ഇതിനൊക്കെ ഓരോ നേരവും കാലവും ഒക്കെയുണ്ട്. നീ നിന്റെ കാര്യം നോക്കി പോയെ…

രചന: അപ്പു

::::::::::::::::::::::

” എനിക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ ഒക്കെ..? നിങ്ങൾക്ക് എന്താ ഒന്നും മനസ്സിലാവാത്തത്..? “

കണ്ണീരോടെ അനിയത്തി ചോദിച്ചപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല.അവളുടെ ആവശ്യം നടത്തിയെടുക്കാനുള്ള കള്ളക്കണ്ണീർ മാത്രമായിട്ടാണ് അതിനെ തോന്നിയത്.

“അങ്ങനെ പെൺപിള്ളേരെ എല്ലായിടത്തും കറങ്ങാൻ വിടാൻ ഒന്നും പറ്റില്ല. ഇതിനൊക്കെ ഓരോ നേരവും കാലവും ഒക്കെയുണ്ട്. നീ നിന്റെ കാര്യം നോക്കി പോയെ..”

അമ്മ അവളെ ശകാരിച്ചപ്പോൾ കണ്ണ് നിറച്ചു കൊണ്ട് അവൾ എന്നെ ഒന്നു നോക്കി. അത് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി. നെഞ്ചിൽ വല്ലാത്തൊരു ഭാരം..!!

ഒരു നിമിഷം പോലും പിന്നീട് അവിടെ നിൽക്കാതെ അവൾ തന്റെ മുറിയിലേക്ക് പോയി വാതിൽ അടച്ചു. അതും കണ്ടുകൊണ്ടാണ് താൻ പുറത്തേക്കിറങ്ങിയത്.

ബൈക്ക് സ്റ്റാർട്ട് ചെയ്തു മുറ്റം കടന്നിട്ടും എന്തുകൊണ്ടോ അവളുടെ കണ്ണുകൾ എന്നെ വേദനിപ്പിക്കുന്നുണ്ടായിരുന്നു. ഒരുപക്ഷേ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കണം എനിക്ക് അവളോട് ഇങ്ങനെ ഒരു വികാരം…!!

അവൾ ചോദിച്ചത് ശരിയല്ലേ..? അവൾക്കും ആഗ്രഹങ്ങൾ ഉണ്ടാവില്ലേ..? അവളും എന്നെപ്പോലെ ഒരു വ്യക്തി തന്നെയല്ലേ..?

സ്വയം ചോദ്യങ്ങൾ ചോദിച്ചെങ്കിലും അതിനേക്കാൾ മുകളിൽ ഉയർന്നു നിന്നത് അമ്മ പറഞ്ഞ ചില വാചകങ്ങൾ ആയിരുന്നു.

” മറ്റൊരു വീട്ടിലേക്ക് കല്യാണം കഴിപ്പിച്ചു വിടേണ്ട പെൺകുട്ടിയാണ്. അതിനനുസരിച്ച് വേണം വളരാൻ. എല്ലാ വീട്ടിലും ഈ വീട്ടിലെ പോലെ സ്വാതന്ത്ര്യം നൽകണമെന്ന് ഒന്നുമില്ലല്ലോ..”

അമ്മ പറഞ്ഞപ്പോൾ അതുമാത്രമാണ് ശരി എന്നൊരു തോന്നൽ ആയിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്.

പക്ഷേ അത് എത്ര വലിയ മണ്ടത്തരമാണെന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നുണ്ട്.

ചെറുപ്പം മുതൽക്കേ ഒരു പെൺകുട്ടിയെ പറഞ്ഞു പഠിപ്പിക്കുന്നത് അങ്ങനെയാണല്ലോ.

സ്കൂൾ കാലഘട്ടം മുതൽ തന്നെ ഒരു പെൺകുട്ടി എന്ത് ചെയ്യുമ്പോഴും,

” നാളെ ഒരു സമയത്ത് മറ്റൊരു വീട്ടിൽ ചെന്ന് കയറേണ്ട പെണ്ണാണ്. നീ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല. “

ഇങ്ങനെയുള്ള നിയന്ത്രണങ്ങൾ മാത്രമാണ് ഏതൊരു പെൺകുട്ടിയും കേൾക്കേണ്ടി വരിക.പെൺകുട്ടികളെ സംബന്ധിച്ചുള്ള എന്ത് കാര്യം പറഞ്ഞു തുടങ്ങുമ്പോഴും അത് അവസാനം ചെന്നെത്തുക മറ്റൊരു വീട്ടിലേക്ക് ചെന്നു കയറുന്നവൾ എന്നുള്ള കാര്യത്തിൽ ആയിരിക്കും.

വീട്ടിൽ പണിയെടുക്കാൻ പെൺകുട്ടികൾ മടി കാണിച്ചാൽ എല്ലാ അമ്മമാരും സ്ഥിരമായി പറയുന്ന ഒരു ഡയലോഗ് ഉണ്ട്.

” വേറൊരു വീട്ടിൽ ചെന്ന് കയറാൻ ഉള്ളതാണ്. ഇപ്പോഴേ ഇതൊക്കെ പഠിച്ചാൽ നിനക്ക് ആ സമയത്ത് ബുദ്ധിമുട്ട് ഉണ്ടാവില്ല. അല്ലെങ്കിൽ അവിടെ ചെന്ന് ഒന്നുമറിയില്ല എന്നൊക്കെ പറയുമ്പോൾ നിന്റെ അമ്മായിയമ്മയും വീട്ടുകാരും ഒക്കെ കൂടി എന്നെ കുറ്റം പറയുന്നത് കേൾക്കേണ്ടി വരും.ഞാനൊന്നും പഠിപ്പിക്കാത്തതു കൊണ്ടാണ് നീ ഇങ്ങനെ ആയിപ്പോയത് എന്ന് വല്ല വീട്ടുകാരും എന്നെ കുറ്റം പറയുന്നത് വെറുതെ എന്തിനാണ് കേൾപ്പിക്കുന്നത്..?”

അമ്മമാരുടെ ആ ഡയലോഗില്‍ പെൺകുട്ടികളെല്ലാവരും വീഴും എന്നുള്ളതാണ് സത്യം.സ്വന്തം അമ്മയെ മറ്റൊരാൾ കുറ്റം പറയുന്നത് ഒരാളിനും ഇഷ്ടപ്പെടില്ലല്ലോ. അമ്മമാർ ഉപയോഗിക്കുന്ന സൈക്കോളജിയും അതുതന്നെ.

അതിനിടയിൽ പെൺകുട്ടികൾക്ക് എവിടേക്കെങ്കിലും പോകണം എന്ന് ആഗ്രഹം പറഞ്ഞാൽ അതിനും അവരുടെ ഭാഗത്ത് വ്യക്തമായ ന്യായങ്ങൾ ഉണ്ട്.

” ഇപ്പോൾ എന്തായാലും നീ അങ്ങനെയൊന്നും പോകണ്ട. നിന്റെ കല്യാണം കഴിഞ്ഞിട്ട് നിന്റെ ഭർത്താവിനോട് പറയ്. അവൻ കൊണ്ടുപോയിക്കോളും നിന്നെ എവിടേക്ക് വേണമെങ്കിലും.. അല്ലാതെ ഇവിടെ ഇങ്ങനെ കറങ്ങി നടക്കാൻ ഒന്നും പറ്റില്ല.. “

പെൺകുട്ടികളിൽ പലർക്കും ഇത് കേൾക്കുമ്പോൾ സങ്കടം തോന്നുമെങ്കിലും ഒരിക്കലും അവർ ആരും വീട്ടുകാരെ എതിർക്കാറില്ല. ഒരുപക്ഷേ അവർ പറയുന്ന ആ വാചകം പെൺകുട്ടികളുടെ ഉള്ളിൽ വല്ലാതെ പതിഞ്ഞു പോകുന്നതു കൊണ്ടായിരിക്കാം അത്.

വിവാഹം കഴിഞ്ഞാൽ തങ്ങളുടെ ഭർത്താവ് തങ്ങളെ ഇങ്ങനെയൊക്കെ കൊണ്ടുപോകുമായിരിക്കും എന്ന് അവർ പ്രതീക്ഷിക്കും. ഇതൊക്കെ വെറും മിഥ്യാധാരണകൾ മാത്രമാണെന്ന് ആ നിമിഷം ആ പെൺകുട്ടികൾ മനസ്സിലാക്കാറുമില്ല.

തന്റെ വീട്ടിൽ ആണെങ്കിൽ പലപ്പോഴും മാളുവിനോട് അമ്മ ഇങ്ങനെയൊക്കെ പറയുന്നത് താൻ കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ അത് അവളുടെ ഉത്തരവാദിത്തമാണ് എന്നാണ് തോന്നുന്നത്.

അമ്മ പറയുന്നതു പോലെയൊക്കെ കേട്ട് വളർന്നാൽ നാളെ അവൾക്ക് നല്ലൊരു ഭാര്യയാകാം എന്ന് മാത്രമാണ് അന്ന് ചിന്തിച്ചിരുന്നത്.

പക്ഷേ പെൺകുട്ടികൾക്ക് മാത്രം എന്തിനാണ് ഇങ്ങനെ ഒരു നിയന്ത്രണം എന്ന് മനസ്സിലാവുന്നില്ല..

ചെറുപ്പം മുതൽക്കേ നല്ലൊരു ഭാര്യയാവാനും അമ്മയാവാനും ഒക്കെ ട്രെയിനിങ് കൊടുക്കുന്നതു പോലെയാണ് പെൺകുട്ടികളുടെ ജീവിതം. എന്നാൽ ആൺകുട്ടികൾക്ക് ഇത്തരത്തിലുള്ള ഒരു നിയന്ത്രണങ്ങളും കാണാറില്ല..

അവർ എന്ത് ചെയ്താലും അവരെ ന്യായീകരിക്കാൻ ഒരു പക്ഷേ മുന്നിൽ നിൽക്കുക ഈ അമ്മമാർ തന്നെയായിരിക്കും.

താൻ തന്നെ എത്രയോ ദിവസങ്ങളിൽ രാത്രികാലങ്ങളിൽ ട്രിപ്പ് പോയിരിക്കുന്നു.. ഏതെല്ലാം സിനിമകൾ കാണാൻ പോയിരിക്കുന്നു..? കൂട്ടുകാരോടൊപ്പം എവിടെയെല്ലാം കറങ്ങി നടന്നിരിക്കുന്നു..?

അതൊക്കെ പലപ്പോഴും മാളു സങ്കടത്തോടെ നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട്.അമ്മയോട് പലപ്പോഴും പരാതി പറയുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

“അവൻ എങ്ങനെ നടന്നാലും നിനക്കെന്താ..? അവനൊരു ആൺകുട്ടിയാണ്. അവനു നഷ്ടപ്പെടാൻ പ്രത്യേകിച്ച് ഒന്നുമില്ല.ആൺകുട്ടികൾ ആകുമ്പോൾ കറങ്ങി നടക്കുകയും കൂട്ടുകാരോടൊപ്പം എവിടെയെങ്കിലും ഒക്കെ പോവുകയും ഒക്കെ ചെയ്യുന്നത് സ്വാഭാവികമാണ്.അതൊക്കെ ചോദ്യം ചെയ്യാനും മാത്രം നീ വളർന്നോ..? പെൺകുട്ടികൾക്ക് എന്തെങ്കിലും ഒരു ചീത്ത പേര് വീണാൽ അത് മാഞ്ഞു പോകാൻ ഒരുപാട് സമയമെടുക്കും. നീ വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ എടുത്തു ചാടി ഓരോരോ പേര് ദോഷം വയ്ക്കരുത്. നന്നായിട്ടൊക്കെ നടന്നാൽ നിനക്ക് തന്നെ കൊള്ളാം. നല്ലൊരു കുടുംബത്തിൽ നിന്ന് ആലോചന വരുമ്പോൾ പെൺകുട്ടി എപ്പോഴും കറങ്ങി നടക്കുകയും ഒക്കെ ചെയ്യുന്നവളാണ് എന്ന് കണ്ടാൽ ആരും ഇഷ്ടപ്പെടില്ല. ഇനി മേലാൽ അവൻ അവിടെ പോയി ഇവിടെ പോയി എന്നുള്ള പരാതിയും കൊണ്ട് എന്റെ അടുത്തേക്ക് വരരുത്. അവന്റെ കാര്യം നോക്കാൻ അവനറിയാം..”

അമ്മയുടെ അന്നത്തെ വാചകങ്ങളൊക്കെയും എന്നെ വല്ലാതെ സന്തോഷത്തിൽ കൊണ്ട് ചെന്ന് എത്തിച്ചിരുന്നു.ആൺകുട്ടി ആയതുകൊണ്ട് ഇത്തരത്തിൽ ഒരുപാട് ഗുണങ്ങൾ ഉണ്ടല്ലോ എന്ന് ആ സമയത്ത് മനസ്സിൽ തോന്നുകയും ചെയ്തു.

പക്ഷേ അപ്പോഴൊന്നും എന്തുകൊണ്ട് അവൾക്ക് അങ്ങനെയുള്ള സ്വാതന്ത്ര്യങ്ങൾ അനുവദിക്കുന്നില്ല എന്ന് ചോദിക്കാൻ എനിക്ക് തോന്നിയിട്ടില്ല. ഒരുപക്ഷേ അത് ഇവിടുത്തെ രീതി കണ്ടുവളർന്നത് കൊണ്ടായിരിക്കണം.

എന്തൊക്കെയോ തീരുമാനം ഉറപ്പിച്ചതു പോലെ അവൻ വണ്ടി ഓഫ് ആക്കി വെച്ചു കൊണ്ട് വീട്ടിലേക്ക് കയറി. അകത്തേക്ക് ചെന്നപ്പോൾ കണ്ണുനീർ പൊഴിച്ചുകൊണ്ട് അനിയത്തി സോഫയിൽ ഇരിക്കുന്നത് കണ്ടു.

വേഗം അവളുടെ അടുത്ത് ചെന്നിരുന്നു.

” നമ്മുടെ അടുത്ത തീയേറ്ററിൽ ഏതാണ് സിനിമ എന്നറിയാമോ..?”

അവളെ ചേർത്തുപിടിച്ചു കൊണ്ട് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.അറിയില്ല എന്ന് അവൾ തലയാട്ടി. ഞാനെന്തിനാണ് അവളോട് അത് ചോദിക്കുന്നത് എന്നൊരു സംശയം അവളുടെ മുഖത്ത് ഞാൻ കണ്ടു.

” നീ പോയി റെഡിയായി വാ..നമുക്ക് ഒരു സിനിമയൊക്കെ കണ്ടിട്ട് തിരിച്ചു വരാം.. “

ഞാൻ അത് പറഞ്ഞു കഴിഞ്ഞപ്പോൾ കണ്ണിൽ പൂത്തിരി കത്തിച്ചത് പോലെ അവളുടെ സന്തോഷം ഞാൻ വായിച്ചെടുത്തതാണ്.

” നീ വെറുതെ ആവശ്യമില്ലാത്ത പണിക്ക് നിൽക്കണ്ട. അവൾ ഇവിടെ എങ്ങാനും ഇരുന്നോളും. പ്രായം തികഞ്ഞ പെങ്കൊച്ച് ആണ്. അതിനെയും കൊണ്ടാണ് അവൻ കറങ്ങി നടക്കാൻ പോകുന്നത്..”

അമ്മയുടെ വാചകം കേട്ടപ്പോൾ അവളുടെ മുഖം മങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു.

” അവൾക്ക് എത്ര പ്രായമായാലും എന്താ അമ്മേ അവൾ എന്റെ അനിയത്തി അല്ലേ..? ഏതൊരു പെൺകുട്ടിക്കും സുരക്ഷിതമായ ഇടം അവളുടെ അച്ഛന്റെയും ഏട്ടന്റെയും ഒക്കെ കൂടെയാണ്. അവർക്ക് എവിടെയെങ്കിലും പോകണമെന്ന് ആഗ്രഹം പറയുന്നത് സ്വന്തം അച്ഛനോടും സഹോദരനോടും ഒക്കെയായിരിക്കും. അതെന്തുകൊണ്ടാണെന്ന് അറിയാമോ..? അവരോടൊപ്പം പോകുമ്പോൾ അവർക്ക് ഒരു സുരക്ഷിതത്വം ഉണ്ടാകും. അതിനുവേണ്ടി മാത്രമാണ് അവൾ ആഗ്രഹങ്ങൾ അവരോട് പറയുന്നത്. തന്റെ ആഗ്രഹങ്ങളൊക്കെയും അവർ നടത്തിത്തരും എന്നൊരു പ്രതീക്ഷ ആ മനസ്സിൽ ഉണ്ടാവും. പലപ്പോഴും ആണല്ലേ എന്നുള്ള പേരിൽ ഞങ്ങൾ പലയിടത്തും കറങ്ങാൻ പോകുമ്പോൾ പെണ്ണല്ലേ എന്നുള്ള ചിന്തയിൽ വീടിനുള്ളിൽ അടച്ചു പൂട്ടിയിരിക്കുന്ന പെൺകുട്ടികൾ ഉണ്ട്. നേരത്തെ അവൾ ചോദിച്ചതുപോലെ അവർക്കും ആഗ്രഹങ്ങൾ ഇല്ലേ..? വല്ലപ്പോഴും ഒരു സിനിമ കാണാൻ പോകാൻ എവിടെയെങ്കിലും കറങ്ങാൻ പോകാൻ ഒക്കെ അവർക്ക് മോഹം തോന്നുന്നില്ലേ..? ആരൊക്കെയോ പറഞ്ഞു കേട്ടതുപോലെ കല്യാണം കഴിയുമ്പോൾ കെട്ടിയവൻ കൊണ്ടുപോകും എന്ന് പറയാൻ പറ്റില്ല. കാരണം കല്യാണം കഴിക്കുന്നവൻ ഏത് തരക്കാരൻ ആണ് എന്നൊന്നും പറയാൻ പറ്റില്ലല്ലോ. സ്വന്തം കുടുംബത്തിൽ അവൾക്ക് അതിനുള്ള അവസരം ഇല്ലെങ്കിൽ ചെന്ന് കയറുന്ന വീട്ടിൽ അത് കിട്ടണം എന്ന് നമുക്ക് വാശിപിടിക്കാൻ പറ്റുമോ..? ഇത്രയും കാലം ഞാൻ അതിനെക്കുറിച്ച് ഒന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ഇനിയും എന്റെ ഭാഗത്തുനിന്ന് അങ്ങനെ ഒരു തെറ്റ് സംഭവിക്കാൻ പാടില്ല. ഈ നിമിഷം മുതൽ അത് തിരുത്താൻ തന്നെയാണ് എന്റെ തീരുമാനം. മോള് പോയി റെഡിയായി വാ… “

അവൾക്ക് അനുവാദം കിട്ടിയ ഉടനെ അകത്തേക്ക് പാഞ്ഞുപോയ അവളുടെ മുഖത്ത് ഞാൻ വായിച്ചെടുത്ത സന്തോഷം ഇന്നുവരെയും മറ്റൊരിടത്തും ഞാൻ കണ്ടിട്ടില്ല എന്ന് അഭിമാനത്തോടെ ഞാൻ ഓർത്തു.

✍️ അപ്പു