രചന: അപ്പു
::::::::::::::::::::
ഇന്ന് അവനെ വീണ്ടും കണ്ടപ്പോൾ തനിക്ക് തോന്നിയ വികാരം എന്തായിരുന്നു..? സങ്കടമാണോ.? അതോ ദേഷ്യമോ..? ഇല്ല ഒരിക്കലുമില്ല എനിക്ക് അവനോട് ദേഷ്യം ഇല്ല..
അല്ലെങ്കിൽ തന്നെ അവൻ അറിയാതെ പോയ ഒരു കാര്യത്തിനെ കുറിച്ച് അവനോട് ദേഷ്യപ്പെട്ടിട്ട് എന്താണ് കാര്യം..?
അത് ഓർക്കുമ്പോൾ ചുണ്ടിൽ അറിയാതെ തന്നെ ഒരു ചിരി വിരിയുന്നുണ്ടായിരുന്നു. ഒരുപക്ഷേ കഴിഞ്ഞ നാലഞ്ചു വർഷങ്ങൾ കൊണ്ട് താൻ നേടിയെടുത്ത ഒരേയൊരു കഴിവ് ഇതായിരിക്കണം.
മനസ്സ് നോവുമ്പോഴും പുറത്ത് പുഞ്ചിരിച്ചു നിൽക്കാനാവുന്ന ഒരു പ്രതിഭാസം..!!
അവൻ… തന്റെ പ്രണയം. അങ്ങനെ ഉറപ്പിച്ചു പറയാൻ ഒന്നും പറ്റില്ല.. തന്റെ നിശബ്ദ പ്രണയം.. അങ്ങനെ ഒരു പേരായിരിക്കണം അവന് ചേരുക..
നിരഞ്ജൻ.. ഒരുപക്ഷേ കോളേജ് കാലഘട്ടത്തിൽ ആ ഇടനാഴികൾ ഏറ്റവും അധികം ഏറ്റുവിളിച്ചത് അവന്റെ പേരായിരിക്കണം.. അത്രത്തോളം ആരാധകരും പരിചയക്കാരും ഉണ്ടായിരുന്ന ഒരുവനായിരുന്നു അവൻ..
അധ്യാപകൻ എന്നോ വിദ്യാർത്ഥികൾ എന്നോ ഭേദമില്ലാതെ എല്ലാവർക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു അവൻ.
കോളേജിൽ ആദ്യമായി കാലു കുത്തിയപ്പോൾ കണ്ടുമുട്ടിയത് അവനെയായിരുന്നു.
“ചേട്ടാ.. ഈ ബി എ ഇംഗ്ലീഷ് ക്ലാസിലേക്കുള്ള വഴി..”
അവനോട് അങ്ങോട്ട് പോയി സംസാരിക്കുമ്പോൾ പ്രത്യേകിച്ച് മടിയോ ചമ്മലോ ഒന്നും തോന്നിയിരുന്നില്ല. കാരണം ആദ്യ കാഴ്ചയിൽ തന്നെ അവൻ എന്റെ ഉള്ളിൽ എന്റെ സ്വന്തമാണ് എന്നൊരു തോന്നൽ ഉണ്ടാക്കിയിരുന്നു എന്നതാണ് സത്യം.
അന്ന് കോളേജ് യൂണിയന്റെ ബാഡ്ജും കുത്തി മുന്നിൽ നിന്ന് ആ മനുഷ്യൻ എന്റെ കണ്ണിലേക്ക് ഒരു മാത്ര നോക്കി. അത് എന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയത് പോലെയാണ് എനിക്ക് തോന്നിയത്.
“നേരെ പോയി ഇടത്തേക്ക്..”
തൊട്ടടുത്ത ബിൽഡിങ് ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറയുമ്പോൾ, ഞാൻ ആ ബിൽഡിങ്ങിനെക്കാൾ കൂടുതൽ ശ്രദ്ധിച്ചത് അദ്ദേഹത്തെ ആയിരുന്നു. അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും മനസ്സിൽ ഒപ്പിയെടുത്തു വയ്ക്കാൻ എനിക്ക് വല്ലാത്തൊരു താല്പര്യം ആയിരുന്നു.
ആ ചേട്ടനോട് നന്ദിയും പറഞ്ഞു അന്ന് ആ ക്ലാസിലേക്ക് നടക്കുമ്പോഴും ഇടയ്ക്കിടെ ഞാൻ തിരിഞ്ഞു നോക്കി. എന്നെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ വല്ലാത്ത നിരാശ തോന്നി.
ക്ലാസിൽ ചെന്ന് കഴിഞ്ഞ് ഒരു ബെഞ്ചിൽ ഇടം പിടിക്കുമ്പോൾ ഇനിയും ആ ചേട്ടനെ കാണാൻ കഴിഞ്ഞെങ്കിൽ എന്ന് മാത്രമാണ് മനസ്സിൽ തോന്നിയത്. എങ്ങനെയെങ്കിലും അദ്ദേഹത്തിന്റെ സൗഹൃദ വലയത്തിൽ അകപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നൊരു ആഗ്രഹം..!
എന്റെ പ്രാർത്ഥന കേട്ടതു പോലെ അധികം വൈകാതെ ക്ലാസ്സിലേക്ക് അദ്ദേഹവും കുറച്ചു സുഹൃത്തുക്കളും കൂടി കടന്നു വന്നിരുന്നു.
” പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ… നിങ്ങൾക്ക് ഞങ്ങളുടെ കോട്ടയിലേക്ക് സ്വാഗതം..! ഈ കോളേജിലെ നിങ്ങളുടെ ആദ്യ ദിവസമാണ് ഇന്ന്. ഇനിയും ഒരു മൂന്നു വർഷങ്ങൾ.. ചിലപ്പോൾ അഞ്ചു വർഷങ്ങൾ.. അത് നിങ്ങൾ ചെലവഴിക്കേണ്ടത് ഈ കോളേജിലാണ്. ഇവിടുത്തെ ഓരോ ഇടനാഴിയും നിങ്ങളുടെ പേരുകൾ ഏറ്റുവിളിക്കാൻ ഇടയാവട്ടെ.. ഈ കോളേജിൽ നിന്ന് ഇറങ്ങി പോകുമ്പോൾ, നിങ്ങൾക്ക് ഓർത്തു വയ്ക്കാനും നിങ്ങളെ ഓർത്തു വയ്ക്കാനും ഒരായിരം നല്ല ഓർമ്മകൾ സൃഷ്ടിക്കാൻ നിങ്ങൾക്ക് കഴിയട്ടെ.. അപ്പോൾ എല്ലാവർക്കും ഞങ്ങളുടെ സ്വാഗതം.. ഇനിയും നമുക്ക് തമ്മിൽ കാണാം.. പലപ്പോഴും പല സാഹചര്യങ്ങളിലും നമ്മൾ കണ്ടുമുട്ടും.. എന്തെങ്കിലും സഹായത്തിന് നിങ്ങൾക്ക് ആദ്യം ഞങ്ങളെ തേടാം.. “
അധികം വളച്ചു കെട്ടലുകൾ ഒന്നുമില്ലാതെ താൻ വന്ന കാര്യം വളരെ പെട്ടെന്ന് തന്നെ അദ്ദേഹം പറഞ്ഞു തീർത്തു.
അദ്ദേഹം സംസാരിച്ച ഓരോ നിമിഷവും അദ്ദേഹത്തിന്റെ മുഖത്തേക്ക് തന്നെയായിരുന്നു എന്റെ ശ്രദ്ധ. ഓരോ ചലനങ്ങളും സംസാരിക്കുമ്പോൾ ചുരുങ്ങുന്ന കണ്ണുകളും ഒക്കെ എത്ര ഭംഗിയാണ്..! എത്ര മനോഹരമായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്.. വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ടാണ് സംസാരിക്കുന്നത് എങ്കിലും, അത് ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നത് നമ്മൾ പോലും അറിയാതെയാണ്..!!
അദ്ദേഹം പറഞ്ഞതു പോലെ പിന്നീട് പലപ്പോഴും പല സാഹചര്യങ്ങളിലും കോളേജിൽ വച്ച് ഞങ്ങൾ കണ്ടുമുട്ടി. എല്ലാവരെയും കാണുമ്പോൾ അദ്ദേഹത്തിന്റെ ചുണ്ടിൽ പരിചയ ഭാവത്തിലുള്ള ഒരു പുഞ്ചിരി ഉണ്ടാകും. എനിക്കും ആവോളം അത് കിട്ടിയിട്ടുണ്ട്.
പക്ഷേ ഓരോ ദിവസവും അദ്ദേഹത്തിന് അടിമപ്പെട്ടു കൊണ്ടിരിക്കുന്ന എന്നിലെ പ്രണയിനിക്ക് അതൊക്കെ എനിക്ക് നൽകുന്ന പ്രണയ സമ്മാനങ്ങൾ ആണ് എന്നാണ് വ്യാഖ്യാനിക്കാൻ കഴിഞ്ഞത്.
എന്റെ ഉള്ളിൽ ഞാൻ പോലും അറിയാതെ വേര് ഉറപ്പിച്ചു പോയ പ്രണയം, അത് അധികം വൈകാതെ എന്നെ വീർപ്പുമുട്ടിക്കാൻ തുടങ്ങി.
എങ്ങനെയെങ്കിലും അദ്ദേഹത്തിനോട് തുറന്നു പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ രഹസ്യമായി ആഗ്രഹിക്കാൻ തുടങ്ങി. അദ്ദേഹത്തിനോട് എങ്ങനെയെങ്കിലും ഒന്ന് സംസാരിക്കാമെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ എന്ന് അതിയായ മോഹം തോന്നിത്തുടങ്ങി.
പക്ഷേ ആ മോഹങ്ങളൊക്കെയും വെറുതെയായിരുന്നു എന്ന് പിന്നെപ്പിന്നെ എനിക്ക് തോന്നിത്തുടങ്ങി.
ഞാൻ ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ അദ്ദേഹം പിജി ഒന്നാംവർഷം ജോയിൻ ചെയ്തു. എന്നെ സംബന്ധിച്ച് അത് എനിക്ക് കിട്ടിയ ലോട്ടറി തന്നെയായിരുന്നു. കാരണം മറ്റൊന്നുമല്ല.. ഇനിയൊരിക്കലും തമ്മിൽ കാണാൻ കഴിയില്ല എന്ന് മനസ്സിൽ ഉറപ്പിച്ച മനുഷ്യനെ പിന്നെയും രണ്ടുവർഷം കൂടി എന്റെ കൺമുന്നിൽ തന്നെ കാണാൻ കിട്ടുമല്ലോ എന്നുള്ള സന്തോഷം..!
ഇനിയുള്ള രണ്ടു വർഷത്തിനിടയിൽ എപ്പോഴെങ്കിലും അദ്ദേഹത്തിനോട് എന്റെ മനസ്സ് തുറക്കണം എന്ന് ഞാൻ അന്ന് മനസ്സിൽ ഉറപ്പിച്ചതാണ്.
ദിവസങ്ങളും ആഴ്ചകളും മുന്നോട്ടു പോകുന്നതിനോടൊപ്പം എന്റെ ഉള്ളിലെ അദ്ദേഹത്തിന്റെ രൂപത്തിന് എന്റെ കാമുകന്റെ പരിവേഷം കൂടി കൂടി വരികയായിരുന്നു. ഓരോ നിമിഷവും അദ്ദേഹം എന്നോടൊപ്പം ഉണ്ട് എന്ന് എന്റെ മനസ്സ് സങ്കൽപ്പിച്ചു.
ഇനിയും തുറന്നു പറയാതിരുന്നാൽ ശരിയാകില്ല എന്നൊരു തോന്നൽ വന്നപ്പോഴാണ് ആ വർഷത്തെ കോളേജ് അദ്ദേഹത്തിനോട് വിവരങ്ങൾ തുറന്നു പറയാൻ തീരുമാനിച്ചത്.
കൂട്ടുകാരോടൊക്കെ അന്വേഷിച്ച് അദ്ദേഹം എവിടെയാണ് എന്ന് തിരക്കിപ്പിടിച്ച് ചെല്ലുമ്പോൾ കാണുന്നത് എന്റെ ഹൃദയം തകർത്ത മറ്റൊരു കാഴ്ചയായിരുന്നു.
അദ്ദേഹത്തിന്റെ നെഞ്ചിൽ ചാരി നിൽക്കുന്ന ഒരു പെൺകുട്ടി. അവളോട് പ്രണയത്തോടെ സംസാരിക്കുന്ന അദ്ദേഹവും..!!
എന്നിലെ പ്രണയിനിക്ക് സഹിക്കാനാവുന്ന കാഴ്ചയായിരുന്നില്ല അത്. അറിയാതെ തന്നെ സങ്കടം അണപൊട്ടി ഒഴുകിത്തുടങ്ങി.
അദ്ദേഹത്തിന്റെ മുന്നിൽ പോലും പെടാതെ തിരിഞ്ഞു നടക്കുമ്പോൾ ഒരിക്കലും ഇനി എന്റെ പ്രണയം അദ്ദേഹത്തിന്റെ അറിയിക്കില്ല എന്നൊരു വാശി കൂടി ഉള്ളിൽ ഉടലെടുത്തു തുടങ്ങിയിരുന്നു.
എങ്കിലും ആ വേദനയിൽ നിന്ന് പുറത്തു കടക്കാൻ പിന്നെയും ദിവസങ്ങൾ വേണ്ടി വന്നു.
പലപ്പോഴും അദ്ദേഹത്തിന് കാണാൻ വേണ്ടി മാത്രം ഇടനാഴികളിലൂടെ സഞ്ചരിച്ചിരുന്ന ഞാൻ പിന്നീട് ഒരിക്കലും അദ്ദേഹത്തിനെ കാണാതിരിക്കാൻ വേണ്ടി ക്ലാസ് മുറികളിൽ തന്നെ എന്നെ തളച്ചിട്ടു. പലപ്പോഴും അദ്ദേഹത്തിനെയും പ്രണയിനിയെയും ഞാൻ കണ്ടുമുട്ടി. അപ്പോഴൊക്കെ അവരുടെ മുന്നിൽ കണ്ണ് നിറയാതിരിക്കാൻ ഞാൻ പാടുപെട്ടിരുന്നു.
എങ്ങനെയൊക്കെയോ ആ ഒരു വർഷം കൂടി അവിടെ തള്ളിനീക്കി എന്ന് മാത്രമേ പറയാനുള്ളൂ.ഡിഗ്രി കഴിഞ്ഞതോടെ ആ ഓർമ്മകൾ എന്നിലേക്ക് ഒരിക്കലും എത്താതിരിക്കാൻ വേണ്ടി ആ നഗരത്തിൽ നിന്ന് ഒളിച്ചോടുകയാണ് ചെയ്തത്.
പിന്നീട് ഈ നഗരത്തിൽ ഞാൻ എന്റെ വേരുറപ്പിക്കുകയായിരുന്നു. പാർട്ടൈം ജോലിയും പഠനവും ഒക്കെയായി ദിവസങ്ങൾ മുന്നോട്ടു പോയി.
കഴിഞ്ഞു പോയ മൂന്നു വർഷങ്ങൾ കൊണ്ട് നടന്നതൊക്കെയും എന്റെ മനസ്സിനെ പറഞ്ഞു ബോധിപ്പിക്കാൻ എനിക്ക് കഴിഞ്ഞു.
എല്ലാം മറന്നു എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ച ഇടത്ത് വീണ്ടും അദ്ദേഹത്തിന് കണ്ടുമുട്ടി. അദ്ദേഹത്തിന്റെ കൈകളിൽ കൈകോർത്തു പിടിച്ചുകൊണ്ട് അവളും ഉണ്ടായിരുന്നു.
ഒരു നിമിഷമെങ്കിലും അവളോട് എനിക്ക് അസൂയ തോന്നിപ്പോയി. അദ്ദേഹത്തിന്റെ സ്നേഹം അനുഭവിക്കാനുള്ള യോഗം അവൾക്കുണ്ടല്ലോ എന്ന് ഓർത്തിട്ട്..!!
പരസ്പരം കണ്ടപ്പോൾ പരിചയ ഭാവത്തിൽ ഒരു പുഞ്ചിരി നൽകി കടന്നു പോയെങ്കിലും, എന്റെയുള്ളിൽ ആ കാഴ്ച ഒരുപാട് നൊമ്പരങ്ങൾ പകർന്നു നൽകുകയായിരുന്നു.
എത്രയൊക്കെ മറന്നു എന്ന് ഭാവിച്ചാലും ആദ്യ പ്രണയം ചിലർക്ക് എങ്കിലും ഒരു നോവാണ് . തുറന്നു പറഞ്ഞിട്ടില്ലാത്ത പ്രണയമാണെങ്കിൽ പ്രത്യേകിച്ച്…!!
ഈ കാഴ്ചയുടെ നോവ് പേറി ഇനി മുന്നോട്ട്…!!
✍️ അപ്പു