അയാളുടെ മുഖം വല്ലാതെ ആയത് കണ്ടതോടെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അവൾക്കും തോന്നി.

_upscale

രചന : അപ്പു

::::::::::::::::::::

രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് പടിയിറങ്ങി വരുമ്പോഴാണ് പെട്ടെന്ന് കാൽ ഒന്നു വഴുതിയത്. നിലത്തേക്ക് വീണു എന്ന് തന്നെയായിരുന്നു കരുതിയത്.

പക്ഷേ അതിനു മുൻപ് തന്നെ ദൈവദൂതനെ പോലെ ഒരു പെൺകുട്ടി മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവൾ തന്നെയാണ് നിവർന്നു നിൽക്കാൻ സഹായിച്ചത്.

” വളരെ ഉപകാരം മോളെ.. മോള് ഇപ്പോൾ വന്നില്ലായിരുന്നെങ്കിൽ ഞാൻ താഴെ വീണേനെ..”

അതിനു മറുപടി പറയാതെ അവൾ പുഞ്ചിരിച്ചു.

“ചേട്ടൻ ഒറ്റയ്ക്കാണോ വന്നത്..? കൂട്ടിന് വേറെ ആരും ഇല്ലേ..?”

അവൾ ചോദിച്ചപ്പോൾ മറവിക്ക് വിട്ടുകൊടുക്കാൻ മനപ്പൂർവ്വം ശ്രമിച്ചിരുന്ന ഏതൊക്കെയോ ഓർമ്മകൾ കൺമുന്നിൽ വന്നു നിന്ന് പല്ലിളിക്കുന്നതു പോലെയാണ് അയാൾക്ക് തോന്നിയത്.

അയാളുടെ മുഖം വല്ലാതെ ആയത് കണ്ടതോടെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അവൾക്കും തോന്നി.

“എന്തുപറ്റി ചേട്ടാ..? എന്തെങ്കിലും പ്രശ്നമുണ്ടോ.?”

അവൾ ചോദിച്ചപ്പോൾ അയാൾ കണ്ണീരിന്റെ നനവോടെ പുഞ്ചിരിച്ചു.

” പ്രശ്നമുണ്ടോ എന്ന് ചോദിച്ചാൽ എന്റെ ജീവിതം മുഴുവനും പ്രശ്നങ്ങളാണ്.. “

അയാൾ പറഞ്ഞപ്പോൾ ആ കഥ എന്താണെന്ന് കേൾക്കാൻ അവൾക്കും ഒരു ആകാംക്ഷ തോന്നി.

“എന്റെ പേര് രാജേന്ദ്രൻ.. ഞാൻ ഒരു പട്ടാളക്കാരൻ ആയിരുന്നു. റിട്ടയേഡ് ആയിട്ട് കുറെ നാളായി.. ഭാര്യയും മക്കളും ഒക്കെ അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബം തന്നെയായിരുന്നു എന്റേത്. ചെറുപ്പം മുതൽക്കേ പട്ടാളക്കാരൻ ആകണം എന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. അതിനു വേണ്ടി ചെറിയ പ്രായത്തിൽ തന്നെ ഞാൻ ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. തൊട്ടടുത്ത റിക്രൂട്ട്മെന്റ് കൃത്യമായി എനിക്ക് പ്ലേസ്മെന്റ് കിട്ടുകയും ചെയ്തു. അന്നൊക്കെ എന്തു സന്തോഷം നിറഞ്ഞ കാലമായിരുന്നു എന്ന് മോൾക്ക് അറിയാമോ..? “

അയാൾ ആ നല്ല കാലത്തിന്റെ ഓർമ്മയിൽ പുഞ്ചിരിക്കുന്നത് അവൾ ശ്രദ്ധിച്ചു.

“അല്ല മോള് പ്രാർത്ഥിക്കാൻ വേണ്ടി വന്നതല്ലേ..? അപ്പോൾ എന്റെ കഥയും കേട്ട് നിന്നാൽ എങ്ങനെയാണ്..? മോള് പോയി പ്രാർത്ഥിച്ചിട്ട് വാ..”

പെട്ടെന്ന് ഓർത്തത് പോലെ അയാൾ പറഞ്ഞപ്പോൾ അവൾ പോകാൻ ഒന്നു മടിച്ചു.

” മോള് പേടിക്കണ്ട ഞാൻ ഇവിടെ തന്നെ ഉണ്ടാകും. എന്തായാലും ഇന്ന് മോളോട് കഥ പറഞ്ഞിട്ട് തന്നെയേ ഉള്ളൂ ബാക്കി കാര്യം. “

പുഞ്ചിരിച്ചു കൊണ്ട് അയാൾ അത് പറഞ്ഞപ്പോൾ അവൾ തലയാട്ടി.

” എന്നാൽ പിന്നെ ചേട്ടനെ ഞാൻ ആ ആൽത്തറയിലേക്ക് ഇരുത്തട്ടെ..?”

അവൾ ചോദിച്ചപ്പോൾ അയാൾ തലയാട്ടി.

” സൂക്ഷിച്ച്.. “

അയാളുടെ കൈപിടിച്ച് മുന്നോട്ട് നടത്തുമ്പോൾ അവൾ ഓർമിപ്പിച്ചു.

ആ പെൺകുട്ടിയുടെ കൈപിടിച്ച് മുന്നോട്ട് നടക്കുമ്പോൾ എത്ര കരുണയുള്ള പെൺകുട്ടി എന്നാണ് അയാൾ ചിന്തിച്ചത്. ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള കുട്ടികളും ഉണ്ടല്ലോ എന്നോർത്ത് അയാൾക്ക് ആശ്ചര്യം തോന്നി..!

” ഇനി മോളു പോയി പ്രാർത്ഥിച്ചിട്ട് വാ.. “

ആൽത്തറയിലേക്ക് കയറിയിരുന്ന് കഴിഞ്ഞപ്പോൾ അയാൾ അവളോട് പറഞ്ഞു. അതിന് സന്തോഷത്തോടെ തലയാട്ടി കൊണ്ട് അവൾ ക്ഷേത്രത്തിലേക്ക് നടക്കുകയും ചെയ്തു.

ആ പെൺകുട്ടി പോയി കഴിഞ്ഞപ്പോൾ അയാൾ ഓർത്തത് തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് തന്നെയായിരുന്നു.

വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ എത്ര സന്തോഷം നിറഞ്ഞതായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് വിവാഹം കഴിച്ചത് എങ്കിലും ആദ്യ കാഴ്ചയിൽ തന്നെ മനസ്സിൽ കയറി പറ്റിയതായിരുന്നു വിമല.

കാഴ്ചയിൽ അതീവ സുന്ദരിയായിരുന്നു അവൾ.അവളെ വേണ്ടെന്നു വയ്ക്കാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും അന്ന് തന്റെ പക്കൽ ഉണ്ടായിരുന്നില്ല.

വിവാഹം കഴിഞ്ഞ് അധികം നാളുകൾ പൂർത്തിയാകുന്നതിനു മുൻപ് തന്നെ തിരികെ ജോലിക്ക് കയറണം എന്ന് പറഞ്ഞുള്ള ടെലഗ്രാം വന്നു കഴിഞ്ഞിരുന്നു. ചെയ്യുന്ന ജോലിയോട് മടുപ്പ് തോന്നിയ ആദ്യത്തെ അവസരം അതായിരുന്നു.

കല്യാണം കഴിഞ്ഞ് അധിക ദിവസങ്ങൾ അവളോടൊപ്പം ചെലവഴിക്കാൻ കഴിയാത്ത നിരാശയിലായിരുന്നു മടങ്ങിപ്പോയത്. അവിടെയെത്തി ഒന്ന് രണ്ട് മാസങ്ങൾക്ക് ശേഷം അവളുടെ ഒരു കത്ത് തനിക്ക് കിട്ടി.

ഞങ്ങൾക്കിടയിലേക്ക് പുതിയൊരു അതിഥി വരുന്നു എന്ന് അറിയിച്ചു കൊണ്ടുള്ള സന്ദേശമായിരുന്നു അത്. ആ നിമിഷം അവൾ തന്റെ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് ഒരു മോഹം തനിക്ക് തോന്നിയിരുന്നു.

എങ്കിലും അതൊന്നും പറയാനോ പ്രകടിപ്പിക്കാനോ തനിക്ക് സാധിക്കില്ലായിരുന്നല്ലോ..!

കഷ്ടപ്പെട്ട് ദിവസങ്ങൾ തള്ളി നീക്കുമ്പോൾ നാട്ടിൽ നിന്ന് വന്നിരുന്ന കത്തുകൾ മാത്രമായിരുന്നു ആശ്വാസം. വരുന്ന ഓരോ കത്തിലും ഒരുപാട് പേജുകൾ ഉണ്ടാകുമായിരുന്നു. അതിൽ ഓരോന്നിലും നാട്ടിലെയും വീട്ടിലെയും വിശേഷങ്ങൾ ഒന്നുപോലും വിട്ടു പോകാതെ അവൾ എഴുതിപ്പിടിപ്പിച്ചിട്ടുണ്ടായിരുന്നു.

അവളുടെ വയറു വീർക്കുന്നതും വയറ്റിലെ ഉണ്ണി വാവ ബഹളം ഉണ്ടാക്കുന്നതും ഒക്കെ അവളുടെ കത്തിലൂടെ വായിച്ച് അറിയുമ്പോൾ അവളെ കാണാനും ഒന്ന് അടുത്തിരിക്കാനും വല്ലാതെ കൊതി തോന്നിയിട്ടുണ്ട്.

മകൻ ജനിച്ചു കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞപ്പോഴാണ് അവനെ ആദ്യമായി കാണുന്നത്. ഒരുപാട് പ്രതീക്ഷയോടെയാണ് അവനെ കാണാൻ എത്തിയത്. ആദ്യമായി അവനെ കയ്യിൽ ഏറ്റുവാങ്ങുമ്പോൾ കൈകൾ വിറച്ചിരുന്നു. കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

രണ്ടുമാസത്തോളം അവധിക്കാലം കുട്ടിയോടും അവളോടും ഒപ്പം ചെലവഴിച്ചു കഴിഞ്ഞിട്ടാണ് തിരികെ പോയത്. പിന്നീടുള്ള ഓരോ കത്തിലും അവൾക്ക് പറയാൻ മകന്റെ വളർച്ചയും കുസൃതിയും കുറുമ്പും ഒക്കെ തന്നെയാണ് ഉണ്ടായിരുന്നത്.

വർഷങ്ങൾ മുന്നോട്ടു പോയപ്പോൾ മകനു ശേഷം ഒരു മകൾ കൂടി ജനിച്ചു.

പിന്നീട് കത്തുകൾ മാറി ഫോൺ കോളുകൾ ആയി. വിളിച്ചാൽ പത്തോ പതിനഞ്ചു മിനിറ്റ് മാത്രമാണ് സംസാരിക്കാൻ കഴിയുക. പക്ഷേ ആ സമയം കൊണ്ട് നാട്ടിലെയും വീട്ടിലെയും വിശേഷങ്ങൾ മുഴുവൻ പറഞ്ഞു തീർക്കാൻ അവൾ വല്ലാതെ മത്സരിക്കുമായിരുന്നു.

പിന്നെപ്പിന്നെ കുഞ്ഞുങ്ങളുടെ സ്വരം കേൾക്കാൻ ഫോണിന് വേണ്ടി കാത്തിരിക്കുമായിരുന്നു. കാലങ്ങൾ മുന്നോട്ടു പോയപ്പോൾ കുട്ടികൾ രണ്ടാളും വളർന്നു വലുതായി.

അവരുടെ വളർച്ചയിൽ ഒപ്പം നിൽക്കണം എന്ന് ആഗ്രഹിച്ച ഒരു അച്ഛൻ തന്നെയായിരുന്നു. പക്ഷേ അതിനുള്ള അവസരം തനിക്ക് കിട്ടിയിരുന്നില്ല.

ഒടുവിൽ അവർക്ക് രണ്ടാൾക്കും സ്വന്തമായി ഒരു ജീവിതം ആയ സമയത്താണ് പട്ടാളത്തിൽ നിന്ന് റിട്ടയർ ആയി നാട്ടിലേക്ക് വരുന്നത്. പക്ഷേ അപ്പോഴേക്കും പ്രായം ഒരുപാട് കടന്നു പോയിരുന്നു.

നാട്ടിലെത്തി ഒന്ന് രണ്ട് വർഷങ്ങൾക്കിടയിൽ ഭാര്യ കൂടി വിട്ടു പോയതോടെ, ഏകാന്തത എന്താണ് എന്ന് താൻ അറിഞ്ഞു തുടങ്ങുകയായിരുന്നു.

മക്കൾ രണ്ടാളും അവരവരുടെ ജീവിതവുമായി തിരക്കിലായതോടെ വലിയൊരു വീട്ടിൽ താൻ മാത്രമായി. അതിനിടയിൽ ഉള്ള ഒരേയൊരു ആശ്വാസം രാവിലെയും വൈകുന്നേരവും ഉള്ള ക്ഷേത്രദർശനം മാത്രമാണ്.

ഇപ്പോൾ തണുത്ത കാലാവസ്ഥ തീരെ പറ്റില്ല എന്നായിട്ടുണ്ട്. നല്ല പ്രായത്തിൽ മഞ്ഞിലും മലയിലും ഒക്കെ കേറി നടന്നതാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ..!!

” സ്വപ്നം കണ്ട് കഴിഞ്ഞിരുന്നെങ്കിൽ ബാക്കിയുള്ള കഥ പറയാമായിരുന്നു.. “

തൊട്ടടുത്ത് വന്നിരുന്നു കൊണ്ട് ആ പെൺകുട്ടി പറഞ്ഞപ്പോൾ അവളോട് അത്രയും നേരം താൻ ഓർത്തിരുന്ന കാര്യങ്ങൾ മുഴുവൻ അയാൾ പറഞ്ഞു കേൾപ്പിച്ചു.

അത് കേട്ട് കഴിഞ്ഞപ്പോൾ അവൾ ഇമ ചിമ്മാതെ
അയാളെ നോക്കിയിരുന്നു.

” ഇതിനിടയിൽ ചേട്ടൻ മറന്നുപോയ വേറൊരു കഥ ഞാൻ ഓർമിപ്പിക്കട്ടെ..? “

അവൾ ചോദിച്ചപ്പോൾ അയാൾ മനസ്സിലാകാതെ അവളെ നോക്കി.

” ഒരിക്കൽ ഒരു സഹോദരനും സഹോദരിയും കൂടി ഒരു രാത്രി വഴിയിൽ അകപ്പെട്ടു പോയി. സഹോദരിക്ക് ഒരു ഇന്റർവ്യൂവിന് വേണ്ടി പട്ടണത്തിലേക്ക് പോയതായിരുന്നു അവർ രണ്ടാളും കൂടി. പ്രതീക്ഷിച്ചതിലും വൈകിയായിരുന്നു വണ്ടി കിട്ടിയത്. അതുകൊണ്ട് ആ സമയത്താണ് അവർ റോഡിൽ എത്തിപ്പെട്ടത്. പക്ഷേ നാട്ടിലേക്ക് പോകാൻ വണ്ടിയൊന്നും കിട്ടാതെ അവർ ആകെ ഭയന്നു. ആ സമയത്താണ് ദൈവദൂതരെ പോലെ രണ്ടു പേർ അവിടേക്ക് വരുന്നത്. രണ്ടുപേരിൽ ഒരാൾ പട്ടാളക്കാരനാണ് എന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. രാജ്യം കാക്കുന്ന പട്ടാളക്കാരനെ രണ്ടുപേരും അതിയായി വിശ്വസിച്ചു. തങ്ങളുടെ അവസ്ഥ അയാളോട് തുറന്നു പറയുകയും ചെയ്തു. അതോടെ ഇന്നൊരു ദിവസം താമസിക്കാനുള്ള സൗകര്യം ചെയ്തുതരാം നാളെ രാവിലെയുള്ള വണ്ടിയിൽ പോയാൽ മതി എന്ന് അവർ വാഗ്ദാനം ചെയ്തു. ഒരു പട്ടാളക്കാരൻ ആയതുകൊണ്ട് മാത്രം അയാളുടെ വാക്കിനെ വിശ്വസിച്ച് അവർ രണ്ടാളും അവരോടൊപ്പം ഒരു വീട്ടിലേക്ക് ചെന്നു. അന്ന് രാത്രിയിൽ സഹോദരന് എന്തൊക്കെയോ കലക്കി കൊടുത്ത് മയക്കി കിടത്തി ആ സഹോദരിയുടെ വിലപ്പെട്ടതെല്ലാം ആ പട്ടാളക്കാരനും അയാളുടെ സുഹൃത്തും കൂടി കവർന്നെടുത്തു. പിറ്റേന്ന് നേരം വെളുത്ത് ഇതൊക്കെ അറിഞ്ഞ സഹോദരൻ അവരോട് രണ്ടാളോടും കയർത്ത് സംസാരിച്ചെങ്കിലും അവരുടെ കൈ കരുത്തിൽ പിടിച്ചു നിൽക്കാൻ അയാൾക്ക് കഴിയുമായിരുന്നില്ല. സഹോദരിയെയും കൂട്ടി സ്വന്തം വീട്ടിലേക്ക് നടക്കുമ്പോൾ തന്റെ കഴിവുകേടിനെ ഓർത്ത് അയാൾക്ക് വല്ലാത്ത വേദന തോന്നിയിരുന്നു. പിന്നീട് എന്ത് സംഭവിക്കും എന്ന് പോലും ഓർക്കാതെ അയാൾ ആത്മഹത്യയിൽ അഭയം പ്രാപിച്ചു. എന്നാൽ ആ സഹോദരിയുടെ അവസ്ഥയായിരുന്നു ഏറ്റവും കഷ്ടം. വീട്ടിൽ ഒന്നും അറിയിക്കാൻ കഴിയാതെ അവൾ ആകെ വീർപ്പുമുട്ടി. അവൾ പ്രഗ്നന്റ് ആണ് എന്നുകൂടി അറിഞ്ഞതോടെ അവളുടെ അവസ്ഥ കൂടുതൽ നിരാശാജനകമായി എന്ന് തന്നെ പറയാം. നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ അവൾ ഒരു കോമാളിയായി. എങ്കിലും പിടിച്ചുനിന്നു അവൾ ഒരു 9 മാസക്കാലം. ഒടുവിൽ ഒരു പെൺകുട്ടിക്ക് ജന്മം നൽകിക്കൊണ്ട് അവൾ ഈ ലോകത്ത് നിന്ന് വിട പറഞ്ഞു.”

അത്രയും പറഞ്ഞുകൊണ്ട് ആ പെൺകുട്ടി അയാളെ നോക്കുമ്പോൾ തലകുനിച്ചിരിക്കുകയായിരുന്നു അയാൾ.

” ഈ കഥയിലെ കഥാപാത്രങ്ങൾ ആരൊക്കെയാണ് എന്ന് ഞാൻ പ്രത്യേകം പരിചയപ്പെടുത്തണ്ടല്ലോ… ആരോരുമില്ലാതെ ഒരു പെൺകുട്ടി ജീവിക്കാൻ കാരണക്കാരൻ താൻ ഒരാൾ മാത്രമാണ്. അങ്ങനെയുള്ള തനിക്ക് അവസാനകാലത്ത് തിരിഞ്ഞു നോക്കാൻ ഒരു മനുഷ്യൻ പോലും ഉണ്ടാകില്ല. ദിവസേനയുള്ള ക്ഷേത്രദർശനം മുടക്കണ്ട. ചെയ്ത പാപങ്ങൾക്ക് എങ്ങനെയെങ്കിലും കുറവുണ്ടാകട്ടെ.. “

അത്രയും പറഞ്ഞുകൊണ്ട് അവൾ എഴുന്നേറ്റ് നടക്കുമ്പോൾ, ആ കഥയിലെ പെൺകുട്ടി ഇവളുടെ രൂപം തന്നെ ആയിരുന്നല്ലോ എന്നായിരുന്നു അയാൾ ചിന്തിച്ചത്…!

✍️ അപ്പു