രചന: അപ്പു
:::::::::::::::::::::
“നിനക്കെന്താടാ തലയ്ക്ക് സുഖമില്ലേ..?ഈ നാട്ടിൽ വേറെ പെണ്ണുങ്ങളെ കിട്ടാഞ്ഞിട്ടാണോ..?”
തന്റെ മനസ്സിലെ ആഗ്രഹം വീട്ടിൽ തുറന്നു പറഞ്ഞതു മുതൽ എല്ലാവർക്കും ചോദിക്കാനുള്ളത് ഇതേ ഒരു ചോദ്യം മാത്രമാണ്.
” നിങ്ങളൊക്കെ ഇങ്ങനെ ചോദിക്കാനും മാത്രം എന്ത് പ്രശ്നമാണ് അവൾക്കുള്ളതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.. “
അവസാനം അവനു ദേഷ്യം വന്നു തുടങ്ങിയിരുന്നു.
” നിന്റെ കണ്ണിൽ അവൾക്ക് പ്രത്യേകിച്ച് യാതൊരു പ്രശ്നവും ഉണ്ടാവില്ല. പക്ഷേ ഞങ്ങളെ സംബന്ധിച്ച് അതങ്ങനെയല്ല. അവൾ നിന്നെക്കാൾ ചുരുങ്ങിയത് ഒരു അഞ്ചു വയസ്സിന് എങ്കിലും മൂത്തതാണ്. അത് പോട്ടെന്നു വച്ചാലും അവൾ ഒരു കല്യാണം കഴിച്ച് ബന്ധം വേർപെടുത്തിയതാണ്. ആ ബന്ധത്തിൽ രണ്ട് പെൺകൊച്ചുങ്ങളുമുണ്ട്. ഇതൊക്കെ നിന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ മതിയായ കാരണങ്ങളാണ്. എത്രയൊക്കെ പറഞ്ഞാലും ഇതൊന്നും നിന്റെ തലയിൽ കയറാത്തത് എന്താ..? “
അമ്മയുടെ ശബ്ദവും ഉയർന്നു തുടങ്ങിയിരുന്നു.
” എനിക്ക് അവളെ ഇഷ്ടമായതു കൊണ്ട്.. “
ആ ഒരു മറുപടിയിൽ അമ്മ പിന്നീട് ചോദ്യങ്ങളൊന്നും ഇല്ലാത്തതു പോലെ തളർന്നു നിൽക്കുന്നത് കണ്ടു.
കുറച്ചു നിമിഷങ്ങളിൽ കൊണ്ടുതന്നെ ചോർന്നു പോയ ഊർജ്ജം അമ്മ വീണ്ടെടുത്തു.
” നീ എന്തൊക്കെ പറഞ്ഞാലും അവളെയും കല്യാണം കഴിച്ച് ഈ വീട്ടിലേക്ക് കയറി വരാം എന്നാണ് നിന്റെ തീരുമാനമെങ്കിൽ അത് ഒരിക്കലും നടക്കില്ല. ഈ വീട് ഇപ്പോഴും എന്റെ പേരിലാണ് എന്ന് നീ മറക്കരുത്. ഇവിടെ ആരൊക്കെ താമസിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്.. “
അമ്മ പറഞ്ഞ ആ വാക്കുകൾ അവനെ വല്ലാതെ വേദനിപ്പിച്ചു.അവൻ സങ്കടത്തോടെ അമ്മയെ നോക്കി.
” ഈ വീട്ടിൽ താമസിക്കണം എന്നുണ്ടെങ്കിൽ, നിന്റെ അമ്മയും സഹോദരങ്ങളും ഒക്കെ നിനക്ക് വേണമെന്നുണ്ടെങ്കിൽ, നീ അവളുടെ പിന്നാലെ പോകാനുള്ള തീരുമാനം ഉപേക്ഷിക്കണം..”
അമ്മ ഒരു ഉറച്ച തീരുമാനം പോലെ അത് പറയുമ്പോൾ അവന്റെ സഹോദരങ്ങൾക്കും അതേ തീരുമാനം തന്നെയായിരുന്നു എന്ന് അവരുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.
അത് കണ്ടപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു. അവന്റെ സകല വേദനകളും ഉള്ളിലടക്കിക്കൊണ്ടുള്ള ഒരു പുഞ്ചിരി..!
“കൊള്ളാം.. എന്നെ വേദനിപ്പിക്കാനും എങ്ങനെ നിങ്ങളുടെ തടവിലാക്കണം എന്നുമൊക്കെ നിങ്ങൾക്ക് പണ്ടുമുതലേ വ്യക്തമായി അറിയുന്നതാണല്ലോ.. അതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നും ഒരു ജീവിതം ഇല്ലാതെ നിൽക്കുന്ന ഞാൻ..”
അവൻ സംസാരിച്ചു തുടങ്ങിയപ്പോൾ അമ്മയും സഹോദരങ്ങളും പതറുന്നത് അവൻ കണ്ടു.
“ഇടയ്ക്കെങ്കിലും അമ്മ മറന്നു പോകുന്ന ഒരു കാര്യമുണ്ട്. അമ്മയുടെ മൂത്ത മകനായ സൂരജ് എന്ന എനിക്ക് പ്രായം 35 വയസ്സാണ്. ശരിക്കും പറഞ്ഞാൽ കുഞ്ഞു കുട്ടികളുമായി ഒരു കുടുംബം നയിക്കേണ്ട പ്രായം.. എന്നാൽ ഇപ്പോഴും ഇവിടെ കുടുംബം പോയിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല.. അതെന്തു കൊണ്ടാ..?”
അവൻ ചോദിച്ചപ്പോൾ അമ്മ അവന്റെ മുഖത്ത് നോക്കാതെ മറ്റെവിടേക്കോ നോട്ടം ഉറപ്പിച്ചു.
” ചെറുപ്പത്തിൽ അച്ഛനെ നഷ്ടപ്പെട്ടു പോയപ്പോൾ ഞങ്ങൾ മൂന്നു മക്കളെയും കൊണ്ട് അമ്മ കഷ്ടപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ എന്നെക്കൊണ്ട് കഴിയുന്ന പല ജോലികൾക്കും ഞാൻ പോയി തുടങ്ങിയത്. അപ്പോഴൊക്കെ എന്നെക്കാൾ രണ്ടു വയസ്സിന് താഴെയുള്ള സുദർശനും, അവന് തൊട്ടു താഴെയുള്ള സൂര്യയും ചെറിയ കുട്ടികളാണ് എന്നുള്ള പരിഗണനയിൽ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അമ്മയോടൊപ്പം പല ജോലികൾക്കും കൂടെ കൂടുമ്പോഴും എന്റെ സഹോദരങ്ങൾ ഒരിക്കലും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരരുത് എന്ന് മാത്രമാണ് ഞാൻ ചിന്തിച്ചത്.ജോലിക്കും പഠനവും ഒക്കെ കൂടി ഞാൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. അപ്പോഴൊക്കെ അമ്മ എന്നോട് പറയാറുള്ള വാചകം എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.’ നിന്നെപ്പോലെ ഒരു മകനെ കിട്ടിയതാണ് എന്നെ സംബന്ധിച്ച് ഒരു അനുഗ്രഹം. എന്റെ വേദനകളും കഷ്ടപ്പാടുകളും ഒക്കെ മനസ്സിലാക്കാൻ നിനക്ക് പറ്റുന്നുണ്ടല്ലോ.’ അന്ന് ആ വാചകം കേട്ടപ്പോൾ ഞാൻ ഒരുപാട് അഭിമാനിച്ചിരുന്നു. സ്വന്തം അമ്മയെ മനസ്സിലാക്കാൻ കഴിഞ്ഞ മകനായി ഞാൻ എന്നെ തന്നെ വാഴ്ത്തി പാടുകയായിരുന്നു. ഞാൻ ഈ കുടുംബത്തിന് ഒരു മുതൽക്കൂട്ടാകും എന്ന് പലപ്പോഴും പറയാതെ പറയുകയായിരുന്നു. “
അത് പറഞ്ഞുകൊണ്ട് അവൻ ഒരു നിമിഷം നിർത്തി.
” പക്ഷേ അതൊരു ചതിക്കുഴി ആയിരുന്നു എന്ന് വളർന്ന് വലുതായി കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്. ഞാൻ ഓരോ ജോലികൾ ചെയ്ത് ഓരോ രൂപയായി കൂട്ടി വയ്ക്കുമ്പോൾ ആ പണത്തിന് എന്റെ അനിയനും അനിയത്തിക്കും വ്യക്തമായ പ്ലാനുകൾ ഉണ്ടായിരുന്നു. എന്റെ കയ്യിൽ ₹100 ഉണ്ടെങ്കിൽ അത് രണ്ടായി പകുത്ത് അവർ രണ്ടാളും കൂടി കൈകാര്യം ചെയ്യും. അപ്പോഴും അത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അവർ ചോദിക്കാറില്ല.”
അവൻ അത് പറഞ്ഞപ്പോൾ അവന്റെ അനിയന് ദേഷ്യം വന്നു.
” അപ്പോൾ ചേട്ടൻ എന്താ പറഞ്ഞുവരുന്നത് ചേട്ടന്റെ പണം മുഴുവൻ ഞങ്ങൾ രണ്ടാളും കൂടി ധൂർത്തടിക്കുകയായിരുന്നു എന്നാണോ..? “
അവൻ ചോദിച്ചപ്പോൾ സൂരജ് പരിഹാസത്തോടെ ചിരിച്ചു.
“ഒരിക്കലുമില്ല.. ഞാനൊരിക്കൽ അങ്ങനെ ചിന്തിച്ചിരുന്നു. പക്ഷേ അന്ന് ഞാൻ ചിന്തിച്ചതും ഒക്കെ വലിയ മണ്ടത്തരങ്ങൾ ആയിരുന്നു എന്ന് എന്നെ പറഞ്ഞു പഠിപ്പിച്ചത് അമ്മയായിരുന്നു. ഞാൻ നിങ്ങളുടെ ചേട്ടൻ ആയതുകൊണ്ട് നിങ്ങളുടെ ആവശ്യങ്ങൾ നടത്തി കൊടുക്കേണ്ടത് എന്റെ മാത്രം ഉത്തരവാദിത്വമാണ്.. അമ്മയുടെ ആ വാചകത്തിൽ ഞാൻ കുടുംബത്തിന് ഉത്തരവാദിത്വം മുഴുവൻ ഏറ്റെടുത്ത ഒരു മകനായി. അവിടെ മുതൽ എന്റെ പല സ്വപ്നങ്ങളും തകർന്നു വീഴാൻ തുടങ്ങി. പഠിക്കാൻ ഒരുപാട് ഇഷ്ടമായിരുന്നതു കൊണ്ടാണ് പാർട്ട് ടൈം ആയി പഠിക്കുകയും ജോലി ചെയ്യുകയും ഒക്കെ ചെയ്തു കൊണ്ടിരുന്നത്. എന്റെ പഠനം നിർത്താൻ പലപ്പോഴും അമ്മ ഉപദേശിച്ചിട്ടും ആ ഒരു കാര്യം മാത്രമാണ് ഞാൻ ഇതുവരെയും അനുസരിക്കാതെ പോയത്. അന്നൊക്കെ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ചിന്ത നല്ലൊരു ജോലി നേടി കഴിഞ്ഞാൽ വീട്ടിലെ ഭാരം കുറച്ചെങ്കിലും ഒന്ന് കുറയും എന്ന് മാത്രമായിരുന്നു. എന്റെ കഷ്ടപ്പാടിന്റെ ഫലം കൊണ്ടായിരിക്കണം അധികം വൈകാതെ എനിക്ക് നല്ലൊരു ജോലി കിട്ടിയത്. അതിനിടയിൽ എനിക്ക് ഒരു പ്രണയവും ഉണ്ടായി.. വീട്ടിൽ ആ കാര്യം അവതരിപ്പിച്ചപ്പോൾ അമ്മ എന്നോട് എന്താ പറഞ്ഞത് എന്ന് ഓർമ്മയുണ്ടോ.? ആദ്യം സൂര്യയുടെ കാര്യം നടക്കട്ടെ അത് കഴിഞ്ഞിട്ട് മതി നിന്റെ കാര്യം എന്ന്.. അമ്മ പറഞ്ഞത് കേട്ടപ്പോൾ അത് ന്യായമാണെന്ന് തോന്നി. അതുകൊണ്ടു തന്നെയാണ് എടുത്താൽ പൊങ്ങാത്ത ബാധ്യതയാണ് എന്ന് അറിഞ്ഞുകൊണ്ടു തന്നെ അവളുടെ വിവാഹം ആഡംബരത്തോടെ നടത്തിയത്. അതിനു ശേഷം പലപ്പോഴും ഞാൻ എന്റെ വിവാഹത്തിന് കുറിച്ച് സംസാരിക്കുമ്പോൾ പല പല കാരണങ്ങൾ പറഞ്ഞു നിങ്ങൾ അത് ഒഴിവാക്കി വിട്ടു. അവസാനം ഒരു പെൺകുട്ടിയുടെ മുന്നിൽ ഞാൻ ചതിയനായി. എന്റെ വിവാഹം മുടക്കാൻ വല്ലാതെ ആവേശം കാണിച്ചിരുന്ന നിങ്ങൾ അധികം വൈകാതെ അനിയന് ഒരു വിവാഹം നോക്കിയപ്പോൾ തകർന്നു പോയത് ഞാനായിരുന്നു. അവന്റെ പ്രണയം നിങ്ങളൊക്കെയും രണ്ട് കൈയും നീട്ടി സ്വീകരിച്ചപ്പോൾ ഇല്ലാതായിപ്പോയത് ഞാനെന്ന മനുഷ്യനായിരുന്നു. എത്രയൊക്കെ ചവിട്ടി അരച്ചിട്ടും നിങ്ങളുടെ പണത്തിന്റെ ആവശ്യങ്ങൾക്ക് നിങ്ങൾ കൃത്യമായി എന്നെ തേടി വരാറുണ്ടായിരുന്നു. ഈ നിമിഷം വരെയും നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങൾക്കും പണം തരാൻ വേണ്ടി ഒരു എടിഎം മെഷീൻ മാത്രമാണ് ഞാൻ.”
അത്രയും പറഞ്ഞപ്പോൾ അവന്റെ സങ്കടം അധികരിക്കാൻ തുടങ്ങിയിരുന്നു.
” അമ്മ കുറച്ചു നേരത്തെ പറഞ്ഞില്ലേ ഈ വീട് ഇപ്പോഴും അമ്മയുടെ പേരിലാണെന്ന്..? പക്ഷേ അമ്മ മറന്നു പോയ ഒരു കാര്യമുണ്ട്. ഇടിഞ്ഞു വീഴാൻ തുടങ്ങിയ ഒരു വീടിന് ഇടിച്ചു പൊളിച്ച് കളഞ്ഞ് ഇത്രയും മനോഹരമായ പുതിയൊരു വീട് പണിതത് എന്റെ പണത്തിന്റെ ബലം കൊണ്ടാണ് എന്നുള്ള കാര്യം..ഇപ്പോഴും അതിന്റെ പേരിലുള്ള ബാധ്യതകൾ ഞാൻ ചുമക്കുന്നുണ്ട് എന്നുള്ള കാര്യം..”
അത് പറഞ്ഞപ്പോൾ അമ്മയുടെയും സഹോദരങ്ങളുടെയും തല കുനിഞ്ഞു പോയിരുന്നു.
” എന്തായാലും ഇതോടെ എനിക്ക് ഒരു കാര്യം മനസ്സിലായി. എന്നെ നിങ്ങളൊക്കെ കൂടി സ്നേഹിക്കുന്നത് എനിക്കൊരു ജീവിതം ഉണ്ടാവാൻ അല്ല. ഒരിക്കലും ഞാൻ മറ്റൊരു ജീവിതം നയിക്കരുത് എന്നുള്ള നിങ്ങളുടെ വാശിയാണ്.. ഇനിയും നിങ്ങളുടെ വാശികൾക്കും താൽപര്യങ്ങൾക്കും നിന്ന് തരാൻ എനിക്ക് താല്പര്യമില്ല. അമ്മ നേരത്തെ പറഞ്ഞതുപോലെ അമ്മയുടെ ഇഷ്ടത്തിന് അനുസരിച്ച് ഈ വീട്ടിൽ എനിക്ക് താമസിക്കേണ്ട. ഈ വീട്ടിൽ നിന്ന് ഇറങ്ങിത്തരാൻ ഞാൻ തയ്യാറാണ്.. “
അത്രയും പറഞ്ഞു താൻ നേരത്തെ തയ്യാറാക്കി വെച്ച പെട്ടിയുമായി ആ വീടിന്റെ പടികടന്ന് അവൻ പുറത്തേക്കു പോകുമ്പോൾ, ഇനിയെങ്കിലും സന്തോഷവും സമാധാനവും ഉള്ള ഒരു ജീവിതം ഉണ്ടാകണം എന്നൊരു ആഗ്രഹം മാത്രമായിരുന്നു അവനു ഉണ്ടായിരുന്നത്..
✍️ അപ്പു