അവൻ അതിനു പിന്നിൽ ഒളിപ്പിച്ചു വച്ചിരുന്ന കൗശലം തിരിച്ചറിയാൻ ആ പെണ്ണിന് കഴിഞ്ഞിരുന്നില്ല…

_autotone

രചന: അപ്പു

::::::::::::::::::::::

” നിനക്ക് എന്നോട് എത്ര ഇഷ്ടമുണ്ട്..? “

കടൽക്കരയിൽ കാറ്റു കൊണ്ടിരിക്കുമ്പോൾ കാമുകി ചോദിച്ചത് കേട്ട് അവൻ ചിരിച്ചു.

“അതിപ്പോൾ..”

അവൻ പകുതിക്ക് നിർത്തി. അവൾ മറുപടി അറിയാൻ ആകാംക്ഷയോടെ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി.

അത് കണ്ടപ്പോൾ അവനു വല്ലാത്തൊരു കൗതുകം തോന്നി.

” ഞാനിപ്പോൾ നിന്നെ മാത്രമാണല്ലോ സ്നേഹിക്കുന്നത്.. നീ എനിക്ക് വളരെയധികം പ്രിയപ്പെട്ടവളാണ്. വല്ലാത്തൊരു ലഹരിയാണ്.. “

അവൻ അതിനു പിന്നിൽ ഒളിപ്പിച്ചു വച്ചിരുന്ന കൗശലം തിരിച്ചറിയാൻ ആ പെണ്ണിന് കഴിഞ്ഞിരുന്നില്ല.

തന്നെ ഇത്രയേറെ സ്നേഹിക്കുന്ന അവനെ അവൾ വളരെയധികം കൊതിയോടെ ഉറ്റു നോക്കി.

” നിനക്ക് എന്നോട് ഇത്രയധികം ഇഷ്ടമുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. “

അത്രയും പറഞ്ഞു അവൾ അവനെ കെട്ടിപ്പിടിച്ചപ്പോൾ അവൻ മറ്റൊരു ലോകത്ത് ആയിരുന്നു. അവളുടെ ആ സ്പർശം അവൻ ആസ്വദിക്കുകയായിരുന്നു.

എന്നിട്ടും അവൻ അവൾക്കു മുന്നിൽ നല്ലവനാവാൻ ശ്രമിച്ചു.

” ഇങ്ങനെ പബ്ലിക്കായി കെട്ടിപ്പിടിക്കുക ഒന്നും ചെയ്യരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ലേ..?കാണുന്നവർ എന്ത് കരുതും..? “

അവൻ അത് പറഞ്ഞപ്പോൾ അവൾ അവനെ പരിഭവത്തോടെ നോക്കി.

“ഇതൊക്കെ ഇത്തിരി കഷ്ടമാണ് കേട്ടോ.. എല്ലാ കാമുകി കാമുകന്മാർക്കിടയിലും സംഭവിക്കുന്നതാണ്. പരസ്പരം ഒരു കെട്ടിപ്പിടിക്കലോ ചുംബനമോ പോലുമില്ലാത്ത എന്ത് പ്രണയമാണ്..! “

അവൾ പരിഭവത്തോടെയും ആശ്ചര്യത്തോടെയും പറഞ്ഞപ്പോൾ അവൻ അവളെ നോക്കി ചിരിച്ചു.

“നിനക്ക് അങ്ങനെയൊക്കെ പറയാം. പക്ഷേ മനുഷ്യനാണ് മോളെ. നാളെ എന്തെങ്കിലും കാരണം കൊണ്ട് നമ്മുടെ വിവാഹം നടക്കാതെയായാൽ, അന്ന് മറ്റൊരാളുടെ ജീവിതത്തിലേക്ക് നീ കടന്നുപോകുമ്പോൾ പോലും നിനക്ക് യാതൊരു തരത്തിലുള്ള കുറ്റബോധവും ഉണ്ടാകാൻ പാടില്ല എന്ന് എനിക്ക് നിർബന്ധമുണ്ട്. എന്നോടൊപ്പം ഇങ്ങനെ പലരീതിയിലും നീ സ്നേഹം പ്രകടിപ്പിച്ച് നടന്നിട്ട് നാളെ മറ്റൊരുവനെ ജീവിതത്തിലേക്ക് ക്ഷണിക്കേണ്ടി വരുമ്പോൾ നിനക്ക് സ്വാഭാവികമായും കുറ്റബോധം തോന്നും. അതുകൊണ്ടാണ് അങ്ങനെ ഒന്നും നമ്മുടെ ജീവിതത്തിൽ വേണ്ട എന്ന് ഞാൻ തീരുമാനിച്ചത്. കല്യാണം കഴിഞ്ഞിട്ട് നിന്നെ ഞാൻ പൂർണ്ണമായും സ്വന്തമാക്കും. അതിനു ശേഷം ഏത് ആൾക്കൂട്ടത്തിലൂടെ വേണമെങ്കിലും നിനക്ക് എന്റെ കൈപിടിച്ചു നടക്കാമല്ലോ..!”

അവളോട് സ്നേഹപൂർവ്വം അവൻ പറഞ്ഞപ്പോൾ എതിർക്കാൻ അവൾക്കും കഴിയില്ലായിരുന്നു. കാരണം അവൻ പറഞ്ഞതൊക്കെ ഒരുതരത്തിൽ ശരിയാണ്.

” ഇന്ന് ശാരീരിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രം പ്രണയിക്കുന്ന എത്രയോ ആളുകൾ ഉണ്ട്. നമ്മുടെ പ്രണയം അത്തരത്തിൽ ആരും വ്യാഖ്യാനിക്കരുത് എന്നൊരു നിർബന്ധം കൂടി എനിക്കുണ്ട് എന്ന് കരുതിക്കോളൂ.. “

അവൻ അതുകൂടി പറഞ്ഞപ്പോൾ അവളുടെ മനസ്സിൽ അവന്റെ സ്ഥാനം ഉയരുകയായിരുന്നു.

” ഏട്ടന്റെ ജോലിയുടെ കാര്യം എന്തായി..? “

അവൾ ആകാംക്ഷയോടെ ചോദിച്ചു.

” ആ ഒരു കാര്യത്തിൽ മാത്രമാണ് ഞാൻ എല്ലായിപ്പോഴും പരാജയപ്പെട്ടു പോകുന്നത്. ജോലിക്ക് ശ്രമിക്കുമ്പോൾ എക്സ്പീരിയൻസ് ഇല്ല എന്ന് പറയും. എന്നാൽ എക്സ്പീരിയൻസ് തരാൻ വേണ്ടി ആരെങ്കിലും ജോലി തരുമോ അതുമില്ല. കഴിഞ്ഞ ദിവസം പോയ ഇന്റർവ്യൂവും ഈ കാരണം പറഞ്ഞു തന്നെയാണ് റിജക്ട് ആയത്. പിന്നെ അതുമാത്രമല്ലല്ലോ… ഞാൻ പറഞ്ഞിട്ടില്ലേ കോളേജിൽ എക്സാമിന്റെ സമയത്ത് അച്ഛന് സുഖമില്ലാതെ ആയത് കാരണം നല്ല രീതിയിൽ എക്സാം എഴുതാൻ പോലും കഴിഞ്ഞില്ല. അതുകൊണ്ട് മാർക്കും കുറവാണ്. എല്ലാം കൊണ്ടും കഷ്ടകാലം എന്ന് പറഞ്ഞാൽ മതിയല്ലോ..!”

സങ്കടം ചാലിച്ച് അവൻ അത് പറഞ്ഞപ്പോൾ അവൾക്ക് അവനോട് സഹതാപം തോന്നി.

” ഏട്ടൻ വിഷമിക്കേണ്ട. ഒരു കമ്പനി റിജക്ട് ചെയ്തു എന്ന് കരുതി മറ്റു കമ്പനികളിൽ നമുക്ക് ജോലിക്ക് ശ്രമിക്കാമല്ലോ. എത്രയും പെട്ടെന്ന് നല്ലൊരു ജോലി ഏട്ടൻ ശരിയാക്കണം. എന്നിട്ട് വേണം നമ്മുടെ കാര്യം വീട്ടിൽ അവതരിപ്പിക്കാൻ. അറിയാലോ.. ഞാൻ മുൻപും പറഞ്ഞിട്ടുണ്ടല്ലോ വീട്ടിൽ വിവാഹം ആലോചിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന്. വരുന്ന ഓരോ ആലോചനകളും, പല പല കാരണങ്ങൾ പറഞ്ഞ് ഞാൻ ഒഴിവാക്കി വിടുന്നതാണ്. എന്നും എനിക്ക് ഇങ്ങനെ ഒഴിവാക്കി വിടാൻ കഴിഞ്ഞില്ല എന്ന് വരും. അതുകൊണ്ടാണ് എത്രയും പെട്ടെന്ന് ഏട്ടൻ സെറ്റിൽ ആവണം എന്ന് ഞാൻ ഒരു ആഗ്രഹം പറയുന്നത്. ചെറുതെങ്കിലും ഒരു ജോലി കിട്ടിയാൽ നമ്മുടെ കാര്യം വീട്ടിൽ അവതരിപ്പിക്കുകയെങ്കിലും ചെയ്യാമല്ലോ..അതിനു ശേഷം വേണമെങ്കിൽ ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ ഏട്ടന് നല്ലൊരു പൊസിഷനിലേക്ക് എത്താൻ കഴിഞ്ഞിട്ട് വിവാഹം നടത്തിയാൽ മതി.. അപ്പോഴേക്കും ഞാനും നല്ലൊരു ജോലി വാങ്ങാൻ ശ്രമിക്കാം. നമ്മുടെ രണ്ടുപേരുടെയും ജോലിയും അതിന്റെ ശമ്പളവും ഒക്കെയാകുമ്പോൾ നമുക്ക് നല്ല രീതിയിൽ ജീവിക്കാൻ പറ്റുമല്ലോ..!”

അവൾ ഭാവിയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ കാണുന്നുണ്ടായിരുന്നു. അവയൊക്കെയും അവനോട് പങ്കു വയ്ക്കുമ്പോൾ അവൻ പുച്ഛത്തോടെ ചിരിച്ചു. എന്നിട്ടും അവൾക്കു മുന്നിൽ അവൻ നല്ലവൻ ആയിരുന്നു.

പക്ഷേ അവന്റെ ആ മുഖംമൂടി അഴിഞ്ഞു വീഴാൻ അധികം താമസം ഒന്നുമുണ്ടായിരുന്നില്ല.

ഒരിക്കൽ അവൾ അവളുടെ കസിൻസുമായി ആ കടൽത്തീരത്തേക്ക് വന്നിരുന്നു.അന്ന് യാദൃശ്ചികമായി അവനെയും അവനോടൊപ്പം മറ്റൊരു പെൺകുട്ടിയെയും അവൾ കണ്ടു.

അവരുടെ പെരുമാറ്റത്തിൽ നിന്ന് തന്നെ അവർ സഹോദരി സഹോദരന്മാരോ കൂട്ടുകാരോ ഒന്നുമല്ല എന്ന് അവൾക്ക് മനസ്സിലായിരുന്നു. കാമുകി കാമുകന്മാരെ പോലെ അടുത്തു ഇടപഴകുകയായിരുന്നു അവർ രണ്ടാളും.

അവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയപ്പോൾ അവൾ അവളുടെ ഒരു കസിനെ കൊണ്ട് അന്വേഷിപ്പിച്ചു. ആ കസിൻ അവനെ പരിചയപ്പെട്ട് എന്തൊക്കെയോ സംസാരിക്കുന്നത് പോലെ നടിച്ച് അവസാനം കൂടെയുള്ള പെൺകുട്ടി ആരാണ് എന്ന് അന്വേഷിച്ചു.

തന്റെ കാമുകിയാണെന്നും അധികം വൈകാതെ വിവാഹം ഉണ്ടാകും എന്നും അവൻ പറയുന്നത്, അവളുടെ കസിൻ ഫോണിൽ അവളെ കേൾപ്പിച്ചു.അതോടെ അവൾ ആകെ തകർന്നു പോയി.

അത് കേട്ട നിമിഷം മറ്റൊന്നും ചിന്തിക്കാതെ അവൾ അവന്റെ അടുത്തേക്ക് പാഞ്ഞ് അടുക്കുകയായിരുന്നു.

അവളെ കണ്ടപ്പോൾ അവൻ ഒന്ന് പതറി പോയി. പ്രതീക്ഷിക്കാതെ അവളെ കണ്ടതിന്റെ ആഘാതം അയാളുടെ മുഖത്ത് പ്രകടമായിരുന്നു.

” ഇവൾ നിന്റെ കാമുകിയാണെങ്കിൽ ഞാൻ നിന്റെ ആരാ..? “

ദേഷ്യത്തോടെ അവൾ ചോദിച്ചപ്പോൾ അവൻ ഒരു നിമിഷം പതറി പോയെങ്കിലും പിന്നീട് ശൗര്യത്തോടെ അവൾക്ക് നേരെ നോക്കി.

” അപ്പോൾ നീ എന്റെ പിന്നാലെ സിഐഡി പണിക്ക് ആളെ അയച്ചിരിക്കുകയാണ്.. നാണമില്ലേ നിനക്ക്..? എനിക്ക് ഒരു സ്വാതന്ത്ര്യവും തരാതെ എന്നെ ഇങ്ങനെ പിടിച്ചടക്കി വയ്ക്കുന്നത് കൊണ്ട് നിനക്ക് എന്തു നേട്ടമാണുള്ളത്..? “

അവൻ ചോദിക്കുന്നത് കേട്ടപ്പോൾ അവൾക്ക് സ്വയം പുച്ഛം തോന്നി.

” ഞാൻ നിന്റെ പിന്നാലെ സിഐഡി പണിക്ക് ആളെ വിട്ടിട്ടൊന്നുമില്ല. അങ്ങനെ വിട്ടിരുന്നെങ്കിൽ ഒരുപക്ഷേ ഇതിനേക്കാൾ മുന്നേ നിന്റെ സ്വഭാവം എന്താണ് എന്ന് ഞാൻ തിരിച്ചറിഞ്ഞേനെ. ഞാൻ പ്രതീക്ഷിക്കാതെ കണ്ടതാണ് നിന്നെ. നിന്നോടൊപ്പം ഉള്ള ഇവൾ നിനക്ക് ആരാണെന്ന് അറിയാൻ എനിക്ക് ആഗ്രഹം തോന്നി. അതുകൊണ്ടാണ് അന്വേഷിച്ചത്. അതുകൊണ്ട് മാത്രമാണല്ലോ നിന്റെ സ്വഭാവം അറിയാൻ കഴിഞ്ഞത്..? “

അവൾ അവനു നേരെ ചീറി.

” അതേടി.. ഞാൻ ഇങ്ങനെ ഒക്കെ തന്നെയാ.. നിനക്ക് എന്തേലും ചെയ്യാനുണ്ടേൽ ചെയ്യ്.. നീയും ഇവളും ഉൾപ്പെടെ ഒരുപാട് പേരുണ്ട് എനിക്ക്.. നിനക്കെന്താ..? “

അവൻ ചോദിച്ചു കഴിഞ്ഞതും കവിളിൽ ഒരു പടക്കം പൊട്ടിയത് പോലെ ആണ് അവനു തോന്നിയത്. അവൻ ഉൾപ്പെടെ അവിടെ ഉണ്ടായിരുന്നവർ ഒക്കെ ഞെട്ടി.

” നീ അന്ന് എന്നോട് ഒരു വാക്ക് പറഞ്ഞു.. ഞാൻ നിനക്ക് ലഹരി ആണെന്ന്.. അത് ഇങ്ങനെ ഒരു അർത്ഥത്തിൽ ആണെന്ന് അറിഞ്ഞില്ല ഞാൻ.. ഇപ്പോ അത് തിരിച്ചറിഞ്ഞ സ്ഥിതിക്ക് എന്തെങ്കിലുമൊന്ന് നിനക്ക് തരാതെ പോകുന്നത് തെറ്റല്ലേ.. എനിക്ക് ഒരേയൊരു കാര്യത്തിൽ മാത്രമാണ് സങ്കടം ഉള്ളത്. പ്രണയം എന്ന ചതിക്കുഴി ഒരുക്കി നീ എന്നെ ആ വലയിൽ ആക്കിയപ്പോൾ, അത് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല. എത്രയോ പേരുടെ കണ്ണീരും ശാപവും ആണ് നിന്റെ തലയിലൂടെ ഓടുന്നത് എന്ന് നിനക്കറിയാമോ.. ഇന്ന് എല്ലാവരെയും പരിഹസിച്ചിരിക്കുന്ന നിനക്ക് ഇതൊക്കെ ഓർത്ത് സങ്കടപ്പെടാൻ ഒരു കാലം വരും. അതി വിദൂരമല്ലാത്ത ഒരു കാലം..!”

ഒരു ശാപവചനം പോലെ അവൾ പറഞ്ഞു കൊണ്ട് നടന്നകന്നിട്ടും അവനിൽ പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. അടുത്ത ഇരയെ എങ്ങനെ കുരുക്കിയെടുക്കാം എന്നൊരു ചിന്ത മാത്രമാണ് അവന്റെ മനസ്സിൽ ഉണ്ടായിരുന്നത്…

✍️ അപ്പു