കടലോളം പ്രണയം…
രചന : അമ്മു സന്തോഷ്
:::::::::::::::::::::::::::
“എനിക്ക് കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ ആകണം ന്നാണ്.. കുഞ്ഞ് കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ. അതാണ് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ജോലി. അതിനായ് പഠിച്ചു കൊണ്ടിരിക്കുകയാണ് “
അഞ്ജലി പറഞ്ഞു
“സാറിനെ പോലൊരാളുടെ കല്യാണലോചന വരുമ്പോൾ സ്വാഭാവികമായും എന്റെ വീട്ടുകാർ അത് നടത്താൻ ആഗ്രഹിക്കും. പക്ഷെ എനിക്ക് അങ്ങനെ അല്ല. എനിക്ക് ചെറിയ ജീവിതം മതി. ചെറിയ സ്വപ്‌നങ്ങൾ ആണ്. സാറിനെ പോലൊരു ഐ പി എസ് ഉദ്യോഗസ്ഥന് ചേരുന്ന ഒരാളല്ല ഞാൻ. ഞാൻ ഭയങ്കര സെൻസിറ്റീവ് ആണ്. സില്ലിയാണ്. സെന്റിമെന്റൽ ആണ്..” രാഹുൽ ഒരു ചിരി വന്നത് ഗൗരവം കൊണ്ട് മറച്ചു.
“അത് മാത്രം അല്ല എനിക്ക് പോലീസ് എന്ന് വെച്ചാ പേടിയാ. ആൾക്കാരെ ഒക്കെ അടിക്കില്ലേ? അതൊക്കെ പേടിയാ..”
അവൻ വാത്സല്യത്തോടെ അവളെ ഒന്ന് നോക്കി. ഓറഞ്ച് നിറമുള്ള ഒരു ഉടുപ്പാണവൾ ധരിച്ചിരുന്നത്. ഓറഞ്ചിൽ വെള്ളപ്പൂക്കൾ തുന്നിയ ആ ഉടുപ്പിൽ അവളൊരു ചെറിയ കുട്ടിയെ പോലെ തോന്നിച്ചു. നന്നേ തുടുത്ത മുഖത്തിന്റെ നിറവും ഉടുപ്പിന്റനിറവും ഒരു പോലെ. ഉയർത്തിക്കെട്ടിയ സ്വർണനിറമുള്ള അവളുടെ തലമുടി കാറ്റിൽ ഇളകിയപ്പോൾ കഴുത്തിലെ കാക്കപ്പുള്ളി ദൃശ്യമായി.
“I will give you one year..”അവൻ പറഞ്ഞു
“ങേ?” അവൾ കണ്ണ് മിഴിച്ചു
“ഒരു വർഷം ആലോചിച്ചോളൂ.. എന്നേക്കാൾ നല്ല പ്രൊപോസൽ വന്നാൽ സമ്മതിക്കാം. എന്നെ സ്നേഹിക്കാൻ കഴിഞ്ഞാൽ.. This is my number.. Just call me.”
“അല്ല അത് പിന്നേ.. ഒരു വർഷം എന്നൊക്കെ പറയുമ്പോൾ. അത് വരെ.. ഞാൻ “
“No conditions… If you love to say yes..just use that number “
“അതെനിക് ടെൻഷൻ ആണ്. എന്തിനാ അങ്ങനെയൊക്കെ? അതൊന്നും വേണ്ട.”
“ഒരു വർഷം തികയുമ്പോൾ ഞാൻ ഇതെ സ്ഥലത്ത് വരും.. ദേ നോക്ക്.കടലാണ്.. കടൽ സാക്ഷി. ഞാൻ വരും.. അഞ്ജലി വന്നില്ലെങ്കിൽ ഞാൻ കരുതും തന്റെ ആൻസർ നോ ആണെന്ന്. അത്രേം ഉള്ളു “
“അപ്പൊ സാർ വേറെ കല്യാണം കഴിച്ചോളുമോ?” അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് അവന് വീണ്ടും ചിരി വന്നു. പക്ഷെ ചിരിച്ചില്ല.
“അഞ്ജലി വരാത്തിടത്തോളം ഞാൻ പിന്നെ എന്താ, എങ്ങനെയാ എന്നൊന്നും അഞ്ജലി ചിന്തിക്കേണ്ട. അത് മറന്നേക്ക്. തിരക്കുണ്ട്. ഞാൻ ഡ്രോപ്പ് ചെയ്യാം വീട്ടിൽ.”
“വേ… വേണ്ട.. ബസിൽ പൊയ്ക്കോളാം..”അവൾ പരിഭ്രമിച്ചത് പോലെ തോന്നി. അവളെയാദ്യമായി കാണുമ്പോഴും ആ മുഖം അങ്ങനെയായിരുന്നു. ജോയിൻ ചെയ്തതിനു ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു താൻ. വഴിവക്കിൽ നിന്നു കൈ കാണിച്ച പെൺകുട്ടി
“എന്റെ ഫ്രണ്ടിന് ഒരു ആക്‌സിഡന്റ് ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ സഹായിക്കാമോ?” അവളുടെ ഉടുപ്പിലും ചോ ര പ്പാടുകൾ ഉണ്ടായിരുന്നു.ആശുപത്രിയിൽ എത്തിച്ചു പോരുമ്പോഴും ആ മുഖം മായാതെ കിടന്നു. സാധാരണ അങ്ങനെയുണ്ടാകുന്നതല്ല. പെൺകുട്ടികൾ ഇങ്ങോട്ട് വരാറായിരുന്നു പതിവ്. പാർട്ടികളിൽ, മീറ്റിംഗുകളിൽ കോളേജിൽ ഒക്കെ.. ആരാധന നിറഞ്ഞ മുഖത്തോടെ… ഒരു പെണ്ണിനേയും ഉള്ളിൽ വഹിച്ചിട്ടില്ല. കൊണ്ട് നടക്കാൻ മാത്രം ഒരിഷ്ടം ആരോടും മുൻപ് തോന്നിയിട്ടില്ല.
അഞ്‌ജലിയുടെ ഉള്ളിൽ രാഹുലിന്റെ ചുവന്ന മുഖം, നീലകണ്ണുകൾ, ഇളം ബ്രൗൺ നിറത്തിലെ മുടി ഒക്കെ നിറഞ്ഞു നിന്നു.
ഇനി മലയാളിയല്ലേ? ലുക്ക് വേറെയാണല്ലോ. അവൾ തനിയെ പിറുപിറുത്തു. പക്ഷെ എന്താ ജാഡ!ഹും. ഗൗരവം. ചിരിക്കാൻ അറിയില്ലേ?
“എനിക്ക് വേണ്ട അയാളെ “അവൾ അമ്മയോട് പറഞ്ഞു
“അതെന്താ? നല്ല പയ്യനാണല്ലോ “അച്ഛൻ
“എനിക്ക് അത്രയും ഭംഗിയുള്ള പയ്യൻ വേണ്ട. പെൺപിള്ളേരെ ഓടിക്കാൻ ഞാൻ പിന്നെ പുറകെ നടക്കണം. പോരാത്തതിന് പോലീസും “അത് കേട്ട് അച്ഛൻ അമ്മയെ നോക്കിചിരിച്ചു
“വേണ്ടെങ്കിൽ വേണ്ട..”അവർ പറഞ്ഞു അഞ്‌ജലിക്കാശ്വാസമായി. അവൾ മുറിയിൽ പോയി.
ഒരു വർഷം കഴിഞ്ഞു കടൽ കാണാൻ വരും ത്രേ.. ഞാൻ പോവില്ല. അവൾ തനിയെ പറഞ്ഞു.
“നീ എന്താ തനിച്ചു സംസാരിക്കുന്നത്?”അമ്മ അടുക്കളയിൽ നിന്നും ഉറക്കെ ചോദിച്ചു
“ഒന്നുല്ല വായിച്ചു പഠിക്കുവാ “അവൾ വെറുതെ ഒരു പുസ്തകം നിവർത്തി.
കോളേജിലേക്ക് പോകുമ്പോൾ അറിയാതെ എസ്പി ഓഫീസിലേക്ക് നോക്കും. ബസിൽ ആ വശത്താണ് അവൾ ഇരിക്കുക. കാർ അവിട കിടപ്പുണ്ടാകും. കാറിന്റെ നമ്പർ അവൾക്കറിയാം..അത് കാണുമ്പോൾ അറിയാതെ ഒരു സന്തോഷം. കയ്യിൽ നമ്പർ ഉണ്ട്. വേണമെങ്കിൽ വിളിക്കാം. പക്ഷെ വേണ്ട. അയാൾ വേറെ നല്ല പെണ്ണിനെ കെട്ടിക്കോട്ടെ.
കൂട്ടുകാരി ആർദ്രയുടെ പിറന്നാൾ പാർട്ടി ഹോട്ടൽ സിന്ദൂറിൽ വെച്ചായിരുന്നു. പാർട്ടിക്കിടയിൽ എപ്പോഴാ താഴെ റെസ്റ്റോറന്റിൽ അവൾ രാഹുലിനെ കണ്ടു. കൂടെ വേറെ ഒരാൾ. രാഹുലും അവളെ കണ്ടു കഴിഞ്ഞിരുന്നു. അവൻ പക്ഷെ അത് ഭാവിച്ചില്ല. അഞ്ജലിയുടെ ഏകാഗ്രത പോയി. അവളിടയ്ക്കിടയ്ക്ക് അങ്ങോട്ടേക്ക് നോക്കിക്കൊണ്ടിരുന്നു രാഹുൽ പോകും വരെ.
അവളുടെ മനസിന് എന്തൊ സംഭവിച്ചു കഴിഞ്ഞിരുന്നു. അവൻ പോയപ്പോൾ ശൂന്യമായ മനസ്സോടെ അവൾ വെറുതെയിരുന്നു.
അന്ന് ഓഫീസിൽ അവന്റെ കാർ ഉണ്ടായിരുന്നില്ല. അന്നെന്നല്ല പിന്നെ കുറച്ചു ദിവസങ്ങൾ.. അവളോരോ ദിവസവും നോക്കും.ഇല്ല. എവിടെ പോയി? ട്രാൻസ്ഫർ ആവോ? ആണെങ്കിൽ തനിക്കെന്താ? ഒന്നുല്ല.
പക്ഷെ ഒരാഴ്ച കഴിഞ്ഞും കാണാഞ്ഞപ്പോൾ അവൾ അവന്റെ നമ്പറിൽ വിളിച്ചു.
“രാഹുൽ ഹിയർ “
എന്ന് കേട്ടതും കാൾ കട്ട് ചെയ്തു കളഞ്ഞു. തിരിച്ചു ആ നമ്പറിൽ നിന്നും കാൾ വന്നപ്പോൾ വിയർത്തു. വിറച്ചു തളർന്നു.
രണ്ടാമത്തെ തവണ കാൾ എടുത്തു
“എന്താ അഞ്ജലി?” ഗൗരവം നിറഞ്ഞ ശബ്ദം. തന്റെ നമ്പർ അറിയാമൊ? അവൾ ചിന്തിച്ചു.
“ഓഫീസിൽ കണ്ടില്ലല്ലോ കുറച്ചു ദിവസം..?”
അവന്റെ ചുണ്ടിൽ ഒരു ചിരി വന്നു.
“ട്രെയിനിങ് ആണ് ഡൽഹിയിൽ “
“ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടെ?പേടിച്ചു പോയി.” രാഹുൽ അതിശയത്തിൽ ഫോണിൽ നോക്കി.
“ഞാൻ കോളേജിൽ പോകും വഴി നോക്കി കണ്ടില്ല അതാണ് വിളിച്ചേ.. ശരി വെച്ചോ “
രാഹുൽ ചിരിയോടെ ഫോൺ വെച്ചു.
രാഹുൽ ഒരു കടൽ പോലെ അവളുടെ ഉള്ളിലിങ്ങനെ അലയടിച്ചു കൊണ്ടിരുന്നു.
ഇടയ്ക്കിടെ തമ്മിൽ കാണും. നിരത്തിൽ, എക്സിബിഷൻ ഹാളിൽ,കോഫി ഹൌസിൽ..മനഃപൂർവം അല്ല. യാദൃശ്ചികമായി സംഭവിക്കുന്നതാണത്. അപ്പോൾ തമ്മിൽ ഒരു നോട്ടം ചിലപ്പോൾ ഒരു ചിരി.. ഒറ്റയ്ക്കാണെങ്കിൽ രാഹുൽ അരികിൽ വരും.സംസാരിക്കും.. താനും അങ്ങനെ തന്നെ. തീരെ പ്രതീക്ഷിക്കാതെ കാണുമ്പോൾ ഓടി ചെന്നിട്ടുണ്ട്. ആ മുഖത്ത് ജാള്യത വരുന്നത് കാണാൻ നല്ല രസാണ്. ഒരിക്കൽ പെട്ടെന്ന് വന്ന ഒരു ഹർത്താൽ ദിനത്തിൽ സ്വന്തം വണ്ടിയിൽ വീട്ടിൽ കൊണ്ടാക്കുകയുണ്ടായി.അച്ഛനോടും അമ്മയോടും സംസാരിക്കുകയും ചെയ്തു. ആളുടെ നോട്ടത്തിൽ ഒരു അധികാരഭാവമുണ്ട്. തന്റെതാണ് എന്ന്. അത് കാണുമ്പോൾ അവൾക്ക് നാണം വരും.
ഒരു വർഷമായത് എത്ര പെട്ടെന്നാണ്?
പോകണോ വേണ്ടയോ എന്നവൾ ചിന്തിച്ചു. ഒടുവിൽ..
കടലിളകുന്നത് നോക്കി രാഹുൽ ഏറെ നേരം അങ്ങനെ നിന്നു. അസ്തമയം ആയപ്പോൾ അവൾ വരില്ലെന്നുറപ്പായപ്പോൾ തിരിച്ചു കാറിലേക്ക് നടന്നു പോരുന്നു.. ഉള്ളിലെവിടെയോ ഒരു കണ്ണീരുറവ പൊട്ടുന്നുണ്ട്. അവന് ഒന്ന് കരയാൻ തോന്നി. സ്റ്റീയറിങ്ങിൽ തല ചായ്ച്ചു വെച്ചു അവനിരുന്നു.
ഗ്ലാസിൽ ഒരു മുട്ട്
“ഐസ്ക്രീം വേണോ സാർ?” കുസൃതിച്ചിരിയോടെ അഞ്ജലി. അവന്റെ കവിളിൽ കൂടി ഒഴുകുന്ന കണ്ണീർ ചാലുകൾ കണ്ടപ്പോൾ അവളുടെ ചിരി മാഞ്ഞു.
രാഹുൽ ഡോർ തുറന്ന് ഒറ്റ വലിക്ക് അവളെ നെഞ്ചിലേക്കിട്ട് അമർത്തിപ്പിടിച്ചു .
അവളുടെ കയ്യിലെ ഐസ്ക്രീം ഷർട്ടിൽ പുരണ്ടു
അവൾ ആ കവിളിൽ മെല്ലെ കൈ അമർത്തി കണ്ണിലേക്കു നോക്കി..
“എന്നാ നമ്മുടെ കല്യാണം?”കുസൃതി തന്നെ വീണ്ടും.
അവനവളുടെ മുഖം പിടിച്ചു താഴ്ത്തി ചുണ്ടിൽ ദീർഘമായി ചുംബിച്ചു. അവൾ തളർന്നു നെഞ്ചിലേക്ക് വീഴും വരെ…
“ശ്വാസം കിട്ടുന്നില്ലാട്ടോ ദുഷ്ടൻ..”അവൾ കിതച്ചു കൊണ്ട് അവന്റെ നെഞ്ചിൽ മൃദുവായി ഇടിച്ചു..
അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചവൻ കടലിലേക്ക് നോക്കിയിരുന്നു..
അവളോളം പ്രിയമുള്ളതൊന്നും ഈ ഭൂമിയിൽ ഇല്ലന്ന് പറയണമെന്നുണ്ടായിരുന്നു അവന്…
ഒറ്റക്കാഴ്ചയിൽ നീയെങ്ങനെയാണ് എന്റെ ആകാശവും ഭൂമിയുമായതെന്നു ചോദിക്കണമെന്നുണ്ടായിരുന്നു…
ഒന്നും കഴിയുന്നില്ല…ശബ്ദിക്കാൻ പറ്റുന്നില്ല..
പ്രണയത്തിന്റെ ഭാഷ എന്താണ്?
അറിയില്ല…
അവൻ മുഖം താഴ്ത്തി അവളുടെ കഴുത്തിലെ കാക്കപ്പുള്ളിയിൽ ചുംബിച്ചു. ഒന്ന് പിടഞ്ഞിട്ട് അവന്റെ നെഞ്ചോട് ചേർന്ന് കണ്ണുകളടച്ചു അഞ്ജലി…
കടലിങ്ങനെ അവരുടെ മുന്നിൽ ഇരമ്പിക്കൊണ്ടിരുന്നു..
അവരുടെ ഉള്ളിലും ഒരു കടലുണ്ടായിരുന്നു. അവർ അതിന്റ വേലിയേറ്റങ്ങളിലും വേലിയിറക്കങ്ങളിലും തളരാതെ പ്രണയിച്ചു കൊണ്ടേയിരുന്നു.
~അമ്മു സന്തോഷ്