എന്റെ മുന്നിലൂടെ അവൻ മറ്റൊരു പെൺകുട്ടിയോടൊപ്പം ജീവിക്കുക എന്ന് പറഞ്ഞാൽ എന്റെ മരണം എന്നാണ് അതിനർത്ഥം….

രചന: അപ്പു

::::::::::::::::::::::::::::

” എന്റെ കൊച്ചെ ഇതിപ്പോ കുറെ കാലമായില്ലേ മനസ്സിലിട്ട് നടക്കാൻ തുടങ്ങിയിട്ട്.. നീ ഇന്നെങ്കിലും ഇതൊരു തീരുമാനം ഉണ്ടാകുമോ..? “

എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മീര. അവളുടെ ചോദ്യം കേട്ടപ്പോൾ ദേഷ്യമോ സങ്കടമോ ഒക്കെ തോന്നുന്നുണ്ടായിരുന്നു. അവൾ ഒരിക്കലും എന്നെ പരിഹസിക്കുന്നതല്ല. എന്റെ അവസ്ഥയെ ഓർത്തുള്ള സഹതാപം കൊണ്ടാണ് അവളുടെ ഈ ചോദ്യം എന്നൊക്കെ വ്യക്തമായും അറിയാം. എന്നിട്ടും എന്തോ മനസ്സ് അംഗീകരിക്കാൻ മടിക്കുന്നു.

” അല്ലെങ്കിലും ഞാനത് ആരോടാ പറയുന്നേ.. കഴിഞ്ഞ ഏഴെട്ട് കൊല്ലമായി ഒരുത്തനെയും മനസ്സിൽ ഇട്ടു നടക്കുന്നുണ്ട്. അവനോട് ഇഷ്ടം പറയാൻ പറഞ്ഞാൽ അത് മാത്രം അവൾക്ക് പറ്റില്ല. “

ഞാൻ ദയനീയമായി മീരയെ നോക്കി.

” ഞാൻ മനപ്പൂർവ്വം പറയാതിരിക്കുന്നതാണെന്ന് നിനക്ക് തോന്നുന്നുണ്ടോ..? സത്യമായും അങ്ങേരെ കൺമുന്നിൽ കാണുമ്പോൾ എന്റെ കൈയും കാലും വിറക്കും.അങ്ങേരുടെ മുന്നിൽ ചെന്ന് നിൽക്കാൻ പോലും എനിക്ക് പേടിയാണ്.പിന്നെയല്ലേ ചെന്ന് പ്രണയം പറയുന്നത്.. “

എന്നോട് തന്നെ എനിക്ക് പുച്ഛം തോന്നുന്നുണ്ടായിരുന്നു.

” നീ ഇങ്ങനെ പേടിയും മനസ്സിൽ വച്ച് നടന്നോ. അവസാനം അങ്ങേരു വേറെ വല്ല പെണ്ണിന്റെയും കൈപിടിച്ച് നിന്റെ മുന്നിലൂടെ നടന്നു പോകുന്നത് നീ കാണേണ്ടി വരും.”

അവൾ അത് പറഞ്ഞപ്പോൾ അനിയന്ത്രിതമായി എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി.

എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു കാഴ്ചയാണ് അത്. അവനു ഞാനല്ലാതെ മറ്റൊരു അവകാശി ഉണ്ടാകുന്നത് ചിന്തിക്കാൻ പോലും കഴിയില്ല.

എന്റെ മുന്നിലൂടെ അവൻ മറ്റൊരു പെൺകുട്ടിയോടൊപ്പം ജീവിക്കുക എന്ന് പറഞ്ഞാൽ എന്റെ മരണം എന്നാണ് അതിനർത്ഥം.

അവനെ ഇത്രത്തോളം ആത്മാർത്ഥമായി സ്നേഹിച്ചിട്ടും എന്തുകൊണ്ടാണ് എന്റെ പ്രണയം അവനോട് തുറന്നു പറയാൻ എനിക്ക് കഴിയാത്തത് എന്ന് ഓർത്ത് പലപ്പോഴും എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്.

എന്റെ വാടിയ മുഖം കണ്ടപ്പോൾ അവൾക്കും സങ്കടം തോന്നി.

“ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.കാര്യങ്ങളുടെ ഗൗരവം നീ മനസ്സിലാക്കാൻ വേണ്ടിയാണ് ഞാനിപ്പോൾ ഇങ്ങനെ പറയുന്നത്. നിന്റെ മനസ്സിൽ ഇങ്ങനെ ഒരു ഇഷ്ടമുണ്ട് എന്ന് ആ ചേട്ടൻ അറിയുന്നതു വരെയും അയാൾക്ക് നിന്നോട് അങ്ങനെ ഒരു താല്പര്യം ഉണ്ടാകണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ. ഇനി അഥവാ അങ്ങനെയൊരു ഇഷ്ടം ഉണ്ടായിട്ടും നിനക്ക് ഇഷ്ടമില്ല എന്ന പേരിൽ അദ്ദേഹം അത് മനസ്സിൽ വച്ചിരിക്കുന്നതാണെങ്കിലോ..? തുറന്നു പറഞ്ഞില്ല എന്നുള്ള പേരിൽ നിന്റെ ഇഷ്ടം നിനക്ക് നിഷേധിക്കപ്പെടരുത് എന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട്. നീ ഇത്രത്തോളം ആത്മാർത്ഥമായി മറ്റൊരാളെയും സ്നേഹിച്ചിട്ടില്ല എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. നിന്റെ ഇഷ്ടം നിനക്ക് നേടിത്തരേണ്ടത് ആത്മാർത്ഥ സുഹൃത്ത് എന്ന നിലയ്ക്ക് എന്റെയും കൂടി കടമയാണ്. അതുകൊണ്ടാണ് ഈ കാര്യവും പറഞ്ഞ് ഞാൻ എല്ലായിപ്പോഴും നിന്റെ പിന്നാലെ നടക്കുന്നത്.”

അവൾ പറയുമ്പോൾ ആ വാക്കുകളിലെ ആത്മാർത്ഥത എനിക്ക് തൊട്ടറിയാൻ സാധിക്കുന്നുണ്ടായിരുന്നു.

” എനിക്ക് വിഷമം ഒന്നുമില്ല. നീ പറഞ്ഞത് ശരിയാണ് എന്ന് എനിക്കറിയാം. പക്ഷേ എനിക്ക് പറ്റണ്ടേ.. “

ദയനീയമായി ഞാൻ ചോദിക്കുമ്പോൾ കൂടുതലൊന്നും പറഞ്ഞ് എന്നെ വിഷമിപ്പിക്കാൻ അവൾക്കും തോന്നിയിട്ടുണ്ടാവില്ല. ആ ചർച്ച അതോടെ അവിടെ അവസാനിച്ചു.

ഞാനും അവളും കൂടി കാന്റീനിലേക്ക് ചെന്ന് കയറുമ്പോൾ ഒരു മേശയിൽ ഒറ്റയ്ക്ക് ഇരിക്കുന്ന അവനെ ഞാൻ കണ്ടു. എന്റെ കണ്ണിൽ ആ കാഴ്ച ഞാൻ നിറച്ചു വച്ചു.

അവൻ അനന്തു. നേരത്തെ മീര പറഞ്ഞതു പോലെ കഴിഞ്ഞ ഏഴെട്ട് വർഷമായി ഞാൻ മനസ്സിൽ കൊണ്ടു നടക്കുന്ന എന്റെ പ്രണയം..വെറുമൊരു പ്രണയം എന്നല്ല അതിനെ പറയേണ്ടത്. എന്റെ പ്രാണൻ തന്നെയാണ് അവൻ..!

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു കാലോത്സവത്തിന്റെ സമയത്താണ് അവനെ ആദ്യമായി കാണുന്നത്. അവൻ അവന്റെ സ്കൂളിൽ നിന്ന് ലളിതഗാനത്തിന് മത്സരിക്കാൻ വന്നതായിരുന്നു. ഞാൻ എന്റെ സ്കൂളിൽ നിന്ന് ഭാരതനാട്യത്തിനും.

എന്റെ പ്രോഗ്രാം കഴിഞ്ഞുള്ള ഇടവേളയ്ക്ക് അവിടെ മുഴുവൻ ഒന്ന് ചുറ്റി കറങ്ങാം എന്നുള്ള തോന്നലിൽ നടന്നപ്പോഴാണ് അവന്റെ പാട്ട് കേട്ടത്. ആ ശബ്ദം എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെയാണ് അപ്പോൾ തോന്നിയത്.

ആ ശബ്ദത്തിന്റെ ഉടമയെ മനസ്സിൽ പതിപ്പിച്ചു വെച്ചു.പിന്നീട് എവിടെയെങ്കിലും വച്ച് കാണുമ്പോൾ തിരിച്ചറിയണമെന്നും അവനോട് സൗഹൃദം ഉണ്ടാവണമെന്നും വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു.

അന്ന് ആ വേദിയിൽ വച്ച് അവനെ കണ്ടതിനു ശേഷം പിന്നീട് ഒരിക്കൽ പോലും അവനെ കാണാൻ എനിക്ക് സാധിച്ചിരുന്നില്ല.തൊട്ടടുത്ത വർഷം കലോത്സവത്തിന് അവൻ വരും എന്ന് പ്രതീക്ഷിച്ചില്ലെങ്കിലും അതുണ്ടായില്ല.

ഒരു വർഷത്തിലധികം ഞങ്ങൾ തമ്മിൽ കാണാതിരുന്നിട്ട് പോലും അവനോട് എനിക്ക് യാതൊരു പരിഭവവും തോന്നിയില്ല. അവൻ എന്റെ മനസ്സിൽ പൂർവാധികം ശക്തിയായി ഉറച്ചു നിന്നതല്ലാതെ അവന് യാതൊരു തരത്തിലുള്ള സ്ഥാന ചലനങ്ങളും എന്റെ മനസ്സിൽ ഉണ്ടായില്ല.

ഒരു വർഷത്തിനു ശേഷം പിന്നീട് ഞങ്ങൾ തമ്മിൽ കാണുന്നത് എന്റെ ക്യാമ്പസിൽ വച്ചായിരുന്നു. എന്റെ ഭാഗ്യം കൊണ്ടാണോ എന്നറിയില്ല അവന് പ്ലസ് വണ്ണിന് അഡ്മിഷൻ കിട്ടിയത് എന്റെ സ്കൂളിലായിരുന്നു.

അന്ന് മുതൽ ഇടക്കൊക്കെ ഞങ്ങൾ തമ്മിൽ കാണാറുണ്ട്. അവന് എന്നെ അറിയില്ല. പക്ഷേ എനിക്ക് അവനെ മാത്രമാണ് അറിയാവുന്നത്.

അങ്ങനെ അവനെ കണ്ടു കണ്ട് നടക്കുന്ന നാളുകളിൽ എപ്പോഴോ ഞാൻ ഉറപ്പിച്ചു എനിക്ക് അവനോട് അഗാധമായ പ്രണയമാണെന്ന്. എന്റെ മനസ്സിൽ അവനല്ലാതെ മറ്റൊരു പുരുഷനും സ്ഥാനമില്ല എന്ന്.

അന്ന് എന്നോടൊപ്പം ഉണ്ടായിരുന്നു എന്റെ സുഹൃത്താണ് മീര. അന്നുമുതൽ പലപ്പോഴായി അവൾ എന്നോട് പറയുന്നുണ്ട് അവനോട് ഇഷ്ടം തുറന്നു പറയാൻ. പക്ഷേ അതിനുള്ള ധൈര്യം എനിക്ക് കിട്ടിയിട്ടില്ല.

പ്ലസ് ടു കഴിഞ്ഞപ്പോൾ അവൻ ചേർന്ന് കോളേജ് നോക്കിപ്പിടിച്ച് അവിടേക്ക് തന്നെ വന്നു ചേർന്നത് എന്നും അവനെ കണ്ടിരിക്കാം എന്നൊരു ആഗ്രഹത്തിലാണ്. ഇവിടെ ഓരോ പെൺകുട്ടികളും അവനോട് സ്നേഹത്തോടെ ഇടപെടുന്നതും ചിരിക്കുന്നതും കളിക്കുന്നതും ഒക്കെ കാണുമ്പോൾ വല്ലാത്തൊരു അസ്വസ്ഥത തന്നെ വന്നു മൂടാറുണ്ട്.

ഇപ്പോൾ ഈ വർഷം തീരുമ്പോൾ ഡിഗ്രി ക്ലാസുകൾ അവസാനിക്കും. അവൻ ഒരു പക്ഷേ ഈ കോളേജിനോട് തന്നെ വിട പറഞ്ഞു എന്ന് വരാം. എന്നിട്ടും എന്റെ പ്രണയം മാത്രം തുറന്നു പറയാൻ എനിക്ക് കഴിഞ്ഞിട്ടില്ല..

കോളേജ് ക്യാമ്പസിലെ അവന്റെ അവസാനത്തെ ദിവസം എങ്ങനെയെങ്കിലും അവനോട് ഇഷ്ടം തുറന്നു പറയണമെന്ന് മീര നിർബന്ധമായും പറഞ്ഞിരുന്നു.

അതല്ലാതെ മറ്റൊരു അവസരവും എനിക്കും കിട്ടാനില്ല എന്നു കൂടി ബോധ്യം ആയതോടെ അവനോട് ഇഷ്ടം തുറന്നു പറയാൻ തന്നെ തീരുമാനിച്ചു.

അവൻ കോളേജിന്റെ ഇടനാഴിയിൽ എവിടെയോ ഉണ്ട് എന്ന് ആരോ പറഞ്ഞറിഞ്ഞപ്പോൾ അവനെ തേടി ഞാനും അവന്റെ പിന്നാലെ ഇറങ്ങി. പക്ഷേ എവിടെയും അവനെ കാണാതായപ്പോൾ വല്ലാത്ത നിരാശ തോന്നി.

തിരികെ നടക്കാൻ തുടങ്ങുമ്പോഴാണ് ആരോ ഒഴിഞ്ഞ ഒരു ക്ലാസ് റൂമിലേക്ക് എന്നെ വലിച്ചിട്ടത്. വല്ലാത്ത പരിഭ്രമം തോന്നി എനിക്ക് ആ നിമിഷത്തിൽ.ഞെട്ടലോടെ ചുറ്റും നോക്കുമ്പോൾ എന്റെ മുന്നിൽ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന അവനെ കണ്ടപ്പോൾ വല്ലാത്തൊരു അത്ഭുതവും അമ്പരപ്പും ഒക്കെ തോന്നി.

” എന്നെ കണ്ടിട്ട് നീ എന്തിനാ ഇങ്ങനെ ഞെട്ടുന്നത്..?എന്നെ തേടി വന്നതല്ലേ..? എന്നോട് എന്തോ പറയാനില്ലേ..? പറയുന്നില്ലേ അത്..? “

പുഞ്ചിരിച്ചു കൊണ്ട് അവൻ ചോദിക്കുമ്പോൾ എന്റെ തൊണ്ട വരണ്ടു.

” അത് പിന്നെ.. “

ഞാൻ നിന്ന് പറയുന്നത് കണ്ടപ്പോൾ അവൻ വീണ്ടും പുഞ്ചിരിച്ചു.

“ഇനിയിപ്പോൾ തനിക്ക് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ പറയാം.കഴിഞ്ഞ കുറച്ചു നാളുകളായി ഒരു കുറുമ്പി പെണ്ണ് എന്റെ മനസ്സിൽ കൂടു കൂട്ടി താമസിക്കുന്നു. അവളില്ലാതെ ഇനി ഒരു നിമിഷം പോലും മുന്നോട്ടു പോകാൻ വയ്യ എന്നൊരു അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. എന്റെ ഇഷ്ടം ഇതുവരെ അവളോട് തുറന്നു പറഞ്ഞിട്ടില്ല. എന്റെ ഈ ക്യാമ്പസിലെ അവസാനത്തെ ദിവസം ഞാൻ അതിനു വേണ്ടി ഉപയോഗിക്കുകയാണ് . ഐ ലവ് യു…”

ആ വാക്ക് ഒരു സ്വപ്നലോകത്ത് എന്ന പോലെയാണ് ഞാൻ കേട്ടത്.

” ഇങ്ങനെ കണ്ണുമിഴിച്ച് എന്നെ നോക്കണ്ട. കുറെ നാളായി നീ എന്റെ പിന്നാലെ കറങ്ങുന്ന കാര്യമൊക്കെ എനിക്കറിയാം. അതുകൊണ്ട് എന്നെ ഇഷ്ടമല്ല എന്ന് പറയാനാണ് കഷ്ടപ്പെട്ട് ഈ ശ്രമിക്കുന്നതെങ്കിൽ അതിന്റെ ആവശ്യമില്ല. “

അവൻ അതുകൂടി പറയുമ്പോൾ അവന്റെ നെഞ്ചിലേക്ക് ചായാൻ എനിക്ക് കൂടുതൽ ഒന്നും ആലോചിക്കേണ്ടി വന്നില്ല. നഷ്ടപ്പെട്ടു പോകും എന്ന് തോന്നിയ പ്രണയം കൈപ്പിടിയിൽ ഒതുക്കിയ സന്തോഷമായിരുന്നു ആ നിമിഷം എനിക്കും അവനും ഒരുപോലെ ഉണ്ടായിരുന്നത്..!

✍️ അപ്പു