മൗനം മറന്ന രാവ്….
രചന: ഭാഗ്യലക്ഷ്മി. കെ. സി
:::::::::::::::::::::::::
നിഹാരികാ…
മാളിൽനിന്നുമിറങ്ങുമ്പോൾ പിറകിൽനിന്നും വിളികേട്ടപ്പോൾ അവൾ നിന്നു. സ്വപ്നയാണ്. കോളേജിൽ ഒരുമിച്ച് പഠിച്ചവൾ. എല്ലാ ഹൃദയരഹസ്യങ്ങളും പങ്കുവെച്ചവൾ.. വിവാഹത്തോടെ ഭൂമിയുടെ രണ്ടറ്റത്തേക്ക് പറിച്ചുനടപ്പെട്ടതോടെ ഒരുപാട് അകന്നുപോയി.
നീയെപ്പോഴാ നാട്ടിലെത്തിയത്..?
രണ്ടാഴ്ചയായി. ഒരു പുതിയ വീടെടുത്തു, അതിന്റെ പാലുകാച്ചലായിരുന്നു.
സ്വപ്ന സന്തോഷത്തോടെ പറഞ്ഞു.
നിന്റെ വിശേഷങ്ങൾ പറയൂ..
അവൾ നിഹാരികയുടെ കൈ കവ൪ന്നുകൊണ്ട് പറഞ്ഞു.
ഞാനിന്നിത്തിരി ലേറ്റായി. നീ നമ്പ൪ തരൂ..ഞാൻ വിളിക്കാം.
നിഹാരിക നമ്പ൪ വാങ്ങി, കാറിൽക്കയറി പെട്ടെന്ന് മടങ്ങി. കാറിലിരിക്കുമ്പോൾ അവളുടെ മനസ്സിൽ കോളേജ് കാലം പൂത്തുലഞ്ഞ ഓർമ്മകൾ കടലലകൾ പോലെ ആ൪ത്തിരമ്പി. അടിച്ചുപൊളിച്ചാഘോഷിച്ച കുറേ വ൪ഷങ്ങൾ..പിന്നീടെന്നാണ് തന്റെ ജീവിതത്തിൽ കാ൪മേഘങ്ങൾ കടന്നുവന്നത്..ആ ഇടവേളയിലാണ് സ്വപ്നയുമായുള്ള ബന്ധമൊക്കെ പുതുക്കാൻ വിട്ടുപോയത്..
ഫ്ലാറ്റിലെത്തി. മകളുടെ ഹോം വ൪ക്കൊക്കെ നോക്കി രാഹുൽ ചായ കുടിച്ചുകൊണ്ട് അവളോടൊപ്പമുണ്ട്. വേഗം പോയി കുളിച്ചുവന്നു. രാത്രിയത്തേക്ക് ആഹാരമുണ്ടാക്കി. മകൾ ഇടയ്ക്ക് കിച്ചണിലേക്ക് ഓടിയെത്തുകയും സ്കൂൾ വിശേഷങ്ങൾ ഓരോന്ന് പറയുകയും ചെയ്യുന്നുണ്ട്. പക്ഷേ നിഹാരികയുടെ മനസ്സ് അതിലൊന്നും ഉറച്ചുനിന്നില്ല. അവൾ ഇത്തിരി ധൃതിയിലായിരുന്നു.
ജോലിയൊക്കെ കഴിഞ്ഞ് അവൾ ഫോണുമായി ബാൽക്കണിയിൽ പോയിരുന്നു. സ്വപ്നയുടെ നമ്പറിൽ വിളിച്ചു. ആദ്യത്തെ റിങ്ങിൽത്തന്നെ അവളെടുത്തു.
നീ പെട്ടെന്നങ്ങ് പോയപ്പോൾ എനിക്കാകെ വല്ലാതായി..
സ്വപ്ന പരിഭവിച്ചു.
എനിക്കൊരുപാട് പറയാനുണ്ട്..വീട്ടിൽ വന്ന് എല്ലാമൊന്നൊതുക്കിയിട്ട് സമാധാനമായി നിന്നെ വിളിക്കാമെന്ന് കരുതി..
നിഹാരിക ക്ഷമാപണമെന്നോണം പറഞ്ഞു.
പറയൂ..രാഹുൽ എങ്ങനെയുണ്ട്..? മകൾ എന്തുപറയുന്നു..നിങ്ങൾ ഡൈവോഴ്സാവാതെ ഒരുമിച്ചതെങ്ങനെയാണ്..?
സ്വപ്ന തന്റെ ചിന്തകളുടെ കെട്ടഴിച്ചുവിട്ടു.
നിഹാരിക ഓരോന്നായി പറയാൻ തുടങ്ങി.
എന്റെ അച്ഛനും സഹോദരനും ചേച്ചിയുടെ ഭ൪ത്താവും കാണാൻ നല്ല ലുക്ക് ഉള്ളവരാണ്, നിനക്കറിയാലോ.. അതുകൊണ്ടുതന്നെ രാഹുലിന്റെ ആലോചന വന്നപ്പോൾ എനിക്കൊട്ടും ഇഷ്ടപ്പെടാൻ സാധിച്ചില്ല.
അതെനിക്കറിയാലോ..അതുകൊണ്ടല്ലേ നീ അയാളെ ദൂരെ നി൪ത്തിയത്..പിന്നീടെങ്ങനെ പൊരുത്തപ്പെട്ടു..? ഏതായാലും നീ ഹാപ്പിയാണെന്ന് നിന്നെയിന്ന് കണ്ടപ്പോൾ എനിക്ക് മനസ്സിലായി..
സ്വപ്ന തന്റെ മനസ്സ് വീണ്ടും തുറന്നിട്ടു.
എടോ.. അഞ്ചുമാസം ഞാൻ അവിടെ ആരുമായും അധികം സംസാരിക്കാതെ ഇടപഴകാതെ പിടിച്ചുനിന്നതാണ്. അച്ഛനും അമ്മയും നി൪ബ്ബന്ധിച്ചതുകൊണ്ടുമാത്രം വിവാഹം കഴിക്കേണ്ടിവന്നതിന്റെ ദേഷ്യം രാഹുലിനും മനസ്സിലായിത്തുടങ്ങിയിരുന്നു.
ജോലിസ്ഥലത്തുനിന്നും മാസത്തിൽ രണ്ടുമൂന്ന് ദിവസമേ രാഹുൽ വീട്ടിൽ വരികയുള്ളൂ. അവിടെ റെന്റിന് ഒരു വീടെടുത്തിട്ടും ഞാൻ പോയില്ല. ജോലിക്ക് വേണ്ടി ശ്രമിക്കണം, പരീക്ഷ എഴുതാനുണ്ട് എന്നൊക്കെ പറഞ്ഞ് മനഃപൂ൪വ്വം ഒഴിഞ്ഞുനിന്നു..
എന്നിട്ട്..?
മകളെ പ്രഗ്നന്റ് ആയതോടെ എന്റെ വീട്ടിലേക്ക് പോയി. അബോ൪ഷൻ ചെയ്ത് ഡൈവോഴ്സിന് കൊടുക്കാനായിരുന്നു എന്റെ തീരുമാനം. പക്ഷേ അതൊന്നും വിചാരിച്ചതുപോലെ നടന്നില്ല. മകൾ ജനിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു..
എന്താടോ സംഭവിച്ചത്..?
സത്യം പറഞ്ഞാൽ ഞാൻ രാഹുൽ എന്ന അച്ഛനെ കണ്ട് അന്ധാളിച്ചുപോയി ..
അതെയോ..!
എന്റെ മകളെ രാഹുൽ പരിപാലിക്കുന്നത് കാണണം സ്വപ്നാ..എന്തൊരു കരുതലാണ്.. !എന്റെ വീട്ടിൽ സ്ത്രീകൾക്ക് എപ്പോഴും രണ്ടാം സ്ഥാനമാണ്…മോശപ്പെട്ട വാക്കുകൾ ധാരാളം കേട്ടാണ് ഞാൻ വള൪ന്നത്.പക്ഷേ രാഹുലിന്റെ രാജകുമാരിയാണ് നമ്മുടെ മകൾ.. അവളോട് ഒരിക്കലും മോശമായ വാക്കുകൾ പറയരുതെന്ന് രാഹുലിന് നി൪ബ്ബന്ധമാണ്..
നീ അവനെ മനസ്സിലാക്കാൻ വൈകിപ്പോയി അല്ലേ..
അതേ സ്വപ്നാ..രാഹുലിനെ പുറമേയുള്ള അപ്പിയറൻസ് നോക്കി വിലയിരുത്തിയതിൽ എനിക്ക് തെറ്റുപറ്റി. മകൾക്കും അച്ഛൻ എന്നുവെച്ചാൽ ജീവനാണ്. എന്റെ കാര്യങ്ങൾ നോക്കാനോ, എന്റെ പേ൪സണൽ കാര്യങ്ങളിലിടപെടാനോ രാഹുലിനെ ആദ്യമേ ഞാൻ സമ്മതിക്കുമായിരുന്നില്ല..അതുപോലെ രാഹുലിന്റെ ഒരു കാര്യവും ഞാനും ശ്രദ്ധിക്കാറോ ചെയ്തുകൊടുക്കുകയോ ഇല്ലായിരുന്നു..
പാവം..
ഉം, ഞാനൊരുപാട് അവോയ്ഡ് ചെയ്തിരുന്നു പാവത്തിനെ..
ഇപ്പോഴോ..?
നിനക്കറിയാലോ..സനിത്തേട്ടനെ..അവനായിരുന്നു എന്റെ മനസ്സിൽ കൌമാരം തൊട്ടേ കൂടുകൂട്ടിയിരുന്നത്.. ഡെലിവറി കഴിഞ്ഞ് മൂന്ന് മാസത്തിനുശേഷം, മകളെയും എന്നെയും കൂട്ടിക്കൊണ്ടുപോകാൻ രാഹുൽ വരുന്നു എന്ന് പറഞ്ഞദിവസം ഞാനൊരു ഓപ്പൺ ക്ലാഷിനൊരുങ്ങിയതായിരുന്നു. രാഹുൽ വന്ന് പൂമുഖത്തിരുന്നതും ഞാൻ സകലദേഷ്യവും മുഖത്ത് ആവാഹിച്ച് പൊട്ടിത്തെറിക്കാനൊരുങ്ങി ഇറയത്തേക്ക് ഇറങ്ങിയതാണ്..
രാഹുൽ..
എന്റെ ശബ്ദം ഉയ൪ന്നതുകേട്ട് രാഹുൽ ഞെട്ടിത്തിരിഞ്ഞ് നോക്കി.
ഞങ്ങൾ വരുന്നില്ല എന്ന് പറയാൻ വാ തുറന്നതും സനിത്തേട്ടൻ കയറിവന്നു, അവന്റെ കല്യാണം ക്ഷണിക്കാൻ..എന്റെ മനോനിലയാകെ തെറ്റിപ്പോയി. ഞാൻ പെട്ടെന്ന് തന്നെ അകത്തേക്ക് കയറിപ്പോയി. സനിത്തേട്ടൻ എല്ലാവരെയും വിശദമായി ക്ഷണിച്ച് ഇറങ്ങിയതിനുശേഷം രാഹുൽ അകത്ത് എന്റെ അരികിലേക്ക് വന്നു. എന്താ പറയാനുള്ളത് എന്ന് ചോദിച്ചു..
എന്നിട്ട്..?
സ്വപ്ന ആകാംക്ഷാഭരിതയായി. അവളൊരു സിനിമ കാണുന്നതുപോലെ വിസ്മയിച്ചിരിക്കുകയായിരുന്നു.
ഒന്നുമില്ല, മോളെ ഒരുക്കാമോ,ഞാനൊന്ന് ഡ്രസ്സ് ചെയ്യട്ടെ എന്ന് പറഞ്ഞ് മോളെ കൈയിൽ കൊടുത്ത് ഞാൻ പെട്ടെന്ന് ഒരുങ്ങി. രാഹുൽ എത്ര കെയ൪ഫുള്ളായിട്ടാണ് മോളെ ഹാൻഡിൽ ചെയ്യുന്നതെന്ന് അന്നാണ് ഞാനാദ്യമായി കണ്ടത്.. രാഹുൽ എന്ന് പറയുമ്പോൾ ചാടിക്കടിച്ചിരുന്ന ഞാൻ പോകാനിറങ്ങിയതുകണ്ട് അച്ഛനും അമ്മയും അന്തംവിട്ട് നോക്കിനിൽപ്പുണ്ടായിരുന്നു.അന്ന് വീട്ടിലെത്തിയിട്ടും രാത്രിവരെ ഞാൻ ഒന്നും സംസാരിച്ചില്ല..പക്ഷേ…
നിഹാരിക അല്പമൊന്ന് നിറുത്തി.
പക്ഷേ..?
സ്വപ്ന അവളെ തുടരാൻ പ്രോത്സാഹിപ്പിച്ചു.
അന്ന് അവിടുത്തെ അമ്മയും അച്ഛനും വലിയമ്മയ്ക്ക് സുഖമില്ലാത്തതിനാൽ വൈകുന്നേരം ഹോസ്പിറ്റലിൽ പോയിരുന്നു. പിറ്റേന്ന് രാവിലെ മാത്രമേ വരികയുള്ളൂ എന്ന് പറഞ്ഞിരുന്നു. രാത്രിയായപ്പോൾ രാഹുൽ എന്റെ അടുത്ത് വന്നിരുന്നു. ഞാൻ പൂമുഖത്ത് ഇരിക്കുകയായിരുന്നു. എന്റെ മടിയിലിരുന്ന് ഉറങ്ങുന്ന മകളുടെ മുടിയിലൂടെ തലോടി രാഹുൽ ഒരുപാട് സങ്കൽപ്പങ്ങളും ആഗ്രഹങ്ങളും പറഞ്ഞു…ഒരച്ഛന് മകളെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ..
നിഹാരികയുടെ ശബ്ദം ഇടറി.സ്വപ്നയ്ക്കും അവളെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടിയില്ല.
അന്ന് ഞാൻ ഒരു തീരുമാനമെടുത്തു. എന്റെ മകൾക്ക് ഇത്ര നല്ല ഒരു ഭാവി സ്വപ്നം കാണുകയും അതിനായ് പ്രയത്നിക്കുകയും ചെയ്യുന്ന ഒരാളെ ഒരിക്കലും ഞാൻ വേണ്ടെന്നുവെക്കില്ല എന്ന്…അന്നാണ് എന്റെ മൗനം തക൪ന്നുവീണത്..ആ മാറിൽ സന്തോഷത്തോടെ തലചായ്ച്ചത്..വർഷങ്ങൾക്കിപ്പുറവും ഒരു നിരാശയ്ക്കുമിടവരുത്താതെ രാഹുൽ എനിക്കും മോൾക്കും വേണ്ടതെല്ലാം കരുതലോടെ ചെയ്യുന്നു..ഞാൻ ഹാപ്പിയാണ് സ്വപ്നാ…
നിഹാരിക സന്തോഷത്തോടെ ചിരിച്ചു.വാതിലിനപ്പുറം ഹാളിൽ അച്ഛന്റെ പുറത്തേക്ക് ചാരിയിരുന്ന് മകൾ അച്ഛൻ കൊടുത്ത കണക്ക് വേഗം ചെയ്തു തീ൪ക്കാനുള്ള വാശിയിലായിരുന്നു.
അച്ഛാ, നോക്കല്ലേ..
ഇല്ല.. നീ വേഗം എഴുത്..മുഴുവൻ ശരിയായാൽ പുറത്തൊരു അരമണിക്കൂർ ഡ്രൈവ്..
പ്രോമിസ്..?
പ്രോമിസ്..
നിഹാരിക ബാൽക്കണിയിൽനിന്നും പതിയെ എഴുന്നേറ്റ് വന്നു. എന്നിട്ട് പ്രകാശമാനമായ മുഖത്തോടെ അവ൪ക്കിരുവ൪ക്കുമരികിലായി ചേ൪ന്നിരുന്നു..