ചതി
രചന : സജി മാനന്തവാടി
:::::::::::::::::::::::
“എടാ നീയാ ആ പൂട്ടി കിടക്കുന്ന കടയിൽ നിൽക്കുന്ന സെക്യുരിറ്റിയെ മനസ്സിലായോ?”
” അയാളെ കണ്ടാൽ നമ്മളെ യു പി സ്കൂളിൽ കണക്ക് പഠിപ്പിച്ച ജോർജ് സാറിനെ പോലെയുണ്ട്. പക്ഷെ ആ സെക്യൂരിറ്റി മെലിഞ്ഞും കറുത്തതുമിരിക്കുന്നണ്ടല്ലോ. “.
” അത് മറ്റാരുമല്ലടാ അത് ജോർജ് സാറ് തന്നെയാണ്. “
“ഞാൻ വിശ്വസിക്കില്ല.സാർ എങ്ങനെയാണ് അയാൾ സെക്യൂരിറ്റി ജീവനക്കാരനായത് ? നമ്മൾ പഠിക്കുന്ന സമയത്ത് സാറിന് റിട്ടയറാവാൻ കുറെ വർഷത്തെ സർവ്വീസുണ്ടെന്നാണല്ലോ പറഞ്ഞ് കേട്ടിട്ടുള്ളത്. “
” അതൊരു ചതിയുടെ കഥയാണ്. പിന്നെ നീ കുറെക്കാലമായി സ്ഥലത്തില്ലായിരുന്നല്ലോ ? അതുകൊണ്ടാ നമ്മുടെ നാട്ടിലെ വിശേഷങ്ങളൊന്നും നീ അറിയാതെ പോയത് . “
” നീ വേഗം പറ . കഥ കേൾക്കാൻ ഞാൻ തയ്യാർ. “
” ഇതൊരു കഥയല്ലടാ . എ റിയൽ സ്റ്റോറി”
“നിനക്കറിയാമല്ലോ ജോർജ് സാറിന്റെ വീട് കോട്ടയത്താണെന്ന് . പത്ത് ഇരുപത് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ സ്കൂളിൽ ജോലിയിൽ കയറിയതിന് ശേഷം നമ്മുടെ നാട്ടിലെ സാഹിത്യ സാംസ്കാരിക മണ്ഡലത്തിൽ സജീവമായി. പിന്നീട് രാഷ്ടീയത്തിലും സജീവമായി. മാനേജ്മെന്റ് സ്കൂളായതുകൊണ്ട് പഞ്ചായത്ത് ഇലക്ഷനിൽ മത്സരിച്ച് വൈസ് പ്രസിഡൻറായിപ്രവർത്തിച്ചിരുന്നു. ഇതിനിടയിലാണ് സാറിന്റെ കല്യാണം നടന്നത്. അദ്ധ്യാപക സംഘടനയുടെ ജില്ല സെക്രട്ടറിയുമായി . പാർട്ടിയുടെ ഔദ്യോഗിക പദവികളൊന്നുമില്ലായിരുന്നുവെങ്കിലും പാർട്ടിയെ നിയന്ത്രിച്ചിരുന്നത് ജോർജ് സാറായിരുന്നു. ഒരു വരത്തൻ വന്ന് പാർട്ടി നിയന്ത്രിക്കുന്നത് നമ്മുടെ നാട്ടിലെ നേതാക്കൾക്ക് രുചിച്ചിരുന്നില്ല. പക്ഷെ ആർക്കുമത് തുറന്ന് പറയാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. സാറിന്റെ പ്രധാന എതിരാളി ജയരാജനായിരുന്നു. പുറമെനിന്ന് നോക്കിയാൽ തികഞ്ഞ അച്ചടക്കുമുളള പാർട്ടി പ്രവർത്തകൻ . പാർട്ടിയുടെ ജില്ലാ സെക്രട്ടറി .പക്ഷെ പണവും സ്ഥാനമാനങ്ങളും കൈക്കാലാക്കാൻ ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത കൗശലക്കാരനായിരുന്നു ജയരാജ് .
അടുത്ത തിരഞ്ഞെടുപ്പിൽ എംഎൽഎ ആയി മത്സരിക്കാൻ തയ്യാറെക്കുമ്പോഴാണ് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി ജോർജ് മാഷാണെന്ന ശ്രുതി പരന്നത്. “
“എന്നിട്ട്?”
“ആ വാർത്ത തീർച്ചയായും ജയരാജിനെ വിറളിപ്പിടിപ്പിക്കുമല്ലോ. ഏത് വിധേനയും മാഷിനെ കുടുക്കുകയെന്നതായി അയാളുടെ ലക്ഷ്യം. ഒരോരുത്തരുടെയും മനസ്സ് വായിക്കാൻ നമ്മുക്ക് കഴിഞ്ഞിരുന്നുവെങ്കിൽ നമ്മുടെ ലോകം എത്ര നന്നാക്കു മായിരുന്നു .
അടുത്ത മാസം റിട്ടയറാക്കാൻ പോകുന്ന സാറിന്റെ യാത്രയയപ്പിന്റെ മുഴുവൻ ചുമതലയും ജയരാജനായിരുന്നു. അതുകൊണ്ട് തന്നെ സാറിന്റെ “എ ടു ഇസഡ് “കാര്യങ്ങൾ ജയരാജനറിയാമായിരുന്നു.
സാറിന്റെ ഇളയമകളുടെ വിവാഹം റിട്ടയറാവുന്നതിന് മുമ്പ് നടത്തണമെന്നത് മാഷിന്റെ വലിയ ആഗ്രഹമായിരുന്നു. അതിനാൽ അതിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ടായിരുന്നു.
ഒരു വെള്ളിയാഴ്ചയാണ് അവർ ഡ്രസും ആഭരണങ്ങളുമെടുക്കാൻ കോഴിക്കോട്ട് പോകാൻ തീരുമാനിച്ചിരുന്നത്. അന്ന് കാറിൽ കയറുന്ന തിരക്കിനിടയിൽ കാറിന്റെ ഡോർ തട്ടി കാലിന് മുറിവുണ്ടായതിനാൽ മാഷ് വീട്ടുക്കാരോടൊപ്പം പോയിരുന്നില്ല.
അക്കാലത്ത് സാറിന്റെ വീട്ടിലെ അടുക്കള പണി ചെയ്തിരുന്നത് പാത്തുമ്മയെന്ന സ്ത്രീയായിരുന്നു . അവർ പണിക്ക് വരുമ്പോൾ അവരുടെ ഏകമകളായ നബീസയെയും അവർ കൂട്ടുമായിരുന്നു .ഏഴാം ക്ലാസിൽ പഠിക്കുന്നവളാണെങ്കിലും അവൾക്ക് പതിനഞ്ച് വയസായിരുന്നു. ബുദ്ധിമാന്ദ്യമുള്ള കുട്ടിയായിരുന്നു അവൾ .
പതിവുപോലെ പാത്തുമ്മയും മകളും സാറിന്റെ വീട്ടിലെത്തിയപ്പോൾ മാഷ് മാത്രമേ വീട്ടിലുണ്ടായിന്നത് . മാഷ് പലപ്പോഴും അവരെ സാമ്പത്തികമായി സഹായിച്ചിരുന്നു. ജോലി കഴിഞ്ഞ് പോകുമ്പോൾ ബാക്കി വരുന്ന പലഹാരങ്ങൾ വീട്ടിലേക്ക് കൊടുത്തു വിടുമായിരുന്നു.
ഇവരുടെ വരവും പോകുമെല്ലാം ശ്രദ്ധിക്കാൻ ജയരാജൻ ചാരന്മാരെ എർപ്പെടുത്തിയിരുന്നു.
രാവിലെ സാറിന്റെ വീട്ടിൽ നിന്ന് ഭക്ഷണവും കഴിച്ച് സ്കൂളിലേക്ക് പോകുന്ന നബീസ സ്കുളിലേക്കും പാത്തുമ്മ വീട്ടിലേക്കും പോയി. ജയരാജിന്റെ ആളുകൾ നബിസയെ കാറിൽ പിന്തുടരുണ്ടായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ബലം പ്രയോഗിച്ച് കാറിൽ കയറ്റുകയും പിന്നീട് കാറിൽ വെച്ച് അവളെ പി ഡീപ്പിക്കുകയും ചെയ്തു. എല്ലാവരും മുഖം മൂടി ധരിച്ചതുകൊണ്ട് അവർ ആരാണെന്ന് അവൾക്ക് മനസ്സിലായില്ല. മാത്രമല്ല അവളെ പിടിച്ചു കൊണ്ടുവന്ന സ്ഥലത്ത് തന്നെ അവളെ ഇറക്കിവിട്ടിട്ട് അവർ പറഞ്ഞു.
” എടി മോളേ ഈ കാര്യമൊന്നും ആരോടും പറയരുത്. നിന്നെ ഉപദ്രവിച്ചത് ജോർജ് സാറാണെന്ന് മാത്രം ആരോടും പറയരുത്. അങ്ങിനെ പറഞ്ഞാൽ അയാൾ നിന്നെയും നിന്റെ ഉമ്മയേയും ഞങ്ങൾ കൊന്നുകളയും മനസിലായോ ?”
ഇതും പറഞ്ഞ് അവർ കാറുമായി പോയി. അന്ന് ക്ലാസിൽ വന്നിട്ടില്ലെന്ന് ക്ലാസ് ടീച്ചർ പാത്തുമ്മയെ വിളിച്ചറിയിച്ചപ്പോഴാണ് പാത്തുമ്മ മകളെ നോക്കിയിറങ്ങിയത്.
അകലെ നിന്ന് അവളെ കണ്ടപ്പോൾ തന്നെ പാത്തുമ്മക്ക് മനസ്സിലായി അവൾ ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെന്ന്. അവരുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടി കൂടിയത്. അവരുടെ സഹായത്തോടെ മകളെ ആശുപത്രിയിൽ അഡ്മിറ്റാക്കി. പലരും ചോദിച്ചിട്ടും അവൾ അവളെ ഉപദ്രവിച്ചയാളുടെ പേര് പറഞ്ഞിരുന്നില്ല. പക്ഷെ കൗൺസലിങ് സമയത്താണ് അവൾ ജോർജ് സാറിന്റെ പേരാണ് പറഞ്ഞത്.
ഇതറിഞ്ഞ ജയരാജൻ ഒത്തുതീർപ്പിന് ശ്രമിക്കുന്നതായി അഭിനയിക്കാൻ തുടങ്ങി. പാത്തുമ്മയെ കണ്ട് വലിയൊരു തുക സാറിന്റെ പക്കൽ നിന്ന് വാങ്ങി കൊടുക്കാമെന്ന് അയാൾ ഉറപ്പുനല്കി. അയാൾ മാഷിനെ ചെന്നു കണ്ടു.
” മാഷെ കാര്യങ്ങൾ കൈവിട്ടു പോകുമെന്നാ തോന്നുന്നത്. ഏട്ടു പത്ത് ലക്ഷം കൊടുത്താൽ അവർ ഈ കേസിൽ നിന്ന് പിന്മാറാൻ ഒരുക്കമാണെന്നാ പറഞ്ഞിരിക്കുന്നത്. എന്താ മാഷിന്റെ അഭിപ്രായം?”
“എടാ ജയരാജാ നിനക്കറിയാമല്ലോ മനസാ വാചാ കർമ്മണാ ഞാൻ ഇതിൽ ഉൾപ്പെട്ടിട്ടില്ല .പിന്നെ ഞാനെന്തിന് പണം മുടക്കണം. കേസെങ്കിൽ കേസ്. “
വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല് എന്ന് പറഞ്ഞതു പോലെ ജയരാജൻ ആഗ്രഹിച്ചത് പോലെയായി കാര്യങ്ങൾ.
ജോർജ് സാർ അറസ്റ്റ് ചെയ്യപ്പെട്ടു. ജോലിയും പോയി. മകളുടെ ഉറപ്പിച്ചുവെച്ച വിവാഹവും നടന്നില്ല. ഇപ്പോൾ ആ കേസ് ഹൈക്കോടതിയിൽ നടക്കുന്നു. ജീവിക്കാൻ മറ്റൊരു മാർഗ്ഗവുമില്ലാത്തതിനാൽ സാർ സെക്യൂരിറ്റിയായി ജോലി നോക്കുന്നു . രണ്ട് മാസത്തിനുള്ളിൽ കേസ് വിധിയാകുമെന്നാ ആളുകൾ പറയുന്നത്. സാർ കുറ്റവിമുക്തനാകുമെന്ന് എനിക്കുറപ്പുണ്ട്. അല്ലെങ്കിലും സത്യത്തെ അധികകാലം മൂടി വെക്കാൻ കഴിയുമോ ?”