എട്ടും പത്തും വയസ്സുള്ള ആ കുട്ടികളോട് പ്രായമായ വൃദ്ധനെ ചൂണ്ടി കാട്ടിക്കൊണ്ട് ഞാൻ ചോദിച്ചു…

രചന: Sivadasan Vadama

:::::::::::::::::::::

എട്ടും പത്തും വയസ്സുള്ള ആ കുട്ടികളോട് പ്രായമായ വൃദ്ധനെ ചൂണ്ടി കാട്ടിക്കൊണ്ട് ഞാൻ ചോദിച്ചു,.നിങ്ങൾ ഈ അപ്പൂപ്പനെ അറിയുമോ?

കുട്ടികൾ പറഞ്ഞു അറിയില്ല പക്ഷേ കണ്ടിട്ടുണ്ട്.

ആ വൃദ്ധനോട് തമാശ രൂപേണ ചോദിച്ചു, ഈ കുട്ടികളെ അറിയുമോ? അയാളും കുറച്ചു നേരം അവരെ സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു.എനിക്ക് മനസ്സിലായില്ല.

എന്നെ അമ്പരപ്പിച്ചൊരു കാര്യം ഇവർ തൊട്ടു തൊട്ട് താമസിക്കുന്ന അയൽവാസികൾ ആണ്. രണ്ടു കൂട്ടരുടെയും വീടിന്റെ മുൻഭാഗം രണ്ടു ദിശകളിലേക്കാണ്. എപ്പോഴോ ഒരിക്കൽ ഉണ്ടായ വഴക്കിന്റെ പേരിൽ രണ്ടു വീട്ടുകാരും പരസ്പരം സംസാരിക്കാറില്ല..വേലി ഷീറ്റ് കൊണ്ടു മറച്ചതിനാൽ പരസ്പരം കാണുന്നില്ല. അതുകൊണ്ടു തന്നെ അവിടെ ജനിച്ച കുഞ്ഞുങ്ങളെ ഇയാൾ കാണുന്നില്ല..കുട്ടികളും ഇയാളെ വീട്ടിൽ വെച്ചു കാണുന്നില്ല. റോഡിലോ മറ്റോ വെച്ചു കണ്ട പരിചയമേ കുട്ടികൾക്കും ഇയാളോടുള്ളൂ. എന്തൊരു അവസ്ഥ ആണിത്. എനിക്ക് വിഷമം തോന്നി എന്നതാണ് വാസ്തവം.

***************************

പണ്ട് ഞങ്ങളുടെ വീടിന്റെ ചുറ്റുവശം ഉള്ള വീടുകൾ എല്ലാം ഓലവീടുകൾ ആയിരുന്നു. വേനൽകാലം വരുമ്പോൾ എല്ലാ വീടുകളും ഓല പൊളിച്ചു മേയും. വീട് പൊളിച്ചു മേയുന്ന ദിവസങ്ങളിൽ ക്ലാസ് ഉണ്ടെങ്കിലും ഞങ്ങൾ ആരും ക്ലാസിൽ പോകില്ല. ഞങ്ങളുടെ വീട് ഓടുവീട് ആണെന്ന് മാത്രമേ ഉള്ളൂ ട്ടോ? ദാരിദ്ര്യത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. അന്നത്തെ ദിവസം അവരുടെ വീട്ടിൽ മത്തങ്ങയും പയറും കറിയുമുണ്ടാകും, പപ്പടം വറുക്കും,.പായസം ഉണ്ടാകും. കുട്ടികളായ ഞങ്ങളുടെ ജോലി പഴയ ഓലയിൽ നിന്ന് നല്ലത് തിരഞ്ഞെടുത്തു പൊടിയൊക്കെ തട്ടിക്കളഞ്ഞു അട്ടിയിട്ടു വെക്കുക എന്നതാണ്. പുതിയ ഓല മേയുമ്പോൾ പുതിയതിന്റെ മുകളിൽ ഒരു പഴയതും വെച്ചാണ് മേയുക. പൊരിവെയിലത്തു കുഞ്ഞുങ്ങളായ ഞങ്ങൾ ആ ജോലി ചെയുമ്പോൾ ആരും ഞങ്ങളെ തടയാറില്ല. ആ വെയിൽ ഞങ്ങളെ തളർത്താറുമില്ല. അപ്പോളെല്ലാം ഞങ്ങളുടെ മനസ്സിൽ വിഭവസമൃദ്ധമായ ഉച്ച ഭക്ഷണം ആണ്. പിന്നെ അവിടം മുഴുവൻ അടിച്ചു വാരി തീയിട്ടു കഴിയുന്നത് വരെ ഞങ്ങളും അവിടെ ഉണ്ടാകും.

************************

എന്നും ഉച്ചയൂണ് കഴിഞ്ഞു അയല്പക്കത്തെ അമ്മമാർ എല്ലാം ഉമ്മറത്തെ കോലായിൽ വന്നിരിക്കും. നാട്ടിലെ വിശേഷങ്ങൾ മുഴുവനും പങ്കു വെക്കുന്നത് ആ സമയത്താണ്. പെൺകുട്ടികൾ ഒളിച്ചോടിയ കഥകളും വ്യ ഭി ചാ ര കഥകളും എല്ലാം കൂട്ടത്തിൽ പങ്കു വെക്കും. കളിക്കുകയാണെങ്കിലും പലതും ഞങ്ങളുടെ ചെവിയിലേക്കുമെത്തും. ഇതിനിടയിൽ അരിവാളുകൊണ്ട് കൊണ്ടു പേൻ മുട്ടലും ഒക്കെ നടക്കും. സംസാരത്തിനിടക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടായാൽ പിന്നെ മുട്ടൻ വഴക്കാണ്. നമ്മുടെ കുറ്റങ്ങളും കുറവുകളും കുട്ടികളായ ഞങ്ങളും തിരിച്ചറിയുന്നത് ആ സമയങ്ങളിൽ ആണ്. എല്ലാം വിളിച്ചു പറയും.

വാടാ പിള്ളേരെ!.എന്നു വിളിച്ചു കൊണ്ടു അമ്മമാർ കുട്ടികളെയും കൊണ്ടു വിളിച്ചിറക്കി പോകും..കളിയുടെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന ഞങ്ങൾക്ക് അതൊരു വല്ലാത്ത ഷോക്കായിരിക്കും. കുറച്ചു കഴിയുമ്പോൾ അമ്മ പറയുന്നത് കേൾക്കാം

ടാ!നീ ആ രമണി ചേച്ചിയുടെ വീട്ടിൽ പോയി രണ്ടു വറ്റൽ മുളക് മേടിച്ചു കൊണ്ടു വന്നേ?

ഈ രമണിച്ചേച്ചി ആണ് അമ്മയെ ഭൂലോക തെ റി മുഴുവൻ നേരത്തെ പറഞ്ഞിട്ട് പോയത്. പക്ഷേ അമ്മ പറഞ്ഞാൽ അനുസരിക്കേണ്ടേ?

മടിച്ചു മടിച്ചു അങ്ങോട്ട്‌ ചെല്ലുമ്പോൾ വെളുക്കെ ചിരിച്ചു കൊണ്ടു രമണി ചേച്ചി നമ്മളെ വിളിക്കും.

എന്തിനാണ് വന്നതെന്ന് ചോദിക്കുന്നതിനു മുമ്പ് രമണിച്ചേച്ചി അടുക്കളയിൽ പോയി ഇലയിൽ ചുട്ട അപ്പം എടുത്തു തരും..അതു തിന്നു കഴിയുമ്പോൾ ആണ് എന്തിനാ വന്നതെന്ന് ചോദിക്കുക. മുളകിനാണ് വന്നതെന്ന് പറയുമ്പോൾ ഇരിക്കുന്നതിൽ പകുതി പൊതിഞ്ഞു തരും. കുറച്ചു കഴിയുമ്പോൾ രമണി ചേച്ചിയുടെ മകൾ ഉള്ളിയോ ഉപ്പോ വന്നു ചോദിക്കുന്നത് കേൾക്കാം.

അമ്മയും ഒരു മടിയും കൂടാതെ അതു എടുത്തു കൊടുക്കുന്നതും കാണാം..തീക്കനൽ വരെ അടുത്ത വീട്ടിൽ നിന്നു കൊണ്ടു വരാറുണ്ട്. അവിടുത്തെ വിശേഷങ്ങൾ മുഴുവൻ ഇവിടുത്തെ ആയിരുന്നു. ഇവിടുത്തെ വിശേഷങ്ങൾ അവരുടേതും..ദുഃഖങ്ങളും അതുപോലെ.

ഇന്നു മനുഷ്യന് വന്ന മാറ്റങ്ങൾ കാണുമ്പോൾ പേടി തോന്നുന്നു. എല്ലാം പണം കൊടുത്താൽ വാങ്ങാമെന്ന് അവൻ വിശ്വസിക്കുന്നു. പക്ഷേ ഒരു കാര്യം അവൻ മനസ്സിലാക്കുന്നില്ല. വില കൊടുത്തു വാങ്ങാൻ കഴിയാത്ത ഒന്നുണ്ട്.

സ്നേഹം ♥️

അതു അനുഭവിച്ചു തന്നെ അറിയണം. ഇനിയും ഏറെ എഴുതാനുണ്ടായിയിരുന്നു. ഒരുപാട് എഴുതിയാൽ ബോറടിക്കുമെന്ന് തോന്നി അവസാനിപ്പിക്കുന്നു.