രചന : അപ്പു
:::::::::::::::::::::::::::
ഉമ്മറത്ത് നടക്കുന്ന ചർച്ചകളൊക്കെ കേട്ട് മനസ്സു നൊന്ത് ഒരു പെണ്ണ് അകത്തെ മുറിയിൽ ഇരിപ്പുണ്ടായിരുന്നു. ഹരിത…!
” എന്തായാലും നാളെ കല്യാണം കഴിയുന്നതോടെ അവൾ എന്ന ബാധ്യത ഒഴിവായി കിട്ടുമല്ലോ.. പിന്നീട് നമുക്കെല്ലാവർക്കും ഇവിടെ സുഖമായി ജീവിക്കുകയും ചെയ്യാം. “
ആ ശബ്ദത്തിന്റെ ഉടമ സ്വന്തം സഹോദരനാണ് എന്ന് മനസ്സിലാക്കാൻ അവൾക്ക് അധികം ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.
” അത് ഏട്ടൻ പറഞ്ഞത് ശരിയാണ്. പണ്ടു മുതൽക്കേ ഇവിടെ അവളുടെ സാമീപ്യം എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. പിന്നെ അച്ഛനും അമ്മയും എവിടെ നിന്നോ എടുത്തു കൊണ്ടു വന്നു വളർത്തിയത് കൊണ്ട് ആ ബാധ്യത സഹിക്കേണ്ടി വരുന്നു എന്ന് മാത്രം.”
അത് അനിയത്തിയുടെ ശബ്ദമാണ്.ഹരിണി..
അവൾ പറഞ്ഞത് ശരിയാണ്.
ഈ തറവാട്ടിലെ ആദ്യത്തെ കുട്ടിയായിരുന്നു തങ്ങളുടെ അച്ഛൻ. രാജൻ. അദ്ദേഹത്തിന്റെ ഭാര്യ മിനി.
വിവാഹം കഴിഞ്ഞ് വർഷങ്ങൾ ഒരുപാട് കടന്നു പോയിട്ടും തങ്ങൾക്ക് കുട്ടികളൊന്നും ഉണ്ടാവാത്തതിന്റെ പേരിൽ വളരെയധികം ദുഃഖത്തിലായിരുന്നു രാജനും മിനിയും.
ഏതോ ഒരു ജ്യോത്സനെ ചെന്ന് കണ്ടപ്പോൾ എന്തൊക്കെയോ വഴിപാടുകൾ കഴിക്കാൻ ആള് പറഞ്ഞു വിട്ടു. അത് വേണ്ടി രണ്ടാളും ഗുരുവായൂർ ക്ഷേത്ര നടയിൽ എത്തിയപ്പോഴാണ് അവിടെ വച്ച് ആരോ ഉപേക്ഷിക്കപ്പെട്ട അവളെ കണ്ടുമുട്ടുന്നത്.
ക്ഷേത്രനടയിൽ നിന്ന് കുറച്ചു മാറി ആരും ശ്രദ്ധിക്കാത്ത ഒരു സ്ഥലത്ത് കുഞ്ഞിനെ കിടത്തിയിട്ടുണ്ടായിരുന്നു. അന്ന് ആ കുഞ്ഞിന് ദിവസങ്ങൾ മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ.
കുട്ടികൾ ഇല്ലാത്ത രാജനും മിനിക്കും അവളെ കണ്ടപ്പോൾ ദൈവം തങ്ങളെ അനുഗ്രഹിച്ചതാണ് എന്നാണ് തോന്നിയത്.
” എന്തായാലും ഈ കുട്ടി ഇവിടെ കിടന്നാൽ ഏതെങ്കിലും പട്ടികൾ കടിച്ചു കീറുകയുള്ളൂ. അതുകൊണ്ട് അവളെ നമുക്ക് നമ്മോടൊപ്പം കൊണ്ടുപോകാം. ഒരുപക്ഷേ നമ്മുടെ സങ്കടങ്ങൾ മാറാൻ ദൈവം ഒരു വഴി കാണിച്ചു തന്നതാണെങ്കിലോ..? “
മിനി അങ്ങനെ ഒരു അഭിപ്രായം പറഞ്ഞപ്പോൾ രാജനും അങ്ങനെ തന്നെ തോന്നുന്നുണ്ടായിരുന്നു.
ഒരുപക്ഷേ ദൈവത്തിന്റെ അനുഗ്രഹമായിരിക്കണം ഇത്..!
ആ ചിന്തയിൽ തന്നെ ഇരുവരും കുഞ്ഞുമായി വീട്ടിലേക്ക് തിരിച്ചു.
കുട്ടികൾ ഇല്ലാതിരുന്ന അവർക്ക് കിട്ടിയതു കൊണ്ടു തന്നെ, അവളെ താഴത്തും തലയിലും വയ്ക്കാതെ വാത്സല്യത്തോടെ തന്നെയാണ് വളർത്തിയത്.
ഏകദേശം രണ്ടു വർഷത്തോളം അവരുടെ പൊന്നോമന മകളായി അവൾ വളർന്നു. പക്ഷേ രണ്ടു വർഷങ്ങൾക്കു ശേഷം എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മിനി ഗർഭിണിയാണ് എന്നൊരു വാർത്ത തറവാട്ടിൽ എത്തി.
അതോടെ രാജനും മിനിക്കും ഹരിതയോടുള്ള സമീപനത്തിൽ മാറ്റമുണ്ടായി. എത്രയൊക്കെ ആണെങ്കിലും സ്വന്തം ചോരയോടുള്ള സ്നേഹം വളർത്തു മകളോട് ഉണ്ടാവണമെന്നില്ലല്ലോ..!
രണ്ടാം വയസ്സു മുതൽ പലതരത്തിലുമുള്ള അവഗണനകൾ സഹിച്ച അവൾക്ക് തറവാട്ടിൽ ഒരേയൊരു ആശ്രയം അവളുടെ ചെറിയമ്മ ആയിരുന്നു. രാജന്റെ അനിയന്റെ ഭാര്യയായിരുന്നു അവർ.
ഹരിതയെ ആ വീട്ടിലേക്ക് കൊണ്ടു വന്നപ്പോൾ മുതൽ സ്വന്തം മക്കളെ പോലെ തന്നെയാണ് അവർ ആ കുഞ്ഞിനെ സ്നേഹിച്ചത്. അവർക്ക് രണ്ട് ആൺകുട്ടികളാണ് ഉള്ളത്. ഒരു പെൺകുട്ടിക്ക് വേണ്ടി അവർ ഒരുപാട് കൊതിച്ചിരുന്നു. അങ്ങനെ ഒരു അവസരത്തിലാണ് ഹരിതയുമായി മിനിയും രാജനും തറവാട്ടിലേക്ക് വന്നു കയറുന്നത്.
അതോടെ ഒരു പെൺകുഞ്ഞിന് നൽകാൻ അവർ ഉദ്ദേശിച്ചിരുന്ന സ്നേഹ വാത്സല്യങ്ങൾ ഒക്കെ ഹരിതയ്ക്ക് ആവോളം പകർന്നു കൊടുക്കാൻ അവർ ശ്രമിച്ചു.
മിനി ഗർഭിണിയായപ്പോൾ മുതൽ കുഞ്ഞിനെ അവഗണിക്കാൻ തുടങ്ങിയത് അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ കുഞ്ഞിന് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകാതെ ഇരിക്കാൻ അവർ കൂടുതൽ സമയം കുഞ്ഞിനോടൊപ്പം ചെലവഴിക്കാൻ തുടങ്ങി.
മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ആ കുഞ്ഞിനെ നോക്കി വളർത്തിയത് അവരാണ് എന്ന് തന്നെ പറയാം.
മിനിക്ക് ഉണ്ടായത് ഒരു മകനായിരുന്നു.ഹരി.. അവന് രണ്ടു വയസ്സ് ആകുമ്പോഴേക്കും ഹരിണിയും ജനിച്ചു കഴിഞ്ഞിരുന്നു.
മറ്റു രണ്ടു കുട്ടികളെയും അച്ഛനും അമ്മയും ഒരുപാട് സ്നേഹിക്കുമ്പോൾ തന്നെ മാത്രം അവഗണിക്കുന്നത് ആ ചെറിയ പ്രായത്തിൽ തന്നെ ഹരിത ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. പക്ഷേ അതിനു പിന്നിലുള്ള കാരണം എന്താണെന്ന് മാത്രം ആ ചെറിയ പ്രായത്തിൽ അവൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
പിന്നീട് സ്കൂളിൽ പഠിക്കുമ്പോഴാണ് താൻ അവരുടെ മകൾ അല്ല എന്നും തന്നെ കളഞ്ഞു കിട്ടിയതാണ് എന്നും ഒക്കെ അറിയുന്നത്. അതും സ്വന്തം അനിയന്റെ നാവിൽ നിന്ന്..
ആദ്യം കേട്ടപ്പോൾ വിശ്വസിക്കാൻ തയ്യാറായില്ല. അത് സംശയമായി ചോദിച്ചത് മിനിയോട് തന്നെയായിരുന്നു.
” അവൻ പറഞ്ഞതൊക്കെ നേര് തന്നെയാണ്. അന്ന് നിന്നെ ആ ക്ഷേത്രനടയിൽ നിന്ന് എടുത്തു കൊണ്ടു വന്നതാണ് ഞങ്ങൾ ചെയ്ത തെറ്റ്. അല്ലെങ്കിൽ നിന്നെ ഇവിടെ ഇങ്ങനെ കാണേണ്ട ആവശ്യമില്ലായിരുന്നു.”
അവർ വെറുപ്പോടെ പറഞ്ഞു കൊണ്ട് മുഖം തിരിച്ചപ്പോൾ ആ കുഞ്ഞു മനസ്സ് ഒരുപാട് വേദനിച്ചു.
അവിടെ മുതൽ അങ്ങോട്ട് ഈ തറവാട്ടിൽ ആരും തന്റെ സ്വന്തമല്ല എന്ന ബോധം അവൾക്കുള്ളിൽ ഉറപ്പിക്കാൻ അവൾക്കു കഴിഞ്ഞു. പിന്നീട് പല സമയങ്ങളിലും പലതരത്തിലുള്ള അവഗണന നേരിടേണ്ടി വന്നു എങ്കിലും അതൊന്നും അവളെ ഒരു രീതിയിലും ബാധിക്കുന്നില്ല എന്ന് അവൾ നടിച്ചു.
അച്ഛനും അമ്മയ്ക്കും പുറമേ സഹോദരങ്ങൾ പോലും അകൽച്ച കാണിച്ചു തുടങ്ങിയപ്പോൾ വേദനയോടെ ഒഴിഞ്ഞു മാറി പോകാൻ മാത്രമേ അവൾ ശ്രമിച്ചിട്ടുള്ളൂ.
ഇപ്പോൾ 18 വയസ്സ് പൂർത്തിയായി. ഈ കഴിഞ്ഞ 18 വർഷവും അവളെ നോക്കി വളർത്തിയതിന്റെ കണക്ക് പറയുകയാണ് ഇപ്പോൾ അച്ഛന്റെയും അമ്മയുടെയും മക്കളുടെയും രീതി.
ഇത്രയും കാലം നോക്കി വളർത്തിയതിന്റെ പ്രതിഫലമായി അവർ ഒരാവശ്യം മുന്നോട്ടു വച്ചു. അവർ പറയുന്ന ഒരുത്തന്റെ മുന്നിൽ താലിക്ക് കഴുത്ത് നീട്ടി കൊടുക്കണം. അതും ആയുഷ്കാലം കിട്ടാനുള്ള താലി ഒന്നുമല്ല.
അയാൾക്ക് ഒരു കുഞ്ഞിന് വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു വിവാഹം. ശരിക്കും പറഞ്ഞാൽ ഗർഭപാത്രം മാത്രം അയാൾക്ക് മതി. ഒരു ഭാര്യയുടെ ആവശ്യം അയാൾക്കില്ല എന്ന് തുറന്നു പറഞ്ഞിട്ടുണ്ട്.
തന്റെ ഗർഭപാത്രത്തിന് അയാൾ ഇട്ടിരിക്കുന്ന വില സഹോദരങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ഉപയോഗിക്കാം എന്ന് അച്ഛനും അമ്മയും കരുതുന്നു.
അവരുടെ നിരന്തരമായ ഭീഷണികൾക്കും അഭ്യർത്ഥനകൾക്കും വഴങ്ങി നാളെ ആ വിവാഹമാണ്.
ചില പെൺകുട്ടികൾക്ക് എങ്കിലും കഷ്ടപ്പാടുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗമായി വിവാഹം മാറാറുണ്ട്.പക്ഷേ ഇവിടെ തന്റെ കാര്യത്തിൽ അതുപോലും നടക്കുന്നില്ലല്ലോ എന്ന് സങ്കടത്തോടെ ഹരിത ഓർത്തു.
പിറ്റേന്ന് ക്ഷേത്ര നടയിൽ വച്ച് അയാൾ കഴുത്തിൽ താലി കെട്ടുമ്പോൾ പോലും അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയിരുന്നില്ല. എങ്കിലും അവൾ ശ്രദ്ധിച്ചു തന്നെ താലി കെട്ടുന്നവൻ ആരാണ് എന്ന്.
വിവാഹം കഴിഞ്ഞ് അന്ന് തന്നെ അയാൾ അവളെയും കൊണ്ടു പോയത് ആശുപത്രിയിലേക്ക് ആയിരുന്നു. ഐവിഎഫ് ട്രീറ്റ്മെന്റ്ലൂടെയാണ് അയാൾക്ക് കുട്ടികളെ വേണ്ടത് എന്ന് അവിടെ വച്ചാണ് അവൾക്ക് മനസ്സിലായത് പോലും.
ആവശ്യമായ ടെസ്റ്റുകൾ ഒക്കെ കഴിഞ്ഞ്, അധികം വൈകാതെ തന്നെ അയാളുടെ ചോരയെ ഉദരത്തിൽ പേറാൻ അവൾക്ക് കഴിഞ്ഞു.
അങ്ങനെയുള്ള അവസരത്തിൽ എങ്കിലും അയാളിൽ നിന്ന് ഒരിറ്റു കരുണയോ സ്നേഹമോ അവൾ പ്രതീക്ഷിച്ചു. അപ്പോൾ ഒന്നും അവളെ ഗൗനിക്കാനോ അവളെ സ്നേഹിക്കാനോ അയാൾ ശ്രമിച്ചിട്ടില്ല.
പലപ്പോഴും അയാൾ സംസാരിച്ചിട്ടുള്ളത് അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനോട് മാത്രമായിരുന്നു. അപ്പോഴൊക്കെ അവൾക്ക് തോന്നിയിട്ടുണ്ട് അയാൾക്ക് ആ കുഞ്ഞിനെ മാത്രമാണ് ആവശ്യമെന്ന്.
ആ നിമിഷങ്ങളിലൊക്കെ അവൾ മനമുരുകി പ്രാർത്ഥിച്ചിട്ടുണ്ട് ആ കുഞ്ഞിനെ ആരോഗ്യത്തോടെ അവന്റെ അച്ഛന്റെ കയ്യിൽ ഏൽപ്പിക്കാൻ കഴിയണെ എന്ന്..
അവളുടെ പ്രാർത്ഥനകൾ അന്വർത്ഥമാക്കും വിധം കൃത്യം ഒൻപതാം മാസം കഴിഞ്ഞപ്പോൾ അവൾക്ക് പ്രസവ വേദന വന്നു. ആ സമയം അയാൾ വീട്ടിൽ ഉണ്ടായിരുന്നതുകൊണ്ട് തന്നെ അവളെ വളരെ വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചു.
മണിക്കൂറുകൾക്കകം അവൾ പ്രസവിക്കുകയും ചെയ്തു. തന്റെ കുഞ്ഞിനെ കയ്യിൽ ഏറ്റുവാങ്ങിയപ്പോൾ മാത്രം അയാൾ നന്ദിയോടെ അവളെ ഓർത്തു.
പക്ഷേ അയാളുടെ നന്ദിയോ സ്നേഹമോ സ്വീകരിക്കാൻ നിൽക്കാതെ അതിനോടകം തന്നെ അവൾ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.
✍️ അപ്പു