“എന്റെ കറുമ്പി പെണ്ണിന് സ്നേഹപൂർവ്വം “
രചന: അനീഷ് ദിവാകരൻ
രാവിലെ എഴുന്നേറ്റു രാജേഷ് റെഡി ആയി. ഇന്നും രാവിലെ ഒരു പെണ്ണ് കാണൽ ഉണ്ട്. ഈ പെണ്ണ് കാണൽ എന്നാ ഒന്ന് തീർന്നു കിട്ടുക. എല്ലാ വീടിന്റെയും മുന്നിൽ ചെന്ന് കാറിൽ കിടപ്പാ തന്റെ പണി. ചില ആളുകൾ പുറത്തു കൊണ്ട് വന്നു ചായ തരും. വലിയ ഒരു കമ്പനിയുടെ കാർ ഡ്രൈവർ ആണ് രാജേഷ് . ഇപ്പോൾ കമ്പനി എംഡി യുടെ മൂത്ത മകന് പെണ്ണ് കാണൽ തകൃതി ആയി നടക്കുന്ന സമയം. എത്രയോ പെണ്ണുങ്ങൾ കൊച്ചു മുതലാളിയുടെ മുന്നിൽ വന്നു നിന്നു. ഒന്നും അങ്ങോർക്കങ്ങു ഇഷ്ടപെടുന്നില്ല. മുതലാളിക്ക് പെണ്ണ് കണ്ട് നടന്നു കൂടെ വരുന്നുവരുടെ എണ്ണം നാൾക്ക് നാൾ കുറഞ്ഞു വന്നു. ഇങ്ങോർ വയസ്സാകുന്നതിനു മുൻപ് ഒന്ന് പെണ്ണ് കെട്ടി കണ്ടാൽ മതിയായിരുന്നു. ഹൈവേയിൽ കൂടെ കുറേ അധികം സമയം ഓടിയ കാർ പെട്ടന്ന് ചെറിയ ഒരു വഴിയിലേയ്ക്കു കയറി. അവിടെ സ്കൂട്ടറിൽ രണ്ടു പേർ അവരെ കാത്തു നില്പുണ്ടായിരുന്നു. തങ്ങൾക്കു പെണ്ണിന്റെ വീട്ടിലേയ്ക്ക് വഴി കാണിക്കാൻ വന്നവർ ആണ് അവർ എന്ന് രാജേഷിനു അവരുടെ ആംഗ്യത്തിൽ നിന്നു മനസ്സിൽ ആയി. അൽപ്പം സമയം കൂടി കാർ ഓടിയപ്പോൾ കുറെ പറമ്പും ഒക്കെ ഒരു പഴയ ടൈപ്പ് ഓട് ഒക്കെ മേഞ്ഞ ഒരു വലിയ വീട്ടിലേയ്ക്ക് കാർ പ്രേവേശിച്ചു. അതാ മുന്നിൽ ഒരു കയർ വട്ടം വരുന്നു.രാജേഷ് കാറിന്റെ ബ്രേക് അമർത്തി ചവിട്ടി.ഒരു പശു ക്ടാവ് അവിടെ മുന്നിലെ തെങ്ങിൽ കെട്ടിയിരുന്നത് കാറിന്റെ മുന്നിൽ വട്ടം കയറി വന്നതാണ്
നല്ല ലക്ഷണം കിട്ടാൻ വേണ്ടി വീട്ടുകാർ ചെയ്തതാണ് എന്ന് തോന്നുന്നു.എന്നാൽ ക്ടാവ് കാറിന്റെ വട്ടം വരുമെന്ന് ഇവിടെ ഉള്ളവർ കരുതി കാണില്ല.
“ഇതും നടക്കില്ല ” രാജേഷ് നിരാശയോടെ സ്റ്റിയറിങ്ങിൽ പതുക്കെ ഇടിച്ചു. ഇനി അടുത്ത പെണ്ണ് കാണൽ അപ്പോൾ തന്നെ രാജേഷ് മനസ്സിൽ ഉറപ്പിച്ചു. കൊച്ചു മുതലാളി അകത്തു കയറി പോകുമ്പോൾ രാജേഷ് പതിവ് പോലെ പുറത്തു കാറിൽ ഇരിക്കുക ആയിരുന്നു. അപ്പോൾ അതാ അടുത്ത ലക്ഷണം പുറത്തു വരാന്തയിൽ വച്ചിരുന്ന ന്യൂസ് പേപ്പർ കാറ്റത്തു തെറിച്ചു പുറത്തേക്കു പറന്ന് പോകുന്നു. രാജേഷ് കാറിൽ നിന്നിറങ്ങി പത്രം യഥാർത്ഥ സ്ഥാനത്ത് വച്ചു.ന്യൂസ് പേപ്പർ വഴി ആണ് ഈ ബന്ധം വന്നത് അത് കൊണ്ട് ഇതും നടക്കില്ല എന്ന് അയാൾ കണക്ക് കൂട്ടി. രാജേഷിന്റെ അച്ഛൻ സ്ഥലം പ്രധാന ജോത്സ്യരായിരുന്നു. കുറച്ചു കാര്യങ്ങൾ ഒക്കെ അച്ഛൻ പറഞ്ഞത് പലതും പിന്നെ ശരി ആയി വന്നിട്ടുണ്ട്. കുറച്ചു സമയം കഴിഞ്ഞപ്പോൾ ചായ കുടിക്കാൻ പുറകിലെ ചായപ്പിലെയ്ക്ക് ചെല്ലാനുള്ള നിർദേശം വന്നു. കുറേ നേരം ഇനി തിരിച്ചു കറോടിക്കാൻ ഉള്ളതാ ഏതായാലും ചായ എവിടെന്നോയ്ച്ച പോയി കുടിച്ചിട്ട് വരാം എന്ന് കരുതി രാജേഷ് വീടിന്റെ പുറകു ഭാഗം ലക്ഷ്യം വച്ചു നടന്നു. ചായ കുടിയും കഴിഞ്ഞു തിരിച്ചു മുൻഭാഗത്തെക്ക് വരുമ്പോൾ ആണ് ഒരു മുറിയിൽ അടക്കി പിടിച്ച സംസാരം രാജേഷ് കേൾക്കുന്നത്. പകുതി ചാരിയ ജനലിലൂടെ അയാൾ അകത്തേക്ക് നോക്കി. കറുത്ത ഒരു രൂപം ചായ ഗ്ലാസ്സു മായി ഒരു വയസ്സായ സ്ത്രീയുടെ മുന്നിൽ. ദൈവമേ ഇതായിരിക്കുമോ പെണ്ണ്. കർത്താവെ ഇതു വരെ വണ്ടി ഓടിച്ചത് വെറുതെ ആയി പോയല്ലോ. ഇപ്പോൾ പെണ്ണ് കണ്ട് പെണ്ണ് കണ്ട് മുതലാളി യുടെ മനസ്സിൽ എന്താ ഉള്ളത് എന്ന് തനിക്കു ശരിക്കും മനസ്സിലായിരിക്കുന്നു. നല്ല വെളുത്ത സുന്ദരി പെണ്ണ് ആയിരിക്കണം പിന്നെ സ്വത്തുള്ളവർ ആയിരിക്കണം.
പെൺ വീട്ടുകാർ നല്ല സ്വത്തുള്ളവർ തന്നെ. പക്ഷെ ഈ രൂപം കൊച്ചു മുതലാളിയുടെ മനസ്സിൽ ഉള്ള രൂപത്തോട് ചേരില്ലല്ലോ.
“അമ്മേ . എന്തിനാ എന്നോട് പോലും നേരത്തെ പറയാതെ ഇങ്ങനെ ഒരു പെണ്ണ് കാണൽ ” അകത്തു നിന്ന് പെണ്ണ് പറയുന്നത് രാജേഷ് വ്യക്തമായി കേട്ടു
” ഹ.. നീ ആ ചായയും ആയിട്ട് മുന്നിലേക്ക് ചെന്നെ… അച്ഛൻ വിളിച്ചിട്ട് കുറേ നേരം ആയി., ഇനിയും ചെല്ലാതിരുന്നാൽ അറിയാമല്ലോ അച്ഛന്റെ സ്വഭാവം ” അത് കേട്ട ഉടനെ രാജേഷ് മുൻഭാഗത്തേക്ക് ഒറ്റ ഓട്ടമായിരുന്നു. ഈ പെണ്ണിനെ കാണുമ്പോൾ മുതലാളിയുടെ മുഖം കാണണം അല്ലോ. പതുക്കെ വരാന്തയിൽ കയറി ചെന്ന് അവിടെ കിടന്നിരുന്ന പത്രം എടുത്തു അതിന്റെ ഇടയിൽ കൂടി രാജേഷ് മുതലാളിയെ ശ്രെദ്ധിച്ചു. പുള്ളി പെണ്ണ് വന്നു നിൽക്കുന്നത് ഒന്നും കാണാതെ ടി. വി ശ്രെദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പെണ്ണിന്റെ അച്ഛനെ പോലെ ഇരിക്കുന്ന വയസ്സായ ഒരാളും വേറെ ഒരു ചെറുപ്പകാരനും പരസ്പരം നോക്കുന്നുണ്ട്. ഇയാൾ ഇതെന്താ ഇവിടെ ടി. വി.കാണാൻ വന്നതോ രാജേഷ് മനസിലോർത്തു. പെട്ടന്ന് ആണ് ഇപ്പോൾ മുതലാളിയുടെ മുഖം ഒന്ന് ഫോട്ടോ എടുത്തു കളയാം എന്ന് രാജേഷ് ഓർത്തത്. തന്റെ മൊബൈൽ ഫോൺ പോക്കറ്റിൽ നിന്ന് ധൃതിയിൽ എടുത്ത വഴി, ധിം… തരികിട… ധോം.. ദാ കിടക്കുന്നു താഴെ…. വൃത്തികെട്ടവൻ… കശ്മലൻ… അനുസരയില്ലാത്ത കുരുത്തം കെട്ടവൻ… എന്നൊക്കെ പറഞ്ഞു ദയനീയ മായി മൊബൈൽ ഫോണിനെ നോക്കുമ്പോൾ ആണ്… രാജേഷിന്റെ പുറത്തു നിന്നുള്ള ഡാൻസ് ഒക്കെ കണ്ട് മുതലാളി എന്തോന്നാടാ ഉവ്വേ എന്നുള്ള ഭാവത്തിൽ തന്നെ അകത്തു നിന്നും നോക്കി കൊണ്ടിരിക്കുന്നത് രാജേഷ് കാണുന്നത്.. ഇപ്പോഴും മുന്നിൽ ചായയും ആയി നിൽക്കുന്ന ആളെ മുതലാളി കണ്ടിട്ടില്ല എന്ന് രാജേഷിനു തോന്നി. ഇനി ടോർച് അടിച്ചു കാണിച്ചു കൊടുക്കേണ്ടി വരുമോ എന്ന് വിചാരിച്ചു രാജേഷ് പെൺകുട്ടിയുടെ മുഖത്തേക്ക് കുറച്ചു കൂടി ദയനീയമായി നോക്കി. ഇപ്പോൾ ആണ് രാജേഷ് നോക്കുന്നിടത്തേക്കു മുതലാളിയുടെ ശ്രെദ്ധ പോയത്. ഒരു ചായ ഗ്ലാസ് തെറിച്ചു പോകുന്നത് ആണ് പിന്നീട് രാജേഷ് കണ്ടത്,തുടർന്ന് പശു അമറുന്നത് പോലെ ഒരു സ്വരവും കേട്ടു. രാജേഷ് ചുറ്റും നോക്കി.. ഇല്ല നേരത്തെ കണ്ട പശു അവിടെ ഇല്ല.. തിരിഞ്ഞു മുതലാളിയെ രാജേഷ് നോക്കി. പെണ്ണിന്റെ മുഖത്തേക്ക് നോക്കി കണ്ണും തള്ളി അമിത ലോഡും കയറ്റി വന്ന പാണ്ടി ലോറിയെ കൈ കാണിക്കാൻ മറന്നു പോയ പോലിസ്കാരന്റെ പോലെ വായിൽ കർച്ചിഫും തിരുകി നിൽക്കുകയായിരുന്നു മുതലാളി അപ്പോൾ. ഇയാൾ എപ്പോൾ ആണ് ഇരിക്കുന്ന സ്ഥലത്തു നിന്ന് എഴുന്നേറ്റത് ആവോ. അകത്തു ഇരിക്കുന്ന വരോട് എന്തോ ദേഷ്യത്തിൽ സംസാരിച്ചിട്ട് കൊച്ചു മുതലാളി പെട്ടന്ന് പുറത്തേക്കു ഓടി വരുന്നത് രാജേഷ് കണ്ടു. പെട്ടന്ന് അയാൾ തവള ചാട്ടം ചാടി മാറിയത് കൊണ്ട് മുതലാളി അയാളുടെ മുതുകത്തു ലാൻഡ് ചെയ്തില്ല
“എടുത്തു കൊണ്ട് പോടീ കാക്ക കറുമ്പി നിന്റെ ഈ നശിച്ച ബിസ്ക്കറ്റും പൊട്ട കപ്പും ഒക്കെ… ഇനി മേലാൽ പെണ്ണ് കാണാൻ എന്ന് പറഞ്ഞു ഒരുത്തനേം ഞാൻ ഈ പഠിക്കകത്തേക്ക് കയറ്റില്ല ” മുതലാളിയുടെ പുറകെ എത്തിയ അവിടുത്തെ കാർന്നോരുടെ സ്വരം കാർക്കിച്ചു തുപ്പുന്ന പോലെ പുറത്തേക്കു തെറിച്ചു. കൂടെ ആരോ പൊട്ടികരയുന്ന ഒരു ശബ്ദവും രാജേഷ് കേട്ടു..
ദൈവമേ ആ പെൺകുട്ടി കരഞ്ഞത് അല്ലെ അത്. ഇടി വെട്ടിയവനെ പാമ്പ് കടിച്ച പോലെ ഇരിക്കുക ആയിരുന്നു രാജേഷിന്റെ മുതലാളിയുടെ മുഖം അപ്പോൾ.ഇയാൾ കേരളത്തിലെ കല്യാണം കഴിക്കാൻ പ്രായമുള്ള എല്ലാ പെൺകുട്ടികളെയും കണ്ടിട്ടേ അടങ്ങു എന്ന് തോന്നുന്നു.. “വൃത്തികെട്ടവൻ ” രാജേഷ് അറിയാതെ മനസ്സിൽ പറഞ്ഞു പോയി. മുതലാളിയോടുള്ള ദേഷ്യം തീർക്കാൻ അയാൾ അന്ന് വഴിയിൽ കണ്ട ഒറ്റ കുഴി പോലും വിട്ട് കളഞ്ഞില്ല. നാട്ടിൽ എത്തുന്നത് വരെ കാറിൽ കണ്ണ് അടച്ചു പിടിച്ചിരിക്കുക യായിരുന്ന മുതലാളി അതൊന്നും അറിയുന്നുണ്ടായിരുന്നില്ല. മനസ്സിൽ ആ കറുമ്പി പെണ്ണ് കൂട് കൂട്ടിയിരുന്നതിനാൽ രാജേഷ് പിറ്റേ ദിവസം തന്നെ അയാളുടെ സ്വന്തം പാട്ട കാറിൽ കറുമ്പിയുടെ നാട്ടിൽ എത്തി.
കറുമ്പിയുടെ വീടിന്റെ അടുത്ത് എത്തിയപ്പോൾ ആണ് അവരുടെ വീടിന്റെ അടുത്തുള്ള അമ്പലത്തിൽ ഉത്സവം കൊടി എറിയിരിക്കുന്നു എന്ന് രാജേഷിനു മനസ്സിൽ ആയത്. ഒരു ദിവസം മുഴുവൻ കറുമ്പിയുടെ വീടിന്റെ പുറത്തു കറങ്ങിയിട്ടും കറുമ്പിയെ കാണാൻ രാജേഷിനു കഴിഞ്ഞില്ല ഉത്സവത്തിനു ഏതായാലും അവൾ വരാതിരിക്കില്ല. കറുമ്പിയെ എങ്ങനെ എങ്കിലും സ്വന്തമാക്കുക എന്ന ഉദ്ദേശത്തോടെ ആ നാട്ടിൽ എത്തിയ രാജേഷ് തല്ക്കാലം തങ്ങാൻ ആയി ഉത്സവപറമ്പിനടുത്തു തന്നെ ഒരു ചെറിയ മുറി ഒപ്പിച്ചെടുത്തു. വലിയ വീട്ടിലെ പെൺകുട്ടി ആണേലും അവളുടെ ലുക്ക് ഒക്കെ വച്ചു പെട്ടന്ന് ഒരു നല്ല കല്യാണ ആലോചന ഒന്നും അവൾക്ക് വരാൻ പോകുന്നില്ല എന്നയാൾ കണക്കുകൂട്ടി. അവൾ വീണാൽ പിന്നെ താൻ ആരാ രാസാവ് അല്ലെ രാസാവ്.. ആ ചിന്ത കൾ അയാളെ കോൾമയിർ കൊള്ളിപ്പിച്ചു.
എന്നാൽ ഒറ്റ ദിവസം പോലും കറുമ്പിയെ ഉത്സവത്തിനിടയിൽ കാണുവാൻ രാജേഷിനു കഴിഞ്ഞില്ല. കടുത്ത നിരാശ ആയിപ്പോയി രാജേഷിനു. അവസാന ദിവസം ഗാനമേള ആയിരുന്നു. അൽപ്പം പൂശി ഒക്കെ വന്ന രാജേഷ് പാട്ടിന്റെ ഒപ്പം ഡാൻസ് കളിക്കാൻ തുടങ്ങി. എല്ലാവരും കൂടി പിരി കേറ്റാൻ തുടങ്ങിയപ്പോൾ രാജേഷിന്റെ ഡാൻസ് മുറുകി. അവസാനം നില തെറ്റി അയാൾ അവിടെ ഇരുന്ന കറുത്ത നിറമുള്ള ഒരു പെൺകുട്ടിയുടെ മടിയിലേയ്ക്ക് വീണു. കറുമ്പി ആയിരുന്നു അത്. ആ മുഖത്തു അടി കൊണ്ട പോലെ ഉള്ള പാട് ദൃതി പിടിച്ചവൾ തല വഴി ഇട്ടിരുന്ന ഷാൾ കൊണ്ട് മറക്കുന്നത് രാജേഷ് വ്യക്തമായി കണ്ടു. എന്നാൽ എന്തെങ്കിലും അയാൾ ചോദിക്കുന്നതിനു മുൻപ് ഡാൻസിനിടയിൽ ലുങ്കി നഷ്ടപെട്ട അയാളെ പോലീസ് കറുമ്പിയുടെ മടിയിൽ നിന്ന് പൊക്കി എടുത്തിരുന്നു. ഏതായാലും സ്റ്റേഷനിൽ കൊണ്ട് പോകാതെ കുറച്ചു സമയം കഴിഞ്ഞപ്പോൾ പോലീസ് അയാളെ വെറുതെ വിട്ടു.
പിന്നീട് ഗാനമേള കഴിഞ്ഞപ്പോൾ കുറച്ചു സ്ത്രീകളെ ഉപദ്രവിക്കാൻ ഉള്ള കുറേ ചെറുപ്പക്കാരുടെ ശ്രെമത്തിൽ ഉണ്ടായ ഉന്തിലും തള്ളിലും വീണു പോയ കറുമ്പിയുടെ മുകളിൽ വീണു കിടന്നു രാജേഷ് ആളുകളുടെ എല്ലാ ചവിട്ടും സ്വയം ഏറ്റെടുത്തു അവളെ രക്ഷപെടുത്തി. അവളുടെ ഒപ്പം നടന്ന രാജേഷ് അവസരം പാഴാക്കിയില്ല. താൻ കഴിഞ്ഞ ദിവസം ഇവിടെ പെണ്ണ് കാണാൻ വന്ന മുതലാളിയുടെ കാർ ഡ്രൈവർ ആണെന്നും.. ഇയാളെ പോലെയുള്ള ഒരു പാവം കുട്ടിയുടെ അടുത്തുള്ള തന്റെ മുതലാളിയുടെ പെരുമാറ്റം തന്നെ തീർത്തും നിരാശൻ ആക്കി കളഞ്ഞെന്നും മറ്റും കറുമ്പിയുടെ വീട്ടിലേയ്ക്ക് ഒപ്പം നടക്കുന്നതിനിടയിൽ രാജേഷ് അവളെ പറഞ്ഞു ധരിപ്പിച്ചു. കറുമ്പിയുടെ വീടുവരെ അവളെ അനുഗമിച്ച രാജേഷിനു അവളെ വളക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല എന്ന് പെട്ടന്ന് മനസ്സിലായി.
വീണ എന്നാണ് കറുമ്പിയുടെ പേരെന്നും അവളുടെ രണ്ടാനച്ചൻ ഒരു ആവശ്യവും ഇല്ലാതെ അവളെ എപ്പോഴും ഉപദ്രവിക്കുന്നുണ്ട് എന്നുള്ള വിവരവും രണ്ടുദിവസത്തെ പിന്നീടുള്ള അവിടുത്തെ താമസത്തിനിടയിൽ വീണയിൽ നിന്ന് തന്നെ രാജേഷ് മനസ്സിലാക്കി എടുത്തു. അധികം ദിവസം കഴിയുന്നതിനു മുൻപ് വീണയ്ക്ക് രാജേഷിന്റെ മുതലാളി അയച്ച ലെറ്റർ കിട്ടി.എന്റെ കറുമ്പിപെണ്ണിന് സ്നേഹപൂർവ്വം എന്ന് തുടങ്ങുന്ന ആ ലെറ്റർ കൂടുതൽ വായിക്കാതെ അവൾ കീറി പറിച്ചു ദൂരെ കളഞ്ഞു. കാരണം രാജേഷിൽ നിന്ന് അയാളുടെ മുതലാളി സ്ത്രീ ലംബടൻ ആണെന്നും ഒക്കെയുള്ള വിവരങ്ങൾ വീണയ്ക്ക് നേരത്തെ കിട്ടി കഴ്ഞ്ഞിരുന്നു. അപ്പോൾ ആണ് രണ്ടാനച്ഛൻ സന്തോഷത്തോടെ തന്റെ അടുത്തേക്ക് വരുന്നത് അവൾ ശ്രേദ്ധിച്ചത്
“മോളെ..എനിക്ക് അന്ന് വന്നു നിന്നെ കണ്ട ആ ബിസിനസ് കാരന്റെ എഴുത്ത് വന്നിട്ടുണ്ട്… നിന്നെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടത്രേ… ഞാൻ ഏതായാലും ഇതു അങ്ങോട്ട് നടത്താൻ പോകുകയാണ്. എന്റെ ടെൻഷൻ കുറേ ഒക്കെ മാറി മോളെ ” അവളുടെ ഉത്തരത്തിനു കാത്തു നിൽക്കാതെ അയാൾ ആ എഴുത്തും ആയി വീണയുടെ അമ്മയുടെ അടുത്തേക്ക് നടന്നു.. അൽപ്പം സമയം എന്തു ചെയ്യണം എന്നറിയാതെ നിന്ന് പോയ അവളുടെ അടുത്തേക്ക് കീറി പോയ ലെറ്ററിന്റെ ഒരു കഷ്ണം പറന്നെത്തി.. എന്റെ കറുമ്പി എന്ന് ഏഴുതിയ ആ തുണ്ട് കടലാസ് എന്തു കൊണ്ടോ അവൾ കയ്യിൽ എടുത്തു. അപ്പോൾ ആണ് ആ ബിസിനസ്‌കാരന്റെ ഫോൺ നമ്പർ വീണ കണ്ടത്. ഉടനെ ഉപദ്രവിക്കരുത് അച്ഛൻ നേരത്തെ മരിച്ചു പോയ ഒരു കുട്ടി ആണ് ഞാൻ എന്നൊക്കെ പറയാമെന്നു കരുതി വീണ ആ ഫോൺ നമ്പർ എടുത്തു ഡയൽ ചെയ്തു. അപ്പോഴേക്കും രണ്ടാനച്ചൻ തിരിച്ചു നടന്നു വരുന്നത് കണ്ടിട്ട് ആ ഡയലിങ്ങ് കട്ട് ചെയ്തു ഭവ്യയതോടെ അവൾ ഒതുങ്ങി നിന്നു.
അന്ന് രാത്രി തന്നെ അവൾ വിവരങ്ങൾ എല്ലാം രാജേഷിനോട് പങ്കു വെച്ചു.ആ സ്ത്രീ ലoബടൻ ഇവിടെക്കു എത്തുന്നതിനു മുൻപേ ആ വീട്ടിൽ നിന്നു എങ്ങനെ എങ്കിലും രക്ഷപെടാൻ രാജേഷ് വീണയെ ഉപദേശിച്ചു. അടുത്ത ദിവസം തന്നെ വീണയോട് നേരെത്തെ പറഞ്ഞിരുന്നത് പോലെ അർദ്ധ രാത്രി കഴിഞ്ഞു കറുത്ത നിറമുള്ള അയാളുടെ കാറുമായി രാജേഷ് വീണയുടെ വീടിന്റെ മുൻഭാഗത്തെ റോഡിൽ എത്തി.ചെറുതായി ഹോൺ മുഴക്കിയപ്പോൾ തന്നെ വീണ ഒരു ചെറിയ ബാഗും ആയി തല വഴി ഷാൾ ഇട്ട് ചെറിയ ചാറ്റൽ മഴ വക വെയ്ക്കാതെ ഓടി വരുന്നുണ്ടായിരുന്നു. അവരുടെ വീട്ടിലെ നായ ഒരു ചോദ്യ ഭാവത്തോടെ വീണയെ നോക്കി വാലാട്ടി കൊണ്ട് അടുത്തേക്ക് വന്നു.. അതിനെ തള്ളി മാറ്റി ഗേറ്റ് തുറന്നു പുറത്തേക്കു ഓടിയ വീണയുടെ പുറകെ നായയും കുരച്ചു കൊണ്ട് കുതിച്ചു. ഇരുട്ടത്ത് തന്റെ അച്ഛൻ പണിത ആ വീടിനെ അവസാനമായി അവൾ ഒന്ന് തിരിഞ്ഞു നോക്കി.. തന്റെ അച്ഛൻ ഇപ്പോൾ ഉണ്ടായിരുന്നു വെങ്കിൽ ഒരു പക്ഷെ തനിക്കു ഈ ഗതി ഒരിക്കലും വരില്ലായിരുന്നുവെന്ന് കണ്ണ് നീർ തുടച്ചു കൊണ്ട് വേദനയോടെ അവൾ ഓർത്തു. “വേഗം രാജേഷ് വേഗം ”
കിതച്ചു കൊണ്ട് കാറിലേയ്ക്ക് കയറുന്നതിനിടയിൽ വീട്ടിലെ ലൈറ്റുകൾ എല്ലാം ഓരോന്നായി തെളിയുന്നത് വീണ ശ്രേദ്ധിച്ചായിരുന്നു
” സ്വർണം മുഴുവൻ എടുത്തിട്ടുണ്ടല്ലോ അല്ലെ… ” രാജേഷ് തയ്യാറാക്കി നിർത്തിയിരുന്ന കാർ മുന്നോട്ടു എടുത്തുകൊണ്ട് ചോദിച്ചു
“ഉവ്വ… എല്ലാം ഈ ബാഗിൽ ഭദ്രമായി ഉണ്ട് രാജേഷ് “
” ഹാവൂ രക്ഷപെട്ടു നീ ആ മുതലാളിയുടെ അടുത്തെങ്ങാൻ ചെന്നുപെട്ടിരുന്നെങ്കിൽ ഉണ്ടല്ലോ ജീവിതം കോഞ്ഞാട്ട ആയി പൊയ്നെർന്ന് കോഞ്ഞാട്ട അതറിയോ നിനക്ക് “
“എന്തോ എനിക്ക് വല്ലാത്ത ഭയം രാജേഷ്.. പാവം അമ്മ രാവിലെ എഴുന്നേറ്റു എന്നെ കാണാതെ ആകുമ്പോൾ… ദൈവമേ.. .. എന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ.. ഒരു പക്ഷെ.. ഞാൻ ഇതൊക്കെ ചെയ്യില്ലായിരുന്നു”
“അപ്പോൾ തനിക്കു എന്നെ വിശ്വാസം ഇല്ല അല്ലെ,”
” വിശ്വാസം ഉള്ളത് കൊണ്ട് അല്ലെ ഞാൻ കൂടെ പൊന്നെ “
“പിന്നെ താൻ എന്തിനാ പേടിക്കുന്നെ എന്റെ പൊന്നു….തന്നെ ഞാൻ പൊന്നു പോലെ നോക്കില്ലേടോ ” രാജേഷ് വീണയെ തന്നോട് ചേർത്തു പിടിച്ചു. ആദ്യമായി ഒരു പുരുഷ സ്പർശം ഏറ്റ വീണ ശരിക്കും അസ്വസ്ത ആയി. കുറേ അധികം സമയം കഴിഞ്ഞപ്പോൾ കാർ അധികം ആൾ പാർപ്പില്ലാത്ത ഒരു സ്ഥലത്തേക്കു പ്രവേശിച്ചു. കാർ പതുക്കെ നിർത്തിയ അയാൾ വീണയെ വീണ്ടും തന്നിലേക്ക് അടുപ്പിച്ചു
” ഹ എന്താ രാജേഷ് ഇതു.. ആരെങ്കിലും കണ്ടാൽ… ഇതൊക്കെ നമുക്ക് ഒരു പുതിയ ജീവിതം തുടങ്ങിയിട്ടൊക്കെ പോരെ ” അപ്പോഴേക്കും അയാളുടെ വിരലുകൾ അവളുടെ മേനിയിൽ കുസൃതികാട്ടി തുടങ്ങിയിരുന്നു.
” എനിക്ക് ഒട്ടും ഇനി കാത്തിരിക്കാൻ വയ്യ.എന്റെ വീണകൊച്ചേ .ഈ വഴി ഇനി ആരും വരാൻ പോകുന്നൊന്നും ഇല്ലന്നെ…നീ ഇങ്ങോട്ട് ചേർന്നിരി….. ” വീണയുടെ ധൈര്യം ഭയത്തിന് വഴിമാറി തുടങ്ങുമ്പോൾ ആണ് പെട്ടന്ന് ഏതോ ഒരു വണ്ടിയുടെ പ്രകാശം അവരുടെ കണ്ണുകളിൽ പതിഞ്ഞത്. അതൊരു ഇന്നോവ ആയിരുന്നു. ആ കാർ അവരെ കടന്ന് മുന്നോട്ടു പോയപ്പോൾ രാജേഷ് ആശ്വാസത്തോടെ നിശോസിക്കുന്നത് വീണ ശ്രെദ്ധിച്ചു. പിന്നെയും അയാൾ വീണയുടെ നേരെ തിരിഞ്ഞു. പെട്ടന്ന് കാറിന് പുറത്തു ഇരുട്ടത്തു ആരോ ഓടി വരുന്ന ശബ്ദം അവർ കേട്ടു.. വന്ന ആൾ കാറിന്റെ ഡോർ വലിച്ചു തുറന്നു.. അയാളുടെ കയ്യിൽ ഇരുന്ന ടോർച് ലൈറ്റ് കാറിന്റെ ഉള്ളിലേക്ക് പ്രകാശിപിച്ചു…. ആ ടോർച്ചിന്റെ ഉടമയെ കണ്ട് രാജേഷും വീണയും ഒരു പോലെ ഞെട്ടി.. മുതലാളി ആയിരുന്നു അത്.
“എടാ വൃത്തികെട്ട നായെ… നിന്നെ കുറച്ചു ദിവസം കാണാതെ ആയപ്പോൾ ഞാൻ ഊഹിച്ചു നീ ചിലപ്പോൾ ഇവിടെ കാണും എന്ന്…. നിന്റെ പാട്ട കാർ ദൈവം ആണ് എനിക്ക് കാണിച്ചു തന്നത്… നീ വീണയെയും കൊണ്ട് എങ്ങോട്ടാ ഈ രാത്രിയിൽ…”
“എങ്ങോട്ട് എങ്കിലും ആയിക്കോട്ടെ എന്നാലും നിങ്ങളെ പോലെ ഒരു പെണ്ണ് പിടുത്തക്കാരനെ വീണയ്ക്ക് കല്യാണം കഴിക്കേണ്ടി വന്നില്ലല്ലോ “
“ഇങ്ങോട്ട് പുറത്തേക്കിറങ്ങേടാ നാ യിന്റെ മോനെ ” ആറടി പൊക്കവും അതിനൊത്ത വണ്ണവും ഉള്ള മുതലാളി രാജേഷിനെ ഷർട്ടിൽ പിടിച്ചു പുറത്തേക്കു വലിച്ചു. രാജേഷ് വലത്തേ കാൽ ഉയർത്തി മുതലാളിയെ ആഞ്ഞു തൊഴിച്ചു. പുറത്തു റോഡിലേക്ക് തെറിച്ചു വീണ മുതലാളിയുടെ കയ്യിൽ നിന്നു ടോർച് ഉരുണ്ടുരുണ്ട് ഒരു കുഴിയിലേയ്ക്ക് പോകുന്നത് വീണ കണ്ടു.. രാജേഷ് ഉടനെ തന്നെ ഡോർ അടച്ചു കാർ സ്റ്റാർട്ട് ചെയ്യാൻ നോക്കി.. എന്നാൽ ഒറ്റ സെക്കൻഡിൽ ഡോർ തുറന്നു വന്ന മുതലാളി രാജേഷിനെ വലിച്ചു റോഡിലേക്കിട്ടു. പിന്നെ കാറിനു പുറത്തു നല്ല സംഘട്ടനം നടക്കുന്നത് കാറിൽ തലയ്ക്കു കൈ കൊടുത്തു അതിയായ ഭയത്തോടെ തല കുമ്പിട്ടിരുന്ന വീണയ്ക്ക് കേൾക്കാമായിരുന്നു. അല്ലെങ്കിലും ചിലർക്ക് സ്വന്തം വില എന്താണ് എന്ന് അറിയില്ലല്ലോ .
രണ്ടു ഉദ്ധ്ണ്ടന്മാർ കണ്ണു കാണാതെ ഇരുട്ടത്തു കിടന്നു കടിപിടി ഇടിപിടി കൂടുന്നത് തനിക്കു വേണ്ടി ആണെന്ന് ഭയം കൊണ്ട് വിറങ്ങലിച്ചിരിക്കുക ആയിരുന്ന വീണ അപ്പോൾ ഓർത്തില്ല. കുറച്ചു കഴിഞ്ഞപ്പോൾ ആരോ കയ്യിൽ പിടിച്ചു വലിക്കുന്നത് പോലെ വീണയ്ക്കു തോന്നി. കാറിനുള്ളിൽ നിന്ന് ബാഗും എടുത്തു ഇറങ്ങി ഇരുട്ടിൽക്കൂടി ഓടുമ്പോൾ രാജേഷ് ആയിരിക്കും തന്റെ കൈ പിടിച്ചിരിക്കുന്നത് എന്നാണ് വീണ കരുതിയത്… ഇന്നോവ കാറിനുള്ളിലേക്ക് തന്നെ ബലമായി പിടിച്ചു കയറ്റിയപ്പോൾ മാത്രം ആണ് അത് മുതലാളി ആയിരുന്നു എന്ന് അവൾക്ക് മനസ്സിലായത്. വഴിയിൽ ഇട്ട് തന്നെ തിരിച്ചു ഇന്നോവ പാഞ്ഞു പോകുമ്പോൾ മോളെ നീ അപകടത്തിൽ ആണ് പെട്ടന്ന് പുറത്തേക്കു ചാടിക്കോ എന്ന് വഴിയിൽ കിടന്നു രാജേഷ് അലറുന്ന ശബ്ദം വീണ വ്യക്തമായി കേട്ടു…
എന്നാൽ ഭയന്ന് വിറച്ചു പോയ അവൾക്കു അനങ്ങാൻ കഴിയു മായി രുന്നില്ല.. തന്നെ പ്പോലെ ഒരു നശിച്ച ജന്മവും ആയി ഇറങ്ങി തിരിച്ച രാജേഷിന്റെ വിധി ഓർത്തു വീണയുടെ ഹൃദയം തേങ്ങി.. മുതലാളി കാറിൽ അവളോട് ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. ഇനി എന്ത് ആയിരിക്കും തന്റെ ഗതി എന്നോർത്ത് അവൾ കാറിനുള്ളിൽ ഇരുന്നു പൊട്ടികരഞ്ഞു… മുതലാളി തന്റെ ദേഹത്ത് തൊട്ടാൽ പിന്നെ താൻ ജീവിച്ചിരിക്കില്ല.. അതുറപ്പ്.. രാത്രിയിൽ വീട്ടിൽ നിന്ന് ഇറങ്ങി പോരാൻ തോന്നിയ നിമിഷത്തെ അവൾ ആദ്യമായി മനസ്സറിഞ്ഞു പ്രാകി. കുറേ അധികം സമയം കഴിഞ്ഞപ്പോൾ കാർ വലിയ ഒരു ബംഗാവിന്റെ തുറന്നു കിടന്നിരുന്ന ഗേറ്റിൽ ക്കൂടി അകത്തേക്ക് കയറി. കാറിൽ തന്നെ കുത്തി ഇരിക്കാൻ നോക്കിയ അവളെ പിടിച്ചു വലിച്ചു കൊണ്ട് മുതലാളി ബംഗ്ലാവിനുള്ളിലേക്ക് നടന്നു.
“വീണ നിനക്ക് ഈ മുറി എടുക്കാം… ഒന്ന് ഫ്രഷ് ആയിക്കോളു… ഭക്ഷണം സെർവെൻറ് റെഡി ആക്കി തരും എനിക്ക് ഒന്നും വേണ്ട.. ദേഹം മുഴുവൻ മുറിഞ്ഞിട്ടുണ്ട്.. വല്ലാത്ത തല വേദനയും.”
അപ്പോൾ ആണ് അയാളുടെ ചെവിയിൽ നിന്നും രണ്ടു കൈകളിൽ നിന്നുമൊക്കെ രക്തം ഇറ്റിറ്റു തറയിൽ വീഴു ന്നത് വീണ ശ്രേദ്ധിച്ചത്. നന്നായി രാത്രി ഏതായാലും അയാൾ തന്നെ ഉപദ്രവിക്കാൻ സാധ്യത ഇല്ല..ഭയന്ന് ആ മുറിയിൽ കണ്ട ഒരു കസേരയിൽ ഇരുന്നു പോയ വീണ പിന്നീട് സെർവെൻറ് വന്നു വിളിച്ചിട്ടും അനങ്ങാതെ ആ കസേരയിൽ തന്നെ ഇരുന്നു നേരം വെളുപ്പിച്ചു… ഇനി എങ്ങനെ ഇവിടെ നിന്ന് കടക്കും അതായി അവളുടെ രാവിലെ ആയപ്പോൾ ഉള്ള ചിന്ത. കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം അവൾ കേട്ടു.മുറിക്കുള്ളിൽ കയറിയപ്പോൾ തന്നെ വീണ വാതിൽ അകത്തു നിന്നു അടച്ചു കുറ്റി ഇട്ടിരുന്നു.
“വീണ ഞാൻ ഹരി ആണ് വാതിൽ തുറക്കു… നിനക്ക് രാവിലെ ഗസ്റ്റ് ഉണ്ട്.. ആരാ വന്നിരിക്കുന്നത് എന്ന് നോക്കു ” പുറത്ത് മുതലാളി യുടെ ശബ്ദം. ദൈവമേ തന്നെ ഉപദ്രവിക്കാൻ പുറത്ത് നിന്ന് ആരെയൊക്കെയോ അയാൾ വിളിച്ചു വരുത്തിയിരിക്കുന്നു. അവസാന പോരാട്ടത്തിനായി തയ്യാറെടുക്കുക മനസ്സ് മന്ത്രിക്കുന്നത് അവൾ അറിഞ്ഞു. താൻ ഇരിക്കുക ആയിരുന്ന ഘനം കുറഞ്ഞ പ്ലാസ്റ്റിക് കസേര അവൾ കയ്യിൽ എടുത്തു. നെഞ്ച് പടപട ഇടിക്കുന്നത് വീണയ്ക്ക് കേൾക്കാമായിരുന്നു. വാതിലിന്റെ കുറ്റി പതുക്കെ തുറന്നു അവൾ വാതിൽ മറവിൽ കസേരയും ആയി ഒതുങ്ങി നിന്നു
“അയ്യോ..” അകത്തേക്ക് കയറിയ ഹരി എന്ന ഹരിപ്രസാദ് മുതുകത്തു അപ്രതീക്ഷിതമായി അടികൊണ്ടു വേദന കൊണ്ട് പുളഞ്ഞു. ഒരു വലിയ കൺസ്ട്രക്ഷൻ കമ്പനിയുടെ കൊച്ചു മുതലാളി ആണ് ഹരി എന്ന ഹരിപ്രസാദ്. അയാൾ പൈസ കൊടുത്തു വാങ്ങിയ ആ കസേരയോട് അത് പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ലല്ലോ
“മോളെ നീ എന്താ ഈ കാണിക്കുന്നേ ” പെട്ടന്ന് വാതിൽ പടിയിൽ നിന്നു രണ്ടാനച്ഛന്റെ ശബ്ദം കേട്ട് വീണ അത്ഭുതത്തോടെ തിരിഞ്ഞു നോക്കി
“ഏയ് അച്ഛാ ഞങ്ങൾ വെറുതെ കസേര കളി ഇന്നലെ രാത്രി മുതൽ തുടങ്ങീതാ…ഇതൊക്കെ ഒരു രസം അല്ലെ അച്ഛാ…അല്ലെ അമ്മേ ” തറയിൽ ഇരുന്നു മുതുകു തടവി കൊണ്ട് ഹരി വിളിച്ചു പറയുന്നുണ്ടായിരുന്നു. “ഇങ്ങനെ കസേര കളിച്ചൊക്കെ ആയിരിക്കും കൈ ഒക്കെ മുറിച്ചത് അല്ലെ ” രാത്രി തന്നെ ഹരി അടുത്തുള്ള ഹോസ്പിറ്റലിൽ പോയി മുറിഞ്ഞ രണ്ടു കൈ പത്തികളും ഡ്രസ്സ് ചെയ്തിരുന്നു.
“ആ അച്ഛനോ… എപ്പോൾ വന്നു അച്ഛ… അമ്മയും ഉണ്ടല്ലോ… ഇരിക്കു അച്ഛാ…. ഇരിക്കു അമ്മേ..” ജാള്യത കൊണ്ട് വീണയ്ക്ക് അവരോട് എന്താ പറയുക എന്നറിയില്ലായിരുന്നു “
“അതിനു നിന്റെ തലയിൽ കയറി ഞങ്ങൾ എങ്ങിനെയാ ഇരിക്കുക ” അച്ഛൻ ചോദിക്കുന്നത് കേട്ടപ്പോൾ ആണ് താൻ ഇപ്പോഴും കസേരയും പൊക്കി പിടിച്ച് ആണ് നിൽക്കുന്നത് എന്ന് വീണ ഓർത്തത്.. പെട്ടന്ന് അവൾ ചമ്മലോടെ കസേര അച്ഛനു ഇരിക്കാൻ പാകത്തിന് വെച്ചു കൊടുത്തു.
“അല്ല ഹരി നിങ്ങൾക്കു ഇതിന്റെ വല്ല ആവശ്യം ഉണ്ടായിരുന്നോ.. രാത്രി വീട്ടിൽ നിന്നു ചാടി പോരുക.. ഛെ.. നാട്ടുകാർ അറിഞ്ഞാൽ എന്ത് കരുതും.. നേരെ ചൊവ്വേ കല്യാണം കഴിക്കേണ്ടതിനു…” കസേരയിൽ ഇരുന്നു കൊണ്ട് താഴെ ഇരുന്നു മുതുകു തടവുക ആയിരുന്ന ഹരിയോട് അച്ഛൻ ദേഷ്യപെടുന്നത് വീക്ഷിക്കുക ആയിരുന്നു വീണ ദൈവമേ ഈ മുതലാളി രാജേഷിന്റെ കാര്യം എങ്ങാനും ഇപ്പോൾ എടുത്തു ഇടുമോ അതായിരുന്നു വീണയുടെ അപ്പോഴത്തെ ഭയം
“എന്നാലും നീ എന്ത് പണിയാ മോളെ കാണിച്ചത്.. പിന്നെ ഹരി വിളിച്ചു മോൾ ഇവിടെ ഉണ്ടെന്നു പറഞ്ഞപ്പോൾ ആണ് ഞങ്ങൾക്കു സമാധാനം ആയെ ” അമ്മ വന്നു വീണയെ കെട്ടിപിടിച്ചു. പെട്ടന്ന് രണ്ടാനച്ചൻ കരയുന്നത് കണ്ട് വീണ അത്ഭുതപെട്ടു
“മോളെ നിന്നെ ഞാൻ ഇടക്ക് ചെറിയ കുറ്റത്തിന് പോലും അടിക്കാറൊക്കെ ഉണ്ട്….മോളുടെ കല്യാണം നടക്കാത്ത ടെൻഷനിൽ മോളോട് തന്നെ അച്ഛൻ ദേഷ്യം കാണിച്ചു പോയി… ന്നാലും മോളു പോയപ്പോ… ആ പാദസരശബ്ദം കേൾക്കാതെ ആയപ്പോൾ ആണ് മോളെ… അച്ഛനു നീ ഇല്ലാതെ പറ്റില്ല എന്നറിഞ്ഞത്… ന്റെ പൊന്നു മോൾ എന്നോട് പൊറുക്കണം….കേട്ടോ.. അച്ഛൻ കാരണം ആണ് മോൾ ഇറങ്ങി പോന്നത് എന്ന് അമ്മ കൂടി കുറ്റപ്പെടുത്തിയപ്പോൾ അച്ഛൻ ആകെ തകർന്നു പോയി ട്ടോ ന്റെ കുട്ടിയേ .. അച്ഛനോട് ന്റെ മോൾ ക്ഷമിക്കില്ലേ …ഇനി ന്റെ മോളെ അച്ഛൻ ഒരിക്കലും വേദനിപ്പിക്കില്ല …,ന്റെ ഹരി……………മോളെ കാണാതെ ആയപ്പോൾ ഞാൻ അനുഭവിച്ച വിഷമം ” പൊട്ടി കരയാതെ ഇരിക്കാൻ പാടുപെട്ട അച്ഛൻ തിരിഞ്ഞു നോക്കാതെ ചുമലിൽ ഇട്ടിരുന്ന തോർത്തിൽ കണ്ണുനീർ തുടച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി. ആദ്യമായി രണ്ടാനച്ഛനോട് വീണയ്ക്ക് സ്നേഹം തോന്നി തുടങ്ങിയിരുന്നു. ഒപ്പം രാജേഷിന്റെ കൂടെ ഇറങ്ങിപ്പോരാൻ തോന്നിയതിനു ആദ്യമായി ഒരു കുറ്റബോധവും . അച്ഛൻ സ്നേഹത്തോടെ ആണ് ചെറിയ കുറ്റത്തിന് പോലും അടിക്കുന്നത് എന്നൊക്കെ അറിഞ്ഞിരുന്നുവെങ്കിൽ എത്ര തല്ലു കൊള്ളാനും താൻ ഒരുക്കമായിരുന്നു മാത്രവുമല്ല ഒരു കാരണവശാലും താൻ വീട്ടിൽ നിന്ന് ഇറങ്ങി പോരുകയും ഇല്ലായിരുന്നു ഇനി അതൊക്കെ ഓർത്തിട്ട് എന്തു കാര്യം. അമ്മയോടൊപ്പം മുതലാളിയെ തിരിഞ്ഞു പോലും നോക്കാതെ വീണയും നടന്നു അവർ വന്ന കാറിൽ കയറി ഇരുന്നു
“അതെ അച്ഛാ വിരോധം ഇല്ലെങ്കിൽ വീണയെ രണ്ടു ദിവസം ഇവിടെ നിർത്താമോ… ഇന്നലെ മുതൽ വല്ലാത്ത മേല് വേദന കയ്യും അനക്കാൻ വയ്യ ” ഹരി കാറിന്റെ അടുത്ത് വന്നു നിന്ന് വീണയുടെ അച്ഛനോട് അപേക്ഷിച്ചു. രാജേഷ് എങ്ങാനും വീണ്ടും വീണയുടെ വീട്ടിൽ എത്തുമോ എന്നായിരുന്നു അയാളുടെ അപ്പോഴത്തെ ഭയം
“അതിപ്പോ എങ്ങനെയാ ഹരി.. നാട്ടുകാർ എന്ത് വിചാരിക്കും.. നമ്മൾ അത് കൂടെ നോക്കേണ്ടേ..” കുറച്ചു സമയം എന്തോ ആലോചിച്ചിരുന്ന വീണയുടെ അച്ഛന് ഒരു കാര്യം ബോധ്യം ഉണ്ടായിരുന്നു. പണത്തിന്റെ യാതൊരു അഹങ്കാരവും ഇല്ലാത്ത നല്ലൊരു ചെക്കനാണ് ഹരി. ഒരു കാര്യവും ഇല്ലാതെ ഹരി തന്നോട് ഇങ്ങനെ ആവശ്യപെടാൻ സാധ്യത ഇല്ല, ഇപ്പോൾ ആണെങ്കിൽ ഹരിയുടെ കൈക്കും സുഖം ഇല്ല . മാത്രം അല്ല ഇത് പോലെ ഒരു ബന്ധം വീണയ്ക്ക് കിട്ടുക എന്ന് വെച്ച്ചാൽ അത് അവളുടെ അപാര ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ. ഇഷ്ടം അല്ലെങ്കിൽക്കൂടി തല്ക്കാലം ഹരി പറയുന്നത് പോലെ ചെയ്യാതെ വേറൊരു മാർഗം തന്റെ മുന്നിൽ ഇല്ല. അച്ഛൻ കാറിൽ നിന്ന് വീണയോട് ഇറങ്ങാൻ പറയുന്നതിന് മുൻപ് അച്ഛന്റെ ഇംഗിതം അറിഞ്ഞ പോലെ അച്ഛന്റെ കയ്യിൽ പതുക്കെ ഒന്നു ചുംബിച്ചിട്ട് അവൾ കാറിൽ നിന്നു ഇറങ്ങി അകത്തേക്ക് പോയി കഴ്ഞ്ഞിരുന്നു. വീണയുടെ തന്നോടുള്ള സ്നേഹം മനസ്സിലാക്കിയ അച്ഛൻ “എന്റെ കുട്ടി എന്നോട് ക്ഷെമിച്ചു വത്സലെ.. ന്റെ മോൾ പാവമാട്ടോ സ്നേഹിക്കാൻ മാത്രം അറിയാവുന്ന തനി പാവം “
മുന്നോട്ടു നീങ്ങിയ കാറിൽ ഇരുന്നു വീണയുടെ അച്ഛൻ അവളുടെ അമ്മയുടെ കൈ പിടിച്ചു വിങ്ങി പൊട്ടി കരയുന്നുണ്ടായിരുന്നു . വിജയ ഭാവത്തിൽ വീണയുടെ പുറകെ കയറിയ ഹരി അറിഞ്ഞില്ല തന്നെ ഒരു പാഠം പഠിപ്പിക്കാൻ ആണ് വീണയുടെ വരവെന്നു. “ആ വീണ താൻ ഉണ്ടാക്കിയ എന്തെങ്കിലും ഒന്നു കഴിക്കണം എന്ന് എനിക്ക് വല്ലാത്ത കൊതി… പിന്നെ… ഈ പാദസര ശബ്‍ദം മാത്രം മതി ഇനി ഇവിടെ അത് കൊണ്ട്… ഞാൻ സെർവ്ന്റിനെ തല്ക്കാലം ഒഴിവാക്കി… “
“കൊള്ളാം ഹരി മുതലാളി എങ്കിൽ ഇന്ന് മുതൽ നിങ്ങൾ വിശന്നു മരിക്കാൻ തയ്യാറായി കൊള്ളു ” വീണ മനസ്സിൽ പറഞ്ഞു. അന്ന് ഉച്ചക്ക് രണ്ടു മണി വരെ നോക്കി ഇരുന്നിട്ടും ഒന്നും കിട്ടാതെ ആയപ്പോൾ ഹരി ഒന്നും വീണയോട് പറയാതെ കാറും എടുത്തു പുറത്തേക്കു പോയി..ആ സമയം മതി ആയിരുന്നു വീണയ്ക്ക് ആ വീട് ആകെ ഒന്നു പരിശോധിക്കാൻ. അവിടെ ഒരു മുറിയിൽ വീണയ്ക്ക് താൻ നിഷ്കരുണം കീറി കളഞ്ഞ ഹരി തനിക്കു എഴുതിയ എഴുത്തിന്റെ കോപ്പി കിട്ടി. എന്റെ കറുമ്പി പെണ്ണിന് സ്നേഹപൂർവ്വം എന്ന് തുടങ്ങുന്ന ആ കത്തിൽ… അമ്മ നേരത്തെ മരിച്ചു പോയതിനാൽ അമ്മമ്മ ആണ് തന്നെ വളർത്തിയതെന്നും…. ഒറ്റ നോട്ടത്തിൽ വീണയോട് അമ്മമ്മയ്ക്കുള്ള രൂപ സാമ്യം തനിക്കു പിടികിട്ടിയില്ല എന്നും…. ഒരു പാട് വിഷമം ഉണ്ടാക്കികൊണ്ട് മരിച്ചു പോയ അമ്മമ്മയുടെ സ്ഥാനത്ത് ഇനിയും അത് പോലെ ഒരാളെ കിട്ടിയത് തന്റെ ഭാഗ്യം എന്നൊക്കെ എഴുതി ചേർത്തിരുന്നു .
ഇപ്പോൾ ആണ് ആ മുറിയിൽ ചുവരിൽ സ്ഥാനം പിടിച്ചിരുന്ന ഹരിയുടെ അമ്മമ്മ യുടെ ഫോട്ടോയിലേയ്ക്ക് വീണയുടെ ശ്രെദ്ധ പോയത്. തന്റെ അമ്മയ്ക്ക് ഇല്ല ഈ അമ്മമ്മയോടുള്ള തന്റെ രൂപ സാദൃശ്യം എന്നറിഞ്ഞ വീണ അത്ഭുതത്തോടെ ആ ഫോട്ടോയിൽ തന്നെ നോക്കി നിന്നു പോയി. ദൈവമേ വളർത്തി വലുതാക്കിയ ആ അമ്മമ്മയുടെ സ്നേഹം തന്നിൽ നിന്ന് ആഗ്രഹിക്കുന്ന ആളെ ആണ് താൻ പട്ടിണിക്ക് ഇട്ടത് എന്നോർത്തപ്പോൾ അറിയാതെ വീണയുടെ കണ്ണുകളിൽ നനവൂറി… മാത്രം അല്ല ഇരുന്നു വിശന്നിട്ടു സുഖം ഇല്ലാത്ത കയ്യും വെച്ചാണ് ഹരി ഇപ്പോൾ ഹോട്ടലിലേക്കോ മറ്റോ സ്വയം ഡ്രൈവ് ചെയ്തു പോയിരിക്കുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ എവിടെയോ നിന്ന് ഭക്ഷണവും വീണയ്ക്കുള്ള അത്യാവശ്യം ഡ്രസും ഒക്കെ ആയി ഹരി വീട്ടിലേയ്ക്ക് കയറി വരുന്നുണ്ടായിരുന്നു. എന്നാൽ ഹോട്ടൽ ഭക്ഷണം കണ്ടപ്പോൾ പിന്നയും വീണയുടെ വാശി കൂടി .ഭക്ഷണം ടേബിളിൽ വെച്ചിട്ട് ഹരി അകത്തേക്ക് പോയ തക്കം നോക്കി കൊണ്ടു വന്ന ഭക്ഷണം ഹരി തിരിച്ചു എത്തുന്നതിനു മുന്നേ വാരി വലിച്ചു തിന്നു വളരെ കുറച്ചു മാത്രം അവിടെ ഇരുന്ന പ്ലേറ്റിൽ വെച്ചിട്ട് ബാക്കി മുഴുവൻ അവൾ വെസ്റ്റിൽ കൊണ്ട് പോയി കളഞ്ഞു…
തിരിച്ചു വന്ന ഹരി ഒരക്ഷരം ഉരിയാടാതെ അവിടെ ഇരിക്കുന്ന കുറച്ചു ഭക്ഷണം കെട്ടി വെച്ച വിരലുകൾക്കിടയിൽ സ്പൂൺ തിരുകി കയറ്റി കഷ്ടപെട്ടു കഴിക്കുന്നത് കണ്ട് വീണയുടെ മനസ്സിൽ രാജേഷിനെ പെട്ടന്ന് തന്നെ മറവിയിലേയ്ക്ക് ഉന്തി മാറ്റി ഹരി തന്റെ സ്വതസിദ്ധമായ ആ നിഷ്കളങ്ക ചിരിയോടെ സ്ഥാനം പിടിക്കുന്നുണ്ടായിരുന്നു ..നേരത്തെ പ്ലാൻ ചെയ്ത പോലെ വൈകുന്നേരം ചായ വീണ ഉണ്ടാക്കാൻ പോയില്ല.
രാത്രിയിൽ ദോശ അവൾക്കു മാത്രം ഉണ്ടാക്കി ഡെയിനിങ് ടേബിളിൽ ഹരി എന്ത് ചെയ്യും എന്നറിയാനായി ഹരിയുടെ മുന്നിൽ തന്നെ ഇരുന്നവൾ കഴിച്ചു.ഒളി കണ്ണിട്ട് നോക്കിയപ്പോൾ കൊതിയോടെ തന്റെ പ്ലേറ്റിലുള്ള ദോശ നോക്കി ഒന്നും മിണ്ടാതെ ഇരിക്കുന്ന ഹരിയെ കണ്ടപ്പോൾ അയാളോടുള്ള ദേഷ്യം ഒക്കെ മാറി വീണയുടെ മനസ്സ് ആർദ്രമായി കൊണ്ടിരുന്നു . പ്ലേറ്റിലെ ദോശ കഴിച്ചു കഴിഞ്ഞപ്പോൾ അവൾ എഴുന്നേറ്റു പോയി കിച്ചണിൽ നിന്ന് അടുത്ത ദോശയും ആയി തിരിച്ചു വന്നപ്പോൾ അത് തനിക്കുള്ളതായിരിക്കും എന്ന് കരുതി ഒരു കാലി പ്ലേറ്റ് മുന്നോട്ട് നീക്കി വെച്ച് ഹരി റെഡി ആയി ഇരുന്നു..എന്നാൽ അതും ഹരിക്കു കൊടുക്കാതെ അവൾ മുഴുവൻ കഴിച്ചു… ഒന്ന് മൊബൈൽ ഫോൺ എടുത്തു വിളിച്ചാൽ ചുറ്റുവട്ടത്തു നിന്നുള്ള ഹോട്ടൽ ഫുഡ് ഇവിടെ പറന്നെത്തും അങ്ങിനെ ഉള്ള ആൾ ആണ് താൻ ഉണ്ടാക്കിയത് കഴിക്കാൻ മാത്രം ആയി കൊതിയോടെ നോക്കി ഇരിക്കുന്നത് എന്നാലോചിച്ചപ്പോൾ അതെ വരെ ഹരിയോട് തോന്നിയിരുന്ന ദേഷ്യം ഒക്കെ അവളുടെ മനസ്സിൽ തീർത്തും ഉരുകി ഒലിച്ചു പോയിരുന്നു . ഭക്ഷണം കഴിഞ്ഞു പ്ലേറ്റ് കിച്ചണിൽ പോയി കഴുകി വെച്ച് തിരിച്ചു വന്ന് ഡെയിനിങ് റൂമിൽ തന്നെ ഇരുന്ന ടി. വി അവൾ ഓൺ ആക്കി ഹരിയെ തീരെ ശ്രെദ്ധിക്കാത്ത ഭാവത്തിൽ അത് കാണാൻ ആയി ഇരുന്നു. കുറച്ചു സമയം തന്നെ തികഞ്ഞ നിരാശയോടെ നോക്കി ഇരുന്ന ഹരി ഒരക്ഷരം സംസാരിക്കാതെ അടുക്കളയിലേയ്ക്ക് നടന്നു പോകുന്ന പോക്ക് കണ്ടു വീണയുടെ മനസ്സ് വിതുമ്പി കരയാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞു ദോശ സ്വയം ഉണ്ടാക്കി അത് കഴിച്ചു വിശപ്പടക്കാൻ ആയി ഹരിയും അവളുടെ മുന്നിൽ വന്നിരുന്നു. അയാളുടെ പാത്രത്തിലെ കരിഞ്ഞ ദോശ അപ്പൊഴാണു വീണ കാണുന്നത്. കൈ സുഖം ഇല്ലാതെ ഉണ്ടാക്കിത് അല്ലെ എങ്ങിനെ കരിഞ്ഞു പോകാതെയിരിക്കും “ഹരിയേട്ടാ ..എന്റെ മുന്നിൽ വെച്ച് ഈ ദോശ കഴിക്കല്ലേ… ഹരിയേട്ടാ..ഹരിയേട്ടാ…” എന്ന് അവളുടെ മനസ്സ് കൈ കൂപ്പി ഹരിയോട് അഭ്യർത്ഥിക്കുന്നുണ്ടായിരുന്നു .
ഉച്ചക്കോ… ഒന്നും താൻ ഈ പാവത്തിന് കഴിക്കാൻ കൊടുത്തില്ല.. താനും ഒരു സ്ത്രീ അല്ലെ ഇത്രയും ക്രൂരത… എങ്ങിനെ… എന്തെങ്കിലും ആകട്ടെ തന്നെ സ്വന്തം ആക്കാനുള്ള ശ്രെമത്തിൽ അല്ലെ ഹരിഏട്ടന് മുറിവേറ്റത്…..അമ്മമ്മയുടെ സ്നേഹം തിരിച്ചു കിട്ടാൻ ഒരു വേഴാമ്പലിനെ പോലെ കാത്തിരിക്കുന്ന ഈ പാവത്തിനോട്.. താൻ ചെയ്യുന്നത് ശരി ആണോ….ഇല്ല ഇതിൽ കൂടുതൽ തനിക്കു പറ്റില്ല…ദൈവമേ ഇപ്പോ ഹരിയേട്ടൻ ആ ദോശ കഴിക്കും…
“ന്റെ… ഹരിയേട്ടാ ” ഒറ്റ ചാട്ടത്തിന് വായിലേക്ക് കരിഞ്ഞ ദോശ വെക്കാൻ പോയ അയാളുടെ കയ്യിൽ നിന്നു വീണ ദോശ തട്ടിപറിച്ചെടുത്തു.
ഹരിയുടെ പാത്രവും ആയി അടുക്കളയിലേക്ക് ഓടുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു . അൽപ്പ സമയത്തിനുള്ളിൽ തന്നെ ദോശയും കുറച്ചു ചട്നിയും ആയി വീണ വേഗം വന്നു ഹരിക്ക് മുന്നിൽ വെച്ചു. വിശന്നു വലഞ്ഞിരുന്ന ഹരി അതെടുത്തു കഴിക്കാൻ പോലും ആവാതെ ഇരിക്കുന്നത് കണ്ട് സങ്കടം നിയന്ത്രിക്കാൻ ആവാതെ വീണ ഹരിയുടെ മുന്നിൽ ഇരുന്നു പൊട്ടി കരഞ്ഞു പോയി.
“എന്താ വീണേ എന്താ പറ്റിയെ.. നിനക്ക് വിശക്കുന്നുണ്ടോടാ…” വിശന്നു വലഞ്ഞിരിക്കുന്ന ആൾ ചോദിക്കുന്ന ആ ചോദ്യം കൂടി കേട്ടപ്പോൾ വീണയ്ക്ക് പിന്നെ എന്താണ് താൻ ചെയ്യുന്നത് എന്ന് ഒരറിവും ഇല്ലായിരുന്നു. ഹരിയെ കെട്ടിപിടിച്ചവൾ നിഷ് കളങ്കതയുടെ പര്യായം ആയ കവിളിൽ വീണ്ടും വീണ്ടും അമർത്തി ചുംബിച്ചു. പിന്നെ ഹരിയുടെ അടുത്ത് കസേര വലിച്ചിട്ടിരുന്ന്
ഓരോ കഷ്ണം ദോശ ചട്നിയിൽ മുക്കി വായിൽ വെച്ച് കൊടുക്കുമ്പോൾ ഹരിയുടെ സന്തോഷം നിറഞ്ഞ മുഖം അവൾക്കു നൽകിയ സുഖം അത് വീണയ്ക്ക് താങ്ങാനാവുന്നതിലേറെ ആയിരുന്നു.
ഹരിക്കു ഭക്ഷണം കൊടുത്തു കഴിഞ്ഞു രാത്രി തന്റെ മുറിയിൽ കയറിയ വീണ ഹരി കാൺകെ വാതിൽ പകുതി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. കുറച്ചു കഴിഞ്ഞു നേരിയ ബെഡ് റൂം ലാമ്പിന്റെ വെട്ടത്തിൽ ഹരി തന്റെ മുറിയിലേയ്ക്ക് വരുന്നത് കണ്ടു വീണയുടെ നെഞ്ച് പടപട ഇടിക്കാൻ തുടങ്ങി. എന്നാൽ മടക്കി വെച്ചിരുന്ന പുതപ്പ് എടുത്തു കൊച്ചു കുട്ടികളെ പുതപ്പിയ്ക്കുന്നത് പോലെ ഹരി വീണയെ പുതപ്പികുമ്പോൾ പൊട്ടിച്ചിരിക്കാതിരിക്കാൻ അവൾ പാട് പെടുകയായിരുന്നു. തിരിച്ചു പോകാൻ നേരം ഹരി തന്നെ വാങ്ങിച്ചു കൊണ്ടുവന്ന ഡ്രസ്സ് അവിടെ കസേരയിൽ ഇരിക്കുന്നത് കണ്ടു അത് അയാളുടെ ടീ ഷർട്ടിന്റെ മുന്നിൽ പിടിച്ചു കണ്ണാടിയിൽ പെൺകുട്ടികൾ കാണിക്കുന്നത് പോലെ ചില ആക്ഷൻസ് ഹരി കാണിക്കുന്നത് കണ്ടു പൊട്ടിച്ചിരിക്കാതിരിക്കാൻ വീണ പുതപ്പിന്റെ അറ്റം വായിലേയ്ക്ക് കുത്തികയറ്റി. അയാൾ മുറിയിൽ നിന്നു പോയ ഉടനെ വീണ ആ പുതപ്പിൽ അവൾ അറിയാതെ ഒരു ചുംബനം കൊടുത്തു. ദൈവമേ എന്ത് കെയറിങ് ആണ് ഈ ഹരി… കെട്ടാൻ പോകുന്ന പെണ്ണിന്റെ ഭാഗ്യം… അല്ല അത് താൻ തന്നെയല്ലേ എന്നോർത്തപ്പോൾ നാണത്തോടെ അവൾ അടുത്തു കിടന്ന തലയിണയെ കെട്ടിപിടിച്ചു .. രാവിലെ എഴുന്നേറ്റ ഉടനെ അവൾ വാതിൽ തുറന്നു ഹരിയുടെ മുറിയിലേയ്ക്ക് നടക്കാൻ തുനിഞ്ഞു.. കാപ്പി എടുക്കട്ടേ എന്ന് ചോദിക്കാം എന്ന് കരുതി “ഒരു കാപ്പി ഞാൻ ഉണ്ടാക്കിയിട്ടുണ്ടെ ..നന്നായിട്ടുണ്ടോ എന്ന് നോക്കിയേ..” മുന്നിൽ ആവി പറക്കുന്ന കാപ്പിയും ആയി ഹരി വാതിലിനു മുന്നിൽ ഉണ്ടായിരുന്നു.
” എന്തിനാ ഹരിയേട്ടാ സുഖം ഇല്ലാത്ത കയ്യും വെച്ച്.. ഞാൻ ഉണ്ടാക്കി തരില്ലായിരുന്നോ”
“ഇന്നലെ താൻ ഉണ്ടാക്കിയ ദോശ കഴിച്ചപ്പോൾ അല്ലെ ഇഷ്ടം ഉള്ളവർ തരുമ്പോൾ ഉള്ള സുഖം മനസ്സിൽ ആയെ. അത് കൊണ്ട് എന്റെ കാപ്പി എങ്ങനെ എന്ന് ഇപ്പോൾ നോക്കു,”
“ശരി ഹരിയേട്ടാ..”
കാപ്പിയും ആയി രണ്ടു മൂന്നു സ്റ്റെപ്പുകൾ കയറി ലിവിങ് റൂമിലേക്ക് നടന്നു ചെന്ന വീണ അവിടെ സെറ്റിയിൽ ചാരി ഇരുന്നു ടീപ്പോയിൽ കിടന്നിരുന്ന അന്നത്തെ പത്രം ചുമ്മാ എടുത്തു നോക്കി. അതിൽ രാജേഷിന്റെ പടം പെൻ കൊണ്ട് വട്ടം വരച്ചിരിക്കുന്നത് കണ്ട് വീണ ഞെട്ടിപ്പോയി. അതിന്റെ അടിയിൽ എഴുതി ഇരിക്കുന്ന തലക്കെട്ട് വായിച്ചു അവളുടെ കയ്യിൽ ഇരുന്ന കാപ്പി ഗ്ലാസ് വിറക്കാൻ തുടങ്ങി. വിദേശങ്ങളിലേയ്ക്ക് സ്ത്രീകളെ ജോലിക്കെന്ന വ്യാജേന എത്തിച്ചു അവിടെ വ്യഭിചാരത്തിനും മറ്റും പ്രേരിപ്പിക്കുന്ന ഒരു ഗ്രുപ്പിലെ കണ്ണി ആണത്രേ അയാൾ ദൈവമേ രാജേഷ് അപ്പോൾ ഇത്ര കൊള്ളരുതാത്തവൻ ആയിരുന്നോ. ഹരി അപ്പോൾ വന്നില്ലായിരുന്നുവെങ്കിൽ തന്റെ കാര്യം എന്താകുമായിരുന്നു. പത്രം ആദ്യം വായിച്ച ഹരി ഈ ന്യൂസ് കണ്ടിട്ടുണ്ട്. തന്റെ നന്ദി എങ്ങനെ ഹരിയെ അറിയിക്കണം എന്ന് അവൾക്ക് ഒരു പിടിയും ഇല്ലായിരുന്നു . പെട്ടന്ന് വാതിൽ തുറന്നു പുറത്തു നിന്നു കടന്നു വന്ന ഹരിയെ കണ്ട് വീണ ആശ്വാസത്തോടെ ഓടി ചെന്ന് കെട്ടിപിടിച്ചുപോയി.
” ആ… മാറി നില്ക്കു കുട്ടി നീ ഏതാ….ഹരി…. ഏതാ.. ഈ പെൺകുട്ടി…നമ്മുടെ അമ്മമ്മയെ പോലെ ഉണ്ടല്ലോ ” ഹരി അകത്തേക്കു നോക്കി ചോദിക്കുന്നത് കേട്ടു വീണ അകത്തേക്ക് നോക്കി.. ശരി ആണല്ലോ.. അകത്തു നിൽക്കുക ആയിരുന്ന ഹരി എപ്പോഴാ പുറത്തേക്കു പോയത്
” ആ…എന്താ ശിവാ .. നീ ഇപ്പോൾ വന്നേ ഉള്ളോ…ആ ഇതു ഞാൻ കല്യാണം കഴിക്കാൻ പോകുന്ന വീണ കേട്ടോ ” അകത്തു നിന്നു ഹരി നടന്നു വരുന്നത് കണ്ടു തല കറങ്ങിയ വീണ താഴെ വീഴാതെ ഇരിക്കാൻ അടുത്ത് നിന്ന ടേബിളിൽ കയറി പെട്ടന്ന് പിടിച്ചു . ഇതാ ഒരു വിത്യാസവും ഇല്ലാത്ത രണ്ടു ഹരിമാർ തന്റെ ഇടതു ഭാഗത്തും വലത്തു ഭാഗത്തും നിൽക്കുന്നു.ഇതിൽ ഒരാളെ വലിയ ഒരപകടത്തിൽ നിന്ന് രക്ഷപെട്ട സന്തോഷത്തിൽ താൻ കെട്ടിപിടിച്ചിട്ടുണ്ട്. ദൈവമേ ഇനി രാജേഷ് എങ്ങാനും വേഷം മാറി വന്നതാണോ. ന്റെ കൃഷ്ണ.ഞാൻ എന്താണ് ഈ കാണുന്നെ ഇനിയും കല്യാണം കഴിക്കാത്ത കുട്ടികൾ ഒരു പാട് ഉണ്ട് ഈ നാട്ടിൽ അവർക്കാർക്കും ഇതു പോലുള്ള പരീക്ഷണം ഒന്നും കൊടുക്കല്ലേ ന്റെ ഭഗവാനെ
“ആ വീണ ഇവൻ എന്റെ രണ്ടു മിനിറ്റ് അനിയൻ ആണെട്ടോ ഞാൻ ഹരിപ്രസാദ്…ഇവൻ ശിവപ്രസാദ്.. ഇവനും അച്ഛനും ഒന്നിച്ചു ഞങ്ങളുടെ കമ്പനിക്കടുത്തു തന്നെയാണ് താമസം. പുതിയ ഈ വീട് പണിതപ്പോൾ ഞാൻ ഇങ്ങോട്ട് താമസം മാറി…അച്ഛനോട് മാത്രമേ നിന്റെ കാര്യം ഞാൻ പറഞ്ഞുള്ളൂ..കേട്ടോ ..ഇവന് നിന്നെ ഇപ്പോൾ കണ്ടപ്പോൾ തന്നെ എന്നെ പോലെ അവനെയും വളർത്തി വലുതാക്കിയ അവന്റെ അമ്മമ്മയെ ഓർമ്മ വന്നു. ഞാൻ മനസിലാക്കാൻ അൽപ്പം വൈകി പോയി. അതാണല്ലോ കുഴപ്പം മുഴുവൻ ഉണ്ടാക്കിയത്.. ഇനി ഇപ്പോൾ നീ എനിക്ക് ഭാര്യയുടെ സ്നേഹം തന്നാൽ മാത്രം പോരാ ഇവന് അവന്റെ നഷ്ടപെട്ടു പോയ അമ്മമ്മയുടെ സ്നേഹം കൂടി കൊടുക്കേണ്ടി വരുംട്ടോ.എന്റെ വീണ കുട്ടി ” പണ്ട് കണ്ട ഡബിൾ ട്രബിൾ എന്ന സിനിമയെ പറ്റിയൊക്കെ പെട്ടന്ന് ആലോചിച്ചു വിഷമിച്ചു നിന്നു പോയ വീണയുടെ കവിളിൽ നുള്ളി കൊണ്ട് ഹരി മുഴുമിപ്പിച്ചു.
“ശരി……ഹരി……ഏട്ടാ ” വീണയിൽ നിന്ന് യാന്ത്രികമായി വാക്കുകൾ പുറത്തു ചാടി ന്റെ ഭഗവാനെ എനിക്ക് ആരും ഇല്ല എന്ന് നിന്റെ അടുത്ത് പരാതി നൽകിയിട്ട് നീ എട്ടിന്റെ പണി ആണല്ലോ എനിക്ക് തന്നെ..നിന്നെ വിശ്വസിക്കാതെ വീട്ടിൽ നിന്നു ചാടിയതിനു ശിക്ഷിക്കുക ആണല്ലേ ഇപ്പോൾ ..എന്റെ മുഖം അതായിരുന്നു എന്റെ ഭാഗ്യം എന്ന് ഞാൻ നേരത്തെ തിരിച്ചറിയാതെ പോയല്ലോ. ഹരി അൽപ്പം വൈകി ഇരുന്നുവെങ്കിൽ എന്റെ കാര്യം എന്താകുമായിരിന്നു . ഒരു പക്ഷെ തിരിച്ചറിയാത്ത ശവം ആയി ഞാൻ ആ മലഞ്ചേരിവിൽ എവിടെയെങ്കിലും കണ്ടേനെ “
“ഹരി.. വീണയ്ക്ക് നിന്നോട് വല്ലാത്ത ഇഷ്ടം തന്നെ കേട്ടോ “ശിവൻ പറയാൻ തുടങ്ങിയപ്പോൾ തന്നെ ഒരു പണി തനിക്കിട്ട് വരുന്നുണ്ട് എന്ന് വീണക്ക് തോന്നിയിരുന്നു
“ശിവാ … അനിയാ… നീ മിണ്ടരുത്… ചേച്ചിക്ക് ഇതിൽ കൂടുതൽ താങ്ങാൻ പറ്റില്ല ന്റെ പൊന്നു മോനെ .. ഒരബദ്ധം ഏത് പോലീസ് കാരനും പറ്റില്ലേ.. ” വീണ കൈ കൂപ്പി മൗനം ആയി ശിവ പ്രസാദിനോട് പറയുന്നുണ്ടായിരുന്നു “ഷീല പ്രേം നസീറിനെ ഇതു പോലെ കെട്ടിപിടിച്ചു കാണില്ല… ഹരി… ന്റെമ്മോ..എന്തു പിടുത്തം ആയിരുന്നു ഹരി വീണ എന്നെ ഇപ്പോൾ പിടിച്ചേ..”
” നശിപ്പിച്ച് ” ചമ്മി ചമ്മന്തി ആയി നിന്ന വീണയിൽ നിന്നു വാക്കുകൾ അറിയാതെ പുറത്തേക്കു ചാടി.
ഹരിയുടെ പൊട്ടിച്ചിരിക്കിടയിൽ നേരത്തെ മരിച്ചു പോയ തന്റെ ഭാര്യയുടെ അമ്മയുടെ അതെ പോലെ ഇരിക്കുന്ന മരുമകളെ ഒന്നു കാണുവാൻ ആയി ഹരി യുടെയും ശിവന്റെയും അച്ഛൻ പ്രസാദ് ആ വീട്ടിനുള്ളിലേക്ക് സന്തോഷത്തോടെ കയറി വരുന്നുണ്ടായിരുന്നു. അച്ഛൻ മുന്നിൽ വന്നു നിൽക്കുന്നതറിയാതെ ഒരു പോലെ ഇരിക്കുന്ന ആ രണ്ടു സുന്ദരക്കുട്ടൻമാരെ മാറി മാറി നോക്കി ഇതുങ്ങളെ എങ്ങനെ തിരിച്ചറിഞ്ഞു സ്നേഹിക്കും എന്നാലോചിച്ചു വിഷമിക്കുക ആയിരുന്നു വീണ അപ്പോൾ.