രചന: അപ്പു
::::::::::::::::::::::
” എന്നാലും എന്റെ ചേച്ചി നിങ്ങൾ ഇതെന്ത് പണിയാണ് കാണിച്ചത്..? നമ്മുടെ മനുവിന് ഇതിലും നല്ല ബന്ധം കിട്ടാഞ്ഞിട്ടാണോ..? നിങ്ങൾക്ക് കണ്ടുപിടിക്കാൻ പറ്റില്ലെങ്കിൽ എന്നോട് പറഞ്ഞാൽ മതി ആയിരുന്നല്ലോ.. മണി മണി പോലെ എത്ര പെൺകുട്ടികളെ ഞാൻ കൊണ്ട് തന്നേനെ.. “
കല്യാണം കൂടാൻ വന്ന ആന്റിമാരിൽ ആരോ പറയുന്നത് അവൾ വ്യക്തമായി കേട്ടു.
“അതൊക്കെ എനിക്ക് മാത്രം തോന്നിയാൽ മതിയോ വനജേ.. തോന്നേണ്ടവന് അതിനെക്കുറിച്ച് എന്തെങ്കിലും ഒരു ബോധം ഉണ്ടെങ്കിൽ അല്ലേ പറ്റൂ.. അതെങ്ങനെയാ തൊലി വെളുപ്പ് കാണിച്ച് അവനെ മയക്കിയെടുക്കാൻ ഓരോരുത്തിമാർ തുനിഞ്ഞിറങ്ങിയിരിക്കുകയല്ലേ..?”
അമ്മായിയമ്മയുടെ വർത്തമാനം കേട്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി ഇവിടെയുള്ള ജീവിതം ഇനി സുഖമാവില്ല എന്ന്.
” പറഞ്ഞിട്ട് കാര്യമില്ല തലയിൽ വിധിച്ചത് മാത്രമല്ലേ നടക്കൂ.. എന്തൊക്കെയാണെങ്കിലും ആ പെണ്ണിന് വിധിച്ചത് രാജയോഗമാണ്.. അതുകൊണ്ടല്ലേ ഇവിടെക്ക് തന്നെ വന്നു കയറാൻ പറ്റിയത്..? “
നേരത്തെ സംസാരിച്ച ആന്റി പറയുന്നത് അവൾ വീണ്ടും കേട്ടു.
രാജയോഗം.. ആദ്യദിവസം തന്നെ ഇതാണ് അനുഭവമെങ്കിൽ ഇനിയുള്ള ദിവസങ്ങൾ എങ്ങനെയാണ് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇതിനെയൊക്കെ രാജയോഗം എന്നാണോ പറയേണ്ടത്..?
നിരാശയോടെ അവൾ ചിന്തിച്ചു.
” എന്തൊക്കെ ആയാലും അവനു വിധിച്ചത് അവന്റെ തലയിലായി.. ഇനി പറഞ്ഞിട്ടെന്താ..? “
നിരാശയോടെ അമ്മായിയമ്മ വിലാസിനി പറയുന്നുണ്ട്.
” ഹാ.. അത് ശരിയാ.. എന്നാലും കുറച്ചൂടെ സാമ്പത്തികം ഉള്ള വീട്ടിൽ നിന്നായിരുന്നെങ്കിൽ ചെക്കന് എന്തെങ്കിലും സഹായം ഒക്കെ കിട്ടിയേനെ.. ഇനി അങ്ങോട്ട് എന്തൊക്കെ കാര്യങ്ങൾ ഉള്ളതാ..? കല്യാണം എന്ന് പറയുന്നത് ചെലവുകളുടെ തുടക്കം മാത്രമല്ലെ..? “
വനജ എണ്ണ കോരി ഒഴിക്കുന്നത് പോലെ വീണ്ടും വീണ്ടും പറയുന്നുണ്ട്.
” നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്. ഈ ചിലവുകൾ ഒക്കെ ഏറ്റെടുക്കാനും അതിൽ എന്തെങ്കിലുമൊക്കെ സഹായം ചെയ്യാനും പറ്റുന്ന തരത്തിലുള്ള ഒരു ബന്ധം കണ്ടുപിടിച്ചിരുന്നെങ്കിൽ അത് കുടുംബത്തിനും സഹായമായേനെ. ഇത് അഷ്ടിക്ക് വകയില്ലാത്ത ഒരു വീട്ടിൽ ചെന്ന് കയറിയിട്ട് എന്ത് ചെയ്യും എന്ന് എനിക്ക് ഒരു ഊഹം കിട്ടുന്നില്ല.. “
അമ്മായിയമ്മ പറയുന്നത് കേൾക്കുമ്പോൾ അവൾക്ക് ആകെ ഒരു സങ്കടം തോന്നി.
ഞാനായിട്ട് ആരുടെയും ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്നതല്ലല്ലോ.. എന്നെ ക്ഷണിച്ചു വരുത്തിയതല്ലേ.. എന്നിട്ടും അപമാനവും പരിഹാസവും ഒക്കെ എനിക്ക് മാത്രമാണ്..!
വേദനയോടെ അവൾ ഓർത്തു.
” പിന്നെ വിലാസിനി ചേച്ചിക്ക് ആകെയുള്ള ലാഭം എന്താണെന്ന് വെച്ചാൽ.. ഒന്നുമില്ലായ്മയിൽ നിന്ന് വന്നതുകൊണ്ട് തന്നെ അടുക്കള പണിയൊക്കെ പഠിച്ചിട്ടായിരിക്കും വന്നിട്ടുണ്ടാവുക. അതുകൊണ്ട് ആ കാര്യത്തിലൊക്കെ വിലാസിനി ചേച്ചിക്ക് ഒരു സഹായം ആയിരിക്കും.. “
വനജ ചേച്ചി അത് പറഞ്ഞപ്പോൾ വിലാസിനിയമ്മയുടെ മുഖം പ്രകാശിക്കുന്നത് അവൾ കണ്ടു.
“ഞാനും അത് കരുതി തന്നെ ഇരിക്കുകയായിരുന്നു. അടുക്കള പണികളൊക്കെ സഹായിക്കാൻ ആളായാൽ അത്രയുമായി..”
വിലാസിനിയമ്മ സന്തോഷത്തോടെ പറയുന്നത് അവൾ കേട്ടു.
എന്നെ ഇവിടെ ഒരു അടുക്കളക്കാരിയാക്കി നിർത്താൻ വേണ്ടി മാത്രമാണോ ഇവിടേക്ക് കൊണ്ടു വന്നത്..? എനിക്ക് എന്റേതായ ആഗ്രഹങ്ങളും പ്രതീക്ഷകളും ഒന്നും പാടില്ല എന്നാണോ..? ഇനിയും പഠിപ്പിക്കാം ജോലിക്ക് പോകാം എന്നൊക്കെ പറഞ്ഞ ആളെവിടെ..?
അവൾ പ്രതീക്ഷയോടെ ചുറ്റും തിരഞ്ഞു.
സുഹൃത്തുക്കളെ യാത്രയാക്കാൻ വേണ്ടി നേരത്തെ പുറത്തേക്കിറങ്ങിയിട്ട് ഇതുവരെയും അകത്തേക്ക് വന്നിട്ടില്ല. ഞാനിവിടെ തനിയെ ആണെന്ന് അറിയാത്തത് ഒന്നുമല്ലല്ലോ..! എന്നിട്ടും എന്തേ എന്റെ അടുത്തേക്ക് വരാത്തത്..?
അവൾക്ക് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.
” നിമിഷേ.. താനെന്താ ഇവിടെ തന്നെ നിൽക്കുന്നത്..? ഇങ്ങോട്ടേക്ക് വായോ… “
ചേട്ടത്തിയമ്മയാണ്. ഉമ്മറത്ത് തനിയെ നിൽക്കുന്ന തന്നെ കണ്ടപ്പോൾ ഒരു പക്ഷേ സഹതാപം തോന്നിയിരിക്കും. ഒരു ആശ്വാസം കണ്ടെത്തിയത് പോലെ തന്നെയാണ് ഏട്ടത്തിയുടെ അടുത്തേക്ക് ചെന്നത്.
അത്രയും നേരം ആരുമില്ലാതെ ഒരു തുരുത്തിൽ ഒറ്റപ്പെട്ടത് പോലെ ആയിരുന്നല്ലോ..
” തനിക്ക് ഈ വേഷമെങ്കിലും ഒന്നു മാറാമായിരുന്നില്ലേ..? “
റിസപ്ഷൻ ഇട്ട ഡ്രസ്സ് തന്നെയാണ് അവൾ ഇട്ടിരിക്കുന്നത് എന്ന് ശ്രദ്ധിച്ചപ്പോൾ ഏട്ടത്തി ചോദിച്ചു. അവൾ ദയനീയമായി അവരെ നോക്കി.
ആ നോട്ടത്തിന്റെ അർത്ഥം കൃത്യമായി ഏട്ടത്തിക്ക് മനസ്സിലാവുകയും ചെയ്തു. ഒരുപക്ഷേ വർഷങ്ങൾക്കു മുമ്പ് അവർ അനുഭവിച്ചതും ഇതൊക്കെ തന്നെയായിരിക്കണം.
” ഞാൻ മുറി കാണിച്ചു തരാം.. “
കൂടുതലൊന്നും പറയാതെ അവർ മുന്നേ നടന്നു. അവരെ അനുഗമിച്ചു കൊണ്ട് അവളും മുറിയിലേക്ക് കടന്നു.
” ഡ്രസ്സ് ഒക്കെ മാറി ഒന്ന് വിശ്രമിച്ചിട്ട് താൻ താഴേക്ക് വന്നാൽ മതി.. അവിടെ ഇനി അങ്ങനെ പരിപാടികൾ ഒന്നും ഇല്ലല്ലോ.. “
ചേട്ടത്തിയമ്മ പറഞ്ഞുകൊണ്ട് മുറിയുടെ വാതിൽ അടച്ച് പുറത്തേക്ക് പോയപ്പോൾ പകുതി ആശ്വാസം തോന്നി. ഈ ഡ്രസ്സ് ഇട്ടു നിന്നിട്ട് എത്രത്തോളം വൈഷമ്യം അവൾ അനുഭവിക്കുന്നുണ്ടായിരുന്നു.
പെട്ടെന്ന് തന്നെ കബോർഡ് തുറന്ന് കയ്യിൽ കിട്ടിയ ഒരു ജോഡി ഡ്രസ്സ് ഉം എടുത്ത് അവൾ വാഷ് റൂമിലേക്ക് കയറി. ഒന്ന് ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ അവൾക്ക് പകുതി സമാധാനം തോന്നി.
ഒന്ന് കിടക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും ആദ്യദിവസം തന്നെ എങ്ങനെയാണ് തന്റെ ഇഷ്ടത്തിന് വാതിലടച്ച് മുറിയിൽ ഇരിക്കുക എന്ന് അവൾക്ക് ആശങ്ക തോന്നി. അതുകൊണ്ടു തന്നെ അവൾ മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.
അപ്പോഴാണ് തന്റെ വാതിൽക്കൽ നിൽക്കുന്ന അമ്മായിയമ്മയെ അവൾ കണ്ടത്. നേരത്തെ കേട്ട സംഭാഷണങ്ങളൊക്കെ അവരോടുള്ള സ്നേഹത്തിൽ ഇടിവ് വരുത്തിയിരുന്നെങ്കിലും, ഈ വീട്ടിൽ പിടിച്ചു നിൽക്കണമെങ്കിൽ അവരുടെ സപ്പോർട്ട് ഇല്ലാതെ പറ്റില്ല എന്ന് അറിയുന്നതുകൊണ്ട് തന്നെ അവൾ അവരെ നോക്കി ചിരിച്ചു.
” ഇങ്ങോട്ട് വന്നു കയറി മണിക്കൂറുകൾ ആകുന്നതിനു മുൻപ് തന്നെ മുറിയും അടച്ച് അകത്തു കയറി ഇരിക്കാൻ തുടങ്ങിയോ..? ഇവിടെ മറ്റു ചില മനുഷ്യരും കൂടിയുണ്ട്.അവരോടൊക്കെ സംസാരിക്കുകയോ ഒക്കെ ആവാം.”
ഗൗരവത്തോടെ അവർ പറഞ്ഞപ്പോൾ അവൾ അറിയാതെ തന്നെ തലയാട്ടി. അവരെ അനുഗമിച്ചു താഴേക്ക് ചെല്ലുമ്പോൾ, ഇരയെ കാത്തിരിക്കുന്ന വേട്ടക്കാരെ പോലെ കുറെയേറെ മനുഷ്യർ തന്നെ ഉറ്റു നോക്കുന്നത് അവൾ കണ്ടു.
അവളെ അടുത്ത് കണ്ട നിമിഷം മുതൽ അവൾ അണിഞ്ഞിരുന്ന സ്വർണത്തിന്റെ മുതൽ അവളുടെ കാലിലെ ചെരുപ്പിന്റെ കാര്യങ്ങൾ അവർ ഓരോരുത്തരും അന്വേഷിക്കുന്നുണ്ടായിരുന്നു. ഓരോരുത്തരോടും ചിരിച്ച് മറുപടി പറഞ്ഞ് അവൾ കുഴഞ്ഞു എന്ന് തന്നെ പറയാം.
എത്രയൊക്കെ വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായാലും ആദ്യദിവസം ഒരിക്കലും ആ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത് എന്നുള്ളത് അവളുടെ നിശ്ചയമായിരുന്നു.
പിന്നീട് അവൾ അവളുടെ ഭർത്താവിനെ കാണുന്നത് ആഹാരം കഴിക്കാനുള്ള സമയത്താണ്. എല്ലാവർക്കും ഒപ്പം കഴിക്കാൻ ഇരിക്കുമ്പോൾ അവൾക്കും അവളുടെ ഭർത്താവിനോടൊപ്പം ഒരു ഇടം കിട്ടി.
” ഇന്ന് ആദ്യദിവസം ആയതുകൊണ്ട് നീ അവനോടൊപ്പം ഇരുന്നോ.. പക്ഷേ നാളെ മുതൽ അത് നടക്കില്ല.. “
അങ്ങനെ ഒരു താക്കീതോടെയാണ് അമ്മായിയമ്മ അതിന് അനുവാദം തന്നത് എന്ന് മാത്രം.
ആഹാരം കഴിച്ചു കഴിഞ്ഞപ്പോൾ മുതൽ അവൾക്ക് പണി കിട്ടിത്തുടങ്ങി എന്ന് തന്നെ പറയാം.
” കല്യാണത്തിന്റെ തിരക്കും കാര്യങ്ങളും ഒക്കെയായി അടുക്കളയിൽ ഒരുപാട് പാത്രങ്ങൾ കഴുകാൻ ബാക്കിയുണ്ട്. നീ പോയി അതൊക്കെ കഴുകി വയ്ക്കാൻ ഒന്ന് സഹായിച്ചേ.. ഇനി ഇത് നിന്റെയും കൂടി വീടാണ്.. ഈ പണികളൊക്കെ ചെയ്യുന്നത് കുറച്ചിൽ വിചാരിക്കേണ്ട കാര്യമൊന്നുമില്ല.. അല്ലെങ്കിൽ തന്നെ നിനക്കൊക്കെ സ്വപ്നം കാണാൻ പറ്റുന്ന ബന്ധമാണോ ഇത്..? ഈ വീട്ടിലെ അടുക്കളക്കാരിയായി നിൽക്കാനെങ്കിലും യോഗ്യതയുണ്ടോ..? “
അമ്മായിയമ്മ പരിഹസിച്ചപ്പോൾ അവരോട് തർക്കിക്കാതെ നേരെ അടുക്കളയിലേക്ക് ചെന്നു. ഓരോ പാത്രങ്ങളായി കഴുകിയെടുക്കുമ്പോൾ കണ്ണിൽ നിന്ന് ധാരയായി കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.
ഇഷ്ടമാണെന്ന് പറഞ്ഞ് ഒരുപാട് വട്ടം പിന്നാലെ വന്നിട്ടും ഒഴിവാക്കി വിട്ടത് ചേരാത്ത ബന്ധമാണ് എന്ന് അറിയുന്നതുകൊണ്ട് തന്നെയായിരുന്നു. എത്രയൊക്കെ ആട്ടി അകറ്റിയിട്ടും പിന്നിൽ നിന്ന് മാറാതെ നടന്നപ്പോൾ ഇഷ്ടം തോന്നി പോയി എന്നതാണ് സത്യം. പക്ഷേ അത് ഇങ്ങനെ ഒരു അനുഭവത്തിന് വേണ്ടി ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.
പാത്രങ്ങളൊക്കെ കഴുകി കഴിഞ്ഞപ്പോൾ നടു നിവർത്താൻ വയ്യാത്ത അവസ്ഥയായി പോയി അവൾക്ക്. എങ്ങനെയെങ്കിലും ഒന്ന് കിടന്നുറങ്ങിയാൽ മതി എന്നൊരു ചിന്തയോടെയാണ് അവൾ മുറിയിലേക്ക് എത്തിയത്.
അവിടെ എത്തുമ്പോൾ അവൾ കണ്ടു അവളെയും കാത്തിരിക്കുന്ന ഭർത്താവിനെ. തനിക്ക് വേണ്ടി ഒരു വാക്കുപോലും സംസാരിക്കാത്ത അയാളെ ഒന്നു നോക്കുക പോലും ചെയ്യാതെ അവൾ വാഷ് റൂമിലേക്ക് കയറി.
തിരികെ മുറിയിലേക്ക് വന്നിട്ടും അവനെ ശ്രദ്ധിക്കാതെ ആയപ്പോൾ അവനും കാര്യം മനസ്സിലായിട്ടുണ്ടാകണം.
“എടോ താൻ എന്നോട് ഇങ്ങനെ പിണങ്ങി നടക്കുകയൊന്നും വേണ്ട. ഈ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചപ്പോൾ തന്നെ തന്നോട് ഞാൻ പറഞ്ഞതല്ലേ ഇവിടെയുള്ള ആദ്യത്തെ അനുഭവങ്ങൾ നല്ലതാവില്ല എന്ന്..പോകെ എല്ലാം ശരിയാകും എന്ന് വിചാരിക്കാം. തനിക്ക് എന്ത് വിഷമങ്ങൾ പങ്കുവയ്ക്കാനും ഞാനില്ലേ.. തനിക്ക് വിശ്രമിക്കണം എന്ന് തോന്നുമ്പോൾ ചാഞ്ഞിരിക്കാൻ എന്റെ തോളില്ലേ..? അതുപോരെ തനിക്ക്..?”
ചേർത്തു പിടിച്ചു കൊണ്ട് ഭർത്താവ് ചോദിച്ചപ്പോൾ മറ്റൊരു മറുപടിയും പറയാതെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
✍️അപ്പു