വെളുത്തചെമ്പരത്തി – ഭാഗം -6, വൈഗ വസുദേവ് എഴുതുന്ന നോവൽ

അഞ്ചാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഒറ്റയടി വസുധയുടെ കവിളത്ത്…

വസുധയ്ക്ക് മൂക്കിൽകൂടി എന്തോഒഴുകി വരുപോലെതോന്നി. അവൾ തൊട്ടുനോക്കി. ബ്ലഡ്…

ഓപ്പേ…ഇതുംകണ്ടുവന്ന സരസ ഓടിവന്നു. എന്താ പറ്റിയേ ചേച്ചീ…വസുധയുടെ മൂക്കിൽ നിന്നും വരുന്ന ബ്ലഡ് സരസ തൂത്തുകളഞ്ഞു.

ഓപ്പേ.. ഹോസ്പിറ്റലിൽ പോകാം. കണ്ടില്ലേ…ചേച്ചിയുടെ മൂക്കിൽ നിന്നും ബ്ലഡ് വരുന്നത്. വാ ചേച്ചീ മുഖം കഴുകിക്കേ…അമ്മേ…ദാ കണ്ടോ…ചേച്ചീടെമൂക്കിൽ…

മിണ്ടാതെ കേറിപ്പോടി അകത്ത്…സുകു കൈചൂണ്ടി പറഞ്ഞു.

ഓപ്പേ…ചേച്ചീ…സരസ പിന്നെയും പറഞ്ഞു.

ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്. പോ…

സരസ വസുധയേയും കൂട്ടി അകത്തേക്ക് നടന്നു. ഓപ്പയ്ക്കെന്താ ഇത്ര അരിശം…ചേച്ചി എന്താ ഓപ്പയോട് പറഞ്ഞത്…? സരസുടെ ചോദ്യത്തിന് വസുധ ഉത്തരം കൊടുത്തില്ല.

അച്ഛനും ഓപ്പയും അമ്മയും കൂടി എന്തൊക്കയോ തീരുമാനം എടുക്കുകയാണെന്ന് വസുധയ്ക്ക് മനസിലായി. സുകു നീ നാളെ ചിറ്റാരത്ത് പോകണം. അവരോട് ഞായറാഴ്ച ഇങ്ങോട്ടു വരാൻ പറയൂ…ചന്ദ്രശേഖരൻ പറഞ്ഞു. പോകാം…നാളെമുതൽ വസുധ പഠിക്കാൻ പോകേണ്ട. എത്രയും വേഗം കാര്യങ്ങൾ നടക്കണം.

അന്നുമുതൽ അച്ഛനും അമ്മയും ഓപ്പയും വസുധയോട് മിണ്ടാതായി. സരസ മാത്രം കൂടെയുണ്ട്…ഞായറാഴ്ച രാവിലെ ഒരു ജീപ്പിനു വരാവുന്ന അത്രയുംപേർ കാവുപറത്ത് എത്തി. എല്ലാവർക്കും വളരെ സന്തോഷം. സന്തോഷം ഇല്ലത്തത് വസുധയ്ക്കും…

ഉമ്മറത്ത് കാര്യങ്ങൾ പുരോഗമിച്ചു. അപ്പോൾ അളിയാ, വരുന്ന മാസം പതിനെട്ടിന് കല്യാണം ക്ഷേത്രത്തിൽ വച്ചു നടത്താം. വസുധയുടെ എതിർപ്പ് വകവയ്ക്കാതെ എല്ലാം തീരുമാനിച്ചു.

അച്ഛാ…വരാൻ അമ്മ പറഞ്ഞു. ശരത്തിന്റെ വാക്കുകൾ സുകുവിനെ ചിന്തയിൽ നിന്നും ഉണർത്തി.

*** *** ***

വരൂ അച്ചു…കേക്കു മുറിക്കണ്ടേ…വസുധ പറഞ്ഞു.

അച്ചുവിൻ്റെ നോട്ടം അപ്പോളും ഫോട്ടോയിൽ തന്നെ ആരുന്നു. എന്താ അച്ചു…?

അത്…ആ ഫോട്ടോ…

അതൊക്കെ പറയാം. സമയം ഉണ്ടല്ലോ.

സമയം പോകുന്നില്ലാ എന്നു അച്ചുവിനു തോന്നി. പറയാം എന്നു പറയുന്നതല്ലാതെ ദേവേട്ടൻ്റെ അമ്മ ഒന്നും പറയുന്നില്ല. കുറച്ചു നേരമായി നിശബ്ദത മാത്രം. ഫാനിൻെറ മുരളൽമാത്രം…

അമ്മേ ചോദിക്കുന്നത് തെറ്റാണേൽ ക്ഷമിക്കണം. ആ ഫോട്ടോ…അച്ചു അത്രയും പറഞ്ഞു വച്ചു.

എനിക്കറിയാം നിൻ്റെ മനസ്സിൽ ഉത്തരം കാത്ത് ചോദ്യങ്ങൾ ഏറെയുണ്ടെന്ന്…ദേവ് നീയും അറിയണം.

ഇരുപത്തഞ്ച് വർഷം പിന്നിടുമ്പോൾ…ആരാണ് ജയിച്ചത്…? ഞാനോ…എൻ്റെ വാശിയോ…അറിയില്ല. പക്ഷേ തോൽക്കാൻ ഞാൻ ആഗ്രഹിച്ചില്ല.

ജനിച്ചു വളർന്ന വീടുവിട്ട് പടിയിറങ്ങി പോരുമ്പോൾ ഞാൻ എടുത്ത തീരുമാനത്താൽ ബന്ധങ്ങൾ അറുത്ത് മാറ്റേണ്ടി വരുമ്പോൾ തോൽക്കാൻ ഞാനെന്നല്ല ആരും ആഗ്രഹിക്കില്ല…വസുധ കണ്ണടയെടുത്ത് ഒന്നു തുടച്ചു വീണ്ടും വച്ചു.

ഞാൻ ചെയ്ത തെറ്റ് ഒരാളെ സ്നേഹിച്ചു എന്നതാണ്. അത് തെറ്റാണെന്ന് ഇന്നുവരെയും തോന്നിയിട്ടില്ല. ആദ്യമൊക്കെ ഞാൻ കരുതി തെറ്റ് എൻ്റെ ആണെന്ന്…ഞാൻ ഒരാളെ സ്നേഹിക്കുന്നു എന്ന് ആദ്യം പറഞ്ഞത് എൻ്റെ ഓപ്പയോടാണ്.

കാവുംപറത്ത് ചന്ദ്രശേഖരൻ്റെ മൂന്നുമക്കളിൽ രണ്ടാമത്തവൾ ഞാൻ, മൂത്തത് നിൻ്റെ അച്ഛൻ, മൂന്നാമത്തവൾ സരസ…

ഞങ്ങളുടെ രണ്ടുപേരുടെയും എന്തുകാര്യവും ഓപ്പയോടാണ് പറഞ്ഞിരുന്നത്‌. സത്യം പറഞ്ഞാൽ അച്ചനേക്കാൾ സ്നേഹവും ബഹുമാനവും ഓപ്പയോടായിരുന്നു. അച്ഛനെ പേടിയായിരുന്നു. അതുകൊണ്ടാവും ഞാൻ ദേവിൻ്റെ അച്ചനെ സ്നേഹിക്കുന്ന കാര്യം ഓപ്പയോട് പറയാൻ തോന്നിയതും.

എന്നാൽ അതോടെ എൻ്റെ പഠനം നിന്നു. ഞാൻ സ്നേഹിക്കുന്നയാൾ ആരാണ്…? എങ്ങനെയാണ് പരിചയം ആയത്…? ഏതുനാട്ടുകാരനാണ്…? യാതൊന്നും ചോദിച്ചില്ല.രണ്ടുമാസം കഴിഞ്ഞു, ഓപ്പയും അച്ഛനും എൻ്റെ കല്യാണം നിശ്ചിച്ചു.

അച്ചു നിൻ്റെ അമ്മാവൻ ശശിയേട്ടനുമായി. ശശിയേട്ടൻ എൻ്റെ മുറച്ചെറുക്കനാണ്. അമ്മാവൻ്റെ മക്കളാണ് ലളിതേച്ചിയും ശശിയേട്ടനും…ഞാൻ എതിർത്തു. ജീവനുണ്ടെങ്കിൽ ഈ കല്യാണം നടക്കില്ലാ പറഞ്ഞു.

അവർ തീരുമാനിച്ചത് മാറ്റക്കല്ല്യാണമാണ്. കല്യാണത്തിൻ്റെ ഡ്രസ് എടുക്കാൻ പോകുന്ന ടെക്സ്റ്റൈൽസിൽ എൻ്റെ ഒരു ഫ്രണ്ട് ഉണ്ട്. ഞാൻ ഒരു കത്ത് എഴുതി കയ്യും കരുതി. ഷോപ്പിൽ ചെന്നപ്പോൾ അവളെ ഏൽപ്പിച്ചു. അവൾ ആ കത്ത് ദേവിൻ്റെ അച്ചനെ ഏൽപ്പിച്ചു.

കല്യാണത്തിൻ്റെ അന്ന് ദേവിൻ്റെ അച്ഛൻ എന്നെ വന്നു വിളിച്ചു. കാരണം തിരക്കി അറിഞ്ഞ ബന്ധുമിത്രാദികൾ രണ്ടുപക്ഷത്തായി. സ്വന്തക്കാരും ബന്ധുജനങ്ങളും അച്ഛനും അമ്മയും ഓപ്പയും നോക്കിനിൽക്കെ ഞാൻ ഇറങ്ങി. ആരും തടഞ്ഞില്ല…അവിടെ ഞാൻ ജയിച്ചു എന്നുകരുതി…

അച്ചുവിനു ഇതൊന്നും വിശ്വസിക്കാനായില്ല. ഇത് തൻെറ അപ്പച്ചിയാണ്. സരസച്ചിറ്റ പോലും ഇങ്ങനെ ഒരാൾ ഉണ്ടെന്നു പറഞ്ഞിട്ടില്ല.

*** *** ***

ഉമ്മറത്തിരുന്ന് പത്രംവായിക്കുകയായിരുന്നു നന്ദൻ. ഞടുങ്ങിപ്പോയി…ആ വാർത്ത ഒന്നൂടി വായിച്ചു. ഒരു നിമിഷം പത്രം മടക്കി വച്ചു. അകത്തേക്ക് നോക്കി വിളിച്ചു, വസൂ…

ന്തോ…ദാ വന്നു.

ചായയുമായി വസുധ ഉമ്മറത്തേക്കുവന്നു. നന്ദേട്ടാ…ഇന്നുഎവിടേലും പോകുന്നുണ്ടോ…?

എവിടെ പോകാൻ…?

ഇന്നെനിക്കു കുറെ സംസാരിക്കണം.

ഉംം..നന്ദൻ മൂളി.

എന്തുപറ്റി, പേടികിട്ടിയപോലെ. ഞാൻ അല്ലേ പേടിക്കേണ്ടത്. ഇപ്പോൾ ഞാൻ വളരെയധികം സന്തോഷത്തിലാണ്. അവൾ പുറകിൽ വന്ന് നന്ദനെ കെട്ടിപ്പിടിച്ചു.

നമുക്ക് കാവുംപറം വരെ പോകണം.

അയ്യോ…ഞാനില്ല. ഓപ്പ എന്നെ വെട്ടിക്കൊല്ലും.

പോയേ പറ്റൂ വേഗം റെഡിയാവ്…

അവിടെ ചെന്നാൽ അവർ നന്ദേട്ടനെ അപമാനിക്കും. അത് എനിക്ക് സഹിക്കില്ല.

അതൊന്നും സാരമില്ല, വേഗാവട്ടെ…

എന്തു സംഭവിച്ചാലും എന്നെകുറ്റം പറയരുത്. അതേ എനിക്ക് പറയാനുള്ളൂ. നന്ദൻ അതിനു മറുപടി കൊടുത്തില്ല. വസുധ റൂമിലേക്ക് പോയി. അഞ്ചു മിനിറ്റിനുള്ളിൽ റെഡിയായീ വന്ന നന്ദൻ കാറിറക്കി.

കാവുംപുറം വീടിൻ്റെ പടിയടുക്കുംതോറും വസുധയ്ക്ക് തൻ്റെ ധൈര്യം നഷ്ടപ്പെട്ടപോലെയായി. അകലേന്നേ കണ്ടു…ആളും ബഹളവും…നന്ദേട്ടാ അവിടെന്നാ ഇത്രയും ആൾക്കാർ.

വാ നമുക്ക് കേറിച്ചെല്ലാം. നന്ദൻ വസുധയുടെ കയ്യിൽ ഇറുകെ പിടിച്ചു…

നന്ദേട്ടാ…വിട്…വസുധ നന്ദൻ്റെ കൈ വിടുവിക്കാൻ ശ്രമിച്ചു. അവൾ കണ്ടു വീടിൻെറ അകത്തുംപറത്തുമായി ആളുകൾ തിങ്ങി നിൽക്കുന്നു.

നന്ദേട്ടാ…എന്താ അവിടെ…ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു.

അറിയില്ല, വാ ചെന്നുനോക്കാം…നന്ദൻ പറഞ്ഞു. രാവിലെ പത്രത്തിൽ കണ്ടത് എങ്ങനെ പറയും…?അപമാനഭാരത്താൽ അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത കാര്യം…

ആഹാ എത്തിയോ കുലദ്രോഹി…ശവം കാണാൻ വന്നിരിക്കുന്നു ത്ധൂ…ആൾക്കൂട്ടത്തിൽ നിന്നും ആരോ പറഞ്ഞുകൊണ്ട് ആട്ടിത്തുപ്പി.

നന്ദേട്ടാ എനിക്ക് പേടിയാവുന്നണ്ട്…ആരുടെ ശവം…നന്ദേട്ടാ…വസു അവനു കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു. കൂടിനിന്നവർ അവർക്ക് കടക്കാനായി ഒതുങ്ങി നിന്നു. അവൾ കണ്ടു മുറ്റത്ത് തറയിൽ വാഴയിലയിൽ കിടക്കുകയാണ് തന്റെ അച്ഛനും അമ്മയും…

അച്ഛാ…അമ്മേ…വസുധ നന്ദൻ്റെ കൈവിടുവിച്ചു. ഓടി മൃതദേഹത്തിനരികിലെത്തി. തൊട്ടുപോകരുത്…ഒരു അലർച്ച. വസുധ ഞടുങ്ങിപ്പോയി.

ഓപ്പേ…ഇത് കാവുംപുറം ചന്ദ്രശേഖരനും ഭാസുരയുമാണ്. അവർക്ക് രണ്ടു മക്കളും. ഇത് ഞങ്ങളുടെ കാര്യം, നിനക്ക് പോകാം…

ഓപ്പേ…എന്നോട് ക്ഷമിക്കൂ…ഞാനൊന്നു കണ്ടോട്ടെ അവരെ..
വസുധ കരഞ്ഞു പറഞ്ഞു.

പോകുന്നോ അതോ…

സുകു അവൾ ഒന്നു കണ്ടോട്ടെ…ആരോ പറഞ്ഞു. ഇല്ല…ഞാൻ സമ്മതിക്കില്ല. ഇങ്ങനെയൊരു മകൾ അവർക്കില്ല. ഇവിടെ ബാക്കി ചടങ്ങുകൾ ഉണ്ട്. തടസ്സമുണ്ടാക്കാതെ പോയിതരിക. സുകു അവസാന വാക്കെന്നോണം പറഞ്ഞു.

വസു കുഴഞ്ഞു വീണു. നന്ദൻ അവളെ താങ്ങിയെടുത്തു. ഈ ചടങ്ങിനു തടസ്സം വരുത്താതെ നിങ്ങൾ ഒന്നു പോകൂ…നിങ്ങളുടെ കാര്യങ്ങൾ എല്ലാം ഉദ്ദേശിച്ചപോലെ നടന്നില്ലേ…ഇനി ഇവരുടെ കാര്യം നടക്കട്ടെ…കൂട്ടത്തിൽ പ്രായം കൂടിയ ആൾ നന്ദനോട് പറഞ്ഞു.

മറത്തൊരക്ഷരം പറയാതെ നന്ദൻ വസുധയേയും കുട്ടി കാറിൽ വന്നു ഇരുന്നു .വസുധ മയക്കംവിട്ടില്ല. ബാക്ക് സീറ്റിൽ കിടത്തി. ചടങ്ങുകൾ കഴിഞ്ഞു. ചിതയ്ക്ക് തീ കൊളുത്താറായപ്പോളാണ് വസുധ ഉണർന്നത്.

നന്ദേട്ടാ…എനിക്ക് ഒന്നു കാണാൻ പറ്റിയില്ലല്ലോ…

നീ കരയാതെ, ഇനി കരഞ്ഞിട്ട് എന്തുകാര്യം…? നന്ദൻ കാർ തിരിച്ചു. വർഷങ്ങൾ അഞ്ച് കടന്നുപോയി.

വീണ്ടും ഞാൻ ആ പടി കടന്നു. ആക്സിഡന്റിൽ നന്ദേട്ടൻ മരിച്ചപ്പോൾ…അന്ന് ഒരു വയസ് മാത്രമുള്ള ദേവും ഞാനും…ഞങ്ങൾ ചെല്ലുമ്പോൾ കാവുംപുറംവീട്ടിൽ മാറ്റം വന്നിരുന്നു. ഞങ്ങളെകണ്ട് ലളിതേച്ചി ഓടിയിറങ്ങിവന്നു.

കേറി വാ വസൂ…നിൻ്റെ മോൻ മിടുക്കനാണല്ലോ, നിൻ്റെ ഭർത്താവ് എവിടെ…?

വസുധയുടെ കണ്ണുകൾ ഓപ്പയെയും സരസയേയും തിരയുകയായിരുന്നു.

നീ ആരേയാ നോക്കുന്നത്…?

ഓപ്പയും സരസയും എവിടെ…?

അവളുടെ കല്ല്യാണം കഴിഞ്ഞു.

എന്ന്…ലളിതേച്ചി…?

അച്ഛനും അമ്മയും പോയിട്ട് രണ്ടു വർഷം കഴിഞ്ഞപ്പോൾ നേരത്തെ പറഞ്ഞുറപ്പിച്ച പോലെതന്നെ. നിൻ്റെ സ്ഥാനത്ത് സരസ ആയെന്നുമാത്രം…വസുധ തലതാഴ്ത്തി നിന്നു. കുടിക്കാൻ എടുക്കട്ടെ…നീ ഇരിക്ക്. ഓപ്പ ഇപ്പോൾ വരും.

ജനിച്ചു വളർന്ന വീട്ടിൽ വിരുന്നുകാരിയേപ്പോൽ ഇരിക്കേണ്ടി വരുന്നു. അതേ വസൂ…നിൻ്റെ ഭർത്താവ് എന്തേ വന്നില്ല…? ലളിത അടുക്കളയിൽ നിന്നും വിളിച്ചു ചോദിച്ചു.

വരാൻ പറ്റില്ല ലളിതേച്ചി…വസു നിറഞ്ഞ കണ്ണുകൾ തുടച്ചു.

അതെന്തേ ലീവ് കിട്ടില്ലേ…?

ഇല്ല ലളിതേച്ചി…

ലീവ് കിട്ടുമ്പോൾ കൂട്ടി വരണം.

ഇനി ഒരിക്കലും വരില്ല ലളിതേച്ചി…മറുപടി ലളിതയ്ക്ക് കേൾക്കാൻ പറ്റിയില്ല. വസുധയുടെ ശബ്ദം നേർത്തിരുന്നു.

വാ സംഭാരം എടുത്തു…ലളിത സംഭാരവുമായി ഉമ്മറത്തേയ്ക്കു വന്നു.

ആരാ ലളിതേ വിരുന്നുകാർ…? എന്നുചോദിച്ചുകൊണ്ട് സുകു കയറി വന്നു.

ഓപ്പെ…വസുധ കുഞ്ഞിനെ എടുത്ത് എണീറ്റു നിന്നു. ഒരു നിമിഷം…

ലളിതേ…വഴിയെ പോകുന്നവരെ വിളിച്ചു വീട്ടിൽ കേറ്റാൻ നിന്നോടാരാ പറഞ്ഞത്…? ഇത് സത്രം അല്ല. പുറത്തു നിർത്തേണ്ടവരെ പുറത്തു നിർത്തണം.

വസുധ നിറകണ്ണുകളോടെ പറഞ്ഞു…എന്നോട് ക്ഷമിക്കൂ ഓപ്പേ…എൻ്റെ തെറ്റിനുള്ള ശിക്ഷ ഞാനനുഭവിച്ചു. ഇനിയും ശിക്ഷിക്കല്ലേ…

ഛെ…ഓരോ മാരണങ്ങൾ എത്തിക്കോളും സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കില്ല. ലളിതേ…ഞാൻ പുറത്തേക്ക് പോകുന്നു. കതകടച്ചു കുറ്റിയിട്ടോളൂ…ഇല്ലേൽ ഇതുപോലെ ഒരോന്നുകയറി വരും.

സുകുവേട്ടാ…അവളോട് പൊറുക്ക്…അവളും കുഞ്ഞും ഇവിടെ അല്ലാതെ എവിടേയ്ക്കാ വരേണ്ടത്…

പറയുന്നത് അനുസരിക്കുക, അതാ നല്ലത്…എനിക്ക് പുതിയ ബന്ധങ്ങൾ ആവശ്യമില്ല. പൊട്ടിയത് ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നും.

ഓപ്പെ.. ഞാൻ വന്നത് ഒരുകാര്യം പറയാനാണ്…കേൾക്കാൻ മനസ്സ് കാണിക്കണം.

ലളിതേ…കതകടച്ചോളൂ ഞാൻ പോകുന്നു. ഒട്ടും ദയവില്ലാതെയുള്ള സുകുവിൻ്റെ സംസാരം വസുധയ്ക്ക് സഹിക്കാനായില്ല.

പോകുവല്ലേ…എന്നാൽ ഇതുംകൂടി കേട്ടിട്ടു പോകൂ…ഞാൻ വന്നത് ഒന്നും ആവശ്യപ്പെടാനല്ല. ക്ഷമ ചോദിക്കാനാണ്. എൻ്റെ ഭർത്താവ് മരിച്ചിട്ട് രണ്ടു മാസം ആയി. മുഴച്ചിരിക്കാതെ ഈ ബന്ധം ഞാൻ കൂട്ടിക്കെട്ടും ഓപ്പെ, കണ്ടോളൂ…എനിക്ക് മകനാണുള്ളത്. എൻ്റെ മഹാദേവനാണെ സത്യം ഓപ്പയ്ക്ക് ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ, അവളായിരിക്കും എൻ്റെ മകളായി വരുന്നത്…ഈ വാക്കുകൾ ഓപ്പ ഓർത്തു വച്ചോളൂ…

അതിനുള്ള വെള്ളം വാങ്ങിവച്ചേരെ…സുകു പരിഹസിച്ചു പറഞ്ഞു.

ഇറക്കി വിടേണ്ട ഞാൻ പോകുന്നു…ആ നിമിഷം തന്നെ ഞാൻ അവിടുന്ന് ഇറങ്ങി.

എനിക്ക് നന്ദേട്ടൻ്റെ ജോലി കിട്ടി. ആരേയും ആശ്രയിക്കാതെ ജീവിച്ചു. പിന്നെയും നാലു വർഷം കഴിഞ്ഞാണ് നീ ജനിച്ചത്. എന്നാലും ഞാൻ അറിഞ്ഞുകൊണ്ടിരുന്നു കാവും പുറത്തെ വിവരങ്ങൾ. നിൻ്റെ ജനനംമുതൽ ഇവിടെ എൻ്റെ അടുത്ത് എത്തുംവരയുള്ള കാര്യങ്ങൾ വരെ…

ഓപ്പയ്ക്ക് ജനിച്ചത് പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ ഞാൻ ഉറപ്പിച്ചു മഹാദേവൻ്റെ അനുഗ്രഹം എനിക്കുണ്ടെന്ന്. നീ എൻ്റെ ദേവിനുള്ളതാണെന്നും അന്നുമുതലുള്ള എൻ്റെ പ്രാർത്ഥനയാണ്…നിന്നെ ഇവിടെ എത്തിച്ചത്. വസുധ മനസ്സിൽ ചുമന്നിരുന്നതെല്ലാം പറഞ്ഞു തീർത്തു.

കുറെ നിമിഷങ്ങൾ നിശബ്ദമായി കടന്നുപോയി. ഇടയ്ക്കിടെ അച്ചുവിൻ്റെ ഏങ്ങലടി മാത്രം. ദേവ് ഒരു ഗ്ലാസിൽ വെള്ളമെടുത്ത് അമ്മയുടെ അടുത്തെത്തി. അമ്മേ, ഇത് കുടിക്ക്…

അച്ചു…നീ എന്നെപ്പറ്റി കേണ്ടിട്ടുണ്ടോ…? വസുധ ചോദിച്ചു.

ഇല്ല…ആരും പറഞ്ഞിട്ടില്ല. സരസച്ചിറ്റപോലും പറഞ്ഞിട്ടില്ല. അപ്പച്ചി എൻ്റെ അച്ഛനോട് ക്ഷമിക്കണം…അച്ചു വസുധയുടെ കാലിൽ തൊട്ടു.

എന്താ അച്ചു…എനിക്ക് ആരോടും പിണക്കമില്ല. നീ ദേവിൻ്റെ പെണ്ണാണ് അതു മറക്കാതിരിക്കുക.

അച്ചു അതിനു മറുപടി പറഞ്ഞില്ല…അച്ചു ഒന്നും പറയാതിരുന്നത് വസുധയെ വേദനിപ്പിച്ചു.

ദേവേട്ടാ…എനിക്ക് പോകണം. ഞാൻ പോട്ടെ അപ്പച്ചി…

കേട്ടതിൻ്റെ മറുവശം അറിയാനുള്ള ആകാംക്ഷയോടെ അച്ചു തിരിച്ചു വീടെത്തി.

നാലുമണി സമയം…അമ്മേ അച്ഛനെന്തിയേ…? അച്ചു അടുക്കളയിൽ എത്തി.

സുഖമില്ലാന്നു പറഞ്ഞു കിടക്കുന്നു.

എന്തു പറ്റിയതെന്ന് അമ്മ ചോദിച്ചില്ലേ…?

ചോദിച്ചപ്പോൾ അല്ലേ സുഖമില്ലാന്നുപറഞ്ഞത്…ലളിതയുടെ ശബ്ദം ഗൗരവത്തിലായി. എന്താ ഇപ്പോൾ തിരക്കിയത്…?

വെറുതെ…അച്ചു മുറിയുടെ വാതിക്കൽ ചെന്നുനോക്കി. കിടപ്പാണ്…ഉറക്കമല്ല…

അമ്മേ ചായ എടുക്ക് അച്ഛൻ ഉറക്കമല്ല…അവൾ ചായയുമായി മുറിയിൽ എത്തി. അച്ഛാ…ചായ.

ഉംം.. അമ്മ എവിടെ…?

അടുക്കളയിൽ…അച്ഛന് എന്തുപറ്റി, സുഖമില്ലെന്ന് അമ്മ പറഞ്ഞു.

ഒന്നുമില്ല…ഒരു ക്ഷീണം അത്രേ ഉള്ളൂ…സുകു എണ്ണീറ്റിരുന്നു.

മുഖത്ത് നല്ല ക്ഷീണം ഉണ്ട്. ഹോസ്പിറ്റലിൽ പോകാം.

സാരമില്ല അച്ചു…സുകു ഗ്ലാസ് എടുത്തു. അച്ചുവിൻ്റെ മനസ്സിൽ ചോദ്യങ്ങൾ ഓരോന്നോരോന്നായി പൊന്തിവന്നു.

നീ എന്താ ആലോചിക്കുന്നത്…? ആകെ അസ്വസ്ഥയാണല്ലോ…?

എല്ലാം പറയാനുള്ള സമയമായി. അച്ചുവും ശരത്തും അറിയണം. മറ്റുള്ളവർ പറഞ്ഞറിയാതെ ഇത്രയും നാളും ശ്രദ്ധിച്ചു. മക്കൾ തമ്മിൽ സ്നേഹത്തിൽ കഴിയട്ടെ. ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ചുവേദന കൊണ്ടേപോകൂ എന്നായിട്ടുണ്ട്…സുകു ചിന്തിച്ചു.

അച്ചൂ…അമ്മേ വിളിക്ക്, ശരത്തിനേയും…

അവൾ അടുക്കളയിൽ ചെന്നു. അമ്മേ അച്ഛൻ വിളിക്കുന്നു. ഞാൻ ശരത്തിനെ വിളിച്ചോണ്ടുവരാം. ലളിത മുറിയിലേയ്ക്ക് നടന്നു…അച്ചു പുറത്തേയ്ക്കും…

സുകുവേട്ടാ നമുക്ക് ഹോസ്പിറ്റലിൽ പോകാം ഇങ്ങനെ കിടന്നാൽ പറ്റില്ല. വേണ്ട ലളിതേ…ഇനി എല്ലാം മക്കളോട് പറയാൻ സമയമായി, അവർ തീരുമാനിക്കട്ടെ…

പറയണോ സുകുവേട്ടാ…? എന്തിന് ഇത്രയും കാലം മറച്ചുവെച്ചു എന്നു ചോദിക്കില്ലേ…

ചോദിക്കണം…അച്ചു ശരത്തിനെ കൂട്ടി വരുമ്പോൾ കണ്ടു രണ്ടുപേരും കാര്യമായ സംസാരത്തിലാണെന്ന്…രണ്ടുപേരും വാ…സുകു വിളിച്ചു. ശരത് അച്ചുവിൻ്റെ മുഖത്തുനോക്കി. എനിക്കറിയില്ല എന്ന് അച്ചു ആഗ്യം കാണിച്ചു.

എങ്ങനെ തുടങ്ങണം എന്ന് അച്ഛനറിയില്ല. ചെയ്തതൊക്കെ ശരിയായിരുന്നോ എന്നും കുറച്ചു ദിവസം മുമ്പുവരെ ശരിയാണെന്നായിരുന്നു മനസ്സിൽ. എന്നാൽ ഇപ്പോൾ തെറ്റാണെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു…സുകു പറഞ്ഞു.

അച്ചു അമ്മയെ നോക്കി, അച്ഛൻ്റെ മുഖത്തെ അതേഭാവം ആണ്…

ലളിതേ, അലമാരയിൽ നിന്നും ഫയൽ ഇങ്ങടുക്കൂ…ലളിത ഫയൽ എടുത്ത് സുകുവിൻ്റെ കയ്യിൽ കൊടുത്തു.

തുടരും