എനിക്കൊരു അനിയത്തി ഉണ്ടായിരുന്നെങ്കിൽ ഇവളെ പോലെ ആയിരിക്കും എന്നാണ് ആ നിമിഷം തോന്നിയത്.

രചന: അപ്പു

:::::::::::::::::::::::::::

ഫോണിന്റെ ഗാലറിയിൽ നിന്ന് അവളുടെ ഫോട്ടോ നോക്കുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

” ഇനി നീ എന്റെ സ്വന്തം അല്ല എന്ന് ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിക്കേണ്ടിയിരിക്കുന്നു.. “

അവൻ സ്വയം എന്നതു പോലെ പറയുന്നുണ്ടായിരുന്നു.

അത് അവൾ ആയിരുന്നു പ്രിയ. കോളേജ് കാലഘട്ടത്തിൽ പരിചയപ്പെട്ട കുട്ടികുറുമ്പി.

കോളേജിലെ ആദ്യദിവസം റാ ഗി ങ്ങ് ചെയ്യാനിരിക്കുന്ന സമയത്താണ് അവൾ മുന്നിലേക്ക് വരുന്നത്. അവളെ കണ്ടപ്പോൾ തന്നെ ആദ്യം വാൽസല്യമാണ് തോന്നിയത്.

എനിക്കൊരു അനിയത്തി ഉണ്ടായിരുന്നെങ്കിൽ ഇവളെ പോലെ ആയിരിക്കും എന്നാണ് ആ നിമിഷം തോന്നിയത്.

കൂട്ടുകാരൻ അനീഷ് അവളോട് ഒരു പാട്ട് പാടാൻ പറഞ്ഞപ്പോൾ അവൾ ഒരു നിമിഷം ആലോചിച്ചു നിൽക്കുന്നത് കണ്ടു. ഇനി പാടാൻ അറിയില്ലേ എന്നൊരു സംശയത്തിലാണ് അവൻ അവളെ നോക്കിയത്.

” തനിക്ക് പാട്ടുപാടാൻ അറിയില്ലേ..?”

അവൻ ചോദിച്ചപ്പോൾ അവൾ അവനെ നോക്കി ചിരിച്ചു.

” യാരെ പാത്ത് എന്ന കേൾവി കേൾക്കിരെ..? “

അവൾ ചോദിച്ചപ്പോൾ ഇത്തവണ കണ്ണുതള്ളിയത് അവന്റെതായിരുന്നു.

” തമിഴ്.. “

എല്ലാവരുടെയും ശബ്ദം ഒരുപോലെ ആശ്ചര്യത്താൽ വിടർന്നിരുന്നു. അത് കണ്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചു.

” തൽക്കാലം ഞാൻ തമിഴത്തിയൊന്നുമല്ല. എനിക്ക് മലയാളം നല്ല അടിപൊളിയായിട്ട് പറയാൻ അറിയാം. പിന്നെ സിറ്റുവേഷൻ മാച്ച് ആവുന്ന രീതിയിൽ ഒരു പഞ്ച് ഡയലോഗ് പറഞ്ഞെന്നേയുള്ളൂ..”

ചിരിച്ചു കൊണ്ട് അവൾ പറഞ്ഞപ്പോൾ അറിയാതെ തന്നെ ഒപ്പം ചിരിച്ചു പോയി.

” ഇനി നിങ്ങൾക്ക് എന്താ വേണ്ടത്.? പാട്ടല്ലേ.. ഇപ്പൊ ശരിയാക്കിത്തരാം.. “

അവൾ അത് പറഞ്ഞപ്പോൾ ഒരു സിനിമയിൽ പപ്പു പറഞ്ഞ ഡയലോഗ് ആണ് ഓർമ്മ വന്നത്. അതുപോലെ തന്നെയായിരിക്കുമോ ഇതും എന്നൊരു സംശയത്തിലാണ് അവളെ നോക്കിയത്.

പക്ഷേ സംശയം ഇത്രകണ്ട് ശരിയാകും എന്ന് ആ നിമിഷവും തോന്നിയിരുന്നില്ല.

” മഞ്ഞക്കുഞ്ഞി കാതുള്ള ചക്കിപ്പൂച്ചക്ക്..ചക്കര തിന്നാൻ ഉള്ളിൽ മോഹമുദിച്ചല്ലോ.. “

അവൾ പാടി തുടങ്ങിയപ്പോൾ ഏതോ നഴ്സറി ക്ലാസിൽ പോയി നിൽക്കുന്നതു പോലെയാണ് അവിടെ നിന്നവർക്കൊക്കെ തോന്നിയത്.

കൊച്ചുകുട്ടികൾ പാടുന്നത് പോലെ സൗണ്ട് മോഡുലേഷൻ പോലും അങ്ങനെയാക്കിയാണ് അവൾ പാട്ടു പാടുന്നത്. പാട്ടുപാടാൻ പറഞ്ഞത് അബദ്ധമായി പോയോ എന്നൊരു ചിന്തയായിരുന്നു അവിടെ ഇരുന്നവർക്കൊക്കെ.

“പാട്ടുപാടിയത് മതി.. താൻ ക്ലാസ്സിൽ പോകാൻ നോക്ക്..”

ഗൗരവത്തോടെ അവൻ പറഞ്ഞപ്പോൾ അവൾ പാട്ട് നിർത്തി സംശയത്തോടെ അവനെ നോക്കി.

” എന്റെ പാട്ട് ഇഷ്ടപ്പെട്ടോ…? എന്നാൽ പറഞ്ഞാൽ മതി ഞാൻ ക്ലാസ്സിൽ ഉണ്ടാവും…പാട്ട് കേൾക്കണം എന്ന് ആഗ്രഹമുള്ളപ്പോൾ ഞാൻ വന്നു പാടി തരാം.”

കുറുമ്പോടെ അത് പറഞ്ഞപ്പോൾ എല്ലാവരും ചിരിക്കുകയായിരുന്നു.

“എനിക്കിപ്പോൾ തൽക്കാലം പാട്ടിന്റെ ഒരു ആവശ്യവുമില്ല. മോള് പോകാൻ നോക്ക്.. ആവശ്യമുള്ളപ്പോൾ ഞാൻ അങ്ങോട്ട് അന്വേഷിച്ചു വന്നോളാം..”

അന്ന് കളി തമാശകളുമായി അവളെ പറഞ്ഞു വിട്ടെങ്കിലും തന്റെ ഉള്ളിലേക്ക് അവൾ കയറി കൂടുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.

കോളേജിലെ ക്ലാസ് തിരക്കുകൾക്കിടയിലും അവൻ സമയം കണ്ടെത്തി അവളോടൊപ്പം ഇരിക്കാറുണ്ടായിരുന്നു. ആ സമയത്തൊന്നും അവന്റെ ഉള്ളിൽ അവളോട് പ്രണയം ആയിരുന്നില്ല. സ്നേഹവും സൗഹൃദവും വാത്സല്യവും ഒക്കെ തന്നെയായിരുന്നു.

പക്ഷേ അവൻ കോളേജിൽ നിന്ന് പാസ് ഔട്ട് ആയതിനു ശേഷം ആണ് അവളോട് അവനു പ്രണയമാണ് എന്ന് അവന് തന്നെ തോന്നിത്തുടങ്ങിയത്.

അത് പക്ഷേ അവളോട് തുറന്നു പറയാൻ അവന് സാധിക്കില്ലായിരുന്നു. ഒരുപക്ഷേ അവൾ തന്നെ ഒരു സഹോദരന്റെ സ്ഥാനത്താണ് കണ്ടിരിക്കുന്നത് എങ്കിൽ താൻ ഇഷ്ടം പറയുന്നത് തങ്ങളുടെ സൗഹൃദത്തെ തന്നെ ബാധിക്കും എന്ന് അവനു തോന്നിയിരുന്നു.

അവൻ അവന്റെ ഇഷ്ടം ഉള്ളിൽ മറച്ചു വയ്ക്കുന്നതിനോടൊപ്പം,അവളുടെ വിദ്യാഭ്യാസം പൂർത്തിയായി വിവാഹാലോചനകൾ തുടങ്ങുമ്പോൾ അവളുടെ വീട്ടിൽ കാര്യം അവതരിപ്പിക്കാം എന്നൊരു ചിന്തയിലേക്ക് എത്തി.

എങ്കിലും ഇടയ്ക്കിടയ്ക്ക് അവന്റെ ഉള്ളിൽ ഒരു പ്രതീക്ഷ മൊട്ടിടും. എന്നെങ്കിലും ഒരിക്കൽ അവൾ തന്നെ പ്രണയിക്കുന്നു എന്ന് തന്നോട് തുറന്നു പറയും എന്നൊരു തോന്നൽ.

ആ ഇടയ്ക്കാണ് ജോലി കിട്ടി ബാംഗ്ലൂരിലേക്ക് പോകുന്നത്. ഒരുപാട് കാലം പിരിഞ്ഞിരിക്കാൻ ഉള്ളതുകൊണ്ട് തന്നെ അവളെ പോയി കാണാൻ അവൻ തീരുമാനിച്ചു.

അന്ന് ഒരുപാട് നേരം അവളോടൊപ്പം ചിലവഴിച്ച് അവൾക്ക് ഇഷ്ടപ്പെട്ട ഫുഡ് വാങ്ങി കൊടുത്തു യാത്ര പറഞ്ഞു പിരിയുമ്പോൾ എങ്കിലും നിന്നെ എനിക്ക് ഇഷ്ടമാണെടാ എന്ന് അവൾ പറയും എന്നൊരു പ്രതീക്ഷ അവനുണ്ടായിരുന്നു.

എന്നാൽ അതിനെയൊക്കെ അസ്ഥാനത്താക്കിക്കൊണ്ട് യാത്രാമംഗളങ്ങളും തീർന്ന് അവൾ അകന്നു പോയി.

പിന്നീട് പലപ്പോഴും അവളുടെ ഉള്ളിൽ എന്താണ് എന്നറിയാനുള്ള ശ്രമത്തിനിടയിൽ ബാംഗ്ലൂരിൽ കറങ്ങി നടന്നപ്പോൾ പല പെൺകുട്ടികളെയും കണ്ടു എന്നും വായിനോക്കി എന്നും ഒക്കെ പറഞ്ഞു തുടങ്ങി. എന്നിട്ടും അവളുടെ ആറ്റിറ്റ്യൂഡിൽ പ്രത്യേകിച്ച് മാറ്റം ഒന്നുമുണ്ടായില്ല.

ഒടുവിൽ പ്രയോഗം എന്നതുപോലെ കൂടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടി ഇഷ്ടമാണ് എന്ന് പറഞ്ഞു എന്നും ആ ഇഷ്ടം സ്വീകരിക്കാൻ പോവുകയാണ് എന്ന് വരെ പറഞ്ഞു. എന്നിട്ടും അവൾക്ക് പ്രത്യേകിച്ച് മാറ്റമൊന്നുമില്ലതായപ്പോൾ തന്നോട് അവൾക്കൊരു താല്പര്യം ഇല്ല എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.

പിന്നീട് ആ ഒരു വിഷയത്തെക്കുറിച്ച് അവർ തമ്മിൽ സംസാരവും ഇല്ലാതായി.

അവളുടെ വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ തന്നെ അവളുടെ വീട്ടുകാർ അവളുടെ ജാതകം നോക്കിച്ചു. അതനുസരിച്ച് രണ്ടുമൂന്നു മാസത്തിനുള്ളിൽ അവളുടെ വിവാഹം നടന്നില്ലെങ്കിൽ പിന്നീട് ഒരുപാട് വർഷങ്ങൾക്കു ശേഷമേ വിവാഹം നടക്കുമെന്നും, അങ്ങനെ ഒരെണ്ണം നടന്നാൽ തന്നെ അത് നീണ്ടു നിൽക്കുന്ന എന്നുമൊക്കെ ജ്യോത്സ്യൻ പറഞ്ഞു.

അത് കേട്ടതോടെ വീട്ടുകാർക്ക് ടെൻഷനായി.അവർ ധൃതിപിടിച്ച് ഓരോ ആലോചനകൾ ആയി തുടങ്ങി.

” എന്റെ വീട്ടിൽ എനിക്ക് കല്യാണം ആലോചിച്ചു തുടങ്ങി.. ഒരുപാട് ആലോചനകൾ ഒക്കെ വരുന്നുണ്ട്.. “

ഒരു ദിവസം വളരെ പതിഞ്ഞ സ്വരത്തിൽ അവൾ അത് പറഞ്ഞത് എന്തുകൊണ്ടായിരിക്കും എന്ന് ഇപ്പോൾ ഈ വൈകിയ വേളയിൽ ഞാൻ ഓർക്കുന്നു.

ഒരുപക്ഷേ എന്നെ ഇഷ്ടമാണ് എന്ന് അവൾ ഇൻഡയറക്റ്റ് ആയി പറഞ്ഞതായിരിക്കണം. പക്ഷേ അന്ന് അത് മനസ്സിലാക്കാനുള്ള ബുദ്ധി എനിക്ക് ഇല്ലാതെ പോയി.

ഒന്ന് വീട്ടിലേക്ക് വന്നു വിവാഹമാലോചിച്ചു കൂടെ എന്നൊരു ചോദ്യമാണ് അതിനിടയിൽ ഒളിച്ചിരിക്കുന്നത് എന്ന് കണ്ടെത്താൻ എനിക്ക് നാളുകൾ എടുത്തു.

” കല്യാണം ആലോചിക്കുന്നുണ്ടെങ്കിൽ പോയി കല്യാണം കഴിച്ച് സുഖമായി ജീവിക്കാൻ നോക്ക്. ഞാനെങ്കിലും രക്ഷപ്പെടട്ടെ.. “

അന്ന് തമാശയായി പറഞ്ഞത് അങ്ങനെയായിരുന്നു.

” എടോ എന്തായാലും തനിക്ക് ഭാവിയിൽ കല്യാണം കഴിക്കേണ്ടി വരും. അപ്പോൾ പിന്നെ തനിക്ക് എന്നെ കെട്ടിക്കൂടെ..? “

തീരെ പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായിരുന്നു അത്. പക്ഷേ ഒരു തമാശയായിട്ടായിരിക്കും അവൾ ചോദിക്കുന്നത് എന്നാണ് കരുതിയത്.

” എനിക്ക് തലയ്ക്ക് ഓളം ഒന്നുമില്ല.. നിന്നെ കിട്ടുന്നതും ട്രെയിനിന് തല വയ്ക്കുന്നതും ഒരുപോലെയാണ്.. ആകെപ്പാടെ ഒരു ജീവിതമാണുള്ളത്. റിസ്ക് എടുക്കാൻ ഞാനില്ല മോളെ.. “

അന്ന് ആ തമാശ മൂഡിൽ ആയതു കൊണ്ട് തന്നെ അങ്ങനെയൊക്കെയാണ് മറുപടി പറഞ്ഞത്.

പക്ഷേ അപ്പോഴും അധികം വൈകാതെ ഒരു വിവാഹാലോചനയുമായി അവളുടെ വീട്ടിലേക്ക് പോണം എന്ന് ഉള്ളിൽ ഒരു തീരുമാനം ഉണ്ടായിരുന്നു.

എന്നാൽ എന്റെ ആ ആഗ്രഹങ്ങൾക്ക് വിലങ്ങു തടിയായി കൊണ്ടാണ് അവളുടെ ഫോൺ കോൾ എന്നെ തേടി എത്തിയത്. അവളുടെ വിവാഹം ഉറപ്പിച്ചു എന്നും രണ്ടാഴ്ചക്കുള്ളിൽ വിവാഹം ഉണ്ടാകും എന്നും അവൾ പറഞ്ഞപ്പോൾ ലോകം മുഴുവൻ തനിക്കെതിരെ പോലെയാണ് ആ നിമിഷം തോന്നിയത്.

അവൾ വിവാഹത്തിന് ക്ഷണിച്ചപ്പോൾ വിവാഹത്തിന് പങ്കെടുക്കാൻ തീരെ മനസ്സിലെങ്കിലും, എന്റെ മനസ്സിനെ എനിക്ക് പറഞ്ഞു പഠിപ്പിച്ചേ പറ്റൂ ഇനി അവൾ എന്റേതല്ല എന്ന്. അതിന് ഈ വിവാഹം എന്റെ കൺമുന്നിൽ ഞാൻ കാണണം..

പണ്ട് ആരൊക്കെയോ പറഞ്ഞതുപോലെ പറയാത്ത പ്രണയങ്ങൾ ഉള്ളിൽ ഒരു നൊമ്പരം തന്നെയാണ്. എത്രകാലം കഴിഞ്ഞാലും ഉണങ്ങി പോകാത്ത ഒരു മുറിവ്…!

✍️ അപ്പു