അറിയുന്നതും അറിയാത്തതുമായ ഒരുപാട് ആപ്പുകൾ ഫോണിൽ നിറഞ്ഞു. അതിൽ പല തരത്തിലുള്ള ഡേറ്റിംഗ് ആപ്പുകളും ഉണ്ടായിരുന്നു.

രചന : അപ്പു

:::::::::::::::::::::::::::::::

” ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ.. ഞാൻ പറഞ്ഞ അത്രയും പണം എനിക്ക് കിട്ടിയിരിക്കണം. അല്ലെങ്കിൽ എന്താ ഉണ്ടാവുക എന്ന് ഞാൻ പ്രത്യേകിച്ച് പറഞ്ഞു തരണ്ടല്ലോ.. അഥവാ നീ മറന്നു പോയാലും ഞാൻ ഒന്ന് ഓർമിപ്പിക്കാം.. ആരും കാണരുത് എന്ന് നീ ആഗ്രഹിക്കുന്ന ചില കാര്യങ്ങളൊക്കെ എല്ലാവരും കാണും. പ്രത്യേകിച്ച് നിന്റെ വീട്ടുകാർ. അതിനുശേഷം എന്തുണ്ടാകുന്നു എന്നുള്ളത് എന്റെ കൺസേൺ അല്ല.. “

ഇടിമുഴക്കം പോലെയുള്ള ആ ശബ്ദം കാതിൽ പതിഞ്ഞതും അവൾ ഒന്ന് ഞെട്ടി.

” ഞാൻ എവിടെ നിന്ന് തരാനാ..? ഇത്രയും വലിയൊരു എമൗണ്ട് ഒക്കെ എനിക്ക് എങ്ങനെ കിട്ടും..? “

അവൾ നിസ്സഹായതയോടെ ചോദിച്ചു. ആ ചോദ്യം കേട്ടപ്പോൾ മറുവശത്തുണ്ടായിരുന്ന ആൾ പൊട്ടി ചിരിച്ചു.

” അതു കൊള്ളാം.. നിന്റെ കയ്യിൽ പണമില്ലെന്നാണോ..? പക്ഷേ അയാം സോറി ബേബി.. അത് ഞാൻ അറിയേണ്ട കാര്യമില്ലല്ലോ.. എവിടെ നിന്നാണെങ്കിലും പണം എനിക്ക് കിട്ടിയേ പറ്റൂ.. അല്ലാത്ത പക്ഷം എന്തുണ്ടാകും എന്നറിയാമല്ലോ.. അപ്പോൾ തൽക്കാലം മോള് പണം കണ്ടുപിടിക്കാനുള്ള വഴി ആലോചിക്കുക.. നന്നായി ആലോചിച്ച് എന്നെ വിളിച്ചു പറഞ്ഞാൽ മതി.. ടേക്ക് കെയർ… “

അത്രയും പറഞ്ഞു കൊണ്ട് മറുവശത്ത് കോൾ കട്ടായി. പക്ഷേ കേട്ട വാർത്തയുടെ ആഘാതത്തിൽ തളർന്നു കൊണ്ട് അവൾ പൊട്ടിക്കരച്ചിലോടെ നിലത്തേക്ക് ഊർന്നിരുന്നു.

അവൾ അനുശ്രീ. പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ലോക്ക് ഡൗൺ സമയത്ത് പഠനത്തിന്റെ ആവശ്യത്തിനായി സാധാരണ എല്ലാ കുട്ടികളെയും പോലെ അവൾക്കും ഒരു മൊബൈൽ ഫോൺ സ്വന്തമായി കിട്ടിയിരുന്നു.

പക്ഷേ അതാണ് ഇപ്പോൾ അവളുടെ ജീവിതത്തിന് തന്നെ ഹാനികരമായി വന്നിരിക്കുന്നത്.

മൊബൈൽ ഫോൺ കയ്യിൽ കിട്ടി ആദ്യത്തെ കുറച്ച് നാളുകൾ അമ്മയ്ക്കും അച്ഛനും വാക്ക് കൊടുത്തതു പോലെ പഠനത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു ഫോൺ ഉപയോഗിച്ചിരുന്നത്. പതിയെ പതിയെ അതിൽ മറ്റ് എന്തൊക്കെയാണ് ഉള്ളത് എന്നുള്ള തിരച്ചിൽ ആരംഭിച്ചു.

അറിയുന്നതും അറിയാത്തതുമായ ഒരുപാട് ആപ്പുകൾ ഫോണിൽ നിറഞ്ഞു. അതിൽ പല തരത്തിലുള്ള ഡേറ്റിംഗ് ആപ്പുകളും ഉണ്ടായിരുന്നു.

കൂട്ടുകാരികളിൽ ചിലർക്ക് അതിൽ അക്കൗണ്ട് ഉണ്ട് എന്നറിഞ്ഞപ്പോൾ ഒരു കൗതുകം കൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയതായിരുന്നു അനു. വെറുതെ ചാറ്റ് ചെയ്യാം എന്ന ഉദ്ദേശത്തോടെയാണ് അവൾ ആപ്പ് ഉപയോഗിച്ചിരുന്നത്.

പക്ഷേ സംഭവിച്ചത് അങ്ങനെ ആയിരുന്നില്ല.ഡേറ്റിംഗ് ആപ്പിൽ നിന്ന് അവൾക്ക് ഒരു പങ്കാളിയെ കിട്ടി. അവനോട് സംസാരിക്കാൻ അവൾക്ക് നല്ല താൽപര്യം തോന്നി.

അവനോടൊപ്പം സമയം ചെലവഴിക്കാൻ അവൾ ആഗ്രഹിച്ചു. പഠിക്കാൻ സമയം ഒരുപാട് ഉപയോഗിച്ചിരുന്ന അവൾക്ക് പഠിക്കാൻ സമയം തികയാതെയായി. എല്ലായിപ്പോഴും അവൻ എന്ന മായികാ ലോകത്തിൽ മാത്രം അവൾ അവളെ തളച്ചിട്ടു.

ദിവസങ്ങൾ മുന്നോട്ടു പോകുമ്പോൾ അവൾക്ക് അവളുടെ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ പോലും സമയം തീരെ തികയാതെയായി. ആഹാരം കഴിക്കാൻ വന്നിരുന്നാൽ പോലും അവൾ കയ്യിൽ ഫോൺ കരുതിയിരുന്നു.

ആദ്യമൊക്കെ അച്ഛനെയും അമ്മയെയും ഭയന്ന് ഫോൺ എടുക്കാൻ മടിച്ചിരുന്ന അവൾ പിന്നീട് അവർ മുന്നിലുണ്ട് എന്ന് പോലും നോക്കാതെ ഫോണിൽ തന്നെയായിരുന്നു എല്ലായിപ്പോഴും. അതിന്റെ പരിണിതഫലം എന്നോണം ക്ലാസിൽ ഒന്നാമത് ആയിരുന്ന പെൺകുട്ടി ക്ലാസിലെ ഏറ്റവും അവസാനം എന്ന നിലയിലേക്ക് താഴ്ന്നു പോയി.

പഠനത്തിൽ അവൾക്ക് തീരെ താല്പര്യം ഇല്ലാതെയായി. അതൊക്കെ അവളുടെ മാതാപിതാക്കൾ വേദനയോടെയാണ് കണ്ടത്.

അവളുടെ ഏട്ടനും വ്യത്യസ്തമായ ഒരു അവസ്ഥയിലായിരുന്നില്ല. എപ്പോഴും സ്വന്തം മുറിയും മൊബൈൽ ഫോണും മാത്രമായിരുന്നു അവന്റെ ലോകം. കുട്ടികൾ രണ്ടാളും മൊബൈൽ ഫോൺ എന്നുള്ള ലോകത്തിൽ വിഹരിക്കുന്നത് കണ്ടു വേദനിക്കാൻ മാത്രമേ ആ മാതാപിതാക്കൾക്ക് കഴിയുമായിരുന്നുള്ളൂ.

എങ്കിലും ഒരിക്കൽ അമ്മ രണ്ടാളെയും ഉപദേശിച്ചിരുന്നു.

“മക്കളെ എന്ത് കാര്യത്തിനും രണ്ടുവശമുണ്ട് എന്ന് പലപ്പോഴും നമ്മൾ കേട്ടിട്ടുള്ളതാണ്. അതുപോലെ തന്നെയാണ് നിങ്ങൾ എല്ലായിപ്പോഴും ഒപ്പം കൂട്ടുന്ന മൊബൈൽ ഫോണിന്. നിങ്ങൾ രണ്ടാളും ഈ വീട്ടിൽ നിങ്ങളുടെ അച്ഛനമ്മമാരായ ഞങ്ങളോടൊപ്പം ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം മൊബൈൽ ഫോണിൽ ചെലവഴിക്കുന്നുണ്ട്. ഞങ്ങളുടെ രണ്ടാളുടെയും മുഖത്തേക്ക് നോക്കി സംസാരിക്കാൻ പോലും നിങ്ങൾക്ക് സമയമില്ലാതെയായിരിക്കുന്നു. എന്തിന് നിങ്ങൾ പരസ്പരം നോക്കിയിട്ട് എത്ര നാളായി..? ഡൈനിങ് ടേബിളിൽ വരെ മൊബൈൽ ഫോൺ ആണ്.. ജീവിതം ഇങ്ങനെയൊന്നുമല്ല. ചുറ്റും നിൽക്കുന്നവരെ കൂടി നിങ്ങൾ നോക്കണം.. “

അമ്മ അത് പറഞ്ഞു നിർത്തുമ്പോൾ മക്കൾ രണ്ടാളും അമ്മയെ പുച്ഛിച്ചു.

“അമ്മയ്ക്ക് ഇന്നത്തെ ടെക്നോളജിയെ കുറിച്ച് ഒന്നും അറിയാഞ്ഞിട്ടാണ്. നമ്മൾ എല്ലായിപ്പോഴും അപ്ഡേറ്റഡ് ആയിരിക്കണം.. “

അനുവിന്റെ ചേട്ടൻ പറഞ്ഞപ്പോൾ അമ്മ അനുവിനെ ഒന്നു നോക്കി.

“അമ്മയുടെ നോട്ടവും ഭാവവും ഒക്കെ കണ്ടാൽ തോന്നും ഞാൻ എന്തോ തെറ്റ് ചെയ്തിട്ടുണ്ട് എന്ന്. പക്ഷേ എന്റെ ക്ലാസിലെ കാര്യങ്ങൾക്ക് വേണ്ടിയാണ് ഞാൻ ഫോൺ ഉപയോഗിക്കുന്നത്. പിന്നെ ഇടയ്ക്ക് കൂട്ടുകാർ ആരെങ്കിലും വിളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യും എന്നല്ലാതെ ഞാൻ ഫോൺ ദുരുപയോഗം ചെയ്യുന്നത് ഒന്നുമല്ല.. “

അതും പറഞ്ഞു കൊണ്ട് അനുവും എഴുന്നേറ്റ് പോയപ്പോൾ അമ്മയ്ക്ക് വല്ലാത്തൊരു തളർച്ച തോന്നി. ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമെന്ന് ഒരു ഭയം..!

അനു ക്ലാസിലെ കാര്യങ്ങളെക്കാൾ ഉപരി അവളുടെ കാമുകന് വേണ്ടി സമയം ചെലവഴിക്കുമ്പോൾ മുറിക്ക് പുറത്ത് അവളുടെ അമ്മ അവൾ പഠിക്കുന്നുണ്ട് എന്നുള്ള ചിന്തയിലാണ് എന്നൊന്നും ഒരിക്കലും അവൾ ഓർത്തിട്ടില്ല.

പ്രണയം എന്ന വികാരം തലയ്ക്കു പിടിച്ചു കഴിഞ്ഞാൽ പിന്നീട് ചുറ്റും എന്ത് നടക്കുന്നു എന്ന് ആരും ഒരിക്കലും അറിയാറില്ല.അവളുടെ കാര്യത്തിലും അതു തന്നെയായിരുന്നു അവസ്ഥ.

കാമുകനു വേണ്ടി അവന്റെ സന്തോഷങ്ങൾക്ക് വേണ്ടി എന്തും ചെയ്യും എന്നൊരു അവസ്ഥയിലായിരുന്നു അവൾ. അവനോടുള്ള അവളുടെ സ്നേഹവും വിശ്വാസവും തെളിയിക്കാൻ വേണ്ടി അവളുടെ പല തരത്തിലുള്ള ഫോട്ടോകൾ അവൻ ആവശ്യപ്പെട്ടു. അതിൽ പലതും ന്യൂഡ് ഫോട്ടോസ് ആയിരുന്നിട്ട് കൂടി അതിൽ യാതൊരു തെറ്റും തോന്നാതിരുന്ന അനു അതൊക്കെയും അവന് അയച്ചു കൊടുത്തു.

എന്നാണെങ്കിലും അവൻ തന്റേത് ആയിരിക്കും എന്നൊരു ചിന്തയോടെയാണ് അവൾ അതൊക്കെ ചെയ്തത്. എന്നാൽ അവനെ സംബന്ധിച്ച് അവൾ വെറുമൊരു നേരമ്പോക്കായിരുന്നു എന്ന് അവൾ മനസ്സിലാക്കിയിരുന്നില്ല.

അത് അവൾ അറിഞ്ഞത് ആ ഫോട്ടോസ് പുറത്തു വിട്ടില്ലെങ്കിൽ പണം കൊടുക്കും എന്ന് പറഞ്ഞ് അവൻ ഭീഷണിപ്പെടുത്തിയപ്പോൾ ആയിരുന്നു.

മുറിയിൽ തലങ്ങും വിലങ്ങും നടന്നു കൊണ്ട് എന്ത് ചെയ്യും എന്ന് അവൾ ആലോചിക്കുകയായിരുന്നു. ആ ഫോട്ടോകളിൽ ഏതെങ്കിലും ആരെങ്കിലും കണ്ടാൽ പിന്നീട് താൻ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടാകില്ല എന്ന് അവൾക്ക് അറിയാമായിരുന്നു.

അച്ഛനും അമ്മയും ഏട്ടനും ഒക്കെ എങ്ങനെ സഹിക്കും എന്ന് ഓർക്കുമ്പോൾ അവൾക്ക് അവളോട് തന്നെ ദേഷ്യം തോന്നുന്നുണ്ടായിരുന്നു.

തെറ്റ് ചെയ്തത് ഞാനാണല്ലോ.. ശിക്ഷ അനുഭവിക്കേണ്ടതും ഞാൻ തന്നെയാണ്..

ആ ഒരു ചിന്തയോടെയാണ് കയ്യിൽ തടഞ്ഞ ബ്ലേഡ് കൊണ്ട് അവൾ തന്റെ കൈ മുറിച്ചത്.

മക്കൾക്ക് നോക്കുമ്പോൾ അത് ആദ്യം അറിയാൻ ആവുന്നത് അമ്മമാർക്കാണ്. തന്റെ മകൾക്ക് എന്തോ സംഭവിച്ചിട്ടുണ്ട് എന്നറിയാൻ മണിക്കൂറുകളായി അടഞ്ഞു കിടക്കുന്ന ആ മുറിയുടെ വാതിൽ തന്നെ ധാരാളമായിരുന്നു.

അനുവിന്റെ അച്ഛനും ഏട്ടനും കൂടി വാതിൽ ചവിട്ടി തുറക്കുമ്പോൾ രക്തം വാർന്ന് അബോധാവസ്ഥയിൽ കിടക്കുന്ന അവളെയാണ് കാണുന്നത്. അവളെയും വാരിയെടുത്ത് ആശുപത്രിയിലേക്ക് ഓടുമ്പോൾ ജീവന് ആപത്ത് ഒന്നും ഉണ്ടാകരുതേ എന്ന് മാത്രമായിരുന്നു അവരൊക്കെയും പ്രാർത്ഥിച്ചത്.

മണിക്കൂറുകൾ നീണ്ടുനിന്ന പ്രാർത്ഥനയുടെ ഫലമായി അവളെ ജീവിതത്തിലേക്ക് തിരികെ കിട്ടുമ്പോൾ അവരാരും കഴിഞ്ഞു പോയതിനെക്കുറിച്ച് ഒരു വാക്കു പോലും അവളോട് ചോദിച്ചിരുന്നില്ല. പക്ഷേ ഒന്നുപോലും മറച്ചു വയ്ക്കാതെ എല്ലാം അവൾ അവർക്ക് മുന്നിൽ തുറന്നു പറഞ്ഞിരുന്നു.

” ഇങ്ങനെ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ ആത്മഹത്യ ചെയ്യുകയല്ല വേണ്ടത്. നിനക്ക് ഞങ്ങളോട് ആരോടെങ്കിലും തുറന്നു പറയാൻ പാടില്ലായിരുന്നോ..? ഞങ്ങളൊക്കെ നിന്നോടൊപ്പം ഉണ്ടാകും.. “

അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചുകൊണ്ട് ഏട്ടൻ പറയുമ്പോൾ അവൾക്കും ഒരു ധൈര്യം തോന്നി. ഇനി എന്തുവന്നാലും തന്നോടൊപ്പം തന്നെ കുടുംബവും ഉണ്ടാകും എന്നൊരു ധൈര്യം..!!

✍️ അപ്പു