രചന : അപ്പു
:::::::::::::::::::::::::::::
” ഞാൻ പറഞ്ഞത് പോലെ എന്റെ കല്യാണത്തിന് മെഹന്ദി നടത്തിയേ പറ്റൂ. എന്റെ എല്ലാ കൂട്ടുകാരുടെയും കല്യാണത്തിന് നടത്തിയിട്ടുണ്ട്. അതുകൊണ്ട് എനിക്കും വേണം. “
കല്യാണം നിശ്ചയിച്ചത് മുതൽ ആശക്ക് പറയാൻ ഈ ഒരു കാര്യമേ ഉള്ളൂ. അവൾക്ക് മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ് അവളുടെ അച്ഛനമ്മമാരായ സന്തോഷും ഗിരിജയും.
” മോളെ.. നമ്മുടെ അവസ്ഥ എന്താണെന്ന് നിനക്ക് നന്നായി അറിയുന്നതല്ലേ..? അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഇത്രയും ആർഭാടം കാണിക്കാനുള്ള പണമൊക്കെ എവിടന്ന് കിട്ടാനാ..? “
ഗിരിജ നിസ്സഹായാവസ്ഥ മകളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
” എനിക്കൊന്നും കേൾക്കണ്ട. എനിക്ക് എന്റെ വിവാഹം എങ്ങനെ വേണം എന്നതിനെ കുറിച്ച് ഐഡിയ ഉണ്ട്. ഒരുപാട് സ്വപ്നങ്ങളും..! അത് ഇപ്പോൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് നിങ്ങൾ രണ്ടാളും കൂടിയാണ്. “
തങ്ങളെ ശത്രുവായി കണ്ട് മകൾ പെരുമാറുന്നത് ആ അച്ഛനും അമ്മയ്ക്കും സഹിക്കാൻ കഴിയുന്ന കാര്യം ആയിരുന്നില്ല.
“പിന്നെ അമ്മ എന്താ പറഞ്ഞെ.. ആർഭാടം എന്നോ..? ആ വാക്ക് ഉച്ഛരിക്കാൻ ഇവിടുള്ളോർക്ക് യോഗ്യത ഉണ്ടോ..? ഇതൊന്നും ആർഭാടം അല്ല. ഏത് കാര്യത്തിനാണ് ഇവിടെ പണം ധാരാളം ചെലവാക്കിയിട്ടുള്ളത്..? ഞാൻ ഓർമ വച്ച കാലം മുതൽ കേൾക്കുന്നതാണ് ഇവിടത്തെ ദാരിദ്ര്യ കണക്കുകൾ. ഒരിക്കലും, ഒരു കാലത്തും ഇവിടെ എന്തെങ്കിലും ഉണ്ടെന്ന് അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടില്ല. പണ്ട് മുതൽക്കേ ഞാൻ എന്ത് ആഗ്രഹിച്ചാലും, ഇപ്പോൾ ഇവിടെ പണമില്ല. പിന്നീട് നോക്കാം. എന്നാണ് അമ്മ പറയാറ്.. പക്ഷെ അതൊക്കെ പറച്ചിൽ മാത്രമായി ഒതുങ്ങി പോകും.പിന്നീട് ഒരിക്കലും അങ്ങനെ ഒന്നും എനിക്ക് വാങ്ങി തരില്ല. കുറച്ചു കൂടി വലുതായപ്പോൾ പിന്നെ അച്ഛന്റെ ഈ അവസ്ഥയിൽ ഒന്നും പറ്റില്ല എന്നായി പറച്ചിൽ. അന്നും നിങ്ങളൊക്കെ വിചാരിച്ചെങ്കിൽ, എന്റെ പല മോഹങ്ങളും നടത്തി തരാൻ പറ്റുമായിരുന്നു. ചെയ്തില്ല.. ഞാൻ ഇപ്പോൾ എന്തായാലും ഈ വീട്ടിൽ നിന്ന് പോകാൻ നിൽക്കുകയല്ലേ, ആ നേരത്ത് എങ്കിലും ഈ ദാരിദ്ര്യം പറച്ചിൽ ഒന്ന് നിർത്ത്.. എന്നിട്ട് സമ്പാദിച്ചു വച്ചതിൽ നിന്ന് കുറച്ചെടുത്തു എന്റെ ആഗ്രഹം പോലെ എന്റെ വിവാഹം നടത്തി താ. ഈ പൈസ ഒക്കെ സൂക്ഷിച്ചു വച്ചിട്ട് എന്തിനാ.. നിങ്ങൾക്ക് ഞാൻ അല്ലാതെ മറ്റു നമ്മളൊന്നും ഇല്ലല്ലോ.. ഹാ.. ഒരു കണക്കിന് നോക്കുമ്പോൾ അത് ഇല്ലാതായത് നന്നായി. അല്ലെങ്കിൽ പിന്നെ ദാരിദ്ര്യം കേട്ട് മടുത്തേനേ. എനിക്ക് ഇപ്പോ കിട്ടിക്കൊണ്ടിരിക്കുന്നത് പോലും എനിക്ക് ഒരു സഹോദരനോ സഹോദരിയോ ഉണ്ടെങ്കിൽ കിട്ടില്ലായിരുന്നു. “
അത്രയും പറഞ്ഞപ്പോഴേക്കും അവൾ കിതച്ചു പോയിരുന്നു.
അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ ആ അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
” മോളെ.. നീ ഇത്.. “
ദയനീയമായി അവളെ നോക്കി ഗിരിജ വിളിക്കുമ്പോൾ അവൾ അവരെ രൂക്ഷമായി നോക്കി. പിന്നെ വെട്ടി തിരിഞ്ഞ് തന്റെ മുറിയിലേക്ക് പോയി.
” ഏട്ടാ.. അവൾ പറയുന്നതൊന്നും കാര്യമാക്കണ്ട.. “
അവർ ദയനീയമായി തന്റെ ഭർത്താവിനെ നോക്കിക്കൊണ്ട് പറഞ്ഞു. പക്ഷേ അയാളുടെ കണ്ണിൽ നീർ പൊടിഞ്ഞിരിക്കുന്നത് കണ്ട് അവർക്ക് ആകെ വല്ലായ്മ തോന്നി.
സ്നേഹിച്ചു ലാളിച്ചും കൊഞ്ചിച്ചും വളർത്തിയ മകളാണ്. അവളുടെ ആവശ്യങ്ങളെല്ലാം തങ്ങളാൽ കഴിയുന്നതു പോലെ നടത്തിക്കൊടുക്കാൻ മാത്രമേ ഈ നിമിഷം വരെയും ശ്രമിച്ചിട്ടുള്ളൂ.
എന്നിട്ടും തങ്ങളെ മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞിട്ടില്ല..!
വേദനയോടെ ആ അമ്മ മനം ഉരുവിടുന്നുണ്ടായിരുന്നു.
“ഏട്ടാ..”
ഭർത്താവിന്റെ തളർന്നുള്ള ഇരുപ്പ് ആ സ്ത്രീക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.തന്നെ തലയുയർത്തി നോക്കിയ ഭർത്താവിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ അവർക്ക് ഭൂമി പിളർന്ന് താഴേക്ക് പോയാൽ മതി എന്നാണ് തോന്നിയത്.
ഒരായുസ്സ് മുഴുവൻ ഈ വീടിനും തങ്ങൾക്കും വേണ്ടി കഷ്ടപ്പെട്ട മനുഷ്യനാണ്. ഇന്ന് മകളുടെ മുന്നിൽ ഒരു തെറ്റുകാരനെ പോലെ തല കുനിച്ചു നിൽക്കേണ്ടി വന്നു.
അദ്ദേഹത്തിന്റെ ആ അവസ്ഥ ഓർക്കുമ്പോൾ അവർക്കും തന്റെ കണ്ണീരിനെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
“ഏട്ടൻ വിഷമിക്കല്ലേ.. അവൾ അറിവില്ലായ്മ കൊണ്ട് എന്തെങ്കിലും പറയുന്നു എന്ന് കരുതി അത് മനസ്സിൽ എടുത്ത് വിഷമിക്കേണ്ട കാര്യമുണ്ടോ.. പണ്ടും അവൾ അങ്ങനെ തന്നെ ആയിരുന്നില്ലേ..? അവളുടെ കാര്യങ്ങൾ നേടിയെടുക്കാൻ വേണ്ടി എന്തുപറയാനും ചെയ്യാനും മടിയില്ലാത്ത ഒരു സ്വഭാവം അവൾക്കുണ്ടായിരുന്നല്ലോ..!”
ആ അമ്മ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ അയാൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു. പിന്നെ അതൊരു പൊട്ടിക്കരച്ചിലായി പരിണമിച്ചു.
“എന്നാലും അവൾക്ക് നമ്മൾ ഒന്നും ചെയ്തു കൊടുത്തില്ല എന്ന് നമ്മുടെ മുഖത്ത് നോക്കി പറയാൻ അവൾക്കെങ്ങനെ കഴിഞ്ഞു..? അവൾക്കു വേണ്ടി നമ്മൾ ഇല്ലാതാക്കിയത് എന്തെല്ലാം മോഹങ്ങളും സ്വപ്നങ്ങളുമായിരുന്നു..!”
എത്രയൊക്കെ അടക്കി വയ്ക്കാൻ ശ്രമിച്ചിട്ടും അയാളിൽ നിന്നും ആ വാക്കുകളാണ് പുറത്തേക്ക് വന്നത്.
അയാളെ ചേർത്തു പിടിച്ചിരിക്കുമ്പോൾ അവരും ഓർത്തത് അതു തന്നെയായിരുന്നു.
മകൾ പറയുന്നതു പോലെ സമ്പാദ്യം കൂട്ടി വെച്ചിട്ട് അവൾക്ക് ഒന്നും കൊടുക്കാതിരിക്കുന്നതല്ല.പകരം, അവളുടെ ഭാവിക്കു വേണ്ടി തന്നെയായിരുന്നു തങ്ങൾ ഓരോന്നും കൂട്ടിക്കൂട്ടി വെച്ചത്.
അവൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനും, നാളെ ഒരു സമയത്ത് അവളെ വിവാഹം ചെയ്തു വിടേണ്ടി വരുമ്പോൾ അവൾക്ക് കൊടുത്തയക്കാനുള്ള സ്വർണത്തിന് ഒക്കെ വേണ്ടി അവളുടെ ചെറുപ്പകാലം മുതലേ തങ്ങൾ എന്തെങ്കിലുമൊക്കെ കൂട്ടി വെയ്ക്കാൻ ശ്രമിച്ചിരുന്നു.
അങ്ങനെയല്ലാതെ പെട്ടെന്നൊരു സുപ്രഭാതത്തിൽ അവൾക്കു വേണ്ടി ഒന്നും ഉണ്ടാക്കിയെടുക്കാൻ കൂലിപ്പണിക്കാരനായ തങ്ങൾക്ക് കഴിയില്ല എന്ന് അറിയാമായിരുന്നു.
അങ്ങനെ കൂട്ടി വച്ചതിൽ നിന്ന് പലപ്പോഴും എന്തെങ്കിലും ഒരു അത്യാവശ്യം വരുമ്പോൾ എടുത്തിട്ടുണ്ട്. മോൾ തന്നെ പല തരത്തിൽ ഉള്ള അസുഖങ്ങളുമായി ആശുപത്രിയിൽ കിടന്നത് ചില മാസങ്ങൾ ആയിരുന്നു.
അങ്ങനെ കൂട്ടിയും കിഴിച്ചും ഇത് വരെ എടുത്ത് വച്ചതിൽ നിന്ന് അവൾക്ക് വേണ്ട അത്യാവശ്യം ആഭരണങ്ങൾ ഒക്കെ വാങ്ങിയിട്ടുണ്ട്.
കല്യാണ ചെലവിനു വേണ്ടി ഒരു പലിശക്കാരന്റെ കയ്യിൽ നിന്ന് പണം കടം വാങ്ങി.
എങ്ങനെയെങ്കിലും സന്തോഷമായി ഈ ഒരു ദിവസം കടന്നു കിട്ടണം എന്നൊരു ആഗ്രഹം മാത്രമാണ് ഉണ്ടായിരുന്നത്.തങ്ങളെക്കൊണ്ട് കഴിയുന്ന രീതിയിൽ നന്നായി തന്നെ വിവാഹം നടത്താൻ ശ്രമിച്ചിരുന്നു.
അതിനിടയ്ക്കാണ് ഇങ്ങനെ ഒരു പ്രശ്നം.
അവൾ ഒരു കാര്യത്തിന് വാശി പിടിച്ചാൽ അത് നടത്തിയെടുക്കാതെ അവൾക്ക് ഒരു സമാധാനവും ഉണ്ടാവില്ല. അങ്ങനെയൊരു സ്വഭാവമാണ് അവൾടേത്.
ഇനി എന്ത് ചെയ്യും എന്നോർത്തിട്ട് അവർക്ക് ഒരു ഊഹവും കിട്ടുന്നുണ്ടായിരുന്നില്ല.
” ഇനി എന്ത് ചെയ്യുമോ ആവോ..!”
നെടുവീർപ്പോടെ അവർ പറയുന്നത് അയാൾ കേട്ടു.
” നമുക്ക് കുറച്ചു പണം കൂടി അയാളിൽ നിന്ന് കടം വാങ്ങിക്കാം. അല്ലാതെ ഞാൻ ഓർത്തിട്ട് മറ്റു മാർഗ്ഗങ്ങൾ ഒന്നും കാണുന്നില്ല.”
പതിഞ്ഞ ശബ്ദത്തിൽ അയാൾ പറയുമ്പോൾ അവർക്ക് വേവലാതി കൂടി.
” അയാൾക്ക് ഇത്രയും പലിശ കൊടുത്ത് പണം വാങ്ങുന്നത് ശരിയല്ല. നമുക്ക് അത് തിരിച്ചു കൊടുക്കാനുള്ള മാർഗം കൂടി വേണമല്ലോ..! തിരിച്ചടയ്ക്കാൻ എന്തെങ്കിലും ഒരു സാധ്യത മുന്നിൽ കാണാതെ ഇങ്ങനെ പണം കടം വാങ്ങുന്നത് ശരിയല്ല. അത് നമ്മളെ ഒന്നോടെ നശിപ്പിക്കും. “
അവർ പറയുമ്പോൾ അത് തനിക്ക് അറിയാം എന്നൊരു ഭാവത്തിൽ അയാൾ തലയാട്ടി.
“പക്ഷേ അങ്ങനെ പറഞ്ഞിട്ട് കാര്യമുണ്ടോ..? അവളുടെ കല്യാണത്തിന് വേണ്ടി ഇത്രയും ഒരുക്കങ്ങൾ ചെയ്തിട്ട് ഈയൊരു കാര്യത്തിന് വേണ്ടി വാശിപിടിച്ചു അവൾ പ്രശ്നമുണ്ടാക്കിയാൽ അതിന്റെ നാണക്കേട് നമുക്ക് കൂടിയല്ലേ.. അവളുടെ ആഗ്രഹം നടക്കട്ടെ.. ഇത് നടക്കാത്തത്തിന്റെ പേരിൽ കല്യാണമണ്ഡപത്തിൽ മുഖം വീർപ്പിച്ച് ഇരിക്കേണ്ട കാര്യമില്ലല്ലോ..!”
അയാൾ അത് പറയുമ്പോൾ തങ്ങളുടെ മകളെ ഓർത്ത് അവർക്ക് അമർഷം തോന്നി. മാതാപിതാക്കളുടെ സാഹചര്യത്തെക്കുറിച്ച് യാതൊരു ബോധവുമില്ലാത്ത പെൺകുട്ടി..!
അല്ലെങ്കിൽ പിന്നെ തങ്ങളുടെ വീട്ടിലെ അവസ്ഥ അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒരു ദുർവാശി അവൾ കാണിക്കേണ്ട ആവശ്യമുണ്ടോ..!
അവർ അത് ചിന്തിച്ചു തീരുമ്പോഴേക്കും അയാൾ വസ്ത്രം മാറി പുറത്തേക്ക് ഇറങ്ങിയിരുന്നു. ആ പലിശക്കാരനെ കണ്ട് കുറച്ചുകൂടി പണം വാങ്ങാൻ..!
ജീവിതാവസാനം വരെ അതൊരു ബാധ്യതയായി തീരാൻ….!!
✍️ അപ്പു