അതെന്നാടാ ഈ കുടുംബത്തിന് മാനമുണ്ടെന്ന് നിനക്ക് തോന്നിത്തുടങ്ങിയത്.ഞങ്ങൾ രണ്ട് പെണ്ണുങ്ങൾ….

രചന: സജി തൈപറമ്പ്

::::::::::::::::::::::

“സൗമ്യേ…നീയിതെങ്ങോട്ടാ കെട്ടും ഭാണ്ഡവുമായിട്ട് “

പുലർച്ചെ , കൊച്ചിനെയും ഒക്കത്ത് വച്ച്, ബാഗും തൂക്കി ഇറങ്ങി വരുന്ന മരുമകളോട് ഭവാനി ചോദിച്ചു.

“ഞാൻ പോകുവാ അമ്മേ .. എനിക്കിനി വയ്യ! അങ്ങേരോടൊപ്പം ജീവിക്കാൻ, ആദ്യമൊക്കെ, വല്ലപ്പോഴുമേ കുടിച്ചോണ്ട് വരാറുള്ളായിരുന്നു,ഇപ്പോൾ ദിവസവും അതൊരു പതിവാക്കിയിരിക്കുവാ “

മൂക്ക് പിഴിഞ്ഞ് സങ്കടത്തോടെ സൗമ്യ പറഞ്ഞു.

“അതിന് നീയിങ്ങനെ ഇറങ്ങിപ്പോയാൽ അവന്റെ കുടി നില്ക്കുമോ,കല്യാണത്തിന് മുൻപ് അവന് ഓണത്തിനും വിഷുവിനും മാത്രമേ കുടിയുണ്ടായിരുന്നുള്ളു,ഇപ്പോൾ അവന്റെ കുടി, കൂടിയിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരി നീയാണെന്നേ ഞാൻ പറയു”

“അല്ലെങ്കിലും അമ്മ അതേ പറയു ,മോനെ കുറിച്ച് ഒരമ്മയും കുറ്റം പറയില്ലല്ലോ?

സൗമ്യ ,അമ്മായിഅമ്മയോട് പരിഭവിച്ചു.

“ഞാനതല്ലടീ പറഞ്ഞത്, പെണ്ണൊരുമ്പെട്ടാൽ നടക്കാത്തതായി ഒന്നുമില്ല.മുള്ളിനെ മുള്ളു കൊണ്ട് തന്നെ എടുക്കണം ,അവന്റെ അച്ഛൻ ഇതിലും വലിയ കുടിയനായിരുന്നു, എന്നിട്ടോ, പല ചികിത്സളും നടത്തി നോക്കി. ഒരു മാറ്റവുമുണ്ടായില്ല. അവസാനം ഞാൻ പതിനെട്ടാമത്തെ അടവങ്ങെടുത്തു, അതോടെ ആൾടെ കുടിയങ്ങ് നിന്നു.”

ഭവാനി ,മരുമോളുടെ ചെവിയിൽ പതിനെട്ടാമത്തെ അടവ് പറഞ്ഞ് കൊടുത്തു.

പിറ്റേ ദിവസം ,പതിവ് പോലെ സുരേഷ് കുടിച്ചോണ്ട് വന്ന്, അടഞ്ഞ് കിടന്ന, വീടിന്റെ മുൻവാതിലിൽ തട്ടി വിളിച്ചു.

“ഉം കേറി വാ.. കുറ്റിയിട്ടിട്ടില്ല”

അകത്ത് നിന്ന് സൗമ്യയുടെ കുഴഞ്ഞ ശബ്ദം കേട്ട് ,സുരേഷ് ഒന്നു പകച്ചു.

ചാരിയ വാതിൽ തള്ളി തുറന്ന് അകത്ത് കടന്ന സുരേഷ് ഞെട്ടിപ്പോയി.

താൻ കണ്ടത് സത്യം തന്നെയാണോ എന്നറിയാൻ അയാൾ കണ്ണ് തിരുമ്മി നോക്കി .

ഡൈനിങ്ങ് ടേബിളിന്റെ മുകളിൽ, അടപ്പ് തുറന്നിരിക്കുന്ന പകുതിയായ മ ദ്യകുപ്പി. കസേരയിലിരുന്ന് കൊണ്ട് ഗ്ളാസ്സിലെ അപസാന സിപ്പെടുക്കുന്ന, അമ്മയും സൗമ്യയും.

“വാടാ.. ഇരിക്കടാനല്ല സ്വയമ്പൻ, സാധനമാ ,നീയും ഒരെണ്ണമൊഴിച്ച് കഴിക്ക്

ഭവാനി മകനോട് കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു .

“അതേ സേട്ടാ …എന്താ.. ഒരു കിക്ക് ,ഇതിന് ഇത്രയും സുഖമുണ്ടെന്ന് ഞാനറിഞ്ഞില്ല,സോറി, സേട്ടാ…ഇതൊന്നുമറിയാതെ എന്റെ സേട്ടനെ ഞാനൊരു പാട് വേദനിപ്പിച്ചു. “

സൗമ്യ കസേരയിൽ നിന്നെഴുന്നേറ്റ് ,ആടിയാടി വന്ന് സുരേഷിന്റെ തോളിൽ കയ്യിട്ട് കൊണ്ട് പറഞ്ഞു.

“മാറടീ..അങ്ങോട്ട്,അമ്മേ.. എന്താ അമ്മയീ കാണിക്കുന്നത്.അയൽക്കാരെങ്ങാനുമിതറിഞ്ഞാൽ, നാളെ ഞാൻ എന്റെ കൂട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും”

സൗമ്യയെ തള്ളിമാറ്റിയിട്ട് അവൻ അമ്മയോട് കയർത്തു.

“പോയി പണി നോക്കാൻ പറയെടാ അവന്മാരോട്,നമ്മുടെ കാശിന്, നമ്മള് ക ള്ള് വാങ്ങി കുടിക്കുന്നതിന് അവൻമാർക്കെന്താ? നാളെ മുതൽ നമ്മളൊരുമിച്ച് ബാറിൽ പോയി കഴിക്കും, നോക്കിക്കോ”

“അതേ സേട്ടാ …ഏതവനാ ചോദിക്കാൻ വരുന്നതെന്നറിയാല്ലോ? ഹല്ല പിന്നെ ….”

അമ്മായി അമ്മയെ സപ്പോർട്ട് ചെയ്തോണ്ട് സൗമ്യ പറഞ്ഞു.

രോഷാകുലനായ സുരേഷ് മുറിയിലേക്ക് കയറി പോയി.

പിറ്റേന്ന്, കെട്ടെല്ലാം വിട്ട് സുരേഷ് ഉണർന്നെഴുന്നേറ്റപ്പോൾ സൗമ്യ ,ചുരിദാറ് വലിച്ച് കയറ്റുന്നതാണ് കണ്ടത്.

“നീയിത്ര രാവിലെ എങ്ങോട്ടാടീ പോകുന്നത് “

“ഒഹ്, ഇന്നലത്തേന്റെ ഹാങ്ങ് ഓവർ മാറിയിട്ടില്ല.അപ്പോൾ ,അമ്മയാ പറഞ്ഞത് ബിവറേജിൽ പോയി ഒരു പൈൻഡ് വാങ്ങിച്ചോണ്ട് വരാൻ.രാവിലെ ഓരോ ലാർജ്ജ്കഴിച്ചാൽ ക്ഷീണമൊക്കെ പമ്പ കടക്കുമെന്ന് “

അവൾ ലാഘവത്തോടെ പറയുന്നത് കേട്ടപ്പോൾ സുരേഷ് ഞെട്ടിപ്പോയി.

“നിങ്ങൾ രണ്ട് പേരും കൂടി ഈ കുടുംബത്തിന്റെ മാനം കളയുമോ?

സുരേഷ് പൊട്ടിത്തെറിച്ചു.

“ങ്ഹേ..അതെന്നാടാ ഈ കുടുംബത്തിന് മാനമുണ്ടെന്ന് നിനക്ക് തോന്നിത്തുടങ്ങിയത്.ഞങ്ങൾ രണ്ട് പെണ്ണുങ്ങൾ കുടി തുടങ്ങിയപ്പോഴോ?അപ്പോൾ നീയും നിന്റെ അപ്പനും കുടിച്ചപ്പോഴൊന്നും അങ്ങനൊന്നില്ലായിരുന്നോ ?അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അങ്ങ് പോട്ടെടാ..മോളെ .. നീ പോയിട്ട് വാടീ.. അമ്മയ്ക്ക്, രാവിലെ അടിക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു , കൈയ്യും കാലും വിറച്ചിട്ട് വയ്യ.”

അവർ രണ്ടും കല്പിച്ചാണെന് ഭവാനിയമ്മയുടെ സംസാരത്തിൽ നിന്ന് സുരേഷിന് ബോധ്യമായി.

“ഇല്ലമ്മേ..ഞാനിനി കുടിക്കില്ല സത്യം ,പക്ഷേ നിങ്ങളും കുടിക്കില്ലെന്ന് എനിക്ക് വാക്ക് തരണം”

അയാൾ അമ്മയുടെ കൈകൾ രണ്ടും കൂട്ടി പിടിച്ച് പറഞ്ഞു.

“പക്ഷേ നീ വാക്ക് തെറ്റിച്ചാലോ ”

വിശ്വാസം വരാതെ ഭവാനി ചോദിച്ചു .

“തെറ്റിച്ചാൽ നിങ്ങളും തുടങ്ങിക്കോളു, പക്ഷേ ഇനി മുതൽ നിങ്ങളും കുടിക്കരുത്, “

സുരേഷ് അമ്മയുടെയും സൗമ്യയുടെയും തലയിൽ കൈവച്ച് സത്യം ചെയ്തു.

“ഉം .. എങ്കിൽ വാ മോളേ ..തല്ക്കാലം കുറച്ച് മോര് കുടിച്ച് നോക്കാം ചിലപ്പോൾ ക്ഷീണം മാറിയേക്കും”

ഭവാനി, മരുമകളെയും വിളിച്ചോണ്ട് അടുക്കളയിലേക്ക് പോയി.എന്നിട്ട് ഇന്നലെ കഴിച്ചിട്ട് ബാക്കി വന്ന, കുപ്പിയിലെ കട്ടൻ ചായ വാഷ് ബെയ്സനിലേക്ക് കമഴ്ത്തി.