ദക്ഷിണ….
രചന : സജി മാനന്തവാടി
:::::::::::::::::::::::::::
പതിവുപോലെ ശാലിനി ടീച്ചർ ക്ലാസ് കഴിഞ്ഞു വന്നപാടെ പരാതിയുടെ ഭാണ്ഡക്കെട്ട് എനിക്ക് മുന്നിൽ തുറന്നു . സത്യത്തിൽ എനിക്കും ടീച്ചറോട് ഒരു സോഫ്റ്റ് കോർണർ ഉള്ളതു കൊണ്ട് ഞാനതങ്ങിനെ കേട്ടിരിക്കുമായിരുന്നു. അന്ന് ഞങ്ങൾ മാത്രമാണ് അധ്യാപകരുടെ ഇടയിലെ അവിവാഹിതർ. അതിനാൽ ഞങ്ങളെ താലിച്ചരടിൽ കോർത്തിടണമെന്ന് ഞങ്ങളുടെ സഹപ്രവർത്തകർക്കും താല്പര്യമുണ്ടായിരുന്നു.
“എനിക്ക് വയ്യ , ഇനി സാറിന്റെ ക്ലാസിലെ അഖിലിനെ സഹിക്കാൻ എനിക്കാവുമെന്ന് തോന്നുന്നില്ല. അവനെന്താ കൊമ്പുണ്ടോ ? യുണിഫോം ധരിക്കില്ല. മുടി മുറിക്കില്ല , ഒരു കാതിലൊരു കറുത്ത കടുക്കനും . എന്തെങ്കിലും ചോദിച്ചാൽ വെട്ടു പോത്ത് നോക്കുന്നതു പോലെ കണ്ണുതുറിച്ചൊരു നോട്ടവും . സാറിനറിയാമോ മുപ്പത് തവണ ഇംപോസിഷൻ എഴുതാൻ പറഞ്ഞിട്ട് അവൻ മാത്രം മൂന്ന് തവണ എഴുതി നിർത്തിയിരിക്കുന്നു. ബാക്കിയെഴുതാത്തത് എന്താണെന്ന് ചോദിച്ചപ്പോ അവൻ പറയുവാ അവന് കക്കൂസിൽ പോകാൻ പോലും നേരം കിട്ടിയിട്ടില്ലെന്ന് .ഞാൻ അന്നെ പറഞ്ഞില്ലെ അവൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് അല്ലെങ്കിൽ അവനെന്തിനാ മണിക്കൂറുകളോളം ബാത്ത് റൂമിൽ ഇരിക്കുന്നേ? ഇങ്ങനെ പോയാൽ ഞാനവനെ പുറത്താക്കും. “
” എന്റെ ടീച്ചറെ ഞാനവനെ ഒന്നുനേരെയാക്കാൻ പറ്റുമോയെന്ന് നോക്കട്ടെ . അതുവരെ ടീച്ചറൊന്ന് ക്ഷമിക്ക് . “
എന്റെ മറുപടി അവരെ ത്യപ്തയാക്കിയില്ലെന്ന് അവരുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഭൂരിപക്ഷം അധ്യാപകർക്കും പ്രതികരണ ശേഷിയില്ലാത്ത ,ഏറാൻ മൂളികളായ ,ടീച്ചർമാരെക്കാൾ വലിയ സർവ്വവിജ്ഞാനകോശങ്ങളില്ലെന്ന് ചിന്തിക്കുന്ന വിദ്യാർത്ഥികളെയാണ്. അല്ലാത്തവരെ അവർ ക്ലാസിൽ നിന്ന് ഗറ്റ് ഔട്ട് അടിച്ച് മുഖം രക്ഷിക്കും. ശാലിനി ടീച്ചറും അതിനൊരു അപവാദമായിരുന്നില്ല
. പ്ലസ് വണ്ണിൽ പഠിക്കുന്ന അഖിൽ അധ്യാപകരുടെ നോട്ടപ്പുള്ളിയായിരുന്നു. മറ്റു കുട്ടികളെക്കാൾ ഉയരവും ഷോക്കേറ്റതു പോലെ ഉയർന്നു നിൽക്കുന്ന മുടിയും തന്റേടമുള്ള മുഖവും നീളംകൂടിയ മൂക്കും അവനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയിരുന്നു. ഫോട്ടോഗ്രാഫിക്ക് മെമ്മറിയുള്ള ,പഠിക്കാൻ സമർത്ഥനായൊരു കുട്ടിയായിട്ടാണ് ഞാനവനെ കണ്ടെതെങ്കിൽ മറ്റുള്ളവർക്ക് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്ന മയക്കുമരുന്ന് ഉപയോഗിക്കുന്നവനായിട്ടാണ്. മുടി നീട്ടുന്നവരും കാതിൽ കമ്മലിടുന്നവരുമെല്ലാം മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്നവരായി മുദ്ര കുത്തി മാറ്റി നിർത്തുകയാണ് നമ്മുടെ രീതി.
അടുത്ത പിരിയഡിൽ ഞാൻ പ്ലസ് വണ്ണിൽ ക്ലാസെടുക്കാനായി ചെറുപുഞ്ചിരിയോടെ ക്ലാസിലേക്ക് കയറി. ക്ലാസ് പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്ക് ബഞ്ചിലിരിക്കുന്ന അഖിലിനോട് ഒരു ചോദ്യം ക്ലാസെടുത്ത വിഷയത്തെ കുറിച്ച് ചോദിച്ചു. അവന്റെ ഉത്തരം ശരിയായിരുന്നു.
“മോനെ അഖിലെ നീയെന്താ ശാലിനി ടീച്ചർ എഴുതാൻ ആവശ്യപ്പെട്ട ഇംപോസിഷൻ എഴുതാത്തത്? പിന്നെ നീ മാത്രമെന്താണ് യൂണിഫോമിടാത്തത് ?”
“സത്യം പറയട്ടെ സാറെ ഇന്നലെ എനിക്ക് തീരെ സമയം കിട്ടിയില്ല. അമ്മക്ക് തീരെ സുഖമില്ലായിരുന്നു. വീട്ടിലെ പണി മുഴവൻ ചെയ്യുന്നത് ഞാനാ .എന്നിട്ടും ഞാൻ ഒൻപത് പേജ് എഴുതി കൊടുത്തു. പിന്നെ സാറെ കാശില്ലാത്തതു കൊണ്ടാ യൂണിഫോം വാങ്ങാത്തത് . സാറിനറിയാമോ അടച്ചുറപ്പുള്ള ഒരു വീടുണ്ടായിരുന്നെങ്കി അമ്മയെ തനിച്ചാക്കി ഞാൻ വല്ല തട്ടുകടയിലും രാത്രിക്ക് പണിക്ക് പോകുമായിരുന്നു. അങ്ങിനെയെങ്കിലും ഒരു ജോഡി യൂണിഫോം വാങ്ങാമായിരുന്നു.അതിനും പറ്റുന്നില്ല.”
” നീയൊക്കെ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് കേൾക്കുന്നുണ്ടല്ലോ. അല്ലെങ്കിൽ പിന്നെ നീയെന്തിനാ ബാത്ത്റൂമിൽ ഒരുപാട് സമയം ചിലവഴിക്കുന്നത് ?”
” സാറെ ചില ക്ലാസുകൾ മഹാ ബോറാ , അതാ അവിടെയിരിക്കുന്നെ .പിന്നെ ബാത്ത് റൂമിൽ മാത്രമല്ലേ CCTV ക്യാമറ ഇല്ലാത്തത് . സാറിനറിയില്ലേ ബോയ്സിന്റെ ബാത്തുറൂമിന്റെ അവസ്ഥ. എന്നിട്ടും ഞങ്ങൾ അത് സഹിച്ച് അവിടെയിരിക്കമെങ്കിൽ സാറിന് ഊഹിക്കാമല്ലോ എന്തായിരിക്കാംചിലരുടെ ക്ലാസുകളുടെ നിലവാരം . ചില ടീച്ചർമാർക്ക് എന്നെ എങ്ങിനെയെങ്കിലും സ്കൂളിൽ നിന്ന് പുറത്താക്കണം അതിനോരോ കാരണങ്ങളും . പിന്നെ എന്നെ പോലെയുളളവർ പഠിച്ചിട്ടെന്ത് കാര്യം? ജീവിതത്തിൽ തോൽക്കാനായി ജനിച്ചവർ. “
മറുപടി പൂർത്തിയാക്കുന്നതിമുമ്പ് തന്നെ അവന്റെ കണ്ണുകൾ തുളമ്പി തുടങ്ങിയിരുന്നു.
” അഖിലെ ജീവിതത്തിൽ സ്വയം തോൽവി പ്രഖ്യാപിക്കുന്നത് വരെ ആർക്കും നമ്മളെ തോൽപ്പിക്കാവില്ല. കളി ആരംഭിക്കുന്നതിന് മുമ്പ് സ്വയം തോറ്റതായി പ്രഖ്യാപിച്ചാൽ മറ്റുള്ളവർക്ക് അതൊരു ഈസി വാക്കോവർ ആകില്ലേ ? ജയിക്കും വരെ പൊരുതി നിൽക്കുക .തനിക്കെന്തു തോന്നുന്നു?”
അവൻ മറുപടിയൊന്നും പറഞ്ഞില്ല.
അവൻ പറഞ്ഞതെല്ലാം സത്യമാണോയെന്നറിയാൻ അടുത്ത അവധി ദിവസം ഞാൻ അഖിലിന്റെ വീട്ടിൽ പോയി. റെയിവേ പുറംമ്പോക്കിൽ പടുതകൊണ്ട് മേൽക്കൂര മറച്ച ഒരു കൊച്ചുവീട് . അടച്ചുറപ്പില്ലാത്ത വാതിലുകൾ. അപ്രതീക്ഷിതമായി എന്നെ അവന്റെ വീട്ടിന് മുന്നിൽ കണ്ടപ്പോൾ ഒരു നിമിഷത്തേക്ക് അവൻ തീയിൽ ചവിട്ടിയതുപോലെ പുളഞ്ഞു.
നിറം മങ്ങിയ കസേര സ്വന്തം കൈ കൊണ്ട് വൃത്തിയാക്കി എന്നെ അകത്തേക്ക് ക്ഷണിച്ചു. അവന് പഠിക്കാൻ ഒരു മേശ പോലും ആ വീട്ടിൽ ഉണ്ടായിരുന്നില്ല.
അവനുമായി കുറച്ച് നേരം സംസാരിച്ചപ്പോൾ എനിക്ക് മനസിലായി. ആ വീട്ടിലെ പണികൾ മുഴുവൻ ചെയ്യുന്നത് അവനാണെന്ന് . അവന്റെ അമ്മ ഒരു പ്രമേഹ രോഗിയാണെന്നും ഒന്ന് രണ്ട് വീട്ടിൽ വീട്ടുപണിക്ക് പോകുന്നുണ്ടെന്നും അവർക്ക് കിട്ടുന്ന കാശ് അവരുടെ മരുന്നിന് പോലും തികയില്ലെന്നും അവന്റെ ജേഷ്ഠൻ പെട്രോൾ പമ്പിൽ പണിയെടുക്കുന്നതു കൊണ്ടാണ് അവർ ജീവിച്ചു പോകുന്നതെന്നും അവൻ പറഞ്ഞപ്പോൾ എനിക്ക് വലിയ വിഷമം തോന്നി.
“സാറ് കട്ടൻ കാപ്പി കുടിക്കുമോ ?”
എന്റെ മുന്നിൽ കാപ്പിയുമായി നിൽക്കുന്ന അഖിലിനെ വിഷമിപ്പിക്കേണ്ടന്നു കരുതി ഞാനത് വാങ്ങി കുടിച്ച് യാത്ര പറഞ്ഞു.
പിറ്റെദിവസം ശാലിനി ടീച്ചറുമായി പ്രിൻസിപ്പലിന്റെ ഓഫീസ് ലക്ഷ്യമായി നടക്കുമ്പോൾ സഹ പ്രവർത്തകർ അർത്ഥഗർഭമായി നോക്കുന്നുണ്ടായിരുന്നു.
തലേ ദിവസം അഖിലിന്റെ വീട്ടിൽ ഞാൻ കണ്ട കാഴ്ചകൾ പ്രിൻസിപ്പാളിനോട് വിവരിക്കുമ്പോൾ വിതുമ്പുന്ന ശാലിനി ടീച്ചറേയാണ് ഞാൻ കണ്ടത്.
“സാറെ നമ്മുക്ക് രണ്ട് ജോഡി യുണിഫോമും ഒരു മേശയും കുറച്ച് കസേരകളും അഖിലിന് വാങ്ങി കൊടുത്താലോ ? സാറിന്റെ അഭിപ്രായമെന്താ? ” പ്രിൻസിപ്പാൾ സമ്മത ഭാവത്തിൽ തല കുലുക്കി.
വീട്ടിൽ കസേരയും മേശയും ഇറക്കുന്നത് അത്ഭുതത്തോടെയാണ് അഖിൽ നോക്കി നിന്നു. പക്ഷെ യൂണിഫോം അവന്റെ കൈയിൽ കൊടുത്തപ്പോൾ ഒരു കുഞ്ഞിനെപോലെ അവൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു.
അക്കാലത്താണ് കുട്ടികളുടെ വിനോദ യാത്രയുടെ സംഘാടകയായിരുന്ന ആര്യ ബാക്കിയായ 40,000 രൂപ എന്നെ ഏൽപ്പിച്ചത്. ആ തുക അഖിലിനൊരു വീട് നിർമ്മിക്കാൻ ഉപയോഗികണമെന്നുള്ള എന്റെ അഭിപ്രായം എല്ലാവരും അഗികരിച്ചു. ഏകദേശം പത്ത് ലക്ഷത്തിന്റെ വീട് കുട്ടികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നിർമ്മിക്കാൻ കഴിഞ്ഞു. പുതിയ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകിയത് ശാലിനി ടീച്ചറായിരുന്നു.
പിന്നിട് അവനിലുണ്ടായ മാറ്റം എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. എല്ലാ വിഷയങ്ങൾക്കും നൂറ് ശതമാനം നേടിയാണ് അവൻ പ്ലസ് റ്റു പാസായത്.
പിന്നിട് നീറ്റ് പരീക്ഷ പാസായി മെഡിസിന് ചേർന്നപ്പോഴും ഞാനും ശാലിനി ടീച്ചറും അവന്റെ കൂടെയുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു അവന്റെ കോൺവോക്കേഷൻ സെറിമണി.
“സാറും ടീച്ചറും നിർബന്ധമായും കോൺവോക്കേഷന് വരണം . നിങ്ങൾ വന്നില്ലെങ്കിൽ ഞാൻ അതിൽ പങ്കെടുക്കില്ല. “
അവൻ പറഞ്ഞു.
ഞങ്ങളുടെ വരവ് പ്രതീക്ഷിച്ചുകൊണ്ട് അവൻ ഗെയിറ്റന് വെളിയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളെ പറ്റി മറ്റുള്ളവരോട് പറയാൻ അവന് നൂറ് നാവായിരുന്നു. ആ സെറിമണിയിലെ താരങ്ങളാകാൻ ഞങ്ങൾക്ക് അധികം സമയം വേണ്ടി വന്നില്ല. എന്റെ കാൽ വന്ദിച്ചു കൊണ്ട് എന്നോട് പറഞ്ഞു ” സാറും ടീച്ചറും എന്നെ അനുഗ്രഹിക്കണം. “
ഞാനവന്റെ തലയിൽ കൈ വെച്ചു.
“സാർ ഞാൻ എന്താണ് സാറിനും ടീച്ചർക്കും ദക്ഷിണ നൽകേണ്ടത് ? “
അവനെ കെട്ടിപ്പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“നീയൊരു ഡോക്ടർ ആയി മാറി രോഗികളെ പിഴിയാതെ ചികിത്സിക്കണം. അതാണ് നീ തരുന്ന ദക്ഷിണ. “
അഖിലിന്റെ നന്ദി പ്രസംഗത്തിൽ അവൻ പറഞ്ഞു ,
“എന്റെ എം ബി ബി എസ് ഡിഗ്രി ജോർജ് സാറിന്റെയും ശാലിനി ടീച്ചറുടെയും ഭിക്ഷയാണ്. അവരില്ലായിരുന്നുവെങ്കിൽ ഞാൻ ഏതെങ്കിലും തട്ടുകടയിൽ പണിയെടുത്ത് ജീവിക്കുമായിരുന്നു. എന്നെ പഠിപ്പിച്ച അധ്യാപകരിൽ പലരും അഗാധ പാണ്ഡിത്യമുള്ളവരായിരുന്നുവെങ്കിലും ജോർജ് സാറിനെയും ശാലിനി ടീച്ചറെയും പോലെ മറ്റുള്ളവർക്ക് പാഠപുസ്തമായി മാറാൻ കഴിഞ്ഞവർ ഞാൻ കണ്ടിട്ടില്ലെന്ന് അവൻ പറയുമ്പോൾ മടിയിലിരിക്കുന്ന കുഞ്ഞിനെ കെട്ടിപ്പിടിച്ച് നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ ഞാൻ കാണാതിരിക്കാൻ വെമ്പുന്ന ശാലിനി ജോർജിനെയാണ്.