പൊയ്മുഖങ്ങൾ…
രചന : സജി മാനന്തവാടി
::::::::::::::::::::::::
” മോളെ ആദി, നാളെ വരുമ്പോൾ ക്രിസ്തുമസ് കേക്കുവാങ്ങാൻ നൂറ് രൂപ കൊണ്ടുവരണം. പിന്നെ ക്ലാസ് തുറക്കുന്ന ദിവസമാണ് ക്രിസ്തുമസ് ഗിഫ്റ്റ് എക്സേഞ്ച് ചെയ്യുന്നത് .വരുമ്പോൾ ഗിഫ്റ്റ് കൊണ്ടു വരാൻ മറക്കണ്ട . അഞ്ഞൂറ് രൂപക്കുള്ളത് മതി. അടുത്ത മാസം 18ന് നമ്മൾ ടൂറ് പോകും. ഈ പ്രാവശ്യം കാശ്മീരിലേക്കാണ് പോകുന്നത്. അതിൽ പങ്കെടുത്തില്ലെങ്കിൽ അതൊരുതീരാ നഷ്ടമായിരിക്കും. ഒരാൾക്ക് പതിമൂന്ന് രൂപയാകും. നേരെത്തെ തന്നെ വീട്ടിൽ അറിയിച്ചേക്ക് ” .
ക്ലാസ് ലീഡർ രേണുവിന്റെ നിർദ്ദേശങ്ങളാണ്. ഇത് കേട്ടാൽ തോന്നും വീട്ടിൽ പൂത്ത പണമിരിക്കുകയാണെന്ന് . രേണുവിന്റെ ആദിയെന്ന വിളി കേൾക്കുമ്പോൾ തന്നെ ഒരു തരം ആധിയാ.
പുറമെ നിന്ന് നോക്കുന്നവർക്ക് വീട്ടിൽ പണത്തിന് ഒരു പഞ്ഞവുമില്ല. പത്ത് മൂവായിരം സ്ക്വയർ ഫീറ്റുള്ള വീട്, ഏട്ടനും ഏടത്തിയും ഡോക്ടർമാർ ,രണ്ട് പേർക്കും ടൗണിൽ നല്ല പ്രാക്ടീസ്. അമ്മാവന്മാർ ടൗണിൽ സ്വർണ്ണകട നടത്തുന്നവർ, അച്ഛൻ ഒരു കൊല്ലം മുമ്പ് വരെ വലിയൊരു ഹാർഡ്‌വെയർ ഷോപ്പിന്റെ ഉടമ . പക്ഷെ ഇപ്പോൾ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ അച്ഛൻ പെടുന്നപാട് എനിക്ക് നന്നായി അറിയാം. പിന്നെ എങ്ങിനെയാ ഞാൻ അച്ഛനോട് പണം ചോദിക്കുന്നെ . എല്ലാത്തിനും കാരണം ഏട്ടന്റെ ആ നശിച്ച കല്യാണമാ. ഏട്ടൻ പോസ്റ്റ് ഗ്രാജ്വേഷന് പഠിക്കുമ്പോഴാണ് ഏടത്തിയുടെ അച്ഛൻ കല്യാണ ആലോചനയുമായി വന്നത്. ഏട്ടൻ പറഞ്ഞതാണ് നമ്മളെക്കാൾ വലിയ പണക്കാരുമായി ബന്ധം വേണ്ടെന്ന് . ഏട്ടൻ പെണ്ണുകാണാൻ പോയതുമുതൽ ഏട്ടത്തിക്ക് എന്തൊരു സ്നേഹമായിരുന്നു ! അന്നൊക്കെ , ഒരോ ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും എന്നെയും അമ്മയെയും മാറി മാറി അവർ ഫോൺ വിളിക്കുമായിരുന്നു. കാറുമായി കോളെജ് ഗെയിറ്റിന് വെളിയിൽ ഏട്ടത്തി എനിക്കു വേണ്ടി കാത്തുനിൽക്കും. കോഫി ഷോപ്പിലും ജവുളി കടകളിലും ബ്യൂട്ടി പാർലറിലും എന്നെ കൊണ്ടുപോകുമായിരുന്നു. എന്റെയും അമ്മയുടെയും നിർബന്ധം സഹിക്കാൻ വയ്യാതെയായപ്പോഴാണ് ഏട്ടൻ അവരെ വിവാഹം ചെയ്യാൻ തീരുമാനിച്ചത്.
പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന് പറഞ്ഞതുപോലെ ആദ്യകാലത്ത് ഏടത്തിക്ക് ഞങ്ങളോട് വലിയ സ്നേഹമായിരുന്നു.
ഏട്ടന്റെ കല്യാണം ആർഭാടമായി നടത്താൻ വേണ്ടി അച്ഛന് കുറച്ചധികം തുക കടം വാങ്ങേണ്ടിവന്നിരുന്നു. ആ സമയത്താണ് തൊഴിലാളി സമരങ്ങൾ കടയിലുണ്ടായത്. മൂന്ന് മാസത്തോളം കട അടച്ചിടേണ്ടിവന്നു.രണ്ട് മൂന്ന് മാസത്തെ വാടക, കുടിശിഖയായപ്പോൾ കെട്ടിട ഉടമ കടയൊഴിയാൻ ആവശ്യപ്പെടു. അത് പിന്നെ കോടതിയിൽ കേസായി. ആ കേസിൽ അച്ഛൻ തോറ്റു. വക്കീൽ കാലുമാറിയതാണെന്ന് പലരും പറയുന്നത് കേട്ടിരുന്നു. വക്കീലിനും മറ്റുള്ളവർക്കുമുള്ള കടങ്ങളും വീട്ടികഴിഞ്ഞപ്പോൾ അച്ഛന്റെ കൈയിൽ പറയത്ത തുകയൊന്നുമുണ്ടായിരുന്നില്ല.
അതോടെ എട്ടത്തി ഞങ്ങളെ കണ്ട ഭാവം നടിക്കാതെയായി. ഏട്ടന്റെ ഒരു രൂപ പോലും വീടിന് വേണ്ടി ചിലവഴിക്കാൻ അവർ സമ്മതിച്ചില്ല .വീട്ടിൽ രണ്ട് അടുക്കളയുമായ പ്പോഴാണ് അച്ഛൻ പറഞ്ഞത് ,
” അവൾക്ക് ഇഷ്ടാമാണെങ്കിൽ നിങ്ങൾ ടൗണിലേക്ക് വീടുമാറിക്കോ . നിന്റെ ജീവിതം ഞങ്ങൾക്ക് വേണ്ടി തകർക്കണ്ട .”
മനസ്സില്ലാമനസ്സോടെയാണ് ഏട്ടൻ വീടുവിട്ടിറങ്ങിയത്. ഏട്ടന് ഞങ്ങളെ സഹായിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഏട്ടത്തി അനുവദിച്ചിരുന്നില്ല.
ഗത്യന്തരമില്ലാതെ വന്നപ്പോൾ അച്ഛൻ വീട് വിൽക്കാൻ തീരുമാനിച്ചു. പക്ഷെ തൊട്ടടുത്തുള്ള അമ്പലത്തേക്കാൾ വീടിന് ഉയര കൂടുതലുണ്ടെന്ന് പറഞ്ഞ് ആരും വീട് വാങ്ങാൻ കൂട്ടാക്കിയില്ല.
അച്ഛന്റെ കൈയിലുള്ളതെല്ലാം വിറ്റു കിട്ടിയതുക കൊണ്ട് രണ്ട് കറവ പശുക്കളെ വാങ്ങിച്ചു. അത് കണ്ട പലരും മൂക്കത്ത് വിരൽ വെച്ചു. പക്ഷെ കഴിഞ്ഞ മാസം അത് രണ്ടും ഒന്നിനു പുറകെ മറ്റൊന്നായി ചത്തു. ആരോ വിഷം കൊടുത്ത് കൊന്നതായിരുന്നു.
“എന്താ മോളെ തനിച്ച് സംസാരക്കുന്നെ ?”
അച്ഛന്റെ അടുത്ത സുഹൃത്തും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ സുദേവൻ അങ്കിളിന്റെ ചോദ്യം കേട്ട് ഞാൻ ചൂളി പോയി. എന്റെ ആത്മഗതം കുറച്ച് ഉച്ചത്തിലായിരുന്നു.
” ഒന്നുമില്ല അങ്കിളെ “
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
സുദേവൻ ചേട്ടനെയും സുമിത്ര ചേച്ചിയേയും ഞങ്ങൾ അങ്കിളെന്നും ആന്റിയെന്നുമാണ് വിളിക്കാറുള്ളത്. അവരുടെ മകൻ സുധിഷ് ഞങ്ങളുടെ കളിക്കൂട്ടുക്കാരനാണ്. ആന്റി പലപ്പോഴും സുധിയുടെ പെണ്ണാണ് ഞാനെന്ന് പറയാറുണ്ട്.
കോളേജിലേക്ക് പോകുമ്പോൾ തന്റെ ബുള്ളറ്റ് ബൈക്ക് നിർത്തി എനിക്ക് ലിഫ്റ്റ് തരാൻ നോക്കുമെങ്കിലും ഞാൻ പറയും ,
” ഇതിന്റെ പുറകിൽ ഞാൻ കയറുന്ന ദിവസം എന്റെ കഴുത്തിൽ സുധിയേട്ടൻ ചാർത്തിയ താലിയുണ്ടാകും. “
ഞാൻ വിട്ടുവീഴ്ച ചെയ്യാത്ത ആളാണെന്ന് അറിയാവുന്നതു കൊണ്ട് പുള്ളിക്കാരൻ ഇച്ഛാഭംഗത്തോടെ പോകുന്നത് കാണാമായിരുന്നു.
കോളെജിൽ നടക്കുന്ന കാര്യങ്ങൾ വള്ളിപുള്ളി വിടാതെ അമ്മയെ പറഞ്ഞുകേൾപ്പിക്കുകയെന്നത് എന്റെയൊരു ശീലമാണ്. ക്ലാസിൽ കൊടുക്കേണ്ട തുകയെ കുറിച്ച് അമ്മയാണ് അച്ഛനെ അറിയിച്ചത്. അപ്പോഴാണ് സുദേവൻ അച്ഛന്റെ പക്കൽ നിന്നും വാങ്ങിയ പതിനായിരം രൂപയെ കുറിച്ച് ഓർമ്മ വന്നത്.
അടുത്ത ദിവസം അത് വാങ്ങാൻ അമ്മയെയായിരുന്നു അച്ഛൻ ചട്ടം കെട്ടിയത്.
അമ്മക്ക് തലവേദനയായത് കൊണ്ട് ആ തുക വാങ്ങാൻ എനിക്ക് പോകേണ്ടിവന്നു. സത്യം പറയുകയാണെങ്കിൽ കുറച്ച് ചമ്മലോടെയാണ് ഞാൻ അവിടെ പോയത്.
വിശാലമുറ്റം കടന്ന് അവരുടെ വലിയ വീടിന്റെ ഡോർ ബെൽ അമർത്തുന്നതിന് മുമ്പ് ഞാൻ അവരുടെ പോർച്ചിലേക്ക് നോക്കി. ബുള്ളറ്റ് അവിടെ കണാത്തതു കൊണ്ട് സുധിയേട്ടേൻ അവിടെയില്ല എന്ന് മനസിലായി.
വാതിൽ അടച്ചിട്ടില്ലാത്തതിനാൽ ഞാൻ അകത്തു കയറി നീട്ടി വിളിച്ചു.
“ആന്റി സുമി ആന്റി . “
അകത്തേ ബെഡ് റൂമിൽ നിന്ന് സുദേവനങ്കിളിന്റെ ശബ്ദം കേട്ടു
” മോളെ ആദി, ഇങ്ങോട് വാ , ആന്റി ഇവിടെയില്ല. അവൾ അവളുടെ അനിയത്തിയുടെ വീട്ടിൽ പോയിരിക്കുകയാ . സുധി ജിമ്മിലും പോയി . എനിക്ക് നല്ല സുഖമില്ല പനിയുമുണ്ട്. അച്ഛൻ പറഞ്ഞ കാശ് അടുക്കളയിലുള്ള ഡൈനിങ് ടേബിളിൽ വെച്ചിട്ടുണ്ട്. ഞാൻ എടുത്തു തരണോ?”
“വേണ്ട ഞാനെടുത്തോളാം “
ഞാൻ അടുക്കളയിലേക്ക് നടക്കുമ്പോൾ മുൻ വശത്തെ വാതിൽ അടച്ച ശബ്ദം കേട്ടു.
“ഇല്ല . എനിക്ക് തോന്നിയതാവും . ” ഞാൻ സ്വയം സമാധാനിച്ചു. എനിക്ക് തോന്നി എന്റെ പുറകിൽ ആരോ ഉണ്ടെന്ന് .ഞാൻ തിരിഞ്ഞു നോക്കുമ്പോൾ സുദേവനങ്കിൾ അതുവരെ കാണാത്ത ഒരു മുഖഭാവവുമായി നിൽക്കുന്നു.
“എന്താ പേടിച്ചു പോയോ ? എത്ര കാലമായി ഇതുപോലൊരു അവസരത്തിന് കാത്തിരിക്കുന്നു. ഞാൻ വിചാരിച്ചത് നിന്റെ അമ്മ വരുമെന്നാണ്. അമ്മയില്ലെങ്കിൽ മകൾ . നിന്റെ അമ്മയുമായി എന്റെ വിവാഹം ഉറപ്പിച്ച് ഞാനും നിന്റെ അമ്മയുടെ അച്ഛനും ആങ്ങളമാരും വന്നപ്പോഴാണ് ഞങ്ങറിഞ്ഞത് അവൾ നിന്റെ അച്ഛനുമായി ഒളിച്ചോടിയത്. അന്നുമുതൽ ഞാൻ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു പകരം വീട്ടാൻ .
അപ്പോൾ അയാൾക്ക് ഒരു വന്യമൃഗത്തിന്റെ മുഖമായിരുന്നു.
ഇയാളെയാണല്ലോ ഞാൻ സ്നേഹ ബഹുമാനത്തോടെ അങ്കിളെന്നു വിളിച്ചതെന്നോർത്ത് എനിക്ക് എന്നോട് തന്നെ വെറുപ്പുതോന്നി. ഞങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഇയാളാണെന്ന് എനിക്ക് മനസിലായി.
അയാളുടെ കൈകൾക്ക് ഞാൻ വിചാരിച്ചതിനേക്കാൾ ശക്തിയുണ്ടായിരുന്നു. അഴിക്കുന്തോറും മുറുകുന്ന കുരുക്ക്. ഇയാളെ പോലൊരു വേട്ട പട്ടിക്ക് മുമ്പിൽ കീഴടങ്ങുന്നത് എന്റെ ചിന്തകൾക്കുമപ്പുറത്തായിരുന്നു.
പെട്ടെന്നാണ് ബുള്ളറ്റ് ഹുങ്കാര ശബ്ദത്തോടെ പോർച്ചിൽ വന്നുനിന്നത്. അത് സുധിയേട്ടനായിരിക്കും ഞാൻ ഉറപ്പിച്ചു. അയാളുടെ ധ്യതരാഷ്ട്ര ആലിഗനം ഒന്നയഞ്ഞതും ഞാൻ കുതറി മാറി വാതിൽ തുറന്ന് പുറത്തേക്ക് ഓടി . പുറത്തേക്ക് ഓടുന്ന എന്നെ കണ്ട് സുധിയേട്ടൻ അന്ധാളിച്ചു നിന്നു
“മോളെ ആദി നിൽക്ക്. ” അവൻ നീട്ടി വിളിച്ചത് ശ്രദ്ധിക്കാതെ ഞാൻ വീട്ടിലേക്ക് നടന്നു.
സുദേവൻ ആ ത്മ ഹ ത്യ ചെയ്തു എന്ന വാർത്ത കേട്ടാണ് പിറ്റെ ദിവസം ഞങ്ങളുടെ ഗ്രാമമുണർന്നത്.