രചന: അപ്പു
::::::::::::::::::::::::
വളരെയധികം വെപ്രാളത്തോടെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു നാസർ. കൂടെയുള്ള മറ്റുള്ളവർക്ക് കാര്യം അറിയാവുന്നതു കൊണ്ടുതന്നെ എല്ലാവരും അദ്ദേഹത്തെ നോക്കുന്നതല്ലാതെ ഒന്നും സംസാരിക്കാൻ പോലും ശ്രമിക്കുന്നുണ്ടായിരുന്നില്ല .
നടക്കുന്നതിനിടയ്ക്ക് ഇടയ്ക്കിടെ അയാൾ മൊബൈലിൽ ആരെയോ വിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ഇത്തവണയും ഫുൾ റിങ്ങ് ചെയ്തു നിന്നു എന്നല്ലാതെ ആരും കോള് അറ്റൻഡ് ചെയ്തിട്ടില്ല എന്ന് അദ്ദേഹത്തിന് മുഖഭാവത്തിൽ നിന്ന് തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു.
” എന്റെ നാസർക്ക നിങ്ങൾ ഇവിടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു ഓരോ അസുഖങ്ങൾ വരുത്തി വയ്ക്കാതെ എവിടെയെങ്കിലും ഒരിടത്ത് വന്നിരിക്ക്.. നിങ്ങൾ ഇങ്ങനെ ഇവിടെ ടെൻഷനടിക്കുന്നുണ്ടെന്ന് നാട്ടിൽ ഇരിക്കുന്ന ആരെങ്കിലും അറിയുന്നുണ്ടോ..? “
അഭി പറഞ്ഞത് കേട്ടപ്പോൾ അയാൾ ഒരു നിമിഷം അവരെ നോക്കി. പ്രവാസികളുടെ ആ മുറിയിൽ ഏറ്റവും പ്രായം കുറഞ്ഞവൻ അഭിയായിരുന്നു.
” എന്റെ സങ്കടവും വിഷമവും ഒന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാകാനുള്ള പ്രായമായിട്ടില്ല. ഇന്ന് എന്റെ മോളുടെ കല്യാണമാണ്. ഏറ്റവും ഇളയ മകളുടെ കല്യാണം. നാലു മക്കളുള്ളതാണ് എനിക്ക്. ഇവളുടെ മൂത്ത മൂന്നു പേരുടെയും കല്യാണം കഴിഞ്ഞു. പക്ഷേ ഒരെണ്ണത്തിന് പോലും എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല. ഇത്തവണ ഇവളുടെ വിവാഹത്തിന് എങ്കിലും എനിക്ക് പങ്കെടുക്കാൻ കഴിയും എന്ന് നല്ല സന്തോഷമായിരുന്നു എനിക്ക്. പക്ഷേ പല പല കാരണങ്ങൾ കൊണ്ട് എനിക്ക് ലീവ് തരാൻ കഴിയില്ല എന്ന് അറിഞ്ഞപ്പോൾ, എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു പോയ ഒരാളാണ് ഞാൻ. ഇതിപ്പോൾ അവിടുത്തെ വിവരങ്ങൾ അറിയാൻ നാട്ടിലേക്ക് വിളിച്ചിട്ട് ആരും ഫോൺ എടുക്കുന്നത് കൂടിയില്ല. അവിടെ എന്തെങ്കിലും അത്യാഹിതം നടന്നോ ചടങ്ങുകൾ എല്ലാം സന്തോഷമായിട്ട് കഴിഞ്ഞോ എന്ന് പോലും അറിയാൻ വയ്യ..”
അത് പറയുമ്പോൾ അയാളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു. കേട്ട് നിന്നവർക്കും അത് സങ്കടമായി.
” വീട്ടിലുള്ളവരെ വിളിച്ചിട്ട് എടുക്കുന്നില്ല എങ്കിൽ അയലത്തുള്ള ആരെയെങ്കിലും വിളിക്കാൻ പാടില്ലേ..? ആരിൽ നിന്നെങ്കിലും വിവരമറിഞ്ഞാൽ പോരെ..?”
വിഷ്ണു പറഞ്ഞപ്പോൾ അത് ശരിയാണെന്ന് നാസറിനും തോന്നി. പെട്ടെന്ന് തന്നെ അയാൾ അയലത്തുള്ള ഒരാളുടെ നമ്പർ ഫോണിൽ തപ്പിയെടുത്ത് അവിടേക്ക് വിളിച്ചു.
” ഹലോ..ഭാസ്കരൻ ഉണ്ടോ അവിടെ…? “
ഫോൺ എടുത്തത് ആരാണ് എന്ന് പോലും അന്വേഷിക്കാതെ നാസർ ചോദിച്ചു.
” നാസർക്ക ആണോ..? അച്ഛൻ നിങ്ങടെ വീട്ടിലേക്ക് പോയിരിക്കുകയാണ്. ഞങ്ങളും ഇറങ്ങാൻ നിൽക്കുകയാണ്. “
ആ സംസാരത്തിൽ നിന്ന് ഫോണെടുത്തത് ഭാസ്കറിന്റെ മകളാണ് എന്ന് നാസറിന് മനസ്സിലായി.
“അവിടെ ഒരുക്കങ്ങളൊക്കെ എന്തായി മോളെ.. വീട്ടിൽ ആരെയും വിളിച്ചിട്ട് ഫോണിൽ കിട്ടുന്നില്ല. അതുകൊണ്ട് അവിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് അറിയാതെ ഞാൻ ഇവിടെ ആകെ വീർപ്പുമുട്ടി നിൽക്കുകയായിരുന്നു.”
അയാൾ പറഞ്ഞപ്പോൾ ആ പെൺകുട്ടിക്ക് സഹതാപം തോന്നാതിരുന്നില്ല.
” അവിടെ കുഴപ്പമൊന്നുമില്ല നാസർക്ക. എല്ലാവരും കല്യാണത്തിന് തിരക്കിൽ അല്ലേ.. അതുകൊണ്ടായിരിക്കും ഫോൺ എടുക്കാത്തത്. തിരക്കുകൾ ഒക്കെ കഴിയുമ്പോൾ അവർ അങ്ങോട്ട് വിളിക്കുമായിരിക്കും..”
അവൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
അപ്പോഴും അവളുടെ കണ്ണിൽ തെളിഞ്ഞു നിന്നിരുന്ന കാഴ്ച മറ്റൊന്നായിരുന്നു. തലേന്ന് മുതൽ നാസറിന്റെ ഫോൺ വരുമ്പോൾ ഓരോരുത്തരായി അസഹ്യതയോടെ അത് സൈലന്റ് മോഡിലേക്ക് മാറ്റുന്ന കാഴ്ച..!
അയാളുടെ പണത്തിന്റെ മാത്രം ബലം കൊണ്ട് അവിടെ ഒരു പന്തൽ ഉയരുമ്പോൾ അതിന്റെ ചിട്ടവട്ടങ്ങൾ കാണാനോ ഒരുക്കങ്ങൾ എന്തായി എന്ന് അറിയാമോ പോലും ഉള്ള അവകാശം ഇല്ലാത്ത വിധം അയാളെ അകറ്റി നിർത്തുന്ന ആളുകൾ..!
” എന്നാൽ പിന്നെ ശരി മോളെ.. മോൾക്ക് എന്റെ വാട്സ്ആപ്പ് നമ്പർ അറിയാമല്ലോ അല്ലേ..? മോള് അങ്ങോട്ട് പോകുമ്പോൾ അവളുടെ ഫോട്ടോ ഒന്ന് എടുത്തിട്ടേക്കണേ..”
അതു പറയുമ്പോൾ അയാളിൽ നിറഞ്ഞു നിന്നത് നിസ്സഹായതയായിരുന്നു.
എണ്ണമറ്റ ആളുകൾ ആ വീട്ടിലുള്ളപ്പോൾ, സ്വന്തക്കാരും ബന്ധുക്കളുമായി ഒരുപാട് ആളുകൾ ചുറ്റും നിൽക്കുമ്പോൾ, ഒരാളിനു പോലും അണിഞ്ഞൊരുങ്ങിയ മകളുടെ മുഖം തനിക്ക് അയച്ചു തരാൻ തോന്നിയില്ല.
അയൽവാസിയായ മറ്റൊരു പെൺകുട്ടിയോട് അത് ആവശ്യപ്പെടേണ്ടി വന്നതിന്റെ എല്ലാ വിഷമവും അയാളിൽ ഉണ്ടായിരുന്നു.
“നാസർക്ക വിഷമിക്കേണ്ട. അവിടെ പോയി എന്നെക്കൊണ്ട് പറ്റുന്ന ഫോട്ടോകൾ ഒക്കെ ഞാൻ എടുത്ത് അയച്ചു തരാം..”
അവൾ ആശ്വസിപ്പിച്ചപ്പോൾ അയാൾക്ക് ചെറിയൊരു സന്തോഷം തോന്നി. തന്നെ മനസ്സിലാക്കാൻ ഒരാളിനെങ്കിലും കഴിയുന്നുണ്ടല്ലോ എന്നുള്ള ആശ്വാസം.
ആ പെൺകുട്ടിയോട് യാത്ര പറഞ്ഞു ഫോൺ കട്ട് ചെയ്ത് കഴിയുമ്പോൾ അത്രയും നേരം മനസ്സിൽ നിറഞ്ഞു നിന്നിരുന്ന വിഷമത്തിന് ചെറിയൊരു കുറവെങ്കിലും വന്നിട്ടുണ്ട് എന്ന് അയാൾ ഓർത്തു.
” ഇപ്പോൾ എന്തായി..? അവിടെ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ല എന്ന് ഞങ്ങളൊക്കെ പറഞ്ഞതല്ലേ..? വിവരങ്ങൾ അറിഞ്ഞപ്പോൾ സന്തോഷമായോ..? “
വിഷ്ണു ചോദിച്ചു. അയാൾ ചെറുതായി പുഞ്ചിരിച്ചു.
“സന്തോഷം.. നിങ്ങൾക്ക് തോന്നുന്നുണ്ടോ മനസ്സറിഞ്ഞ് എനിക്ക് സന്തോഷിക്കാൻ പറ്റും എന്ന്..?എന്റെ ഏറ്റവും ഇളയ കുട്ടിയുടെ വിവാഹമാണ് ഇന്ന് നടക്കുന്നത്. എല്ലാവിധ ആർഭാടങ്ങളോടെയും ആഡംബരങ്ങളോടെയും നടക്കുന്ന വിവാഹം.. വാപ്പ ഗൾഫുകാരൻ ആയതുകൊണ്ട് പ്രൗഡിക്ക് ഒരു കുറവും വരരുത് എന്ന് പലതവണ ഭാര്യയും മക്കളും ഓർമിപ്പിച്ചു. അവരുടെയൊക്കെ ആഗ്രഹം പോലെ തന്നെ നല്ല രീതിയിൽ തന്നെ വിവാഹം നടത്താൻ എന്നെക്കൊണ്ട് പറ്റുന്നതും ഇവിടെ പലയിടങ്ങളിൽ നിന്ന് കടം വാങ്ങിയതും ഒക്കെയായി വലിയൊരു സംഖ്യ അവിടെ എത്തിച്ചിട്ടുണ്ട്. അതിനു പുറമേ അവർ പറഞ്ഞ സാധനങ്ങൾ വരെ ഇവിടെ നിന്ന് വാങ്ങി ഞാൻ അയച്ചു കൊടുത്തു.”
അയാൾ പറഞ്ഞപ്പോൾ തങ്ങളുടെ മുന്നിൽ അരങ്ങേറിയ ആ കാഴ്ചകൾ ഒരിക്കൽ കൂടി കൺമുന്നിൽ കാണുകയായിരുന്നു ആ കൂട്ടുകാർ.
” അന്നൊക്കെ എന്നെ വിളിക്കാൻ അവർക്ക് ആർക്കും സമയക്കുറവും സൗകര്യക്കുറവോ ഒന്നുമുണ്ടായിരുന്നില്ല. എന്റെ കാൾ ഒരു മിനിറ്റ് വൈകിയാൽ ഇങ്ങോട്ട് വിളിക്കാൻ അവർക്ക് ആർക്കും ഒരു മടിയും ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ രണ്ടു ദിവസമായി എന്റെ അവസ്ഥ എന്താണെന്ന് നിങ്ങൾ കാണുന്നതല്ലേ.. ഞാൻ വിളിച്ചാൽ പോലും എടുക്കാൻ അവർക്കൊക്കെ മടിയാണ്.. അവിടുത്തെ തിരക്ക് കൊണ്ടാണ് എന്ന് പറഞ്ഞ് എത്രയൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും അവിടെ കല്യാണപന്തലിൽ കയറാൻ പോകുന്ന പെൺകുട്ടിയുടെ വാപ്പയാണ് ഞാൻ എന്നൊരു കാര്യമെങ്കിലും അവർക്കൊക്കെ ഓർക്കാമായിരുന്നു. മകളെ കൈപിടിച്ച് ഏൽപ്പിക്കാൻ കഴിയാതെ പോകുന്ന ഒരു പിതാവിന്റെ നിസ്സഹായ അവസ്ഥ അവർക്കൊക്കെ ചിന്തിക്കാമായിരുന്നു. അതിന് പകരം എന്റെ കോളുകൾ അവോയ്ഡ് ചെയ്തുകൊണ്ട് അവരൊക്കെയും അവിടെ ആഘോഷിക്കുകയാണ്. ഇവിടെ ചങ്ക് പിടഞ്ഞിരിക്കുന്ന ഒരാളിന്റെ വിഷമം അവിടെ ആരും അന്വേഷിക്കുന്ന പോലുമില്ല.. ഇപ്പോൾ തന്നെ കണ്ടില്ലേ അയൽ വീട്ടിലെ പെൺകുട്ടിയോടാണ് സ്വന്തം മകളുടെ ഫോട്ടോ ഒന്ന് എടുത്ത് അയക്കണേ എന്ന് ഞാൻ പറഞ്ഞത്. അങ്ങനെ ഒരു ഫോട്ടോ പോലും എനിക്ക് അയച്ചു തരാൻ അവിടെ ആർക്കും സമയമില്ല. അഥവാ ഫോട്ടോ അയച്ചു തന്നാൽ ഞാൻ എങ്ങാനും വിളിച്ച് കാണണം എന്ന് പറഞ്ഞാലോ എന്നുള്ള പേടിയായിരിക്കും. എന്നോട് 5 മിനിറ്റ് സംസാരിക്കാൻ പോലും സമയമില്ലാതെ എല്ലാവരും തിരക്കിലാണ്.. “
അത്രയും പറഞ്ഞപ്പോഴേക്കും അയാളുടെ ശബ്ദം ഇടറാൻ തുടങ്ങിയിരുന്നു.
” ഇത് എന്റെ എന്നല്ല.. എല്ലാ പ്രവാസികളുടെയും അവസ്ഥ ഇങ്ങനെയൊക്കെ തന്നെയാണ്. പ്രവാസികളെക്കുറിച്ച് ഒരു ഓർമ്മയും ഉണ്ടാവില്ല. അവരവരുടെ സുഖവും സൗകര്യവും ആഘോഷങ്ങളും മാത്രമാണ് അവരുടെയൊക്കെ മനസ്സിലുള്ളത്.ഇവിടെ ആഘോഷങ്ങളിലും ചടങ്ങുകളിലും ഒന്നും പങ്കെടുക്കാൻ പറ്റാതെ വിഷമിച്ച് നിൽക്കുന്ന കുറച്ചു മനുഷ്യരുണ്ട് എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കാനാണ്..? നാട്ടുകാരുടെ കാഴ്ചപ്പാടിൽ ഗൾഫ് ഇപ്പോഴും സുഖം മാത്രം തരുന്ന സ്ഥലമാണ്. ഗൾഫിൽ പോയാൽ സുഖിക്കാമല്ലോ എന്നാണ് ആളുകൾ പറയുന്നത്. ഇവിടെ ചോര നീരാക്കി ഉണ്ടാക്കുന്ന പണത്തിൽ പലപ്പോഴും പട്ടിണി കിടന്ന് ലാഭം പിടിച്ചു നാട്ടിലേക്ക് ഒരു രൂപ കുറയാതെ അയച്ചു കൊടുക്കുന്നത് ഇവിടെ നമ്മൾ ലാവിഷായി നടക്കുന്നതു കൊണ്ടല്ലല്ലോ.ഇതൊക്കെ പറഞ്ഞാൽ ആരു മനസ്സിലാക്കാനാണ്..? “
അത്രയും പറഞ്ഞപ്പോഴേക്കും അയാളുടെ കണ്ണുകൾ ഒഴുകാൻ തുടങ്ങിയിരുന്നു. അത് മറ്റാരെയും കാണിക്കില്ല എന്നുള്ള വാശിയിൽ അയാൾ എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു.
അയാൾ പോയ വഴിയെ നോക്കിയിരിക്കുമ്പോൾ മറ്റുള്ളവരുടെ ചിന്തയും അങ്ങനെ തന്നെയായിരുന്നു. നാളെ ഒരുപക്ഷേ ഞങ്ങളും ഇങ്ങനെയൊക്കെ തന്നെ അനുഭവിക്കേണ്ടി വരുമോ എന്നൊരു ചിന്ത…!
✍️ അപ്പു