സുധിയേട്ടനെ കണ്ടതു പോലെ ഇനി മറ്റൊരാളെ കാണാനോ, സുധിയേട്ടനെ സ്നേഹിച്ചതു പോലെ സ്നേഹിക്കാനോ കഴിയില്ല

കാത്തിരിപ്പ് – രചന : NKR മട്ടന്നൂർ

രാമേട്ടാ കുറച്ചു വെളിച്ചെണ്ണ തന്നേ. കടയ്ക്കുള്ളിലായിരുന്ന രാമേട്ടന്‍ ഇറങ്ങി വന്നു.

മോളേ അരലിറ്റര്‍ പേക്കറ്റേ ഉള്ളൂ. അതിനെന്താ വില…? 110 രൂപ. അയ്യോ അത്രയൊന്നും എന്‍റെ കയ്യിലില്ലാലോ. വര്‍ഷ ബാഗ് മൊത്തം പരതി നോക്കി. ആകെ 180 രൂപയുണ്ട്. വീട്ടിലണേല്‍ ഒരു തുള്ളി വെളിച്ചെണ്ണയില്ല. അവള്‍ പാതി മനസ്സോടെ 110 രൂപയുടെ വെളിച്ചെണ്ണയും വാങ്ങി വീട്ടിലേക്ക് നടന്നു.

ശമ്പളം കിട്ടാന്‍ ഇനിയും രണ്ടുദിവസം കൂടി ബാക്കിയുണ്ട്. രാവിലെയും വൈകിട്ടും ബസ്സിന് ഇരുപത് രൂപ വേണം. ആകെ 70 രൂപയുമായ് ഇനിയും രണ്ടു ദിവസം തള്ളി നീക്കണം. അതിനിടയില്‍ ഒരു പനിയെങ്ങാനും വന്നു‍ പെട്ടാല്‍ കുഴഞ്ഞതു തന്നെ.

കറിപൗഡര്‍ കമ്പനിയില്‍ നിന്നും എണ്ണി പെറുക്കി ആകെ കിട്ടുന്ന ആറായിരം രൂപകൊണ്ട് രണ്ടു പേരും ഞെങ്ങി ഞെരുങ്ങി കഴിയുന്നതാ. അമ്മയ്ക്ക് മരുന്നു വാങ്ങണം പിന്നെ പാലിന്‍റെ കാശ് കൊടുക്കണം. അനാദി സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വാണം പോലെയാ വില കേറുന്നത്. എല്ലാം ശരിയാകുന്നത് പോയിട്ട് അങ്ങനെ പറഞ്ഞവരെങ്കിലും ശരിയായാല്‍ മതിയായിരുന്നു. ആരോടാ പറയുക. ചിലപ്പോള്‍ തോന്നും നമ്മള്‍ രണ്ടുപേരുടേയെങ്കിലും ഭാരം ഭൂമിക്ക് കുറച്ചു കൊടുക്കാമെന്ന്. അത്രയെങ്കിലും ആശ്വസിക്കട്ടെ പാവം.

ദൂരേന്ന് കണ്ടു. വലതു കാല്‍ ഏന്തി വലിച്ചു കൊണ്ട് സുധിയേട്ടന്‍ വരുന്നത്. ചെറിയ മാറ്റം ഉണ്ടെങ്കിലും പഴയ പോലെ ആയിട്ടില്ല. എന്നാലും ഇത്രയെങ്കിലും ആയല്ലോ…! അവള്‍ക്കു ആശ്വാസം തോന്നി. നടന്നടുത്തെത്തി. അവള്‍ ചിരിച്ചു. ആകെ ക്ഷീണിച്ച മുഖം. താടി രോമങ്ങള്‍ വളര്‍ന്നിരിക്കുന്നു. ആ വെളുപ്പു നിറം മാത്രം ഉണ്ട്. എന്തുമാത്രം സുന്ദരനായിരുന്നു. എന്തെല്ലാം സ്വപ്നങ്ങള്‍ കണ്ടിരുന്നു….!

‘ഒരു നൂറു രൂപ തരാനുണ്ടോ തന്‍റെ കയ്യില്‍..’? ഒട്ടും പ്രതീക്ഷിക്കാതെയുള്ള സുധിയേട്ടന്‍റെ ആ ചോദ്യത്തിനു മുന്നില്‍ അവള്‍ നിന്ന് വിയര്‍ത്തു. ഉടലോടെ എവിടേലും മറഞ്ഞു പോയെങ്കിലെന്ന് കൊതിച്ചു. എന്താ പറയുക എന്നോര്‍ത്ത് നിലത്ത് നോക്കി നില്‍ക്കേ. പോട്ടെ..ഇല്ലെങ്കില്‍ സാരോല്ലാ..എന്നും പറഞ്ഞ് നടന്നകന്നു.

കണ്ണുകളില്‍ നനവുണ്ട്. ആരും കാണാതെ പുറം കൈകൊണ്ട് തുടച്ചിട്ട് തളര്‍ന്നു പോയ കാലുകള്‍ പെറുക്കിവെച്ച് വീട്ടിലേക്ക് നടന്നു. പാവം…അത്രയും വിഷമത്തിലായത് കൊണ്ടാവില്ലേ ചോദിച്ചിട്ടുണ്ടാവുക? ഒരു നൂറു രൂപ പോലും സ്വന്തമായിട്ടില്ലാത്ത തന്‍റെ ഗതികേട് ഓര്‍ത്ത് മനസ്സിലവള്‍ കരഞ്ഞു.

ഫിസിയോ തൊറാപ്പിയിലൂടെയാ അങ്ങനെ നടക്കാവുന്ന അവസ്ഥയിലെത്തിയത്. നല്ല മാറ്റമുണ്ട് അതു വഴി. പക്ഷേ ഇപ്പോള്‍ പണമില്ലാത്തതിനാല്‍ തൊറാപ്പിക്ക് പോവാറില്ല പോലും…! ഒരു ബൈക്കപകടത്തില്‍ വലതു കാല്‍ മുട്ടിന്‍റെ ചിരട്ട തകര്‍ന്നു പോയതാ. ഒരോപ്പറേഷനിലൂടെ ചിരട്ട മാറ്റിവെച്ചു. അപ്പോഴേക്കും കയ്യിലുള്ളതും, അത്ര നാളത്തെ സമ്പാദ്യം മുഴുവനും തീര്‍ന്നു.

കടം വാങ്ങിയാ തൊറാപ്പി ചെയ്തു തുടങ്ങിയത്. ഒന്നും ചെയ്യാനാവാതെ അപ്പോള്‍ അവിടെ തകര്‍ന്നു പോയത് താനായിരുന്നു. ആ അപകടം സംഭവിച്ചില്ലായിരുന്നെങ്കില്‍ ആ കൂടെ ജീവിക്കേണ്ടവളാ ഈ വര്‍ഷ. പരസ്പരം മൂന്നുവര്‍ഷമായ് സ്നേഹത്തിലായിരുന്നു നമ്മള്‍.

അലുമിനിയ പാത്രങ്ങളുടെ ഏജന്‍സി ഓഫീസിലെ കലക്ഷന്‍ ഏജന്‍റായിരുന്നു സുധിയേട്ടന്‍. എന്നും പോവുന്നതാ ആ ബൈക്കില്‍. പരിചയമില്ലാത്ത ആരോ ഓടിച്ച കാര്‍ വന്നിടിക്കുകയായിരുന്നു. കാര്‍ നിര്‍ത്താതെ പോയി. രാവിലെ ആയിരുന്നു സംഭവം. റോഡില്‍ ആരുമുണ്ടായിരുന്നില്ല ഒന്നു സഹായിക്കാന്‍. പാവം എന്തെല്ലാം യാതനകള്‍ അനുഭവിച്ചു. ജീവിതം മടുത്തെന്ന് പറയാറുണ്ടായിരുന്നു, അടുത്തിരിക്കുമ്പോള്‍.

കയ്യിലെ ആകെ സമ്പാദ്യമായ് കിടന്നിരുന്ന ഒരു പൊന്‍ വള ഊരി തലയണയ്ക്കടിയില്‍ വെച്ചിട്ട് പോരുമ്പോള്‍ പറഞ്ഞിരുന്നു. അതൊന്നും വേണ്ടാ കൊണ്ടു പൊയ്ക്കോന്ന്. ഇനി അതൊന്നും തിരിച്ചു തരാന്‍ ഒരിക്കലും കഴിയില്ലാന്ന് തോന്നിയിട്ടുണ്ടാവും. ആ മുഖത്ത് നിരാശ നിഴലിട്ടതു കാണുമ്പോള്‍ സങ്കടാ.

എത്ര സ്മാര്‍ട്ടായിരുന്നു സുധിയേട്ടന്‍. ആ മുഖത്തേക്ക് നോക്കിയിരിക്കാന്‍ തന്‍റെ മനസ്സിന്ന് വല്ലാത്ത കൊതിയായിരുന്നു. പലപ്പോഴും ചോദിച്ചു എന്താ ഈ മനസ്സിലെന്ന്. പണമില്ലെങ്കിലും ഒത്തിരി സൗന്ദ്യര്യമുണ്ടായിരുന്നു വര്‍ഷയ്ക്ക്. ആരേയും കാണാതെ ഒതുങ്ങി നടക്കുന്നതായിരുന്നു തനിക്കിഷ്ടം. കമ്പനിയിലേക്ക് പോവുമ്പോള്‍ എന്നും കാണാറുണ്ട്. തന്‍റെ കൊതിയോടെയുള്ള നോട്ടം കണ്ടിട്ടാവും ഒരു ദിവസം അടുത്തു വന്നു നിര്‍ത്തിയിട്ട് പതുക്കെ പറഞ്ഞത്. വാ പിറകില്‍ കേറിക്കോ. ഞാന്‍ കൊണ്ടുവിടാം കമ്പനിയിലേക്കെന്ന്.

തല്‍ക്കാലം ഏട്ടന്‍ പൊയ്ക്കോളൂന്നും പറഞ്ഞ് ഒരു ചിരിയോടെ നടന്നു. എങ്ങനേയോ അതൊരു ഇഷ്ടമായ് ഉള്ളില്‍ വളര്‍ന്നതാ. ഒന്നും പറയാതെ പരസ്പരം സ്നേഹിച്ചു.

ഒരു ദിവസം അമ്മയോട് വന്നു ചോദിച്ചു വര്‍ഷയെ എനിക്കു തരുവോന്ന്. താന്‍ വീട്ടിലില്ലാത്ത നേരത്തായിരുന്നു ആ വരവ്. വൈകിട്ട് അമ്മ പറഞ്ഞു എല്ലാം വിശദമായിട്ട്. ഒന്നും വേണ്ടാ. അവള്‍ക്കു കിട്ടുന്ന കാശും അമ്മ വാങ്ങിച്ചോളൂന്നും പറഞ്ഞു പോലും. ഞങ്ങള്‍ക്കു വേണ്ടത് ഞാന്‍ സ്വരുക്കൂട്ടി വെയ്ക്കുന്നുണ്ടെന്നും. അമ്മയ്ക്ക് സമ്മതമാ നൂറുവട്ടം. നല്ല പയ്യനാണെന്ന് പറഞ്ഞു.

അതൊക്കെ അനുഭവിക്കാനും വേണം ഒരു യോഗം…! ‘തനിക്കത് ഇല്ലായിരുന്നുവെന്ന് മനസ്സിനെ പറഞ്ഞു സമാധാനിപ്പിക്കുകയാ ഇപ്പോള്‍’. ആ ജോലിക്കിടയില്‍ മനസ്സിലെ വേദനകളെല്ലാം മറക്കാന്‍ ശ്രമിക്കുന്നു. റോഡിലോ കടയിലോ ഒക്കെ കാണാറുണ്ട് കുറച്ചു നാളുകളായിട്ട്. ഒരുതരം നിര്‍വ്വികാരതയാ ആ കണ്ണുകളില്‍. ഇനിയൊന്നും ചെയ്യാനില്ലാത്ത പോലെ. ഒന്നും ഓര്‍മ്മപ്പെടുത്തേണ്ടതില്ലാല്ലോ ആ മനസ്സിനെ.

വീട്ടു ചെലവുകള്‍ നടത്താനായിട്ട് സുധിയേട്ടന്‍റെ അമ്മ കൂലിവേലയ്ക്ക് പോവാന്‍ തുടങ്ങിയിട്ട് നാളുകളായി. അതോടു കൂടിയാ ആകെ തകര്‍ന്നു പോയത്. കുറച്ചു പണമുണ്ടെങ്കില്‍ ഫിസിയോ തൊറാപ്പി ചെയ്താല്‍ ശരിയാവുന്ന പ്രശ്നമേ ഇപ്പോള്‍ സുധിയേട്ടനുള്ളൂ. പിന്നെ എവിടേലും ഒരു ജോലി ശരിയായാല്‍ ജീവിക്കാം. ആരോടും ഒന്നിനും ചോദിക്കാന്‍ വയ്യെന്ന് പറഞ്ഞു ഒരു വട്ടം.

തന്‍റെ ശരീരത്തില്‍ ആകെ അവശേഷിക്കുന്നത് ഒരു മൂക്കുത്തിയാ. ചുവന്ന കല്ലുള്ള ആ മൂക്കുത്തി സുധിയേട്ടനും ഒരുപാട് ഇഷ്ടായിരുന്നു. കുറേ തവണ ഈ മൂക്കില്‍ ഞാനൊന്ന് കുത്തി നോവിക്കട്ടേന്നു ചോദിച്ചു പിറകേ വന്നതാ. പണിതു തരുമായിരുന്നു. പക്ഷേ, കയ്യില്‍ സ്വരുക്കൂട്ടി വെച്ച നാലായിരം രൂപ കൊണ്ട് താന്‍ തന്നെ വാങ്ങിച്ചതായിരുന്നു ആ മൂക്കുത്തി. കൂടെ വരേണ്ടാന്ന് പറഞ്ഞതും താനായിരുന്നു.

അതിനേതു നിറമുള്ള കല്ല് വെയ്ക്കണം എന്നു മാത്രം ചോദിച്ചു. ചുവന്നത് സുധിയേട്ടന്‍റെ ഇഷ്ടമായിരുന്നു. അതണിയുമ്പോള്‍ എന്‍റെ വീട്ടില്‍ അമ്മയുടെ മുന്നിലുണ്ടായിരുന്നു സുധിയേട്ടന്‍. അകത്തേക്ക് വന്നു. ആ കണ്ണുകളില്‍ ഒരു തിളക്കം കണ്ടു. കൊള്ളാല്ലോ എന്നും പറഞ്ഞു അരികില്‍ വന്നു. ആ കൈ മൂക്കുത്തിയില്‍ സ്പര്‍ശിച്ചു. ഇതെന്നും ഇവിടെ കാണണം എന്നും പറഞ്ഞെന്നെ കെട്ടിപ്പിടിച്ചു. ആ മൂക്കുത്തിയില്‍ ചുണ്ടമര്‍ത്തി പെട്ടെന്ന് പൊയ്ക്കളഞ്ഞു. അതോടെയാ കൊതിയായത് ആ കൂടെ ജീവിക്കാന്‍. അങ്ങനെ കാര്യങ്ങള്‍ എല്ലാം ശരിയായി വരുമ്പോഴേക്കും വിധി ഇങ്ങനെയായി.

മോളേ വാ ചോറു വിളമ്പിയിട്ടുണ്ട്. അമ്മയുടെ വിളി കേട്ട് ഓര്‍മ്മകളീന്നുണര്‍ന്നു. പാവം അമ്മയ്ക്കായിരുന്നു ഒത്തിരി സങ്കടം. എന്‍റെ മോന് ആരുടേയോ കണ്ണു തട്ടിയാതാന്നാ പറയുക. എന്‍റെ മുഖത്തേക്ക് നോക്കിയിരിക്കും ചില നേരങ്ങളില്‍. അമ്മയുടെ കണ്ണടഞ്ഞാല്‍ എന്‍റെ മോള്‍ക്ക് ആരാന്ന് ഓര്‍ത്താ ഇപ്പോള്‍ നടക്കുന്നത്. ആരൊക്കെയോ ആലോചനകളുമായ് വീട്ടിലേക്ക് വരാറുണ്ട് ഇപ്പോഴും. അമ്മയെ തനിച്ചാക്കി പോവാന്‍ വയ്യാന്നും പറഞ്ഞ് പിടിച്ചു നില്‍ക്കുന്നു. എന്നെയും അമ്മയേയും മനസ്സിലാക്കാനും സ്നേഹിക്കാനും കഴിയുന്നൊരാളേയാ കൊതിച്ചിരുന്നത്. അങ്ങനെ ഒരാള്‍ അരികിലെത്തിയിട്ട് ആരോ തട്ടിപ്പറിച്ചോണ്ട് പോയതു പോലെയായി.

മതി ഈ ജന്‍മം ഇനി ഇങ്ങനെ തീരട്ടെ. സുധിയേട്ടനെ കണ്ടതു പോലെ ഇനി മറ്റൊരാളെ കാണാനോ, സുധിയേട്ടനെ സ്നേഹിച്ചതു പോലെ സ്നേഹിക്കാനോ കഴിയില്ല. പിന്നെന്തിനാ ഒരു പാഴ്ശ്രമം…? തല്‍ക്കാലം സ്നേഹിക്കാനും കൂട്ടിനും അമ്മയുണ്ട്…അമ്മ മതി.

പിറ്റേന്ന് കൂടെ ജോലി ചെയ്യുന്ന രമ്യയോട് അഞ്ഞൂറു രൂപ കടം വാങ്ങി ബാഗില്‍ വെച്ചു. സുധിയേട്ടനെ കണ്ടെങ്കില്‍ കൊടുക്കാനായിട്ട്. മൂന്നാലു ദിവസം കഴിഞ്ഞിട്ടും കാണാന്‍ കഴിഞ്ഞില്ല എവിടേയും. പതിവായി കാണാറുള്ള കടയിലെ പയ്യനോട് ചോദിച്ചപ്പോള്‍ പറഞ്ഞു. എവിടേക്കോ പോയെന്ന്. അവനോടും അന്ന് നൂറു രൂപ കടം ചോദിച്ചതാ പോലും. അവന്‍റെ കയ്യീന്ന് കിട്ടാത്തത് കൊണ്ടാവും എന്‍റരികില്‍ വന്നത്. അന്നു രാത്രി ഉറക്കം വരാതെ നിറഞ്ഞൊഴുകുന്ന മിഴികള്‍ തുടച്ചു കൊണ്ടു വെറുതേ കിടന്നു. എവിടേലും ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞാല്‍ മതിയായിരുന്നു. ഒന്നും വരുത്തരുതേ എന്‍റെ കൃഷ്ണാ മനംനൊന്തു പ്രാര്‍ത്ഥിച്ചു. എവിടേലും കാണുന്നത് ഒരാശ്വാസമായിരുന്നു.

ഇപ്പോള്‍ കുറേ നാളുകള്‍ കൊണ്ട് ജീവിതം പിന്നേയും മടുപ്പിക്കുന്നു. പോകുന്ന വഴിയിലെല്ലാം ആ ഏന്തി വലിച്ചുള്ള നടത്തം കാണാനായ് കാത്തിരുന്നു. എന്നെങ്കിലും ഒരു നാള്‍ വരും സുധിയേട്ടന്‍ ഈ കൈകളില്‍ പിടിക്കാന്‍. അതൊരു പ്രതീക്ഷയാ. അതിനായ് കാത്തിരിക്കാം …!

പിന്നെയും പിന്നെയും എന്നെ തനിച്ചാക്കി ആഴ്ചകളും മാസങ്ങളും വിടപറഞ്ഞു പോയി.

ഒരുദിവസം. രാവിലെ ഉണര്‍ന്നു കുളികഴിഞ്ഞു. ഈറന്‍മുടിയില്‍ തോര്‍ത്തു ചുറ്റി. നിലവിളക്കു കൊളുത്തി നടുവകത്ത് വെച്ചു. നല്ല തണുപ്പുള്ള പ്രഭാതമായിരുന്നു. ഉമ്മറത്തെ ലൈറ്റ് തെളിയിച്ചു വാതില്‍ തുറന്നു. മുന്നില്‍ നടുമുറ്റത്ത് കണ്ടു ഒരു ബൈക്ക്. അതു സുധിയേട്ടന്‍റേതാണല്ലോ എന്നോര്‍ത്ത് വേഗം വരാന്തയിലേക്കിറങ്ങി.

കസേരയില്‍ ചാഞ്ഞു കിടന്നുറങ്ങുന്നുണ്ട്…! ആളാകെ മാറിയിരിക്കുന്നു. പാന്‍റും ഷര്‍ട്ടുമാ വേഷം. ഷേവ് ചെയ്തു വീണ്ടും ആ പഴയ ഭംഗി കൈവന്നിരിക്കുന്നു. പതുക്കെ പോയി കൈത്തലം ആ നെറ്റിയില്‍ അമര്‍ത്തി. മെല്ലെ കണ്ണുകള്‍ തുറന്നെന്നെ നോക്കി. സുധിയേട്ടാ, അതിരറ്റ സന്തോഷം കൊണ്ടു കണ്ണുകളും മനസ്സും നിറഞ്ഞിരുന്നു. മെല്ലെ എഴുന്നേറ്റ് വന്നു.

നടത്തം ശരിയായ പോലെ തോന്നി. എപ്പോഴാ വന്നത്…..? എന്താ വിളിക്കാതിരുന്നത്…? തണുക്കുന്നില്ലേ….?
നൂറു ചോദ്യങ്ങള്‍ തുടരുമ്പോള്‍ ആ കൈകളാല്‍ എന്‍റെ വായ പൊത്തി…! എല്ലാം പറയാം. ഞാന്‍ സുധിയേട്ടനെ അകത്തേക്ക് കൂട്ടി കൊണ്ടുപോയി. ശബ്ദം കേട്ട് അമ്മയും എഴുന്നേറ്റ് വന്നു. അമ്മയ്ക്കും ഒരുപാട് സന്തോഷമായി. ഏര്‍ണാകുളത്ത് പഴയ കൂട്ടുകാരന്‍റെ ഓഫീസിലൊരു ജോലി ശരിയായി. പിന്നെ തൊറാപ്പി ചെയ്ത് കാലും ശരിയായി വരുന്നുണ്ട്.

പിന്നെയും ജീവിതം ഒരു പ്രതീക്ഷയോടെ കാണുകയാ. കൈവിട്ടു പോയ ആത്മവിശ്വാസം തിരികേ ലഭിച്ചിരിക്കുന്നു. ഒരുപാട് നാളുകള്‍ക്കു ശേഷം വയറു നിറയെ ഞങ്ങള്‍ ഭക്ഷണം കഴിച്ചു. നെറ്റിയിലൊരു പൊട്ടു തൊട്ടു തന്നു..കണ്ണില്‍ മഷിയെഴുതാന്‍ പറഞ്ഞു. ആ ചുവന്ന മൂക്കുത്തി മേല്‍ ഉമ്മ വെച്ചു. ഇനിയും പരീക്ഷിക്കരുതേ എന്നു മനമുരുകി പ്രാര്‍ത്ഥിക്കുകയാ മനസ്സ്.