അഭയാര്‍ത്ഥികള്‍ – രചന : NKR മട്ടന്നൂർ
പരിഭവങ്ങളൊന്നും ഇല്ലെനിക്ക്…കൂടെ മോഹങ്ങളുമില്ല….പേടിയാ…..!!
കടല്‍ കടന്നു വരുമ്പോള്‍ ഇത്ര പേടി ഇല്ലായിരുന്നു. അപ്പോള്‍ ഒന്നു മാത്രേ ഓര്‍ത്തിരുന്നുള്ളൂ. 200 പേര്‍ കയറേണ്ടിയിരുന്ന ബോട്ടില്‍ അറുനൂറിലും മേലേ ആളുകളുണ്ടായിരുന്നു. കിട്ടിയ ഇടത്ത് പിടിച്ചു നിന്നു. വിശപ്പോ ദാഹമോ ഒന്നും ഇല്ലാഞ്ഞിട്ടല്ല. ഒന്നും തോന്നിയില്ല. കടലില്‍ വീഴാതെ, കടലില്‍ മുങ്ങിപ്പോവാതെ കരയിലെത്തിക്കണേ എന്നു പ്രാര്‍ത്ഥിക്കയായിരുന്നു എല്ലാവരും. എനിക്കും അങ്ങനെ ചെയ്യേണ്ടി വന്നു.
ആരോടാണാ പ്രാര്‍ത്ഥന എന്നൊന്നും അറിയില്ല. ഉമ്മച്ചി ചൊല്ലുന്നത് കേട്ടു ചൊല്ലി. ശ്വസിക്കുന്നത് ശുദ്ധവായു അല്ലാന്ന് തോന്നി. എന്തൊക്കെയാ അസ്വസ്ഥതകള്‍. കരയിലെത്തിയാല്‍ എന്തേലും ജോലി ചെയ്തോ തെണ്ടി നടന്നോ ജീവിക്കാമെന്നു പറഞ്ഞു. ഒരു നേരത്തെ ഭക്ഷണം തരുന്നവരെ സേവിക്കാനോ കാലു നനച്ചു കൊടുക്കാനോ എന്തിനും തയ്യാറായിരുന്നു മനസ്സ്. ജനിച്ച നാട്ടീന്ന് ജീവനും കൊണ്ടോടി പോവുകയായിരുന്നു.
ആരെയൊക്കെയോ പിടിച്ചു കൊണ്ടു പോയെന്നും, ആള്‍ക്കാരെ വെടിവെച്ചും തല്ലിയും കൊല്ലുകയാണെന്നും പറഞ്ഞ് ഓടി പോരുകയായിരുന്നു. എന്തിനാ ഇങ്ങനെ പാവങ്ങളെ വെടിവെച്ചു കൊല്ലുന്നത്. ആരും പറഞ്ഞു തരുന്നില്ല.
ഇവിടെ, ആരൊക്കെയോ കൊണ്ടു തന്ന ഭക്ഷണ പൊതികളും കഴിച്ച് ഉണ്ടും ഉറങ്ങിയും ഓടിയും ചാടിയും സമയം പോവുന്നതറിയുന്നില്ല. എന്താ ഒരു സുഖം…ഞങ്ങള്‍ താമസിക്കുന്ന ഈ നാട്ടിലെ കുട്ടികള്‍ എന്തു സുന്ദരികളാണെന്നോ…? നല്ല വസ്ത്രങ്ങളണിഞ്ഞ് മുടിയൊക്കെ മെടഞ്ഞു കെട്ടി ഷൂസുമിട്ട് നല്ല ഭംഗിയുള്ള ബാഗുമായ് നടന്നു പോവുന്നത് കാണുമ്പോള്‍ കൊതിയാവുന്നു. അതു പോലെ പോവാനുള്ള ഭാഗ്യമൊന്നും നമുക്കില്ല..
കുളിക്കാറില്ല..കണ്ണെഴുതാറോ മുടി ചീകാറോ ഇല്ല..എന്നും ഒരു വസ്ത്രം തന്നെ…!അടുത്തെവിടേയോ ഒരു പുഴ ഒഴുകുന്നുണ്ടായിരുന്നു. അവിടെ പോയി കുളിച്ചു വസ്ത്രങ്ങളും കഴുകി വരികയായിരുന്നു ഞങ്ങളുടെ കൂട്ടത്തിലെ കുറേ ആളുകളെ ഈ നാട്ടിലെ ആളുകള്‍ വടിയും കല്ലുമായും പിറകേ ഓടി പോലും…പുഴ മലിനമാകുമെന്നും പറഞ്ഞ്…പിന്നെയാരും ആ വഴിയേ പോയില്ല. ഇവിടെ അടുത്തുള്ള കുന്നിന്‍ മേലേയാ ഞങ്ങളെല്ലാവരും പോയി പുലര്‍കാലത്തേ കാര്യം സാധിക്കുന്നത്. ഇപ്പോള്‍ അഞ്ചു ദിവസമായി. ഇനി അതിനാകും അടി കിട്ടുന്നതെന്ന് ആരോ പറയുന്നത് കേട്ടു.
സത്യത്തില്‍ ഈ ഞങ്ങളെ എന്തിനാ ദൈവം സൃഷ്ടിച്ചത്. ഞങ്ങള്‍ക്കുമില്ലേ ഈ ഭൂമിയില്‍ അവകാശം. കൂട്ട പാലായനം ചെയ്തു മടുത്തു. ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക്. അതിനിടയില്‍ മരിച്ചു തീരാറായിരിക്കുന്നു ഈ വംശം. പിറന്നനാട്ടിലുള്ളവര്‍ക്ക് സംരക്ഷിക്കാന്‍ കഴിഞ്ഞില്ലേല്‍ പിന്നെയാണോ വലിഞ്ഞു കേറി പോവുന്ന നാട്ടില്‍ സംരക്ഷണം കിട്ടേണ്ടത്. മടുത്തു. കടലില്‍ ചാടി ചത്താല്‍ മതിയായിരുന്നു.
‘ഇവിടെ സംരക്ഷിക്കാനാവില്ലാന്നുള്ള ആജ്ഞ വന്നു കഴിഞ്ഞു…’ ഇനി ആരേലും എവിടേലും കേറ്റി വിടും. ഒരു പ്രതീക്ഷയുമില്ലാത്ത ആ യാത്ര കൂടി താങ്ങാന്‍ വയ്യ. കടലില്‍ തീര്‍ക്കും ഈ ജീവിതം…
പ്രിയ രക്ഷിതാക്കളെ പിറന്ന നാടിന്ന് ആവശ്യമില്ലെങ്കില്‍, ജീവിക്കാനനുവാദമില്ലെങ്കില്‍, ആരും തന്നെ ഇനിയും അനാഥരാക്കാൻ, കണ്ടവന് തല്ലിക്കൊല്ലാന്‍, മറ്റുള്ളവര്‍ക്ക് പിച്ചിചീന്താന്‍ ഇനിയും തന്നെ പുതുജന്മം കൊടുക്കല്ലേ ആര്‍ക്കും. പിറന്ന നാട്ടീന്ന് ജീവനും കൊണ്ടോടി പോവാന്‍ ഇനിയും തന്നെ കുഞ്ഞുമക്കളെ ഭൂമിയിലേക്ക് തള്ളി വിടല്ലേ. ഈ കൊടിയ പാപത്തിന് നിങ്ങള്‍
അനുഭവിക്കേണ്ടി വരുന്ന ശിക്ഷ എത്ര വലുതായിരിക്കും എന്നോര്‍ത്ത് നോക്കണേ…!