എന്റെ ജീവിതത്തിൽ സന്തോഷം ഒക്കെ പടി ഇറങ്ങി പോയിട്ട് ഒരുപാട് നാളുകൾ ആയില്ലേ….

രചന: അപ്പു

:::::::::::::::::::::::

” ഇന്ന് നമുക്ക് ഒന്ന് പുറത്തു പോയാലോ..? “

വൈകുന്നേരം ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് വന്ന ഉടനെ, ജിത്ത് ചോദിക്കുന്നത് കേട്ട് അവനെ വെറുതെ ഒന്ന് നോക്കി. പിന്നെ വേണ്ടെന്നു തലയാട്ടി.

” അതെന്തു പറച്ചിലാടോ താൻ പറയുന്നത്..? ഇന്ന് തന്റെ ജീവിതത്തിലെ ഇംപോർട്ടൻസ് ആയിട്ടുള്ള ഒരു ദിവസമല്ലേ..? ആ സ്ഥിതിക്ക് നമുക്ക് പുറത്തൊക്കെ പോയി ഒന്ന് കറങ്ങിയിട്ട് വരാം.. “

ജിത്ത് നിർബന്ധിക്കുന്നുണ്ട്.

” ഞാനില്ല.. എന്റെ ജീവിതത്തിൽ സന്തോഷം ഒക്കെ പടി ഇറങ്ങി പോയിട്ട് ഒരുപാട് നാളുകൾ ആയില്ലേ.. ആളുകൾക്ക് പറഞ്ഞു ചിരിക്കാൻ ഒരു പരിഹാസപാത്രം മാത്രമാണ് ഞാനിപ്പോൾ.. ഈ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നത് പോലും എന്നെ സംബന്ധിച്ച് ഇപ്പോൾ ഒരു പ്രയാസമാണ്.. “

അവൾ പറഞ്ഞപ്പോൾ അവൻ അവളെ സഹതാപത്തോടെ നോക്കി.

” താൻ എന്തൊക്കെ പറഞ്ഞാലും ഇന്ന് നമ്മൾ ഒന്നിച്ചു പുറത്തു പോകുന്നു. അതിൽ യാതൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. താൻ സ്വയം റെഡിയായാൽ തനിക്ക് കൊള്ളാം. അല്ലെങ്കിൽ നിൽക്കുന്ന കോലത്തിൽ തന്നെയും തൂക്കി എടുത്തു പോകാൻ എനിക്കറിയാം.. “

അവസാനമായപ്പോഴേക്കും അവൻ കുസൃതിയോടെ പറഞ്ഞു നിർത്തിക്കൊണ്ട് അവളുടെ കവിളിൽ ഒന്ന് തട്ടി. അവളും അറിയാതെ തന്നെ പുഞ്ചിരിച്ചു.

“പോയി റെഡിയായി വാടോ.. ഞാനല്ലേ വിളിക്കുന്നത്..?”

ജിത്ത് നിർബന്ധം പിടിച്ചപ്പോൾ അത് അനുസരിക്കാതിരിക്കാൻ ദേവുവിന് കഴിഞ്ഞില്ല.

അവന്റെ ഇഷ്ടപ്രകാരം അവന്റെ ഇഷ്ടത്തിനുള്ള നിറത്തിലുള്ള സാരിയുടുത്ത് തയ്യാറാക്കുമ്പോൾ എവിടേക്കായിരിക്കും യാത്ര എന്ന് അവളുടെ മനസ്സ് ചോദിക്കുന്നുണ്ടായിരുന്നു.

അത് എവിടേക്കായാലും ഒരിക്കലും തന്നെ വേദനിപ്പിക്കുന്ന ഒന്നും അവിടെ ഉണ്ടാവരുത് എന്ന് മാത്രമാണ് അവൾ പ്രാർത്ഥിച്ചത്.

” താൻ റെഡിയായില്ലേ..? “

എന്തൊക്കെയോ ചിന്തിച്ചു നിൽക്കുന്നതിനിടയിൽ ജിത്ത് ചോദിച്ചപ്പോൾ റെഡിയായി എന്നുതലകുലുക്കി.

” എന്നാൽ പിന്നെ ഇവിടെ തന്നെ നിൽക്കാതെ വാടോ.. “

സ്നേഹപൂർവ്വം വിളിച്ചു കൊണ്ട് ജിത്ത് മുറിക്ക് പുറത്തേക്ക് ഇറങ്ങിയപ്പോൾ അയാളെ അനുഗമിക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ.

വീടു പൂട്ടി വണ്ടിയിൽ കയറി ഇരുന്നു കഴിഞ്ഞിട്ടും അവളുടെ ചിന്തകൾ മുഴുവൻ എവിടേക്കാണ് പോകുന്നത് എന്നായിരുന്നു.. അത് അറിഞ്ഞതു കൊണ്ട് തന്നെ അവൻ അവളോട് കൂടുതൽ ഒന്നും ചോദിക്കാൻ പോയില്ല.

വണ്ടി മുന്നോട്ട് നീങ്ങി. ട്രാഫിക് സിഗ്നലിൽ സിഗ്നൽ കാത്തു കിടക്കുമ്പോഴാണ് തൊട്ടടുത്ത വണ്ടിയിൽ നിന്ന് ഒരു കുഞ്ഞിന്റെ കൊഞ്ചിയുള്ള സംസാരം കേൾക്കുന്നത്. അത് കേട്ടപ്പോൾ അവളുടെ ശ്രദ്ധ അവിടേക്ക് മാത്രമായി.

അമ്മയുടെ മുടിയിൽ പിടിച്ചു വലിച്ചുകൊണ്ട് കൊഞ്ചിക്കൊഞ്ചി എന്തൊക്കെയോ പറയുകയാണ് ആ കുഞ്ഞ്. അതിനനുസരിച്ച് അച്ഛനും അമ്മയും അവളോട് മറുപടിയും പറയുന്നുണ്ട്. അത് കണ്ടപ്പോൾ അറിയാതെ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ജിത്ത് കാണാതെ കണ്ണുകൾ തുറച്ചെങ്കിലും അത് തന്റെ പ്രവാഹം അവസാനിപ്പിക്കാതെ വീണ്ടും ഒഴുകി കൊണ്ടേയിരുന്നു. അതിനിടയിൽ സിഗ്നൽ വീണതും വണ്ടി മുന്നോട്ട് എടുത്തത് ഒന്നും അവൾ അറിഞ്ഞില്ല.

അവളുടെ ഓർമ്മകൾ മറ്റു പലതിലും കുടുങ്ങിക്കിടക്കുകയായിരുന്നു.

ജിത്തിനും ദേവുവിനും കോളേജ് കാലഘട്ടം മുതൽ പരസ്പരം അറിയാവുന്നതാണ്.ഒരിക്കലും അതൊരു പ്രണയമായിരുന്നില്ല.ഒരേ കോളേജിൽ ഒരേ വർഷത്തിൽ പഠിച്ച രണ്ടുപേർക്ക് പരസ്പരം ഉണ്ടാകുന്ന ഒരു സൗഹൃദം മാത്രമാണ് അവർക്കിടയിൽ ഉണ്ടായിരുന്നത്.

പരസ്പരം കോൺടാക്ട്കൾ ഒന്നുമില്ലാത്ത, ഒരുപക്ഷേ കണ്ടാൽ ഒരു പുഞ്ചിരി പോലും പരസ്പരം കൊടുക്കാത്തവർ ആയിരുന്നു അവർ രണ്ടാളും..

കോളേജിൽ പലയിടത്തും വച്ച് പരസ്പരം കാണാറുണ്ടെങ്കിലും ഒരിക്കൽ പോലും പരസ്പരം സംസാരിക്കേണ്ട ഒരു സാഹചര്യം അവർക്കിടയിൽ ഉണ്ടായിട്ടില്ല.

പിന്നീട് അവർ തമ്മിൽ കാണുന്നത് ഒരു പെണ്ണുകാണൽ ചടങ്ങിലാണ്. ദേവുവിനെ ആദ്യമായി പെണ്ണുകാണാൻ വന്നത് ജിത്തായിരുന്നു. അന്ന് പരസ്പരം കണ്ടപ്പോൾ രണ്ടുപേർക്കും അത്ഭുതം തോന്നി.

കോളേജിൽ വച്ച് പരസ്പരം കണ്ടിട്ടുണ്ട് എന്ന് വീട്ടുകാരോട് തുറന്നു പറയുമ്പോൾ, രണ്ടു വീട്ടുകാരുടെയും മുഖത്ത് ഒരുപക്ഷേ ഇവർ തമ്മിൽ പ്രണയിച്ചതാണോ എന്നൊരു സംശയം അവർക്ക് രണ്ടാൾക്കും വായിച്ചെടുക്കാൻ കഴിയുമായിരുന്നു.

” നിങ്ങൾ തെറ്റിദ്ധരിക്കണ്ട. ഞങ്ങൾ തമ്മിൽ പ്രണയമൊന്നുമല്ല. ആക്ച്വലി ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ട് പോലുമില്ല. പേര് തന്നെ പരസ്പരം അറിയാമായിരുന്നില്ല. ഇവിടെ വച്ച് ഇങ്ങനെ കണ്ടപ്പോൾ പെട്ടെന്ന് ഒരേ കോളേജിൽ പഠിച്ചതാണ് എന്ന് ഓർമ്മ വന്നു എന്ന് മാത്രം.”

അന്ന് ജിത്ത് എല്ലാവരെയും പറഞ്ഞു മനസ്സിലാക്കുമ്പോൾ വീട്ടുകാരുടെ ഒക്കെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

ജാതകത്തിന്റെ ചേർച്ചയും വീട്ടുകാരുടെ പൊരുത്തവും ഒക്കെ നോക്കി വിവാഹം നടന്നു. പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നില്ല എങ്കിൽ പോലും പരസ്പരം കുറെ നാൾ കണ്ടതിന്റെ ഒരു പരിചയം രണ്ടു പേർക്കും ഇടയിൽ ഉണ്ടായിരുന്നു.

അതുകൊണ്ടു തന്നെ നല്ല സുഹൃത്തുക്കളെ പോലെയാണ് അവരുടെ ദാമ്പത്യ ജീവിതം മുന്നോട്ടു പോയത്. അതിനിടയിൽ അവർ ശ്രദ്ധിക്കാതെ പോയ ഒരേയൊരു കാര്യം തങ്ങൾക്കിടയിലേക്ക് പുതിയൊരു അതിഥി വന്നിട്ടില്ല എന്നുള്ളത് മാത്രമാണ്.

അത് അവർ ശ്രദ്ധിച്ചില്ലെങ്കിലും അവരെക്കാൾ കൂടുതൽ ഈ കാര്യത്തിൽ ശ്രദ്ധ പതിപ്പിച്ച ഒരുപാട് ആളുകൾ വേറെയുണ്ടായിരുന്നു.

നാട്ടുകാരുടെ ചോദ്യം ഒടുവിൽ വീട്ടുകാരുടെ തലവേദനയായി മാറിയപ്പോൾ വീട്ടിനുള്ളിൽ പലതരം പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങി.

ഒരുതരത്തിലും ആ വീട്ടിൽ പിടിച്ചു നിൽക്കാൻ കഴിയില്ല എന്നൊരു അവസ്ഥയിലേക്ക് എത്തിയപ്പോൾ അവളെയും ചേർത്തുപിടിച്ചു കൊണ്ട് ജിത്ത് ആ വീടിന്റെ പടിയിറങ്ങി.

അവന്റെ ജോലിയുടെ സൗകര്യാർത്ഥം തൊട്ടടുത്ത് തന്നെ മറ്റൊരു വീട് വാടകയ്ക്ക് എടുത്ത് രണ്ടാളും അവിടേക്ക് താമസം മാറി. നല്ല രീതിയിൽ തന്നെയാണ് അവരുടെ കുടുംബജീവിതം മുന്നോട്ടു പോയത്.

അതിനിടയിൽ കുട്ടികളുണ്ടാകാത്തതിന്റെ ട്രീറ്റ്മെന്റ് കുറിച്ച് രണ്ടാളും ഒരു ധാരണയിൽ എത്തുകയും ചെയ്തു.അതിന്റെ ഭാഗമായി ഒരു ഡോക്ടറെ പോയി കാണുകയും അദ്ദേഹം പറഞ്ഞ മരുന്നുകൾ കൃത്യമായി കഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

പക്ഷേ എത്രയൊക്കെ മരുന്നു കഴിച്ചിട്ടും യാതൊരു വ്യത്യാസവും ഉണ്ടാകാതെ ആയതോടെയാണ് ചില ടെസ്റ്റുകൾ നടത്തിയത്. അതിന്റെ ഫലം വന്നപ്പോൾ അവർക്ക് ഒരു ജീവിതകാലം മുഴുവൻ വേദനിക്കാൻ ഉള്ളത് അതിൽ ഉണ്ടായിരുന്നു.

” ദേവുവിന് ഒരിക്കലും ഒരു അമ്മയാകാൻ സാധിക്കില്ല. ഒരു കുഞ്ഞിനെ വഹിക്കാനുള്ള ശേഷി ദേവുവിന്റെ ഗർഭപാത്രത്തിന് ഇല്ല.”

ഡോക്ടർ പറഞ്ഞ ആ വാചകം തകർത്തു കളഞ്ഞത് അവരുടെ സന്തോഷങ്ങളെയായിരുന്നു.

ഡോക്ടറിൽ നിന്ന് ആ വാക്കുകൾ കേട്ടതിനു ശേഷം ദേവുവിന് യാതൊരു സന്തോഷവും ഇല്ലാത്ത അവസ്ഥയായിരുന്നു.യാന്ത്രികമായി ജീവിതം മുന്നോട്ടു നീങ്ങുന്നു എന്നല്ലാതെ, മറ്റൊരു തരത്തിലും ഒരു കാര്യങ്ങളിലും അവൾ ഇടപെടാതെയായി.

ആളുകളെ ഫേസ് ചെയ്യാൻ മടിയാണ് എന്ന് പറഞ്ഞ് ജോലിയിൽ നിന്ന് ലീവ് എടുത്തു.

” ജിത്തേട്ടൻ എന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്യണം. ഒരിക്കലും എനിക്ക് കുട്ടികൾ ഉണ്ടാകില്ല എന്ന് ഉറപ്പായല്ലോ. എനിക്കുവേണ്ടി ഏട്ടൻ ജീവിതം നഷ്ടപ്പെടുത്തരുത്.. “

ഒരിക്കൽ അവൾ അവനോട് അങ്ങനെ പറയുക തന്നെ ചെയ്തു. പക്ഷേ അന്ന് അവൻ അവളെ കണക്കറ്റ് ശകാരിച്ചിരുന്നു.

“നിന്നെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയിട്ടുണ്ടെങ്കിൽ ജീവിതാവസാനം വരെ നീ എന്റെ പാതിയായി ഉണ്ടാകും എന്ന് നിനക്ക് വാക്ക് തന്നതു കൊണ്ടാണ്. ഏതൊരു സാഹചര്യത്തിലും അത് ഞാൻ തെറ്റിക്കില്ല.”

അതും പറഞ്ഞു നെഞ്ചോട് ചേർക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു സന്തോഷമായിരുന്നു.

ഇന്ന് അവളുടെ ബർത്ത് ഡേ ആണ്. സാധാരണ എല്ലാവർക്കും ഇത് വളരെ ആഘോഷത്തിൽ ആണ് അവർ രണ്ടാളും കടത്തിവിടാറുള്ളത്. ആ ടെസ്റ്റ് റിസൾട്ട് കിട്ടിയതിനു ശേഷം ഉള്ള ആദ്യത്തെ ബർത്ത് ഡേ ആയതുകൊണ്ട് തന്നെ അവൾക്ക് ആഘോഷിക്കാൻ ഒരു താൽപര്യവും ഉണ്ടായിരുന്നില്ല.

വണ്ടി എവിടെയോ നിന്നതുപോലെ തോന്നിയിട്ടാണ് അവൾ ചിന്തകളിൽ നിന്ന് ഉണർന്നത്. വണ്ടി ചെന്നുനിൽക്കുന്ന ഇടം കണ്ടപ്പോൾ, അവൾക്ക് ഒരേസമയം അത്ഭുതവും സങ്കടവും ഒക്കെ തോന്നുന്നുണ്ടായിരുന്നു.

അവളുടെ കണ്ണിലും മനസ്സിലും ഒരുപാട് ചോദ്യങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ അവൻ അവളുടെ കൈപിടിച്ച് പടികൾ കയറി.

പെട്ടെന്ന് ആരോ ഒരാൾ മുന്നോട്ട് വന്ന് അവന്റെ കൈകളിലേക്ക് ഒരു കുഞ്ഞിനെ കൈമാറി.

” ഇത് കണ്ടോ.. ഇത് നമ്മുടെ മകളാണ്.. ഇന്നുമുതൽ ഇവൾ നമുക്ക് സ്വന്തമാണ്.. നിനക്ക് തരാവുന്ന ഏറ്റവും നല്ല പിറന്നാൾ സമ്മാനം ഇതാണ് എന്ന് എനിക്ക് തോന്നി.. “

അവൻ പറഞ്ഞപ്പോൾ ആ സങ്കടവും സന്തോഷവും ഒക്കെ കൊണ്ട് കരഞ്ഞു പോയിരുന്നു അവൾ.

” ഈ ലോകത്ത് അച്ഛനും അമ്മയുമില്ലാതെ തെരുവിൽ കഴിയുന്ന എത്രയോ മക്കൾ ഉണ്ട്..? അവരിൽ ആർക്കെങ്കിലും അച്ഛനും അമ്മയും ആകാൻ നമുക്ക് ശ്രമിക്കാമല്ലോ.. ആ ഒരു ചിന്തയാണ് എന്നെ ഇവിടെ എത്തിച്ചത്.. തനിക്ക് എതിർപ്പൊന്നും ഉണ്ടാകില്ല എന്ന് എനിക്കറിയാം. “

അവൻ അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ അവൾ അവന്റെ കയ്യിലിരുന്ന കുരുന്നിനെ പിടിച്ചു വാങ്ങി മൊത്തം വച്ചു കഴിഞ്ഞിരുന്നു.

ആ കാഴ്ച അങ്ങയറ്റം സന്തോഷത്തോടെ വീക്ഷിച്ചു കൊണ്ട് അവനോടൊപ്പം ആ അനാഥാലയത്തിലെ അന്തേവാസികളും ഉണ്ടായിരുന്നു…

✍️അപ്പു