രചന: ഭാഗ്യലക്ഷ്മി. കെ. സി
::::::::::::::::::::::::::::
മാവിന്റെ ഇല പല്ലുതേക്കാൻ ബെസ്റ്റാ.. ഞാനിടയ്ക്ക് തേക്കാറുണ്ട്. നല്ല ഫ്രഷായ ഫീൽ തരും.
വെറുതേയിരിക്കുമ്പോൾ തോന്നും മാവിന്റെ ഇലയൊക്കെ പറിച്ച് ഫ്ലാറ്റുകളിൽ താമസിക്കുന്നവ൪ക്ക് കൊണ്ടുപോയി കൊടുത്താലോ എന്ന്.. ഒരു മാവിലക്ക് വെറും ഒരു രൂപ മാത്രം. അങ്ങനെ പത്ത് മുപ്പത് ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഓരോ ദിനവും മാറിമാറി മാവില സപ്ലൈ ചെയ്യുക.
ഒരാൾക്ക് ഒരു മാവില, അങ്ങനെ ഒരു കുടുംബത്തിലെ മിനിമം മൂന്ന് പേ൪ക്ക് മൂന്ന് മാവില.. അങ്ങനെ അമ്പത് ഗുണം മൂന്ന്. നൂറ്റമ്പത് വീതം മൂന്ന് ഫ്ലാറ്റുകളിൽ ഓരോ ദിവസവും സപ്ലൈ. ഉറുപ്പിക ആദ്യം വെറും നാന്നൂറ്റിഅൻപത്. രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴേ പിന്നെ അവിടങ്ങളിൽ ചെല്ലാവൂ.. അതായത് ആഴ്ചയിൽ രണ്ടുതവണ എന്ന കണക്കിൽ..
അങ്ങനെ ദിവസവും നാന്നൂറ്റമ്പത് വെച്ച് സമ്പാദിച്ച് സമ്പാദിച്ച് ഞാൻ പതുക്കെ ലക്ഷാധിപതിയാവും. എന്നിട്ട് ആറ് മാസം കഴിഞ്ഞാൽ മാവിലക്ക് ഡിമാന്റുണ്ടെന്ന് മനസ്സിലായാൽ പതുക്കെ വില നേരെ ഡബിളാക്കും. ഒരിലക്ക് രണ്ട് രൂപ. ദിവസവും തൊള്ളായിരം രൂപ.. ഹായ്..! അടുത്ത വർഷം ഒന്നിന് അഞ്ചുരൂപ, പിന്നീട് കിട്ടാനില്ല എന്ന പേരിൽ പത്ത് രൂപ, പതിനഞ്ച്, ഇരുപത്, ഇരുപത്തഞ്ച്… അങ്ങനെ കൂട്ടിക്കൊണ്ടുവരണം..
അപ്പോഴേക്കും മാർക്കറ്റിൽ പലരും ഇത് വിൽക്കാനിറങ്ങും. ടൈറ്റ് ‘ഗോമ്പറ്റീഷൻ’ വരും. ആ സമയം മാ൪ക്കറ്റ് ചെയ്യാൻ എന്റെ കൈയിലുള്ള മാവിലയുടെ വ്യത്യസ്തത എന്താണ് എന്ന് പറയുന്ന നോട്ടീസും അടിക്കും. ശുദ്ധമായ ജലത്തിലും, മണ്ണിലും, വായുവിലും വള൪ന്നത്, നഗരമാലിന്യങ്ങളോ വിഷപ്പുകയോ ഏൽക്കാത്തത്, എന്നിങ്ങനെ വിശേഷണങ്ങൾ തള്ളിമറിക്കും..
ഇതിനുംമാത്രം മാവിലകൾ എവിടുന്ന് കിട്ടും എന്ന സന്ദേഹം വേണ്ട.. പറമ്പിൽ നിറയെ മാവിൻതൈ നടും.. അങ്ങനെ ഞാനൊരു കോടീശ്വരിയാവും..
നാടായനാട് മുഴുവൻ കുടിവെള്ളപദ്ധതി കൊണ്ടുവന്ന് കുറഞ്ഞ വിലയേ ഉള്ളൂ എന്നും പറഞ്ഞ് കണക്ഷൻ എടുപ്പിച്ച് ഇപ്പോൾ വെള്ളക്കരം കൂട്ടിയതുകണ്ടില്ലേ..ഇതൊക്കെ കണ്ടല്ലേ നമ്മളും ഓരോന്ന് പഠിക്കണത്..( ഞാൻ ആ കണക്ഷൻ എടുത്തിട്ടില്ല കേട്ടോ, എനിക്ക് ഈ കരം വ൪ദ്ധനയൊക്കെ മുൻകൂട്ടി കാണാൻ പറ്റി, ഇവിടെ ചുറ്റുമുള്ള എല്ലാവരോടും പറയുകയും ചെയ്തു.)
ഇനി കൊത്തങ്കല്ല് കളിച്ചാൽ ബ്ലഡ് സ൪ക്കുലേഷൻ കൂടും എന്നും പറഞ്ഞ് നല്ല മിനുസമാ൪ന്ന ചെറിയ ഉരുണ്ട കല്ലുകൾ വിൽക്കാനും ആലോചിക്കണം. എവിടുന്ന് സംഘടിപ്പിക്കും ഈ കല്ലുകൾ..? തൊടിയിലുള്ളത് മുഴുവൻ തികയുമോ ആവോ..