കൂലി
രചന : സുജ അനൂപ്
::::::::::::::::::::::::::::::
” ബാബു ആ ത്മ ഹ ത്യ ചെയ്തു..”
അമ്മ വന്നു പറഞ്ഞപ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത്. അവൻ മാത്രമായിരുന്നൂ എന്നെ എതിർക്കാനായി നാട്ടിൽ ഉണ്ടായിരുന്നത്.ഇത്തിരി അഹങ്കാരം കൂടുതൽ ആയിരുന്നൂ അവന്. പഠിക്കുന്ന ക്ലാസ്സിലെല്ലാം ഒന്നാമൻ. എനിക്ക് എപ്പോഴും വെല്ലുവിളിയായി അവൻ കൂടെ ഉണ്ടാവും..
പഠിപ്പുണ്ടെന്ന അഹങ്കാരം കൂടി ഉണ്ട് അവനു ..
എവിടെയും ആളുകൾക്ക് അവനെ പറ്റി മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.
സ്ഥലത്തെ പ്രധാനിയുടെ മകനായ എനിക്ക് കിട്ടാത്ത പരിഗണന അവനു കിട്ടുന്നൂ…
എങ്ങനെ എങ്കിലും അവനെ തകർക്കണം എന്നത് എൻ്റെ ആഗ്രഹം മാത്രമല്ല, ആവശ്യവും കൂടെ ആയിരുന്നൂ. കുട്ടിക്കാലം മുതലേ കേൾക്കുവാൻ തുടങ്ങിയതാണ്
“അവനെ കണ്ടു പഠിക്കൂ”
കാലം കടന്നു പോയി. ഒപ്പം എൻ്റെ പകയും വളർന്നൂ…
ഒരു അവസരം നോക്കി നിന്ന എൻ്റെ മുന്നിലേയ്ക്ക് അവൻ തന്നെ ഒരു അവസരം ഇട്ടു തന്നൂ.
അല്ലെങ്കിൽ ആ മണ്ടൻ എന്തിനാണ് എൻ്റെ കൂട്ടുകാരൻ്റെ പെങ്ങളെ തന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞത്…
കോളേജിൽ ഒരുമിച്ചു പഠിച്ചതാണത്രേ….
“ത് ഫൂ….. അവനു ഉള്ളത് ഞാൻ കരുതി വച്ചിട്ടുണ്ട്..”
കൂട്ടുകാരനെ പിരികയറ്റിയതും അവനെ തല്ലുവാൻ ചട്ടം കെട്ടിയതും ഞാൻ ആണ്.
ഒരവസരം നോക്കി ഞങ്ങൾ നിന്നൂ..
അന്ന് സെക്കൻഡ് ഷോ കഴിഞ്ഞു ഒറ്റയ്ക്ക് വരുമ്പോൾ ഒരിക്കലും അവൻ അറിഞ്ഞിരുന്നില്ല, അവനു വേണ്ടി ഞങ്ങൾ കാത്തു നിൽക്കുന്നുണ്ട് എന്ന്..
കൂട്ടുകാർ അവനെ തല്ലി അവശനാക്കി. കൂട്ടത്തിൽ അവൻ്റെ കാല് ഞാൻ തല്ലി ഒടിച്ചൂ..
പിന്നീട് അറിയുവാൻ കഴിഞ്ഞു
” രാത്രി മൊത്തം അവൻ ആ കിടപ്പു പാടവരമ്പത്തു കിടന്നൂ എന്നും അവൻ്റെ ഒരു കാൽ മുറിച്ചു നീക്കേണ്ടി വന്നു എന്നും..”
ഏതായാലും ഞാൻ ആശിച്ച പോലെ അവൻ്റെ ജീവിതം അവിടെ തീർന്നൂ..
പിന്നീട് ഒരിക്കലും അവനെ ഞാൻ കണ്ടില്ല..
വീട്ടിൽ നിന്ന് അവൻ അങ്ങനെ പൂറത്തിറങ്ങാറില്ലായിരുന്നൂ…
കാലം കടന്നു പോയികൊണ്ടിരുന്നൂ…
ഒപ്പം എൻ്റെ ജീവിതവും…
കൂട്ടുകാരനാണ് പറഞ്ഞത് ഇന്ന് നാടകം കാണുവാൻ പോകാമെന്ന്. ഏതായാലും ഞാൻ സമ്മതിച്ചൂ..
വ്യാപാരം പച്ച പിടിച്ചു വരുന്നൂ. വീട്ടിൽ പെണ്ണ് ആലോചിച്ചു തുടങ്ങി. കല്യാണം കഴിഞ്ഞാൽ ചിലപ്പോൾ ഇതുപോലെ ഓടി നടക്കുവാൻ പറ്റിയെന്നു വരില്ല..
നാടകം കഴിഞ്ഞു അവൻ പകുതി വഴിക്കു പിരിഞ്ഞു..
വഴിവിളക്കുകൾ ഒന്നും തെളിഞ്ഞിട്ടില്ല. സൈക്കിളിൻ്റെ അരണ്ട വെളിച്ചത്തിൽ മുന്നോട്ടു പോകുമ്പോൾ ഉള്ളിൽ ചെറിയ പേടി ഉണ്ടായിരുന്നൂ..
വളവു തിരിഞ്ഞപ്പോൾ വന്ന വണ്ടി എൻ്റെ കണ്ണിൽ പെട്ടില്ല.
എപ്പോഴോ ഓർമ്മ വരുമ്പോൾ ആശുപത്രിയിൽ ആയിരുന്നൂ..
എത്ര ദിവസ്സം കഴിഞ്ഞിട്ടാണ് ഓർമ്മ വന്നത് എന്ന് അറിയില്ല…
കണ്ണ് തുറക്കുമ്പോൾ അമ്മ അടുത്തുണ്ട്…
ചിരിക്കുവാൻ ശ്രമിക്കുന്ന എന്നെ നോക്കി അമ്മ കരഞ്ഞപോലെ തോന്നി..
ശരീരം ആകെ മരവിച്ചിരിക്കുന്നതു പോലെ തോന്നി..
ദിവസ്സങ്ങൾക്കു ശേഷം എനിക്ക് ആ സത്യം മനസ്സിലായി. എൻ്റെ ഒരു കാൽ നഷ്ടപെട്ടിരിക്കുന്നൂ….
ആ സമയം മുറിയിൽ എവിടെയോ ബാബു ഉള്ളത് പോലെ തോന്നി…
“അവൻ എന്നെ കളിയാക്കി ചിരിക്കുകയാണോ…”
ഞാൻ മൂലം നശിച്ച ഒരാത്മാവ് എവിടെയോ അലഞ്ഞു തിരിയുന്നുണ്ടാവും..
പക്ഷേ… ഞാൻ ചെയ്ത ആ തെറ്റിന് പ്രായശ്ചിത്തം ഇല്ലല്ലോ…
അമ്മ പലപ്പോഴും പറഞ്ഞിരുന്നൂ…
“ബാബുവിനോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യണം എന്ന്…”
ഇന്നിപ്പോൾ ഞാനറിയാതെ അവൻ അനുഭവിച്ച ദുഃഖം ഞാൻ അനുഭവിക്കുന്നൂ..
ചെയ്ത തെറ്റിന് എനിക്കുള്ള കൂലി കൃത്യമായി കിട്ടി.
“ഇനി ഒരിക്കലും പഴയ പ്രതാപിയായി എനിക്ക് ഒരു തിരിച്ചു വരവ് ഇല്ല”
…………………