ഒരിക്കൽ കൂടി ആ ടീവിയിലേക്ക് നോക്കാനുള്ള ധൈര്യം സേതുവിന് ഉണ്ടായിരുന്നില്ല.. കണ്ട വാർത്തയുടെ….

രചന: അപ്പു

::::::::::::::::::::

ഒരിക്കൽ കൂടി ആ ടീവിയിലേക്ക് നോക്കാനുള്ള ധൈര്യം സേതുവിന് ഉണ്ടായിരുന്നില്ല.. കണ്ട വാർത്തയുടെ ആഘാതം വിട്ടു മാറിയില്ല..!

മുന്നിലുള്ളത് സത്യമോ മിഥ്യയോ എന്നറിയുക എങ്ങനെ..?

ഇന്നലെ വൈകുന്നേരം കൂടി തന്നോട് കളി പറഞ്ഞവനാണ്.. തനിക്കൊപ്പം തോളോട് തോൾ ചേർന്ന് ഉണ്ടായിരുന്നവൻ ആണ് ഇന്ന് ആരുടെയൊക്കെയോ ചെയ്തികളുടെ ഫലമായി ജീവനറ്റ് കിടക്കുന്നത്..!

അവൻ പോലുമറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

കേട്ട വാർത്ത ശരിയാണോ എന്ന് ഉറപ്പിക്കാൻ അത് തെറ്റാണെന്ന് മനസ്സിനെ ബോധിപ്പിക്കാൻ അവൻ വീണ്ടും ടിവിയിലേക്ക് കണ്ണു നട്ടു. പക്ഷേ അവരുടെ ധാരണകളെ ഒക്കെ തിരുത്തിക്കുറിച്ചു കൊണ്ട് നേരത്തെ കാണിച്ച അതേ ന്യൂസ് വീണ്ടും വീണ്ടും ടിവിയിലൂടെ ഒഴുകി നടന്നു.

സിറ്റിയിൽ കലാപം: കോളേജ് യൂണിയൻ പ്രസിഡണ്ട് കൊ ല്ലപ്പെട്ടു.

അതോടൊപ്പം ചിരിയോടെ നിൽക്കുന്ന സായിയുടെ മുഖവും..!

കേട്ട വാർത്ത ശരിയാണ് എന്ന് തലച്ചോറ് ഉറപ്പിച്ച നിമിഷത്തിൽ അവനു ഓർമ്മ വന്നത് ഒരു പെൺകുട്ടിയുടെ മുഖമായിരുന്നു. സായിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു പെൺകുട്ടിയുടെ മുഖം..!

” എന്റെ ഈശ്വരാ.. അവൾക്ക് ഇതെങ്ങനെ സഹിക്കാൻ കഴിയും..? പ്രാണൻ കൊടുത്ത് സ്നേഹിച്ചതല്ലേ അവൾ..? ഈ വാർത്ത അവൾ അറിഞ്ഞു കാണുമോ.? “
വേദനയോടെ സേതു ഓർത്തു.

പിന്നെ പെട്ടെന്നു ഓർത്തെടുത്തത് പോലെ അവളുടെ അച്ഛനെ വിളിച്ചു.

” അങ്കിൾ.. എനിക്കൊരു കാര്യം.. “

ഫോൺ എടുത്തത് ആരാണെന്ന് പോലും നോക്കാതെ അവൻ പറഞ്ഞു തുടങ്ങി.

” വേണ്ട.. പറയണ്ട.. ന്യൂസ്‌ ഞാൻ കണ്ടിരുന്നു.. “

ഇടറിയ ശബ്ദത്തോടെ ഉള്ള അദ്ദേഹത്തിന്റെ മറുപടി.. കരഞ്ഞിട്ടുണ്ട് എന്ന് ആ ശബ്ദത്തിൽ നിന്ന് തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.

” അവൾ അറിഞ്ഞോ..? “

അവൾ ഒരിക്കലും ഇത് അറിയരുത് എന്നൊരു ആഗ്രഹം ആ നിമിഷം അവന്റെ മനസ്സിൽ ഉണ്ടായിരുന്നു.

“അവളായിരുന്നു ടിവിയിൽ ന്യൂസ് വച്ചത്…”

അത് പറഞ്ഞു കഴിഞ്ഞതും ആ പിതാവ് പൊട്ടി കരയുന്നത് അവൻ കേട്ടു.

പ്രണയം എന്നത് പലപ്പോഴും പല വീട്ടുകാർക്കും ശത്രുത ആണ്.. പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് പ്രത്യേകിച്ചും..!

പക്ഷേ ഇവിടെ സായിയുടെയും വിനീതയുടെയും കാര്യത്തിൽ മറിച്ചു ആയിരുന്നു അനുഭവങ്ങൾ. സായിക്ക് അവളോട് ഇഷ്ടം തോന്നിയപ്പോൾ അത് അവളോട് തുറന്നു പറയുക തന്നെ ചെയ്തു.

പക്ഷേ അവൾ ആ വിവരം നേരെ അവളുടെ അച്ഛനോടാണ് അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ സമ്മതം കിട്ടിയതിന് ശേഷം മാത്രമാണ് അവൾ തന്റെ പ്രണയത്തിനു വേണ്ടി ശ്രമിച്ചത്. രണ്ടുപേരുടെയും വീട്ടുകാർക്ക് അറിയുന്ന ബന്ധം ആയതുകൊണ്ട് തന്നെ രണ്ടു വീട്ടിലും രണ്ടുപേരും സ്വീകാര്യമാണ്.

അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ ഒന്നിച്ച് പങ്കുവയ്ക്കുന്ന ഇടമാണ് രണ്ടു കുടുംബങ്ങളും..!

അപ്രതീക്ഷിതമായിട്ടുള്ള സായിയുടെ വേർപാട് രണ്ടു വീട്ടുകാരെ ഒരുപോലെ തകർത്തിട്ടുണ്ട് എന്ന് ഇതോടൊപ്പം തന്നെ മനസ്സിലായിട്ടുണ്ട്.

” അവൾക്ക് സായിയെ ഒന്ന് കാണണം എന്നു പറഞ്ഞു വാശി പിടിക്കുന്നുണ്ട്. ഞാനെന്തു ചെയ്യാനാ മോനെ..? “

നിസ്സഹായതയോടെ അയാൾ അത് ചോദിച്ചപ്പോൾ അവനും എന്തു മറുപടി കൊടുക്കണം എന്ന് അറിയുന്നുണ്ടായിരുന്നില്ല.

ഇപ്പോഴത്തെ അവസ്ഥയിൽ അവളെ അവന്റെ അടുത്തേക്ക് കൊണ്ടുപോയാൽ അവൾ എങ്ങനെ പ്രതികരിക്കും എന്ന് പോലും അറിയാൻ ആവില്ല. പക്ഷേ കാണിക്കാതിരിക്കുന്നത് അവളോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേട് ആയിരിക്കും..!

” നമ്മൾ എത്രയൊക്കെ തടയാൻ ശ്രമിച്ചാലും അവൾ അവനെ കാണണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് നടക്കും. അപ്പോൾ പിന്നെ വെറുതെ വാശി കാണിക്കേണ്ട കാര്യമില്ലല്ലോ..!”

അവന്റെ ആ മറുപടിയിൽ നിന്ന് തന്നെ അവൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.

“മോൻ ഒന്നു വരുമോ ഇങ്ങോട്ടേക്ക്..?എന്നെക്കൊണ്ട് ഒറ്റയ്ക്ക് പറ്റില്ല.. അവളുടെ അത്രയും ഇല്ലെങ്കിലും ഞങ്ങളും സങ്കടത്തിലാണ് മോനേ. ഒരേയൊരു മകളായ അവളുടെ വരനായി ഈ വീട്ടിലെക്ക് കയറി വരുന്നവൻ ഞങ്ങൾക്ക് മകൻ തന്നെയാണല്ലോ. വിവാഹം കഴിഞ്ഞിട്ടില്ലെങ്കിലും അവനെ സ്വന്തം മകനെ പോലെ തന്നെയാണ് ഞങ്ങൾ കണക്കാക്കിയത്. അകാലത്തിൽ മകനെ നഷ്ടപ്പെടുന്ന മാതാപിതാക്കൾക്ക് സങ്കടം അല്ലാതെ മറ്റ് എന്ത് വികാരമാണ് തോന്നുന്നത്..?”

അയാൾ പറയുന്നത് ശരിയാണ് എന്ന് അവനറിയാം.

” അങ്കിളേ ഇപ്പോൾ അവളുടെ കണ്ടീഷൻ എങ്ങനെയാണ്..? കരച്ചിലാകും അല്ലേ..? “

വേദനയോടെ അവൻ അന്വേഷിച്ചു.

” അവൾ കരയുകയായിരുന്നെങ്കിൽ ഒരുപക്ഷേ എനിക്ക് ഇത്രയും സങ്കടം തോന്നില്ലായിരുന്നു.ആ വാർത്ത അറിഞ്ഞപ്പോൾ മുതൽ ഈ നിമിഷം വരെ അവൾ നിർവികാരമായി ഒരു ഇരിപ്പാണ്. വാർത്ത കണ്ട നിമിഷം പകപ്പോടെ ടിവിയിലേക്ക് നോക്കുന്നത് ഞാൻ കണ്ടതാണ്.കണ്ടത് സത്യമാണ് എന്ന് ഉറപ്പിക്കാൻ അവൾ വീണ്ടും വീണ്ടും ടിവിയിലേക്ക് നോക്കുന്നത് കണ്ടു. പല പല ചാനലുകൾ മാറ്റി മാറ്റി വയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ എല്ലാ പ്രമുഖ ചാനലുകളിലെയും ന്യൂസ് അത് തന്നെയായിരുന്നല്ലോ..ആദ്യം കുറച്ചുനേരം അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നത് കാണുന്നുണ്ടായിരുന്നു. പക്ഷേ ആ ഒരു സമയത്തിന് ശേഷം അവൾ കരയുകയോ ചിരിക്കുകയോ ചെയ്തിട്ടില്ല. അവനെ ഒന്ന് കാണണം എന്നുള്ള ആവശ്യം മാത്രമാണ് അവൾ പറഞ്ഞത്. നിർവികാരതയോടെയുള്ള ആ ഇരിപ്പ് കാണുമ്പോൾ എനിക്ക് പേടിയാവുന്നു. അവളുടെ മാനസിക നിലയിൽ എന്തെങ്കിലും തകരാറു സംഭവിച്ചിട്ടുണ്ടോ എന്ന് പോലും എനിക്ക് ഭയമുണ്ട്.. “

പിതൃ സഹജമായ ഭയത്തോടെ അയാൾ പറഞ്ഞു.

അവളുടെ അവസ്ഥ കേട്ടറിയുമ്പോൾ അവനും സങ്കടം തോന്നുന്നുണ്ടായിരുന്നു. അത് മറ്റൊന്നും കൊണ്ടായിരുന്നില്ല. ഇരുവരുടെയും പ്രണയത്തിന് കുട പിടിച്ചത് അവനായിരുന്നു എന്നുള്ള തോന്നൽ ആയിരുന്നു അതിന് കാരണം.

എത്രയും പെട്ടെന്ന് വീട്ടിലേക്ക് എത്താം എന്ന വാക്ക് കൊടുത്ത് ഫോൺ കട്ട് ചെയ്യുമ്പോൾ അവന്റെ ഉള്ളിൽ നിറഞ്ഞു നിന്നത് പ്രണയത്തോടെ പരസ്പരം സംസാരിക്കുന്ന രണ്ടു മുഖങ്ങൾ ആയിരുന്നു.

അവൾ കോളേജിൽ കാലെടുത്ത് കുത്തിയത് അവന്റെ നെഞ്ചിൽ കൂടിയേറി പാർക്കാൻ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.കാരണം അവളുടെ വരവിനു മുൻപ് ഒരിക്കൽപോലും ഒരു പെണ്ണും തന്റെ ഹൃദയത്തിലേക്ക് കയറിയതായി അവൻ പറഞ്ഞു കേട്ടിട്ടില്ല. എന്തിന് തമാശക്ക് പോലും ഒരാളിനെ അവൻ വായി നോക്കാറില്ല.

ചില സമയത്ത് നമ്മുടെ ഉള്ളിൽ ഒരു കെമിസ്ട്രി വർക്ക് ആവും എന്ന് പറയുന്നതുപോലെ അവൾക്ക് ഒരുപക്ഷേ അവനെ കണ്ടപ്പോൾ തന്നെ അങ്ങനെയൊരു ഫീലിംഗ് കിട്ടിയിരിക്കണം. അതുകൊണ്ടല്ലേ ഫസ്റ്റ് ഇയറിൽ വന്നപ്പോൾ തന്നെ അവൾ അവന്റെ പിന്നാലെയുള്ള നടത്തം ആരംഭിച്ചത്.

അത് അറിഞ്ഞിട്ടും അറിയാതെ ഭാവത്തിൽ അവൻ ഒഴിവാക്കി നടന്നപ്പോൾ എല്ലാ പെൺകുട്ടികളെയും പോലെ അവൻ അവളെയും അവഗണിക്കുന്നു എന്നാണ് കരുതിയത്. പക്ഷേ അവൻ അവളുടെ കുറുമ്പുകൾ ആസ്വദിക്കുകയായിരുന്നു എന്ന് ഒരിക്കൽ തന്നോട് പറഞ്ഞതിൽ നിന്ന് മനസ്സിലായി.

പിന്നീടൊരു ദിവസം അവളെ പോലും ഞെട്ടിച്ചു കൊണ്ട് അവൻ അവളോട് പ്രണയം പറഞ്ഞു. അതായിരുന്നു അവരുടെ ജീവിതത്തിലെ ടേനിംഗ് പോയിന്റ്. പിന്നീട് അവരുടെ പ്രണയകാലമായിരുന്നു.

ഒരു പക്ഷെ.. ആ കോളേജിൽ ആരും അങ്ങനെ ഒന്ന് മനസ്സിലാക്കി കാണില്ല. കാരണം മറ്റുള്ളവർക്ക് മുന്നിൽ തങ്ങളുടെ പ്രണയം തുറന്നു കാണിക്കാൻ അവർ ഒരിക്കലും താൽപര്യം കാണിച്ചിരുന്നില്ല.

കോളേജ് യൂണിയൻ പ്രസിഡണ്ടായിരുന്നതു കൊണ്ടുതന്നെ അവന് ഒരുപാട് പണികൾ ബാക്കികളായിരുന്നു. മിക്കപ്പോഴും അവളെ ഒന്ന് കാണാനോ അവളോട് ഒന്നും മിണ്ടാനോ അവന് കഴിഞ്ഞിരുന്നില്ല.

പക്ഷേ അവന്റെ തിരക്കുകൾ ഒക്കെയും അതുപോലെ അംഗീകരിക്കാൻ കഴിയുന്ന ഒരു പെൺകുട്ടിയായിരുന്നു അവൾ. സാധാരണ പെൺകുട്ടികളെപ്പോലെ ഒരു കാര്യത്തിനും അവൾ അവനോട് വാശിപിടിക്കുന്നത് കണ്ടിട്ടില്ല.

ഇത്രയും നല്ലൊരു പെൺകുട്ടിയെ കിട്ടാൻ ഭാഗ്യം ചെയ്യണമെന്ന് പലപ്പോഴും തങ്ങൾ തന്നെ അവനോട് പറഞ്ഞിട്ടുണ്ട്.

പക്ഷേ ഇപ്പോൾ എല്ലാ സൗഭാഗ്യങ്ങളും വേണ്ടെന്നു വച്ച് അവൻ ഈ ഭൂമിയിൽ നിന്നു തന്നെ യാത്രയായിരിക്കുന്നു. അവനെ സ്നേഹിക്കുന്നവരെയും അവൻ സ്നേഹിച്ചവരെയും ഒക്കെ ഒരുപോലെ വേദനിപ്പിച്ചുകൊണ്ട് ദൈവം ഒരു തീരുമാനം എടുത്തു.

മറവി ഒരു അനുഗ്രഹമാണ് എന്ന് പറയുന്നതു പോലെ, ഇവന്റെ കാര്യത്തിൽ അങ്ങനെയൊരു അനുഗ്രഹം വിനീതയ്ക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ഇപ്പോൾ ആഗ്രഹം തോന്നുന്നു.

നെടുവീർപ്പോടെ ഓർത്തുകൊണ്ട് അവൻ വിനീതയുടെ വീട്ടിലേക്ക് കാർ പായിച്ചു.

✍️ അപ്പു