രചന: Sivadasan Vadama
::::::::::::::::::::::::
ഞാൻ ഒരു സഹായം ആവശ്യപ്പെട്ടാൽ പറ്റില്ല എന്ന് പറയരുത്?
എല്ലാ പരിശ്രമങ്ങൾക്കും ഒടുവിൽ അവസാന ശ്രമം ആണ് തന്നോട് ഇത് ഞാൻ ആവശ്യപ്പെടുന്നത്? അൽപ്പം താഴ്ന്ന സ്വരത്തിൽ അയാൾ പറഞ്ഞു.
എന്റെ അടുത്ത സുഹൃത്ത് എന്ന് എടുത്തു പറയാൻ ഒന്നുമില്ല. എങ്കിലും അയൽവാസി എന്നു പറയാം.
എന്താ കാര്യം? ഞാൻ ചോദിച്ചു.
മകൾക്കു പുറത്തേക്ക് പോകാൻ ഒരു അവസരം വന്നിട്ടുണ്ട്. ഇരുപത്തി അയ്യായിരം രൂപയുടെ കുറവുണ്ട്. സഹായിക്കാൻ പറ്റുമോ?
എനിക്ക് ഒറ്റ വാക്ക് പറയാവുന്ന കാര്യം ഇല്ല എന്ന്. പക്ഷേ എന്തോ അങ്ങനെ പറയാൻ മനസ്സ് അനുവദിക്കുന്നില്ല. ജീവിതകാലം മുഴുവൻ ഗൾഫിൽ കിടന്നു കഷ്ടപ്പെട്ട മനുഷ്യൻ. അഞ്ചു സെന്റ് സ്ഥലം വാങ്ങി വീട് പണിയുന്നതിനിടെ ജോലി നഷ്ടമായി നാട്ടിലേക്കു തിരിച്ചു വന്നു. ലോണുകൾ മുടങ്ങിയതോടെ വീട് വിൽക്കേണ്ടി വന്നു. ഇപ്പോൾ വാടകക്ക് താമസം. മക്കൾ നല്ല വണ്ണം പഠിക്കുന്നത് കാരണം ബാക്കി പണം കൊണ്ടു കുട്ടികളെ പഠിപ്പിക്കുന്നു. വിദ്യാഭ്യാസ ലോൺ ഒക്കെ എടുത്തു കുട്ടികളെ പഠിപ്പിക്കുന്നു. മൂത്തയാളുടെ പഠനം പൂർത്തിയായെങ്കിലും നാട്ടിൽ നല്ല ജോലി ലഭിക്കുന്നില്ല. ആകെയുള്ള പ്രതീക്ഷ ഇനി അവൾ ആണ്. ഇപ്പോൾ പുറത്തു ജോലി ശരിയായപ്പോൾ ആരുടെയും മുമ്പിൽ കൈ നീട്ടാൻ കഴിയാത്ത അവസ്ഥ.
മറ്റുള്ളവരിൽ നിന്നു കൈപ്പറ്റാവുന്ന സഹായം എല്ലാം സ്വീകരിച്ചു കഴിഞ്ഞു. അവസാനത്തെ കച്ചിത്തുരുമ്പ് ആയി ആണ് എന്റെ മുമ്പിൽ എത്തിയത്..ഞാൻ ഫോൺ എടുത്തു നോക്കി. ഇരുപത്തി ഏഴായിരം രൂപ അകൗണ്ടിൽ കിടപ്പുണ്ട്..ഇതിനിടയിൽ വണ്ടിയുടെ ലോൺ അടവ് അടുത്തു വരുന്നു..മറ്റു പല ആവശ്യങ്ങളും പിന്നാലെ ഉണ്ട്. ഞാൻ അയാളുടെ മുഖത്തേക്ക് ഒന്നുകൂടി നോക്കി. ദയനീയമായിരുന്നു അയാളുടെ മുഖം. പ്രതീക്ഷയോടെ എന്നെ തന്നെ നോക്കി നിൽക്കുന്നു. എന്നത്തേക്ക് ആണ് ആവശ്യം? ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ.
അയാൾ മറുപടി നൽകി. ഇരുപത്തി അയ്യായിരം അയാളുടെ അകൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്തു. അയാൾ സന്തോഷത്തോടെ പോയി. ഏതാനും ദിവസങ്ങൾക്കു അകം മകളും വിമാനം കയറി. എന്റെ സുഹൃത്തിനോട് ഞാൻ പറഞ്ഞപ്പോൾ അവൻ എന്നെ കുറ്റപ്പെടുത്തി.
തനിക്കു തോന്നുന്നുണ്ടോ ആ പണം ഉടനെ കിട്ടുമെന്ന്?
ഇല്ല!എനിക്ക് അറിയാം. എന്റെ കയ്യിൽ നിന്ന് പണം വാങ്ങിയതുപോലെ പലരിൽ നിന്നും അയാൾ പണം വാങ്ങിയിട്ടുണ്ടാകും. അതെല്ലാം കൃത്യമായി അയാൾക്ക് കൊടുക്കാൻ സാധിക്കില്ലെന്ന് എനിക്കറിയാം. അവൻ കളിയാക്കി ഇനി നിന്റെ ഏറ്റവും വലിയ ശത്രു അവനായിരിക്കും. ഞാൻ പറഞ്ഞു ആയിക്കോട്ടെ എനിക്ക് പരാതി ഇല്ല. എനിക്ക് ഒരുപക്ഷെ ആ പണം നഷ്ടമാകുമായിരിക്കാം.
എന്നാലും എനിക്ക് സമാധാനിക്കാം ഒരു നല്ല കാര്യത്തിന് അവരെ സഹായിക്കാൻ വേണ്ടി ആണല്ലോ ഞാൻ ആ പണം ചിലവഴിച്ചത്. എനിക്ക് അഭിമാനിക്കാം അവളുടെ വളർച്ചയിൽ ഒരു കൈത്താങ് ആകുവാൻ എനിക്ക് സാധിച്ചുവല്ലോ?
ഇതിനിടയിൽ നൂറായിരം ആവശ്യങ്ങൾ എനിക്ക് വന്നു. ഞാൻപലപ്പോഴും പലിശക്കാരുടെ സഹായം തേടി എന്റെ കാര്യങ്ങൾ നടത്തി. എങ്കിലും ഒരിക്കൽ പോലും അവരോടു ഞാൻ പണത്തിന്റെ കാര്യം സൂചിപ്പിച്ചിട്ടില്ല. എനിക്ക് അറിയാം അവരെക്കൊണ്ട് ഉടനെ അതിനു സാധിക്കില്ലെന്ന്. പിന്നെ എന്തിന് അവരെ വിഷമിപ്പിക്കണം.
എന്റെ മനസ്സൊന്നു നൊന്താൽ ദൈവം എനിക്ക് എന്തെങ്കിലും പോംവഴി ഉണ്ടാക്കി തരും. ദൈവം എന്നെ അദ്ദേഹത്തോട് ചേർത്ത് നിറുത്തിയിട്ടുണ്ട്. അതു ഇതുപോലെ എപ്പോഴൊക്കെയോ ചെയ്ത നന്മയുടെ ഫലം ആണെന്ന് എനിക്ക് അറിയാം. എനിക്ക് അതുമതി. നമ്മൾ ചെയ്യുന്ന നന്മകൾ വേറെ ആരും തിരിച്ചറിഞ്ഞില്ലെങ്കിലും ദൈവം കാണുന്നുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു.