രചന : അപ്പു
::::::::::::::::::::::::::
“മോനെ.. അമ്മയ്ക്ക് നല്ല സുഖമില്ല.. ഒരുപക്ഷേ ഞാൻ നിന്നോട് പറയുന്ന അവസാന ആഗ്രഹം ആയിരിക്കണം ഇത്. നിന്നെ ഒന്ന് കാണണമെന്ന് അമ്മയ്ക്ക് വല്ലാത്തൊരു ആഗ്രഹം തോന്നുന്നു. അച്ഛന്റെ മരണ സമയത്ത് അച്ഛനും ആഗ്രഹിച്ചത് അതു തന്നെയായിരുന്നു. പക്ഷേ അന്ന് നീ വന്നില്ലല്ലോ..എന്നാൽ ഇത്തവണ നീ വരാതിരിക്കരുത്.. ഒരുപക്ഷേ ഇനി ഒരിക്കൽ കൂടി നിന്നോട് ഇങ്ങനെ സംസാരിക്കാൻ പോലും എനിക്ക് കഴിഞ്ഞെന്നു വരില്ല.. നീ വരണം.. അമ്മ നിന്നെ പ്രതീക്ഷിക്കും..”
വൈകുന്നേരം വന്ന ഫോൺകോളിൽ കേട്ട ആ വാചകങ്ങൾ അവനെ വല്ലാതെ തളർത്തി കളഞ്ഞിരുന്നു.
ആ നാട് ഉപേക്ഷിച്ച് ഇവിടേക്ക് വന്നിട്ട് നാളുകൾ ഒരുപാട് ആയി. കൃത്യമായി പറഞ്ഞാൽ അഞ്ചു വർഷങ്ങൾ.. ഇതിനിടയിൽ ഒരിക്കൽ പോലും വീട്ടിലേക്ക് തിരികെ പോയിട്ടില്ല. ആഗ്രഹം ഇല്ലാത്തതു കൊണ്ടല്ല.. ചെയ്തു പോയ പാപം എത്രത്തോളം വലുതാണ് എന്ന് അറിയാവുന്നതു കൊണ്ടാണ്.
നാട്ടിലേക്ക് പോകണമെന്ന് ഓരോ തവണയും ആഗ്രഹിക്കുമ്പോൾ അതിനു പിന്നാലെ എന്റെ മനസ്സിലേക്ക് തെളിഞ്ഞു വരുന്ന കണ്ണീരോടെയുള്ള ചില മുഖങ്ങൾ ഉണ്ട്. വീട്ടിൽ നിന്ന് അവസാനം ഇറങ്ങുമ്പോൾ അരങ്ങേറിയ കുറേയേറെ സംഭവങ്ങൾ ഉണ്ട്..!
എത്രയൊക്കെ വേണ്ടെന്നു വച്ചിട്ടും അവന്റെ ചിന്തകൾ ആ വഴിക്ക് തന്നെ സഞ്ചരിക്കാൻ തുടങ്ങിയിരുന്നു.
പാലക്കാട്ടെ ഒരു പ്രസിദ്ധമായ തറവാട്.. മാങ്കുളം.. അവിടെയായിരുന്നു അഭിജിത് എന്ന അവന്റെ ജനനം. അച്ഛനും അമ്മയും അവനും അടങ്ങുന്ന സന്തുഷ്ട കുടുംബം ആയിരുന്നു അവന്റേത്. അവരോടൊപ്പം ആ തറവാട്ടിൽ അമ്മയുടെ സഹോദരനും കുടുംബവും താമസമുണ്ടായിരുന്നു.
അവൻ മുതിർന്നതിനു ശേഷമാണ് അതിന്റെ പിന്നിലുള്ള ചില കഥകളൊക്കെ അവൻ അറിഞ്ഞത്. അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹമായിരുന്നു. അമ്മയുടെ തറവാടിനേക്കാൾ സാമ്പത്തികശേഷി ഒരുപാട് കൂടുതലുള്ളതായിരുന്നു അച്ഛന്റെ തറവാട്.
അതുകൊണ്ടു തന്നെ അമ്മയുമായുള്ള അച്ഛന്റെ ബന്ധം അംഗീകരിക്കാൻ അച്ഛന്റെ തറവാട്ടിൽ പലരും തയ്യാറായിരുന്നില്ല. അതിന്റെ പരിണിതഫലമായി അമ്മയെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുപോയി അച്ഛൻ താലി കെട്ടി.
പിന്നീട് ഒരു വാടകവീട്ടിൽ താമസിക്കാൻ ആയിരുന്നു അച്ഛന്റെയും അമ്മയുടെയും തീരുമാനം. എന്നാൽ തറവാട്ടിലെ ഒരേയൊരു പെൺതരി വാടകവീട്ടിൽ കഴിയേണ്ടവളല്ല എന്നുള്ളത് അമ്മയുടെ വീട്ടിൽ എല്ലാവരുടെയും തീരുമാനമായിരുന്നു. അതിന്റെ ഫലമായിട്ടാണ് അച്ഛനും അമ്മയും തറവാട്ടിൽ താമസമാക്കിയത്.
അഭി ജനിച്ചു കഴിഞ്ഞതിനു ശേഷം, ആ തറവാട്ടിൽ ഒരു ആഘോഷം തന്നെയായിരുന്നു. തറവാട്ടിലെ ആദ്യത്തെ പേരക്കുട്ടി എന്ന നിലയ്ക്ക് അവനെ എല്ലാവരും കൂടി കൊഞ്ചിക്കുകയായിരുന്നു.
അവന്റെ അമ്മാവന്റെ വിവാഹം കഴിഞ്ഞ്, അമ്മായി കൂടി വീട്ടിലേക്ക് വന്നിട്ടും അവന്റെ അമ്മയ്ക്കും അച്ഛനും അവനും അവിടെയുള്ള സ്വാതന്ത്ര്യത്തിന് ഒരു കുറവും ഉണ്ടായില്ല. അവനെ സ്വന്തം മകനെ പോലെ തന്നെ അമ്മായി കണക്കാക്കി.
അധികം വൈകാതെ അമ്മായി ഗർഭം ധരിക്കുകയും ചെയ്തു. അമ്മയുടെ വയറ്റിലുള്ള കുഞ്ഞുവാവ പെൺകുട്ടിയാണെങ്കിൽ എന്റേതാണ് എന്നൊരു വാചകം അവൻ ചെറുപ്പത്തിൽ പലപ്പോഴും പറയാറുണ്ടായിരുന്നു. അത് കേൾക്കുമ്പോൾ മുതിർന്നവരൊക്കെ അവനെ കളിയാക്കി ചിരിക്കുകയും ചെയ്യും.
ഒരിക്കൽ എല്ലാവരും കൂടി അങ്ങനെ കളിയാക്കിയതിന്റെ ദേഷ്യത്തിൽ അവൻ മുഖം തിരിച്ച് ഇരുന്നു. അന്ന് അവനെ കൊഞ്ചിച്ചു കൊണ്ട് അവന്റെ മാമനാണ് കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിയത്.
” അമ്മായിയുടെ വയറ്റിലുള്ള കുഞ്ഞുവാവ പെൺകുട്ടിയാണെങ്കിൽ അത് നിന്റെ മുറപ്പെണ്ണ് ആണ്.. വലുതാകുമ്പോൾ നീ അവളെ കല്യാണം കഴിക്കണം. അവൾക്ക് താങ്ങും തണലുമായി നീ ഉണ്ടാവണം.. “
അത് വലിയൊരു ഉത്തരവാദിത്വം പോലെ ആ കുഞ്ഞു മനസ്സിൽ രേഖപ്പെടുത്തപ്പെട്ടു. പ്രസവത്തോടെ അമ്മായി മരണപ്പെട്ടു. പക്ഷേ എല്ലാവരുടെയും ആഗ്രഹം പോലെ ഒരു പെൺകുഞ്ഞിനെ അവർക്ക് സമ്മാനിച്ചിട്ടാണ് അമ്മായി ഈ ലോകം വിട്ടു പോയത്.
അമ്മയില്ലാതെ ആ കുഞ്ഞിനെ വളർത്തി വലുതാക്കാൻ അമ്മാവൻ കഷ്ടപ്പെടുന്നു എന്ന് കണ്ടപ്പോൾ രണ്ട് കൈയും നീട്ടി ആ കുഞ്ഞിനെ സ്വീകരിച്ചത് അവന്റെ അമ്മ തന്നെയായിരുന്നു. അഭിയെ എത്ര സ്നേഹത്തോടെയാണോ വളർത്തിയത് അതിന്റെ ഇരട്ടി സ്നേഹവും കരുതലും കൊടുത്താണ് അവർ ആ പെൺകുഞ്ഞിനെ താലോലിച്ചത്.
കുടുംബത്തിന്റെ ഐശ്വര്യം ആ പെൺകുട്ടിയിലാണ് എന്ന് വിശ്വസിച്ചു കൊണ്ട് ലക്ഷ്മി എന്ന് അവൾക്ക് പേരിട്ടു. ലച്ചു എന്ന് അവളെ വിളിച്ചു.
ചെറുപ്പം മുതൽക്കേ അവളുടെ എന്ത് കാര്യങ്ങളും അഭിയുടെ തീരുമാനപ്രകാരം ആയിരുന്നു നടന്നിരുന്നത്. അവൾക്കുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് മുതൽ അവൾ നെറ്റിയിൽ വയ്ക്കുന്ന പൊട്ടു പോലും അഭിയുടെ സെലക്ഷൻ ആയിരുന്നു.
അവൾ എന്റെതാണ് എന്നൊരു ഭാവം അവന്റെ മനസ്സിൽ ഉണ്ടായിരുന്നതുകൊണ്ട് തന്നെ അതൊക്കെയും അവന്റെ ഉത്തരവാദിത്വവും കടമയും ഒക്കെയായി അവൻ വ്യാഖ്യാനിച്ചു.
കാലം കടന്നുപോയി. പ്രണയം എന്ന വികാരം മനസ്സിലേക്ക് വന്നപ്പോൾ മുതൽ ഇരുവർക്കും പരസ്പരം അടക്കാനാവാത്ത പ്രണയം തന്നെയായിരുന്നു. ഒരിക്കലും അതിരു വിട്ടുള്ള ഒരു അടുപ്പവും രണ്ടാളും തമ്മിൽ ഉണ്ടായിട്ടില്ലെങ്കിൽ കൂടി, പരസ്പരം പിരിയാൻ ആകാത്ത ഇഷ്ടം അവർ രണ്ടാളും തമ്മിൽ ഉണ്ടായിരുന്നു.
അവന്റെ ഇഷ്ടത്തിന് തന്നെയായിരുന്നു ഡിഗ്രിയും പിജിയും രണ്ടാളും ഒരേ കോളേജിൽ പഠിച്ചത്. അവൻ കോളേജിൽ നിന്ന് പോയി കഴിഞ്ഞിട്ടും അവന്റെ ഓർമ്മകളും പേറി അവൾ ആ കോളേജിൽ തന്നെ ഉണ്ടായിരുന്നു.
അധികം വൈകാതെ അവന് നല്ലൊരു സാലറിയിൽ നല്ലൊരു ജോലി ബാംഗ്ലൂർ നഗരത്തിൽ തരപ്പെട്ടു. അവളോട് യാത്ര പറഞ്ഞ് ബാംഗ്ലൂരിലേക്ക് പോകാൻ അവൻ ഒരുപാട് പണിപ്പെട്ടിരുന്നു.
അവിടെ ചെന്നതിനു ശേഷം എല്ലാ ദിവസവും അവൻ വീട്ടിലേക്ക് വിളിച്ചിരുന്നു. പരസ്പരം പരാതിയും പരിഭവങ്ങളും ഒക്കെ പറഞ്ഞുകൊണ്ട് അവർ ദിവസങ്ങൾ തള്ളി നീക്കി.
എന്നാൽ പതിയെ പതിയെ അവൻ ബാംഗ്ലൂർ നഗരത്തിന്റെ പ്രോഡക്റ്റ് ആയി മാറ്റപ്പെടുകയായിരുന്നു. അതിലെ ഏറ്റവും വലിയ വ്യത്യാസം തറവാട്ടിലേക്കുള്ള അവന്റെ വിളികളുടെ എണ്ണം കുറഞ്ഞു.
എന്നാൽ അതൊന്നും അറിയാതെ ഒരു പെണ്ണ് അവനെയും സ്വപ്നം കണ്ട് ആ വീട്ടിൽ തന്നെ ഉണ്ടായിരുന്നു.
ഈ നഗരമാണ് തനിക്ക് ഏറ്റവും നല്ലത് എന്നുള്ള തോന്നലിൽ, അവൻ കൂടെ വർക്ക് ചെയ്യുന്ന ഒരു പെൺകുട്ടിയുടെ പ്രൊപ്പോസൽ അക്സെപ്റ്റ് ചെയ്യുകയും ചെയ്തു.
അധികം വൈകാതെ അത് ഒരു ലിവിങ് റിലേഷനിലേക്ക് എത്തിച്ചേർന്നു. എന്നാൽ തറവാട്ടിൽ കാത്തിരുന്നവർ ആരും അതൊന്നും അറിഞ്ഞില്ല.
നാളുകൾ ഒരുപാട് കടന്നുപോയിട്ടും അവൻ തറവാട്ടിലേക്ക് വരാതായതോടെ തറവാട്ടിൽ നിന്ന് അവന്റെ അച്ഛനും അമ്മയും, ലക്ഷ്മിയും കൂടി അവനെ തേടി ബാംഗ്ലൂർ നഗരത്തിലേക്ക് എത്തി.
അവന്റെ ഓഫീസിൽ നിന്ന് അവന്റെ താമസസ്ഥലത്തിന്റെ അഡ്രസ്സ് കണ്ടുപിടിച്ചു അവിടേക്ക് ചെല്ലുമ്പോൾ, അതൊരിക്കലും ഒരു ആഘാതത്തിനുള്ള അവസരമാണ് എന്ന് അവർ ആരും കരുതിയിരുന്നില്ല.
ആ ഫ്ലാറ്റിനുള്ളിൽ അവനോടൊപ്പം മറ്റൊരു പെൺകുട്ടിയെയും കൂടി കണ്ടപ്പോൾ കാര്യങ്ങൾ ഏകദേശം വീട്ടുകാർ ഉറപ്പിച്ചിരുന്നു. അന്ന് അവനോട് ഒരുപാട് ശാപവാക്കുകൾ പറഞ്ഞു കൊണ്ടാണ് അച്ഛനും അമ്മയും ലക്ഷ്മിയെയും കൂട്ടി തിരികെ പോയത്.
തറവാട്ടിൽ അവളെ തന്റെ ഭാര്യയായി കയറ്റണം എന്നുള്ളത് അവന്റെ ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് അവർക്ക് പിന്നാലെ അവൻ അവന്റെ കാമുകിയായ ഗൗരിയെയും കൂട്ടി തറവാട്ടിലേക്ക് എത്തിയത്.
പക്ഷേ അവരുടെ മനസ്സിൽ ലക്ഷ്മി മാത്രമാണ് മകന്റെ ഭാര്യ എന്നും, ഒരിക്കലും അതിൽ മാറ്റം വരില്ല എന്നും പറഞ്ഞതോടെ തറവാട്ടിൽ കുറെ പ്രശ്നങ്ങൾ ഉണ്ടാക്കിയാണ് അഭി ഗൗരിയെയും കൊണ്ട് തിരികെ ബാംഗ്ലൂരിലേക്ക് വന്നത്.
വിവാഹം കഴിക്കാം എന്ന് പലപ്പോഴും ഗൗരിയോട് പറഞ്ഞിട്ടും അവൾ അതിൽ നിന്നെല്ലാം ബോധപൂർവ്വം ഒഴിഞ്ഞുമാറുകയായിരുന്നു. പതിയെ പതിയെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി ആ റിലേഷനിൽ നിന്ന് അവൾ പുറത്തു കടന്നു.
അപ്പോഴും അവൾക്കുവേണ്ടി തറവാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കി ഇറങ്ങി വന്നപ്പോൾ കണ്ണീരോടെ മുന്നിൽനിന്ന പെൺകുട്ടിയെ അവൻ വേദനയോടെ ഓർത്തു.
ഇതിനിടയിൽ ഒരിക്കൽപോലും തറവാട്ടിലേക്ക് തിരികെ പോയിട്ടില്ല. അച്ഛന്റെ മരണം അറിഞ്ഞത് പോലുമില്ല.
ഇപ്പോൾ തറവാട്ടിലേക്ക് തിരികെ പോകാനുള്ള അവസരമാണ്. അത് ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ല..!
അവൻ മനസ്സിൽ ഉറപ്പിച്ചു.
തിരികെ തറവാട്ടിന്റെ പടി കടക്കുമ്പോൾ അമ്മയെ എങ്ങനെ ഫേസ് ചെയ്യുമെന്നതിനേക്കാൾ അവനെ തളർത്തിയത് ലക്ഷ്മിയെ എങ്ങനെ ഫേസ് ചെയ്യും എന്നുള്ള ചോദ്യമായിരുന്നു.
കാലം എത്ര കഴിഞ്ഞാലും അവളുടെ ഉള്ളിൽ താൻ അല്ലാതെ മറ്റാരും ഉണ്ടാകില്ല എന്ന് അവന്റെ മനസ്സ് അവനോട് തന്നെ പറയുന്നുണ്ടായിരുന്നു.
പക്ഷേ അവന്റെ എല്ലാ പ്രതീക്ഷകളെയും തളർത്തിക്കൊണ്ട് അവന്റെ മുന്നിലേക്ക് ഒരു കുഞ്ഞിനെയും ഒക്കത്ത് എടുത്തു കൊണ്ടാണ് ലക്ഷ്മി വന്നത്.
” അഭിയേട്ടൻ വരാതെ ആയപ്പോൾ ഞാൻ കരുതിയത് ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ മറന്നു പോയി കാണും എന്നാണ്. ഇപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ.. “
മുന്നിൽ നിന്നു സംസാരിക്കുന്നത് ലക്ഷ്മി അല്ല എന്ന അവന് തോന്നി.
അപ്പോഴേക്കും ഒരു ചെറുപ്പക്കാരനും അവിടേക്ക് എത്തിയിരുന്നു.
” അഭിയേട്ടൻ കണ്ടിട്ടില്ലല്ലോ ഇത് അരുണേട്ടൻ.. എന്റെ ഹസ്ബൻഡ് ആണ്. ഇത് ഞങ്ങളുടെ മകൻ.. തനയ്..!”
അവൾ പരിചയപ്പെടുത്തിയപ്പോൾ കണ്ണീരോടെ പുഞ്ചിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. കുഞ്ഞ് ബഹളം വെച്ചപ്പോൾ കുഞ്ഞിനെയും കൊണ്ട് അരുണും ലക്ഷ്മിയും അകത്തേക്ക് പോയപ്പോൾ അവൻ അവരെ തന്നെ നോക്കി.
” ചിലതൊക്കെ അങ്ങനെയാണ് മോനെ നഷ്ടപ്പെട്ട് കഴിയുമ്പോൾ മാത്രമേ അത് നമുക്ക് എത്രത്തോളം വിലപ്പെട്ടതാണ് എന്ന് മനസ്സിലാക്കാൻ പറ്റൂ. നീ അവളെ ഉപേക്ഷിച്ചു പോയപ്പോൾ തളർന്നു പോയതായിരുന്നു അവൾ. പിന്നീട് അവൾ ഒന്നു പുഞ്ചിരിച്ചു ഞാൻ കാണുന്നത് അരുൺ അവളുടെ ജീവിതത്തിലേക്ക് വന്നതിനുശേഷം മാത്രമാണ്. ഒരുപക്ഷേ അങ്ങനെ സംഭവിക്കാൻ വേണ്ടി മാത്രം ദൈവം നിന്നെ ഇവിടെ നിന്ന് പറിച്ചെടുത്തു മാറ്റിയതായിരിക്കാം.. “
അത്രയും പറഞ്ഞു അമ്മ അകത്തേക്ക് പോയപ്പോൾ തളർന്നതുപോലെ അഭി പടിക്കട്ടിലേക്ക് ഇരുന്നു. തറവാട്ടിലേക്കുള്ള തിരിച്ചുവരവിൽ ലക്ഷ്മിയോടൊപ്പം ഉള്ള ഒരു ജീവിതം അവൻ കൊതിച്ചിരുന്നു എന്നുള്ളത് അവന്റെ മനസ്സിൽ മാത്രം ഒതുങ്ങുന്ന രഹസ്യമായി മാറി.
✍️ അപ്പു