മകൻ പറഞ്ഞപ്പോൾ താൻ സ്വപ്നം കാണുകയാണോ എന്ന് ആ അമ്മയ്ക്ക് സംശയം തോന്നി.

രചന: അപ്പു

:::::::::::::::::::::

ആകാശത്തു കൂടി വിമാനം പോകുന്ന ശബ്ദം കേട്ടപ്പോൾ തന്നെ അമ്മിണിയമ്മ വേഗത്തിൽ പുറത്തേക്കിറങ്ങി. അത് എങ്ങോട്ടാണ് പോകുന്നത് എന്നറിയാൻ അവർ ആകാശത്തേക്ക് നോക്കി.വിമാനം കണ്ടപ്പോൾ കൊച്ചുകുട്ടികളെ പോലെ അവർ പൊട്ടിച്ചിരിച്ചു.

അയലത്ത് അത് കണ്ടു നിന്ന രമണി ഒരു ചിരിയോടെ അകത്തേക്ക് കയറിപ്പോയി.

“അമ്മിണി ചേച്ചി എന്തിനാടി അവിടെ ചിരിക്കുന്നത്..?”

രമണി അകത്തേക്ക് ചെന്നപ്പോൾ ഭർത്താവ് മനോഹരൻ അന്വേഷിച്ചു.

” അത് പിന്നെ നിങ്ങൾക്ക് അറിയാൻ പാടില്ലേ? വിമാനം കണ്ടാൽ അമ്മിണി ചേച്ചിക്ക് ഭ്രാന്ത് ആണെന്ന്..ഒരു വിമാനം പോയി.അത് കണ്ടപ്പോൾ ചിരിക്കുന്നതാണ്..”

അതും പറഞ്ഞു ചിരിച്ചു കൊണ്ട് രമണി അടുക്കളയിലേക്ക് നടന്നു. മനോഹരന്റെ ചുണ്ടിലും അതിമനോഹരമായ ഒരു ചിരി ഉണ്ടായിരുന്നു.

“എന്നാലും അമ്മിണി ചേച്ചിക്ക് എന്താടി വിമാനത്തിനോട് ഇത്രയും ഒരു കൊതി..?”

മനോഹരൻ ആകാംക്ഷയോടെ രമണിയെ നോക്കി ചോദിച്ചു.

“അതിനെക്കുറിച്ച് എനിക്ക് കൂടുതലായിട്ട് ഒന്നും അറിയാൻ വയ്യ.പക്ഷേ ചെറുപ്പത്തിൽ എപ്പോഴോ ഉള്ള ഒരു മോഹമാണ് ഈ വിമാനം എന്ന് മാത്രം എനിക്കറിയാം.”

ആ കഥ എന്താണെന്ന് അറിയാൻ മനോഹരൻ ചെവി കൂർപ്പിച്ചു.

” അതായത് അമ്മിണി ചേച്ചി ചെറിയ കുട്ടി ആയിരിക്കുന്ന സമയത്ത്, നല്ല വികൃതിയായിരുന്നത്രേ. ആഹാരം പോലും കഴിക്കാതെ അമ്മയെ പറ്റിച്ച് ഓടി നടക്കുമായിരുന്നു എന്ന്. അവസാനം അമ്മിണി ചേച്ചിയെ ആഹാരം കഴിപ്പിക്കാൻ വേണ്ടി അമ്മ കണ്ടുപിടിച്ച ബുദ്ധിയായിരുന്നു വിമാനം കാണിച്ചു കൊടുക്കുക എന്നുള്ളത്. ചില കുട്ടികൾക്കൊക്കെ നമ്മൾ കാക്കയെയും പൂച്ചയെയും ഒക്കെ കാണിച്ചു ചോറ് കൊടുക്കാറില്ലേ..? അതുപോലെ അമ്മിണി ചേച്ചിക്ക് വിമാനത്തിന്റെ ശബ്ദം കേൾപ്പിച്ചും വിമാനം കാണിച്ചു കൊടുത്തും ഒക്കെയായിരുന്നു ചോറു കൊടുത്തിരുന്നത്. അമ്മിണി ചേച്ചി വലുതായതിനു ശേഷവും വിമാനം എന്നുള്ളത് ആളുടെ മനസ്സിൽ വല്ലാത്തൊരു ആവേശമായി പടർന്നു കയറി കഴിഞ്ഞിരുന്നു.”

രമണി പറഞ്ഞപ്പോൾ മനോഹരൻ ഒന്ന് ആലോചിച്ചു.

” ചെറുപ്പത്തിൽ അങ്ങനെയൊരു കാര്യം ഉണ്ട് എന്ന് കരുതി ഇപ്പോൾ ഈ അറുപതാം വയസ്സിലും ഇങ്ങനെ വിമാനത്തിന്റെ പിന്നാലെ പോകേണ്ട കാര്യമുണ്ടോ..? “

മനോഹരൻ ആശങ്കപ്പെട്ടു.

” അതിന് പിന്നിൽ മറ്റൊരു കാര്യമുണ്ട്. അമ്മിണി ചേച്ചിക്ക് വിമാനത്തിനോടുള്ള കൊതി അമ്മിണി ചേച്ചിയുടെ അച്ഛന് നന്നായി അറിയാമായിരുന്നല്ലോ.അത് അറിഞ്ഞു കൊണ്ടു തന്നെ അമ്മിണി ചേച്ചിയുടെ അച്ഛൻ ആൾക്ക് വാക്ക് കൊടുത്തിരുന്നത്രെ എപ്പോഴെങ്കിലും ഒരിക്കൽ വിമാനത്തിൽ കയറ്റാം എന്ന്..! പക്ഷേ ആ വാക്ക് പാലിക്കുന്നതിനു മുൻപ് തന്നെ അമ്മിണി ചേച്ചിയുടെ അച്ഛൻ മരണപ്പെട്ടു. അതോടെ ആ ആഗ്രഹം ആളുടെ ഉള്ളിൽ കയറി പറ്റിയെങ്കിലും നടത്തിയെടുക്കാൻ കഴിഞ്ഞില്ല. അതിനു ശേഷം ആയിരുന്നു ദിവാകരേട്ടനുമായുള്ള വിവാഹം. വിവാഹശേഷം ആൾക്ക് ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് ചോദിച്ചപ്പോൾ മറുപടി പറഞ്ഞത് വിമാനത്തിൽ കയറണം എന്നായിരുന്നു. ദിവസക്കൂലികാരനായ ദിവാകരേട്ടന് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു അതെന്ന് നമുക്ക് ഊഹിക്കാമല്ലോ.എപ്പോഴെങ്കിലും ഒരിക്കൽ അവസരം കിട്ടുമ്പോൾ അത് നടത്തി കൊടുക്കാമെന്ന് ദിവാകരേട്ടനും പറഞ്ഞിരുന്നു. ആ പ്രതീക്ഷയിൽ മുന്നോട്ടു ജീവിക്കുമ്പോഴാണ് തീരെ പ്രതീക്ഷിക്കാതെ ഒരു ആക്സിഡന്റിന്റെ രൂപത്തിൽ ദിവാകരേട്ടനും അമ്മിണിയമ്മയെ വിട്ടു പോയത്. ഇപ്പോൾ പിന്നെ അമ്മയും മകനും മരുമകളും കൊച്ചുമക്കളും മാത്രമായുള്ള ജീവിതമാണല്ലോ.ഇപ്പോഴും ആളുടെ ഉള്ളിൽ വിമാനത്തിൽ കയറണം എന്നുള്ള ആഗ്രഹമൊക്കെയുണ്ട്. പക്ഷേ അത് നടത്തിക്കൊടുക്കാൻ ആരെങ്കിലും വേണ്ടേ..? “

അത്രയും പറഞ്ഞു രമണി ഒന്നു നെടുവീർപ്പിട്ടു.

“അമ്മിണിയമ്മയുടെ മകന് വേണമെങ്കിൽ അവരെയും കൊണ്ട് പോകാവുന്നതല്ലേ ഉള്ളൂ.. അവനു ദുബായിൽ നല്ല ജോലിയുള്ളതല്ലേ..?ഒരിക്കലെങ്കിലും അമ്മയെ ഒന്ന് വിമാനത്തിൽ കയറണം എന്ന് അവന് തോന്നാമല്ലോ..”

മനോഹരൻ പറഞ്ഞപ്പോൾ രമണി ഒന്ന് പുഞ്ചിരിച്ചു.എന്തൊക്കെയോ അർത്ഥങ്ങൾ ഉള്ളിലൊളിപ്പിച്ച ഒരു പുഞ്ചിരി..!!

അമ്മിണിയമ്മയും വിമാനത്തിനെ കാണുമ്പോൾ ഉള്ള അമ്മിണിയമ്മയുടെ പ്രകടനങ്ങളും ഒക്കെ ആ ഗ്രാമത്തിലെ പതിവ് കാഴ്ചകളാണ്.അവർക്ക് വിമാനത്തിനോടുള്ള മോഹം ഏത് പ്രായത്തിലും അവസാനിക്കില്ല എന്ന് എല്ലാവർക്കും അറിയാവുന്നതാണ്.

ദുബായിൽ ജോലി ചെയ്യുന്ന മകൻ അധികം വൈകാതെ ഭാര്യയെയും മക്കളെയും അവിടേക്ക് കൊണ്ടുപോയി. അപ്പോഴും അമ്മിണിയമ്മയെ മാത്രം അയാൾ ഒഴിച്ചു നിർത്തി.

അവരെ കൊണ്ടുപോകുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ അമ്മിണി അമ്മയെയും കൂടി ഒപ്പം കൂട്ടും എന്ന് അവർ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അങ്ങനെയൊരു ഭാഗ്യം തനിക്കില്ല എന്ന് മനസ്സിലായതോടെ തന്റെ വിഷമങ്ങൾ മുഴുവൻ അമ്മിണിയമ്മ ഉള്ളിൽ ഒളിപ്പിച്ചു.

ഒരുപാട് പ്രതീക്ഷയോടെ വിമാനത്തിൽ കയറാൻ കാത്തിരുന്ന അവർക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്.

മരുമകളും കൊച്ചുമക്കളും അവിടേക്ക് ചെന്ന് കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് മകന്റെ ഒരു ഫോൺകോൾ അമ്മിണി അമ്മയെ തേടി എത്തുന്നത്.

“ഹലോ അമ്മേ.. അമ്മയ്ക്ക് ഞാൻ അടുത്ത ആഴ്ചത്തേക്ക് ടിക്കറ്റ് എടുക്കുകയാണ്. ഫ്ലൈറ്റിൽ കയറി ഇങ്ങു പോകുന്നേക്കണം..”

മകൻ പറഞ്ഞപ്പോൾ താൻ സ്വപ്നം കാണുകയാണോ എന്ന് ആ അമ്മയ്ക്ക് സംശയം തോന്നി.

” എടാ.. ഞാൻ.. എനിക്ക് ഒറ്റയ്ക്ക് ഒന്നിനും പറ്റില്ല.. “

പരിഭ്രമത്തോടെ അവർ പറഞ്ഞു.

“അമ്മ പേടിക്കേണ്ട. അമ്മയെ എയർപോർട്ടിലേക്ക് കൊണ്ടാക്കാൻ ഞാൻ എന്റെ കൂട്ടുകാരെ ആരെയെങ്കിലും ഏർപ്പാടാക്കാം. പിന്നെ എയർപോർട്ടിൽ നിന്ന് എന്റെ ഒരു സുഹൃത്ത് ഇവിടേക്ക് വരുന്നുണ്ട്. അവനും അമ്മയ്ക്കും ഒരേസമയത്താണ് ഞാൻ ടിക്കറ്റ് എടുക്കാൻ പറഞ്ഞിരിക്കുന്നത്. രണ്ടാൾക്കും ഒന്നിച്ച് വരാമല്ലോ.. ഇവിടെ എയർപോർട്ടിൽ അമ്മയെ പിക്ക് ചെയ്യാൻ ഞാൻ ഉണ്ടാകും..”

അവൻ പറഞ്ഞപ്പോൾ അമ്മിണി അമ്മയ്ക്ക് ആവേശം തോന്നി. പിന്നീട് അവർ നിലത്തൊന്നുമായിരുന്നില്ല.

അവർ ആദ്യമായി ഫ്ലൈറ്റ് കയറാൻ പോകുന്നു എന്ന കാര്യം അവർ ആ ഗ്രാമം മുഴുവൻ പറഞ്ഞു. കൊണ്ടുപോകാനുള്ളതൊക്കെയും തയ്യാറാക്കി.

ദിവാകരേട്ടന്റെ ഫോട്ടോയിൽ നോക്കി സംസാരിക്കുമ്പോഴാണ് അവർക്ക് പെട്ടെന്ന് ഒരു വിഷമം തോന്നിയത്.

‘ ഞാൻ ഇവിടെ നിന്ന് പോയി കഴിഞ്ഞാൽ ദിവാകരേട്ടനു ആരാ തിരി വയ്ക്കുക..? ഇന്ന് വരെയും മുടക്കാത്ത ശീലമാണ് അത്..’

അമ്മിണി അമ്മയ്ക്ക് ആകെ വിഷമമായി.അവരെ പുറത്തേക്കൊന്നും കാണാത്തതുകൊണ്ട് രമണി അന്വേഷിച്ചു വന്നപ്പോഴാണ് വിഷമിച്ചിരിക്കുന്ന അമ്മിണിയമ്മയെ കാണുന്നത്.

കാര്യം അന്വേഷിച്ചപ്പോൾ അവർ കാര്യം വിശദമായി പറയുകയും ചെയ്തു.അത് കേട്ടപ്പോൾ രമണി ചിരിച്ചു.

” എന്തായാലും ചേച്ചിയുടെ വർഷങ്ങൾ ആയിട്ടുള്ള ആഗ്രഹം നടക്കാൻ പോവുകയല്ലേ.. ചേച്ചി പോയിട്ട് വാ.. അതുവരെ ദിവാകരേട്ടനു തിരി വയ്ക്കുന്ന കാര്യം ഞാൻ ഏറ്റു..”

രമണി പറഞ്ഞപ്പോൾ അമ്മിണി അമ്മയ്ക്ക് സന്തോഷം തോന്നി.

അമ്മിണി അമ്മയുടെ ആ ആശങ്കയ്ക്കും പരിഹാരമായതോടെ അവർ ഫ്ലൈറ്റ് കയറാൻ തയ്യാറെടുത്തു.

വിമാനത്തിൽ കയറി ആകാശത്തു കൂടി പറന്നു നടക്കുമ്പോൾ,വർഷങ്ങളായുള്ള തന്റെ സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷത്തിൽ ആയിരുന്നു അവർ.

വിൻഡോ സൈഡിലിരുന്ന് കൊതിയോടെ പുറത്തേക്ക് നോക്കി ഓരോ കാഴ്ചകളായി കണ്ടിരിക്കുന്ന അവരുടെ ഓരോ ഭാവങ്ങളും സുഹൃത്ത് ഫോണിൽ പകർത്തി.

ഫ്ലൈറ്റ് ഇറങ്ങിയപ്പോൾ തന്നെ അതൊക്കെയും അമ്മിണിയമ്മയുടെ മകന് അയച്ചു കൊടുക്കുകയും ചെയ്തു.അത് കണ്ടപ്പോൾ അവന് വല്ലാത്ത വിഷമം തോന്നി.

വിഷമത്തോടെ അവൻ ഇരിക്കുന്നത് കണ്ടപ്പോഴാണ് അവന്റെ ഭാര്യ അവനെ ശ്രദ്ധിക്കുന്നത്.അവൻ നോക്കുന്ന ഫോട്ടോകളിലേക്ക് നോക്കിയപ്പോൾ അവളുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു.

“ഇത് കണ്ടോ.. അമ്മയുടെ മുഖത്ത് ഇത്രയും സന്തോഷം നമ്മൾ ഒരിക്കൽ എങ്കിലും കണ്ടിട്ടുണ്ടോ..? അമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഈ ഫ്ലൈറ്റ് യാത്ര. അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാതെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചു പോയിരുന്നെങ്കിൽ നമുക്ക് പിന്നെ എന്നെങ്കിലും മനസ്സിന് സന്തോഷം കിട്ടുമായിരുന്നോ..? നമ്മളെക്കൊണ്ട് നിസാരമായി സാധിച്ചു കൊടുക്കാവുന്ന ഒരു ആഗ്രഹമായിരുന്നില്ലേ ഇത്..? എനിക്കും മക്കൾക്കും വേണ്ടി രമേശ് ടിക്കറ്റ് അയച്ചപ്പോൾ അമ്മയ്ക്കും കൂടി ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ആ ടിക്കറ്റ് ഇല്ല എന്നറിഞ്ഞപ്പോൾ എനിക്ക് തോന്നിയ നിരാശയുടെ 100 മടങ്ങായിരുന്നു അമ്മയ്ക്ക് തോന്നിയത്. പലപ്പോഴും ഒളിഞ്ഞിരുന്ന് കരയുന്ന അമ്മയെ ഞാൻ കണ്ടിട്ടുണ്ട്. അമ്മയുടെ ചിരകാല അഭിലാഷം പൂർത്തീകരിക്കപ്പെടാതെ പോകുന്നതിന്റെ എല്ലാ വിഷമവും അമ്മയുടെ മനസ്സിൽ ഉണ്ടായിരുന്നു.ഇപ്പോൾ കണ്ടില്ലേ അമ്മയുടെ സന്തോഷം..?”

അവൾ അത് ചോദിച്ചപ്പോൾ രമേശ് അവളെ ചേർത്തുപിടിച്ചു.

“താങ്ക്യൂ.. ഞാൻ പറയാതെ തന്നെ എന്റെ അമ്മയെ മനസ്സിലാക്കുന്നതിന്. അമ്മയെ ഇത്രത്തോളം സ്നേഹിക്കുന്നതിന്.. അമ്മയുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ എന്നെ പ്രേരിപ്പിച്ചതിന്..”

പറയുന്നതിനൊപ്പം അവന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു.

” എന്തിനാ രമേശ് നമുക്കിടയിൽ ഇങ്ങനെ ഒരു ഫോർമാലിറ്റി..? ആ അമ്മ എന്റെയും സ്വന്തമാണ്… “

ചിരിയോടെ അവൾ പറഞ്ഞു കഴിഞ്ഞപ്പോൾ അവൻ ഓർക്കുകയായിരുന്നു നിർബന്ധം പിടിച്ച് അവനെക്കൊണ്ട് അമ്മയെ ഇങ്ങോട്ട് വരുത്തിക്കാൻ ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിച്ചവളെ..! അമ്മയ്ക്ക് വേണ്ടി തന്നോട് വാശിപിടിച്ചവളെ…!!

✍️ അപ്പു