എല്ലാം വായിച്ചു കഴിഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് താൻ ഉരുകി തീരുന്നത് പോലെയാണ് നന്ദനു തോന്നിയത്.

രചന: അപ്പു

::::::::::::::::::::

തന്റെ കയ്യിലിരിക്കുന്ന കത്ത് തന്റെ ശരീരം മുഴുവൻ തളർത്തുന്നത് പോലെയാണ് നന്ദനു തോന്നിയത്. ഇതിൽ എഴുതിയിരിക്കുന്ന ഓരോ വാക്കുകളും സത്യമല്ലേ..? വഞ്ചനയല്ലേ താൻ കാട്ടിയത്..?

അവന്റെ മനസ്സാക്ഷി അവനോട് ചോദിക്കുന്നുണ്ടായിരുന്നു.

ഉള്ളം കലങ്ങി മറിയുന്നുണ്ടെങ്കിലും അവന്റെ മനസ്സ് ആ കത്തിലെ ഓരോ വാക്കുകളും ഓർത്തെടുക്കാൻ ശ്രമിച്ചു.

“പ്രിയപ്പെട്ട നന്ദേട്ടനു..

അങ്ങനെ വിളിക്കുന്നതിൽ ഒരു അർത്ഥവുമില്ല എന്ന് ഇപ്പോൾ എനിക്കറിയാം. പക്ഷേ വിളിച്ച് ശീലിച്ചു പോയത് അങ്ങനെ ആയതുകൊണ്ട് മാത്രം അത് തിരുത്തി കുറിക്കാൻ എന്നെക്കൊണ്ട് കഴിയുന്നില്ല.

നിങ്ങൾ എന്നോട് ചെയ്ത ചതിയും വഞ്ചനയും ഓർത്തുകൊണ്ട് ഈ കത്ത് എഴുതുന്നത് കൊണ്ട് തന്നെ ചിലപ്പോൾ പലയിടത്തും ഏട്ടൻ എന്നുള്ള സ്ഥാനം നിങ്ങൾക്ക് ഞാൻ തന്നില്ല എന്നു വരും. അതിൽ എന്നോട് ദേഷ്യമോ വാശിയോ തോന്നിയിട്ട് യാതൊരു അർത്ഥവുമില്ല. നിങ്ങൾ ചോദിച്ചു വാങ്ങുന്നതാണ് ഈ വിധി എന്ന് കരുതിയാൽ മതി.

പറ്റിക്കപ്പെടുന്നതിന്റെ വേദന എന്താണെന്ന് നിങ്ങൾ ഒരിക്കൽ എങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ..? അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും നിങ്ങൾ ഇത്തരത്തിൽ ഒരു ചതി ചെയ്യുമായിരുന്നില്ല.

വിവാഹം കഴിയുന്നതോടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒരു കൈയകലത്തിൽ നിർത്തണം എന്ന് പറയുന്ന ഒരു പെണ്ണ് ഒന്നുമല്ല ഞാൻ. നിങ്ങളോട് ഒരിക്കലും ഞാൻ അങ്ങനെ സംസാരിച്ചിട്ടും ഇല്ല. പഴയതിലും അധികമായി സുഹൃത്തുക്കളോട് സ്നേഹം ഉണ്ടാകണം എന്നാണ് ഞാൻ നിങ്ങളോട് പറഞ്ഞത്. അത് എന്റെ ജീവിതം തന്നെ നശിപ്പിക്കാൻ വേണ്ടിയായിരുന്നു എന്ന് ആ നിമിഷം ഞാൻ അറിഞ്ഞിരുന്നില്ല.

നിങ്ങളുടെ ഫോണിൽ പലപ്പോഴായി വന്നിരുന്ന പല മെസ്സേജുകളും കോളുകളും എന്റെ ജീവിതത്തിനു മേൽ തൂങ്ങിയാടിയിരുന്ന വാളായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഓഫീസിൽ നിന്ന് ജോലികഴിഞ്ഞ് വന്നാൽ ഉടനെ ഫോണുമായി ഒരു മുറിയിലേക്ക് ഇരിക്കുന്ന നിങ്ങൾ അത്താഴ സമയത്ത് അല്ലാതെ പിന്നീട് പുറത്തേക്ക് കണ്ടിട്ടില്ല. അത്താഴം കഴിച്ചു കഴിഞ്ഞാൽ വീണ്ടും ഫോണും ആയി മുറിയിലേക്ക്..!

ഫോണിൽ എന്താ ഇത്രയും എന്ന് ചോദിച്ചാൽ പറയും ജോലിയുടെ ബാക്കിയാണെന്ന്. ആരോടെങ്കിലും സംസാരിക്കുകയാണെങ്കിൽ അത് സുഹൃത്തുക്കളാണ് എന്ന് പറയും. പലപ്പോഴും പല രാത്രികളിലും ഉറക്കമില്ലാതെ നിങ്ങൾ ആ കോളുകളും മെസ്സേജുകളും തുടരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

പക്ഷേ നിങ്ങളുടെ അത്രയും വിദ്യാഭ്യാസം ഇല്ലാത്ത എനിക്ക് നിങ്ങളുടെ ജോലി കാര്യമായിരിക്കാം അത് എന്ന ചിന്തിക്കാനുള്ള ബുദ്ധി മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങളോടുള്ള വിശ്വാസമായിരിക്കാം എന്നെക്കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്.

പക്ഷേ എല്ലാകാലത്തും ദൈവം എല്ലാവർക്കും തുണയായിരിക്കില്ല എന്നു പറയാറുണ്ടല്ലോ. നിങ്ങളുടെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചത്.

ഓഫീസിലേക്ക് ഫോൺ കൊണ്ടുപോകാൻ നിങ്ങൾ മറന്ന് ആ ദിവസമാണ് എന്റെ ജീവിതത്തിൽ എനിക്ക് എന്ത് റോൾ ആണ് എന്ന് എനിക്ക് മനസ്സിലായത്. അന്നും പതിവ് സമയത്ത് നിങ്ങളുടെ കാമുകി നിങ്ങളെ വിളിച്ചിട്ടുണ്ടായിരുന്നു. അയ്യോ കാമുകിയല്ല സുഹൃത്ത്.. അങ്ങനെയാണല്ലോ നിങ്ങൾ അവളെ എനിക്ക് പരിചയപ്പെടുത്തിയത്.

പലപ്പോഴും പല കല്യാണവീടുകളിലും വച്ച് പരസ്പരം കാണുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും സ്ഥലങ്ങളിൽ വച്ച് പരസ്പരം കാണുമ്പോൾ അതൊക്കെ യാദൃശ്ചികമാണ് എന്ന് ചിന്തിച്ച ഞാനായിരുന്നു വിഡ്ഢി. നിങ്ങളോട് അവൾ കാണിക്കുന്ന അമിത സ്വാതന്ത്ര്യം കൂടെ പഠിച്ച സുഹൃത്തിന്റെതാണ് എന്ന് മാത്രമാണ് കരുതിയത്. അല്ലാതെ എനിക്ക് മുന്നിൽ വച്ച് നിങ്ങൾ രണ്ടാളും പ്രണയിക്കുകയായിരുന്നു എന്ന് ചിന്തിക്കാൻ എനിക്ക് പറ്റിയില്ല.

അപ്പോഴൊക്കെ നിങ്ങൾ രണ്ടാളും എന്നെ പരിഹസിക്കുകയായിരുന്നു അല്ലേ..? ഞാനൊരു മണ്ടി ആയതു കൊണ്ട് നിങ്ങളുടെ എല്ലാ കള്ളത്തരങ്ങളും കണ്ണടച്ചു കൊണ്ട് വിശ്വസിച്ചു.

അന്ന് അവൾ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുത്തത് ഞാനാണ് എന്നറിയാതെ അവൾ പലതും എന്നോട് പറഞ്ഞു. പിന്നീട് നിങ്ങളുടെ ഫോണിന്റെ ലോക്ക് എങ്ങനെയൊക്കെയാണ് തുറന്നത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. നിങ്ങളുടെ പഴയ മെസ്സേജുകളും ചാറ്റുകളും ഒക്കെ കണ്ടപ്പോൾ ഞാൻ ഉരുകി ഇല്ലാതാവുകയായിരുന്നു.

അവൾക്ക് മുന്നിൽ നിങ്ങൾ എനിക്ക് ചാർത്തി തന്ന പരിവേഷം വളരെ നന്നായിട്ടുണ്ട്. പുറംലോകത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത, ആഹാരം വച്ചുണ്ടാക്കാൻ മാത്രമറിയുന്ന, അച്ഛനെയും അമ്മയെയും പരിചരിക്കുന്ന ഹോം നേഴ്സ്. ശമ്പളം കൊടുത്തു ഒരു ഹോംനേഴ്സിനെ നിർത്താൻ നിർവാഹം ഇല്ലാത്തതു കൊണ്ട് മാത്രം എന്റെ കഴുത്തിൽ കെട്ടിത്തന്ന ഒരു താലിയും.

നിങ്ങളുടെ ആ വിശേഷണങ്ങൾ വായിച്ചപ്പോൾ, കഴിഞ്ഞ നാലു വർഷങ്ങളിൽ നിങ്ങളെ സ്നേഹിച്ച എന്നോട് പുച്ഛം തോന്നിപ്പോയി എനിക്ക്.

കാമുകിയെ സുഖിപ്പിക്കാൻ വേണ്ടി നിങ്ങൾ പറഞ്ഞ കള്ളങ്ങൾ ആണെങ്കിൽ പോലും നിങ്ങളുടെ മനസ്സിൽ എനിക്കുള്ള സ്ഥാനം അതാണ് എന്ന് എനിക്ക് മനസ്സിലായി. എന്നെ സ്നേഹിക്കണം എന്ന് പറഞ്ഞു ഞാൻ ഒരിക്കൽ പോലും നിങ്ങളോട് വാശി പിടിച്ചിട്ടില്ല.

നിങ്ങളുടെ ആവശ്യങ്ങൾ നടത്തി തരാനും നിങ്ങളെ സ്നേഹിക്കാനും മാത്രമാണ് ഞാൻ പഠിച്ചത്. അതായിരുന്നു എന്റെ തെറ്റും.

നമുക്ക് എന്തുകൊണ്ട് കുട്ടികളില്ല എന്നുള്ള ആളുകളുടെ ചോദ്യത്തിന്, മറുപടിയില്ലാതെ ഞാൻ നിൽക്കുമ്പോൾ ഞാൻ മച്ചി ആയിരിക്കും എന്ന് ആളുകൾ ഉറക്കെ വിളിച്ചു പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അപ്പോഴൊക്കെയും നിങ്ങൾ മൗനം പാലിച്ചത് ഒരുപക്ഷേ ഇതൊക്കെ ഉള്ളിൽ ആസ്വദിക്കുന്നത് കൊണ്ടായിരിക്കാം അല്ലേ..?

അല്ലെങ്കിൽ ഇന്നല്ലെങ്കിൽ നാളെ ഈ ഒരു കാരണം പറഞ്ഞ് എന്നിൽ നിന്ന് മോചനം നേടാം എന്നുള്ള ബുദ്ധി ആയിരിക്കണം. എന്തുതന്നെയാണെങ്കിലും വളഞ്ഞ വഴികൾ ഒന്നും സ്വീകരിക്കേണ്ടി വന്നില്ലല്ലോ..!

പക്ഷേ ദൈവം എന്റെ കൂടെയാണെന്ന് തോന്നുന്നു.അതുകൊണ്ടാണല്ലോ അവസാന നിമിഷം ഒരു പ്രതീക്ഷ പോലെ എന്റെ ഉള്ളിൽ ഒരു ജീവനെ ദൈവം തന്നത്..!

ആദ്യമായി ഇങ്ങനെയൊരു കത്തിന്റെ രൂപത്തിൽ ഇത് അറിയുമ്പോൾ നിങ്ങൾക്ക് ഒരു പക്ഷേ ഞെട്ടൽ ആയിരിക്കാം. അല്ലെങ്കിൽ ഉള്ളിൽ വളരുന്ന ജീവനെ ഓർത്ത് വാത്സല്യം തോന്നുമായിരിക്കാം. ഇതൊന്നും എനിക്കോ എന്റെ കുഞ്ഞിനോ ആവശ്യമില്ല.

നിങ്ങൾ എന്നെ സ്പർശിച്ച ഓരോ നിമിഷവും നിങ്ങളുടെ ഉള്ളിൽ അവളായിരുന്നോ എന്നുപോലും എനിക്ക് സംശയമാണ്. അങ്ങനെയെങ്കിൽ ഈ കുഞ്ഞ് നിങ്ങളുടെ ഇഷ്ടത്തോടെ എന്റെ ഉള്ളിൽ ജനിച്ചതായിരിക്കില്ലല്ലോ..!

എന്തൊക്കെ പറഞ്ഞാലും ഞാൻ നിങ്ങളെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടായിരുന്നു. അതുകൊണ്ടാകാം ഇപ്പോൾ ഈ നിമിഷവും നിങ്ങളെ വെറുക്കാൻ എനിക്ക് കഴിയാത്തത്.

നിങ്ങൾ നിങ്ങളുടെ തെറ്റുകൾ ഒക്കെ തിരുത്തി തിരികെ വന്നാൽ ഒരുപക്ഷേ ഞാൻ നിങ്ങളെ സ്വീകരിക്കുമായിരിക്കാം. അത് മറ്റൊന്നും കൊണ്ടല്ല. എന്റെ കുഞ്ഞിന് ഒരു അച്ഛന്റെ സ്നേഹ വാത്സല്യങ്ങൾ കിട്ടണം എന്നുള്ള ആഗ്രഹം കൊണ്ടാണ്.

അവസാനമായി ഒരേയൊരു കാര്യം മാത്രമേ നിങ്ങളോട് എനിക്ക് പറയാനുള്ളൂ.എന്റെ സ്ഥാനത്ത് നിങ്ങളെ സ്വയം ഒന്ന് സങ്കൽപ്പിച്ചു നോക്കണം.ഞാനാണ് ഇതുപോലെ സുഹൃത്ത് എന്നുള്ള പേരിൽ ഒരുവനോട് ഇത്രയും ബന്ധം പുലർത്തുന്നത് എങ്കിൽ, നിങ്ങളുടെ പ്രതികരണം എങ്ങനെ ആയിരിക്കും..? സഹിക്കാൻ കഴിയുമോ നിങ്ങൾക്ക്..?

ചെയ്ത പാപങ്ങളെ കുറിച്ച് എന്തെങ്കിലും ബോധമുണ്ടെങ്കിൽ, ദൈവത്തോട് മനസ്സുരുകി പ്രാർത്ഥിക്കണം എന്റെ കണ്ണീരിന്റെ ശാപം നിങ്ങൾക്ക്
കിട്ടാതിരിക്കാൻ…!

നന്ദിത ” എല്ലാം വായിച്ചു കഴിഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് താൻ ഉരുകി തീരുന്നത് പോലെയാണ് നന്ദനു തോന്നിയത്.

ശരിയാണ് അറിഞ്ഞുകൊണ്ട് തന്നെ അവളെ വഞ്ചിക്കുകയായിരുന്നു. ഓരോ തവണയും അവളുടെ ചോദ്യങ്ങൾക്ക് സുഹൃത്താണ് എന്ന പേരിൽ മറ്റൊരുവളെ പരിചയപ്പെടുത്തി അവളുമായി പ്രണയത്തിൽ ആകുമ്പോൾ ഒരിക്കലും താൻ താലികെട്ടിയ ഭാര്യയെ കുറിച്ച് ഓർത്തിരുന്നില്ല. അവളെ വഞ്ചിച്ചതിന്റെ ഒരുതരി കുറ്റബോധം പോലും ഈ നിമിഷം വരെയും ഉണ്ടായിരുന്നില്ല.

പക്ഷേ അവളുടെ ഉള്ളിൽ തന്റെ ജീവൻ വളരുന്നു എന്നറിഞ്ഞ നിമിഷം, എന്ത് വികാരമാണ് അവളോട് തോന്നുന്നത് എന്ന് ഇപ്പോഴും നിശ്ചയമില്ല.

പക്ഷേ അവൻ പറഞ്ഞത് ശരിയാണ്.ഒരിക്കലും ഇഷ്ടത്തോടെയോ സ്നേഹത്തോടെയോ അവൾക്ക് സമ്മാനിച്ചതല്ല ഈ കുരുന്നിനെ. അതുകൊണ്ടുതന്നെ അതിൽ അവകാശം പറയാൻ തനിക്ക് എന്ത് യോഗ്യതയാണ് ഉള്ളത്..?

സ്നേഹത്തോടെ ജീവിക്കേണ്ട കാലത്ത് അവൾക്ക് ഒരുപാട് സങ്കടങ്ങൾ കൊടുത്ത താൻ ഇനി എന്തിന് അവളുടെ ജീവിതത്തിലേക്ക് മടങ്ങി പോകണം..?

ആ തോന്നൽ ശക്തി പ്രാപിച്ചപ്പോൾ അത് അവന്റെ ഉള്ളിൽ ഒരു തീരുമാനമായി രൂപപ്പെടുകയായിരുന്നു.

ഇനി ഒരിക്കലും ഒരു കരിനിഴലായി അവളുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലില്ല എന്നൊരു തീരുമാനം..!

✍️അപ്പു