ദീപുവും ഞാനും തമ്മിൽ ഇഷ്ടത്തിലാണ്. ഞങ്ങൾക്ക് ഇരുവർക്കും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട്…

രചന: അപ്പു

:::::::::::::::::::::::::

” അച്ഛാ.. ദീപുവും ഞാനും തമ്മിൽ ഇഷ്ടത്തിലാണ്. ഞങ്ങൾക്ക് ഇരുവർക്കും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട്. ഒരിക്കലും പരസ്പരം വിട്ടു കളയാൻ പറ്റാത്ത രീതിയിലുള്ള ഇഷ്ടം തന്നെയാണ് ഞങ്ങളുടേത്. നിങ്ങളാരും ഇതിന് എതിരെ നിൽക്കരുത്.. “

പ്രിയങ്ക തന്റെ ആവശ്യം വീട്ടിൽ ഉന്നയിച്ചു കഴിഞ്ഞു. അത് കേട്ടപ്പോൾ മുതൽ അച്ഛനും അമ്മയും അവളെ പുച്ഛിച്ചു ചിരിക്കുകയാണ്.

“എന്തായാലും ഈ ബന്ധം നടക്കാൻ പോകുന്നില്ല. നിനക്ക് ചേരുന്ന ഒരു ചെക്കനെ ഞങ്ങൾ കണ്ടുപിടിച്ചോളാം. സാമ്പത്തികമായും കുടുംബപരമായും നമ്മളോടൊപ്പം നിൽക്കുന്ന ഒരു കുടുംബത്തെ കണ്ടു പിടിക്കാൻ ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഒന്നുമില്ല. ഞങ്ങളുടെ ജോലിഭാരം കുറയ്ക്കാൻ വേണ്ടി നീ പുതിയതായി ഓരോ ബന്ധങ്ങൾ കണ്ടുപിടിച്ചു കൊണ്ടുവരേണ്ട കാര്യമൊന്നുമില്ല..”

അച്ഛൻ എതിർത്തു.

” അഛാ..ആരാണെന്ന് എന്താണെന്നോ അറിയാത്ത ഒരാളിനോടൊപ്പം ജീവിതകാലം മുഴുവൻ ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് പരസ്പരം പരിചയമുള്ള രണ്ടുപേർ ഒന്നിച്ച് ജീവിക്കുന്നത്..? “

അവൾ ചോദിച്ചപ്പോൾ അയാൾ അവളെ തുറിച്ചു നോക്കി.

” ഞാനും നിന്റെ അച്ഛനും തമ്മിൽ വലിയ പരിചയമൊന്നുമുണ്ടായിരുന്നില്ല. പെണ്ണുകാണാൻ വരുമ്പോഴാണ് ആദ്യമായി ഞാൻ നിന്റെ അച്ഛനെ കാണുന്നത്. എന്നിട്ടും എന്റെ അറിവോ സമ്മതമോ കൂടാതെ വീട്ടുകാർ വിവാഹം ഉറപ്പിച്ചു. കല്യാണം കഴിഞ്ഞതിനു ശേഷമാണ് ഞങ്ങൾ പരസ്പരം മനസ്സിലാക്കുന്നത് പോലും. ഇപ്പോൾ 25 വർഷമായി. ഞങ്ങൾ സന്തോഷത്തോടെ നന്നായി ജീവിക്കുന്നില്ലേ..? “

അമ്മ ചോദിച്ചപ്പോൾ അവൾക്ക് ഉത്തരം മുട്ടി.

“ഇത് പണ്ടത്തെ കാലം ഒന്നുമല്ല. ഇന്ന് എല്ലാവർക്കും അവരവരുടെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.”

അവൾ വാദിച്ചു.

” അങ്ങനെയുള്ള അനാവശ്യ സ്വാതന്ത്ര്യങ്ങൾ ഒന്നും ഈ വീട്ടിൽ ആർക്കും അനുവദിച്ചു തന്നിട്ടില്ല. അങ്ങനെയൊരു പ്രതീക്ഷയിൽ എന്റെ മോള് ഇരിക്കുകയും വേണ്ട. എന്തായാലും നിന്റെ ഈ തീരുമാനത്തിൽ ഞങ്ങൾ നിന്നെ അനുകൂലിക്കും എന്ന് നീ കരുതരുത്. ഞങ്ങളുടെ അറിവോടെയും സമ്മതത്തോടെയും ഈ വിവാഹം നടക്കില്ല. “

അച്ഛന്റെ തീരുമാനം ഉറച്ചതായിരുന്നു.

” അല്ലെങ്കിലും ഇതുപോലെ പ്രേമമാണ് എന്ന് പറഞ്ഞു വന്ന ഒരുപാട് ബന്ധങ്ങൾ ഞങ്ങളൊക്കെ കണ്ടിട്ടുണ്ട്. അതിൽ ചിലതൊക്കെ നടക്കാതെ പോയിട്ടുണ്ട്. അങ്ങനെ നടക്കാതെ പോയ ബന്ധത്തിൽ ഉണ്ടായിരുന്ന പെണ്ണും ചെക്കനും ഒക്കെ പിന്നീട് നല്ലൊരു വിവാഹം കഴിച്ച് നല്ല രീതിയിൽ ജീവിക്കുന്നുണ്ട്. ഇനി വീട്ടുകാരുടെ അറിവ് നോക്കാതെ സ്വന്തം ഇഷ്ടത്തിന് സ്നേഹിച്ചവരെ കല്യാണം കഴിച്ച പെൺകുട്ടികൾ ഇപ്പോൾ പെരുവഴിയിൽ ആയ കഥകളും ഉണ്ട്.. അധികം പറയുന്നത് എന്തിനാ നമ്മുടെ ലീനയെ കണ്ടില്ലേ..? ഒരുത്തനെ സ്നേഹിച്ച് അവനോടൊപ്പം ജീവിക്കാൻ വേണ്ടി വീട്ടുകാരെ വെറുപ്പിച്ച് ഇറങ്ങി വന്നതാണ്. എന്നിട്ട് ഇപ്പോൾ എന്തായി..? അവൾ പെരുവഴിയിൽ ആയില്ലേ..? “

അമ്മ പറഞ്ഞ ഉദാഹരണം കേട്ടപ്പോൾ അവൾ അമ്മയെ ദയനീയമായി നോക്കി.

” നിങ്ങളൊക്കെ പ്രണയത്തിനെ കുറിച്ച് വിചാരിച്ചു വച്ചിരിക്കുന്നതൊക്കെ തെറ്റായ ധാരണകളാണ്. രണ്ടുപേർ തമ്മിൽ പ്രണയിക്കുന്നു എന്ന് കരുതി ജീവിതാവസാനം വരെയും അവർ തമ്മിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ഒന്നിച്ചു തന്നെ ജീവിക്കണം എന്നൊന്നുമില്ല. ഏതെങ്കിലും ഒരു സമയത്ത് രണ്ടുപേർക്കും ഒന്നിച്ചു പോകാൻ കഴിയില്ല എന്ന് തോന്നിയാൽ പരസ്പരം പിരിയാനുള്ള എല്ലാവിധ നിയമങ്ങളും ഈ നാട്ടിലുണ്ട്.. “

അവൾ പറയുന്നത് കേട്ടപ്പോൾ അമ്മയ്ക്ക് പുച്ഛം തോന്നി..

” അത് ശരിയാ ഇന്നത്തെ കാലത്ത് ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ഡിവോഴ്സ് ആണല്ലോ.. ഞങ്ങളുടെയൊക്കെ കാലത്ത് ഡിവോഴ്സ് എന്ന് പറയാൻ തന്നെ ഞങ്ങൾക്ക് ഒക്കെ പേടിയായിരുന്നു.. ഇന്നത്തെ തലമുറയ്ക്ക് എന്തും ആകാം എന്നൊരു ചിന്തയാണ്.. “

അമ്മ പറഞ്ഞപ്പോൾ അവൾക്ക് അമ്മയെ ഓർത്ത് സഹതാപം തോന്നി.

” ഈ ഡിവോഴ്സ് എന്ന് പറയുന്നത് ഒരു മഹാപാപം എന്നാണോ അമ്മയുടെ വിചാരം..? പരസ്പരം ഒത്തുപോകാൻ കഴിയില്ല എന്ന് ഉറപ്പാണെങ്കിൽ പിരിയുന്നത് തന്നെയാണ് നല്ലത്. അല്ലാതെ നാട്ടുകാർക്കും ബന്ധുക്കൾക്കും കുട്ടികൾക്കും ഒക്കെ വേണ്ടി പരസ്പരം ഒന്നിച്ച് ജീവിക്കാം എന്ന് പറഞ്ഞ് രണ്ടുപേരും ജീവിതത്തിൽ കടിച്ചു തൂങ്ങുമ്പോൾ നഷ്ടപ്പെടുന്നത് ആ കുടുംബത്തിന്റെ സന്തോഷവും സമാധാനവും ആണ്. പരസ്പരം ഇഷ്ടമില്ലാതെ ദമ്പതികൾ ഒന്നിച്ച് താമസിക്കുമ്പോൾ അവർക്കിടയിൽ കലഹങ്ങളും ബഹളങ്ങളും ഒക്കെ പതിവായിരിക്കും. അങ്ങനെയുള്ള ഒരു വീട്ടിൽ താമസിക്കുന്ന കുട്ടികൾക്ക് എന്തു സന്തോഷം കിട്ടും എന്നാണ്..? എല്ലായിപ്പോഴും അവർക്ക് വേദന മാത്രമേ ഉണ്ടാകൂ. അങ്ങനെ ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടുവരുന്ന എത്തിക്കുന്നതിനു മുൻപ് തങ്ങളുടെ സന്തോഷത്തിന് വേണ്ടിയെങ്കിലും പരസ്പരം പിരിയുന്നതാണ് അവർക്ക് നല്ലത്. അതൊരു കുറ്റം ഒന്നുമല്ല.. “

അവൾ തന്റെ അഭിപ്രായം പറഞ്ഞപ്പോൾ അമ്മ പുച്ഛത്തോടെ ചീറി കോട്ടി.

” പിന്നെ നിങ്ങൾ നേരത്തെ പറഞ്ഞ പോലെ ലീന ചേച്ചിയുടെ കാര്യം.. ചേച്ചിയുടെ കാര്യത്തിൽ ചേച്ചി എന്ത് തെറ്റ് ചെയ്തിട്ടാണ്..? നേരത്തെ നിങ്ങൾ രണ്ടാളും പറഞ്ഞതു പോലെ ചേച്ചി പ്രണയിച്ചവന് വേണ്ടി ചേച്ചി വീട്ടിൽ വാദിച്ചു. അവരാരും തങ്ങളുടെ ഇഷ്ടം അംഗീകരിക്കാതെയായപ്പോൾ ചേച്ചി അയാളോടൊപ്പം ഇറങ്ങി പോവുകയും ചെയ്തു. അങ്ങനെ ഇറങ്ങി പോകുമ്പോൾ ചേച്ചിക്ക് അയാളിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു. അവസാനം വരെയും അയാൾ തന്നോട് ഒപ്പം ഉണ്ടാകും എന്ന ഒരു വിശ്വാസം. ആ വിശ്വാസത്തിന്റെ പുറത്താണ് വീട്ടുകാരെ പോലും വെറുപ്പിച്ച് അയാൾക്കൊപ്പം ജീവിക്കാം എന്നുള്ള തീരുമാനം പോലും വന്നത്. പക്ഷേ വിവാഹം കഴിഞ്ഞ് അധിക നാളുകൾ ആകുന്നതിനു മുൻപ് തന്നെ തന്റെ വിശ്വാസം തെറ്റിപ്പോയി എന്ന് മനസ്സിലാക്കുമ്പോൾ ചേച്ചിക്ക് എത്രമാത്രം വേദനിച്ചിട്ടുണ്ടാകണം..? എപ്പോഴെങ്കിലും നിങ്ങൾ അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..? ചേച്ചിയുടെ ഭർത്താവ് ആദ്യ നാളുകളിൽ ചേച്ചിയോട് നല്ല സ്നേഹമായിരുന്നെങ്കിലും പിന്നെ പിന്നെ അയാൾക്ക് ചേച്ചി ചെയ്യുന്നതെല്ലാം കുറ്റമായി വന്നു. ചേച്ചിയുടെ കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്താൻ അയാൾ മത്സരിച്ചു.ദിവസങ്ങളോളം പിണങ്ങി മിണ്ടാതെ നടക്കുന്ന അവസ്ഥ വരെ വന്നപ്പോൾ ഡിവോഴ്സിന് മുൻകൈയെടുത്തത് ചേച്ചി തന്നെയായിരുന്നു.പരസ്പരം ഒരിക്കലും ഒന്നിച്ച് ജീവിക്കാൻ കഴിയില്ല എന്ന് രണ്ടുപേർക്കും ഉറപ്പുള്ളപ്പോൾ എന്തിനാണ് പരസ്പരം അവരുടെ ജീവിതത്തിൽ കടിച്ചു തൂങ്ങുന്നത്.? അവരെ സംബന്ധിച്ച് കുട്ടികൾ പോലുമില്ലാത്ത കൊണ്ട് ഡിവോഴ്സിനെ കുറിച്ച് ചിന്തിക്കാൻ എളുപ്പമായിരുന്നു. ആ സമയത്ത് ആ പ്രശ്നങ്ങളൊക്കെ കണ്ടില്ല എന്ന് നടിച്ച് പിന്നീട് ഒരു കുഞ്ഞൊക്കെ ആയിക്കഴിഞ്ഞതിനു ശേഷം ആണ് ഡിവോഴ്സിനെ കുറിച്ച് ചിന്തിക്കുന്നതെങ്കിൽ ഒരുപക്ഷേ ഇപ്പോഴത്തെ പോലെ അത്ര എളുപ്പമാകില്ല ആ സമയത്ത്.

സ്വാഭാവികമായും ഏതൊരു അമ്മയും കുഞ്ഞിന്റെ ഭാവിയെ ആയിരിക്കും ഓർക്കുക. എന്റെ കുഞ്ഞിന് എന്നും അച്ഛനുണ്ടാകണം എന്ന് മാത്രം ചിന്തിക്കുന്ന ഒരു അമ്മയായി ചിലപ്പോൾ ചേച്ചിയും മാറിയേനെ. ഇതിപ്പോൾ ഡിവോഴ്സ് കഴിഞ്ഞപ്പോൾ തന്നെ ചേച്ചിയുടെ ഭർത്താവ് അയാളുടെ കുടുംബത്തിലേക്ക് തിരിച്ചു പോയി. ചേച്ചി എന്തോ തെറ്റ് ചെയ്തതാണ് എന്ന് പറഞ്ഞു ചേച്ചിയുടെ വീട്ടുകാർ ചേച്ചിയെ കുടുംബത്തെ കയറ്റുന്നതുമില്ല.നഷ്ടങ്ങൾ മുഴുവൻ ചേച്ചിക്കു തന്നെയല്ലേ സംഭവിച്ചത്..? ആ ബന്ധത്തിൽ നിന്ന് പുറത്തു വന്നതുകൊണ്ട് മാത്രമാണ് താൻ സന്തോഷത്തോടെ ജീവിക്കുന്നത് എന്ന് എപ്പോഴോ ഒരിക്കൽ ചേച്ചി എന്നോട് പറഞ്ഞിട്ടുണ്ട്. “

അവൾ പറഞ്ഞപ്പോൾ അച്ഛനും അമ്മയും പരസ്പരം നോക്കി.

” നമ്മൾ അറേഞ്ച്ഡ് മാരേജ് നടത്തുമ്പോൾ അതും പരാജയപ്പെട്ടു പോകുന്ന കഥകൾ ഒരുപാടല്ലേ..? പിന്നെ അറേഞ്ച്ഡ് മാരേജ് ആകുമ്പോൾ വീട്ടുകാർ എല്ലാവരും കൂടി പരസ്പരം സംസാരിച്ച് പ്രശ്നങ്ങൾ കോംപ്രമൈസ് ചെയ്യിക്കാൻ നോക്കും. ലൗ മാരേജ് ആകുമ്പോൾ വീട്ടുകാരുടെ ഭാഗത്തു നിന്ന് യാതൊരു സപ്പോർട്ടും പ്രതീക്ഷിക്കേണ്ട. എന്ന് മാത്രമല്ല ചെറിയ ചെറിയ പ്രശ്നങ്ങൾ പോലും ഊതി വീർപ്പിച്ച് വലിയ പ്രശ്നങ്ങളാക്കാൻ വീട്ടുകാർ ആയിരിക്കും മുന്നിൽ നിൽക്കുക.. ഈ അവസ്ഥയിൽ നിന്നൊക്കെ നമ്മൾ പുറത്തു വരാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു.. “

അവൾ പറഞ്ഞു നിർത്തിയപ്പോൾ അച്ഛനും അമ്മയ്ക്കും ചിരി വരുന്നുണ്ടായിരുന്നു.

” എന്തായാലും നിന്റെ ദീപുവിനോട് എന്നെ വന്ന് കാണാൻ പറയൂ.. അതിനു ശേഷം നമുക്ക് തീരുമാനിക്കാം ബാക്കി കാര്യങ്ങളൊക്കെ..”

ഒരു ചിരിയോടെ അച്ഛൻ പറഞ്ഞു കഴിഞ്ഞതും അച്ഛനെ കെട്ടിപ്പിടിച്ച് താങ്ക്യൂ എന്ന് പറഞ്ഞു കഴിഞ്ഞിരുന്നു ആ മകൾ.!!

✍️ അപ്പു