ആ രംഗം വീണ്ടും വീണ്ടും ഓ൪ത്തെടുത്ത് രസത്തോടെ ഇന്നച്ചൻ പതുക്കെ കിടക്കയിലേക്ക് ചാഞ്ഞു…

സ്റ്റാ൪ നൈറ്റ്

രചന: ഭാഗ്യലക്ഷ്മി. കെ. സി

::::::::::::::::::::::::::::::::::

ഇന്നച്ചൻ വീട്ടിൽ വന്നുകയറിയതും ഭാര്യയെ വിളിച്ചു.

അന്നമ്മേ..നീയിന്ന് വരാഞ്ഞത് കഷ്ടമായി..ഇന്നെന്തൊക്കെയാ അവിടെ നടന്നത് എന്നറിയോ നീയ്..?

എന്താ അച്ചായാ..? നല്ല രസായിരുന്നോ ഷോ..? എനിക്ക് കാലിന്റെ വേദന തീ൪ത്തും അങ്ങട് മാറീട്ടില്ലെന്നേ, അതുകൊണ്ടല്ലേ..

ആ ബെസ്റ്റ് ആക്ടർ അവാർഡ് വാങ്ങിയ രോഹൻ ആദ്യം വന്നത് ഒരു ടിവി റിയാലിറ്റി ഷോയിലായിരുന്നല്ലോ..

അതേ നമ്മളെല്ലാം കണ്ടതാണല്ലോ..എന്തേ..

ഭ൪ത്താവിന് ഗ്ലാസ്സിൽ കുടിക്കാനുള്ള വെള്ളവുമായി അവ൪ അയാളുടെ അടുത്ത് സോഫയിൽ വന്നിരുന്നു.

അയാൾ പറഞ്ഞു:

അവാ൪ഡ് വാങ്ങുമ്പോൾ രോഹനതൊക്കെ ഓ൪ത്ത് പറഞ്ഞ് ഇമോഷനലായി. ഒരുദിവസം ജഡ്ജായി വന്ന നടൻ മുസ്തഫ അവന് രണ്ട് മൂന്ന് പ്രാവശ്യം തെറ്റിയപ്പോൾ അവനെ‌ ചീത്തവിളിച്ചതും ഇറങ്ങിപ്പോയതും നമ്മളന്ന് ടിവിയിൽ കണ്ടിരുന്നല്ലോ.. അതൊക്കെ പറഞ്ഞ് അവനാകെ വല്ലാതായി..

പാവം കുട്ടി..മുസ്തഫക്ക് അല്ലെങ്കിലും പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാ.. നല്ല നടനൊക്കെയാണെങ്കിലും ഇങ്ങനെ കൈയീന്ന് പോകുന്നത് അവനാദ്യമല്ലല്ലോ..എത്രപേരോടാണ് അയാൾ സെറ്റിൽ മേക്കിട്ട് കേറിയത് ഇന്നച്ചൻ തന്നെ വന്ന് പറഞ്ഞിട്ടുള്ളത്..

അവന്റെ പേ൪സനൽ ലൈഫിൽ കുറേ പ്രശ്നങ്ങളുണ്ട് അന്നമ്മേ.. അതാ അവൻ..

അതുകൊണ്ട്..? കാണുന്നവരോടെല്ലാം മോശമായി പെരുമാറിയാൽ അതൊക്കെ പിന്നീട് മുസ്തഫക്ക് തന്നെയല്ലേ ദോഷമായി വരിക? അവസരമൊക്കെ കുറയുകില്ലേ.. മുസ്തഫ വന്നിരുന്നോ ഷോ കാണാൻ..?

പിന്നില്ലേ..മുസ്തഫയല്ലേ ഈ പ്രാവശ്യത്തെ മികച്ച സഹനടൻ..

ആണോ..! എന്നിട്ട് ? രോഹൻ ഇതൊക്കെ പറയുമ്പോൾ എന്തായിരുന്നു അയാളുടെ പ്രതികരണം..?

അന്നമ്മ ആകാംക്ഷയോടെ ചോദിച്ചു.

അതല്ലേ ഞാൻ പറഞ്ഞത്.. നീയിന്ന് വരാഞ്ഞത് വലിയ നഷ്ടമായി എന്ന്..

എന്തേ..?

മുസ്തഫ മുഖം‌ താഴ്ത്തി ഇരുന്നതേയുള്ളൂ. പക്ഷേ രോഹൻ അഭിനയിച്ച ആറ് സിനിമയുടെ ഡയറക്ട൪മാരും അവിടെ വന്നിരുന്നു, ഓരോ അവാർഡ് കൊടുക്കാനും വാങ്ങാനും മറ്റും..അവരൊക്കെ സ്റ്റേജിൽ വന്നപ്പോൾ അവരെങ്ങനെയാണ് രോഹന് അവസരം കൊടുത്തത് എന്ന് പറയുകയുണ്ടായി.

അവസരം കൊടുത്തത് രോഹന്റെ റിയാലിറ്റി ഷോയിലെ പെർഫോമൻസ് കണ്ടിട്ട്..

ഏയ് അതൊന്നുമല്ല..

പിന്നെ..?

അതൊക്കെ പറയാം നീ വാ..ഞാനീ ഡ്രസ്സൊക്കെ മാറട്ടെ..

ഇന്നച്ചൻ എഴുന്നേറ്റ് ബെഡ് റൂമിലേക്ക് നടന്നു. പിറകേ അന്നമ്മയും.

സസ്പെൻസാക്കാതെ ഒന്ന് പറയൂന്നേ..

അദ്ദേഹത്തിന്റെ ജുബ്ബയും മുണ്ടുമെടുത്ത് കൊടുത്തുകൊണ്ട് അന്നമ്മ ധൃതി കാണിച്ചു.

വേഷം മാറി വന്ന് കട്ടിലിലിരുന്നുകൊണ്ട് അദ്ദേഹം പറഞ്ഞു:

മുസ്തഫ ആ സംഭവം നടന്ന ഉടനെ വിളിച്ചതാരെയെന്നറിയുമോ..? നമ്മുടെ സൂപ്പർ സ്റ്റാ൪‌ ഗിരിധറിനെയാ..തനിക്ക് ഇങ്ങനെയൊരു അബദ്ധം പറ്റിയെന്നും രോഹൻ നല്ല ആ൪ട്ടിസ്റ്റാണെന്നും അവന് വല്ല അവസരം കൊടുക്കാൻ കഴിയുമോ സിനിമയിൽ ഗിരിയേട്ടൻ വിചാരിച്ചാൽ എന്ന് ചോദിച്ച് മുസ്തഫ പൊട്ടിക്കരഞ്ഞത്രെ..!

എന്നിട്ടോ..?

ഗിരിധ൪ മുസ്തഫയെ ആശ്വസിപ്പിക്കുന്നു, സാരമില്ല നമുക്ക് അവന് ഒന്നല്ല ഒരുപാട് അവസരങ്ങൾ കൊടുക്കാമെടോ എന്ന്..

ങേ..! ശരിക്കും..?

അന്നമ്മ ഷോ കാണാൻ പറ്റാതിരുന്ന വിഷമത്തിൽ ബെഡ്‌ഷീറ്റ് എടുത്ത് വിരിച്ചുകൊണ്ട് തലയിണയൊക്കെ എടുത്ത് നേരെവെച്ച് ഇന്നച്ചന്റെ അടുത്ത് വന്നിരുന്നു.

ഇന്നച്ചൻ ചിരിച്ചുകൊണ്ട് പറഞ്ഞു:

ഗിരിധ൪ ഉടനെ അഞ്ചാറ് സംവിധായകരെയും നി൪മ്മാതാക്കളെയും വിളിച്ച് സംസാരിക്കുന്നു, അവരൊക്കെ സമ്മതിക്കുന്നു, രോഹനെ ഓരോരുത്തരും വിളിക്കുന്നു, സിനിമ എടുക്കുന്നു..അവന്റെ നല്ല സമയത്തിന് എല്ലാം ഹിറ്റാകുന്നു.. ഇതാണ് സംഭവിച്ചത്.

അവന്റെ കഴിവും അത്രയ്ക്കുണ്ടല്ലോ.. ‘നിഴലുകൾ പറഞ്ഞത്’ എന്ന സിനിമയിൽ അവന്റെ അഭിനയം എന്തായിരുന്നു..

അതേ.. അതിനാണല്ലോ ഇന്നത്തെ അവാ൪ഡും..

ഗിരിധ൪ വന്നിരുന്നോ ..?

പിന്നില്ലേ.. ജനകീയ നടനുള്ള അവാർഡ് ഗിരിധറിനാണ്..ഓരോ സംവിധായകനും ഗിരിധ൪ വിളിച്ച കാര്യം പറയുമ്പോൾ അയാൾ സദസ്സിലിരുന്ന് തലയാട്ടുകയും കൈ ഉയർത്തിക്കാട്ടി അത് ശരിവെക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

രോഹനാകെ വല്ലാതായിപ്പോയിട്ടുണ്ടാകുമല്ലേ..?

അതാ ഞാൻ പറഞ്ഞത് നീയിന്ന് വരാതിരുന്നത് നഷ്ടമായി എന്ന്..എന്റെ തൊട്ടടുത്താണ് മുസ്തഫ തലയും താഴ്ത്തി ഇരിക്കുന്നുണ്ടായിരുന്നത്..രോഹൻ എഴുന്നേറ്റ് വന്ന് മുസ്തഫയുടെ കാലിൽ വീഴാൻ നോക്കിയതും അവൻ എഴുന്നേറ്റ് രോഹനെ കെട്ടിപ്പിടിച്ചു. എന്തൊരു ഹ൪ഷാരവമായിരുന്നു സദസ്സിൽ എന്നറിയോ നിനക്ക്..ടിവിയിൽ രണ്ട് ദിവസത്തിനകം വരും.. അപ്പോൾ കണ്ടോളൂ.. മുഴുവൻ ക്യാമറകളും ഞങ്ങളുടെ ‌ചുറ്റും നിന്ന് മിന്നുകയല്ലേ..

ആ രംഗം വീണ്ടും വീണ്ടും ഓ൪ത്തെടുത്ത് രസത്തോടെ ഇന്നച്ചൻ പതുക്കെ കിടക്കയിലേക്ക് ചാഞ്ഞു.

അന്നമ്മേ…

എന്തോ..?

നമ്മുടെയൊക്കെ ജീവിത കഥ ആരോ എവിടെയോ ഇരുന്ന് എത്ര ഭംഗിയായി എഴുതിവെക്കുന്നുണ്ട് അല്ലേ..

ഉം..

ട്വിസ്റ്റും ടേണും ക്ലൈമാക്സും ഇമോഷൻസുമായി എന്തെല്ലാം കാണാൻ കിടക്കുന്നു..

ഉം..

അവ൪ പതിയെ ഉറക്കത്തിലേക്ക് ആഴ്ന്നു..