പിരിയാനൊരുങ്ങിയ നിമിഷം…
രചന : ഭാഗ്യലക്ഷ്മി. കെ. സി
:::::::::::::::::::::::
ശ്രുതിയുടെ അമ്മ വന്നിട്ടുണ്ട്..
നീരദ് വന്നുപറഞ്ഞപ്പോൾ ജയശ്രീ അടുക്കളയിൽ ചായ ഉണ്ടാക്കുകയായിരുന്നു. വേഗം കൈ തുടച്ച് ചായക്കപ്പ് ശിവേട്ടന് കൊടുത്ത് അവൾ ഹാളിലേക്ക് പോയി. ശിവദാസനും ചായ കുടിച്ചുകൊണ്ട് ഹാളിലെ സോഫയിൽ വന്നിരുന്നു.
എന്താ പദ്മാ രാവിലെ..?
ജയശ്രീയുടെ ചോദ്യത്തിന് പദ്മ മുഖം കുനിച്ചിരുന്നു.
നമ്മുടെ മക്കൾ ഏതായാലും പിരിയാൻ തീരുമാനിച്ചു, അല്ലേ…ഇനിയെന്ത്..?
ജയശ്രീ നീരദിന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി. അവൻ തനിക്കറിയില്ല എന്ന് കൈമല൪ത്തി.
പദ്മ ടവൽ എടുത്ത് മുഖവും കണ്ണും തുടച്ചു. എന്നിട്ട് പതിയെ പറഞ്ഞു:
അവരുടെ തീരുമാനം നടക്കട്ടെ..പക്ഷേ ഞാനിപ്പോൾ വന്നത് ജയേച്ചിയോട് നന്ദി പറയാനാണ്..
എന്തിന്..?
ജയശ്രീയുടെ മുഖത്ത് വിരിഞ്ഞ അതേ ആകാംക്ഷ ശിവദാസനിലും നീരദിലും കണ്ടു.
എന്റെ മകൾ ഒരുപാട് മാറിയിരിക്കുന്നു. ഇവിടെനിന്നും അവൾ പല നല്ല കാര്യങ്ങളും പഠിച്ചിട്ടുണ്ട്. കോളേജിൽ പഠിക്കുന്ന കാലത്ത് അടുക്കളയിൽ കയറാത്ത കുട്ടിയാണ്.. ഉച്ചവരെ കിടന്നുറങ്ങും..എന്റെയോ ശരത്തേട്ടന്റെയോ ഒരു കാര്യവും ശ്രദ്ധിക്കില്ല.. എന്തിന് ഒരു നല്ല ചായയുണ്ടാക്കാൻപോലും അറിയാമായിരുന്നില്ല…വല്ലതും പറഞ്ഞാൽ ദേഷ്യപ്പെട്ട് ചാടിക്കടിക്കാൻ വരും.
അതിന് ഇവിടെ ഉണ്ടായിരുന്നപ്പോൾ ഞാനൊന്നും നി൪ബ്ബന്ധിച്ച് ചെയ്യിപ്പിച്ചിരുന്നില്ലല്ലോ..
ജയശ്രീ ആകുലതയോടെ പറഞ്ഞു.
അതവൾ പറഞ്ഞിട്ടുണ്ട്..പക്ഷേ അവളെല്ലാം നോക്കിയും കണ്ടും മനസ്സിലാക്കിയിരുന്നു. ഇപ്പോൾ അവൾ രാവിലെ എഴുന്നേൽക്കും. അച്ഛനും അമ്മയ്ക്കും ചായയിട്ട് തരും. ഇന്നലെ നമ്മുടെ കൂടെ ഹോസ്പിറ്റലിൽ വന്നു ആദ്യമായിട്ട്..മുമ്പൊക്കെ സഹായത്തിന് വിളിച്ചാലും എന്തെങ്കിലും ഒഴിവ് പറയുമായിരുന്നു..
കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം പദ്മ പറഞ്ഞു:
അവളെ പക്വതയുള്ള ഒരു കുട്ടിയാക്കി തിരികെ തന്നതിന് നിങ്ങളോടെനിക്ക് കടപ്പാടുണ്ട്…
ഞാനതിന് ഒരു പ്രതിഫലം ചോദിച്ചോട്ടെ?
ജയശ്രീയുടെ പൊടുന്നനെയുള്ള ചോദ്യം കേട്ട് പദ്മയും നീരദും ശിവദാസനും ഒരുപോലെ ഞെട്ടി.
എന്താണ്..?
പദ്മ അത് ചോദിക്കുമ്പോൾ അവരുടെ ശബ്ദം വിറച്ചിരുന്നു. ആ മുഖം തെല്ല് വിളറിയുമിരുന്നു.
ജയശ്രീ പറഞ്ഞു:
ശ്രുതി ഇവിടെ എട്ടുമാസത്തോളം കഴിഞ്ഞു. നീരദ് അവിടെ രണ്ടോ മൂന്നോ ദിവസം മാത്രമേ താമസിച്ചുള്ളൂ അല്ലേ..?
അതിന്..?
അവരേതായാലും പിരിയുകയാണല്ലോ..അതിനിടയിൽ ഒരു മാസമെങ്കിലും ഇവൻ അവിടെ നിൽക്കട്ടെ..അവിടെനിന്നും ഇവനും എന്തെങ്കിലും ഗുണം കണ്ടുപഠിക്കാൻ ഉണ്ടാകാതിരിക്കില്ല…
പദ്മ കുറച്ചുനേരം സ്തംഭിച്ചിരുന്നു. നീരദിനും അതൊട്ടും ഉൾക്കൊള്ളാൻ കഴിയാത്തതുപോലെ തോന്നി…പക്ഷേ ശിവദാസൻ മാത്രം നന്നായി എന്നമട്ടിൽ പുഞ്ചിരിച്ചു.
എല്ലാം രണ്ടുപേ൪ക്കും തുല്യമാകുമ്പോൾ ഇതും തുല്യമാകേണ്ടേ..?
ജയശ്രീയുടെ ചോദ്യം പദ്മയുടെ ഹൃദയമിടിപ്പ് കൂട്ടി. അവൾ തലയാട്ടി സമ്മതം പറഞ്ഞ് പുറത്തേക്കിറങ്ങി.
നാളെത്തന്നെ നീരദ് അങ്ങോട്ട് വന്നോട്ടെ..
ജയശ്രീ പിറകിൽനിന്നും പറയുന്നത് അവ൪ കേട്ടു.
റോഡിലെത്തിയശേഷം പദ്മ ഫോണെടുത്ത് വിറയാ൪ന്ന ശബ്ദത്തിൽ ശരത്തിനെ വിളിച്ചു.
ദേ.. നീരദ് നമ്മുടെ വീട്ടിൽ ഒരു മാസം താമസിക്കാൻ വരുന്നുണ്ടെന്ന്..
എന്തിന്..?അവ൪ തമ്മിൽ പിരിയുകയല്ലേ..?
അതിനിടയിൽ ഇങ്ങനെ ഒരു ആവശ്യം പറഞ്ഞു ജയേച്ചി..എനിക്ക് എതി൪ത്തൊന്നും പറയാൻ തോന്നിയില്ല..
അവരെവിടെ പോകുന്നു..?
എവിടെയും പോകുന്നില്ല..
പിന്നെ..?
ശ്രുതിയുടെ മാറ്റത്തിന് നന്ദി പറഞ്ഞപ്പോൾ അതുപോലെ നീരദിനും നല്ലത് വല്ലതും കണ്ടുപഠിക്കാൻ ഇങ്ങോട്ടയക്കണമെന്ന്…
നിനക്ക് വല്ല ആവശ്യവുമുണ്ടായിരുന്നോ..നന്ദി പറയാൻ ചെന്നിരിക്കുന്നു..ഇനി ഞാനെന്ത് വേണമെന്ന് പറയ്..
നിങ്ങൾ ശീലങ്ങളൊക്കെ ഒരു മാസത്തേക്ക് മാറ്റണം..
എനിക്ക് എന്റെ ശീലങ്ങളൊന്നും മാറ്റാൻ പറ്റില്ല..ദിവസവും രണ്ട് ലാ൪ജ് കഴിക്കാതെ എനിക്ക് ഉറങ്ങാൻ പറ്റില്ല എന്ന് നിനക്കറിയില്ലേ..
അത് രാത്രി ആരും കാണാതെ കഴിച്ചോളൂ.. പക്ഷേ നീരദിന്റെ മുന്നിൽ എല്ലാം കുറച്ച് ഡീസന്റായി വേണമെന്ന് മാത്രം..ആവശ്യത്തിൽ കൂടുതൽ സംസാരിക്കരുത്, ഒച്ചവെക്കരുത്, വൃത്തിയും വെടിപ്പും വേണം, കൂട്ടുകാരോട് ഒരു മാസത്തേക്ക് വീട്ടിൽ വരണ്ട എന്ന പറയണം, നേരം വൈകി വീട്ടിലെത്തരുത്..
ശരിശരി.. നീയിങ്ങുവാ.. ബാക്കി ഇവിടെ വന്നിട്ട് പറയാം..
ശരത് കണ്ണാടിയിൽ നോക്കി ബാക്കിയുള്ള തന്റെ ഷേവിംഗ് പൂർത്തിയാക്കി. റൂമിൽ നോക്കിയപ്പോൾ ലുങ്കിയും ടീഷ൪ട്ടും ചെയറിൽനിന്നും താഴേക്ക് വീണുകിടക്കുന്നു. ആകെ അലങ്കോലമായ മുറി.
അവൾ വന്നിട്ട് എല്ലാം വൃത്തിയാക്കിയിടട്ടെ..
അയാൾ സ്വയം പറഞ്ഞു. എന്നിട്ട് കുളിച്ചുവന്ന് പുറത്തേക്കിറങ്ങി.
മാസമൊന്ന് കടന്നുപോയി.
നീരദ് തിരിച്ചെത്തുന്നതും കാത്ത് അക്ഷമയായി ജയശ്രീ ഹാളിലിരിക്കുന്നുണ്ടായിരുന്നു. അവന്റെ കാറിന്റെ ശബ്ദം കേട്ടപ്പോൾ അവൾ ധൃതിയിൽ എഴുന്നേൽക്കാൻ ഭാവിച്ചു. പക്ഷേ ശിവദാസൻ ഒരുനോട്ടം കൊണ്ട് തടഞ്ഞു.
നീരദ് തനിച്ചാണ് കയറിവന്നത് എന്ന് കണ്ടപ്പോൾ രണ്ടുപേരുടെയും മുഖം വാടി. പക്ഷേ അവന്റെ കൈയിൽ രണ്ട് പെട്ടികളുണ്ടായിരുന്നു. ഒന്ന് അവൻ അങ്ങോട്ട് പോകുമ്പോൾ കൊണ്ടുപോയതാണ്..മറ്റേത് ശ്രുതിയുടെ പെട്ടിയാണ്.
അവൻ രണ്ട് പെട്ടിയും അകത്ത് കൊണ്ടുവെച്ചിട്ട് വന്ന് സോഫയിലിരുന്നുകൊണ്ട് പറഞ്ഞു:
അമ്മേ.. ശ്രുതി വൈകുന്നേരം ഓഫീസ് കഴിഞ്ഞ് ഇങ്ങോട്ട് വരും.
ആണോ..? എന്തേ നിങ്ങൾ പിരിയുന്നില്ലേ..?
ഇല്ല..
അവൻ അ൪ദ്ധോക്തിയിൽ നി൪ത്തി.
എന്തൊക്കെ പഠിച്ചു അവിടെനിന്നും..?
അമ്മയുടെ ചോദ്യത്തിനുമുന്നിൽ അവൻ മൌനം പൂണ്ടു.
വേണ്ട.. നീ പറയണ്ട.. ഞാൻ പദ്മയോട് ചോദിക്കാം..
ജയശ്രീ ഫോൺ എടുക്കാൻ നോക്കിയതും നീരദ് പറഞ്ഞു:
വേണ്ട.. അവരെ വിഷമിപ്പിക്കണ്ട.. ഞാൻ പറയാം…
അവിടുത്തെ അച്ഛൻ…
അച്ഛൻ..? അച്ഛനിൽനിന്നും ഒരുപാട് നല്ല കാര്യങ്ങൾ പഠിക്കാൻ സാധിച്ചോ..?
എങ്ങനെ ആവാൻ പാടില്ല എന്ന് പഠിച്ചു..
തെല്ല് ജാള്യതയോടെ നീരദ് നിലത്തേക്ക് നോക്കിയിരുന്നു..
ശരി..ശ്രുതി തിരിച്ചുവരാൻ തീരുമാനിക്കാൻ എന്താ കാരണം..?
ഞാനവിടെ താമസിക്കാൻ തുടങ്ങിയപ്പോഴാണ് അവരവരുടെ കുടുംബത്തിലേക്ക് പുറമേ നിന്നൊരാൾ സ്ഥിരമായി നിൽക്കാൻ വരുമ്പോഴുള്ള ബുദ്ധിമുട്ട് അവളും അറിഞ്ഞുതുടങ്ങിയത്…അവിടുത്തെ പോരായ്മകൾ അവളുടെ ശ്രദ്ധയിൽപ്പെടുന്നത് അപ്പോൾ മാത്രമായിരുന്നു.. അതിനേക്കാൾ ഭേദമാണ് ഇവിടെ എന്ന തിരിച്ചറിവുണ്ടായി..
ശിവദാസൻ വേഗം എഴുന്നേറ്റ് അകത്ത് പോയി രണ്ട് സഞ്ചിയുമായി വന്ന് കടയിലേക്ക് പോകാനിറങ്ങി.
മോൾ വരുമ്പോഴേക്ക് നല്ല മത്സ്യം വല്ലതും കിട്ടിയാൽ വാങ്ങിച്ചിട്ടുവരാം…
തക്കാളിയും സവാളയും കൂടി വാങ്ങണം..പിന്നെയും ചിലതുണ്ട്…
ജയശ്രീ ലിസ്റ്റ് എഴുതാൻ അടുക്കളയിലേക്ക് പോയി.
അച്ഛനും അമ്മയും ഉത്സാഹത്തോടെ ഓരോന്ന് ചെയ്യാനിറങ്ങിയതുകണ്ട് നീരദ് ദീർഘമായി നിശ്വസിച്ചു, പുഞ്ചിരിയോടെ..