കഴിക്കാനാഗ്രഹിച്ച ആഹാരസാധനങ്ങൾ വാങ്ങിക്കഴിക്കാതെ, നല്ലതൊന്ന് വാങ്ങിയുടുക്കാതെയുള്ള ജീവിതം.. എല്ലാം മക്കൾക്കുവേണ്ടി സ്വരൂപിക്കുകയായിരുന്നു…

തീർത്ഥാടനം

രചന: ഭാഗ്യലക്ഷ്മി. കെ. സി

:::::::::::::::::::::::::::

ട്രെയിനിലിരിക്കുമ്പോൾ പുഷ്പലതയുടെ മനസ്സിൽ നിറഞ്ഞ ശാന്തിയായിരുന്നു. ബദരീനാഥിൽ തൊഴുതുനിന്നപ്പോൾ അകത്ത് നിറഞ്ഞ ശാന്തിയുടെ കുളി൪മ്മയിൽ എത്രനേരം ലയിച്ചുപോയെന്നറിഞ്ഞില്ല.

തിരിച്ചുവരുമ്പോൾ ചിലതെല്ലാം മനസ്സിൽ കണക്കുകൂട്ടി ഉറപ്പിച്ചിരുന്നു. കൂലിപ്പണി ചെയ്തും ചിട്ടി പിടിച്ചും മിച്ചം വെച്ച പണമെല്ലാം ചിലവാക്കാതെ വെച്ചതോ൪ത്ത് ഖേദിച്ചത് കോവിഡ് വന്നപ്പോഴായിരുന്നു. കാണാനാഗ്രഹിച്ച സ്ഥലങ്ങൾ കാണാതെ, കഴിക്കാനാഗ്രഹിച്ച ആഹാരസാധനങ്ങൾ വാങ്ങിക്കഴിക്കാതെ, നല്ലതൊന്ന് വാങ്ങിയുടുക്കാതെയുള്ള ജീവിതം.. എല്ലാം മക്കൾക്കുവേണ്ടി സ്വരൂപിക്കുകയായിരുന്നു.

എടിയേ.. അവരൊക്കെ നിന്റെയീ കഷ്ടപ്പാട് മനസ്സിലാക്കുമെന്ന് കരുതുന്നുണ്ടോ നീയ്..?

സുനിലേട്ടന്റെ ചോദ്യം പുഷ്പലതയുടെ ഉള്ളിൽ ആ൪ത്തിരമ്പി. കണ്ണിൽ നിന്നൂറിവന്ന കണങ്ങൾ അവ൪ വടിച്ചെറിഞ്ഞു. ഉറുമ്പ് അരിമണി ശേഖരിക്കുന്നതുപോലെ പണം സ്വരൂപിച്ച് അമ്പത് പവന്റെ ആഭരണങ്ങൾ ഉണ്ടാക്കിവെച്ചിരുന്നു മകളുടെ കല്യാണത്തിന്. തന്റെ ഏറ്റവും വലിയ ‌സ്വപ്നമായിരുന്നു മകളുടെ വിവാഹം.

പക്ഷേ അവൾ പഠിച്ച് വലിയ ജോലിക്കാരിയായി വലിയ ഉദ്യോഗസ്ഥനെ കല്യാണം കഴിച്ചപ്പോൾ അവൾതന്നെ ജോലിചെയ്ത് വാങ്ങിയ ഒരു ഡയമണ്ട് നെക് ലേസാണ് കഴുത്തിലണിഞ്ഞത്.

അധികം ആഭരണങ്ങളൊന്നും അണിയുന്നത് ഋത്വികിന് ഇഷ്ടമല്ലമ്മേ..

അവളുടെ ന്യായീകരണം കേട്ടപ്പോൾ കൂടുതലൊന്നും പറഞ്ഞില്ല. നോ൪ത്ത് ഇന്ത്യയിലേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോൾ അവരങ്ങ് പോയി. അപ്പോഴൊക്കെ സുനിലേട്ടൻ അടുത്തുണ്ടായതുകൊണ്ട് അത്ര വിഷമം തോന്നിയിരുന്നില്ല.

രണ്ടുവ൪ഷംമുമ്പ് പെട്ടെന്നൊരു പ്രഭാതത്തിൽ സുനിലേട്ടൻ കുഴഞ്ഞുവീണ് മരിച്ചപ്പോഴാണ് വീട്ടിൽ താനും മോനും മാത്രമായത്. പിന്നീട് അവന്റെ കല്യാണമൊന്ന് നടത്താനുള്ള തത്രപ്പാടായിരുന്നു. കാലിന് ഇടയ്ക്ക് വരാറുള്ള വാതത്തിന്റെ ബുദ്ധിമുട്ട് കാരണം വീട്ടിൽ ഒരാളില്ലാതെ കാര്യങ്ങൾ നടക്കില്ല എന്നായിരുന്നു..

എനിക്കിപ്പോഴേ കല്യാണമൊന്നും വേണ്ടമ്മേ..ഞാൻ കുറച്ചുനാൾ കൂടി ഇങ്ങനെ അടിച്ചുപൊളിച്ച് നടക്കട്ടെ..

അത് പറ്റില്ല.. അമ്മയ്ക്ക് വയ്യാണ്ടായിത്തുടങ്ങി മോനേ..

സൂരജിന് പിണക്കമായി..എങ്കിലും നിരന്തരം താൻ സമ്മർദ്ദം ‌ചെലുത്തിയാണ് അവനെക്കൊണ്ട് കല്യാണം കഴിപ്പിച്ചത്. പക്ഷേ അവൾക്കാണെങ്കിൽ പാചകവുമറിയില്ല, വീട്ടുപണിയുമറിയില്ല. രണ്ടുപേരും രാവിലെ ജോലിക്ക് പോകും, വൈകീട്ട് തിരിച്ചുവരും. എല്ലാവർക്കും വേണ്ടതെല്ലാം ഉണ്ടാക്കി താൻ തള൪ന്നുതുടങ്ങി.

അപ്പോഴാണ് തന്റെ ഏറെനാളായുള്ള ആഗ്രഹം മനസ്സിൽ വീണ്ടും സജീവമായത്. ചില തീ൪ത്ഥയാത്രകളൊക്കെ പോകണം. പേപ്പറിൽ‌ ചില പരസ്യമൊക്കെ കാണാറുണ്ട്, ടൂ൪സ് ആന്റ് ട്രാവൽസിന്റെ യാത്രകളെക്കുറിച്ച്. ഫോണെടുത്ത് വിളിച്ചു. വീട്ടിൽ ആരുടെയും അനുമതിക്കൊന്നും കാത്തുനിന്നില്ല. വിവരം പറഞ്ഞു,‌ ഇറങ്ങി. ജീവിതത്തിൽ ഇതുവരെ ലഭിച്ചിട്ടില്ലാത്ത അനുഭൂതിയായിരുന്നു ഓരോ സ്ഥലങ്ങൾ കാണുമ്പോഴും..കൂടെ വന്നവരൊക്കെ ഓരോ കഥകൾ പറഞ്ഞു. എല്ലാവരും ആനന്ദത്തിലാറാടി പാട്ടും നൃത്തവും വ൪ത്തമാനവുമായി കഴിഞ്ഞു.

ട്രെയിൻ തനിക്കിറങ്ങാനുള്ള സ്റ്റോപ്പിലെത്തിയപ്പോഴാണ് പുഷ്പലത ചിന്തകളിൽനിന്നുണ൪ന്നത്. പ്ലാറ്റ്ഫോമിൽ അയൽവക്കത്ത് താമസിക്കുന്ന ഗോപാലേട്ടനെ കണ്ടു.

എങ്ങോട്ടാ ഗോപാലേട്ടാ..?

ഒന്ന് മോളുടെ വീട് വരെ പോകണം. അവൾക്ക് രണ്ടുദിവസം തിരുവനന്തപുരത്ത് പോകേണ്ട ആവശ്യമുണ്ട്. പിള്ളേരൊറ്റക്കാവില്ലേ.. അവൻ വരുമ്പോൾ രാത്രിയാകില്ലേ.. അതാ..

എന്നാ‍ ശരി, ഞാൻ പോട്ടെ..

അല്ല പുഷ്പേ, നിന്റെ മോന്റെ ഭാര്യയ്ക്ക് ശ്വാസം മുട്ടലായിറ്റ് ആസ്പത്രിയിൽ അഡ്മിറ്റാണെന്ന് കേട്ടല്ലാ..

ങേ…?

പുഷ്പലതയുടെ കാലുകൾ മുന്നോട്ടു കുതിച്ചു.

ഈശ്വരാ.. എന്റെ കുട്ടിയ്ക്കെന്തുപറ്റി..

ഗോപാലേട്ടന്റെ സ്വരത്തിൽ ഒരു കുറ്റപ്പെടുത്തലിന്റെ ധ്വനിയുള്ളതുപോലെ‌ തോന്നി പുഷ്പലതയ്ക്ക്..

നിനക്ക് വയസ്സാംകാലത്തും വെറും പണിതന്നെയാണല്ലോ പുഷ്പേ…

തീർത്ഥാടനത്തിന് പുറപ്പെടുംമുമ്പ് ഒരുദിവസം കടയിൽനിന്ന് സാധനങ്ങൾ വാങ്ങിവരുമ്പോൾ ഗോപാലേട്ടൻ പറഞ്ഞതാണ്..

ഓട്ടോയിൽ കയറുമ്പോൾ മോന്റെകൂടെ പഠിച്ച ആദിത്യൻ ഡ്രൈവിങ് സീറ്റിലിരുന്ന് ചിരിക്കുന്നു.

ഏട്യാ പോയിനി പുഷ്പേച്ച്യേ ബാഗെല്ലായിറ്റ്?

ചില ക്ഷേത്രത്തിലൊക്കെ ഒന്ന് പോയി..

സൂരജിന്റെ ഭാര്യയ്ക്ക് എന്തോ സുഖുല്ല അല്ലേ.. നിങ്ങളിങ്ങനെ കറങ്ങിനടന്നാല് ഓളൊറ്റയ്ക്ക് എന്ത് ചെയ്യാനാന്ന്..

അവനും നീരസമുണ്ടോ സംസാരത്തിൽ..തനിക്ക് വല്ലായ്മ തോന്നി.

പുഷ്പേച്ച്യേ, സൂരജ് കല്യാണം കഴിച്ചിട്ടും നിങ്ങളുടെ ഓട്ടം ഇതുവരെ തീ൪ന്നിറ്റ്ലേപ്പാ..

ആദിത്യൻ കാണുമ്പോഴൊക്കെ പറയുന്ന വാക്കുകൾ തന്റെ ഓർമ്മയിൽ തെളിഞ്ഞു.

വീട്ടിൽ വന്നിറങ്ങുമ്പോൾ അയൽപക്കത്തെ ഗൌരിയേച്ചി ഓടിവന്നു.

പുഷ്പേ, നിന്റെ വീടിന്റെ താക്കോലിതാ..എനിക്ക് കഴിയില്ല എപ്പോഴും ഇവിടെ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിയിരിക്കാൻ..

മുഖംതിരിച്ച് കൂടുതലൊന്നും പറയാൻനിൽക്കാതെ മടങ്ങുന്ന അവരെ പുഷ്പലത കൺമിഴിച്ച് നോക്കിനിന്നു.

ഗൌരിയേച്ചി ഇങ്ങനെ ഒന്നുമായിരുന്നില്ലല്ലോ..

എന്റെ പുഷ്പേ.. സുനിൽ പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങി അല്ലേ..?നീയിങ്ങനെ എല്ലാക്കാലത്തും പിള്ളേ൪ക്ക് വേണ്ടി ഉരുകിത്തീ൪ന്നാൽമതിയോ..?

അവ൪ മുമ്പൊക്കെ പറഞ്ഞ വാക്കുകൾ തന്റെയുള്ളിൽ വീണ്ടും തികട്ടി.

ബാഗ് അകത്തുവെച്ച് വേഗം തന്നെ വീടും പൂട്ടി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. റൂമിലെത്തുമ്പോൾ അവ൪ ഡിസ്ചാർജ്ജായി മടങ്ങാനുള്ള തയ്യാറെടുപ്പായിരുന്നു.

എന്തുപറ്റി മോനേ..?

തന്റെ ചോദ്യങ്ങൾ സൂരജ് ആദ്യമൊന്ന് കേട്ടില്ലെന്ന് നടിച്ചു. പിന്നീട് പതിയെ കാര്യങ്ങൾ പറഞ്ഞു. അവൾ കണ്ടയുടനെ സ്നേഹത്തോടെ തന്റെ കൈകൾ കൂട്ടിപ്പിടിച്ചു. പാവം കുട്ടി, വല്ലാതെ ക്ഷീണിച്ചുപോയിരിക്കുന്നു…

അവർക്ക് വീടും ജോലിയും രണ്ടും നോക്കിനടത്താൻ പറ്റുന്നില്ല.

മടക്കത്തിൽ താനൊരു തീരുമാനമെടുത്തു. വീടിന്റെ വടക്കുഭാഗത്തുള്ള നാൽപ്പത് സെന്റ് സ്ഥലം വിൽക്കണം. വീടിന്റെ ലോൺ അടച്ചുതീ൪ക്കാൻ ബുദ്ധിമുട്ടിയപ്പോൾപ്പോലും മക്കളെക്കരുതി വിൽക്കാൻ സമ്മതിക്കാതെ വെച്ച ഭൂമിയാണ്..

വീട്ടുജോലി വല്ലതുമുണ്ടെങ്കിൽ പറയണേ എന്ന് പറഞ്ഞേൽപ്പിച്ചിരുന്ന രാധാമണിയെ ഒന്ന് വിളിക്കണം. അവൾ ചെറിയ മക്കളേയും കൊണ്ട് വരുമാനമൊന്നുമില്ലാതെ വല്ലാതെ വിഷമിക്കുന്നുണ്ട്.. അവൾക്കുമൊരു സഹായമാവട്ടെ.

സൂരജും ഭാര്യയും അവരുടെ ജോലിക്ക് പോകട്ടെ. തനിക്ക് ഇടയ്ക്കൊക്കെ പോകാനുള്ള സ്ഥലത്തൊക്കെ പോവുകയും ചെയ്യാം. തന്റെയുള്ളിൽ‌ കുടിയേറിയ ശാന്തിയെ ഇനി ഇറക്കിവിടാൻ വയ്യ..മരണംവരെ ബദരീനാഥന്റെ മുഖം ഉള്ളിൽ ജ്വലിച്ചുനിൽക്കട്ടെ.പുഷ്പലത പിറകിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ച് ദീർഘമായി നിശ്വസിച്ചു.