രചന: വൈകാശി
നാട്ടിലേക്കുള്ള ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ ആണ് ഞാനവരെ പരിചയപ്പെട്ടത്.
സഫിയ…
നീണ്ട 10 മണിക്കൂർ യാത്രയുണ്ട് എന്റെ ജോലി സ്ഥലത്ത് നിന്നും നാട്ടിലേക്ക്. ട്രെയിനിൽ നടക്കുന്ന പല സംഭവങ്ങളും വായിച്ചറിഞ്ഞിട്ടുള്ളതിനാൽ ആരോടും അധികം സംസാരിക്കാൻ പോകാറില്ല.
ട്രെയിൻ വൈകിട്ട് ആറരയോടെ കാഞ്ഞങ്ങാട് എത്തി. നാല്പതു വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയും അതിലും താഴെ വയസ്സ് തോന്നുന്ന ഒരു പുരുഷനും രണ്ടു പെൺകുട്ടികളും കയറി. എൻ്റെ സീറ്റിനു എതിർ വശത്ത് അവർ ഇരിപ്പ് ഉറപ്പിച്ചു. വലിയ ശ്രദ്ധ കൊടുത്തില്ല എങ്കിലും ഒരേ കംമ്പാർട്ട്മെൻ്റിൽ ആയതിനാൽ ഒന്നു നോക്കിയിരുന്നു.
ട്രെയിൻ കുറച്ച് നീങ്ങിയപ്പോൾ മൂന്നു വയസ്സു തോന്നിക്കുന്ന ഇളയ കുട്ടി സീറ്റിൽ നിന്നും താഴെ ഇറങ്ങി, എന്നെ തോണ്ടി വിളിക്കാനും ചിരിക്കാനും തുടങ്ങി. ചെറിയൊരു കോങ്കണ്ണ് ഉണ്ട് എന്നതൊഴിച്ചാൽ നല്ല ഐശ്വര്യം ഉള്ള കുട്ടി.
ഞാനും ചിരിച്ചു.
വാവയുടെ പേരെന്താ…? എന്നും ചോദിച്ചു. കുട്ടി ചിരിച്ചു കൊണ്ട് അമ്മയുടെ മടിയിൽ കയറി. കുട്ടിയുടെ അമ്മ ഹസ്ന എന്നാണു പേര് എന്നു പറഞ്ഞു.
അപ്പോളാണ് ഞാൻ അവരെ ശ്രദ്ധിച്ചത്. അവരുടെ കണ്ണ് ഒക്കെ കുഴിഞ്ഞ് വല്ലാതെ ക്ഷീണിതയായി തോന്നിച്ചു. ജോലി ഒക്കെ കഴിഞ്ഞ് ഓടിപ്പിടച്ച് ട്രെയിൻ കയറിയ കൊണ്ടാകും എന്ന് തോന്നി. കുഞ്ഞിന് ഇടയ്ക്ക് അവർ വെള്ളം കൊടുത്ത് കൊണ്ടിരുന്നപ്പോൾ കുഞ്ഞ് കുപ്പിയുടെ അടപ്പ് കയ്യിൽ വാങ്ങി.
വെള്ളം മതിയായ കൊണ്ടാണോ അറിയില്ല കുട്ടി അടപ്പ് താഴേക്ക് ഇട്ടു, അത് എൻ്റെ സീറ്റിനടിയിലേക്ക് ഉരുണ്ട് പോയി. കുട്ടി പേടിച്ച പോലെ അമ്മയുടെ മടിയിൽ മുഖം അമർത്തി ശബ്ദം ഇല്ലാതെ കരയാൻ തുടങ്ങി. ഞാൻ അടപ്പ് എടുത്ത് കുട്ടിയുടെ അമ്മയുടെ കൈയിൽ കൊടുത്തു.
അവർ അത് വാങ്ങി കുട്ടിയുടെ കൈയിൽ കൊടുത്തിട്ട്, ദേ നോക്ക് ആൻ്റി എടുത്ത് തന്നു എന്ന് പറഞ്ഞു. കുട്ടി എന്നെ നോക്കി ചിരിച്ചു, കണ്ണ് നിറഞ്ഞ കണ്ണുനീരും വെച്ച് ഒരു മനോഹരമായ ചിരി.
ഞാൻ കുട്ടിയുടെ അമ്മയോട് എവിടെ ഇറങ്ങാനാണ് എന്ന് ചോദിച്ചു. അവർ തിരുവനന്തപുരം എന്ന് പറഞ്ഞു. എന്നോടും തിരിച്ച് ചോദിച്ചു, ഞാൻ ആലപ്പുഴ എന്നും പറഞ്ഞു.
വർക്ക് ചെയ്യുന്നുണ്ടോ എന്ന് ഞാൻ ചോദിച്ചപ്പോൾ, ഉണ്ട് കോടതിയിലാണ് എന്നും പറഞ്ഞു. മുഖത്ത് നല്ല ക്ഷീണം കണ്ടപ്പോൾ തോന്നി ജോലി കഴിഞ്ഞ് വരുന്ന വഴിയാണ് എന്ന് ഞാനും പറഞ്ഞു.
തിരുവനന്തപുരത്താണോ വീട് എന്ന് ഞാൻ ചോദിച്ചു. അല്ല, കുഞ്ഞിനെ അവിടെ ആശുപത്രിയിൽ ചെക്കപ്പിനു കൊണ്ടുപോകുകയാണ് എന്നു പറഞ്ഞു. എന്താണ് അസുഖം എന്ന് ചോദിക്കുന്നത് എങ്ങനെ എന്ന് കരുതി ഞാൻ ആ കുഞ്ഞിനെ തന്നെ നോക്കിയിരുന്നു.
അത് മനസ്സിലാക്കിയിട്ടോ എന്തോ, അവർ പറഞ്ഞു തുടങ്ങി. കുഞ്ഞിന്റെ ഹാർട്ട് മസിൽസ് വീക്ക് ആണ്, കൂടാതെ ഹോളും ഉണ്ട് എന്ന്. ഹോൾ ചിലപ്പോൾ കുട്ടി വളരുന്നത് അനുസരിച്ച് തനിയെ അടയാൻ സാദ്ധ്യത ഉണ്ട് എന്ന് ഡോക്ടർ പറഞ്ഞു എന്നും അവർ പറഞ്ഞു. എന്നാൽ മസിൽസ് വീക്ക്നസ്സ് ആണ് പ്രധാന പ്രശ്നം എന്നും പറഞ്ഞു.
വയ്യാത്ത കുട്ടിയായതിനാൽ വാശി അധികം ആണെന്നും അവർ പറഞ്ഞു. ഈ ചെക്കപ്പിൽ അറിയാം എന്തെങ്കിലും മാറ്റം ഉണ്ടോയെന്ന്…
ഒക്കെ ശരിയാകും എന്ന് ഞാൻ പറഞ്ഞു എങ്കിലും മസ്സിൽ വീക്ക്നസ്സ് കാരണം നടക്കാനാകാത്ത സഹോദരിയായിരുന്നു മനസ്സു നിറയെ.
അവരുടെ മുഖത്ത് കണ്ട സങ്കടത്തിന്റെ ആഴം അപ്പോൾ വ്യക്തമായി…ഒരു അമ്മയുടെ ആധി, അത് എന്റെ വീട്ടിലെ പ്രശ്നം പറഞ്ഞ് കൂട്ടാൻ തോന്നിയില്ല…
പുലർച്ചെ ട്രെയിൻ ഇറങ്ങണ്ടതു കൊണ്ട് നേരത്തെ ഉണരാനായി ഞാൻ ബർത്ത് ശരിയാക്കി കിടന്നു. നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന ആ പൊന്നുമോളുടെ കുറുമ്പുകൾ കണ്ടു ഞാൻ എപ്പോളോ ഉറക്കത്തിലേക്ക് വഴുതി വീണു.