ഓട്ടോസ്റ്റാന്റിൽ മുന്നിൽ നിന്ന ഓട്ടോ ഡ്രൈവറോട് വിനു അൽപ്പം ഗൗരത്തിൽ ചോദിച്ചു…

_upscale

(ഇതെന്റെ 28-മത്തെ കഥ .ശടേന്ന് പറയും മുന്നേ നിങ്ങൾക്കിത് വായിച്ചു തീർക്കാം )

തണൽ

രചന : RJ Sajin

:::::::::::::::::::::::::

“വൃദ്ധസദനത്തിലോട്ട് ഒന്ന് പോകണം …”

ഓട്ടോസ്റ്റാന്റിൽ മുന്നിൽ നിന്ന ഓട്ടോ ഡ്രൈവറോട് വിനു അൽപ്പം ഗൗരത്തിൽ ചോദിച്ചു .

“ആ കയറിക്കോളൂ ..”

കൂടെയുള്ള വൃദ്ധയെ ദയനീയമായി നോക്കിയശേഷമായിരുന്നു ഡ്രൈവറുടെ കഠിപ്പിച്ചിട്ടുള്ള മറുപടി .

യാത്രയ്ക്കിടെ ഓട്ടോച്ചേട്ടന്റെ കണ്ണ് കണ്ണാടിയിൽ തന്നെയായിരുന്നു .

ആ അമ്മയുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളിലേക്കായിരുന്നു അയാളുടെ നോട്ടം ..

തന്റെ അമ്മയുടെ പ്രായമേ ഉളളൂ ..

ഒന്ന് സ്നേഹിച്ചു കൊതിതീരും മുന്നേ അമ്മ തന്നെ വിട്ടുപോയി …

അമ്മ ആഗ്രഹിച്ചപോലൊരു സന്തോഷം നൽകാൻ സാധിച്ചില്ല …

അതിന്റെ കുറ്റബോധത്തിൽ മുന്നോട്ട് പോകുമ്പോൾ ഇവിടെ ഒരുത്തൻ അമ്മയെ തനിച്ചാക്കാൻ കൊണ്ടുപോകുന്നു…

ഒന്ന് നിവർന്നുനിൽക്കാൻ കഷ്ടപ്പെട്ട് ഒപ്പം നിന്ന സ്വന്തം അമ്മയെ അവനിന്ന് വേണ്ട

ആലോചിക്കുംതോറും ഓട്ടോ ഡ്രൈവറിന്റെ കൈകളിൽ ഒരുതരം മരവിപ്പ് കൂടിവന്നു .

അവന്റെയത്ര വിദ്യാഭ്യാസമില്ലെങ്കിലും ചില കാര്യങ്ങൾ അവനെ പറഞ്ഞു പഠിപ്പിക്കാൻ കഴിയുമെന്ന പൂർണ്ണ ബോധമായിരുന്നു അയാളിൽ ഉടലെടുത്തത് ..

ദേഷ്യം കൊണ്ട് കണ്ണുകൾ ചുവന്നപ്പോഴേക്കും ഓട്ടോ വൃദ്ധസദനത്തിലെത്തി .

രണ്ടാളും ഓട്ടോയിൽ നിന്നിറങ്ങി .

കാശ് എത്രയെന്നുള്ള വിനുവിന്റെ ചോദ്യത്തിന് രൂക്ഷമായുള്ള നോട്ടമായിരുന്നു ഡ്രൈവറുടെ മറുപടി…

നിന്റെ ക്യാഷ് എനിക്ക് വേണ്ട എന്ന പുച്ഛത്തോടുള്ള മുഖഭാവത്തിൽ അയാൾ വണ്ടി തിരിച്ചു .

വിനു അത് കാര്യമാക്കാതെ വൃദ്ധസദനത്തിലോട്ട് നടന്നു ..

അകത്തെ മുറിയിൽനിന്നും ഒരുപാട് മിഴികൾ അവരുടെ നേരെ പതിക്കുന്നുണ്ടായിരുന്നു .

പുതിയൊരു കൂട്ട്‌ കിട്ടിയെന്ന സന്തോഷവും വയസ്സുകാലത്ത് ഭാരമെന്ന് പറഞ്ഞു ഉറ്റവർ ഒഴിവാക്കുന്നതോർക്കുമ്പോൾ സങ്കടവും ഓരോരുത്തരിലും പ്രകടമായി .

ഏറെനേരത്തെ എഴുത്തുപരിപാടികൾക്കു ശേഷം വിനു മെല്ലെ എഴുന്നേറ്റു ..

വാച്ചിൽ ഒന്നുനോക്കിയ ശേഷം

“ഇറങ്ങിക്കോട്ടെ അമ്മേ “

മുഖത്തൊരു പുഞ്ചിരിയോടെ വിനു പറഞ്ഞു …

അമ്മേ എന്നുള്ള വിളി അത്രമേൽ സുഖകരമായി ആ വൃദ്ധയ്ക്ക് തോന്നി .

“ആ മോൻ പൊയ്ക്കോ ……”

കണ്ണീർ കൊണ്ടു കലങ്ങിയിട്ടും ഒരു ചെറുപുഞ്ചിരിയോടെയാണ് അമ്മയുടെ മറുപടി വന്നത് ..

വിനു ആരുടേയും മുഖത്ത് നോക്കാതെ അവിടെനിന്ന് ഇറങ്ങി ..

അടുത്ത് വന്ന ഓട്ടോയിൽ കയറി സ്ഥലംവിട്ടു …

അമ്മയെ പരിചയപ്പെടുന്ന തിരക്കിലായിരുന്നു വൃദ്ധസദനത്തിനുള്ളിലെ ഒപ്പമുള്ളവർ ….

കല്യാണം കഴിപ്പിച്ചുവിട്ട മകൾക്കും മകനും സ്വത്തുക്കൾ കൈമാറേണ്ടിവന്നതും

അവരുടെ വീട്ടിൽ അധികപ്പറ്റെന്നപോലെ പിന്നീടുള്ള നാൾ താമസിക്കേണ്ടിവന്നതും

മദ്യപിച്ചുകൊണ്ടുള്ള മകന്റെ ക്രൂരതകൾക്ക് ഇരയാകേണ്ടിവന്നതും

മകളുടെ അടുത്തുപോയപ്പോൾ കൂടെ നിർത്താതെ പറഞ്ഞയച്ചതും

ഇതെല്ലാം പരാതി എന്നപോലെ പോലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ സ്വത്ത് ഇനി തിരികെ ലഭിക്കാൻ കോടതിയിൽ പോകേണ്ടി വരുമെന്ന് പറഞ്ഞതും

സ്വത്ത് ഒന്നും എനിക്ക് തിരികെ വേണ്ട എന്നെ ഒന്ന് വൃദ്ധസദനത്തിലോട്ട് മാറ്റിയാൽ മതിയെന്ന് പോലീസ് കാരോട് കരഞ്ഞുപറഞ്ഞതും

അന്നേരം അതിനു പറ്റില്ല…വേണമെങ്കിൽ മകന്റേം മകളുടേം കയ്യിൽ നിന്ന് ചിലവിനുള്ള തുക വാങ്ങിത്തരാൻ വകുപ്പ് ഉണ്ടാക്കാമെന്ന പോലീസ് പറഞ്ഞതും

കുട്യോളെ ഇനി ബുദ്ധിമുട്ടിക്കാൻ വയ്യെന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിലിരുന്നു ഏങ്ങി ഏങ്ങി കരഞ്ഞതും

ഇതെല്ലാം കണ്ടുകൊണ്ടുനിന്ന ഒരു പരാതിക്കാരൻ ഇതെല്ലാം ശ്രദ്ധിച്ചശേഷം അമ്മയോട് വന്നു കൂടുതൽ കാര്യങ്ങൾ തിരക്കിയതും

അവരെ രഹസ്യമായി വൃദ്ധസദനത്തിലെത്തിച്ചതും വളരെ വികാരപരമായി ആ വൃദ്ധയായ അമ്മ കൂടെ ഉള്ളവരോട് പങ്കുവെച്ചു .

വിറയ്ക്കുന്ന കൈകളെ ചേർത്തുപിടിക്കാൻ കേട്ടുനിന്നവർ സ്നേഹത്തോടെ അന്നേരം ഒപ്പമുണ്ടായിരുന്നു …

ഇതേ സമയം നിയമത്തിന്റെ വഴിയിലൂടെ മാത്രം പോയാൽ ചില വിഷമങ്ങൾ അങ്ങനെ തന്നെ ഭൂമിയിൽ അവശേഷിക്കുമെന്ന് അറിഞ്ഞിരുന്ന ആ പരാതിക്കാരനായ വിനുവിന് അന്നത്തെ ദിനത്തിൽ പലരുടെ മുഖത്തുനിന്നും പുച്ഛം മാത്രമാണ് നേരിടേണ്ടി വന്നത് …

അച്ഛന്റെ മരണശേഷം രണ്ടാനമ്മയുടെ ക്രൂരതകൾക്കും ഒറ്റപ്പെടുത്തലിനുമൊപ്പം അവരുടെ അധികാരത്തിലൂടെ വീട്ടിൽ നിന്ന് പുറത്താക്കപ്പെടേണ്ടിവന്ന വിനു പരാതിയുമായാണ് അന്ന് സ്റ്റേഷനിലെത്തിയത് .

തന്റെ പരാതിയിൽ കാര്യമായി ഒന്നും നടക്കാൻ പോകുന്നില്ലെന്ന് മനസ്സിലാക്കിയതോടെ ആർക്കും വേണ്ടാത്ത തന്റെ ജീവിതം നശിപ്പിക്കാമെന്ന് കരുതിയിരുന്ന നേരത്താണ് സ്റ്റേഷനിലിരുന്നു ഏങ്ങി ഏങ്ങി കരയുന്ന ഈ അമ്മയെ വിനു ശ്രദ്ധിച്ചത് .

തന്നെപ്പോലെ പുറത്താക്കപ്പെട്ട പലരും ചുറ്റിലുമുണ്ടെന്ന തിരിച്ചറിവ്‌ നിമിഷനേരംകൊണ്ട് അവനിലുണ്ടായി ..

ഇനിയും ജീവിതമുണ്ട് …

നേടിയെടുക്കാൻ ഇനിയും ഒരുപാട് കാര്യങ്ങളുമുണ്ട് …

നേടിയെടുക്കണം …

ഒരു വീട് …കൂട്ടിനു വൃദ്ധസദനത്തിലാക്കിയ ആ അമ്മ …അവരുമായി ചേർന്ന് ലോകം മൊത്തവും കറങ്ങണം …

ഹാ …ഇപ്പോൾ അമ്മ തനിച്ചല്ല …ഒത്തിരി കൂട്ടുണ്ട് അവിടെ …

ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം വിനു അന്ന് നന്നായി കിടന്നുറങ്ങി .

ഇതൊന്നുമറിയാതെ ആ അമ്മയുടെ സ്വന്തം മക്കൾ ഇന്നും സമൂഹത്തിൽ ഞെളിഞ്ഞു ജീവിക്കുന്നുണ്ടാകും…

ചിലപ്പോൾ ഒരു ജാള്യതയോടെ ഈ കഥ വായിക്കുന്നുമുണ്ടാകും …

കാരണം ഇതിലെ സംഭവങ്ങളിലേറെയും സത്യമാണ്

ശുഭം

ആർ ജെ സജിൻ കാട്ടാക്കട

(അഭിപ്രായം പറയണേ )