തന്നെ വിവാഹം ചെയ്തു കൊടുത്താൽ മതി എന്നു മാത്രം ആവശ്യപ്പെട്ടു. എനിക്ക് ഇതുമതി മായ അച്ഛനോടും അമ്മയോടുമായി പറഞ്ഞു…

രചന : Sivadasan Vadama

::::::::::::::::::::::::::::::

ത ള്ള ഇത്തിരി കൂടിയ ഇനമാണ് എന്ന് തോന്നുന്നു. വൈശാഖിന്റെ വീട് സന്ദർശിക്കാൻ പോയിട്ടു വന്നപ്പോൾ അച്ഛനും അമ്മയും കൂടി വീട്ടിൽ സംസാരിക്കുന്നത് കേട്ട് മായ വെറുതെ കേട്ടിരുന്നു. കൂടാതെ പയ്യന് മൂന്നു പെങ്ങന്മാരുമുണ്ട്. എല്ലാവരും കൂടെ ഒരു ഉത്സവത്തിന്റെ ആളുകൾ അവിടെ ഉണ്ടായിരുന്നു. ഇവരെയൊക്കെ നീ സഹിക്കാൻ കുറച്ചു പാടുപെടേണ്ടി വരും.

പക്ഷേ മായക്ക് എന്തോ വൈശാഖിന്റെ മുഖം മനസ്സിൽ നിന്ന് മാഞ്ഞില്ല. ഇതൊക്കെ ഈ ബന്ധം വേണ്ടെന്നു വെക്കാൻ ഒരു കാരണമാണോ? വൈശാഖിനു അത്യാവശ്യം നല്ല ജോലിയുണ്ട്. കാണാനും സുന്ദരൻ ആണ്. യാതൊരു ഡിമാന്റും അവൻ ആവശ്യപ്പെട്ടിട്ടില്ല. തന്നെ കണ്ടപ്പോൾ ഇഷ്ടമായി. തന്നെ വിവാഹം ചെയ്തു കൊടുത്താൽ മതി എന്നു മാത്രം ആവശ്യപ്പെട്ടു. എനിക്ക് ഇതുമതി മായ അച്ഛനോടും അമ്മയോടുമായി പറഞ്ഞു.

*********************

വിവാഹത്തിന് ഒരുപാട് പേര് ഉണ്ടായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ആയി. ഇതിന്റെ നാലിലൊന്ന് ആളുകൾ പോലും തന്റെ വീട്ടിൽ ഉണ്ടായിരുന്നില്ല. മായ ഓർത്തു.

വൈശാഖിന് നല്ലൊരു സുഹൃത് വലയം തന്നെ ഉണ്ടെന്നു മായക്ക് അന്ന് തന്നെ മനസ്സിലായി. ആദ്യത്തെ വിരുന്നു തന്റെ വീട്ടിൽ ആയിരുന്നു. വൈശാഖ് തന്റെയൊപ്പം പോരുമ്പോൾ സഹോദരിമാർ ഏങ്ങി കരയുന്നത് കണ്ടു മായക്ക് ചിരി പൊട്ടി.

ഇയാളെ താൻ എന്താ കൊ ല്ലാൻ കൊണ്ടു പോവുകയാണോ? വൈശാഖിന്റെ കണ്ണുകളും നിറയുന്നത് കണ്ടു. വിവാഹം കഴിഞ്ഞു വൈശാഖിന്റെ വീട്ടിലേക്ക് പോകുമ്പോൾ താൻ ചിരിച്ചു കൊണ്ടാണ് പടിയിറങ്ങിയത്. കരയാനുള്ള സങ്കടം ഒന്നും തന്റെ ഉള്ളിൽ ഉണ്ടായിരുന്നില്ല. പാർട്ടി കഴിഞ്ഞു തിരിച്ചു വരാൻ ഉള്ളതാണ് എന്നറിയാം. വെറുതെ എന്തിനാണ് മേക്കപ്പ് നശിപ്പിക്കുന്നത് എന്ന് താൻ ചിന്തിച്ചു. ഇത് ഏതാണ്ട് കൊച്ചുപിള്ളേരെ പോലെ.

വൈശാഖ് ഒരു പുരുഷനല്ലേ? ഇവന് ലജ്ജയില്ലേ? മായക്ക് നാണക്കേട് തോന്നി.

മൂന്നു ദിവസത്തെ വിരുന്നു കഴിഞ്ഞപ്പോളേക്കും വൈശാഖ്ഇവിടെ എല്ലാവരുമായി നല്ല സൗഹൃദത്തിലായി. വൈശാഖിന്റെ വീട്ടിലേക്ക് പോകുന്നതിനു മുമ്പ് അമ്മയുടെ വക നല്ല ഉപദേശം ഉണ്ടായിരുന്നു. നീ തുടക്കത്തിൽ തന്നെ നല്ല കരുതൽ വേണം. ഇപ്പോൾ അയഞ്ഞു കൊടുത്താൽ പിന്നെ നിന്നെ എല്ലാവരും കൂടി ചവിട്ടി താഴ്ത്തും. വൈശാഖിന്റെ മേലും നല്ല പിടി വേണം. അവനു ഇത്തിരി കൂട്ടുകെട്ട് കൂടുതൽ ആണ് അതിനെ നിയന്ത്രിക്കണം. ഇതൊക്കെ തന്നെ കൊണ്ടു സാധിക്കുമോ?.മായക്ക് കുറച്ചു പേടി തോന്നാതിരുന്നില്ല.

– അവിടെ ചെന്നപ്പോൾ കണ്ടു വീട് നിറയെ ആളുകൾ. കല്യാണം കഴിഞ്ഞു മൂന്നു ദിവസം കഴിഞ്ഞല്ലോ? ഇവർക്കൊന്നും പോകാറായില്ലേ? മായയെ വൈശാഖിന്റെ സഹോദരിമാർആയ വിനിതയും വിദ്യയും വിജിതയും പൊതിഞ്ഞു. അവർ അവളുടെ നേക്ലസും മാലയും വളയുമെല്ലാം തൊട്ടു തലോടി നിന്നപ്പോൾ മായക്ക് അസഹ്യത തോന്നി. ദൈവമേ ഇനി ഇതെല്ലാം ഇവർ അടിച്ചു മാറ്റാനുള്ള ഉദ്ദേശം വല്ലതും ഉണ്ടോ? വൈശാഖിന് ആണെങ്കിൽ സഹോദരിമാരെ കണ്ടപ്പോൾ തന്റെ കളഞ്ഞു പോയ കളിപ്പാട്ടം തിരിച്ചു കിട്ടിയ കുഞ്ഞിന്റെ സന്തോഷം മുഖത്ത്. കളിയും ചിരിയും ബഹളവും എല്ലാം കേട്ട് മായക്ക് മടുപ്പു തോന്നി. യാത്ര ചെയ്തിട്ട് വല്ലാത്ത തലവേദന ഞാൻ ഒന്ന് കിടക്കട്ടെ. മായ അതു പറഞ്ഞപ്പോൾ എല്ലാവരുടെയും മുഖം വല്ലാതായി. കല്യാണപെണ്ണ് ചെറുക്കന്റെ വീട്ടിൽ വന്നപാടെ തലവേദന എന്നു പറഞ്ഞു ഒഴിവാകാൻ ശ്രമിച്ചപ്പോൾ എല്ലാവർക്കും വിഷമം തോന്നി. ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരും ഉറക്കെ സംസാരിച്ചു കൊണ്ടു ബഹളമുണ്ടാക്കിയപ്പോൾ മായ അതിലൊന്നും പങ്കു ചേരാതെ മൗനത്തിന്റെ മൂടുപടം അണിഞ്ഞു. തന്റെ മൗനം കണ്ടു വൈശാകും നിശബ്ദനായി. വൈശാഖ് നിശബ്ദനായപ്പോൾ ആരവങ്ങൾ പതിയെ നിലച്ചു. മുറിയിൽ കയറി വാതിൽ അടച്ചപ്പോൾ വൈശാഖ് മായയോട് ചോദിച്ചു താൻ എന്താ ഇങ്ങനെ? എങ്ങനെ!മായ തിരിച്ചു ചോദിച്ചു. ഒന്നിലും സഹകരിക്കാത്തത് പോലെ. ഹേയ്!നിനക്ക് തോന്നിയതാവും. മായ മറുപടി നൽകി. * *

നേരം പുലർന്നപ്പോൾ സഹോദരിമാർ ഓരോരുത്തരും യാത്ര പറഞ്ഞു പോയപ്പോൾ മായക്ക് ആശ്വാസമാണ് തോന്നിയത്. അതിനു പിന്നാലെ വൈശാഖിന്റെ സുഹൃത്തുക്കൾ ഒന്നൊന്നായി വന്നപ്പോൾ മായക്ക് നന്നായി ദേഷ്യം വന്നു തുടങ്ങി. ഇവന്മാർക്കൊന്നും വേറെ പണിയൊന്നുമില്ലേ?

വൈശാഖ് അവരോടു സംസാരിച്ചു ഇരുന്നപ്പോൾ മായ പതിയെ അകത്തേക്ക് വലിഞ്ഞു. മായക്ക് തങ്ങൾ വന്നത് ഇഷ്ടമായില്ലെന്നു തോന്നിയത് കൊണ്ടാകണം അവരും പെട്ടെന്ന് യാത്ര പറഞ്ഞു ഇറങ്ങി. വൈശാഖിന് വിഷമം തോന്നി.

നീ എന്താ മായേ ഇങ്ങനെ?

എങ്ങനെ

എന്റെ സുഹൃത്തുക്കൾ വന്നപ്പോൾ നീ എന്താണ് അവരെ അവഗണിച്ചത്? അവർക്ക് അതെന്തു വിഷമം ആയിക്കാണും. കൂട്ടുകാർ ഒക്കെ വീടിനു വെളിയിൽ. ഈ വിഷമം ഒന്നും കാര്യമാക്കേണ്ട.

മായ നിസ്സാരമായി അതു പറഞ്ഞപ്പോൾ വൈശാഖ് മനസ്സിലോർത്തു. ഒരു സൗഹൃദത്തിന്റെ വില മായക്ക് അറിയില്ല. പുരുഷന്റെ സൗഹൃദം എന്നു പറയുന്നത് ഒരു കൂട്ടായ്മ ആണ്. തന്റെ സഹോദരിമാരുടെ വിവാഹം നടത്തിയത് പോലും അവരുടെ കൂട്ടായ്മയിലൂടെ ആണ്..തങ്ങൾക്ക് പരസ്പരം എന്ത് ആപത്തു ഉണ്ടെങ്കിലും എല്ലാവരും ഓടിയെത്തി എല്ലാ സഹായങ്ങളും കണ്ടറിഞ്ഞു ചെയ്യും. തന്റെ വിവാഹത്തിന് എത്ര ദിവസമായി രാവും പകലും ഇല്ലാതെ കഷ്ടപെടുന്നു. അവർക്ക് ഒരു ആവശ്യം വന്നാൽ താനും അങ്ങനെ തന്നെ ആണ്. ഇതൊക്കെ എങ്ങനെ മായയെ പറഞ്ഞു മനസ്സിലാക്കും.

************************

വൈശാഖ് ജോലിക്ക് പോയി കഴിയുമ്പോൾ അമ്മയും താനും മാത്രമേ വീട്ടിൽ ഉള്ളൂ. അമ്മ പൊതുവെ സംസാരം കുറവാണ് എന്നു മായക്ക് തോന്നി. വൈശാഖ് ജോലി കഴിഞ്ഞു വരുമ്പോൾ ആദ്യം അമ്മയെ ആണ് വിളിക്കുക. കയ്യിലിരുന്ന പൊതി അമ്മയെ ഏല്പിച്ചതിനു ശേഷം ആണ് അവൻ തന്റെ അരികിലേക്ക് വരിക. തനിക്കായി സ്വീറ്റ്സോ അല്ലങ്കിൽ താൻ മുമ്പ് പറഞ്ഞു ഓർമിപ്പിച്ച സാധനങ്ങൾ അവന്റെ ബാഗിൽ ഉണ്ടാകും. അതിൽ എന്തോ അവൾക്കു തൃപ്തി തോന്നിയില്ല. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർ ഇതെല്ലാം ഭാര്യയെ അല്ലെ ഏല്പിക്കേണ്ടത്? തന്നെ അല്ലെ ആദ്യം വിളിക്കേണ്ടത്? ഇവന്റെ അമ്മ പ്രേമം അവസാനിപ്പിക്കണം.

പിറ്റേന്ന് വൈശാഖ് ജോലിക്ക് പോയി കഴിഞ്ഞപ്പോൾ അവൾ അമ്മയോട് പറഞ്ഞു. അതേയ് ഇനി വൈശാഖ് വന്നു വിളിക്കുമ്പോളേക്കും അമ്മ ഓടിചെല്ലേണ്ട? അവന്റെ ഭാര്യയായ ഞാൻ ഇവിടെ ഉള്ളപ്പോൾ അതെല്ലാം അവകാശമാണ്.

മോളെ! അവൻ എന്നെ വിളിക്കുമ്പോൾ? അതു മുമ്പത്തെ ഓർമ്മ വെച്ചു വിളിക്കുന്നതാണ്. ഇനി സ്വയം പിന്മാറേണ്ടത് അമ്മയുടെ കടമയാണ്. അവർ മരുമകൾ പറയുന്നത് അനുസരിച്ചു. അന്ന് വൈശാഖ് അമ്മയെ വിളിച്ചപ്പോൾ മായയാണ് വാതിൽ തുറന്നു വന്നത്. അമ്മ എവിടെ എന്നു ചോദിച്ചപ്പോൾ അമ്മയാണ് തന്നെ പറഞ്ഞു വിട്ടത് എന്ന് മായ അവനെ പറഞ്ഞു ബോധ്യപ്പെടുത്തി.

*************************

വൈശാഖിന്റെ തുടരെ തുടരേയുള്ള സഹോദരിമാരുടെ വീട്ടിലേക്കുള്ള സന്ദർശനം മായയെ അലോസോരപ്പെടുത്തി. ഇനി ഇതിന് തടയിട്ടില്ലെങ്കിൽ അവന്റെ പണം മുഴുവൻ അങ്ങോട്ടേക്ക് ഒഴുകും. അൽപ്പം പാവമെന്നു തോന്നിയത് അവന്റെ സഹോദരിമാരിൽ വിജിതയാണ്. വിജിതയോട് ഒരു ദിവസം തമാശ രൂപേണ പറഞ്ഞു,

ഇനിയും വൈശാഖിനെ വെറുതെ വിട്ടു കൂടെ? അവനും ഒരു കുടുംബമൊക്കെ ആയ കാര്യം നിങ്ങൾ മറന്നു പോകുന്നു. വിജിതക്ക് കാര്യം മനസ്സിലായി എന്നു തോന്നിയപ്പോൾ മായ പറഞ്ഞു. ഇനി ഞാൻ എന്തെങ്കിലും പറഞ്ഞു എന്നു കരുതി വൈശാഖിനോട് പറഞ്ഞു ഞങ്ങളെ വഴക്കടിപ്പിക്കല്ലേ? ഇനിയുള്ള കാര്യം വിജിത നോക്കിക്കൊള്ളുമെന്നു മായക്കറിയാം. വൈശാകും സഹോദരിമാരും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത കുറയുന്നത് മായ അറിഞ്ഞു.

****************************

കാലചക്രം പതുക്കെ ഉരുണ്ടു പോയി. മായ ഓർക്കുകയായിരുന്നു. വൈശാഖ് വിവാഹം ആലോചിച്ചു വരുമ്പോൾ എല്ലാം എത്ര പ്രസന്നവദനൻ ആയിരുന്നു. ഇപ്പോൾ അവന്റെ ഉന്മേഷം എല്ലാം നഷ്ടമായത് പോലെ. തന്റെ കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരു നല്ല ഭർത്താവ് ആണ് അവൻ. വിവാഹം കഴിഞ്ഞ നാളുകളിൽ ബാത്‌റൂമിൽ കയറിയാൽ ഉറക്കെ അവൻ പാടുമായിരുന്നു. ഇപ്പോൾ അവൻ നിശബ്ദനായി കുളിച്ചു ഇറങ്ങി വരുന്നു. അവനു ഒന്നിനും പ്രത്യേകിച്ച് അഭിപ്രായം ഇല്ല. താൻ പറയുന്നത് എന്താണോ അതാണ് അവനു ശരി. കറിക്ക് ഉപ്പ് കൂടിയാലും എരിവ് കൂടിയാലും അവനു യാതൊരു പരാതിയുമില്ല. അവൻ ഒന്ന് ദേഷ്യപ്പെട്ടിരുന്നെങ്കിൽ? ജീവിതം വിരസമാകുന്നത് പോലെ മായക്ക് തോന്നി.

****************************

നിരുപമയോട് മായ ഭർത്താവിന്റെ മാറ്റത്തെ കുറിച്ച് പറഞ്ഞു. നിരുപമ ചോദിച്ചു ഇതുപോലെ ഒരു ഭർത്താവിനെ അല്ലെ നീ ആഗ്രഹിച്ചത്?

ഞാൻ വൈശാഖിനെ ഇഷ്ടപെട്ടത് അവന്റെ സ്മാർട്ട്നസ് കണ്ടിട്ടാണ്. അവൻ എന്നെ പെണ്ണുകാണാൻ വരുമ്പോൾ എത്ര ഹാപ്പി ആയിരുന്നു. അവന്റെ കുസൃതി നിറഞ്ഞ നോട്ടവും ചോദ്യങ്ങളും ആണ് എന്നെ ആകർഷിച്ചത്. വിവാഹം ഉറപ്പിച്ചതിനു ശേഷം അവൻ നന്നായി സംസാരിക്കുമായിരുന്നു. ഇപ്പോൾ അവൻ അളന്നു കുറിച്ചു ആവശ്യത്തിന് മാത്രമേ സംസാരിക്കുന്നുള്ളൂ. അടുത്താണെങ്കിലും ഞങ്ങൾ ഒരുപാട് അകലം പോലെ. ഞാൻ എത്ര സംസാരിച്ചാലും അവനു കാര്യമായി ഒന്നും പറയാനില്ല. എല്ലാം മൂളികേൾക്കും. ആവശ്യമുണ്ടെങ്കിൽ മറുപടി പറയും. ഇതിന് എല്ലാം ഉത്തരവാദി നീ ആണെന്ന് ഞാൻ പറഞ്ഞാൽ നിനക്ക് വിഷമമാകുമോ? നിരുപമ മായയോട് ചോദിച്ചു.

ഞാനോ? ഞാൻ എന്തു ചെയ്തു. നീ അവനെ ഒരു കുട്ടികുരങ്ങനെ പോലെ ചങ്ങലയിൽ ബന്ധിച്ചു. അവന്റെ മറ്റു ബന്ധങ്ങളിൽ നിന്ന് അവനെ വിടുവിച്ചു നിന്റെ കരങ്ങളിൽ ബന്ധിച്ചപ്പോൾ അവന്റെ മനസ്സിന് മുറിവേറ്റിരിക്കുന്നു. പുരുഷനെ ഒരിക്കലും നമ്മിൽ തളച്ചിടാൻ ശ്രമിക്കരുത്? അവന്റെ ലോകം വിശാലമാണ്. അവനു പലരോടും കമ്മിറ്റ്മെന്റ് ഉണ്ട്. അതിനനുസരിച്ചു അവനെ സ്വാതത്രനാക്കിയേ പറ്റൂ.

ഇല്ലെങ്കിൽ ഇതുപോലെആത്മാവ് നഷ്ടമായ ഒരു ശരീരം മാത്രമേ നമുക്ക് ലഭിക്കൂ?ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്? മായ നിരുപമയോട് ചോദിച്ചു.

അവനു പ്രിയപ്പെട്ടവരെ എല്ലാം നീ നിന്റേതു പോലെ നീ സ്നേഹിക്കൂ. അപ്പോൾ നിന്നെയും നിനക്ക് പ്രിയപ്പെട്ടവരെയും അവൻ ആത്മാർഥമായി സ്നേഹിക്കും. തനിക്കു തെറ്റ് സംഭവിച്ചിരിക്കുന്നു എന്നു മായക്ക് മനസ്സിലായി.