എങ്ങനെയാണ് നിങ്ങൾക്ക് കുടുംബം എന്ന വ്യവസ്ഥിതിയിൽ ഒതുങ്ങാൻ തോന്നുന്നത്….

പ്രണയശലഭങ്ങൾ…

രചന: അമ്മു സന്തോഷ്

:::::::::::::::::::::

“എങ്ങനെയാണ് നിങ്ങൾക്ക് കുടുംബം എന്ന വ്യവസ്ഥിതിയിൽ ഒതുങ്ങാൻ തോന്നുന്നത്?”

നിവിന്റെ ചോദ്യം കെട്ട് ദിയ ചിരിച്ചു പോയി. അതൊരു കല്യാണവീടായിരുന്നു. അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി പ്രിയയുടെ കല്യാണം. അമ്മയുടെയും അച്ഛന്റെയും കാല് പിടിച്ചു ഒരാഴ്ച അവിടെ താമസിക്കാനുള്ള സമ്മതം വാങ്ങി വന്നതായിരുന്നു അവൾ.പ്രിയയുടെ ചേട്ടൻ നിവീനിനെ അവൾ ആദ്യം കാണുകയായിരുന്നു. നിവീൻ ഈ കല്യാണത്തിന് വേണ്ടി മാത്രം അമേരിക്കയിൽ നിന്ന് വന്നതാണ്. അവർ വളരെ വേഗം സുഹൃത്തുക്കളായി.

“പറയ് ദിയ..ഈ കല്യാണം, കുട്ടികൾ, കുടുംബം.. ഒരെ പോലെത്തെ ജീവിതം. മരിക്കും വരെ ഒരാളുണ്ടാക്കുന്ന ഭക്ഷണത്തിന്റെ മാത്രം രുചി, ഒരാളുടെ മാത്രം ഗന്ധം, rubbish “

‘അത് നിവീൻ ചേട്ടൻ കുഞ്ഞിലേ മുതൽ അമേരിക്കയിൽ ആയതിന്റെ തോന്നലാണ്..”

“അല്ലെന്ന്.. അങ്ങനെ ഒരു സ്ട്രോങ്ങ്‌ ബോണ്ടിങ് ഒക്കെ ഉണ്ടൊ? അങ്ങനെ ഉണ്ടെങ്കിൽ എന്റെ അമ്മ മരിച്ചു ഒരു വർഷം കഴിഞ്ഞ ഉടനെ തന്നെ അച്ഛൻ വേറെ കല്യാണം കഴിക്കുമോ? അങ്ങനെ ഒന്നുല്ല ഒക്കെ ഷോ ആണ്. വെറും ഷോ “

അച്ഛൻ മറ്റൊരു വിവാഹം കഴിച്ചപ്പോൾ നിവീനിന്റെ അമ്മയുടെ ബന്ധുക്കൾ അവനെ അമേരിക്കയിലേക്ക് കൊണ്ട് പോയെങ്കിലും. അച്ഛനുമായുള്ള അവന്റെ ബന്ധം നന്നായി തന്നെ പോയി. അച്ഛനോട് അവന് ദേഷ്യം ഉണ്ടായിരുന്നില്ല താനും.

“നിവീൻ ചേട്ടൻ പിന്നേ എങ്ങനെ ജീവിക്കാൻ പോകുന്നു?”

“ഞാൻ കല്യാണം കഴിക്കില്ല. ഞാൻ പറഞ്ഞില്ലേ ഒരെ ടേസ്റ്റ് ഉള്ള ഫുഡ്,ഒരെ മുഖം,ഒരെ പോലെ എല്ലാം.. ഹോറിബിൾ..”

“എന്നും ഒരെ ടേസ്റ്റ് ഒന്നുമാവില്ലന്നെ.ചിലപ്പോൾ മോശമായിരിക്കും.”

അവൾ പൊട്ടിച്ചിരിച്ചു

“ഒരെ ആൾ തന്നെ ആവില്ലേ?”

“സെർവന്റിനെ വെയ്ക്കണം “

“എല്ലാത്തിനും പറ്റില്ലല്ലോ ” അവളുടെ മുഖം വിളറിപ്പോയി

“കണ്ടോ.മുഖം മാറിയത്. ഇതാണ് മലയാളിയുടെ കുഴപ്പം. ഒറ്റ കാര്യം ഓപ്പൺ ആകാൻ വയ്യ. എന്നാ രഹസ്യമായി എല്ലാം വേണം താനും “

“അയ്യടാ ഞാൻ അങ്ങനെയൊന്നുമല്ല ” അവളുടെ മുഖം കൂർത്തു

“അല്ലെ?”

“ഊഹും “

“എന്ന ചോദിക്കട്ടെ?അറിയാല്ലോ. ദിയക്ക് പ്രണയംഉണ്ടൊ ?”

“ഇല്ല”അവൾ തലയാട്ടി

“ദേ നുണ പറയരുത്.. അത്യാവശ്യം ഭംഗിയോക്കെ ഉണ്ടല്ലോ?”അവൻ കുസൃതി യോടെ പറഞ്ഞു

“അതോണ്ട് പ്രണയം ഉണ്ടാവുമോ?”അവൾ അവന്റെ നീലക്കണ്ണുകളിലേക്ക് നോക്കി

“അപ്പൊ ഇത് വരെ ഇല്ല?”

“എനിക്ക് അറേഞ്ജ്ഡ് മാര്യേജ് ആണിഷ്ടം.”ദിയ കൈകൾ വിടർത്തി

“ഓ.. സെ ക്സ്?”

“ങ്ങേ?”

“കേട്ടിട്ടില്ലേ?”

“പ്രണയം ഇല്ലാതെയോ?”അവൾ തിരിച്ചു ചോദിച്ചു

“ബെസ്റ്റ്..എനിക്ക് പ്രണയം ഇല്ലല്ലോ.flirting ഇഷ്ടം പോലെ ഉണ്ട്..”

“അത് കണ്ടാലേ അറിയാം. കാസനോവ ആണെന്ന് “അവൾ പൊട്ടിച്ചിരിച്ചു

അവൻ അവളെ സൂക്ഷിച്ചു നോക്കി. ഇത് വരെ കണ്ട പെൺകുട്ടികളിൽ നിന്ന് വ്യത്യസ്തമായ എന്തൊ ഒന്നുണ്ട് അവളിൽ. അത് എന്താണെന്ന് അവന് ശരിക്കും മനസിലായില്ല..

“എനിക്ക് സിമ്പിൾ ലൈഫ് ആണ് ഇഷ്ടം.. യാത്ര ഇഷ്ടമേയല്ല.. എനിക്ക് വീടൊക്കെ അലങ്കരിച്ചു വെയ്ക്കാൻ വലിയ ഇഷ്ടാണ്. പിന്നെ എനിക്കൊരു പൂന്തോട്ടം ഉണ്ട്.. കുറച്ചു വലുത്.. നിറച്ചും പൂക്കൾ ഉണ്ട്..അതൊക്കെ നോക്കി, അമ്മയും അച്ഛനും നോക്കി തരുന്ന ഒരാളെ കല്യാണം കഴിച്ച് കുറെ കുഞ്ഞുങ്ങളെ ഒക്കെ പ്രസവിച്ച്.. ഒരു ഹോം മേക്കർ ആയി.. അങ്ങനെ അത് മതി “

“അതിനാണോ ഈ എം എസ് സി മാത്‍സ് റാങ്കോടെ പാസ്സ് ആയത്?”

“അത് ജോലിക്കൊന്നുമല്ല. പഠിക്കാൻ ഇഷ്ടാണ്..പഠിക്കുമ്പോൾ നന്നായി പഠിക്കും.. അത്രേം ഉള്ളു. മക്കളെ പഠിപ്പിക്കാൻ വിവരം വേണ്ടേ?”അവൾ ചിരിച്ചു

പ്രിയ വന്ന് വിളിച്ചപ്പോൾ സംഭാഷണം അവിടെ മുറിഞ്ഞു.വൈകുന്നേരം പാർട്ടി ഉണ്ടായിരുന്നു.നിവീൻ കാണാൻ അതിസുന്ദരനായത് കൊണ്ടും ആൾ നല്ല സ്റ്റൈലിഷ് ആയത് കൊണ്ടും പ്രത്യേകിച്ച് ഒരു അമേരിക്കൻ പ്രോഡക്റ്റ് ആയത് കൊണ്ടും പെൺകുട്ടികൾ അവന്റെ ചുറ്റും ധാരാളം ഉണ്ടായിരുന്നു. അത് കണ്ട് ദിയയ്ക്ക് ചിരി വന്നു.അവൾ ചിരിക്കുന്നത് അവൻ കാണുകയും ചെയ്തു. അവന് അവൾക്കരികിൽ വരാനായിരുന്നു ഇഷ്ടം. അവളോട് സംസാരിക്കുമ്പോൾ ഒരു സന്തോഷം ഉണ്ടാവുന്നുണ്ട്.. ഒരു സുഖം.. അത് പക്ഷെ താത്കാലികമായ ഒന്നാണെന്ന് അവനറിയാം. കുറച്ചു ദിവസം കഴിയുമ്പോൾ തിരിച്ചു പോകും. പിന്നെ ഒരിക്കലും ഇങ്ങോട്ട് വരികയുമില്ല. പിന്നെ വെറുതെ എന്തിനാ എന്നൊക്കെ ചിന്തിച്ചു നോക്കിയെങ്കിലും അവനൊടുവിൽ അവൾ നിൽക്കുന്നിടത്ത് തന്നെ വന്നു.

“dance with me?”അവൻ അവളെ തോളിൽകൂടി കയ്യിട്ട് ചേർത്ത് പിടിച്ചു

“Not intersted “അവൾ കണ്ണിറുക്കി അവന്റെ കൈകൾ എടുത്തു മാറ്റി.

“ഇന്ന് പൗർണമി ആണ് “ദിയ മെല്ലെ പറഞ്ഞു

“അത് കൊണ്ട്?”

“റൂഫ് ടോപ്പിൽ പോയാൽ ആകാശം കാണാം എന്ത് ഭംഗിയാണെന്നോ?”

“പോവാം “

അവൻ വീണ്ടും അവളുടെ കൈ പിടിച്ചു..അവർ ഒന്നിച്ചു സ്റ്റെപ്പുകൾ ഓടി കയറി റൂഫ് ടോപിലെത്തി..

“നോക്കു നിവിൻ ചേട്ടാ “അവൾ ആകാശത്തേക്ക് വിരൽ ചൂണ്ടി

“പൂർണ ചന്ദ്രന്റെ ആകാശം..”

“ഞാൻ ആദ്യമായിട്ടാ കാണുന്നത് “അവൻ വിസ്മയത്തോടെ പറഞ്ഞു

“ചന്ദ്രനെയാണോ?”അവൾ കളിയാക്കി

“ഉം.. ഇത് പോലെ പൂർണ ചന്ദ്രനെ.. വൈകുന്നേരം വർക്ക്‌ കഴിഞ്ഞു വന്നാൽ ഏതെങ്കിലും പബ്ബിൽ പോകും പിന്നെ വെളുപ്പിന് എപ്പോഴോ വരും. ചിലപ്പോൾ വരില്ല…മിക്കവാറും യാത്രകൾ ആണ്.. കമ്പനി ആവശ്യങ്ങൾക്ക്.. രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക്.. സൂര്യനെയും ചന്ദ്രനെയും ഒന്നും ശ്രദ്ധിച്ചിട്ടില്ല …”

“തുലാമഴ നനഞ്ഞിട്ടുണ്ടോ?

“ഇല്ല എന്താ പ്രത്യേകത?”

“അത് ഒരു സുഖമാ.മഴ നനഞ്ഞു വന്നു ചൂട് കട്ടൻകാപ്പി കുടിക്കണം.. എന്നിട്ട് മഴ കണ്ടിരിക്കണം.. നമ്മുടെ മഴ, നമ്മുടെ പുഴ, നമ്മുടെ കടൽ, നമ്മുടെ കാറ്റ്.. ഒക്കെയും നല്ല ഭംഗിയല്ലേ?”അവൾ ചിരിച്ചു കൊണ്ട് ആകാശത്തേക്ക് നോക്കി നിന്നു.

“അറിയില്ല “അവൻ പറഞ്ഞു

“അറിഞ്ഞു നോക്ക്… പിന്നെ പോവില്ല തിരിച്ച്..”അവൾ മെല്ലെ പറഞ്ഞു

അവൻ ഇമ വെട്ടാതെ അവളെ നോക്കി നിന്നു

എന്ത് ഭംഗിയാണ് ഈ മുഖത്തിന്‌… കൂമ്പിയ താമരമൊട്ടു പോലെ.. കൈ നീട്ടി തൊടാൻ ആഞ്ഞതും അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി.അവൻ വേഗം കൈകൾ പിൻവലിച്ചു..

“അവരൊക്കെ അന്വേഷിക്കും നമുക്ക് പോകാം “അവൾ പറഞ്ഞു

കല്യാണം ഗംഭീരമായിരുന്നു.. കല്യാണപ്പെണ്ണിനേക്കാൾ ഭംഗിയായിരുന്നു കടും ചുവപ്പ് കാഞ്ചി പുരം സാരിയിൽ ദിയയ്ക്ക്. അവളെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

“നിവിൻ ചേട്ടാ ഉണ്ണാൻ പോകാം “അവൾ വന്നു വിളിച്ചപ്പോൾ നിവിൻ ഒപ്പം ചെന്നു

“എന്താ ഒരു സൈലൻസ്?” അവൾ അവനെ ഒന്ന് തൊട്ട് ചോദിച്ചു

“ഞാൻ പോവാണ്.നാലു മണിക്ക് ഫ്ലൈറ്റ് “അവൻ മെല്ലെ പറഞ്ഞു

അവളുടെ മുഖം ഒന്ന് മാറി. കണ്ണ് ഒന്ന് നിറഞ്ഞ പോലെ. പക്ഷെ ആ ഭാവം മറച്ചു കൊണ്ടവൾ പെട്ടെന്ന് ചിരിച്ചു..

“പപ്പടം ഇഷ്ടാണോ?” അവളുടെ ഇലയിലെ പപ്പടം അവന്റെ ഇലയിലേക്ക് വെച്ച് അവൾ ചോദിച്ചു

“എന്നെ മിസ്സ് ചെയ്യുമോ ദിയാ?” ഇടർച്ചയോടെ ചോദിക്കുമ്പോൾ ഇക്കുറി അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

“കഴിക്ക് “അവൾ പെട്ടെന്ന് കുനിഞ്ഞു..

സ്നേഹം തോന്നുക എത്ര പെട്ടെന്നാണ്…?എത്ര ആഴത്തിലാണ്…?ഒറ്റ കാഴ്ചയിൽ,ഒറ്റ വാക്കിൽ ഒരാൾ ജീവനാകുകയാണ്…വിട്ടു പോകുമ്പോൾ മരിച്ചു പോകും പോലെ…

അഞ്ച് വർഷങ്ങൾ കഴിഞ്ഞു പോയി…നിവിൻ പിന്നീട് വിളിച്ചില്ല. ദിയയും.

അച്ഛനും അമ്മയും ഒരു കല്യാണത്തിന് പോയി. ദിയ തന്റെ പൂന്തോട്ടത്തിൽ പുതിയ ഒരു പനിനീർച്ചെടി നടുകയായിരുന്നു.ഒരു കാർ വന്നു നിർത്തി നിവിൻ ഇറങ്ങി യപ്പോൾ അവൾ സ്തബ്ധയായി.

“ദിയ? അവൾ ഞെട്ടലോടെ നോക്കി

ഒരു മെസ്സേജ് പോലുമില്ലാതിരുന്ന അഞ്ചു വർഷങ്ങൾ..

“സുഖാണോ?”

അവൾ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു തലയാട്ടി

“കല്യാണം കഴിഞ്ഞോ?”

അവൾ ഇല്ല എന്ന് തലയാട്ടി അവനല്പനേരം അനങ്ങാതെ നിന്നു.പിന്നെ അവൾക്കരികിൽ വന്നു.

“എനിക്ക് നിന്നെ മറക്കാൻ പറ്റുന്നില്ല ദിയാ .. വേറെ ഒരാളെയും സ്നേഹിക്കാൻ പറ്റുന്നില്ല.. ജോലിയിൽ ശ്രദ്ധിക്കാനും.. ഒന്നും വയ്യ.. ഈ അഞ്ചു വർഷവും ഞാൻ ട്രൈ ചെയ്തു കൊണ്ടേയിരുന്നു.. നിന്നേ പോലെ ഒരു പെണ്ണിന് ഞാൻ വേണ്ട എന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. പക്ഷെ ഞാൻ തോറ്റു. “അവന്റെ ശബ്ദം ഇടറി.

അവൾ പുഞ്ചിരിച്ചു

“കല്യാണം ഇഷ്ടമല്ലെന്ന് പറഞ്ഞിട്ട്?”

“നിന്നെ എനിക്ക് വേണം ദിയ.. അതിന് കല്യാണമെങ്കിൽ കല്യാണം “അവൾ ചിരിച്ചു പോയി

“എന്നാലും… ഒരാളെ തന്നെ സഹിക്കാൻ വയ്യെന്നോ അങ്ങനെ എന്തൊ…?”

“അത്… അത് ഈ ഒരെ ടേസ്റ്റ് ഉള്ള ഫുഡ് കഴിക്കാൻ വയ്യാഞ്ഞിട്ടല്ലേ?”അവൻ കള്ളച്ചിരി ചിരിച്ചു

“ആഹാ എന്നാലൊരുറപ്പ് തരാം.. എന്നും ഒരെ ടേസ്റ്റ് ആവില്ല.. കാരണം കുക്കിംഗ്‌ എനിക്ക് അറിയില്ല..”അവൾ കൈ കുടഞ്ഞു പറഞ്ഞു ചിരിച്ചു

അവനാ ചിരിയിലേക്ക്, ആ മുഖത്തേക്ക് ഒക്കെ നോക്കി നിന്നു പിന്നെ ആ ചുണ്ടിൽ വിരൽ കൊണ്ട് തൊട്ടു ..അഞ്ചു വർഷങ്ങൾ.. അവളെ മാത്രം ഓർത്തു ഭ്രാന്ത് പിടിച്ച അഞ്ചു വർഷങ്ങൾ. വേറെയൊരു പെണ്ണിന്റെ നിഴൽ പോലും അസ്വസ്ഥത ഉണ്ടാക്കിയ അഞ്ചു വർഷങ്ങൾ..”നിവിൻചേട്ടാ”എന്ന വിളിയൊച്ച മാത്രം കാതിൽ മുഴങ്ങിയ ദിനരാത്രങ്ങൾ..

“What magic you have done to me?” അവൻ ഇടർച്ചയോടെ ചോദിച്ചു

“Love “അങ്ങനെ മെല്ലെ മന്ത്രിക്കവേ ആ മുഖം ചുവന്നു തുടുത്തു.

“കിസ്സ് ചെയ്തോട്ടെ?”അവന്റെ മുഖം തൊട്ടടുത്ത്

“ങേ?”അവൾ പിന്നോട്ട് മാറി

അവൻ ചുറ്റും നോക്കി

“ഒന്നുമ്മ വെച്ചോട്ടെന്ന്?”അവൻ മുന്നോട്ടാഞ്ഞു

“അയ്യേ ഇത് അമേരിക്കയല്ല. കേരളമാണ് “അവൾ പിന്നോട്ട് മാറി

ഇറുകെ പൂത്തു നിൽക്കുന്ന ഇലഞ്ഞി മരത്തിന്റെ തണലിലേക്ക് അവൻ അവളെ നീക്കി നിർത്തി

“കേരളത്തിൽ ആൾക്കാർ ഉമ്മ വെയ്ക്കില്ലേ?”

അവൾ പരിഭ്രമത്തോടെ ചുറ്റും നോക്കി.

അവൻ പെട്ടെന്ന് കുനിഞ്ഞ് അവളെ ചുംബിച്ചു..ചുണ്ടിലേക്ക് ഒരു ചിത്രശലഭം പറന്നിറങ്ങിയത് പോലെ,ഒരു തേൻതുള്ളി ഇറ്റ് വീണ പോലെ.. അവൾ കണ്ണുകളടച്ച് ബലമില്ലാതെ അവനെ ഇറുകെ പിടിച്ചു..

ചുവന്നു പോയ ആ മുഖം അവൻ മെല്ലെ കൈയിൽ എടുത്തു

“ഇനി യാത്രകൾ ഇല്ല. Flirting ഇല്ല.. നീ പറഞ്ഞത് പോലെ… നിനക്കിഷ്ടമുള്ളത് പോലെ.. നീ എന്താഗ്രഹിക്കുന്നോ അത് പോലെ…നിന്നെക്കാൾ വലിയ സന്തോഷം ഇല്ല.. നിന്റൊപ്പം മതി മരണം വരെ..”

“കുറച്ചു കഴിയുമ്പോൾ മടുത്തു എന്ന് പറഞ്ഞു ഇട്ടേച്ച് പോകുമോ?”

“അഞ്ചു വർഷങ്ങൾ ഉണ്ടായിരുന്നു എന്റെ മുന്നിൽ ഇത് തീരുമാനിക്കാൻ. നിന്റെ മുന്നിലും ഉണ്ടായിരുന്നു.നീ എന്താ മറ്റൊരാളെ…?”

“അറിയില്ല .എനിക്ക് ഈ മുഖം മറക്കാൻ കഴിഞ്ഞില്ല .. വരും എന്ന് കരുതിയില്ല. ചിലപ്പോൾ ഒരിക്കലും വരില്ലായിരിക്കും എന്നാലും വേറെ ഒരാളെ വയ്യ.. വിഡ്ഢിത്തം ആണെന്ന് അച്ഛനും അമ്മയും പറഞ്ഞു.. ഉറപ്പില്ലാത്ത ഒരാളെ കാത്തിരിക്കരുതെന്ന് എല്ലാരുമെന്നോട് പറഞ്ഞു.പക്ഷെ എനിക്ക് എന്നെ വേറെയൊരാൾക്ക് കൊടുക്കാൻ ഇഷ്ടമല്ല. എനിക്ക് അത് പറ്റില്ല.. ഉള്ളില് ഈ ആൾ മാത്രം.. ഒറ്റയ്ക്കാണെന്നും തോന്നിട്ടില്ല..”അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“പ്രണയം അങ്ങനെയുമാവും അല്ലെ നിവിൻ ചേട്ടാ?”

അവൻ അവളെ കണ്ണീരോടെ നെഞ്ചിലേക്ക് വാരിയണച്ചു നിറുകയിൽ ചുംബിച്ചു.. ഇനിയൊരിക്കലും വിട്ട് കളയില്ല എന്നുറപ്പോടെ… അത്ര മേൽ പ്രണയത്തോടെ..