ടതാണ് അന്തസ്സായി അതിനെതിരെ നിയമപോരാട്ടം നടത്തുന്നുമുണ്ട് അവർ

അതിലൊരാളുടെ ആഴ്ചയിലൊരിക്കൽ എന്ന നിലയിൽ അവളുടെ ഫോട്ടോയും വച്ച് ഫേക്ക് ഐഡി ഉണ്ടാക്കുന്നുണ്ട് ചില ഫാദർ നെയിം ബ്ലാങ്ക് ആയി തിരിച്ചറിയൽ കാർഡിൽ ഇട്ട നികൃഷ്ടജന്മങ്ങൾ

ഫേസ്‌ബുക്ക് ഡിലീറ്റാക്കി ഭയന്നോടിയില്ല അവൾ ഇപ്പോഴുമുണ്ട് ഇവിടെ സജീവമായി സധൈര്യം അതിനെ നേരിട്ട് അവളെ അറിയുന്നവരുടെ സപ്പോർട്ട് കൊണ്ട് ഓരോ തവണയും ആ ഐഡികൾ പൂട്ടിച്ച് നിയമപോരാട്ടം നടത്തി തലയുയർത്തിതന്നെ അവളിവിടെയുണ്ട്..