രചന: Sivadasan Vadama
:::::::::::::::::::::::::::
ടൂറു പോകാൻ താല്പര്യം ഉള്ള കുട്ടികൾ എഴുന്നേറ്റു നിൽക്കുക..ടീച്ചർ ശബ്ദമുയർത്തി പറഞ്ഞപ്പോൾ നാലഞ്ചു കുട്ടികൾ എഴുന്നേറ്റു നിൽക്കുന്നത് കണ്ടു.
ഞങ്ങൾ ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമേ അല്ലെന്ന മട്ടിൽ സംസാരം തുടരും..ആഗ്രഹമുള്ളവർ വീട്ടിൽ ആലോചിച്ചു താല്പര്യം ഉണ്ടേൽ നാളെ പേര് നൽകണം. ബെല്ലടിച്ചപ്പോൾ എല്ലാവരും പുസ്തകവും എടുത്തു പുറത്തേക്ക് ഓടി.
*****************
സ്കൂളിൽ നിന്നു വീട്ടിലേക്ക് എത്താൻ നാലുകിലോമീറ്റർ ദൂരം ഉണ്ട്..രണ്ടു കിലോമീറ്റർ ദൂരം വരെ ബസ്സിൽ സഞ്ചാരിക്കാം. ബാക്കി രണ്ടു കിലോമീറ്റർ നടന്നു തന്നെ പോകണം. ബസ്സിൽ യാത്ര ചെയ്യുന്നതിന് പത്തു പൈസ കൊടുക്കണം. ബസ്സിന് കൊടുക്കാൻ വീട്ടിൽ നിന്ന് പൈസ ലഭിക്കുകയില്ല.
വീട്ടിൽ വരുന്ന അതിഥികൾ സമ്മാനിച്ച നാണയത്തുട്ടുകൾ കൈവശം ഉണ്ടാകും. അതു കൈമോശം വരാതെ കാത്തു സൂക്ഷിക്കും. സ്കൂളിന്റെ മുമ്പിൽ ഉള്ള കടയിൽ വട്ടു മിട്ടായിയും ചുക്കുണ്ടയും ശർക്കര മിട്ടായിയും ഉണ്ടാകും. അഞ്ചു പൈസക്ക് ചുക്കുണ്ട കുറെ കിട്ടും. അതും വാങ്ങി പരസ്പരം പങ്കു വെച്ച് ബസ്സ് പിടിക്കാതെ ഇടവഴികളിലൂടെ നടക്കും..വേലിയിൽ പടർന്നു കിടക്കുന്ന ചെടിയിൽ ചുവന്നു തുടുത്ത തൊണ്ടിപഴം ഉണ്ടാകും. അതു പൊട്ടിച്ചു വായിലിടും. പിന്നെ മുള്ളുള്ള ചെടിയിൽ നിന്ന് മുള്ളൻ പഴം പറിക്കുമ്പോൾ കയ്യിൽ നിറയെ മുള്ളു കൊണ്ടു ചോര പൊടിയും..പോകുന്ന വഴിയിൽ ചില വീടിന്റെ മുമ്പിൽ ചാമ്പക്കയും ലൂബിക്കയും എല്ലാം ഉണ്ടാകും.
വീട്ടുകാർ അറിയാതെ അവ പൊട്ടിച്ചു എടുക്കും..അപ്പോഴേക്കും അവിടുത്തെ അപ്പൂപ്പനോ അമ്മൂമ്മയോ ഒച്ച വെക്കുമ്പോൾ എല്ലാവരും കൂടി ഒരോട്ടമുണ്ട്..അതാണ് ബാല്യകാലത്തെ മോഷണം.
മൂവാണ്ടൻ മാവിന് കല്ലെറിഞ്ഞു മാങ്ങാ പൊട്ടിച്ചു പെൺകുട്ടികൾക്ക് കൊടുക്കുന്നത് ആൺകുട്ടികളുടെ കടമയാണ്..അന്ന് ആൺ -പെൺ വ്യത്യാസം ഒന്നുമില്ല..മുള്ളാൻ മുട്ടിയാൽ പെൺകുട്ടികൾ ഇരുന്നു മുള്ളും ആൺകുട്ടികൾ നിന്നു മുള്ളും അത്രേയുള്ളൂ ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം. വീണു അവളുടെ മുട്ടുകാൽ പൊട്ടിയാൽ പാവാട കയറ്റി വെച്ചു കമ്യൂണിസ്റ്റ് പച്ച പിഴിഞ്ഞു ചാറെടുത്തു ഒഴിച്ച് കൊടുക്കുന്നത് അവൻ ആയിരിക്കും..നല്ല വാളൻ പുളി പഴുത്തത് തൊണ്ടു പൊളിച്ചു തിന്നു കൊണ്ടു നടക്കുമ്പോൾ ആണ് വെയിലിന്റെ മങ്ങൽ ശ്രദ്ധിക്കുക. പിന്നെ ഒരു ഓട്ടമാണ് വീട്ടിലേക്ക്. ബാഗ് വലിച്ചെറിഞ്ഞു അടുക്കളയിലേക്ക് ഓടി ചെല്ലും. വീട്ടിൽ ആരുമുണ്ടാകില്ല.
കലത്തിൽ രാവിലെ വെച്ച റേഷനരിയുടെ ചോറ് മൂടി വെച്ചിട്ടുണ്ടാകും..അതു കുറച്ചു കിണ്ണത്തിൽ പകർത്തി പരിപ്പ് കറിയും കൂട്ടി വലിച്ചു വാരി വിഴുങ്ങും..കുറച്ചു ചേച്ചിക്കും ചേട്ടനും വെച്ചിട്ടുണ്ടാകും. അവർ കുറച്ചു കൂടി മുതിർന്ന ക്‌ളാസിൽ ആയതുകൊണ്ട് വരാൻ വൈകും. ആദ്യം എത്തുന്നയാൾ ആരായാലും ഭക്ഷണം കഴിച്ചു കഴിഞ്ഞു പാടത്തേക്ക് ഓടും. അവിടെ ചെറിയവൻ വലിയവൻ എന്ന പരിഗണന ഒന്നുമില്ല..അമ്മ പാടത്തു കൊയ്ത് നെല്ല് കറ്റയായി വെച്ചിട്ടുണ്ടാകും. അതു രണ്ടു മൂന്നെണ്ണം കെട്ടായി അമ്മ തലയിലേക്ക് എടുത്തു വെച്ചു തരും. അതു പാടത്തെ വരമ്പിലൂടെ ചുമന്നു കൊണ്ടു പോകുമ്പോൾ കുട്ടപ്പാമ്പ് ഇഴഞ്ഞു പോകുന്നത് കാണാം.
കുറച്ചു പേടി ഒക്കെ തോന്നുമെങ്കിലും സ്ഥിരമായ കാഴ്ച ആയതുകൊണ്ട് കുറച്ചു നേരം അവിടെ നിക്കും. അതു പോയി കഴിയുമ്പോൾ വീണ്ടും നടക്കും. ചെരുപ്പ് ഇല്ലാത്ത പാദങ്ങളിൽ ഞാവിണിക്കയുടെ തൊണ്ടു കയറി മുറിയും. എന്നാലും വേദനയെ വകവെക്കാതെ കറ്റായും ചുമന്നു കൊണ്ടു റോഡിലൂടെ ഓടും. കൂടെ കൂട്ടുകാരും അവരുടെ അമ്മ കൊയ്ത കറ്റായുമുണ്ടാകും. ചേച്ചിമാരും ചേട്ടന്മാരും കൂടി എത്തിയാൽ പിന്നെ രംഗം കൊഴുക്കും. പിന്നീട് അവിടെ മത്സരമാണ്. ഏറ്റവും കൂടുതൽ കറ്റ ചുമക്കുന്നത് ആരാണെന്നു വാശിയോടെ മത്സരിക്കും.
അതാണ് അന്നത്തെ കളി.
പിന്നീട് അടുത്ത ദിവസങ്ങളിൽ അതു മെതിക്കാനും കൂടും..ഇതിനിടയിൽ പുസ്തകം തുറക്കാൻ ഒന്നും സമയം കിട്ടില്ല. ടൂറു പോകുന്ന കാര്യമൊന്നും വീട്ടിൽ പറയുക പോലുമില്ല. അതൊക്കെ നമ്മുടെ മോഹങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടു പോലുമില്ല..തമാശക്ക് പോലും അത്തരം കാര്യങ്ങൾ വീട്ടിൽ പറയാൻ അത് ഓർമയിൽ വരാറില്ല..അന്നൊക്കെ ഉള്ളിലെ വലിയ ആഗ്രഹം എന്നു പറയുന്നത് പുതിയ ട്രൗസറും ഷർട്ടും കിട്ടുക എന്നതാണ്. മിക്കവാറും ജ്യേഷ്ഠൻമാരുടെ ഷർട്ട് ഇറക്കം കുറയുമ്പോൾ അനിയന്മാർക്ക് ലഭിക്കും. ഇളയവർക്ക് പുതിയത് ലഭിക്കണമെങ്കിൽ ഓണം വരണം. പിന്നെയുള്ള ഒരാഗ്രഹം വയറു നിറച്ചു ഭക്ഷണം കഴിക്കുക എന്നത് മാത്രമാണ്..ഇ റ.ച്ചി ഒന്നും സങ്കല്പത്തിൽ ഇല്ല.
മീൻ കറി വെച്ചാൽ മുഴുത്ത കഷണങ്ങൾക്ക് വേണ്ടി വാശി പിടിക്കും. അന്ന് അത്രയും കഷ്ടപ്പാട് അറിഞ്ഞു വളർന്നത് കൊണ്ടാകും ഇന്ന് ജീവിതത്തിൽ എന്തെങ്കിലും ഒക്കെ നേടിയെടുക്കാൻ സാധിച്ചത്. ഇന്ന് മക്കൾ ഭക്ഷണം പാതി കഴിച്ചുബാക്കി വെസ്റ്റ് പാത്രത്തിൽ നിക്ഷേപിക്കുമ്പോൾ അത്ഭുതം തോന്നുന്നു ഈ കുട്ടികൾക്ക് എന്താണ് വിശപ്പില്ലാത്തത്? അന്ന് വിളമ്പിയ ചോറ് മതിയാകാതെ പാതി ഒഴിഞ്ഞ വയറുമായി കിടക്കുമ്പോൾ ഉറക്കം വരില്ല.
അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..അവർ മാതാപിതാക്കളെ ജോലി ചെയ്യാൻ സഹായിച്ചില്ലെങ്കിലും കുഴപ്പമില്ല. ഒന്ന് ഓടിച്ചാടി കളിച്ചാലെങ്കിലും മതിയായിരുന്നു. പക്ഷേ ഇന്നത്തെ കുട്ടികൾക്ക് കളിക്കാൻ പോലും സമയമില്ല..സ്കൂൾ ബസ്സിൽ പോയി സ്കൂളിൽ പോയി വന്നാൽ പിന്നെ ടൂഷൻ..ബാക്കി എല്ലാ സമയത്തും മൊബൈലിൽ. അവരുടെ ശരീരം ഒന്ന് അനങ്ങിയെങ്കിൽ അല്ലെ കഴിച്ചത് ദഹിക്കൂ?അവർക്ക് രണ്ടു ലേയ്സോ നൂടിൾസോ കിട്ടിയാൽ അവർ ഹാപ്പി.