നാലാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ദേവ് അവളെ കോരിയെടുത്ത് അമ്മയുടെ ബെഡ്ഡിൽ കിടത്തി. ദേവ് പേടിച്ചു പോയിരുന്നു. പക്ഷെ അമ്മയുടെ മുഖത്ത് അപ്പോളും സന്തോഷം മാത്രേ ദേവിനു കാണാൻ കഴിഞ്ഞുള്ളൂ.
അമ്മേ…അച്ചുവിനെന്തെങ്കിലും സംഭവിച്ചാൽ, ഡോക്ടറെ വിളിക്കട്ടെ…ദേവ് അമ്മയോട് പറഞ്ഞു.
എന്തിന് അതിന്റെ ആവശ്യം ഇല്ല. അച്ചു എൻ്റെ പിറന്നാളിനു വന്നതല്ലേ…വന്നപ്പോൾ തൊട്ട് പ്രതീക്ഷിക്കാത്തതല്ലെ നടന്നത്. അതിൻ്റെയാ, നീ കുറച്ചു വെള്ളമിങ്ങെടുത്തേ…
അമ്മേ, ഇതുവരെ അമ്മ പറഞ്ഞതെല്ലാം ഞാൻ അക്ഷരംപ്രതി അനുസരിച്ചിട്ടേ ഉള്ളൂ…ഇത് നമ്മുടെ രണ്ടുപേരുടെയും കാര്യമല്ല. അച്ചു വേറൊരു കുടുംബത്തെയാണ്. എന്നിലുള്ള വിശ്വാസം കൊണ്ടാണ് അവൾ വീട്ടിൽ ആരും അറിയാതെ വന്നത്. ഈ അവസ്ഥ അവൾക്ക് കൊടുത്തതും ഞാനാ…ഇപ്പോൾ അവളുടെ പൂർണ്ണ ഉത്തരവാദിത്വം എനിക്കാണ്…
നിന്നോട് വെള്ളം എടുക്കാനല്ലേ പറഞ്ഞുള്ളൂ. ആദ്യം പറഞ്ഞത് ചെയ്യൂ…വസുധയുടെ മുഖത്തെ സന്തോഷം മാഞ്ഞിരുന്നു. ദേവിനു അമ്മയുടെ ഭാവമാറ്റം മനസ്സിലായി. കൂടുതൽ ഒന്നും പറയാതെ വെള്ളം എടുത്തുകൊണ്ടു വന്ന് അമ്മയുടെ കയ്യിൽ കൊടുത്തു.
വസുധ അത് വാങ്ങി, അച്ചുവിൻ്റെ മുഖത്തു തളിച്ചു. രണ്ടു കവിളിലും മൃദുവായി അടിച്ചു. അച്ചുവിൻ്റെ മിഴികൾ ഒന്നു പിടഞ്ഞു. വസുധ അവളുടെ മുഖം തുടച്ചു.
അച്ചൂ…അച്ചൂ…പതിയെ വിളിച്ചു.
ഉംം…അവൾ ഒന്നുമൂളി.
അമ്മേ നമുക്ക് ഡോക്ടറെ വിളിക്കാം…
പേടിക്കണ്ട ദേവ് അവൾക്ക് ഒരു കുഴപ്പവുമില്ല. അച്ചുവിനടുത്ത് ദേവും വസുധയും അവൾ ഉണരുന്നതും നോക്കി ഇരുന്നു. മയക്കത്തിൽ നിന്നും ഉണരുകയായിരുന്നു അച്ചു.
താൻ ദേവേട്ടൻ്റെ വീട്ടിൽ വന്നതല്ലേ…പിന്നെ എന്തു സംഭവിച്ചു…? ദേവേട്ടാ…കണ്ണുതുറന്ന അച്ചു ഞെട്ടലോടെ വിളിച്ചു.
എന്താ അച്ചു…പേടിക്കണ്ട, ഞാനും അമ്മയും ഉണ്ട്…ദേവ് അവളെ എണീപ്പിച്ചിരുത്തി.
മോളേ…സ്നേഹത്തോടെ വിളിച്ചു. വസുധ അവളുടെ മുഖം പിടിച്ചുയർത്തി. പാവം വല്ലാതെ പേടിച്ചു പോയി. എന്താ ൻ്റെ കുട്ടിക്ക് പറ്റിയത്…
ഇങ്ങനെയൊക്കെ പറഞ്ഞിട്ടും അച്ചുവിൽ നിന്നും മറുപടി ഉണ്ടായില്ല. അവളുടെ നോട്ടം ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഫോട്ടോയിലാരുന്നു.
*** *** ***
ലളിയുടെ മനസ്സിലും അകാരണമായ ഭയം തോന്നാൻ തുടങ്ങി. ഇന്നലെ സുകുവേട്ടനെ സമാധാനിപ്പിച്ചു. പക്ഷെ ഇന്നു തനിക്കാണ് ഒരുതരം ഭീതി.
അമ്മേ…അമ്മേ…ശരത് വിളിച്ചു. അമ്മ എന്താ ഓർത്തു നിൽക്കുന്നത്…?
ഒന്നുമില്ല…അച്ഛനെന്തിയെ…?
പറമ്പിൽ ഉണ്ട്. നിങ്ങൾക്ക് രണ്ടുപേർക്കും എന്താ പറ്റിയേ…? അച്ഛനും എന്തോ വിഷമംപോലെ.
ഒന്നുമില്ലടാ…
ഉംം…ചോദിച്ചുന്നേ ഉള്ളൂ. തൃപ്തിയാകാത്ത മട്ടിൽ പറഞ്ഞിട്ട് ശരത് പുറത്തേക്ക് ഇറങ്ങി.
നീ എങ്ങോട്ടാ…?
അച്ഛൻ്റെ അടുത്തേക്ക്…
എടാ, അച്ഛനോട് വരാൻ പറയ്. തലകുലുക്കിയിട്ട് ശരത് ഓടിയിറങ്ങിപ്പോയി. ലളിത, ശരത് ഓടിയിറങ്ങിപോകുന്നത് നോക്കി നിന്നു.
അടുക്കളപ്പണിയെല്ലാം ഒതുക്കി കഴിഞ്ഞാൽ സുകുവേട്ടനെ പറമ്പിൽ പണിക്കു സഹായിക്കാറുള്ളതാണ്. ഇന്നെന്തോ ഒന്നിനും തോന്നുന്നില്ല. മറക്കാനാവാത്ത പലതും മനസ്സിനെ മഥിച്ഛുകൊണ്ടിരുന്നു. ഇരുപത്തഞ്ച് വർഷം മുന്നെ നിന്നുപോയ ബന്ധം.
കാവും പുറത്തെ ചന്ദ്രശേഖരനും ഭാസുരയ്ക്കും മക്കൾ മൂന്ന്. വസുധ, സരസ എന്നു പേരുള്ള രണ്ട് പെൺമക്കളും സുകുമാരൻ എന്ന ആൺകുട്ടിയും. നാട്ടിൻപുറത്തെ അറിയപ്പെടുന്ന കർഷക കുടുംബം.
സുകുമാരൻ എന്ന സുകു ഡിഗ്രി കഴിഞ്ഞു കൃഷിയിൽ അച്ഛനെ സഹായിക്കുന്നു. മൂത്ത മോൾ ഡിഗ്രിക്ക് പഠിക്കുന്നു. ഇളയവൾ പത്തിലും.
ഒരു ദിവസം വൈകുന്നേരം പശുവിനെ തൊഴുത്തിൽ കെട്ടുകയായിരുന്നു സുകു.
സുകുഓപ്പേ….വസുധയാണ്.
എന്താടി…?
അത്…എനിക്കൊരുകാര്യം പറയാനുണ്ട്. സുകുവിനറിയാം, പെങ്ങൻമാർ രണ്ടു പേരും എന്താണേലും തന്നോടാണ് ആദ്യം പറയുക. എന്നിട്ട് താൻവേണം അച്ഛനെകൊണ്ട് സമ്മതിപ്പിക്കാൻ…
പറയ്…
അത്…ഇപ്പോൾ അച്ഛൻ അറിയരുത്.
അച്ഛൻ അറിയാത്ത എന്തുകാര്യാണ് നിനക്കുള്ളത്…?
സീരിയസ് ആണ്…
എന്ത്…? നിൻ്റെ കല്യാണക്കാര്യം ആണോ…?തമാശയായി സുകു ചോദിച്ചു.
അതെ…സുകു അവൾ പറഞ്ഞത് ചിരിച്ചു തള്ളി, തൻ്റെ പണി തുടർന്നു.
ഓപ്പെ…ഞാൻ പറഞ്ഞത് സത്യാ ഓപ്പെ…എന്താ മിണ്ടാത്തെ…?
എന്താ മിണ്ടേണ്ടെ, വളരെ നല്ലത് എന്നോ…എന്താണോ നീ പറഞ്ഞു വരുന്നത് ആ അദ്ധ്യായം ഇനി തുറക്കേണ്ട. മുന്നോട്ടു പഠിക്കണം എന്നുണ്ടെങ്കിൽ മാത്രം.
ഓപ്പെ…
സുകു വസുധയുടെ നേരേ തിരിഞ്ഞു. വസുധ കണ്ടു ഓപ്പയുടെ കണ്ണുകൾ അരിശംകൊണ്ട് ചുവന്നിരിക്കുന്നത്. ആകെ മരപ്പ് മാത്രം, എന്താ സംഭവിച്ചത് എന്നു വസുധയ്ക്ക് മനസ്സിലായില്ല.
തുടരും…