നീയെന്ന ഒറ്റത്തണൽ
രചന: അമ്മു സന്തോഷ്
::::::::::::::::::::::::::::::::
“ഡോക്ടർ ഒരു തവണ കൂടിയൊന്നാലോചിക്ക്. ജീവിതം ഒന്നല്ലേയുള്ളു. ആ പെങ്കൊച്ചിന്റെ അവസ്ഥ ഡോക്ടർക്കും വന്നു കൂടായ്കയില്ലല്ലോ. ഞാൻ ഭീഷണിപ്പെടുത്തിയതല്ല കേട്ടോ. അലക്സ് അച്ചായൻ ആള് മോശമാണെന്നേ. പുള്ളിക്ക് ഒരു അബദ്ധം പറ്റിയതാണ് എന്ന് പറഞ്ഞല്ലോ. അവർക്ക് വേണ്ടതെല്ലാം കൊടുക്കാമെന്നു പറഞ്ഞല്ലോ. എന്നിട്ടും ഡോക്ടർ എന്തിനാ ഡോക്ടറെ സാക്ഷി പറയാൻ നിൽക്കണേ? “
ഡോക്ടർ അഹാന വാച്ചിൽ നോക്കി.
നാല് മണിക്ക് ആര്യന്റെ വീട്ടിൽ എത്തണം. നേരത്തെ എടുത്ത അപ്പോയ്ന്റ്മെന്റ് ആണ്.
“തിരക്കുണ്ട് “അവൾ സൗമ്യമായി പറഞ്ഞു
“അപ്പൊ ഡോക്ടറുടെ തീരുമാനം എന്താന്ന് അറിഞ്ഞിരുന്നെങ്കിൽ ചെന്നു പറയാമായിരുന്നു “
“ഞാൻ കോടതിയിൽ എല്ലാം പറയും. അതെന്റെ കടമയാണ് “
അവൾ എഴുന്നേറ്റു.
ഹരി പെട്ടെന്ന് അവൾക്ക് കുറുകെ കയറി നിന്നു
“എന്താ അഹാന പ്രശ്നം?”
ഹോസ്പിറ്റൽ മാനേജർ ഡോക്ടർ ജീവൻ അവിടേക്ക് വന്നത് കണ്ടവൾ പുഞ്ചിരിച്ചു
“ഡോക്ടർ ഇത് ഹരി. നമ്മുടെ മീനാക്ഷിയുടെ കേസിലെ പ്രതി അലക്സ് ജോണിന്റ ഫ്രണ്ട് ആണ്. എന്നെ ചെറുതായി ഭീഷണിപെടുത്താൻ കക്ഷി വിട്ടതാ. ജീവൻ ഈ കേസ് ഒന്ന് ഹാൻഡിൽ ചെയ്തേക്കാമോ? എനിക്ക് ഒരു പേഷ്യന്റ്മായി ഒരു മീറ്റിംഗ് ഉണ്ട് “
ജീവനെ കണ്ട് ഹരി ഒന്ന് പതറി
ഒരു ഡോക്ടറെ പോലെയല്ലായിരുന്നു അവൻ. ആറടി പൊക്കവും നല്ല മസിലുമൊക്കെയുള്ള ഒരു ബലിഷ്ടകായൻ. ഡോക്ടർമാരുടെ മുഖത്തുള്ള സ്ഥിരം കരുണ ഒന്നും അവന്റെ മുഖത്തില്ല താനും.ഹരിയുടെ മുഖത്ത് ഒരു ഭയം വന്നത് കണ്ട്അ ഹാന ഒരു ചിരി കടിച്ചമർത്തി അവരെ കടന്നു പോയി.
കാർ ഓടിക്കുമ്പോഴും അവളാലോചിച്ചത് ചെയ്ത തെറ്റിന്റെ ആഴത്തെകുറിച്ച് ബോധ്യമില്ലാത്ത മനുഷ്യ മനസ്സുകളെ കുറിച്ചാണ്. പതിനാറു വയസുള്ള മീനാക്ഷി എന്ന കുട്ടിക്ക് അറുപതു വയസ്സുള്ള അലക്സിന്റെ കൊച്ചുമകളുടെ പ്രായമേയുള്ളു. ആശുപത്രിയിൽ താൻ ആയിരുന്നു അവളുടെ ഡോക്ടർ. ഉടഞ്ഞു പോയ കണ്ണാടിപ്പാത്രം പോലെയുള്ള ഉടലുമായി അവൾ മരിക്കുന്ന നേരത്തും താൻ മാത്രമായിരുന്നു അരികിൽ ഉണ്ടായിരുന്നത്. അവൾ നിറഞ്ഞ കണ്ണുകൾ അടച്ചു തുറന്നു.
ആര്യന്റെ വീട് എത്തിയപ്പോൾ മുഖം ഒന്ന് തുടച്ച് അവൾ മുടിയൊന്നൊതുക്കി വെച്ചു.
ഉടഞ്ഞു പോയ കോട്ടൺ സാരിയുടെ തുമ്പ് ഒതുക്കി തുറന്നിട്ട വാതിലിൽ ഒന്ന് തട്ടി അവൾ അകത്തേക്ക് വരുന്നത് കണ്ട് ആര്യൻ റിമോട്ട് എടുത്തു ടീവി ഓഫ് ചെയ്തു
“ഡോക്ടർ ലേറ്റ് ആയല്ലോ “
അയാൾ ഗൗരവത്തിൽ പറഞ്ഞു
“എനിക്ക് ഒരു കോഫീ വേണം “അവൾ ബാഗ് റ്റീപോയിൽ വെച്ചു തളർച്ചയോടെ സെറ്റിയിൽ ഇരുന്നു
ആര്യൻ ഒരു മുഴുവൻ നിമിഷവും അവളെ നോക്കിയിരുന്നു. നല്ല ക്ഷീണം ഉണ്ട് മുഖത്ത്. ഉടലും ക്ഷീണിച്ചു തന്നെ.കഴിഞ്ഞ തവണ കണ്ടതിനേക്കാൾ അവൾ മെലിഞ്ഞു പോയിരിക്കുന്നു.
“ഡോക്ടർക്ക് ഹോസ്പിറ്റലിൽ നല്ല ജോലിയുണ്ടല്ലേ?”
ഒരു കോഫീ ഉണ്ടാക്കി അവൾക്ക് കൊണ്ട് കൊടുത്തു ആര്യൻ
“ഉം കുറച്ച് “അവൾ കോഫീ ഒന്ന് മൊത്തി
“നല്ല കോഫീ. ഒറ്റയ്‌ക്കെയുള്ളു? ഉണ്ണി ചേട്ടൻ എവിടെ?”
“ഉണ്ണി ചേട്ടന് ചെറിയ പനി. മുംബയിൽ നല്ല മഞ്ഞുണ്ട്. ആള് എന്റെ ഒപ്പം ഷൂട്ടിന് പുലർച്ചെ എഴുന്നേറ്റു വരും വേണ്ട എന്ന് പറഞ്ഞാലും. അങ്ങനെ കിട്ടിയതാ. റസ്റ്റ് എടുക്കാൻ പറഞ്ഞു വിട്ടു “
“എന്നാലും ഒറ്റയ്ക്ക്… ആളും ബഹളവും ശീലിച്ചിട്ട് ഒറ്റയ്ക്ക് ആകുമ്പോൾ ബോർ അടിക്കില്ലേ?”
“എന്നാ ഡോക്ടർ ഇന്ന് ഇവിടെ നിൽക്ക് എന്റെ ഒപ്പം ഒരു കമ്പനിക്ക്.. നമുക്ക് നല്ല പാട്ടൊക്കെ കേട്ട് ഭക്ഷണം ഒക്കെ കഴിച്.. ഒരു റൈഡ് ഒക്കെ പോയി അടിപൊളി ആക്കാമെന്ന് “അവൻ കണ്ണിറുക്കി ചിരിച്ചു
അവൾ പുഞ്ചിരിച്ചു കൊണ്ട് ബാഗിൽ നിന്ന് സ്പിഗ്മൊമാനോമീറ്റർ (ബിപി നോക്കുന്ന ഉപകരണം )എടുത്തു.
“ഓ നമ്മളെയങ്ങ് പെട്ടെന്ന് പേഷ്യന്റ് ആക്കി. ആൻസർ കിട്ടി. ബോധിച്ചു “
അവൾ അവന്റെ കയ്യിൽ അത് ചുറ്റി പൾസ് പരിശോധിച്ചു
“നോർമൽ ആണ്. റൂട്ടിൻ ടെസ്റ്റ് റിസൾട്ട് ഒക്കെ നോർമൽ ആണ്. ഞാൻ വാട്സാപ്പ് അയച്ചു തരാട്ടോ..”
“എന്റെ ഹൃദയത്തിനു എന്തോ കുഴപ്പം ഉണ്ട്.. ഒന്ന് നോക്കിക്കേ “
അവൾ നേർത്ത ചിരിയോടെ സ്റ്റത്ത് വെച്ചു നോക്കി
“നോർമൽ “അവൾ ചിരിച്ചു
“പിന്നെ എന്താ ഡോക്ടറെ എനിക്ക് സാധാരണ മനുഷ്യൻമാരെ പോലെ റിലേഷൻ കീപ് ചെയ്യാൻ കഴിയാത്തത്? ആൾക്കാരെ വേഗം മടുക്കുന്നത്?അമ്മ പോയെ പിന്നെ ആരോടും ഇന്റിമേസി ഒന്നും തോന്നാറില്ല. ഇപ്പൊ ഡിപ്രെഷന്റെ ടാബ്ലറ്റ് കഴിക്കുന്നുമില്ല. പിന്നെ എന്താ?”
അവൾ കണ്ണുകൾ വിടർത്തി നോക്കി
“എന്നോട് കെഞ്ചിയാലും ചിലരെ എനിക്ക് സ്നേഹിക്കാൻ കഴിയുന്നില്ല. അവർക്ക് എന്നോട് കുറെ സ്നേഹം ഉണ്ടെന്ന് എനിക്ക് അറിയാം എങ്കിലും… എനിക്ക് പറ്റുന്നില്ല. ഡോക്ടർ ഫിസിഷൻ ആണെങ്കിലും ഡോക്ടർക്ക് സൈക്കോളജിയും അറിയാല്ലോ. പറഞ്ഞു താ “
“ആര്യൻ ഈ മൂവി കഴിഞ്ഞ് ഒരു ത്രില്ലെർ കമ്മിറ്റ് ചെയ്യു. റൊമാൻസ് തന്നെ അടുപ്പിച്ചു ചെയ്യുന്നതിന്റെ കുഴപ്പമാ.. അല്ലെങ്കിൽ ഒരു കല്യാണം കഴിക്ക്..”അവൾ ചിരിച്ചു
“കൊള്ളാം റിലേഷൻ സൂക്ഷിക്കാൻ പറ്റാത്ത എന്നോട് തന്നെ പറയണം..വെറുതെ എന്തിനാ ഒരു പെണ്ണിന്റെ ജീവിതം കളയുന്നെ?”
“അതും ശര്യാ.. പക്ഷെ എനിക്ക് തോന്നിട്ടില്ല ആര്യൻ അങ്ങനെ ഒരാളാണെന്ന്. ഉണ്ണി ചേട്ടൻ ഇപ്പൊ പത്തു വർഷമായി കൂടെ ഉണ്ടല്ലോ? You never get bored. ഈ ഞാൻ കഴിഞ്ഞ അഞ്ചു വർഷമായി ദേ ഈ സ്ഥിരം വീട്..സ്ഥിരം ഡയലോഗ്.. സ്ഥിരം ബിപി നോക്കൽ.. ആര്യന്റെ അമ്മയെ നോക്കാൻ വന്നു തുടങ്ങിയതാ. ഈ എന്നെ മടുത്തില്ലല്ലോ ആര്യന്..ഈ ഒണക്ക ഡോക്ടർ ഇനി മതി. കുറച്ചു കൂടി ഗ്ലാമർ ഒക്കെ ഉള്ള നല്ല ഒരു ഡോക്ടറെ നോക്കാമെന്നു തോന്നിയില്ലല്ലോ “
അവൾ കളിയാക്കി പറഞ്ഞു
ആര്യന്റെ മുഖം രക്തനിറമായി. അവന്റെ ഹൃദയമിടിപ്പ് കൂടി. അവളുടെ അലസമായി ഇളകുന്ന മുടിയിഴകളിലേക്ക് നോക്കിയിരിക്കെ അവന് എന്ത് കൊണ്ടാണ് സർവ സുന്ദരി മാരോടും താൻ നോ പറയുന്നത് എന്നതിന്റെ ഉത്തരം പെട്ടെന്ന് കിട്ടി. ഈ പെൺകുട്ടിയാണ് കാരണം. ഇവൾ മാത്രമാണ് കാരണം.സൗഹൃദത്തിൽ നിന്ന് പ്രണയത്തിലേക്ക് ഒരു പെൺകുട്ടി വന്നാൽ താൻ അകന്ന് പോകുന്നത് ഈ മുഖം ഇങ്ങനെ നീറിപ്പിടിക്കുന്നത് കൊണ്ടാണ്.
“ഞാൻ പോവാ ട്ടോ.. അതേയ് ചിലപ്പോൾ എന്നെ തട്ടിക്കളയാൻ ഉള്ള ആരുടെയെങ്കിലും പ്ലാൻ വിജയിച്ചാൽ ഇനി നമ്മൾ കാണില്ല ട്ടോ “അഹാന എഴുനേറ്റു
ആര്യന് അത് തമാശയാണോ കാര്യമാണോ എന്ന് അറിയാതെയായി
അവൾ നടന്നു നീങ്ങവേ പെട്ടന്ന് അവൻ ആ കയ്യിൽ പിടിച്ചു നിർത്തി
“പറഞ്ഞിട്ട് പോ “
അഹാന അമ്പരപ്പിൽ ആ കയ്യിൽ നോക്കി
“സോറി “അവൻ പെട്ടന്ന് കൈ വിട്ടു”ഡോക്ടർ എന്താ ഇപ്പൊ പറഞ്ഞത്? അത് ക്ലിയർ ആക്കിയിട്ട് പോ. പകരം വേറെ ആളെ നോക്കാനാ “
അവൻ വരുത്തി കൂട്ടി ചിരിച്ചു
അവൾ ചെറുതായി അത് വിശദീകരിച്ചു കൊടുത്തു
“കേസ് വരുന്ന വെള്ളിയാഴ്ച ആണ്. ഞാൻ കോടതിയിൽ എല്ലാം പറയും. പിന്നെ ചിലപ്പോൾ ഞാൻ ഭൂമിയിൽ ഉണ്ടാവില്ല അതിന് മുന്നേ എന്നെ അവസാനിപ്പിക്കാൻ അവർ ശ്രമിക്കും. അങ്ങനെ ഉണ്ടായാൽ ആര്യന്… “ഇടർച്ചയോടെ അവൾ നിർത്തി.പിന്നെ നിറഞ്ഞ കണ്ണുകളോടെ അവന്റെ ശിരസ്സിൽ ഒന്ന് തലോടി
“ആര്യൻ സങ്കടപ്പെടരുത് ട്ടോ “
അവൻ സ്തംഭിച്ചു നിൽക്കെ അവൾ വാതിൽ കടന്നു പോയി.
തിരിച്ചു ഡ്രൈവ് ചെയ്യുമ്പോൾ അവളുടെ ഉള്ളിൽ ആര്യൻ നിറഞ്ഞു നിന്നു. എന്ത് കൊണ്ടാണ് കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഒരാളെ പോലും തനിക്ക് സ്നേഹിക്കാൻ കഴിയാഞ്ഞത് എന്ന് അവളോർത്തു.ഓരോ തവണ കണ്ട് മടങ്ങുമ്പോഴും അടുത്ത തവണ എന്നാണ് കാണുക എന്ന് ഉള്ളിൽ ഒരു ചോദ്യമുണ്ടാകും.ചോദിക്കാതെ ആര്യൻ കൃത്യമായി പറയും അടുത്ത മാസം ഇന്ന തീയതി ഇന്ന സമയം. വെറുതെ ഒരു ചെക്ക് അപ്പ് ആണ്. ആവശ്യമുണ്ടായിട്ടല്ല എന്ന് ആര്യനും തനിക്കും അറിയാം. ഒരൊളിച്ചുകളി. അത്ര തന്നെ. നക്ഷത്രങ്ങളുടെ രാജകുമാരനെ മോഹിക്കാൻ പേടിയാണ്. എന്നാലും മനസ്സല്ലേ കൊതിച്ചു പോകും. വെറുതെ… വെറുതെ…
പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ ദിവസങ്ങൾ കടന്നു പോയി
വെള്ളിയാഴ്ച കോടതിയിൽ അവൾ എത്തും മുൻപ് അവൾക്ക് ഒരു കാൾ വന്നു
അഡ്വക്കേറ്റ് വിദ്യ
“ഡോക്ടർ ന്യൂസ് കണ്ടില്ലേ?”
“ഇല്ല എന്താ?”
“അത് ശരി ഡോക്ടറെ പണ്ടൊക്കെ ദൈവം പിന്നെ പിന്നെ. ഇപ്പൊ പെട്ടെന്നാ. അവിടെയും ഡിജിറ്റൽ ആയി..”
“കാര്യം പറ വിദ്യേ “അവൾ അക്ഷമയോടെ പറഞ്ഞു
“അലക്സ് ജോണിന്റെ കാർ വൈറ്റിലയിൽ വെച്ചു ട്രക്ക് മായി കൂട്ടിയിടിച്ചു. അങ്ങേര് ഐ സി യുവിലാ. തട്ടി പോകുമെന്ന കരക്കമ്പി. ഇനി ജീവിച്ചാലും കട്ടിലിൽ തന്നെ ആയിരിക്കുംന്നാ വേറെ ഒരാൾ പറഞ്ഞത്. എന്തായാലും ആ കൊച്ചിന്റെ ആത്മാവ് ചെയ്തത. ദൈവത്തിന് നിരക്കാത്ത എന്ത് ചെയ്താലും ദേ ഇങ്ങനെ കിടക്കും “
അവൾ അവിശ്വസനീയതോടെ അത് കേട്ട് നിന്ന് പോയി
മൊബൈലിൽ ആര്യന്റെ കാൾ വന്നപ്പോൾ അവൾ വിദ്യയോട് പിന്നെ വിളിക്കാം ന്ന് പറഞ്ഞ് ആര്യന്റെ കാൾ എടുത്തു
“ആര്യൻ!”
“ഡോക്ടർ ഇപ്പൊ ഫ്രീ ആണോ?”
“എന്താ ആര്യൻ?”
“എനിക്ക് ഒന്ന് കാണണം “
അവളുടെ നെഞ്ച് ശക്തിയായി മിടിച്ചു തുടങ്ങി. സാധാരണ പറയും പോലെ അല്ലായിരുന്നു അത്.
“എനിക്ക് അങ്ങോട്ട് വരാൻ പ്രയോഗികമായ ബുദ്ധിമുട്ട് ഉണ്ട് അറിയാമല്ലോ മീഡിയ ഒക്കെ. ഒന്ന് വരാമോ? ഞാൻ താഴെ കാറിൽ ഉണ്ട് “
അവൾ വേഗം എഴുന്നേറ്റു. ലിഫ്റ്റിൽ കയറി താഴേക്ക് പോകുമ്പോളും ഉള്ളു വിറച്ചു
കാർ പാർക്കിംഗ് ഏരിയയിൽ ഉണ്ണി ചേട്ടൻ നിൽപ്പുണ്ട്
“സുഖമാണോ മോളെ?”
അവൾ മെല്ലെ തലയാട്ടി
“ഞാൻ ഒരു ചായ കുടിച്ചിട്ട്
വരാം “
അവൾ കാറിനരികിലേക്ക് ചെന്നു
ഡോർ തുറന്നതും ആര്യൻ അവളെ അകത്തേക്ക് വലിച്ചിട്ട് വാതിൽ അടച്ചു
“ആര്യൻ “അവൾ തെല്ല് ശാസനയോടെ വിളിച്ചു
“ശ്..”
അവൻ ആ ചുണ്ടിൽ വിരൽ വെച്ചു
“I want to tell you something.. അവൻ ഉമിനീരിറക്കി ശ്വാസം ഉള്ളിലേക്ക് എടുത്തു. പിന്നെ മെല്ലെ പറഞ്ഞു
“I love you Ahana “
അവൻ ദീർഘ ശ്വാസം വിട്ട് കൊണ്ട് കൈകളിൽ മുഖം താങ്ങി കുനിഞ്ഞിരുന്നു.
“ആര്യൻ “അവൾ ആ മുഖത്ത് തൊട്ട് കണ്ണിലേക്കു നോക്കി
“സിനിമയിൽ പ്രൊപ്പോസ് ചെയ്യുന്ന അത്ര ഈസി അല്ല ജീവിതത്തിൽ.. പക്ഷെ എനിക്ക്.. എനിക്ക്.. ഡോക്ടറേ കുറെ കുറെ ഇഷ്ടാണ്. എന്റെ സമാധാനം, സന്തോഷം ഒക്കെ ഈ ആളാ. ഓരോ തവണ കാണുമ്പോൾ കിട്ടുന്ന ഊർജം കൊണ്ടാ അടുത്ത തവണ കാണും വരെ ഞാൻ ജീവിക്കുന്നെ. പെട്ടെന്ന് ഡോക്ടർ അന്ന് മരണത്തെ കുറിച്ച് പറഞ്ഞപ്പോൾ.. ഞാൻ..ഭയന്ന് പോയി.എന്റെ അമ്മ പോയ ദിവസം ഓർമയില്ലേ? അത് പോലെ ആയി പോയി. എനിക്ക് അമ്മയോളം ഇഷ്ടമാ ഡോക്ടറെ…എന്നെ സ്നേഹിക്കാമോ?അവനാ കൈകളിൽ പിടിച്ചു
അവളുടെ കണ്ണ് നിറഞ്ഞു
“എനിക്ക് അറിയാം ഇതല്ല കറക്റ്റ് പ്ലേസ്, കറക്റ്റ് ടൈം.. ബട്ട്.. ഞാൻ ഉച്ചക്കത്തെ ഫ്ലൈറ്റിൽ യുഎസിൽ പോവാണ്.. രണ്ടു മാസം ഷൂട്ട് ഉണ്ട്. അത് കഴിഞ്ഞ് പറയാൻ ക്ഷമ ഇല്ല. എനിക്ക് ചിലപ്പോൾ ഭ്രാന്ത് പിടിക്കും ഇത് പറയാതെ പോയാൽ.. എനിക്ക്.. എനിക്ക് ഈ മുഖം മിസ്സ് ചെയ്യും ഒത്തിരി ഒത്തിരി..”
അഹാന ആ വിരലുകൾ കോർത്തു പിടിച്ചു. പിന്നെ ആ കൈകൾ നെഞ്ചിൽ അമർത്തി പിടിച്ചു
“ആര്യൻ ഇവിടുണ്ട്.. എത്രയോ വർഷമായിട്ട് ഇവിടെ..”അവൾ സങ്കടം വന്നിട്ട് നിർത്തി.”പോയി വാ. ഞാൻ കാത്തിരിക്കും “
ദൂരെ നിന്ന് ഉണ്ണിച്ചേട്ടൻ വരുന്നത് കണ്ട് അവൾ അവന്റെ കവിളിൽ മെല്ലെ ഒന്ന് തൊട്ടിട്ടു കാറിന്റെ പുറത്ത് ഇറങ്ങി
കാർ അവളെ കടന്നു പോയി
“പറഞ്ഞോ?”ഉണ്ണി ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു ചോദിച്ചു
“ഉം “അവൻ മൂളി
“സമ്മതിച്ചോ?”
“കാത്തിരിക്കുമെന്ന്.. “അവന്റെ ശബ്ദം അടച്ചു
“ട്രക് ഡ്രൈവറുടെ പേയ്‌മെന്റ് സെറ്റിൽ ചെയ്തു ട്ടോ “ഉണ്ണി കാർ എയർപോർട്ടിലേക്ക് ഓടിച്ചു കയറ്റി കൊണ്ട് പറഞ്ഞു
ആര്യന്റെ മുഖം ഒന്ന് മുറുകി.
“അവൻ ചത്തിട്ടുണ്ടാകും അല്ലെ?”
“അത് തീർന്നു. ഹോസ്പിറ്റലിൽ നിന്നു ന്യൂസ് ഉടനെ പുറത്ത് വിടാത്തതാ…”
“അവന് എന്റെ പെണ്ണിനെ കൊല്ലണം … ആരെ… എന്റെ പെണ്ണിനെ..”അവന്റെ മുഖം ചുവന്നു
“അവനൊന്നും ഭൂമിയിൽ വേണ്ട ഉണ്ണിചേട്ടാ….”അവൻ കിതച്ചു കൊണ്ട് പറഞ്ഞു
ഉണ്ണി വണ്ടി നിർത്തി ബാഗ് എടുത്തു കൊടുത്തു. അവൻ അയാളെ ചേർത്ത് പിടിച്ചിട്ട് എയർപോർട്ടിനകത്തേക്ക് നടന്നു.
ചെക്ക് ഇൻ ചെയ്ത് ലോഞ്ചിൽ ഇരിക്കുമ്പോൾ ആര്യൻ മൊബൈൽ എടുത്തു..വാട്സാപ്പിൽ അവളുടെ മെസ്സേജ്
ലവ് യൂ ആര്യൻ….
ലവ് യു ടൂ… ടൈപ്പ് ചെയ്തിട്ട് അവൻ കണ്ണുകൾ അടച്ച് സീറ്റിലേക്ക് ചാരി
നിന്നിലേക്ക് വരുന്ന നിമിഷം മാത്രമാണ് ഇപ്പൊ ഉള്ളിൽ..
ആ ഒരു നിമിഷം മാത്രം
Ammu Santhosh